Thursday, September 1, 2011

വിദേശ നിക്ഷേപവും പാര്‍ടി സമീപനവും

വിക്കിലീക്സിന്റെ പുതിയ വെളിപ്പെടുത്തലുകള്‍ എന്നു പറഞ്ഞുകൊണ്ട് കേരളത്തിലെ കമ്യൂണിസ്റ്റ് പാര്‍ടി നേതാക്കള്‍ അമേരിക്കന്‍ ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തി എന്നും സംസ്ഥാനത്ത് അമേരിക്കന്‍ നിക്ഷേപം കൊണ്ടുവരുന്നതിന് സമ്മതം മൂളി എന്നുമുള്ള വാര്‍ത്തകള്‍ കേരളത്തിലാകമാനം പ്രചരിക്കുകയാണ്. അതിന്റെ അടിസ്ഥാനത്തില്‍ അമേരിക്കന്‍ അധിനിവേശ നയങ്ങള്‍ക്ക് സിപിഐ എം നേതാക്കളില്‍ ചിലര്‍ കീഴ്പ്പെട്ടുവെന്ന് പ്രചരിപ്പിക്കുന്നതിനും ഇവര്‍ മുതിരുന്നുണ്ട്. എന്നാല്‍ , ഇവര്‍ പ്രചരിപ്പിക്കുന്ന കാര്യവും വസ്തുതകളും തമ്മില്‍ ബന്ധമില്ല. പിണറായി വിജയനും വി എസ് അച്യുതാനന്ദനും ഉള്‍പ്പെടെയുള്ള കേരളത്തിലെ കമ്യൂണിസ്റ്റ് പാര്‍ടി നേതാക്കളെ അമേരിക്കന്‍ ഉദ്യോഗസ്ഥര്‍ കണ്ടിരുന്നു എന്നത് വസ്തുതയാണ്. ഇത്തരത്തില്‍ പാര്‍ടി നേതാക്കള്‍ വിവിധ രാജ്യങ്ങളിലെ പ്രതിനിധികളെ കാണുകയും സംസാരിക്കുകയും ചെയ്യുന്നത് സാധാരണ സംഭവം മാത്രമാണ്. എന്നാല്‍ , ആ ചര്‍ച്ചയുടെ അടിസ്ഥാനത്തില്‍ പാര്‍ടി മുന്നോട്ടുവയ്ക്കുന്ന നയസമീപനങ്ങളെ കാറ്റില്‍ പറത്തിക്കൊണ്ട് എന്തെങ്കിലും തീരുമാനങ്ങള്‍ എടുത്തിട്ടുണ്ടെങ്കില്‍ അത് തെറ്റുമാണ്. ഈ ചര്‍ച്ചകളെ സൂക്ഷ്മമായി പരിശോധിച്ചാല്‍ പാര്‍ടി നയസമീപനങ്ങളില്‍നിന്നും വ്യത്യസ്തമായ നയസമീപനങ്ങളൊന്നും ഈ നേതാക്കളാരുംതന്നെ സ്വീകരിച്ചിട്ടില്ല എന്ന് കാണാനാവും. ഇപ്പോള്‍ പാര്‍ടിക്കെതിരെ അപവാദപ്രചരണം നടത്തുന്ന ആളുകള്‍ പാര്‍ടിനയം എന്തെന്ന് പഠിക്കാന്‍ തയ്യാറാവുകയാണ് ആദ്യംചെയ്യേണ്ടത്.

