തീര്‍ച്ചയായും ആരെയും ഇതുവരെയും കൊല്ലാത്ത ചില ആളുകളുണ്ട്. പക്ഷെ, ആറാളുകളെയെങ്കിലും കൊന്നവരെക്കാളും ആയിരം മടങ്ങ് ചീത്ത മനുഷ്യരാണവര്‍ - ഫിയദോര്‍ ദസ്തയേവ്സ്ക്കി
ബി സി 431ല്‍ യൂറിപ്പിഡീസ് എഴുതിയ പ്രാചീന ഗ്രീക്ക് ട്രാജഡിയായ മെഡിയയെ ആസ്പദമാക്കി വിഖ്യാത ചലച്ചിത്രകാരന്‍ കാള്‍ തിയൊഡോര്‍ ഡ്രയര്‍ (ദ പാഷന്‍ ഓഫ് ജോവന്‍ ഓഫ് ആര്‍ക്കിന്റെ സംവിധായകന്‍) പ്രെബെന്‍ തോംസണോട് ചേര്‍ന്ന് 1960ല്‍ എഴുതിയ തിരക്കഥയാണ് ആധുനിക ഡാനിഷ് സംവിധായകനായ ലാര്‍സ് വോണ്‍ ട്രയര്‍ അതേ പേരില്‍ 1987ല്‍ ചലച്ചിത്രമാക്കിയത്. ഡ്രയറിന് സിനിമയാക്കാന്‍ കഴിയാതെ പോയ ആ തിരക്കഥ ആധുനിക സങ്കേതങ്ങളുപയോഗിക്കവെ തന്നെ അദ്ദേഹത്തിന്റെ ജോവന്‍ ഓഫ് ആര്‍ക്കിലും വാംപയറിലും ഡേ ഓഫ് റാത്തിലും ആവിഷ്ക്കരിക്കപ്പെട്ട ക്ളോസപ്പുകളുടെ സ്വാധീനമുണ്ടെന്നു വ്യക്തമാവുന്ന തരത്തിലാണ് ചലച്ചിത്രവത്ക്കരിച്ചിരിക്കുന്നത്. കഥാപാത്രങ്ങളുടെ മുഖപടങ്ങള്‍ ചിലപ്പോള്‍, വികാരരഹിതവും അതേ സമയം അനന്തമായ വിധത്തില്‍ അര്‍ത്ഥഗര്‍ഭവുമായ ഉള്ളടക്കം ദ്യോതിപ്പിക്കുന്ന സ്ഥലരാശികളായി പരിണമിക്കുന്നു. അനലോഗ് വീഡിയോയില്‍ ഷൂട്ട് ചെയ്ത ഈ സിനിമ, ചരിത്രത്തിനും കെട്ടുകഥക്കുമിടയില്‍; നാടകീയതക്കും ചലച്ചിത്ര ദൃശ്യവത്ക്കരണത്തിനുമിടയില്‍; ചലനപ്രതീതിക്കും ശബ്ദത്തിനുമിടയില്‍; തിന്മക്കും നന്മക്കുമിടയില്‍; സദാചാരത്തിനും ധാര്‍മികതക്കുമിടയില്‍; അധികാരത്തിനും സ്വാതന്ത്യ്രത്തിനുമിടയില്‍; സ്നേഹത്തിനും വേദനക്കുമിടയില്‍; പ്രണയത്തിനും ലൈംഗികതക്കുമിടയില്‍; വിശ്വാസ്യതക്കും വിധേയത്വത്തിനുമിടയില്‍ ഉടനീളം മാനവികതയുടെ രൂപീകരണത്തെ അന്വേഷിക്കുകയാണ് ചെയ്യുന്നത്. ആസക്തി, പ്രണയം, പ്രതികാരം എന്നീ ആന്തരികവികാരങ്ങളെ കഥാപാത്രവത്ക്കരിക്കുന്നതിനു വേണ്ടിയാണ് യൂറിപ്പിഡീസ് മെഡിയയെ പ്രദര്‍ശിപ്പിക്കുന്നത്. സ്ത്രീവാദത്തിന്റെ ഏറ്റവും പ്രാചീനമായ മാതൃകയായാണ്(പ്രോട്ടോ ഫെമിനിസ്റ്) ഈ നാടകം വായിക്കപ്പെട്ടത്. സ്ത്രീ വിദ്വേഷത്തിന്റെ ഭാവുകത്വത്താലും പാരായണം ചെയ്യപ്പെട്ടെങ്കിലും, പിതൃദായക്രമത്തിലുള്ള ഒരു സമൂഹ നിര്‍മിതിയില്‍ സ്ത്രീ അനുഭവിക്കുന്ന വിഷമാവസ്ഥയോട് സമഭാവപ്പെട്ടുകൊണ്ടാണ് നാടകം പ്രവര്‍ത്തിക്കുന്നതെന്ന് വിലയിരുത്തപ്പെട്ടു. എന്തു കൊണ്ടാണ് വാക്കുകള്‍ കൊണ്ട് വിവരിക്കാനാവാത്ത വിധത്തില്‍, ശരീരം കൊണ്ടും പ്രവൃത്തി കൊണ്ടും സ്ത്രീക്ക് ഇത്രമാത്രം സഹിക്കേണ്ടി വരുന്നതെന്ന് മെഡിയ ഭര്‍ത്താവായ ജെയ്സണോടു ചോദിക്കുന്നുണ്ട്.
