മാറാട് കൂട്ടക്കൊലയെക്കുറിച്ചുള്ള സിബിഐ അന്വേഷണം അട്ടിമറിക്കുന്നതില്‍ മുസ്ലിംലീഗ് നേതൃത്വവും ബിജെപി നേതാവ് പി എസ് ശ്രീധരന്‍പിള്ളയും നടത്തിയ നീചമായ ഗൂഢാലോചനയുടെ വിവരങ്ങള്‍ ഇപ്പോള്‍ പുറത്തുവന്നിരിക്കുകയാണല്ലോ. മാറാട് സംഭവങ്ങളെ ഉപയോഗിച്ച് ഭീതിദമായ സമുദായ ധ്രുവീകരണത്തിലേക്ക് കേരളീയ സമൂഹത്തെ തള്ളിവിടാന്‍ ബിജെപിയും മറ്റിതര സംഘപരിവാര്‍ സംഘടനകളും നടത്തിയ വര്‍ഗീയപ്രചാരണങ്ങള്‍ എത്രമാത്രമായിരുന്നു. ഒരുകൂട്ടം ഇസ്ലാമിക തീവ്രവാദികള്‍ നടത്തിയ നിന്ദ്യമായ കൂട്ടക്കൊലയുടെ പേരില്‍ മാറാട് കടപ്പുറത്തുനിന്നും മുസ്ലിം മതവിശ്വാസികളെയാകെ സംഘപരിവാര്‍ സംഘടനകള്‍ അടിച്ചോടിച്ചു. അന്താരാഷ്ട്ര ബന്ധമുള്ള തീവ്രവാദി സംഘടനകളെയും അവരുടെ പ്രാദേശിക രക്ഷാധികാരികളായ മുസ്ലിംലീഗ് നേതൃത്വത്തെയും എതിര്‍ക്കുന്നതിന് പകരം മാറാട് കൂട്ടക്കൊലയെത്തുടര്‍ന്ന് ഭീകരമായ മുസ്ലിംവിരുദ്ധ വികാരം ഇളക്കിവിടാനാണ് ആര്‍ എസ് എസ്സുകാര്‍ ആസൂത്രിതമായി ശ്രമിച്ചത്.
മാറാട് കൂട്ടക്കൊലയ്ക്കുത്തരവാദികളായ തീവ്രവാദികളും അവരുടെ സംരക്ഷകരുമായി ബിജെപി നേതാവ് ശ്രീധരന്‍പിള്ളയ്ക്കുള്ള അവിശുദ്ധ ബാന്ധവമാണിപ്പോള്‍ അന്വേഷിക്കണമെന്ന് സംഘപരിവാര്‍ സംഘടനകള്‍തന്നെ ആവശ്യപ്പെട്ടുകൊണ്ടിരിക്കുന്നത്. രാജ്യദ്രോഹശക്തികളെന്ന് ബിജെപിയും സംഘപരിവാര്‍ നേതാക്കളും നിരന്തരമായി ആക്ഷേപിക്കുന്ന എല്ലാവിധ വിധ്വംസകശക്തികളുമായി ബിജെപി നേതൃത്വം പുലര്‍ത്തിപ്പോരുന്ന രഹസ്യബാന്ധവത്തിന്റെ ഒടുവിലത്തെ ഉദാഹരണം മാത്രമാണിത്. സംഘപരിവാര്‍ നേതാക്കളുടെ ഇത്തരം രഹസ്യബന്ധങ്ങളുടെ ചരിത്രം ഞെട്ടിപ്പിക്കുന്നതാണ്. ഇന്ത്യാവിരുദ്ധ പ്രവര്‍ത്തനങ്ങളുടെ ഗംഗോത്രിയെന്ന് സംഘപരിവാര്‍ ആവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന പാകിസ്ഥാനും ഐഎസ്ഐയുമായി ബിജെപി നേതാക്കള്‍ക്കുള്ള ബന്ധം മറനീക്കി പുറത്തുകൊണ്ടുവന്ന സംഭവങ്ങളായിരുന്നു ഹവാലകേസും കാണ്ഡഹാറിലേക്കുള്ള വിമാനറാഞ്ചല്‍ സംഭവവും. "93ലെ മുംബൈ സ്ഫോടനമടക്കമുള്ള ഇന്ത്യയിലെ ഐഎസ്ഐ പ്രവര്‍ത്തനങ്ങളുടെ ആസൂത്രകനായ ദാവൂദ് ഇബ്രാഹിമിന്റെ സംഘത്തിന് അഭയം നല്‍കിയത് ബ്രിജ്ഭൂഷണ്‍ ശരണ്‍ദാസ് എന്ന ബിജെപി എംപിയായിരുന്നു. പാകിസ്ഥാനും അഫ്ഗാനിസ്ഥാനും കേന്ദ്രീകരിച്ച് നടക്കുന്ന മയക്കുമരുന്ന് കള്ളക്കടത്തിലൂടെയാണ് അല്‍ഖായ്ദ തങ്ങളുടെ ഭീകരപ്രവര്‍ത്തനങ്ങള്‍ക്കുള്ള പണം കണ്ടെത്തുന്നത്. പാകിസ്ഥാനില്‍നിന്നും ആയിരക്കണക്കിന് കോടികളുടെ മയക്കുമരുന്ന് കടത്തുമായി ബന്ധപ്പെട്ട് കൊച്ചിയില്‍ പിടിയിലായത് ബിജെപിയുടെ ഗുജറാത്തിലെ എംഎല്‍എയായിരുന്ന ഹരീഷ് റാവത്തായിരുന്നു. വിഘടനവാദത്തിനെതിരെയും രാജ്യത്തെ ശിഥിലീകരിക്കുന്ന പ്രാദേശിക-വംശീയ സംഘടനകള്‍ക്കെതിരെയും വാചകമടിച്ചുകൊണ്ടിരിക്കുന്നതിനിടയില്‍തന്നെയാണ് അദ്വാനി, ടാറ്റ മാനേജ്മെന്റും ഉള്‍ഫാ തീവ്രവാദികളും തമ്മിലുള്ള രാജ്യദ്രോഹ ബാന്ധവത്തിന് മറയിടാനും ടാറ്റാ മുതലാളിയെ രക്ഷിക്കുവാനും രംഗത്തിറങ്ങിയത്. 1997ല്‍ വിവരമറിഞ്ഞ ഉടന്‍ അദ്വാനി ഡല്‍ഹിയില്‍നിന്ന് ഗോഹട്ടിയിലേക്ക് പറക്കുകയായിരുന്നു.
