Wednesday, July 7, 2010

പ്രണയം: കാമനകളുടെ ചരിത്രമൂല്യം

ഒന്ന്

"As the Sun is daily new and old so is my love, telling you what is told''

Shakespeare

"രതിനിത്യമൊരാള്‍ക്കൊരാളിലായ്
സ്ഥിതിചെയ്‌താൽ സഖീ, പെണ്ണിനാണിനും
അതിലും വലുതില്ലഹോ വ്രതം
സ്ഥിതിമാനെന്തൊരു ധന്യനെന്‍ പ്രിയന്‍''

കുമാരനാശാന്‍

പ്രണയം ചരിത്രത്തെ രേഖപ്പെടുത്തുന്ന ഉപാധികളിലൊന്നാണെന്ന് പ്രണയികള്‍ പൊതുവേ തിരിച്ചറിയണമെന്നില്ല. കാലാതീതവും കേവലവുമായ ഒരനുഭൂതിയും വികാരപ്രപഞ്ചവുമായി പ്രണയം മനസ്സിലാക്കപ്പെടാറുണ്ടെങ്കിലും, ചരിത്രത്തിന്റെ വേലിയേറ്റങ്ങളും കടലിരമ്പങ്ങളും അതിനെ നിരന്തരമായി അഴിച്ചു പണിയുന്നുണ്ട്. ഒരര്‍ത്ഥത്തിൽ ഈ അഴിച്ചുപണികളാണ് പ്രണയത്തെ നിത്യനൂതനമാക്കുന്നത്. ഒരു പേരിൽത്തന്നെ തുടരുമ്പോഴും പല പല അര്‍ത്ഥങ്ങളിലേക്കും അനുഭവങ്ങളിലേക്കും സംക്രമിക്കുന്ന പ്രവാഹവേഗമായി മനുഷ്യജീവിതത്തിൽ എപ്പോഴും നിലനിൽക്കാന്‍ പ്രണയത്തെ സജ്ജമാക്കുന്നത് ഇതാണ്.

അനുരാഗം ജാതിരഹിതമായ ആദര്‍ശലോകത്തിന്റെ പാര്‍പ്പിടമായിരുന്നു കുമാരനാശാന്. ജാതിയാലും മതത്താലും തട്ടുതിരിഞ്ഞ ഒരു ലോകക്രമത്തെ അതിവര്‍ത്തിച്ചുപോകുന്ന മാനുഷികതയുടെ അതീതഭംഗിയായി ആശാന്‍ അനുരാഗത്തെ നോക്കിക്കണ്ടു. ജാതിയുടെ പാര്‍പ്പിടങ്ങള്‍ ശരീരമായിരുന്നതുകൊണ്ട് ആശാന്റെ പ്രണയികള്‍ 'മാംസബദ്ധമല്ലാത്ത രാഗ'ത്തിന്റെ ലോകവ്യവസ്ഥകള്‍ക്കും അധികാരപ്പെരുമയ്‌ക്കുമൊന്നും ഇളക്കാനാവാത്ത, കാലത്തിന്റെ കൊടുങ്കാറ്റുകള്‍ അടിയുലയ്‌ക്കാത്ത കേവലാദര്‍ശത്തിന്റെ അനശ്വരഭംഗിയാണ് ആശാന്‍ പ്രണയത്തിന് നൽ‌കിയത്.

"പഴകിയ തരുവല്ലിമാറ്റിടാം
പുഴയൊഴുകും വഴി വേറെയാക്കിടാം
കഴിയുമിവ, മനസ്വിമാര്‍ മന-
സ്സൊഴിവതശക്യ മൊരാളിലൂന്നിയാൽ ''

എന്ന് ദൃഢാനുരാഗത്തിന്റെ അചഞ്ചലതയെ, പ്രകൃതിപരിണാമങ്ങള്‍ക്കും അപ്പുറം പോകാന്‍ പോന്ന അതിന്റെ അധൃഷ്യതയെ, ആശാന്‍ രേഖപ്പെടുത്തുന്നുണ്ട്. തന്റെ നായികമാരിൽ ഏറ്റവും പ്രണയിനിയായ ഒരുവളെ ആശാന്‍ ഭാവന ചെയ്‌തത് വേശ്യയായ വാസവദത്തയുടെ രൂപത്തിലാണ് എന്ന് വരുന്നതും ഇതുകൊണ്ടാവാം. ശാരീരികതയുടെ തുച്ഛലോകത്തെ പ്രണയംകൊണ്ട് മറികടക്കുന്ന ഒരാദര്‍ശത്തിന്റെ വാങ്മയമാണത്. കാലവും ലോകവും തോറ്റുപിന്‍മാറുകമാത്രം ചെയ്യേണ്ടിവരുന്ന സ്ഥിതപ്രജ്ഞത്വമാണ് ആശാന്റെ പ്രണയം. നീതിയുടെ ശാശ്വതഗൃഹം.