കോറിന്തിലെ രാജാവായ ക്രിയോണ്‍ തന്റെ ഭരണാധികാരം തുടര്‍ന്നുള്ള കാലത്തും നിലനിര്‍ത്തുന്നതിനു വേണ്ടി വീരയോദ്ധാവും സൈനികനുമായ ജെയ്സണ് തന്റെ പുത്രിയായ ഗ്ളോസിനെ വിവാഹം ചെയ്തു കൊടുക്കാന്‍ തീരുമാനിക്കുന്നു. എന്നാല്‍ ജെയ്സണ്‍ മുമ്പ് മെഡിയയെ വിവാഹം ചെയ്യുകയും അതില്‍ രണ്ട് ആണ്‍ മക്കള്‍ പിറക്കുകയും ചെയ്തിരുന്നു. സുന്ദരിയും ബുദ്ധിമതിയുമായ മെഡിയ അതേ നഗരത്തില്‍ ജീവിച്ചിരിക്കുന്നത് തന്റെ പദ്ധതികള്‍ക്ക് വിഘാതമാകുമെന്ന് തിരിച്ചറിയുന്ന ക്രിയോണ്‍, നേരിട്ടെത്തി അവളോട് അന്നു തന്നെ നാടു വിട്ടു പോകാന്‍ ആജ്ഞാപിക്കുന്നു. ഒരു ദിവസത്തെ സമയം അവള്‍ ചോദിക്കുന്നു. ആ ഒറ്റ ദിവസത്തിനകത്ത്, വിഷവും തൂക്കിക്കൊലയും ദുരിതവും നിറഞ്ഞ പദ്ധതിയിലൂടെ അവള്‍ തന്റെ പ്രതികാരം തീര്‍ക്കുന്നതാണ് ഇതിവൃത്തം. പ്രാചീന കാലത്തെ, ഗുഹകള്‍ പോലുള്ള കൊട്ടാരങ്ങളും ഭൂഗര്‍ഭ അറകളും വിജനമായ വെളിമ്പ്രദേശങ്ങളും പന്തങ്ങളും ഇരുട്ടും കുതിരകളും നായകളും ഇലകള്‍ കൊഴിഞ്ഞ മരങ്ങളും കോടമഞ്ഞും മഴയും കാറ്റും കടലും തീരവും പശ്ചാത്തലമാക്കിക്കൊണ്ടുള്ള ലാര്‍സ് വോണ്‍ ട്രയറിന്റെ ചലച്ചിത്ര ഭാഷയാകട്ടെ അത്യത്ഭുതകരമാം വിധം നൂതനമാണ്. ഡോഗ്മ പ്രസ്ഥാനചിത്രങ്ങള്‍ എന്നു വിശേഷിപ്പിക്കപ്പെട്ട തന്റെ പില്‍ക്കാല ചിത്രങ്ങള്‍ക്കു മുമ്പാണ് അദ്ദേഹം മെഡിയ പൂര്‍ത്തിയാക്കിയത്.
