കൈയില്‍ കിട്ടിയ കടലാസ് കഷ്ണം നിവര്‍ത്തി വായിച്ചപ്പോള്‍ നവാഗത തെല്ലൊന്നമ്പരന്നു. പരിപാടിയുടെ സംഘാടകരായ "സീനിയര്‍" വിദ്യാര്‍ഥിനികള്‍ വിശദീകരിച്ചുകൊടുത്തപ്പോള്‍ ആദ്യമുണ്ടായ അമ്പരപ്പും ലജ്ജയും കളഞ്ഞ് അവര്‍ അഭിനയം തുടങ്ങി. കാരണവരുടെ മുഖഭാവത്തോടെ ഒരാള്‍ കസേരയിട്ടിരുന്നു. അമ്മായിയമ്മയായി മറ്റൊരാള്‍ കസേര തൊട്ടുനിന്നു. താമസിയാതെ പെണ്ണും കൂട്ടുകാരും സ്റ്റേജിലെത്തി ഇരുന്നു. ചായ കുടിച്ചു. "ഇനി ചടങ്ങിലേക്ക് കടക്കാം" ബാഗെടുത്ത് ദല്ലാളെന്ന് തോന്നിക്കുന്നവളുടെ ഇടപെടല്‍ . "എന്നാലായിക്കോട്ടെ", കാരണവരുടെ അനുവാദം. നാണിച്ച് വിരല്‍ കടിച്ചെത്തുന്ന ചെറുക്കന്‍ . പെണ്ണ് അടുത്തു ചെന്ന് ചില കാര്യങ്ങള്‍ ചോദിക്കുന്നു. അനന്തരം ചെറുക്കനെ കാണാനെത്തിയ കൂട്ടുകാരികളുമായി രഹസ്യം പറച്ചില്‍ . പിന്നെ കാരണവരോട് "വിവരമറിയിക്കാം" എന്നുപറഞ്ഞ് മടക്കം. ലജ്ജാവിവശനായ ചെറുക്കന്‍ ഇതിനകംതന്നെ അകത്തേക്ക് പിന്‍വലിഞ്ഞു-കൈയടിയുയര്‍ന്നു. കുട്ടികള്‍ക്കിടയില്‍ കൂട്ടച്ചിരി പടര്‍ന്നു. അധ്യാപകര്‍ ഗൗരവം വിടാതെ രസഭാവത്തില്‍നിന്നു. പരിപാടി അടുത്ത "ഐറ്റ"ത്തിലേക്ക് കടന്നു.
സീനിയര്‍ വിദ്യാര്‍ഥികളുടെ നേതൃത്വത്തില്‍ അധ്യാപകരുടെ സഹകരണത്തോടെ നടത്തുന്ന "വെല്‍ക്കം പാര്‍ടി"യിലാണ് മേല്‍പറഞ്ഞ കാര്യമാകുന്ന തമാശ. വെറുമൊരു തമാശയല്ലാത്തതിനാലാണിത് "കാര്യമാകുന്ന കളി"യാകുന്നത്. വിളികള്‍ എല്ലാം "അല്ലെടാ", "ഇല്ലെടാ" എന്നാണെങ്കിലും ശബ്ദത്തിന് പഴയ പരുക്കന്‍ ഭാവമില്ല. കഥ പറഞ്ഞ്, കളി പറഞ്ഞ് ചായ കുടിച്ച്, ബീഡിയോ സിഗരറ്റോ പുകച്ചും മിഠായി ചവച്ചും കൂക്കിവിളിച്ചോ, കുഴപ്പങ്ങളുണ്ടാക്കിയോ ഇടംവലം മാറി ജാഥകളില്‍ കയറിനിന്ന് രസികത്വം കാണിച്ചോ കുമാരികളുടെ കണ്ണിലുണ്ണിയാകുന്ന കുമാരന്മാര്‍ ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളേജുകളിലെ കേള്‍ക്കാന്‍ രസമുള്ള കഥയായി മാറി. പ്രിന്‍സിപ്പല്‍മാര്‍ക്ക് തലവേദനയേ ഇല്ലാതായി. "വിമന്‍സ് കോളേജ്" എന്നൊരു വേര്‍തിരിവിന് ഇനി പ്രസക്തിയുണ്ടോ എന്ന് ആലോചിക്കേണ്ടിയിരിക്കുന്നു. സെമസ്റ്ററൈസേഷന്റെയും