ആശാന്‍ കവിതയിലെഴുതിയത് സ്വജീവിതംകൊണ്ട് ജീവിച്ചുതീര്‍ത്തവര്‍ ഇവിടെ ഏറെയുണ്ടായിരുന്നു. നവോത്ഥാനത്തിന്റെ പ്രണയലോകം പൂത്തുപടര്‍ന്ന ഒരാദര്‍ശവൃക്ഷമായിരുന്നു. എങ്കിലും 1920 കളിലെ ആദര്‍ശാത്മകത 1950 കളിൽ പ്രക്ഷീണമായിത്തുടങ്ങുന്നത് വൈലോപ്പിള്ളിയുടെ വിചാരങ്ങളിൽ കാണാം. മധ്യവര്‍ഗ്ഗജീവിതം പ്രബലമാവുകയും മധ്യവര്‍ഗ്ഗത്തിന്റെ ചാഞ്ചല്യങ്ങളിൽ പ്രണയം ഊയലാടിത്തുടങ്ങുകയും ചെയ്‌ത കാലം. അതോടെ അനുരാഗം ഒരു ശാശ്വതസ്ഥാനമാണോ എന്ന സംശയം ബലപ്പെട്ടു തുടങ്ങി:

"കന്യമാര്‍ക്കു നവാനുരാഗം
കമ്രശോണഫടികവളകള്‍
ഒന്നുപൊട്ടിയാൽ മറ്റൊന്നിവണ്ണം
ഉന്നയിപ്പുഞാന്‍ തത്ത്വനിരകള്‍''

തത്ത്വം പറയുന്ന പ്രണയവഞ്ചനയുടെ ഈ ലോകം ഒട്ടൊക്കെ പുതിയതാണ്.

"മറ്റു പൂച്ചെടിചെന്നു തിന്നാനെൻ
കൊറ്റനാടിനുണ്ടിപ്പോഴേ മോഹം''

എന്ന് കാമുകി കാമുകന്റെ ചാഞ്ചല്യങ്ങളെ കണ്ടറിയുന്നുമുണ്ട്. ബൂര്‍ഷ്വാസി ജന്മം നൽ‌കിയവരാണെങ്കിലും ബൂര്‍ഷ്വാ ചാഞ്ചല്യങ്ങള്‍ തൊട്ടുതീണ്ടിയിട്ടില്ലാത്തവര്‍ എന്ന് എംഗൽസ് നവോത്ഥാനപ്രതിഭകളെ വിശേഷിപ്പിക്കുന്നുണ്ടല്ലാ. അത്തരക്കാരായിരുന്നു നവോത്ഥനത്തിലെ ആദ്യകാലപ്രണയികളും. അവരിൽ നിന്ന് മധ്യവര്‍ഗ്ഗപ്രായോഗികതയുടെ പ്രതിനിധികളിലേക്കെത്തിയ പ്രണയം പുതിയ രൂപമാര്‍ജ്ജിച്ചതിന്റെ ചരിത്രമാണ് വൈലോപ്പിള്ളി രേഖപ്പെടുത്തിയത്. ഏറെ വൈകാതെ നവനാഗരികതയുടെ പ്രണയപ്പകര്‍ച്ചകളെ എന്‍ വി കൃഷ്ണവാര്യര്‍ മറ്റൊരു ഭാഷയിൽ രേഖപ്പെടുത്തി. കാമുകിയെ കാത്ത് ഹോസ്റലിന് പുറത്ത് നിൽക്കുന്നകാമുകന്റെ ചിത്രം പുതിയ നാഗരികതയുടെ രേഖാചിത്രവുമാണ്.