ഡല്‍ഹിയിലെ ബിജെപി നേതാക്കളുടെ സ്വന്തം സംരക്ഷകനും പണദാതാവുമായ രമേശ്ശര്‍മ എന്ന പ്രമാണിക്ക് ദാവൂദ് ഇബ്രാഹിമുമായുള്ള ബന്ധം പരസ്യമാക്കപ്പെട്ടൊരു രഹസ്യം മാത്രമാണ്. ആര്‍ എസ് എസ് നേതൃത്വം നല്‍കുന്ന സംഘപരിവാര്‍ മുന്നോട്ട് വെക്കുന്ന അതിന്റെ പ്രഖ്യാപിത ലക്ഷ്യങ്ങളും അവരുടെ പ്രവൃത്തികളും കൃത്യമായ ഫാസിസ്റ്റ് പ്രത്യയശാസ്ത്രത്തിലധിഷ്ഠിതമാണ്. ഏറ്റവും വലിയ രാജ്യസ്നേഹികളായി വേഷമിടുന്ന സംഘപരിവാര്‍ , ശിഥിലീകരണശക്തികള്‍ക്കും ദേശവിരുദ്ധശക്തികള്‍ക്കുമെതിരെ വലിയ ആക്രോശം നടത്തുന്നവരാണ്. എന്നാല്‍ എല്ലാവിധ രാജ്യദ്രോഹശക്തികളും ഇന്ത്യാവിരുദ്ധ പ്രസ്ഥാനങ്ങളുമായി ഗാഢമായ ബന്ധം പുലര്‍ത്തുന്നവരാണ് സംഘപരിവാറെന്ന് അവരുടെ രഹസ്യചരിത്രം പരിശോധിക്കുന്ന ആര്‍ക്കും ബോധ്യമാവും. ഓരോ ശാഖയിലും ഭക്ത്യാദരപൂര്‍വം നിര്‍വഹിക്കുന്ന അഖണ്ഡഭാരത പ്രതിജ്ഞ മുതല്‍ ആര്‍എസ്എസിന്റെ ഓരോ രാജ്യസ്നേഹനാട്യവും കടുത്ത ദേശദ്രോഹ ചെയ്തികളെ മറച്ചുപിടിക്കുവാനുള്ള വേഷം കെട്ടലുകള്‍ മാത്രമാണ്. ഹിന്ദുത്വവും അതിന്റെ പേരിലുള്ള സംഘപരിവാറിന്റെ വര്‍ഗീയവല്‍ക്കരണവും നിഷ്കളങ്കരായ സാധാരണ ഹിന്ദുമതവിശ്വാസികളുടെ മതവികാരത്തെ സ്വന്തം കുടില രാഷ്ട്രീയ ലക്ഷ്യങ്ങള്‍ക്കായി ഉപയോഗിക്കുവാനുള്ള കുത്സിതമായ ശ്രമം മാത്രം. സംഘപരിവാറിന്റെ ഉത്ഭവം മുതലുള്ള അവരുടെ രാഷ്ട്രീയ പരിണാമങ്ങളും നിലപാടുകളും നിരീക്ഷിച്ചിട്ടുള്ള പല രാഷ്ട്രീയ നിരീക്ഷകരും ഇക്കാര്യം ചൂണ്ടിക്കാട്ടിയിട്ടുണ്ട്. അതിനേക്കാളെല്ലാമുപരി, വളരെ വ്യക്തമായും സാമ്രാജ്യത്വ മൂലധനതാല്പര്യങ്ങളുടെ ഏറ്റവും നല്ല നടത്തിപ്പുകാരും ഏജന്റുമാരുമാണ് സംഘപരിവാര്‍ . ബ്രിട്ടീഷ് കാലഘട്ടം മുതല്‍ കൊളോണിയല്‍ വിരുദ്ധ സമരങ്ങളെ വഴിതെറ്റിക്കുവാനും ഇന്ത്യന്‍ ജനതയുടെ ഐക്യം തകര്‍ക്കുവാനുമുള്ള സാമ്രാജ്യത്വ തന്ത്രങ്ങളുടെ കരുക്കളായിട്ടാണ് മുസ്ലിംലീഗും ഹിന്ദുമഹാസഭയും പിന്നീട് ആര്‍എസ്എസ്സുമെല്ലാം ജന്മമെടുത്തത്.
