നമ്മുടെ നാട്ടുകാരുടെ ഒരു കാര്യം
സായ്‌പെന്തെങ്കിലും ഒരു ഭംഗിവാക്ക് പറഞ്ഞാല്‍ പിന്നെതീര്‍ന്നു
കണ്ടെത്തലായി
ആഘോഷമായി
അങ്ങനെയങ്ങനെ
മുമ്പ് യൂറോപ്പിലെ ആധുനികതയ്ക്കു മുമ്പില്‍ പിടിച്ചുനില്‍ക്കാനാകാതെ വന്നപ്പോള്‍ മാക്‌സ്മുള്ളറിനെ പോലെയുള്ള ചില കാല്‍പനികര്‍ കാലത്തില്‍ പിന്നോട്ടുസഞ്ചരിച്ച് നമ്മുടെ തത്വചിന്തയെയും ഫ്യൂഡല്‍ സമൂഹത്തേയും വാഴ്ത്താന്‍ തുടങ്ങി. അന്നു തുടങ്ങിയതാണ് സ്വദേശി പ്രേമികള്‍ എന്ന് സ്വയം വിശേഷിപ്പിക്കുകയും ബെന്‍സ് കാറില്‍ ഒഴുകിനടക്കുകയും ചെയ്യുന്ന ഹിന്ദുത്വവാദികളുടെ രാഷ്ട്രസ്‌നേഹം. സായ്പിന്റെ വാക്കുകള്‍കൊണ്ട് മറപിടിച്ച് ജാതിവ്യവസ്ഥയും തൊട്ടുകൂടായ്മയും വര്‍ഗീയതയും സബ്‌സാഹറന്‍ ആഫ്രിക്കയെ വെല്ലുന്ന ദാരിദ്ര്യവും തൊഴിലില്ലായ്മയും നിരക്ഷരതയും ബാലപീഡനവും സ്ത്രീകളുടെ നരകയാതനകളും അവര്‍ ലോകത്തില്‍ നിന്നും സ്വന്തം നാട്ടുകാരില്‍ നിന്നും സമര്‍ഥമായി മറച്ചുപിടിക്കുന്നു.
ഇതേമാതിരി ഒരു തട്ടിപ്പും തമാശയുമാണ് നരേന്ദ്രമോഡിയെന്ന ലോകത്തെ ഒന്നാംതരം ഒരു ഫാസിസ്റ്റിനെക്കുറിച്ച് അമേരിക്കന്‍ കോണ്‍ഗ്രസിനല്‍ റിസര്‍ച്ച് സര്‍വീസ് (സി ആര്‍ എസ്) നടത്തിയ ചില പരാമര്‍ശങ്ങളെ ചൊല്ലി ഹിന്ദുത്വവാദികളുടേയും ഇന്ത്യന്‍ ജനസമുദ്രത്തിലെ കൊച്ചു ദ്വീപായ മധ്യവര്‍ഗത്തിനുവേണ്ടി നടത്തപ്പെടുന്ന ദേശീയ ദൃശ്യമാധ്യമ ശൃംഖലകളുടെ വാര്‍ത്താ റിയാലിറ്റി ഷോകളിലെയും മേനിപറച്ചില്‍. എന്താണ് മോഡിയെപ്പറ്റി സി ആര്‍ എസ് പറഞ്ഞത്?
മോഡികൊള്ളാം.
ചുവപ്പുനാടാ ഭരണം അവസാനിപ്പിച്ചുകൊണ്ട് അഴിമതി തുടച്ചുനീക്കിക്കൊണ്ടും ഗുജറാത്തിനെ ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥയുടെ ആണിക്കല്ലുകളിലൊന്നാക്കി മാറ്റി എന്ന രീതിയിലാണ് പ്രസ്തുത നിഗമനം പോകുന്നത്.