"നിന്നെ പ്രതീക്ഷിച്ച് ഹോസ്‌റ്റലിന്‍ വാതിക്കൽ
അന്നുഞാനോമനേ കാത്തുനിന്നീടവേ
കാൽ നടപ്പാതയരുകിൽ , തണലത്ത്
കണ്ടുകിഴവനൊരുവന്‍ കിടപ്പതായ്
കീറയുടുതുണിയൂര്‍ന്നുപോയ്, കാണായി-
തേറെയാഭാസമയാളുടെ നഗ്നത''

പ്രണയസാഫല്യത്തിന്റെ പശ്ചാത്തലഭൂമിയായി ചുടലപ്പറമ്പിനെ ഭാവനചെയ്‌ത ആശാനിൽ നിന്നും എന്‍ വി യിലേക്കെത്തുമ്പോള്‍ ഉടുതുണിയൂര്‍ന്ന് ആഭാസകരമായ നഗ്നതയുമായി, വഴിയോരത്തുകിടക്കുന്ന അനാഥവാര്‍ധക്യമായി പ്രണയത്തിന്റെ പശ്ചാത്തലഭൂമിക മാറിവരുന്നുണ്ട്. സംശയരഹിതമായും ഇത് ആധുനികനാഗരികതയുടെ നഗ്നതയും ആഭാസരൂപവുമാണ്. ടി എസ് എലിയറ്റ് 1917 ൽ ആൽഫ്രഡ് ജെ പ്രൂഫോക്കിന്റെ പ്രണയഗാനത്തിൽ രേഖപ്പെടുത്തിവച്ചതും ഇത്തരമൊരു ചരിത്രപ്രതിസന്ധിയെയാണ്.

"Let us go them you and I
when the evening is
Spreadout against the sky
Like a patient
Etherised upon a table''

ശസ്‌ത്ര ക്രിയാമേശക്കുമേൽ ബോധരഹിതനായ രോഗിയെപ്പോലെ ആകാശചെരുവിൽ സായാഹ്നം പടരുമ്പോഴാണ് പ്രണയികള്‍ യാത്രപോവുന്നത്. ഞാനും നീയും എന്ന് വിഘടിതരായ ഈ പ്രണയികളുടെ ലോകം രാഗാതുരമായ പടിഞ്ഞാറന്‍ നാഗരികതയുടേതാണ്. അബോധത്തിൽ , ശസ്‌ത്രക്രിയാമേശയിൽ ശയിക്കുന്ന രോഗികളെക്കുറിച്ചുള്ള പശ്ചാത്തലകല്പന, ഒന്നാംലോകയുദ്ധം പിടിമുറുക്കിയ പടിഞ്ഞാറിന്റെ ചരിത്രം കൂടിയാണ്.

ചരിത്രം പ്രണയബന്ധങ്ങളെ ഇങ്ങനെ പുനര്‍നിര്‍മ്മിക്കുകയും പുനര്‍വിഭാവനം ചെയ്യുകയും ചെയ്യുന്നതുകൊണ്ടാണ്

‘എന്‍ ചുണ്ടിലൊട്ടിടയ്‌ക്കൂറിയ മാധുരി
നിന്‍ ചുണ്ടിനുള്ളതോ ലിപ്‌സ്‌റ്റിക്കിനുള്ളതോ'

എന്ന് കവി സംശയിക്കുന്നത്. പിൽ‌ക്കാലത്ത് ഈ വിപരീതോക്തികളുടെ വഴിയിലൂടെയാണ് മലയാളഭാവന പ്രണയത്തെക്കുറിച്ച് ഏറെയും സംസാരിച്ചത് എന്നതിന്റെ കാരണവും വേറൊന്നാവില്ല.

"നിന്ന ഞാന്‍ പ്രേമിച്ചപ്പോൾ
പ്രേമിച്ചോണ്ടിരുന്നപ്പോള്‍''

എന്ന് എഴുതുന്ന അയ്യപ്പപ്പണിക്കരും, 'ഭാഗ്യശാലികള്‍' എന്ന കവിതയിൽ കാമുകി പുറത്തെ ചുണൽ കുത്തിയുടയ്‌ക്കുന്നതിന്റെ സുഖത്തെ

"ഇതുമാത്രമാണോമനേ
നാം തമ്മിലെന്നുമറിയും സുഖം; മതി''

എന്ന് വിവരിക്കുന്ന കടമ്മനിട്ടയും ചരിത്രവും സാമൂഹ്യാധികാരവും ചേര്‍ന്ന് പണിതെടുക്കുന്ന പ്രണയസൌധങ്ങളുടെ രൂപപരിണാമങ്ങളിലൂടെ തന്നയാണ് കടന്നുപോയത്.

