വര്‍ഷങ്ങള്‍ക്കുമുമ്പ് കോഴിക്കോട് തീവണ്ടിയാപ്പീസില് അര്‍ധരാത്രി എന്നും കേട്ടുകൊണ്ടിരുന്ന ഒരു സ്ഥിരം വിളിയുണ്ടായിരുന്നു- 'നാളത്തെ പൌരശക്തി' എന്ന്. മറ്റു പത്രങ്ങളൊക്കെ സ്വന്തം പത്രനാമങ്ങള്‍ ഉച്ചത്തില്‍ വിളിച്ചു പറയുമ്പോള്‍ പൌരശക്തി മാത്രമേ നാളത്തെ പത്രം വില്ക്കാന് ധൈര്യപ്പെട്ടിരുന്നുള്ളൂ. നട്ടപ്പാതിരയ്ക്കുള്ള ഈ വിളിയുടെ വിശേഷം ഞാന്‍ അത്ര ശ്രദ്ധിച്ചിരുന്നില്ല. നിത്യസഞ്ചാരിയായ എസ് കെ പൊറ്റെക്കാടാണ് ഈ രഹസ്യവാര്‍ത്ത എന്നോട് പറഞ്ഞത്. മറ്റെല്ലാ പത്രങ്ങളും ഇന്നലത്തെ വാര്‍ത്തകള്‍ ഇന്നത്തേതെന്നു പറഞ്ഞ് തരുമ്പോള്‍ പൌരശക്തി നാളത്തെ പത്രമെന്നു വിളിച്ചുകൂവി ഇന്നലത്തെ വാര്‍ത്തകള്‍ തരികയായിരുന്നു. തമ്മില്‍ ഒരു വ്യത്യാസവുമില്ല. നാളത്തെ പത്രം വിജയിച്ചു. 'പൌരശക്തി' നിന്നുവെന്നു പറഞ്ഞാല്‍ മതിയല്ലോ.
പത്രങ്ങളുടെ അടിയിലുള്ള ഒരു വ്യാജമോ വൈകല്യമോ ഇതത്രേ. അച്ചടിച്ചുകാണുന്ന തീയതിയുടെ തലേന്ന് വരുന്ന വാര്‍ത്തകളാണ് പത്രത്തിന്റെ ഉള്ളടക്കം. ഇതിനെ പത്രങ്ങളുടെ ആദിപാപം എന്നു വിളിക്കാം. ഈ പാപത്തെ പരിഹരിക്കാന്‍ പത്രങ്ങള്‍, പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളുടെ വിശുദ്ധിയില്‍ അങ്ങേയറ്റം ശ്രദ്ധിച്ചുപോന്നു. 'വാര്‍ത്ത വിശുദ്ധവും അഭിപ്രായം സ്വതന്ത്രവും' എന്നതായിരുന്നു വളരെക്കാലം പത്രങ്ങളുടെ ജീവവചനം. വാര്‍ത്ത എങ്ങോ സംഭവിക്കുമ്പോള്‍ അത് ചൂടാറാതെയും കലര്‍പ്പില്ലാതെയും യഥാര്‍ഥമായി ലോകത്തെങ്ങുമുള്ള ജിജ്ഞാസുക്കളായ വായനക്കാര്‍ക്ക് എത്തിച്ചുകൊടുക്കുകയാണ് പത്രങ്ങളുടെ ധര്‍മം. അഭിപ്രായം സ്വതന്ത്രം എന്നു പറഞ്ഞത് പക്ഷപാതപരമായ എന്തഭിപ്രായവും വിളിച്ചുപറയാനുള്ള സ്വാതന്ത്ര്യം പത്രങ്ങള്ക്കുണ്ടെന്നല്ല. തോന്നിയപടി എന്തും പക്ഷപാതപരമായി എഴുതാം എന്നല്ല സ്വതന്ത്രം എന്നതിന്റെ അര്‍ഥം. വാര്‍ത്തയെപ്പോലെതന്നെ അഭിപ്രായവും യാഥാര്‍ഥ്യത്തില്‍നിന്ന് തെറ്റാത്തതാകണം. ഇത് ഒരുതരം പാരതന്ത്ര്യമാണ്- സത്യത്തോടുള്ള പാരതന്ത്ര്യം. പ്രബലരായ മറ്റുള്ളവരുടെ അഭിപ്രായത്തിനു വഴങ്ങി പത്രം തങ്ങളുടെ സത്യസന്ധമായ അഭിപ്രായം മൂടിവയ്ക്കരുതെന്ന് പത്രസ്വാതന്ത്ര്യത്തിന് മറ്റൊരര്‍ഥമുണ്ട്. പത്രങ്ങളെ സൂക്ഷ്മദര്‍ശിനിയിലൂടെ പരിശോധിച്ചാല്‍ ഈ രണ്ടു ഗുണവും-വാര്ത്താവിശുദ്ധിയും അഭിപ്രായത്തിന്റെ സ്വതന്ത്രതയും-നാള്‍ക്കുനാള്‍ കുറഞ്ഞുവരുന്നുവെന്നു കാണാം.