മുസ്ലിംലീഗിന്റെയും ഹിന്ദുമഹാസഭയുടെയും ആവിര്‍ഭാവഘട്ടത്തില്‍തന്നെ അന്നത്തെ എഐസിസി അധ്യക്ഷനായിരുന്ന ഗോപാലകൃഷ്ണ ഗോഖലെ പറഞ്ഞത് രണ്ടും വര്‍ഗീയമാണെന്നപോലെ ഇന്ത്യാവിരുദ്ധവുമാണെന്നാണ്. ആര്‍എസ്എസ്സ് എങ്ങനെ ബ്രിട്ടീഷ് താല്പര്യങ്ങളുടെ നിര്‍വാഹകരായി പ്രവര്‍ത്തിച്ചുവെന്ന് ബ്രിട്ടീഷ് പൊളിറ്റിക്കല്‍ ഇന്റലിജന്‍സ് രേഖകള്‍തന്നെ വെളിവാക്കിയിട്ടുണ്ട്. 1947ന് ശേഷം അമേരിക്കന്‍ സാമ്രാജ്യത്വവും സിഐഎയും ഇന്ത്യാ ഉപഭൂഖണ്ഡത്തില്‍ തങ്ങളുടെ നവകൊളോണിയല്‍ താല്പര്യങ്ങളുടെ നിര്‍വാഹകരാക്കി സംഘപരിവാറിനെ ഉപയോഗിക്കുന്നുവെന്ന് അമ്പതുകളില്‍ സിഐഎ ഉദ്യോഗസ്ഥനായ ജെ എക്വറാന്റെ റിപ്പോര്‍ട്ടുകള്‍ തെളിവുകള്‍ നല്‍കുന്നുണ്ട്. പാവപ്പെട്ട ഹിന്ദുമത വിശ്വാസികളെ ഇളക്കിവിട്ട് നാടിനെയാകെ വര്‍ഗീയവല്‍ക്കരിക്കുന്ന ആര്‍എസ്എസ് - ബിജെപി നേതൃത്വം തങ്ങള്‍തന്നെ ചൂണ്ടിക്കാട്ടുന്ന ഇന്ത്യാവിരുദ്ധ ശക്തികളുമായി രഹസ്യബന്ധം തുടരുന്നുവെന്നാണ് നിരവധി സംഭവങ്ങള്‍ അനാവരണംചെയ്യുന്നത്. തങ്ങളുടെ തന്നെ വര്‍ഗീയ പ്രത്യയശാസ്ത്രത്തിന്റെയും പ്രയോഗത്തിന്റെയും പ്രതിപ്രവര്‍ത്തനമെന്ന നിലയില്‍ സൃഷ്ടിക്കപ്പെടുന്ന വിഘടന-വിധ്വംസകശക്തികളുമായി കൈകോര്‍ത്തുപിടിക്കുന്ന സംഘപരിവാര്‍ നേതാക്കളുടെ കപടമുഖമാണ് ദാവൂദ് ഇബ്രാഹിമുമായുള്ള ബന്ധം മുതല്‍ മാറാട് കൂട്ടക്കൊലയ്ക്കുത്തരവാദികളായവരുമായുള്ള അവരുടെ ബന്ധം വരെ തുറന്നുകാട്ടുന്നത്. സിബിഐ അന്വേഷണവും ശ്രീധരന്‍പിള്ളയും പി എസ് ശ്രീധരന്‍പിള്ളയെ മലയാളികള്‍ക്കെല്ലാമറിയാം.