ഈ ആലോചനയെ ഇനിയും എത്രയും വികസിപ്പിക്കാവുന്നതാണ്. ഭാവനയുടെ ചരിത്രം ഭാവപ്രതിഭാസങ്ങളുടെ ചരിത്രം കൂടിയായിരിക്കുന്നതുകൊണ്ട്, നാം ജീവിച്ചുതീര്‍ത്ത യാഥാര്‍ത്ഥ്യങ്ങള്‍ക്കുമപ്പുറം നമ്മുടെ പ്രതീക്ഷകളുടെ ചരിത്രത്തെക്കൂടി അത് രേഖപ്പെടുത്തിവയ്‌ക്കുന്നുണ്ട്. ഇരുപതാം നൂറ്റാണ്ടിലെ മലയാളജീവിതത്തിൽ അരങ്ങേറിയ പ്രണയം എന്ന ചരിത്രാനുഭവത്തിന്റെ ഉള്ളടക്കത്തെ ഇത്രയും മികവോടെ രേഖപ്പെടുത്താന്‍ ഒരുപക്ഷേ സാമൂഹ്യശാസ്‌ത്രത്തിന്റെ ജ്ഞാനരൂപങ്ങള്‍ക്ക് ഇത്രതന്ന കഴിവുണ്ടായെന്ന് വരില്ല. വര്‍ത്തമാനകാലത്തിന്റെ പ്രണയാവേശങ്ങളെയും പ്രണയപ്രതിസന്ധികളെയും കുറിച്ചാരായാന്‍ ഇത്തരം തിരിച്ചറിവുകള്‍ കൂടാതെ കഴിയില്ലതാനും.

രണ്ട്

" The careless way in which language uses the word 'love' has its genetic justification. People give the name 'love' to the relation between a man and a woman whose genital needs have led them to found a family. But they also give the name 'love' to the positive feelings between parents and children, and between brothers and sisters to describe this as 'aim-inhibited' love or affection. Love with an inhibited aim was infact originally fully sensual love, and it is so still in man's unconscious. Both fully sensual love and aim-inhibited love' extend outside the family and create new bonds with people who before were strangers. Sensual love leads to the formation of new families and the other to 'friendships' which become valuable form of a cultural standpoint.....But in the course of development the relation of love to civilization loses its unambiguity. On the one hand love comes into opposition to the interests of civilization; on the other civilization threatens love with substantial restrictions.''

Freud: Civilization and Its Discontents


അനുരാഗം സംസ്‌ക്കാരത്താൽ ഉദാത്തീകൃതമായ ലൈംഗികാനുഭൂതികളാണെന്ന കാഴ്‌ചപ്പാടിൽ നിന്നാണ് ഫ്രോയ്‌ഡ് നാഗരികതയും പ്രണയവും തമ്മിലുള്ള ബന്ധത്തെക്കുറിച്ചുള്ള ആലോചനകള്‍ തുടങ്ങുന്നത്. പ്രണയത്തെ നാഗരികതയുടെ ഘടന നിര്‍ണ്ണയിക്കുകയും അതിന് അര്‍ത്ഥം നൽകുകയും ചെയ്യുന്നു. അതുകൊണ്ട് ലൈംഗികാനുഭൂതിയെ മാത്രം മുന്‍നിര്‍ത്തിയല്ല, നാഗരികതയുടെ സ്വരൂപത്തെ മുന്‍നിര്‍ത്തിക്കൊണ്ടു കൂടിയാണ് പ്രണയത്തെ മനസ്സിലാക്കേണ്ടത് എന്നും വരുന്നു. നാഗരികതയുടെ താത്പര്യങ്ങള്‍ക്കും ആഭിമുഖ്യങ്ങള്‍ക്കും എതിരായിത്തീരുന്ന പ്രണയചോദനകളെ അത് അമര്‍ച്ചചെയ്യാനും നിയന്ത്രിക്കാനും ശ്രമിക്കുന്നു. പഴയ വടക്കന്‍ പാട്ടിൽ പറയുന്നതുപോലെ

"കൊണ്ടുനടന്നതും നീയേ, ചാപ്പാ
കൊണ്ടുപോയ് കൊന്നതും നിയേ ചാപ്പാ''

എന്ന രീതിയിൽ , നാഗരികത അര്‍ത്ഥവും ജീവിതവും നൽ‌കിയ പ്രണയത്തെ പിന്നീടെവിടെയോ അതുതന്ന കയ്യൊഴിയുന്നു.