ആധുനിക യൂറോപ്പിനെ നിര്‍മിച്ചെടുത്ത പ്രാചീന ഗ്രീക്ക് സംസ്ക്കാരത്തോടും; അതിന്റെ സാംസ്ക്കാരിക ലക്ഷ്യങ്ങളായ ട്രാജിക്ക് നാടകങ്ങളോടും; സിനിമ എന്ന, ഇതിനകം മാനവികതയിലുള്‍ച്ചേര്‍ന്നതിനാല്‍ പഴയതായി കഴിഞ്ഞ ആധുനിക മാധ്യമസങ്കേതത്തോടും നിര്‍മമമായ സാമീപ്യവും അകലവും ഒരേ പോലെ സൂക്ഷിച്ചുകൊണ്ടാണ് ലാര്‍സ് വോണ്‍ ട്രയര്‍ ഈ ചലച്ചിത്രം സാക്ഷാത്ക്കരിക്കുന്നത്. ധന്യവും ഇരുണ്ടതും കുഴപ്പം പിടിച്ചതുമായ ശൈലി എന്നാണ് ലാര്‍സ് വോണ്‍ ട്രയറുടെ ചലച്ചിത്രസമീപനത്തെ നിരൂപകര്‍ വിശേഷിപ്പിക്കുന്നത്. ഭര്‍ത്താവിനോട് പ്രതികാരം തീര്‍ക്കാന്‍ വേണ്ടി സ്വന്തം മക്കളെ കൊല്ലുകയാണ് മെഡിയ ചെയ്യുന്നത്. ഈ ശിക്ഷാരീതി അവലംബിക്കുന്ന മാനസികാവസ്ഥയെ മെഡിയ സിന്‍ഡ്രോം എന്ന് മനശ്ശാസ്ത്രം നിര്‍വചിക്കുകയും ചെയ്യുന്നുണ്ട്. കൂടുതല്‍ ഉയര്‍ച്ചക്കു വേണ്ടിയുള്ള അദമ്യമായ ആഗ്രഹവും അസൂയയും നിറഞ്ഞ മനുഷ്യാവസ്ഥയെ തന്നെയാണ് വോണ്‍ ട്രയര്‍ ചരിത്രവത്ക്കരിക്കുന്നത്. ഇതിവൃത്തത്തിന്റെ വൈകാരികത അന്തരീക്ഷത്തിലേക്ക് വ്യാപിപ്പിക്കുന്ന അദ്ദേഹത്തിന്റെ ദൃശ്യവത്ക്കരണ രീതിയാകട്ടെ അനന്യവുമാണ്. തിരക്കഥയെഴുതിയ കാള്‍ തിയോഡോര്‍ ഡ്രയറുമായി താന്‍ നിരന്തരമായ ടെലിപ്പതിക് സംഭാഷണത്തിലേര്‍പ്പെട്ടു കൊണ്ടാണ് മെഡിയ പൂര്‍ത്തിയാക്കിയതെന്ന് വോണ്‍ ട്രയര്‍ പറയുന്നു.
*
ജി പി രാമചന്ദ്രന്‍, യുവധാര സെപ്തംബര്‍ ലക്കം
Subscribe to:
Post Comments (Atom)
1 comment:
ബി സി 431ല്‍ യൂറിപ്പിഡീസ് എഴുതിയ പ്രാചീന ഗ്രീക്ക് ട്രാജഡിയായ മെഡിയയെ ആസ്പദമാക്കി വിഖ്യാത ചലച്ചിത്രകാരന്‍ കാള്‍ തിയൊഡോര്‍ ഡ്രയര്‍ (ദ പാഷന്‍ ഓഫ് ജോവന്‍ ഓഫ് ആര്‍ക്കിന്റെ സംവിധായകന്‍) പ്രെബെന്‍ തോംസണോട് ചേര്‍ന്ന് 1960ല്‍ എഴുതിയ തിരക്കഥയാണ് ആധുനിക ഡാനിഷ് സംവിധായകനായ ലാര്‍സ് വോണ്‍ ട്രയര്‍ അതേ പേരില്‍ 1987ല്‍ ചലച്ചിത്രമാക്കിയത്. ഡ്രയറിന് സിനിമയാക്കാന്‍ കഴിയാതെ പോയ ആ തിരക്കഥ ആധുനിക സങ്കേതങ്ങളുപയോഗിക്കവെ തന്നെ അദ്ദേഹത്തിന്റെ ജോവന്‍ ഓഫ് ആര്‍ക്കിലും വാംപയറിലും ഡേ ഓഫ് റാത്തിലും ആവിഷ്ക്കരിക്കപ്പെട്ട ക്ളോസപ്പുകളുടെ സ്വാധീനമുണ്ടെന്നു വ്യക്തമാവുന്ന തരത്തിലാണ് ചലച്ചിത്രവത്ക്കരിച്ചിരിക്കുന്നത്.
Post a Comment