പണ്ട് അബദ്ധമായും അശ്രദ്ധകൊണ്ടും തെറ്റ് സംഭവിച്ചിരുന്നു. ഇന്നലെ മരിച്ചെന്നു റിപ്പോര്‍ട്ട് ചെയ്യപ്പെട്ട വ്യക്തിയല്ല, അദ്ദേഹത്തിന്റെ അയല്പക്കക്കാരനായ അതേ പേരുകാരനാണ് മരിച്ചതെന്ന് പണ്ടൊരു പത്രത്തിന് തിരുത്തല്‍ കൊടുക്കേണ്ടി വന്നത് ഓര്‍ത്തുപോകുന്നു. ഒരു പത്രം സ്വന്തം പേരുപോലും തെറ്റിയടിച്ചത് ഞാന്‍ കണ്ണാലെ വായിച്ചതാണ്- പഴയ നവകേരളം ഒരു ദിവസം 'വനകേരളം' എന്ന പേരിലാണ് (ഉള്‍പ്പേജിലാണെങ്കിലും) വന്നത്. 'പരേതനല്ല, പരേതന്റെ അപ്പനാണ് മരിച്ചത്' എന്ന സ്വാഗത പ്രസംഗമേ ഇതിനോട് കിടപിടിക്കുന്നതായുള്ളൂ. ഇതൊക്കെ പൊറുക്കാം. നാം ചിരിക്കുകയല്ലാതെ കുറ്റപ്പെടുത്തില്ല.
ഇപ്പോള്‍ പത്രം വായിക്കുമ്പോള്‍ വല്ല ചിരിയും നേരത്തെ ചുണ്ടത്തുണ്ടെങ്കില് അത് നിമിഷംകൊണ്ട് അസ്തമിക്കുന്നു. ഒരു വായനശാലയുടെ ഭരണസമിതി കൂടിയാലും എന്തെങ്കിലും അഭിപ്രായഭിന്നതകള്‍ പുറത്തുവരും; പുറത്തു വരണം. അതിനാണ് സമിതിയില്‍ ചര്‍ച്ച ചെയ്യുന്നതും. പക്ഷേ, ഇന്ന് എന്ത് അഭിപ്രായഭിന്നത വന്നാലും നമുക്ക് ഇഷ്ടമില്ലാത്ത കക്ഷിയാണെങ്കില്‍ തലക്കെട്ടിന്റെ സ്വരം മാറും: "കടുത്ത അന്തച്ഛിദ്രം മറ നീക്കുന്നു'', "മുഖ്യമന്ത്രിയെ എതിര്‍ഗ്രൂപ്പ് നേതാവ് അതിരൂക്ഷമായി വിമര്‍ശിക്കുന്നു.'' സ്വന്തം കക്ഷിയിലെ അംഗങ്ങളുടെ അഭിപ്രായങ്ങള്‍ ചര്‍ച്ചചെയ്ത് ഒരു തീരുമാനത്തിലെത്താന്വേണ്ടിയാണ് യോഗം ചേരുന്നത്. അത് നടന്നാല്‍ ഏതോ മഹാപാപം നടന്നതുപോലെ റിപ്പോര്‍ട്ട് പോകുന്നു. 'ഇഷ്ടമില്ലാത്ത അച്ചി'യെപ്പറ്റിയുള്ള റിപ്പോര്‍ട്ടിന്റെ ഗതിയാണ് ഇപ്പറഞ്ഞത്. ഇഷ്ടമുള്ള അച്ചിയായാലോ? ഈ അച്ചിയുടെ യുവവിഭാഗം തമ്മിലടിച്ചു പിരിഞ്ഞാലും അതേപ്പറ്റി പത്രത്തില്‍ മഷിയിട്ടു പരതിയാല്പോലും കാണില്ല. ഡസന്‍ കണക്കിന് ഉദാഹരണങ്ങള്‍ എടുത്തുകാട്ടാം. കഴിഞ്ഞ ഒരുമാസത്തെ പത്രം നിവര്‍ത്തിവച്ചാല്‍ മതി. വേറെ പത്രം വായിക്കണം ഈ 'വാര്‍ത്ത' കണ്ടെത്താന്‍. മറ്റവര്‍ക്ക് അത് 'അവാര്‍ത്ത' ആണ്.