സ്‌ത്രീപുരുഷന്‍മാര്‍ക്കിടയിലെ പരസ്‌പരാകര്‍ഷണമായി, മനുഷ്യര്‍ക്കിടയിലെ എതിര്‍ലിംഗാഭിനിവേശമായി, നിലനിൽക്കുന്ന അഭിനിവേശത്തെ പ്രണയമെന്നു വിളിക്കാമോ? നിയതമായ അര്‍ത്ഥത്തിൽ ഇത് സാധ്യമല്ല. കാരണം ഈ ആകര്‍ഷണങ്ങള്‍, അര്‍ത്ഥത്തിൽ, മനുഷ്യവംശത്തിന് മാത്രം ബാധകമല്ലാത്ത ജൈവാനുഭവമാണ്. വിശപ്പ് എന്നപോലെ ലൈംഗികതയും മാനുഷികം എന്നതിനേക്കാള്‍ ജൈവികമോ ജന്തുസഹജമോ ആണ്. ഇതിന് സാംസ്‌ക്കാരികമായ അര്‍ത്ഥവും മൂല്യവും കൈവരുമ്പോഴാണ് പ്രണയം പിറക്കുന്നത്. ശരീരത്തിന്റെ വാസനാവേശങ്ങളും സംസ്‌ക്കാരത്തിന്റെ അര്‍ത്ഥനിര്‍ണ്ണയനയങ്ങളും കലര്‍ന്നാണ് പ്രണയം സാധുവാക്കുന്നത് എന്നര്‍ത്ഥം; സാധ്യമാകുന്നതും.

'ഒരാള്‍ക്കൊരാളിലായ് ' ഉറച്ചുപോയരതിഭാവമായ പ്രണയം അടയാളപ്പെട്ടതെവിടെ വച്ചാണ് ! സമകാലികമായ പ്രണയകല്പനയുടെ ആധാരം ഈ പരസ്‌പരാശ്രിതത്വത്തിന്റെ അനന്യതയാണെന്ന് പറയാം ഞാന്‍ നിനക്കും നീ എനിക്കും എന്ന നിലയിൽ പ്രണയികള്‍ക്കിടയിൽ രൂപപ്പെടുന്ന ഭാവബന്ധം. ചരിത്രപരമായൊരര്‍ത്ഥത്തിൽ ആധുനികതയുടെ സംഭാവനയാണ് ഈ പ്രണയകല്പന. കാരണം ഏകാന്തവും സ്വയം പര്യാപ്തവുമായ ഒരാന്തരികതയുടെ പ്രതിനിധിയായി വ്യക്തികള്‍ മാറിത്തീരുന്നത് ആധുനികതയിലാണ്. 'ഞാന്‍' ഞാന്‍ മാത്രമായിരുന്ന അവസ്ഥ ഈ 'ഞാന്‍' അനന്യവും ഏകാന്തഭദ്രവുമായ മറ്റൊരു 'ഞാനു'മായി പുലര്‍ത്തുന്ന ബന്ധമാണ് പ്രണയം.

"ജാതാനുരാഗമൊരുവന്റെ മിഴിക്കുവേദ്യംഏതോവിശേഷസുഭഗത്വവുമാര്‍ന്നിരിക്കാം''