സംഘപരിവാറിന്റെ ലിബറല്‍ മുഖമാണ് ശ്രീധരന്‍പിള്ളയെന്നാണ് പല മാധ്യമ ബുദ്ധിജീവികളും അദ്ദേഹത്തിന് കല്പിച്ചുനല്‍കിയിരിക്കുന്ന പരിവേഷം. സംഘപരിവാറിന്റെ ഹാര്‍സ്കോറില്‍ ഉള്‍പ്പെട്ട ശ്രീധരന്‍പിള്ള മലയാളിയുടെ മധ്യവര്‍ഗ സെന്‍സിബിലിറ്റിയെ സുഖിപ്പിക്കുന്ന പൊടിക്കൈകളെല്ലാം പയറ്റി ഒരു ലിബറല്‍ പരിവേഷത്തില്‍ , ഗോള്‍വാള്‍ക്കര്‍ മുമ്പ് പറഞ്ഞ "മറെറ പണി" ഭംഗിയായി നിര്‍വഹിച്ചുപോരുന്നയാളാണ് (സ്വാതന്ത്ര്യത്തിന് തൊട്ടുമുമ്പ് പഞ്ചാബില്‍ നടന്ന ഒരു ഒ ടി സി ക്യാമ്പില്‍ കോണ്‍ഗ്രസ് അധികാരത്തില്‍ വന്നാല്‍ ബ്രിട്ടീഷ് ഭരണത്തില്‍ ചെയ്തതുപോലുള്ള പണി സംഘം തുടരുമെന്നാണ് ഒരു സ്വയംസേവകന്റെ ചോദ്യത്തിന് ഗോള്‍വാള്‍ക്കര്‍ മറുപടി നല്‍കിയത്). കവിതയെഴുത്തും മാധ്യമ അഭിമുഖങ്ങളുമെല്ലാമായി ഒരു ഹാര്‍സ്കോര്‍ സ്വയംസേവകനില്‍നിന്ന് താനല്പം വ്യത്യസ്തനാണെന്ന് ഈ ബിജെപി നേതാവ് എപ്പോഴും നടിക്കുന്നു.എല്ലാം പ്രച്ഛന്നവേഷത്തില്‍ പ്രത്യക്ഷപ്പെടുന്ന വര്‍ത്തമാനകാലമെന്നത് ആത്മവഞ്ചനയുടെയും കാപട്യത്തിന്റെയും കാലംകൂടിയാണല്ലോ. ബ്രെഹത് പറഞ്ഞതുപോലെ കാപട്യമില്ലാത്ത വാക്ക് വിഡ്ഢിത്തമാകുന്ന ഒരു ഇരുണ്ട കാലഘട്ടത്തിലാണ് നാം ജീവിക്കുന്നത്. സാധാരണ മനുഷ്യരുടെ ജീവിതം എത്രമാത്രം നിസ്സാരവും അരക്ഷിതപൂര്‍ണവുമാണെന്ന് മലയാളിയെ ബോധ്യപ്പെടുത്തിയ സംഭവങ്ങളാണ് മാറാട് കൂട്ടക്കൊല. ഒന്നാം മാറാടിന് ശേഷം എത്ര വേഗത്തിലാണ് സാമുദായിക ധ്രുവീകരണത്തിന്റെ തീരത്തേക്ക് കേരളസമൂഹം ആട്ടിത്തെളിക്കപ്പെട്ടത്.
2003 മെയ് രണ്ടിനാണ് ഒമ്പത് പേരുടെ മരണത്തിനിടയാക്കിയ കൂട്ടക്കൊല നടന്നത്. നമ്മുടെ ജനാധിപത്യ-മതേതര പാരമ്പര്യങ്ങളെയാകെ നിരാകരിക്കുന്ന ഭ്രാന്തിന്റെയും മരണത്തിന്റെയും ഇടയിലുള്ള അനുഭവങ്ങളിലൂടെയാണ് തുടര്‍ന്നുള്ള ദിനങ്ങളില്‍ കേരളം കടന്നുപോയത്. വിദേശപ്പണവും ഉന്നത രാഷ്ട്രീയ നേതൃത്വത്തിന്റെ ഒത്താശയോടുംകൂടി നടന്ന മാറാട് കൂട്ടക്കൊലയുടെ പേരില്‍ നിരപരാധികളും സാധാരണക്കാരുമായ മാറാട്ടെ മുസ്ലിം സമുദായത്തില്‍ പെട്ടവര്‍ ക്രൂരമായി വേട്ടയാടപ്പെട്ടു. കേരളീയ അന്തരീക്ഷത്തിലേക്ക് ഗുജറാത്തുകള്‍ സൃഷ്ടിക്കപ്പെടുമോയെന്ന ഉല്‍ക്കണ്ഠകള്‍ അസ്ഥാനത്തായിരുന്നില്ല. പ്രവീണ്‍ തൊഗാഡിയയെപ്പോലുള്ള ഹിന്ദുത്വ ഭീകരര്‍ മുസ്ലിം വിരുദ്ധ കലാപങ്ങള്‍ക്ക് പരസ്യമായിത്തന്നെ ആഹ്വാനങ്ങള്‍ മുഴക്കി. ശ്രീധരന്‍പിള്ളയുടെ ബിജെപിയും കുമ്മനം രാജശേഖരന്റെ ഹിന്ദു