'ആരാണ് ഈ കൂട്ടാന്‍ ഉണ്ടാക്കിയത്? പച്ചവെള്ളംപോലെ ഇരിക്കുന്നല്ലോ' എന്നു കോപിച്ച കാരണവരോട് മരുമകള്‍ പറഞ്ഞു, 'അമ്മായിയാണ് വച്ചത്' എന്ന്. ഉടനെ വന്നു അമ്മാവന്റെ പ്രതികരണം-'അങ്ങാടിയില്‍നിന്നു കിട്ടുന്ന മുളകുപൊടിക്ക് എരിവില്ല. അവളെന്തു ചെയ്യും!'
പത്രക്കാരണവര്ക്ക് ഇഷ്ടപ്പെട്ട ഭാര്യയും ഇഷ്ടപ്പെടാത്ത മരുമകളും ഉണ്ട്. ആള് തരം നോക്കിയേ ശകാരിക്കുകയുള്ളൂ.പക്ഷേ, പത്രം ഇങ്ങനെ നഗ്നമായ സ്വകക്ഷി പക്ഷപാതം പ്രകടിപ്പിക്കാമോ? സ്വന്തം പക്ഷപാതം പത്തുപതിനഞ്ചു ലക്ഷം ആളുകളെക്കൊണ്ട് വിഴുങ്ങിക്കലാണോ പത്രധര്‍മം? ഈ ഇരട്ട സദാചാരം വച്ചുപുലര്‍ത്തുന്ന പത്രാദികളെയാണ് മാധ്യമ സിന്‍ഡിക്കറ്റ് എന്നൊക്കെ പറയുന്നത്. അങ്ങനെയൊന്ന് ഔദ്യോഗികമായി ഇല്ലാത്തതുകൊണ്ട് ഇല്ലെന്നു വരില്ല. അനൌദ്യോഗികമായി അതുണ്ട്. അത് മുറയ്ക്ക് പക്ഷപാതമാലിന്യം നിറച്ച് പത്രങ്ങളെ ലാലൂരിനേക്കാള് വിസര്‍ജന നിക്ഷേപ ഭൂമികളായി മാറ്റിയിരിക്കുന്നു. വായനക്കാര്‍ ഇതെല്ലാം അറിയുന്നുണ്ട്. അവര്‍ ഒന്നും അറിയാത്ത വിഡ്ഢികളാണെന്നു കരുതുന്ന പത്രാധിപന്മാരാണ് മഹാ വങ്കന്മാര്.