ഇപ്പറഞ്ഞതിലൊന്നും വലിയകാര്യമില്ലെന്ന് അടുത്തിടെ ഗുജറാത്തില്‍ നിന്നും പുറത്തുവന്ന അഴിമതിക്കഥകള്‍ തെളിയിച്ചതാണ്. പാവങ്ങള്‍ക്ക് അരികൊടുക്കുന്ന പദ്ധതിയിലും അണകളില്‍ നിന്നും മീന്‍പിടിക്കുന്നതിന് ലൈസന്‍സ് കൊടുക്കുന്നതുമായി ബന്ധപ്പെട്ടും മറ്റും കോടികളുടെ അഴിമതിക്കഥകളാണ് കഴിഞ്ഞ ഒന്നു രണ്ട് വര്‍ഷത്തിനുള്ളില്‍ പുറത്തുവന്നത്. പിന്നെ സാമൂഹിക വളര്‍ച്ചയുടെ തോതുകുറിക്കുന്ന സോഷ്യല്‍ ഇന്‍ഡക്‌സുകളില്‍ ഇന്ത്യയില്‍ ഏറ്റവും പിന്നില്‍ നില്‍ക്കുന്ന സംസ്ഥാനങ്ങളില്‍ ഒന്നാണ് ഗുജറാത്ത്. ഇനി സാമ്പത്തിക വളര്‍ച്ചയുടേയും തൊഴിലവസരങ്ങളുടെ വര്‍ധനവിന്റെയും കാര്യത്തിലാണെങ്കില്‍ ജനാധിപത്യ സംവിധാനത്തിന്റെ എല്ലാ പോരായ്മകളും പേറുന്ന തമിഴ്‌നാടും മഹാരാഷ്ട്രയും മോഡിയെന്ന ഏക ഛത്രാധിപതിയായ ഫാസിസ്റ്റ് ഭരിക്കുന്ന ഗുജറാത്തിനേക്കാളുമോ അല്ലെങ്കില്‍ അതിനൊപ്പമോ വളര്‍ച്ച നേടുന്നുണ്ട്. മാത്രമല്ല സോഷ്യല്‍ ഇന്‍ഡക്‌സുകളില്‍ മികച്ച പ്രകടനമാണ് തമിഴ്‌നാടും മറ്റും നടത്തുന്നതെന്നു കൂടി ഓര്‍ക്കുക. ഇനി സംസ്ഥാന തലത്തില്‍ ഭരണ രംഗത്ത് അഴിമതി തടയാനുള്ള ലോകായുക്ത സംവിധാനം ഗുജറാത്തില്‍ മോഡിയുടെ കാലത്ത് മരവിപ്പിച്ചു നിറുത്തിയിരിക്കുകയായിരുന്നു. അടുത്തിടെ ഗവര്‍ണറിടപെട്ടാണ് പ്രസ്തുത സംവിധാനം പുനസ്ഥാപിച്ചത്. അപ്പോള്‍ എന്തര്‍ഥത്തിലാണ് മോഡി അഴിമതി അവസാനിപ്പിച്ചു എന്നു പറയുന്നത്? അഴിമതി റിപ്പോര്‍ട്ട് ചെയ്യേണ്ട സംവിധാനത്തെ മരവിപ്പിച്ചു നിറുത്തിയിട്ട് അഴിമതിയില്ല എന്നു പറയുന്നതില്‍ എന്ത് യുക്തിയാണുള്ളത്?