എന്ന് കുമാരനാശാന്‍ അനുരാഗത്തിന്റെ ഈ അനന്യതയെ രേഖപ്പെടുത്തിവച്ചിട്ടുണ്ട്. അനുരാഗഭരിതമായ ഹൃദയമുള്ള ഒരുവനുമാത്രം അഭിഗമ്യമാവുന്ന വിശേഷസുഭഗത്വം. പ്രണയിക്ക് മാത്രം കാണാനാവുന്ന സൌന്ദര്യം. ഇത് സൌന്ദര്യത്തെ ഏകാന്തമായ ഒരാത്മതത്വമാക്കിമാറ്റുന്നു. പ്രണയം എന്ന ആത്മഭാവം ജന്‍മം നൽ‌കുന്ന വിശേഷമൂല്യമായി സൌന്ദര്യം മാറിത്തീരുന്നു എന്നര്‍ത്ഥം. സൌന്ദര്യം ഒരു വസ്‌തുഗുണമല്ലാതാവുകയും പ്രണയിയുടെ ആത്മഭാവമായി, പ്രണയിയുടെ ആന്തരികതയിലെ അവബോധമായി, മാറിത്തീരുകയും ചെയ്യുന്ന ഈ പ്രക്രിയയാണ് അതിനെ ആധുനികമായ കര്‍തൃഭാവനയുടെ മണ്ഡലത്തിൽ കൊണ്ടുചെന്ന് നിര്‍ത്തുന്നത്. മലയാളത്തിലെ പ്രണയം ആശാന്‍ കണ്ടുപിടിച്ചതാണെന്ന് പറയുന്നതിന്റെ കാരണവും ഇതുതന്നയാണ്.

സ്‌ത്രീപുരുഷന്‍മാരുടെ പരസ്‌പരാഭിമുഖ്യത്തിന്റെ കഥകള്‍ ഇവിടെ എത്രയുമുണ്ടായിരുന്നുവെങ്കിലും ഏകാന്തസ്വയം പര്യാപ്‌ത കര്‍തൃത്വങ്ങളുടെ പരസ്‌പരപൂരണമായും അതിൽ നിന്നുളവാകുന്ന അനന്യസാധാരണമായ അനുഭൂതിലോകമായും പ്രണയത്തെ അടയാളപ്പെടുത്തിത്തുടങ്ങിയത് ആശാനാണ്. പ്രണയം എന്ന ഈ മോക്ഷപദം, എറിക്‌ഫ്രോം പറയുന്നതുപോലെ, സമ്പൂര്‍ണ്ണമായ വിലയനത്തിന്റെ സാധ്യതയെ ഉള്‍ക്കൊള്ളുന്ന കാമോദ്ദീപക പ്രണയത്തിന്റെ ആദര്‍ശാത്മകരൂപമാണ്. സമ്പൂര്‍ണ്ണമായ വിലയനം എന്നത് ലൈംഗികമായ ഒരനുഭവസ്ഥാനത്തെയാണ് അടയാളപ്പെടുത്തുന്നത്. എങ്കിലും ഈ ലൈംഗികാനുഭവത്തെ സാംസ്‌ക്കാരികമായി ഉദാത്തീകരിക്കുകയും വ്യക്തിപരമായി വിമലീകരിക്കുകയും ചെയ്‌തുകൊണ്ടാണ് ആധുനികത പ്രണയത്തെ നിര്‍വ്വചിച്ചത്. അതുകൊണ്ട് ലൈംഗികത സ്‌നേഹത്തിന്റെ ബാക്കിപത്രമായി മാത്രമേ ആധുനികതയ്‌ക്ക് സ്വീകാര്യമാവുകയുള്ളൂ. പക്വവും സൃഷ്‌ടിപരവുമായ ഒരു യോഗ്യതയായാണ് പ്രണയം നിലനിൽ ക്കേണ്ടത്; കാമാസക്തിയുടെ അനുബന്ധമായല്ല എന്ന കാഴ്ചപ്പാട് ആധുനികപ്രണയത്തിന്റെ ഹൃദയതത്ത്വമാണ്. പ്രണയം ഒരാദര്‍ശസ്ഥാനമാകുന്നത് ഇവിടെവച്ചാണ്.