ഇപ്പോള്‍ തെളിഞ്ഞിരിക്കുന്നത് ഇതിലും വലിയ ക്രൈം ആണ്. പത്രങ്ങള്‍ കോളങ്ങള്‍ രാഷ്ട്രീയ കക്ഷികളുടെ സ്ഥാനാര്‍ഥികളായി മത്സരിക്കുന്നവര്‍ക്ക് വില്‍പ്പനയ്ക്ക് കൊടുത്തുതുടങ്ങിയത്രേ. ഇപ്പറയുന്നത് രാഷ്ട്രീയനേതാക്കള്‍ ആരുമല്ല, സുപ്രസിദ്ധ പത്രപ്രവര്‍ത്തകനായ പി സായിനാഥ് ആണ്. എഴുത്തിന്റെ മേന്മകൊണ്ടും സത്യസന്ധതകൊണ്ടും ഏറെ പേരു നേടിയവയാണല്ലോ സായിനാഥന്റെ പംക്തികള്‍. (ഇക്കഴിഞ്ഞ ഒക്ടോബര്‍ 26 ഹിന്ദു). ഇക്കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ മഹാരാഷ്ട്രയില്‍ ഇത് വ്യാപകമായി നടന്നുവത്രേ. തെരഞ്ഞെടുപ്പു കഴിയുന്നതുവരെ കോളം എഴുതുന്ന പണിയില്‍നിന്നു മാറ്റി- മോശം എഴുത്തായതുകൊണ്ടല്ല, പത്രത്തിന് പ്രിയപ്പെട്ട സ്ഥാനാര്‍ഥിക്കും കക്ഷിക്കും അനുകൂലമായ മഷിയില്‍ തന്റെ പേന മുക്കാന്‍ ഇഷ്ടപ്പെടാത്ത ആളായതുകൊണ്ടാണ്. ലക്ഷക്കണക്കിനു രൂപ വാങ്ങി ഈ പത്രവ്യഭിചാരം നടത്തി സമ്പന്നരായ പത്രപ്രവര്‍ത്തകര്‍ക്ക് ഇന്ന് ക്ഷാമമില്ലത്രേ. പരസ്യം സമ്പാദിക്കാനും ഈ രാഷ്ട്രീയമായ അടിമത്തം സഹായകമാണ്. രാഷ്ട്രീയക്കാരന്റെ പ്രചാരണ സാഹിത്യവും പ്രശംസകളും എല്ലാം ചേര്‍ത്ത് പത്രത്തില്‍ ഇത്ര കോളത്തില്‍ ഇത്ര സെന്റീമീറ്റര്‍ സ്ഥലം വില്‍ക്കാനുണ്ട് എന്ന പ്രകടമായ ഉദ്ദേശ്യത്തോടെ പത്രങ്ങള്‍ പെരുമാറുന്നു. തനിക്കിഷ്ടമുള്ള കക്ഷിക്കാരനായാലും കാശ് വാങ്ങുന്നതില്‍ ഒരയവുമില്ല. കോളങ്ങള്‍ എഴുതിനിറയ്ക്കാന്‍ പത്രപ്രവര്‍ത്തകന്റെ തൂലിക ചലിച്ചാല്‍ അതിനുമുണ്ട് നല്ല പ്രതിഫലം എന്ന് സായിനാഥ് ചൂണ്ടിക്കാണിക്കുന്നു.
പത്രക്കാര്‍ക്ക് സമ്പാദിച്ചുകൂട്ടാന്‍ പറ്റിയ കാലം! ആദര്‍ശവും പത്രധര്‍മവും പറഞ്ഞാല്‍ കഞ്ഞി കുടിച്ച് കഴിയേണ്ടിവരും. പോയ കാലത്തിന്റെ ശ്മശാനത്തില്‍നിന്ന് ആദര്‍ശത്തിന്റെ മേലങ്കി ധരിച്ച ദുര്ഭൂതങ്ങള് വിളിച്ചു പറയുന്ന ധര്‍മോപദേശങ്ങള്‍ ചെവിക്ക് വെളിയില്‍ തള്ളുക. കാശ് തരാന്‍ കഴിയുന്നവര്‍ പാര്‍ലമെന്റിലും നിയമസഭകളിലും പെരുത്തുവരുമ്പോള് കാശ് വാങ്ങാന്‍ ആളില്ലാതെ വരുന്നത് കഷ്ടമല്ലേ? അതിന് പത്രക്കാര് ഇടവരുത്തുകയില്ലെന്ന് നമുക്ക് ഊഹിക്കാം.