ഐക്യവേദിയും മാറാട് കൂട്ടക്കൊലയെക്കുറിച്ച് സിബിഐ അന്വേഷണം തന്നെ വേണമെന്ന് നിര്‍ബന്ധം പിടിച്ചു. വിദേശ രാജ്യങ്ങളിലേക്ക് നീളുന്ന ഗൂഢാലോചനകളും അന്താരാഷ്ട്ര ബന്ധമുള്ള തീവ്രവാദ ഗ്രൂപ്പുകളുടെ പങ്കാളിത്തവും സാമ്പത്തിക സഹായവും മാറാട് കൂട്ടക്കൊലക്ക്പിറകിലുണ്ടെന്ന വസ്തുത സിബിഐയെപ്പോലുള്ള ഒരന്വേഷണ ഏജന്‍സിയുടെ അന്വേഷണം അനിവാര്യമാക്കുന്നതാണ്. മാറാട് കൂട്ടക്കൊലയെക്കുറിച്ചന്വേഷിച്ച് ജുഡീഷ്യല്‍ കമീഷന്‍ സിബിഐ അന്വേഷണം ശുപാര്‍ശ ചെയ്യുകയും 2006ല്‍ വന്ന ഇടതുപക്ഷ സര്‍ക്കാര്‍ കേന്ദ്രസര്‍ക്കാരിനോട് സിബിഐ അന്വേഷണം ആവര്‍ത്തിച്ച് ആവശ്യപ്പെടുകയും ചെയ്തു. സംഭവകാലത്ത് യുഡിഎഫ് സര്‍ക്കാരില്‍ കുഞ്ഞാലിക്കുട്ടിയും മുസ്ലിംലീഗും സിബിഐ അന്വേഷണത്തിനെതിരെ ചെലുത്തിയ സമ്മര്‍ദത്തിന് മുന്നില്‍ യുഡിഎഫ് സര്‍ക്കാരും തുടര്‍ന്ന് കേന്ദ്രസര്‍ക്കാരും വഴങ്ങുകയായിരുന്നു. സിബിഐ അന്വേഷണത്തെ ലീഗ് നേതൃത്വം ഭയപ്പെട്ടിരുന്നു. യുപിഎ സര്‍ക്കാരിനോട് ആവര്‍ത്തിച്ച് ഇടതുപക്ഷ സര്‍ക്കാര്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ടിട്ടും ലീഗിന്റെ സമ്മര്‍ദ തന്ത്രങ്ങള്‍ക്ക് മുമ്പില്‍ സിബിഐ അന്വേഷണം നിരസിക്കപ്പെടുകയാണുണ്ടായത്. അപ്പോഴെല്ലാം ബിജെപി തീവ്രഹിന്ദുത്വ വികാരമുണര്‍ത്തിച്ചുകൊണ്ട് യുഡിഎഫിനെയും എല്‍ഡിഎഫിനെയും അധിക്ഷേപിക്കുകയും സിബിഐ അന്വേഷണം ആവശ്യപ്പെട്ടുകൊണ്ടിരിക്കുകയും ചെയ്തു. എന്നാലിപ്പോള്‍ പുറത്തുവന്നുകൊണ്ടിരിക്കുന്ന വിവരങ്ങള്‍ സംഘപരിവാറിന്റെ കാപട്യവും ഇരട്ടറോളും വ്യക്തമാക്കുന്നതാണ്.
കൂട്ടക്കൊല നടന്ന ഉടനെയും അന്വേഷണ കമീഷന്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചതിന് ശേഷവും സിബിഐ അന്വേഷണം വേണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയില്‍ സംഘപരിവാര്‍ കേന്ദ്രങ്ങള്‍ പരാതി നല്‍കിയിരുന്നു. എന്നാല്‍ രണ്ടുതവണയും കോടതിയില്‍ സിബിഐ അന്വേഷണത്തിനായി വാദിക്കുവാനും വിധി വാങ്ങുവാനും ബിജെപി നേതാവും ഹൈക്കോടതിയില്‍ കേന്ദ്രത്തിന്റെ സീനിയര്‍ സ്റ്റാന്‍ഡിങ് കൗണ്‍സലുമായിരുന്ന ശ്രീധരന്‍പിള്ള ശ്രമിച്ചില്ലെന്ന കാര്യം ഇപ്പോള്‍ പുറത്തായിരിക്കയാണ്. ബിജെപി അധ്യക്ഷന്‍ കൂടിയായിരിക്കുന്ന സ്റ്റാന്‍ഡിങ് കൗണ്‍സലായ ശ്രീധരന്‍പിള്ള കോടതിയില്‍ ഹാജരായില്ലെന്നത് സിബിഐ അന്വേഷണത്തെ എതിര്‍ക്കുന്ന മുസ്ലിംലീഗ് നേതൃത്വവുമായുള്ള രഹസ്യബന്ധത്തിന്റെ ഫലമായിട്ടാണെന്ന ആരോപണമാണ് ഉയര്‍ന്നിരിക്കുന്നത്. 