പ്രണയവും മതവും തമ്മിലുള്ള ബന്ധങ്ങളുടെ അര്‍ത്ഥം നിര്‍ണ്ണയിക്കപ്പെട്ടതിലും ഈ ചരിത്രസന്ദര്‍ഭത്തിന് വലിയപങ്കുണ്ട്. ആധുനിക ലോകസന്ദര്‍ഭം; പ്രത്യേകിച്ചും നവോത്ഥാനം അതിനു നൽ‌കിയ പാഠഭേദങ്ങള്‍, മതത്തെ സാര്‍വ്വജനികവും സാര്‍വ്വകാലികവുമായ മൂല്യങ്ങളായി മനസ്സിലാക്കാന്‍ പ്രേരിപ്പിക്കുകയുണ്ടായല്ലാ. സ്‌നേഹവും കരുണയും പോലെയുള്ള സാഹോദര്യവും ഏകതയും പോലെയുള്ള കേവലമൂല്യങ്ങളായി മതത്തെ പരാവര്‍ത്തനം ചെയ്യാനുള്ള ഒരു ശ്രമം നവോത്ഥാനത്തിലുണ്ട്. എന്നാൽ അതേസമയം തന്നെ സ്ഥാപനരൂപമാര്‍ജ്ജിച്ച ആചാരമതത്തിന്റെ ദൃഡീകരണവും ആധുനികതയിൽ സംഭവിക്കുന്നുണ്ട്. ഇതിൽ കേവലത്വമായിത്തീര്‍ന്ന മതാവബോധത്തെ ആധുനികപ്രണയത്തിന്റെ ആദര്‍ശാത്മകതയോട് ചേര്‍ത്തുവച്ചുകൊണ്ടാണ് നവോത്ഥാനത്തിന്റെ അനുരാഗവിപ്ളവം അരങ്ങേറിയത്. മതത്തിന്റെ പാഠാന്തരങ്ങള്‍ ആധുനികമായ വ്യക്തികല്പനയുമായി വിനിമയങ്ങളിലേര്‍പ്പെടുന്നതിന്റെ ഫലമായിരുന്നു അത്. എന്നാൽ ആധുനികതയുടെ സമ്മര്‍ദ്ദങ്ങള്‍ക്കുമുകളിൽ സ്ഥാപനവത്ക്കരിക്കപ്പെട്ട ആചാരമതത്തിന് ഇത് അംഗീകരിക്കാന്‍ കഴിയുമായിരുന്നില്ല. വാസ്‌തവത്തിൽ മതാനുഭൂതിയുടെ സ്വാച്‌ഛന്ദ്യത്തിനുള്ള സാധ്യതയെതന്ന ആധുനികത വ്യവസ്ഥചെയ്യപ്പെടുകയും പരിമിതപ്പെടുത്തുകയുമാണ് ചെയ്‌തത്. സ്ഥാപനരൂപമാര്‍ജ്ജിച്ച മതം വ്യക്തിഗതമായ കേവലതയെ കഴിയുന്നത്ര മെരുക്കുകയും ഈ കേവലതയുടെ ആവിഷ്‌ക്കാരമായ പ്രണയത്തെ കയ്യൊഴിയുകയും ചെയ്തു. അങ്ങനെ ആധുനികതയുടെ ആവിഷ്‌ക്കാരങ്ങളിലൊന്നിനെ ആധുനികം തന്നെയായ സ്ഥാപന മതം കീഴടക്കുകയും ചെയ്‌തു. കൊളോണിയൽ ആധുനികതയുടെ സന്ദര്‍ഭം ഫ്യൂഡൽ മൂല്യങ്ങളെ നിലനിര്‍ത്തിക്കൊണ്ടുതന്നയാണ് ആധുനികമാവാന്‍ ശ്രമിച്ചത് എന്നതിനാൽ ആധുനികമായ വ്യക്തികല്പനയെ ചങ്ങലക്കിടുന്ന സ്ഥാപനമായി, ആധുനികമതത്തിന് ഇവിടെ തുടരാന്‍ കഴിഞ്ഞിരുന്നു. ഈ ആന്തരവൈരുധ്യമാണ് ആധുനികമായ സ്ഥാപന/ അനുഭവങ്ങള്‍ ആയിരുന്നിട്ടും വിരുദ്ധമായ പ്രയോഗങ്ങളായി പര്യവസാനിക്കുന്നതിൽ കലാശിച്ചത്.