ഇനി ഗുജറാത്തിന്റെ ദേശീയ വരുമാനത്തിലുള്ള സംഭാവന നോക്കാം. ഇന്ത്യയിലെ എക്കാലത്തേയും ഏറ്റവും വ്യാവസായികമായി പുരോഗതി പ്രാപിച്ച സംസ്ഥാനങ്ങളിലൊന്നാണ് ഗുജറാത്ത്. ഗുജറാത്ത് മാത്രമല്ല കേരളം തൊട്ട് ഗുജറാത്ത് വരെയുള്ള പടിഞ്ഞാറന്‍ ഇന്ത്യന്‍ സംസ്ഥാനങ്ങള്‍ ഇന്ത്യയിലെ ഇതര സംസ്ഥാനങ്ങളെ അപേക്ഷിച്ച് പലരംഗത്തും വന്‍മുന്നേറ്റമാണ് നടത്തിക്കൊണ്ടിരിക്കുന്നത്. ബ്രിട്ടീഷുകാരുടെ കാലത്ത് മാത്രമല്ല അതിനുമുമ്പ് സുല്‍ത്താന്‍മാരും മുഗളന്മാരും ഭരിച്ചപ്പോഴും ഗുജറാത്തിലെ സൂറത്തും അഹമ്മദാബാദും ലോക പ്രശസ്തമായ കച്ചവട കേന്ദ്രങ്ങളായിരുന്നു. പ്രത്യേകിച്ചും സൂറത്തിനെപ്പറ്റി മധ്യകാലത്ത് ഇന്ത്യ സന്ദര്‍ശിച്ച ഭൂരിപക്ഷം വിദേശ സഞ്ചാരികളും ഒരുപാട് പുകഴ്ത്തി പറഞ്ഞിട്ടുണ്ട്. എക്കാലത്തും ഇന്ത്യയുടെ വിദേശ വ്യാപാരത്തിന്റെ ഒരു സുപ്രധാന കേന്ദ്രവും കയറ്റുമതി വസ്തുക്കളുടെ ഒരു പ്രധാന ഉല്‍പാദകരുമായിരുന്നു ഗുജറാത്ത്. മധ്യകാലഘട്ടത്തില്‍ ഷേര്‍ഷ പുതുക്കിപ്പണിയിച്ച ഗ്രാന്റ് ട്രങ്ക് റോഡ് എന്ന അന്നത്തെ ഇന്ത്യന്‍ വാണിജ്യത്തിന്റെ നാഡീവ്യൂഹമായ എക്‌സ്പ്രസ് ഹൈവെ ബംഗാളിലെ ഡാക്കയില്‍ തുടങ്ങി ഗുജറാത്തിലെ സൂറത്തിലാണ് അവസാനിച്ചത്. രണ്ടു നഗരങ്ങളും വന്‍ വാണിജ്യ കേന്ദ്രങ്ങളായിരുന്നു. അതുകൊണ്ട് തന്നെ മോഡി ഗുജറാത്തിനെ ഇന്ത്യന്‍ കയറ്റുമതിയില്‍ മുഖ്യ പങ്കുകാരാക്കി എന്നു പറയുന്നതില്‍ യാതൊരടിസ്ഥാനവുമില്ല. അങ്ങനെ പറയുന്നത് നരേന്ദ്രമോഡിയാണ്. ലോകമറിയുന്ന ഒരേയൊരു ഗുജറാത്തി എന്നു പറയുന്നതുപോലെയാണ്. അതായത് മഹാത്മാഗാന്ധിയും സര്‍ദാര്‍ പട്ടേലുമൊന്നും ജീവിച്ചിരുന്നില്ല എന്ന ധാരണയില്‍ നടത്തുന്ന ഒരു അനുമാനം പോലെ.