ലോക്സഭയില്‍ ഇരുനൂറിനടുത്ത് കോടിപതികളുണ്ട്. മഹാരാഷ്ട്രയിലെ കണക്ക് സായിനാഥ് നല്‍കുന്നുണ്ട്. അവിടെ 288 എംഎല്‍എമാരില്‍ ആറുപേര്‍ക്ക് മാത്രമാണ് അഞ്ചുലക്ഷം രൂപയില്‍ കുറഞ്ഞ സ്വത്തുള്ളത്. 10 കോടി രൂപയില്‍ കൂടുതല്‍ സ്വത്തുള്ള എംഎല്‍എമാര്‍ 2004ല്‍ 108 ആയിരുന്നു. ഇപ്പോള്‍ 184 ആയി. ഇവരെ ഉപയോഗപ്പെടുത്തുക- അതാണ് വകതിരിവുള്ള പത്രപ്രവര്‍ത്തകന്റെ 'പ്രൊഫഷണല്‍' സാമര്‍ഥ്യം! ഞാനും പണ്ടൊരു പത്രപ്രവര്‍ത്തകനായിരുന്നു. അന്നുപോലും പരാജയപ്പെടേണ്ടി വന്ന ഒരു പത്രപ്രവര്‍ത്തക ഫോസില്‍. ഇന്ന് ഗ്ളോബല്‍ തത്വചിന്ത ലോകം ഭരിക്കുന്ന കാലത്തെ ജേര്ണലിസ്റ്റിന് തുറന്നുകിട്ടിക്കൊണ്ടിരിക്കുന്ന കുബേര പദത്തിലേക്കുള്ള കനക കവാടങ്ങള്‍ നഷ്ടപ്പെട്ടുപോയ ഒരു വ്യക്തിയുടെ നിരാശാപ്രകടനമായി ഇതിനെ (സായിനാഥിന്റെ ലേഖനത്തെയും) കണക്കാക്കി പൊറുക്കണമെന്ന് അപേക്ഷിക്കുന്നു.
'ഇപ്പോള്‍ കിട്ടിയത്' എന്ന് പറയാവുന്ന തരത്തില്‍, മാധ്യമങ്ങള്‍ ചില താല്‍പ്പര്യങ്ങള്‍ക്ക് കീഴടങ്ങുന്നതിന്റെ ഒരു ഉദാഹരണം ചില പത്രങ്ങളില്‍ കണ്ടു (6 നവംബര്‍). ചില പത്രങ്ങള്‍ എന്നുപറഞ്ഞത്, ഇവിടെ ജനാധിപത്യസ്തംഭങ്ങളായ വന്‍ പത്രങ്ങളെ ഒഴിവാക്കിക്കൊണ്ടാണ്. കോടതി നിര്‍ദേശമനുസരിച്ച് കോഴിക്കോട്ടെ ഒരു വലിയ വ്യാപാര സ്ഥാപനത്തില്‍ ആദായനികുതി വകുപ്പ് നടത്തിയ റെയ്ഡാണ് വിഷയം. വന്‍കിട പത്രങ്ങള്‍ അത് പൂഴ്ത്തിവച്ചു. ചിന്തിച്ചപ്പോള്‍, വ്യാപാരി യുഡിഎഫിലെ ഒരു പ്രധാന ഘടകകക്ഷിയുടെ വന്‍കിട നേതാക്കളിലൊരാളുടെ അടുത്ത ബന്ധു. ആരുടെ ബന്ധുവായാലും കളവിന്റെ ബന്ധുവായ ഒരാളുടെ ഈ കഥ ആളുകളില്‍നിന്ന് മറച്ചു പിടിക്കാന്‍ പത്രങ്ങള്‍ക്കെന്താണ് അധികാരം? അങ്ങനെ മൂടിവച്ചു തുടങ്ങിയാല്‍ പത്രങ്ങള്‍ക്ക് അധികമൊന്നും പ്രസിദ്ധീകരിക്കാന്‍ ഉണ്ടാകില്ല. മറിച്ചൊന്ന് ചിന്തിക്കാം. ഇതു നടത്തിയത് ഇടതുപക്ഷത്തിനോട് വിദൂരബന്ധമുള്ള ഒരു വ്യാപാരിയായാല്പ്പോലും നമ്മുടെ മികച്ച പത്രങ്ങള്‍ ഉണ്ടാക്കുന്ന പുകില് എന്തായേനെ?
ഇങ്ങനെ പോയാല്‍ ചോദിക്കേണ്ടി വരുന്ന ചോദ്യമാണ് ലേഖനത്തിന്റെ തലക്കെട്ട്- നാളെ പത്രം ഉണ്ടാകുമോ?
