അവസാനം എന്‍ഡോസള്‍ഫാന്‍ കീടനാശിനി നിരോധിച്ചു. വന്‍കിടകുത്തകകമ്പനിയുടെയും അവരുടെ പിണിയാളുകളുടെയും ഇടപെടലുകള്‍ മറികടന്നാണ് പരമോന്നതനീതിപീഠം രാജ്യത്താകമാനം എന്‍ഡോസള്‍ഫാന്‍ നിരോധിച്ചത്.ഭോപാല്‍ ദുരന്തബാധിതരെ അനുസ്മരിപ്പിക്കുന്ന രൂപഭാവങ്ങളുമായി മരിച്ചു ജീവിക്കുന്ന കാസര്‍കോടന്‍ ഗ്രാമങ്ങളായ എന്‍മകജെയും പഡ്രെയും സ്വര്‍ഗയും വാണിനഗറുമെല്ലാം ഇപ്പോള്‍ നെടുവീര്‍പ്പിടുകയാവും. ഒരു തലമുറയുടെ സ്വപ്നങ്ങളെല്ലാം തേയിലക്കൂമ്പുപോലെ കരിഞ്ഞുപോയതോര്‍ത്ത്.. വികൃതരൂപികളായും വികലാംഗരായും ജനിച്ച് ഇഴഞ്ഞും വിലപിച്ചും കണ്‍മുന്നില്‍തന്നെയൊടുങ്ങിയ നിരവധി മനുഷ്യജന്‍മങ്ങളുടെ ശബ്ദമില്ലാത്ത നിലവിളികള്‍ അമര്‍ത്തിയൊടുങ്ങുന്നു. വര്‍ഷങ്ങളായി പ്ലാന്റേഷന്‍ കോര്‍പറേഷന്റെ കശുമാവിന്‍ തോട്ടങ്ങളില്‍ തളിക്കുന്ന എന്‍ഡോസള്‍ഫാന്‍ എന്ന കീടനാശിനി ഇവിടുത്തെ മനുഷ്യ ജീവിതങ്ങള്‍ക്ക് മേലെ കരിനിഴല്‍ പരത്തി.
മാരകരോഗങ്ങള്‍ ബാധിച്ച് കൈാലുകള്‍ തളര്‍ന്ന് എഴുന്നേറ്റു നില്‍ക്കാന്‍ പോലുമാവാതെ ഒരു ജനത അനുഭവിക്കുന്ന തീരാദുരിതങ്ങള്‍ അധികൃതര്‍ കണ്ടില്ലെന്ന് നടിച്ചു. പഠനങ്ങളും ഗവേഷണങ്ങളുമെല്ലാമായി ഒരു പാടു കാലം കടന്നുപോയി. ഇന്നും മാരകകീടനാശിനിയുടെ ഇരകളായി കഴിയുകയാണ് കുറേ സാധുമനുഷ്യര്‍ .മണ്ണും ജലവും വായുവുമെല്ലാം വിഷമയമാക്കുന്ന കീടനാശിനി പ്രയോഗത്തിന്റെ കെടുതിയനുഭവിക്കേണ്ടത് ഒരു തലമുറ മാത്രമല്ല.അനേകം തലമുറകളോളം രോഗബാധിതരായി ഇവര്‍ നാടിന്റെ നൊമ്പരക്കാഴ്ചയായി. ചികില്‍സാക്യാമ്പുകളും ആശുപത്രികളുമായി വര്‍ഷങ്ങള്‍ .കാന്‍സറും മറ്റ് മാരകരോഗങ്ങളും തേര്‍വാഴ്ച നടത്തുകയാണ് ഇന്നും ഈ ഗ്രാമങ്ങളില്‍ . കുഞ്ഞുങ്ങള്‍ പിറന്നു വീഴുന്നതു തന്നെ വികലാംഗരായാണ്. വികൃതമായ ശിരസും ശരീരാവയവങ്ങളുമായി ചികില്‍സകളൊന്നും ഫലിക്കാതെ.... പേരുപോലും അറിയാത്ത രോഗങ്ങളുമായി മല്ലടിച്ച് തീരുന്നവരുടെ കഷ്ടപ്പാടുകള്‍ പുറം ലോകം അറിഞ്ഞത് വളരെക്കാലത്തിനു ശേഷം. കശുമാവിന്‍പൂക്കളുടെ നീരു കുടിച്ചുവറ്റിക്കുന്ന തേയിലക്കൊതുകുകളെ നശിപ്പിക്കാന്‍ തളിക്കുന്ന എന്‍ഡോസള്‍ഫാന്റെ ദോഷവശങ്ങള്‍ വിലയിരുത്തുന്നതിനായി നിയമിക്കപ്പെട്ട കമ്മറ്റികളെയെല്ലാം കീടനാശിനിക്കമ്പനി വിലക്കെടുത്തു.