ഇനി ഓരോ സംസ്ഥാനവും നമ്മുടെ ദേശീയ സമ്പദ് വ്യവസ്ഥയ്ക്കു നല്‍കുന്ന സംഭാവന വിലയിരുത്തേണ്ടത് ആ സംസ്ഥാനം കയറ്റുമതിയില്‍ വഹിക്കുന്ന പങ്ക് മാത്രം നോക്കിയിട്ടാണോ? തീര്‍ച്ചയായും അല്ല. കാരണം തമിഴ്‌നാടും ആന്ധ്രയും പഞ്ചാബും ഒന്നും കൃഷിചെയ്യില്ലെങ്കില്‍ ഗുജറാത്ത് ഉള്‍പ്പെടെയുള്ള ഇന്ത്യ പട്ടിണിയിലാകും. അപ്പോള്‍ ആഭ്യന്തരമായ ആവശ്യങ്ങള്‍ നിറവേറ്റുന്ന ഉല്‍പാദകര്‍ക്കല്ലെ പ്രഥമ സ്ഥാനം നല്‍കേണ്ടത്? ഒരു സംസ്ഥാനം ആഭ്യന്തരമായ ആവശ്യങ്ങള്‍ നിറവേറ്റുന്ന രീതിയിലുള്ള സാമ്പത്തികനയമാണ് പിന്‍തുടരുന്നതെങ്കില്‍ കയറ്റുമതിയെ മാനദണ്ഡമാക്കിയുള്ള കണക്കെടുപ്പില്‍ ആ സംസ്ഥാനം ഇടം പിടിക്കില്ല. മോഡിയുടെ ഗുജറാത്തിനെ ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയിലെ മുഖ്യ പങ്കാളികളിലൊന്നായി ചിത്രീകരിക്കുന്ന സി ആര്‍ എസ് റിപ്പോര്‍ട്ട് ഇങ്ങനെ തറയിടാത്ത കുത്തബ്മിനാറുണ്ടാക്കുന്ന തരത്തിലുള്ള അബദ്ധജടിലവും അപകടകരവുമായ സംവിധാനമാണ്.
സി ആര്‍ എസ് റിപ്പോര്‍ട്ടിന് അങ്ങനെയാവാനേ തരമുള്ളൂ. കാരണം ഈ റിപ്പോര്‍ട്ടിനടിസ്ഥാനം പത്രവാര്‍ത്തകളും ആനുകാലികങ്ങളുമാണ്. മോഡിയെപറ്റി തന്നെയാണെങ്കില്‍ മുമ്പ് ഔട്ട്‌ലുക്ക് മാഗസിനും വാള്‍സ്ട്രീറ്റ് ജേര്‍ണലും നടത്തിയ ചില നിരീക്ഷണങ്ങളാണ് ഈ റിപ്പോര്‍ട്ട് ആധാരമാക്കിയിട്ടുള്ളത്. ഔട്ട്‌ലുക്ക് മാഗസിന്‍ മോഡിയെപറ്റി വംശഹത്യ ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ഉള്‍പ്പെടുത്തിക്കൊണ്ട് വിപുലമായ ഒരു റിപ്പോര്‍ട്ടാണ് നല്‍കിയത്. ഇതില്‍ സാമ്പത്തികേതര വിഷയങ്ങള്‍ സി ആര്‍ എസ് ഫോക്കസ്സ് ചെയ്തിട്ടില്ല. വാള്‍സ്ട്രീറ്റ് ജേര്‍ണലിനാണെങ്കില്‍ ഓഹരി വിപണിയിലെ സൂചിക മാത്രമാണ് മാനദണ്ഡം. കൊന്നോ, കട്ടോ, പിടിച്ചുപറിച്ചോ, എങ്ങനെ പണമുണ്ടാക്കിയാലും ഓഹരി വിപണിയില്‍ ചലനമുണ്ടാക്കിയാല്‍ വാള്‍സ്ട്രീറ്റ് ജേര്‍ണല്‍ പ്രശംസകൊണ്ട് മൂടും.