*
സുകുമാര്‍ അഴീക്കോട് ദേശാഭിമാനി
Thursday, November 12, 2009
Subscribe to:
Post Comments (Atom)
2 comments:
പത്രങ്ങളുടെ അടിയിലുള്ള ഒരു വ്യാജമോ വൈകല്യമോ ഇതത്രേ. അച്ചടിച്ചുകാണുന്ന തീയതിയുടെ തലേന്ന് വരുന്ന വാര്‍ത്തകളാണ് പത്രത്തിന്റെ ഉള്ളടക്കം. ഇതിനെ പത്രങ്ങളുടെ ആദിപാപം എന്നു വിളിക്കാം. ഈ പാപത്തെ പരിഹരിക്കാന്‍ പത്രങ്ങള്‍, പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളുടെ വിശുദ്ധിയില്‍ അങ്ങേയറ്റം ശ്രദ്ധിച്ചുപോന്നു. 'വാര്‍ത്ത വിശുദ്ധവും അഭിപ്രായം സ്വതന്ത്രവും' എന്നതായിരുന്നു വളരെക്കാലം പത്രങ്ങളുടെ ജീവവചനം. വാര്‍ത്ത എങ്ങോ സംഭവിക്കുമ്പോള്‍ അത് ചൂടാറാതെയും കലര്‍പ്പില്ലാതെയും യഥാര്‍ഥമായി ലോകത്തെങ്ങുമുള്ള ജിജ്ഞാസുക്കളായ വായനക്കാര്‍ക്ക് എത്തിച്ചുകൊടുക്കുകയാണ് പത്രങ്ങളുടെ ധര്‍മം. അഭിപ്രായം സ്വതന്ത്രം എന്നു പറഞ്ഞത് പക്ഷപാതപരമായ എന്തഭിപ്രായവും വിളിച്ചുപറയാനുള്ള സ്വാതന്ത്ര്യം പത്രങ്ങള്ക്കുണ്ടെന്നല്ല. തോന്നിയപടി എന്തും പക്ഷപാതപരമായി എഴുതാം എന്നല്ല സ്വതന്ത്രം എന്നതിന്റെ അര്‍ഥം. വാര്‍ത്തയെപ്പോലെതന്നെ അഭിപ്രായവും യാഥാര്‍ഥ്യത്തില്‍നിന്ന് തെറ്റാത്തതാകണം. ഇത് ഒരുതരം പാരതന്ത്ര്യമാണ്- സത്യത്തോടുള്ള പാരതന്ത്ര്യം. പ്രബലരായ മറ്റുള്ളവരുടെ അഭിപ്രായത്തിനു വഴങ്ങി പത്രം തങ്ങളുടെ സത്യസന്ധമായ അഭിപ്രായം മൂടിവയ്ക്കരുതെന്ന് പത്രസ്വാതന്ത്ര്യത്തിന് മറ്റൊരര്‍ഥമുണ്ട്. പത്രങ്ങളെ സൂക്ഷ്മദര്‍ശിനിയിലൂടെ പരിശോധിച്ചാല്‍ ഈ രണ്ടു ഗുണവും-വാര്ത്താവിശുദ്ധിയും അഭിപ്രായത്തിന്റെ സ്വതന്ത്രതയും-നാള്‍ക്കുനാള്‍ കുറഞ്ഞുവരുന്നുവെന്നു കാണാം.
പണ്ട് അബദ്ധമായും അശ്രദ്ധകൊണ്ടും തെറ്റ് സംഭവിച്ചിരുന്നു. ഇന്നലെ മരിച്ചെന്നു റിപ്പോര്‍ട്ട് ചെയ്യപ്പെട്ട വ്യക്തിയല്ല, അദ്ദേഹത്തിന്റെ അയല്പക്കക്കാരനായ അതേ പേരുകാരനാണ് മരിച്ചതെന്ന് പണ്ടൊരു പത്രത്തിന് തിരുത്തല്‍ കൊടുക്കേണ്ടി വന്നത് ഓര്‍ത്തുപോകുന്നു. ഒരു പത്രം സ്വന്തം പേരുപോലും തെറ്റിയടിച്ചത് ഞാന്‍ കണ്ണാലെ വായിച്ചതാണ്- പഴയ നവകേരളം ഒരു ദിവസം 'വനകേരളം' എന്ന പേരിലാണ് (ഉള്‍പ്പേജിലാണെങ്കിലും) വന്നത്. 'പരേതനല്ല, പരേതന്റെ അപ്പനാണ് മരിച്ചത്' എന്ന സ്വാഗത പ്രസംഗമേ ഇതിനോട് കിടപിടിക്കുന്നതായുള്ളൂ. ഇതൊക്കെ പൊറുക്കാം. നാം ചിരിക്കുകയല്ലാതെ കുറ്റപ്പെടുത്തില്ല.
http://ml.cresignsys.in/
ML Blog Box_ml.cresignsys.com_Categorized Malayalam Blog Aggregator_
Post a Comment