വിദേശ നിക്ഷേപവുമായി ബന്ധപ്പെട്ട കാര്യത്തില്‍ 18-ാം പാര്‍ടി കോണ്‍ഗ്രസ് അംഗീകരിച്ച "ചില നയപ്രശ്നങ്ങള്‍" എന്ന രേഖ വ്യക്തമാക്കുന്നുണ്ട്. വിദേശ മൂലധനത്തെ വികസന പ്രവര്‍ത്തനത്തിനായി ഉപയോഗിക്കുമ്പോള്‍ ഏതു തരത്തിലുള്ള സമീപനം സ്വീകരിക്കണം എന്ന് ആ രേഖ വ്യക്തമായി പറയുന്നുണ്ട്. അതിന് ചില നിബന്ധനകള്‍ മുന്നോട്ടുവയ്ക്കുന്നുമുണ്ട്. "ഇത്തരം സാഹചര്യങ്ങളില്‍ രാജ്യത്തേക്കുള്ള വിദേശ മൂലധനത്തിന്റെ ഒഴുക്ക് തടയുന്നതിന് താഴെപറയുന്ന ഉപാധികള്‍ ആവശ്യമാണ്.

1) നമ്മുടെ സമ്പദ്വ്യവസ്ഥയിലെ നിലവിലുള്ള ഉല്‍പ്പാദനശേഷി വര്‍ധിപ്പിക്കുന്നതിനായിരിക്കണം വിദേശ മൂലധനം ഉപയോഗിക്കപ്പെടുന്നത്.

2) ഇന്ത്യന്‍ സമ്പദ്വ്യവസ്ഥയെ സാങ്കേതികമായി മെച്ചപ്പെടുത്തുന്നതിനായിരിക്കണം വിദേശമൂലധനം.

3) ഇത്തരം മൂലധനം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതായിരിക്കണം. വന്‍ലാഭം കൊയ്യുന്നതിന് വിദേശമൂലധനം നമ്മുടെ പ്രകൃതിവിഭവങ്ങളും തൊഴിലും ചൂഷണംചെയ്യാന്‍ ശ്രമിക്കുമ്പോള്‍ മുന്‍ഉപാധികള്‍ നടപ്പാക്കുന്നതിനുള്ള പോരാട്ടത്തിന് ദേശീയപരമാധികാരം ദുര്‍ബലമാകുന്നതിനെ കൂടുതല്‍ ഫലപ്രദമായി ചെറുക്കാനും ഇന്ത്യന്‍ ജനതയ്ക്കും സമ്പദ്വ്യവസ്ഥയ്ക്കും ചില നേട്ടങ്ങളുണ്ടാക്കാനും കഴിയും."