സാമ്പത്തികേതര വിഷഷയങ്ങളോ, ലോകവിപണിയില്‍ ശ്രദ്ധിക്കപ്പെടാത്ത ആഭ്യന്തര മുന്നേറ്റങ്ങളോ ഒന്നും ആ മാധ്യമത്തിന് പഥ്യമല്ല തന്നെ. പിന്നെ മോഡിയെ ഉയര്‍ത്തിക്കാട്ടുന്ന അയാളുടെ ഗുണഭോക്താക്കളായിട്ടുള്ള ചിലരുണ്ട്. ടാറ്റയുള്‍പ്പെടെയുളേള ബിസിനസ് ഗ്രൂപ്പുകള്‍. അവരുടെ സ്വാധീനംകൊണ്ടാണ് അന്നാ ഹസാരെപോലും മോഡിയെ പ്രകീര്‍ത്തിച്ചത്. ഒടുവില്‍ യാഥാര്‍ഥ്യം പിടികിട്ടിയപ്പോള്‍ ഹസാരെ പരസ്യമായി തന്നെ തന്റെ വാക്കുകള്‍ പിന്‍വലിക്കുകയുണ്ടായി. മിസ്തുബിഷി, ജനറല്‍ ഓട്ടോമൊബൈല്‍സ് തുടങ്ങിയ സ്ഥാപനങ്ങള്‍ ഗുജറാത്തില്‍ പ്ലാന്റുകള്‍ സ്ഥാപിച്ചത് വലിയ കാര്യമായി കരുതുന്ന റിപ്പോര്‍ട്ട് ഹുണ്ടായി ഉള്‍പ്പെടെയുള്ള വന്‍ കമ്പനികള്‍ തമിഴ്‌നാട്ടിലും ഹോണ്ട ഹരിയാനയിലും മഹീന്ദ്ര മഹാരാഷ്ട്രയിലും നടത്തിയ വന്‍ നിക്ഷേപങ്ങള്‍ കാണുന്നില്ല. കാരണം അവിടെയെല്ലാം മുഖ്യമന്ത്രിമാര്‍ മാറിമാറിവന്നു. പക്ഷെ വികസനം വ്യക്തിയധിഷ്ഠിതമല്ലെന്നു തെളിയിച്ചുകൊണ്ട് മുന്നോട്ടുപോയി.
പിന്നെ കരുണാനിധിയെയോ ജയലളിതയേയോ ദേശ്‌മുഖിനേയോ ഹുഡയേയോ പ്രമോട്ട് ചെയ്യുവാന്‍ ഒരു ഹിന്ദുത്വ ലോബിയും ഒപ്പം ഏതെങ്കിലും ബിസിനസ് ലോബിയോ ലോക വ്യാപകമായി പ്രവര്‍ത്തിക്കുന്നില്ല. കാരണം പ്രശ്‌നങ്ങളുണ്ടെങ്കിലും ഫാസിസ്റ്റായ മോഡിയെപോലെ പൊതു ഖജനാവ് ധൂര്‍ത്തടിച്ച് മണ്ണും വെള്ളവും പണവും സൗജന്യമായി നല്‍കി വന്‍കിട ബിസിനസുകാരെ ആനയിച്ചുകൊണ്ടുവരാനും തങ്ങളുടെ കസേര ഉറപ്പിക്കാനുമായി വര്‍ഗീയ കലാപങ്ങള്‍ പരസ്യമായി ആസൂത്രണം ചെയ്യാനും ഒരു ജനാധിപത്യ സംവിധാനത്തില്‍ ഫാസിസ്റ്റുകളല്ലാത്ത ഇവര്‍ക്കൊന്നും കഴിയില്ലല്ലോ? ഇനി 2005 ല്‍ വംശഹത്യയുടെ പേരില്‍ മോഡിക്ക് അമേരിക്ക സന്ദര്‍ശനാനുമതി നിഷേധിച്ചിരുന്നു. ഇതൊക്കെ സി ആര്‍ എസ് റിപ്പോര്‍ട്ടിലുമുണ്ട്. പക്ഷേ ഇതിനെപറ്റി ബി ജെ പിയോ മധ്യവര്‍ഗ ദേശീയ മാധ്യമങ്ങളോ പരാമര്‍ശിച്ചുകണ്ടില്ല.