2003 മെയ് മൂന്നിന്റെ കൂട്ടക്കൊലയെ തുടര്‍ന്ന്, പാലക്കാട്ടുകാരനായ ഗോകുല്‍പ്രസാദ് അഡ്വ. തോട്ടത്തില്‍ രാധാകൃഷ്ണന്‍ മുഖേനയാണ് ഹൈക്കോടതിയില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഹര്‍ജി നല്‍കുന്നത്. അന്ന് കേന്ദ്രസര്‍ക്കാറി(എന്‍ഡിഎ)ന്റെ സീനിയര്‍ കൗണ്‍സലായിരുന്ന ശ്രീധരന്‍പിള്ള കോടതിയില്‍ ഹാജരായില്ല. പകരം കെ ബി സജീഷ് എന്ന സ്റ്റാന്‍ഡിങ് കൗണ്‍സലിന്റെ ജൂനിയറായ പി ഗോപിനാഥാണ് ഹാജരായത്. കേന്ദ്രത്തില്‍ ബിജെപി ഭരണമായിരിക്കുക, സീനിയര്‍ സ്റ്റാന്‍ഡിങ് കൗണ്‍സല്‍ ബിജെപിയുടെ സംസ്ഥാന അധ്യക്ഷന്‍ തന്നെയായിരിക്കുക- ഈ അനുകൂല ഘടകങ്ങളെല്ലാമുണ്ടായിട്ടും കോടതിയില്‍ സിബിഐ അന്വേഷണം വേണമെന്ന് പറയാനുള്ള അവസരം എന്തുകൊണ്ട് നഷ്ടപ്പെടുത്തി? ഇതിന് സീനിയര്‍ സ്റ്റാന്‍ഡിങ് കൗണ്‍സലറായ ശ്രീധരന്‍പിള്ള ഉത്തരവാദിയല്ലേ? ഇത് സംഘപരിവാര്‍ നേതൃത്വവും തീവ്രവാദികളും തമ്മിലുള്ള രഹസ്യധാരണയെയല്ലേ സൂചിപ്പിക്കുന്നത്? ഈ ലളിതമായ ചോദ്യങ്ങളെല്ലാം ഹിന്ദു-മുസ്ലിം വര്‍ഗീയവാദികള്‍ തമ്മിലുള്ള അവിശുദ്ധമായ ബാന്ധവത്തിലേക്കാണ് വെളിച്ചംവീശുന്നത്. സാദിഖലി ശിഹാബ് തങ്ങള്‍ മാത്രമല്ല കുഞ്ഞാലിക്കുട്ടിയുടെ രഹസ്യദൂതന്‍ വരെ ശ്രീധരന്‍പിള്ളയെ കണ്ടു! ഇവര്‍ മുട്ടന്റെയും കുട്ടന്റെയും കഥയിലെ ചെന്നായിനെ അനുസ്മരിപ്പിക്കുന്ന രക്തദാഹികളാണ്. എന്നുമാത്രമല്ല, ആപത്തില്‍പെട്ടാല്‍ അവര്‍ പരസ്പരം സഹായിക്കുന്ന കൂട്ടാളികളുമാണ്്! ദാവൂദ് ഇബ്രാഹിമും ബ്രിജ്ഭൂഷണ്‍ ശരണ്‍ദാസുമെന്നപോലെ ശ്രീധരന്‍പിള്ളയും മുസ്ലിം തീവ്രവാദികളും ആപല്‍ഘട്ടങ്ങളില്‍ സഹായികളായി വര്‍ത്തിക്കുന്നതെന്തുകൊണ്ടാണ്? സമസ്ത വര്‍ഗീയവാദികളും രാജ്യാന്തരമായൊഴുകുന്ന മാഫിയാ മൂലധന രാഷ്ട്രീയത്തിന്റെ ജാരസന്തതികളാണ്. വിദേശരാജ്യങ്ങളില്‍നിന്നൊഴുകിയെത്തുന്ന മാഫിയാ മൂലധനത്തിന്റെ വെള്ളവും വളവും വലിച്ചെടുത്താണ് എല്ലാ വര്‍ഗീയ തീവ്രവാദസംഘങ്ങളും ഇവിടെ വളരുന്നത്. ക്രൂരതയെ ജീവിതമൂല്യമാക്കുവാന്‍ പഠിപ്പിക്കുന്ന വര്‍ഗീയശക്തികള്‍ , മധ്യകാലിക ആശയങ്ങളുടെ പുനരുജ്ജീവനത്തിലൂടെ സമൂഹത്തെയാകെ വിഷലിപ്തമാക്കുകയാണ്. ഗോകുല്‍ പ്രസാദിന്റെ സിബിഐ അന്വേഷണമാവശ്യപ്പെട്ടുകൊണ്ടുള്ള കേസിനെ ഹൈക്കോടതിയില്‍ സമര്‍ഥമായി പൊളിച്ച ശ്രീധരന്‍പിള്ള തന്നെയാണ് കലാപത്തില്‍ മക്കള്‍ നഷ്ടപ്പെട്ട ഒരമ്മയെക്കൊണ്ട് സിബിഐ അന്വേഷണമാവശ്യപ്പെട്ട് ഹര്‍ജി കൊടുപ്പിച്ചത്!