വിദേശ മൂലധനത്തെ വികസന പ്രവര്‍ത്തനത്തിനായി ഉപയോഗിക്കുന്നതിനെ പാര്‍ടി എതിര്‍ക്കുന്നില്ല എന്നര്‍ഥം. അതേസമയം, അത് മേല്‍പ്പറഞ്ഞ ഉപാധികളോടെ ആയിരിക്കണം എന്നു മാത്രം. ഇത് ഇന്ത്യയിലെ കമ്യൂണിസ്റ്റ് പാര്‍ടിയുടെമാത്രം കാഴ്ചപ്പാടായിരുന്നില്ല. ലെനിന്‍ തന്റെ "പുത്തന്‍ സാമ്പത്തിക പരിപാടി" (എന്‍ഇപി) യില്‍ വിദേശ മൂലധനത്തെ റഷ്യയിലെ സോഷ്യലിസ്റ്റ് സമ്പദ്വ്യവസ്ഥയെ കെട്ടിപ്പടുക്കുന്നതിന് ഉപയോഗിക്കാന്‍ ശ്രമിച്ചിരുന്നു എന്ന വസ്തുതയും ഇവിടെ കൂട്ടിവായിക്കേണ്ടതാണ്. സംസ്ഥാനങ്ങളില്‍ പാര്‍ടി അധികാരത്തില്‍ വന്നാല്‍ വിദേശ സഹായത്തെ എങ്ങനെയാണ് സമീപിക്കേണ്ടത് എന്ന കാര്യവും ഈ രേഖ വ്യക്തമാക്കുന്നുണ്ട്. ഇക്കാര്യവുമായി ബന്ധപ്പെട്ട് അതില്‍ ഇങ്ങനെ പറയുന്നു: "ആയതിനാല്‍ ഈ ഗവണ്‍മെന്റുകള്‍ക്ക് വികസന പദ്ധതികള്‍ക്കായി വിദേശസഹായം സ്വീകരിക്കാം. പക്ഷേ, അവ നമ്മുടെ അടിസ്ഥാന താല്‍പ്പര്യങ്ങള്‍ക്കും നയങ്ങള്‍ക്കും വിരുദ്ധമായി യാതൊരു നിബന്ധനയും ഉന്നയിക്കുകയില്ലെന്ന് ഉറപ്പുവരുത്തുക എന്നതാണ് ഏറ്റവും പ്രധാനപ്പെട്ട മാനദണ്ഡം. ഘടനാപരമായ മാറ്റങ്ങള്‍ക്കുള്ള പദ്ധതികള്‍ ഉള്‍ക്കൊള്ളുന്ന വായ്പകളൊന്നും ഒരു വിധത്തിലും നാം വാങ്ങിക്കരുത്. കാരണം, അത്തരം പദ്ധതികള്‍ ചില മേഖലകളുടെ സ്വകാര്യവല്‍ക്കരണം, ജീവനക്കാരെ വെട്ടിക്കുറയ്ക്കല്‍ , സബ്സിഡികള്‍ വെട്ടിക്കുറയ്ക്കല്‍ , ധനപരമായ നിബന്ധനകള്‍ എന്നിവ അനിവാര്യമാക്കിത്തീര്‍ക്കും. നമ്മുടെ പാര്‍ടി എതിര്‍ത്തുകൊണ്ടിരിക്കുന്ന അടിച്ചേല്‍പ്പിക്കുന്ന സാമ്രാജ്യത്വ കല്‍പ്പിത നയങ്ങളുള്‍പ്പെടെയുള്ള പരിമിതികള്‍ക്കുള്ളില്‍നിന്നാണ് സിപിഐ എം നേതൃത്വത്തിലുള്ള സംസ്ഥാന സര്‍ക്കാരുകള്‍ പ്രവര്‍ത്തിക്കുന്നത്. തന്മൂലം ഈ നയങ്ങള്‍ക്കെതിരായുള്ള പാര്‍ടിയുടെ പോരാട്ടം നമ്മുടെ സംസ്ഥാന സര്‍ക്കാരുകളുടെ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കുന്നതിനുള്ള പ്രതിരോധംകൂടിയാണ്. നമ്മുടെ സര്‍ക്കാരുകള്‍ ജനങ്ങള്‍ക്ക് ആശ്വാസം നല്‍കുന്നതിനായി ഫണ്ടില്ലാതെ ബുദ്ധിമുട്ടുകയും സാമ്രാജ്യത്വ ഏജന്‍സികളും പാശ്ചാത്യ സര്‍ക്കാരുകളും വായ്പ വാഗ്ദാനം ചെയ്യുകയും ചെയ്യുമ്പോള്‍ സാമ്രാജ്യത്വ നിര്‍ദേശങ്ങള്‍ക്കെതിരായ പോരാട്ടം ദുര്‍ബലപ്പെടുത്തുകയില്ലെങ്കില്‍മാത്രമേ പാര്‍ടി അതിന് അനുമതികൊടുക്കാവൂ.