അറ്റന്റന്‍സ് കണക്കുകളുടെയും അസൈന്‍മെന്റുകളുടെയും "കണിശബുദ്ധി"കളെ നേരിടാന്‍ പെണ്‍കുട്ടികള്‍ക്കേ കഴിയുകയുള്ളൂ എന്നൊരു ശങ്കയ്ക്കിട നല്‍കുന്നതാണ് ഇന്ന് ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളേജുകളിലെ ആണ്‍ പെണ്‍ അനുപാതം. മിക്ക കലാലയങ്ങളിലും പെണ്‍കുട്ടികളുടെ എണ്ണം തൊണ്ണൂറുശതമാനത്തിലധികമാണ്. പേരിനുമാത്രം ആണ്‍ സാന്നിധ്യമേ സയന്‍സ് ക്ലാസുകളിലും ഉള്ളൂ. തീരെയില്ലാത്ത ക്ലാസ്മുറികളും വിരളമല്ല. ചുരുക്കത്തില്‍ മാനവിക വിഷയങ്ങള്‍ പ്രത്യേകിച്ചും പെണ്‍ കേരളത്തിന്റേത് മാത്രമായിത്തുടങ്ങി. ചരിത്രത്തില്‍ തലയെടുപ്പോടെ നില്‍ക്കുന്ന മലബാറിലെ കലാലയങ്ങളെല്ലാം ഏറെക്കുറെ വനിതാ കോളേജായി കഴിഞ്ഞു. തെരഞ്ഞെടുപ്പും മുദ്രാവാക്യം വിളികളും കോളേജ് യൂണിയനും കലോത്സവങ്ങളും എന്‍എസ്എസും എന്‍സിസിയുമെല്ലാം പെണ്‍കരുത്തിന്റെ കര്‍മരംഗങ്ങളാണിവിടെ.
ആണിറക്കത്തിന്റെയും പെണ്ണേറ്റത്തിന്റെ ഈ കഥയില്‍ രസകരമായ അനുഭവങ്ങളാണുള്ളത്. ക്ലാസ്മുറികളില്‍ പിന്‍ബഞ്ചിലിരുന്ന് "വീരസാഹസിക കൃത്യങ്ങള്‍" ചെയ്തിരുന്ന "ചുള്ളന്മാര്‍" മിക്കവാറും മുന്‍ബഞ്ചിലെ അനുസരണയേറുന്ന കുഞ്ഞാടുകളായി. നാണിച്ചും നടുനിവരാതെയും എഴുന്നേല്‍ക്കാന്‍ മടിച്ചും ഒരു വാക്കുരിയാടാന്‍ മടിക്കുന്ന അധ്യാപകനൊന്ന് കലമ്പിയാല്‍ കരച്ചിലിനോളമെത്തുന്ന പാവം!പാവം! കോളേജ് കുമാരന്മാര്‍! അപൂര്‍വം ചില അപവാദങ്ങളുണ്ടെങ്കിലും അവര്‍ ക്ലാസിലെത്താറില്ല. മിക്കവാറും ഗ്രൗണ്ടിലായിരിക്കും.
അണുകുടുംബത്തിന്റെ വ്യാപനത്തോടെ വിദ്യാഭ്യാസം തൊഴിലധിഷ്ഠിതമാക്കിയതില്‍ രക്ഷിതാക്കള്‍ പുലര്‍ത്തുന്ന "ശുഷ്കാന്തി"യും പ്രീഡിഗ്രിയുടെ വേര്‍പിരിയലുമാണ് ഈ പുതിയ ക്യാമ്പസിനെ സൃഷ്ടിക്കുന്നതില്‍ പങ്കുവഹിച്ചതെന്ന് മലബാറിലെ ഒരു പ്രമുഖ കലാലയത്തില്‍ 25 വര്‍ഷത്തിലേറെ അധ്യാപന പരിചയമുള്ള പ്രൊഫസര്‍ പറഞ്ഞു. പുതിയ കുട്ടികള്‍ക്ക് അറിവ് കൂടുതലും തിരിച്ചറിവ് കുറവും ആണെന്നാണ് മറ്റൊരഭിപ്രായം. എന്തായാലും സ്കൂള്‍ യൂണിഫോമില്‍നിന്ന് വളര്‍ന്നുനിവരാന്‍ ഡിഗ്രിക്കാലം മുഴുവനുമെടുക്കുന്നുണ്ടെന്നതാണ് ശ്രദ്ധേയമായ നിരീക്ഷണം.