പുഷ്പരാജിന്റെയും സന്തോഷിന്റെയും അമ്മ ശ്യാമളദേവിയുടെ കേസില്‍ ശ്രീധരന്‍പിള്ളയുടെ ജൂനിയര്‍മാരായ സി എസ് സുനില്‍ , സി ആര്‍ ശ്രീജിത്ത്, പി ഗോപിനാഥ് എന്നിവരാണ് ഹാജരായത്. വിചിത്രമായൊരു വസ്തുത ഈ കേസില്‍ കേന്ദ്രസര്‍ക്കാരിനെ കക്ഷി ചേര്‍ത്തില്ല എന്നതാണ്. സ്റ്റാന്‍ഡിങ് കൗണ്‍സലായ ശ്രീധരന്‍പിള്ളക്ക് കേസ് വരുമ്പോള്‍ കോടതിയില്‍നിന്ന് മാറിനില്ക്കുവാനാണ് പോലും ഇങ്ങനെ ചെയ്തത്! എങ്ങനെയുണ്ട് ശ്രീധരന്‍പിള്ളയുടെ ബുദ്ധി! ജുഡീഷ്യല്‍ കമീഷന്‍ റിപ്പോര്‍ട്ടിനെ തുടര്‍ന്ന് ഗോകുല്‍ പ്രസാദ് സിബിഐ അന്വേഷണമാവശ്യപ്പെട്ട് വീണ്ടും കോടതിയിലെത്തി. അതിന് പിന്നാലെ ശ്യാമളദേവിയുടെ ഹര്‍ജിയും എത്തി. അപ്പോള്‍ ശ്യാമളദേവിക്ക് വേണ്ടി ശ്രീധരന്‍പിള്ളതന്നെയാണ് ഹാജരായത്. ഈയവസരത്തിലാണ് സി എസ് ബാബു എന്ന ബിജെപി പ്രവര്‍ത്തകന്‍ കേസില്‍ കക്ഷി ചേരാന്‍ താല്പര്യം പ്രകടിപ്പിച്ച് കോടതിയിലെത്തുന്നത്. പൊലീസ് അന്വേഷണം നിര്‍ണായക ഘട്ടത്തിലാണെന്നും ഈ അവസരത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെടുന്നത് യഥാര്‍ഥ പ്രതികളെ രക്ഷിക്കലായിരിക്കുമെന്നുമായിരുന്നു ബാബുവിന്റെ വാദം. ബാബുവിനുവേണ്ടി കോടതിയില്‍ ഹാജരായത് ശ്രീധരന്‍പിള്ളയുടെ ജൂനിയറായ അഡ്വ. ശ്രീകുമാറായിരുന്നു! സീനിയര്‍ വക്കീല്‍ സിബിഐ അന്വേഷണമാവശ്യപ്പെടുന്ന പെറ്റീഷന് വേണ്ടി ഹാജരാവുക. സ്വന്തം ജൂനിയര്‍ വക്കീല്‍ തന്നെ സിബിഐ അന്വേഷണം പാടില്ലെന്ന് പറഞ്ഞ പെറ്റീഷന് വേണ്ടി കോടതിയില്‍ ഹാജരാവുക. ഇതെല്ലാം സിബിഐ അന്വേഷണത്തെ അട്ടിമറിക്കുവാനുള്ള ഗൂഢാലോചനയും വ്യവഹാരാഭ്യാസങ്ങളുമല്ലാതെ മറ്റെന്താണ്? ബ്രിജ്ഭൂഷണ്‍ ശരണ്‍ദാസും ദാവൂദ് ഇബ്രാഹിമും ബിജെപിയുടെ യുപിയില്‍ നിന്നുള്ള എംപിയായിരുന്നു ബ്രിജ്ഭൂഷണ്‍ ശരണ്‍ദാസ്. "93ലെ മുംബൈ സ്ഫോടനത്തിന് ശേഷം ദാവൂദ് സംഘത്തെ ഒളിപ്പിച്ചുവെച്ചത് ഇദ്ദേഹമാണ്. മുംബൈ സ്ഫോടനത്തിന്റെ സൂത്രധാരനെന്ന് ബിജെപി നേതൃത്വം നിരന്തരം ആരോപിച്ച അധോലോകനായകന്റെ അടുത്ത സഹായിയായിരുന്നുപോലും ബ്രിജ്ഭൂഷണ്‍ ശരണ്‍ദാസ്. മുംബൈ സ്ഫോടനം അന്വേഷിച്ച കുറ്റാന്വേഷണ ഉദ്യോഗസ്ഥര്‍ ഇദ്ദേഹത്തിന്റെ ദാവൂദ് ബന്ധവും സ്ഫോടനം നടത്തിയവര്‍ക്ക് ഇദ്ദേഹം ചെയ്തുകൊടുത്ത സഹായങ്ങളും കണ്ടെത്തി.
ടാഡ കോടതി ഇദ്ദേഹത്തിനെതിരെ ജാമ്യമില്ലാ വാറന്റ് അയച്ചതോടെ ബിജെപി നേതൃത്വം വെട്ടിലായി. ബ്രിജ്ഭൂഷണെ സംരക്ഷിക്കുവാന്‍ ബിജെപി നേതൃത്വം കിണഞ്ഞു പരിശ്രമിച്ചു. അതെല്ലാം ദയനീയമായി പൊളിഞ്ഞുപോയതോടെ പാര്‍ലമെന്ററി പാര്‍ടി സെക്രട്ടറി അടല്‍ബിഹാരി വാജ്പേയ്ക്ക് അദ്ദേഹത്തെ സസ്പെന്‍ഡ് ചെയ്യേണ്ടിവന്നു. എന്നാല്‍ അദ്ദേഹത്തിന്റെ ഭാര്യക്ക് പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ ടിക്കറ്റ് നല്‍കി ആദരിച്ചു. ഡല്‍ഹിയിലെ നേതാക്കള്‍ക്ക് പണം