അന്തര്‍ദേശീയ ഏജന്‍സികളായ ലോകബാങ്ക്, എഡിബി, സിഎഫ്ഐഡി, ജെബിഐസി മുതലായവയില്‍നിന്ന് വായ്പ എടുക്കാന്‍ പാര്‍ടി അനുമതി നല്‍കുമ്പോള്‍ ജനങ്ങളെ വിശ്വാസത്തിലെടുക്കുകയും വായ്പയെടുക്കുന്നതിനുള്ള ന്യായീകരണമെന്തെന്ന് ജനങ്ങള്‍ക്ക് ബോധ്യപ്പെടുത്തിക്കൊടുക്കുകയും വേണം." അതായത്, വിദേശ സഹായങ്ങള്‍ സ്വീകരിച്ച് മുന്നോട്ടുപോകുന്നതിനും അവയെ വികസനപ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗപ്പെടുത്തുന്നതിനും പാര്‍ടി എതിരല്ല എന്നര്‍ഥം. അതേസമയം, അവ സംസ്ഥാനത്തിന്റെ പൊതുവായ താല്‍പ്പര്യത്തിനും വികസനത്തിനും അനുയോജ്യമായിരിക്കണം. വിദേശ മൂലധനത്തെയും സഹായത്തെയും വികസനത്തിന് ഉപയോഗിക്കുന്നതു സംബന്ധിച്ച് വളരെ വ്യക്തമായ കാഴ്ചപ്പാട് പാര്‍ടിക്കുണ്ട്. അതുകൊണ്ടുതന്നെ അത്തരം കാര്യങ്ങളുടെ അടിസ്ഥാനത്തില്‍ ഇവരുമായി ചര്‍ച്ച ചെയ്യുന്നതില്‍ തെറ്റൊന്നുമില്ലതാനും. ഇത് അറിയാത്തവരാണ് ഇപ്പോള്‍ പുതിയ കോലാഹലവുമായി രംഗത്തുവന്നിരിക്കുന്നത് എന്ന് നാം തിരിച്ചറിയണം. അമേരിക്കന്‍ സാമ്രാജ്യത്വം മുന്നോട്ടുവയ്ക്കുന്ന എല്ലാ തെറ്റായ നയങ്ങളെയും എതിര്‍ത്തുകൊണ്ടുതന്നെയാണ് ഈ നിബന്ധനകളുടെ അടിസ്ഥാനത്തില്‍ വിദേശ മൂലധനം സ്വീകരിക്കുന്നതു സംബന്ധിച്ച പാര്‍ടി നയം, പാര്‍ടി കോണ്‍ഗ്രസ് അംഗീകരിച്ചത്. ആ നയം നടപ്പാക്കാന്‍ പാര്‍ടി സഖാക്കള്‍ ബാധ്യസ്ഥരുമാണ്. അതുകൊണ്ടുതന്നെ ഇത്തരം ചര്‍ച്ചയ്ക്കായി ആര് മുന്നോട്ടുവന്നാലും അതിനെ തടസ്സപ്പെടുത്തേണ്ട കാര്യവുമില്ല.

പ്ലാച്ചിമടയിലെ കൊക്കകോളയുടെ ജലചൂഷണവുമായി ബന്ധപ്പെട്ട സമരത്തെ ഇതുമായി കണ്ണിചേര്‍ക്കാന്‍ ചിലര്‍ ശ്രമിക്കുന്നുണ്ട്. കൊക്കകോള നടത്തിയ ജലചൂഷണം ആ നാട്ടിലെ ജനതയുടെ കുടിവെള്ളംതന്നെ മുട്ടിക്കുന്ന സ്ഥിതിയുണ്ടാക്കി. അവിടെ അവര്‍ നടത്തിയ പ്രവര്‍ത്തനം ജനദ്രോഹകരമായിത്തീര്‍ന്നപ്പോള്‍ അതിനെതിരെ പ്രക്ഷോഭം ഉയര്‍ന്നു. ആ പ്രക്ഷോഭം അന്തര്‍ദേശീയശ്രദ്ധ പിടിച്ചുപറ്റുകയുംചെയ്തു. അവരുടെ ഇത്തരം ചൂഷണം ഇല്ലാതാക്കുന്നതിനുള്ള ഒരു സംവിധാനം ഉണ്ടാക്കുന്നതിനായി എല്‍ഡിഎഫ് സര്‍ക്കാര്‍ തയ്യാറായിരുന്നു. ഇതുമായി ബന്ധപ്പെട്ട നിയമവ്യവസ്ഥകള്‍ ഉള്‍ക്കൊള്ളുന്ന കാര്യങ്ങള്‍ കേന്ദ്രസര്‍ക്കാരിന് നല്‍കുകയും ചെയ്തിരുന്നു. എന്നാല്‍ , അവ അംഗീകരിക്കാന്‍ കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള കേന്ദ്രസര്‍ക്കാര്‍ തയ്യാറായില്ല. ജനദ്രോഹകരമായ രീതിയില്‍ ആര് ഇടപെട്ടാലും അതിനെ എതിര്‍ക്കുകയും ജനക്ഷേമകരമായ പ്രവര്‍ത്തനങ്ങള്‍ക്ക് മൂലധനത്തെ ഉപയോഗപ്പെടുത്തുകയുംചെയ്യുന്ന സമീപനമാണ് പാര്‍ടിയുടേത് എന്നര്‍ഥം.