വിദ്യാര്‍ഥി സംഘടനകളുടെ പ്രവര്‍ത്തന സ്വാതന്ത്ര്യത്തില്‍ വന്ന നിയന്ത്രണങ്ങള്‍ , കോളേജ് യൂണിയന്‍ തെരഞ്ഞെടുപ്പില്‍ വന്ന പുതിയ ക്രമീകരണം, നിയമങ്ങള്‍ , പഠനഭാരം, ആര്‍ട്സ് വിഷയങ്ങളോട് പൊതുസമൂഹത്തിലുടലെടുത്ത ആഭിമുഖ്യക്കുറവ്, പ്രൊഫഷണല്‍ , സ്വാശ്രയ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ വ്യാപനം, പരസ്യം, കെട്ടിലും മട്ടിലും സ്വകാര്യ സ്ഥാപനങ്ങള്‍ കാഴ്ച വയ്ക്കുന്ന പുറംമോടികള്‍ , മാനവിക വിഷയങ്ങളെപ്പോലും എന്‍ട്രന്‍സ് കോച്ചിങ് മാതൃകയിലാക്കി വന്‍തുക കൈപ്പറ്റുന്ന പുത്തന്‍ പ്രവണതകള്‍ എന്നിങ്ങനെ നിരവധി കാരണങ്ങള്‍ കേരളത്തിന്റെ സാമൂഹ്യ രാഷ്ട്രീയരംഗത്തെ അതികായന്‍മാരെയും അതികായകളെയും തീര്‍ത്ത ക്യാമ്പസുകളുടെ ചരിത്രം തിരുത്തുകയാണ്. അതോടൊപ്പം കര്‍മധീരതയും കരുത്തും കാര്യശേഷിയും രാഷ്ട്രീയനേതൃപാടവവും ബൗദ്ധികനിലവാരവുമുള്ള ഒരു പെണ്‍നിര സാധ്യമാവുകയും ചെയ്യുന്നു. സംവരണ സീറ്റുകള്‍ക്കപ്പുറം പല കോളേജ് യൂണിയനുകളുടെയും നേതൃത്വം വഹിക്കുന്നത് അതിന്റെ സൂചന തന്നെയാണ്. കുറെക്കഴിയുമ്പോള്‍ കോളേജ് യൂണിയനില്‍ "ആണ്‍ സംവരണം" വരുമെന്നാണ് ഒരു പ്രമുഖ ക്യാമ്പസിലെ മാഗസിന്‍ എഡിറ്ററായി തെരഞ്ഞെടുക്കപ്പെട്ട മിടുക്കിയുടെ ദീര്‍ഘവീക്ഷണം. പക്ഷേ, പൊതുസമൂഹമെപ്പോഴാണോ ഈ കരുത്തിനെയും കര്‍മശേഷിയേയും അംഗീകരിക്കുകയെന്നോരാശങ്കയും പ്രകടിപ്പിക്കാതിരുന്നില്ല.
*
പത്മനാഭന്‍ കാവുമ്പായി ദേശാഭിമാനി സ്ത്രീ സപ്ലിമെന്റ്
Subscribe to:
Post Comments (Atom)
1 comment:
വിദ്യാര്‍ഥി സംഘടനകളുടെ പ്രവര്‍ത്തന സ്വാതന്ത്ര്യത്തില്‍ വന്ന നിയന്ത്രണങ്ങള്‍ , കോളേജ് യൂണിയന്‍ തെരഞ്ഞെടുപ്പില്‍ വന്ന പുതിയ ക്രമീകരണം, നിയമങ്ങള്‍ , പഠനഭാരം, ആര്‍ട്സ് വിഷയങ്ങളോട് പൊതുസമൂഹത്തിലുടലെടുത്ത ആഭിമുഖ്യക്കുറവ്, പ്രൊഫഷണല്‍ , സ്വാശ്രയ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ വ്യാപനം, പരസ്യം, കെട്ടിലും മട്ടിലും സ്വകാര്യ സ്ഥാപനങ്ങള്‍ കാഴ്ച വയ്ക്കുന്ന പുറംമോടികള്‍ , മാനവിക വിഷയങ്ങളെപ്പോലും എന്‍ട്രന്‍സ് കോച്ചിങ് മാതൃകയിലാക്കി വന്‍തുക കൈപ്പറ്റുന്ന പുത്തന്‍ പ്രവണതകള്‍ എന്നിങ്ങനെ നിരവധി കാരണങ്ങള്‍ കേരളത്തിന്റെ സാമൂഹ്യ രാഷ്ട്രീയരംഗത്തെ അതികായന്‍മാരെയും അതികായകളെയും തീര്‍ത്ത ക്യാമ്പസുകളുടെ ചരിത്രം തിരുത്തുകയാണ്. അതോടൊപ്പം കര്‍മധീരതയും കരുത്തും കാര്യശേഷിയും രാഷ്ട്രീയനേതൃപാടവവും ബൗദ്ധികനിലവാരവുമുള്ള ഒരു പെണ്‍നിര സാധ്യമാവുകയും ചെയ്യുന്നു.
Post a Comment