കൊളോണിയൽ ആധുനികതയുടെ ചരിത്രപരമായ ഉള്ളടക്കം ഇന്ത്യന്‍ ദേശീയതയ്‌ക്കു നൽ‌കിയ സവര്‍ണ്ണ ബ്രാഹ്മണ സ്വരൂപം ഇന്ന് പലനിലകളിൽ തിരിച്ചറിയപ്പെട്ടിട്ടുണ്ടല്ലാ. എങ്കിലും ഇപ്പോഴും അത് എത്രയോ പ്രബലമായിത്തുടരുന്നു എന്നതിന്റെ അവസാനത്തെ അടയാളമാണ് 'ലവ് ജിഹാദ് ' എന്ന വിചിത്രകല്പനയും അതിന് മുഖ്യധാരാ അവബോധത്തിൽ ലഭിച്ച സ്വീകാര്യതയും, മുസ്ളീം വിരുദ്ധതയുടെ അബോധം പൊതുസമൂഹത്തിൽ പ്രകാശിതമായതിന്റെ അവസാനത്തെ ഉദാഹരണമാണ് അത്. ആദര്‍ശാത്മകമായ സ്വാതന്ത്ര്യം കൈയ്യാളുന്ന രണ്ട് വ്യക്തികള്‍ക്കിടിയിലെ ബന്ധത്തെ മതവിദ്വേഷത്തിന്റെ ഉപാധിയാക്കി അവതരിപ്പിക്കുന്നതിൽ സവര്‍ണ്ണപൊതുബോധം നേടിയ വിജയമാണ് 'ലവ് ജീഹാദ് ' എന്ന വിദ്രോഹകരമായ കല്പനയ്ക്ക് പിന്നിലുള്ളത്.(സംഘടിതമായ മതംമാറ്റത്തിനുള്ള ഉപകരണമായി പ്രണയം ഉപയോഗിക്കപ്പെടുന്നുണ്ടങ്കിൽ അത് വിമര്‍ശിക്കപ്പെടണം, എതിര്‍ക്കപ്പെടണം. പക്ഷേ ഇപ്പോഴും സര്‍ക്കാരിനോ അന്വേഷണ ഏജന്‍സികള്‍ക്കോ യാതൊരു തെളിവും കിട്ടിപ്പെടാത്ത ഒരു ആരോപണമാണത് ) ഇസ്ളാമിനും മുസ്ളീമിനും എതിരായ സവര്‍ണ്ണബോധത്തെ, സാര്‍വ്വത്രികതയുടെയും സ്വയം പര്യാപ്തതയുടെയും അനുഭൂതിസ്ഥാനമായി കണക്കാക്കപ്പെട്ട പ്രണയവുമായി ചേര്‍ത്തുവയ്‌ക്കാന്‍ കഴിയുന്നു എന്നത്; നമ്മുടെ പൊതുബോധം എത്ര ആഴത്തിൽ വര്‍ഗ്ഗീയവത്ക്കരിക്കപ്പെട്ടു എന്നതിന്റെ തെളിവാണ്. ഒരു പക്ഷേ, പ്രണയത്തിന്റെ ചരിത്രപരത അതിന്റെ ഏറ്റവും ഹീനമായ ദുരുപയോഗമായി പ്രകാശിതമാവുന്നതിന്റെ അടയാളമാവാം 'ലവ് ജിഹാദ് ' എന്ന കല്പന. വാക്കുകള്‍ എത്ര കരുതലോടെ കാത്തുവയ്‌ക്കേണ്ടവയാണ് എന്ന താക്കീതും അതിലടങ്ങിയിരിക്കുന്നു.

*****

സുനിൽ പി ഇളയിടം, കടപ്പാട് : യുവധാര

2 comments:

വര്‍ക്കേഴ്സ് ഫോറം said...

പ്രണയം ചരിത്രത്തെ രേഖപ്പെടുത്തുന്ന ഉപാധികളിലൊന്നാണെന്ന് പ്രണയികള്‍ പൊതുവേ തിരിച്ചറിയണമെന്നില്ല. കാലാതീതവും കേവലവുമായ ഒരനുഭൂതിയും വികാരപ്രപഞ്ചവുമായി പ്രണയം മനസ്സിലാക്കപ്പെടാറുണ്ടെങ്കിലും, ചരിത്രത്തിന്റെ വേലിയേറ്റങ്ങളും കടലിരമ്പങ്ങളും അതിനെ നിരന്തരമായി അഴിച്ചു പണിയുന്നുണ്ട്. ഒരര്‍ത്ഥത്തില്‍ ഈ അഴിച്ചുപണികളാണ് പ്രണയത്തെ നിത്യനൂതനമാക്കുന്നത്. ഒരു പേരില്‍ത്തന്നെ തുടരുമ്പോഴും പല പല അര്‍ത്ഥങ്ങളിലേക്കും അനുഭവങ്ങളിലേക്കും സംക്രമിക്കുന്ന പ്രവാഹവേഗമായി മനുഷ്യജീവിതത്തില്‍ എപ്പോഴും നിലനില്‍ക്കാന്‍ പ്രണയത്തെ സജ്ജമാക്കുന്നത് ഇതാണ്.

ഹരിതം said...

good