അവരുടെ ചെലവില്‍ പഠനം നടത്താനെത്തുന്നവര്‍ ആര്‍ക്കനുകൂലമായി റിപ്പോര്‍ട്ടെഴുതുമെന്ന കാര്യത്തില്‍ സംശയമേതുമില്ല. തളിക്കാവുന്നതിന്റെ എത്രയോ ഇരട്ടിയാണ് വര്‍ഷങ്ങളായി തോട്ടങ്ങളില്‍ തളിച്ചിരുന്നത്. ഹെലികോപ്ടറില്‍ നിന്നും ഹാന്റ്പമ്പ് വഴിയും പ്രയോഗിച്ചതിനാല്‍ പരിസ്ഥിതി മലിനമായതിനൊപ്പം തൊഴിലാളികളുടെ ആരോഗ്യത്തെയും പ്രതികൂലമായി ബാധിച്ചു. തുടര്‍ച്ചയായ പ്രയോഗം കൊണ്ട് കീടങ്ങള്‍ പ്രതിരോധശേഷി കൈവരിക്കുന്നു. ഇതിനു പ്രതിവിധിയായി കീടനാശിനിയുടെ അളവ് വര്‍ധിപ്പിക്കുകയാണ് കമ്പനികള്‍ ചെയ്യുന്നത്. ലാഭം മാത്രം ലക്ഷ്യമാക്കി പ്രവര്‍ത്തിച്ച കമ്പനി ജനങ്ങളുടെ ആരോഗ്യത്തിനും ജീവനും പ്രാമുഖ്യം കൊടുത്തില്ല. മനുഷ്യാവകാശങ്ങള്‍ പോലും ഹനിച്ചുകൊണ്ട് ഒരു ജനതക്കുമേല്‍ നടത്തിയ അതിക്രമത്തിനെതിരായി ഉയര്‍ന്ന പ്രതിഷേധങ്ങളെയെല്ലാം ദുര്‍ബലപ്പെടുത്തുവാനോ വഴിതിരിച്ചു വിടാനോ സമര്‍ത്ഥമായ നീക്കങ്ങളുണ്ടായി. കൃഷിയിടങ്ങളില്‍ നടത്തുന്ന കീടനാശിനിപ്രയോഗം ഉപരിതലജലത്തെ മാത്രമല്ല ഭൂഗര്‍ഭജലത്തെയും മലിനപ്പെടുത്തി.ആഹാരസാധനങ്ങളില്‍ പടരുന്ന വിഷാംശം ഗുരുതരമായ രോഗങ്ങള്‍ക്കു കാരണമാവുന്നു. ഈ ആവാസവ്യവസ്ഥയില്‍ നിന്നും ആഹാരം സ്വീകരിക്കുന്ന എല്ലാജീവജാലങ്ങളും കെടുതികള്‍ക്കിരയാക്കി.
ശരീരത്തിനുള്ളിലെത്തുന്ന രാസവസ്തുക്കള്‍ പിന്നീട് ജീവികള്‍ക്ക് പുറന്തള്ളാനാവാതെ വരുന്നു. ഇത് അടിഞ്ഞു കൂടിയുണ്ടാകുന്ന രോഗങ്ങളാവട്ടെ മാരകവും. ലോകത്തിലൊരിടത്തും കേട്ടുകേള്‍വിപോലുമില്ലാത്ത നീതികേടും മനുഷ്യാവകാശലംഘനവുമാണ് കാസര്‍ഗോട്ടെ ജനങ്ങളോട് അധികൃതര്‍ കാട്ടിയത്. പ്രതികരിക്കാന്‍പോലും അശക്തരായ മനുഷ്യരുടെ മേല്‍ വീണ്ടും വീണ്ടും വിഷമഴ. ആര്‍ക്കും ഉത്തരമില്ലാത്ത ചോദ്യങ്ങളാണ് ഈ ഗ്രാമങ്ങള്‍ സമൂഹമനസാക്ഷിയോട് ചോദിച്ചു കൊണ്ടിരുന്നത്.എത്രയോ കാലം നീണ്ട പേരാട്ടങ്ങള്‍ക്കൊടുവില്‍ രാജ്യത്താകമാനം എന്‍ഡോസള്‍ഫാന്റെ നിരോധനത്തിലെത്തി. ഇനിയൊരിക്കലും തിരിച്ചെത്താനാവാത്ത വിധമാണ് നിരോധനം. സമരവുമായി രംഗത്തിറങ്ങിയ സംഘടനകള്‍ക്കും പ്രവര്‍ത്തകര്‍ക്കും ആശ്വസിക്കാം. ഇനി ദുരിതമനുഭവിക്കുന്നവരെ പുരധിവസിപ്പിക്കണം. അവര്‍ക്കും തിരികെയെത്തണം സാധാരണജീവിതത്തിലേക്ക്.. പൂവും പൂമ്പാറ്റയും കിളികളുമെല്ലാം നിറഞ്ഞ പഴയകാലത്തേക്ക് സ്വര്‍ഗ്ഗയും പഡ്രെയും വാണിനഗറും.
*
ദേശാഭിമാനി
Subscribe to:
Post Comments (Atom)
1 comment:

Post a Comment