സ്വകാര്യ മൂലധനത്തെ വികസനപ്രവര്‍ത്തനത്തിന് ഉപയോഗിക്കുന്നതിന് പാര്‍ടി എതിരല്ല. എന്നാല്‍ , രാജ്യത്തിന്റെ സ്വാശ്രയത്വവും പരമാധികാരവും സംരക്ഷിക്കുന്നതിന് അടിസ്ഥാനമായി നില്‍ക്കുന്ന പൊതുമേഖലയ്ക്ക് മുന്‍ഗണനയുണ്ടാകണം എന്ന കാര്യത്തില്‍ വിട്ടുവീഴ്ചയുമില്ല. ഇതിന്റെ അടിസ്ഥാനത്തില്‍ പൊതുമേഖലയെ സംബന്ധിച്ച് പാര്‍ടിനയം മുന്നോട്ടുവച്ചിട്ടുണ്ട്. സാമൂഹ്യകടമ നിര്‍വഹിക്കുന്ന പൊതുമേഖലാ സ്ഥാപനങ്ങളെ ലാഭം എന്ന മാനദണ്ഡം ഉപയോഗിച്ചുമാത്രം അളക്കരുത് എന്നും അവ സംരക്ഷിക്കപ്പെടണം എന്നുമുള്ള അടിസ്ഥാന കാഴ്ചപ്പാടും പാര്‍ടിക്കുണ്ട്. ഇത്തരത്തില്‍ വ്യവസായത്തെയും വിദേശ മൂലധന സഹായത്തെയും കുറിച്ചുള്ള വ്യക്തമായ നയരേഖ അംഗീകരിച്ച പാര്‍ടിയാണ് സിപിഐ എം. ഈ നയസമീപനങ്ങളെക്കുറിച്ച് ഒരു ധാരണയും ഇല്ലാത്തവരാണ് ഇപ്പോള്‍ പാര്‍ടി സഖാക്കളിലും ജനങ്ങളിലും അങ്കലാപ്പുണ്ടാക്കാന്‍ വേണ്ടി ഇറങ്ങിപ്പുറപ്പെട്ടിരിക്കുന്നത്. ഇത് സാമ്രാജ്യത്വവിരോധംകൊണ്ടല്ല. സാമ്രാജ്യത്വശക്തികളുടെ ആധിപത്യത്തിനെതിരെ പൊരുതിക്കൊണ്ടിരിക്കുന്ന സിപിഐ എമ്മിനെ തകര്‍ക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണെന്ന് തിരിച്ചറിയണം. ആണവകരാറിലൂടെ രാജ്യത്തെ അമേരിക്കന്‍ സാമ്രാജ്യത്വശക്തികളുടെ കൈകളില്‍ എത്തിക്കുന്നതിനുവേണ്ടിയുള്ള ശ്രമങ്ങള്‍ക്കെതിരെ പൊരുതിയ സിപിഐ എമ്മിനെതിരെയാണ് ഇപ്പോള്‍ ഇത്തരം ആരോപണം ഉന്നയിക്കുന്നത് എന്നതാണ് മറ്റൊരു വിചിത്രമായ കാര്യം. അമേരിക്കന്‍ സാമ്രാജ്യത്വത്തിന്റെ ആധിപത്യ നയങ്ങള്‍ക്കെതിരായി ഒരു തരത്തിലുള്ള വിട്ടുവീഴ്ചയ്ക്കും പാര്‍ടി തയ്യാറല്ല. യുപിഎ സര്‍ക്കാര്‍ അമേരിക്കയുമായി ഉണ്ടാക്കുന്ന തന്ത്രപരമായ സഖ്യത്തെ സിപിഐ എം നഖശിഖാന്തം എതിര്‍ക്കുകയാണ്. ഈ പോരാട്ടം പാര്‍ടി സംഘടിപ്പിക്കുമ്പോള്‍ ഇപ്പോള്‍ അപവാദപ്രചാരണം നടത്തുന്ന പല മാധ്യമങ്ങളും എടുത്ത നിലപാട് കൂടി ഇവിടെ കൂട്ടിവായിക്കണം.