സി ആര്‍ എസ് റിപ്പോര്‍ട്ടിനുതന്നെ വലിയ പ്രാധാന്യമില്ല. ഒറ്റനോട്ടത്തില്‍ കോണ്‍ഗ്രസ് അംഗങ്ങളുടെ സ്റ്റാഫിന് കാര്യങ്ങള്‍ മനസ്സിലാക്കുവാന്‍ വേണ്ടി തയ്യാറാക്കുന്ന ഒരു റിപ്പോര്‍ട്ടാണിത്. ഒരു ബാലപാഠം. ലോകത്തെ എല്ലാ പ്രദേശങ്ങളെക്കുറിച്ചും ഓരോ വര്‍ഷവും ഇത്തരം റിപ്പോര്‍ട്ടുകള്‍ സി ആര്‍ എസ് തയ്യാറാക്കലുമുണ്ട്. പക്ഷേ അമേരിക്കയുടെ നയസമീപനങ്ങളും നിലപാടുകളും രൂപംകൊള്ളുന്നത് ഇന്റലിജന്‍സ് റിപ്പോര്‍ട്ടുകളും സെനറ്റിന്റെ ഫോറിന്‍ റിലേഷന്‍ കമ്മിറ്റിയും കമ്മിറ്റി ഫോര്‍ ഹോംലാന്റ് സെക്യൂരിറ്റിയും എടുക്കുന്ന നിലപാടുകളും അടിസ്ഥാനമാക്കിയാണ്. അതായത് സി ആര്‍ എസ് റിപ്പോര്‍ട്ടെന്നാല്‍ അമേരിക്കന്‍ നിയമനിര്‍മാണസഭയുടെയോ അമേരിക്കന്‍ ഭരണകൂടത്തിന്റെയോ അഭിപ്രായങ്ങളല്ല. മറിച്ച് പത്ര റിപ്പോര്‍ട്ടുകളുടെ ഒരു സമാഹാരം മാത്രമാണ്.
നമ്മുടെ സിനിമാക്കാര്‍ വായനക്കാര്‍ മൂന്നാംകിട സിനിമാ വാരികകളിലേയ്ക്കയക്കുന്ന കത്തുകള്‍ പരസ്യ വാചകമാക്കുന്നതുപോലെയാണ്. ഹിന്ദുത്വവാദികള്‍ സി ആര്‍ എസ് റിപ്പോര്‍ട്ടുകള്‍ ചുമലിലേറ്റുന്നത് എന്നര്‍ഥം.
ഇനി അമേരിക്കന്‍ ഭരണകൂടം തന്നെ മോഡിയെ പുകഴ്ത്തി പറഞ്ഞാലും അതില്‍ എന്താണുള്ളത്.? പിനാഷെ, സിയാഉല്‍ഹഖ്, മുല്ലാഉമര്‍, ബിന്‍ലാദന്‍ തുടങ്ങിയ ജനാധിപത്യത്തെ തകിടം മറിച്ച സകല ഏകാധിപതികളെയും പിന്തുണച്ച, സൃഷ്ടിച്ചെടുത്ത ചരിത്രമാണ് അമേരിക്കയ്ക്കുള്ളത്. എന്തിനധികം പറയുന്നു. ഹിറ്റ്‌ലര്‍ ജൂതന്‍മാരെ വംശഹത്യ ചെയ്ത് ലോക മഹായുദ്ധത്തിന് തുടക്കമിട്ടപ്പോള്‍പോലും കമ്മ്യൂണിസത്തിനെതിരെയുള്ള ആയുധമായി കരുതി അയാളെ പ്രോത്സാഹിപ്പിച്ചവരാണ് അമേരിക്കയും പാശ്ചാത്യശക്തികളും. ഒപ്പം ജൂതന്‍മാരെ കൊന്നൊടുക്കി, അവരുടെ സ്വത്തുവഹകള്‍ പിടിച്ചെടുത്ത്, അവരെക്കൊണ്ട് അടിമപ്പണി ചെയ്ത് നേടിയെടുത്ത ഫാസിസ്റ്റ് ജര്‍മനിയുടെ സാമ്പത്തിക വളര്‍ച്ചയെ വാഴ്ത്താനും നൂറു നാവായിരുന്നു അമേരിക്കയ്ക്കും അവരുടെ മധ്യവര്‍ഗക്കാര്‍ക്കും വലതുപക്ഷ മാധ്യമങ്ങള്‍ക്കും താല്‍പര്യം. അപ്പോള്‍ ജനാധിപത്യം ഘോഷിക്കുമ്പോഴും അമേരിക്ക ഒരാളെപറ്റി നല്ലതു പറഞ്ഞാല്‍ അതിനര്‍ഥം അയാളൊരു ജനാധിപത്യ വിരോധിയാണ് എന്നാകുന്നു.