*
ടി ശിവദാസ മേനോന്‍ ദേശാഭിമാനി 01 സെപ്തംബര്‍ 2011

1 comment:

വര്‍ക്കേഴ്സ് ഫോറം said...

വിക്കിലീക്സിന്റെ പുതിയ വെളിപ്പെടുത്തലുകള്‍ എന്നു പറഞ്ഞുകൊണ്ട് കേരളത്തിലെ കമ്യൂണിസ്റ്റ് പാര്‍ടി നേതാക്കള്‍ അമേരിക്കന്‍ ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തി എന്നും സംസ്ഥാനത്ത് അമേരിക്കന്‍ നിക്ഷേപം കൊണ്ടുവരുന്നതിന് സമ്മതം മൂളി എന്നുമുള്ള വാര്‍ത്തകള്‍ കേരളത്തിലാകമാനം പ്രചരിക്കുകയാണ്. അതിന്റെ അടിസ്ഥാനത്തില്‍ അമേരിക്കന്‍ അധിനിവേശ നയങ്ങള്‍ക്ക് സിപിഐ എം നേതാക്കളില്‍ ചിലര്‍ കീഴ്പ്പെട്ടുവെന്ന് പ്രചരിപ്പിക്കുന്നതിനും ഇവര്‍ മുതിരുന്നുണ്ട്. എന്നാല്‍ , ഇവര്‍ പ്രചരിപ്പിക്കുന്ന കാര്യവും വസ്തുതകളും തമ്മില്‍ ബന്ധമില്ല. പിണറായി വിജയനും വി എസ് അച്യുതാനന്ദനും ഉള്‍പ്പെടെയുള്ള കേരളത്തിലെ കമ്യൂണിസ്റ്റ് പാര്‍ടി നേതാക്കളെ അമേരിക്കന്‍ ഉദ്യോഗസ്ഥര്‍ കണ്ടിരുന്നു എന്നത് വസ്തുതയാണ്. ഇത്തരത്തില്‍ പാര്‍ടി നേതാക്കള്‍ വിവിധ രാജ്യങ്ങളിലെ പ്രതിനിധികളെ കാണുകയും സംസാരിക്കുകയും ചെയ്യുന്നത് സാധാരണ സംഭവം മാത്രമാണ്. എന്നാല്‍ , ആ ചര്‍ച്ചയുടെ അടിസ്ഥാനത്തില്‍ പാര്‍ടി മുന്നോട്ടുവയ്ക്കുന്ന നയസമീപനങ്ങളെ കാറ്റില്‍ പറത്തിക്കൊണ്ട് എന്തെങ്കിലും തീരുമാനങ്ങള്‍ എടുത്തിട്ടുണ്ടെങ്കില്‍ അത് തെറ്റുമാണ്. ഈ ചര്‍ച്ചകളെ സൂക്ഷ്മമായി പരിശോധിച്ചാല്‍ പാര്‍ടി നയസമീപനങ്ങളില്‍നിന്നും വ്യത്യസ്തമായ നയസമീപനങ്ങളൊന്നും ഈ നേതാക്കളാരുംതന്നെ സ്വീകരിച്ചിട്ടില്ല എന്ന് കാണാനാവും. ഇപ്പോള്‍ പാര്‍ടിക്കെതിരെ അപവാദപ്രചരണം നടത്തുന്ന ആളുകള്‍ പാര്‍ടിനയം എന്തെന്ന് പഠിക്കാന്‍ തയ്യാറാവുകയാണ് ആദ്യംചെയ്യേണ്ടത്.