ഏറ്റവും പുതിയ വാര്‍ത്ത മോഡി സത്യാഗ്രഹമിരിക്കാന്‍ പോകുന്നു എന്നാണ്. സദ്ഭാവന സത്യഗ്രഹം. വര്‍ഗീയതയെയും ഹിംസയെയും ചെറുക്കാനുള്ള സത്യഗ്രഹം. കോഴിക്കുവേണ്ടി കുറുക്കന്‍ അനുഷ്ടിക്കുന്ന സത്യഗ്രഹം! എങ്കില്‍ ഗോധ്ര സംഭവം മോഡി പറയുന്നതുപോലെ ഒരു ഗൂഢാലോചനയുടെ ഫലമാണെങ്കില്‍ തന്നെ ഒരു സത്യാഗ്രഹം നടത്തി പ്രതികരിച്ചാല്‍ പോരായിരുന്നോ? എന്തിനാണ് 2000 നിരപരാധികളെ മൃഗീയമായി അറുത്തിട്ടത്?
*****
മുഹമ്മദ് ഫക്രുദ്ദീന്‍ അലി, കടപ്പാട് :ജനയുഗം
അധിക വായനയ്‌ക്ക് :
The Hollow Myth of ’Vibrant Gujarat’ - A compilation by Ram Puniyani
Subscribe to:
Post Comments (Atom)
1 comment:
മുമ്പ് യൂറോപ്പിലെ ആധുനികതയ്ക്കു മുമ്പില്‍ പിടിച്ചുനില്‍ക്കാനാകാതെ വന്നപ്പോള്‍ മാക്‌സ്മുള്ളറിനെ പോലെയുള്ള ചില കാല്‍പനികര്‍ കാലത്തില്‍ പിന്നോട്ടുസഞ്ചരിച്ച് നമ്മുടെ തത്വചിന്തയെയും ഫ്യൂഡല്‍ സമൂഹത്തേയും വാഴ്ത്താന്‍ തുടങ്ങി. അന്നു തുടങ്ങിയതാണ് സ്വദേശി പ്രേമികള്‍ എന്ന് സ്വയം വിശേഷിപ്പിക്കുകയും ബെന്‍സ് കാറില്‍ ഒഴുകിനടക്കുകയും ചെയ്യുന്ന ഹിന്ദുത്വവാദികളുടെ രാഷ്ട്രസ്‌നേഹം. സായ്പിന്റെ വാക്കുകള്‍കൊണ്ട് മറപിടിച്ച് ജാതിവ്യവസ്ഥയും തൊട്ടുകൂടായ്മയും വര്‍ഗീയതയും സബ്‌സാഹറന്‍ ആഫ്രിക്കയെ വെല്ലുന്ന ദാരിദ്ര്യവും തൊഴിലില്ലായ്മയും നിരക്ഷരതയും ബാലപീഡനവും സ്ത്രീകളുടെ നരകയാതനകളും അവര്‍ ലോകത്തില്‍ നിന്നും സ്വന്തം നാട്ടുകാരില്‍ നിന്നും സമര്‍ഥമായി മറച്ചുപിടിക്കുന്നു.
Post a Comment