കൊടുക്കുന്ന രമേശ് ശര്‍മയും ദാവൂദും തമ്മിലുള്ള ബന്ധമന്വേഷിച്ചാല്‍ ബിജെപി നേതൃത്വത്തിന്റെ ദാവൂദ് ബന്ധത്തിന്റെ ഞെട്ടിപ്പിക്കുന്ന ചുരുളുകളാണ് അഴിയുക. ഇന്ത്യന്‍ ദേശീയതയെക്കുറിച്ചും കശ്മീരിനെ ഇന്ത്യയില്‍നിന്ന് വെട്ടിമുറിക്കുന്ന തീവ്രവാദികള്‍ക്കെതിരെയും വാചകമടിച്ചുകൊണ്ടിരിക്കുന്ന സംഘപരിവാര്‍ നേതാക്കള്‍ കശ്മീര്‍ തീവ്രവാദികള്‍ക്ക്പണമെത്തിച്ചു കൊടുക്കുന്ന ജെയിന്‍ സഹോദരന്മാരില്‍നിന്നും പണം പറ്റുന്ന വിവരമാണല്ലോ ഹവാലകേസിലൂടെ അനാവരണം ചെയ്യപ്പെട്ടത്. അദ്വാനി മുതല്‍ ബിജെപിയുടെ ഉന്നതരെല്ലാം ജെയിന്‍ ഡയറിയില്‍ പേരുള്ളവരായിരുന്നല്ലോ. ജമ്മുകശ്മീര്‍ തീവ്രവാദികള്‍ വാങ്ങിയതിനേക്കാള്‍ എത്രയോ വലിയ തുക ബിജെപിയുടെ ആറ് സീനിയര്‍ നേതാക്കള്‍ കൈപ്പറ്റിയതായി ജെയിന്‍ ഹവാലകേസ് വ്യക്തമാക്കുകയുണ്ടായി. പുറമേക്ക് പാകിസ്ഥാന്‍ വിരോധവും ഐഎസ്ഐ വിരുദ്ധതയുമെല്ലാം പറയുമ്പോഴും ഇത്തരം ദേശവിരുദ്ധ ശക്തികളുടെ പേറോളില്‍ പ്രവര്‍ത്തിക്കുന്നവരാണ് പല സംഘപരിവാര്‍ നേതാക്കളെന്നതാണ് വാസ്തവം. ജെയിന്‍ സഹോദരന്മാര്‍ ബഹുരാഷ്ട്ര കമ്പനികളുടെ മാത്രമല്ല, ഐഎസ്ഐ ഉള്‍പ്പെടെയുള്ള ചാരസംഘടനകളുടെയും പണം ഹവാല വഴി ഇന്ത്യയില്‍ എത്തിച്ച് വിതരണം ചെയ്തിരുന്നവരായിരുന്നു. എന്‍ഡിഎ ഭരണകാലത്ത് പ്രതിരോധമന്ത്രിയുടെ നിര്‍ദേശപ്രകാരം അന്നത്തെ പ്രതിരോധ സെക്രട്ടറി അജിത്കുമാര്‍ മൂന്ന് സേനാവിഭാഗങ്ങള്‍ക്കയച്ച ഒരു സര്‍ക്കുലര്‍ ഔട്ട്ലുക്ക് വാരിക പുറത്തുകൊണ്ടുവന്നു. അത്യന്തം സ്തോഭജനകമായ വിവരങ്ങളായിരുന്നു ആ സര്‍ക്കുലറിന്റെ ഉള്ളടക്കം. അന്തമാന്‍ കടലിലൂടെ ചിറ്റഗോങ്ങിലെ കോക്സ് ബസാറിലേക്ക് ആയുധക്കള്ളക്കടത്ത് നടത്തുന്ന കപ്പലുകളെക്കുറിച്ച് വിവരം കിട്ടിയാലും യാതൊരു നടപടിയും എടുക്കാന്‍ പാടില്ലെന്നായിരുന്നു സര്‍ക്കുലറിലെ നിര്‍ദേശം. ഒരു കാരണവശാലും ആയുധക്കടത്ത് നടത്തുന്ന കപ്പലുകളെ പിടിക്കരുതെന്ന് ചുരുക്കം. കോക്സ് ബസാര്‍ ബംഗ്ലാദേശിലെ ഹുജി ഉള്‍പ്പെടെയുള്ള ഇസ്ലാമിക തീവ്രവാദികളുടെ പ്രധാന താവളപ്രദേശമാണ്. 1998 ജൂലൈ 27നാണ് പ്രതിരോധ സെക്രട്ടറി സേനാവിഭാഗങ്ങള്‍ക്ക് ഇങ്ങനെയൊരു സര്‍ക്കുലര്‍ അയച്ചത്. കംബോഡിയയുടെയും തായ്ലണ്ടിന്റെയും മ്യാന്‍മറിന്റെയും അതിര്‍ത്തി പ്രദേശങ്ങള്‍ - വനമേഖല- ഇന്ന് ലോകത്തിലെ ഏറ്റവും പ്രധാന മയക്കുമരുന്നിന്റെയും ആയുധങ്ങളുടെയും വിപണിയാണ്. ലോകത്തിലെ ഒട്ടുമിക്ക തീവ്രവാദ ഗ്രൂപ്പുകളും അധോലോകസംഘങ്ങളും ഇവിടെനിന്നാണ് ആയുധങ്ങള്‍ വാങ്ങിക്കുന്നതും അതിനായി മയക്കുമരുന്നു കച്ചവടം നടത്തുന്നതും. ഇവിടെനിന്നും എ കെ 47 ഉള്‍പ്പെടെയുള്ള ആയുധങ്ങള്‍ വഹിച്ചുപോകുന്ന കള്ളക്കടത്ത് കപ്പലുകളെ അന്തമാന്‍ കടലിലൂടെ കടന്നുപോകുവാന്‍ അനുവദിക്കണമെന്നാണ് ബിജെപി നേതൃത്വം കൊടുത്ത സര്‍ക്കാര്‍ സേനാവിഭാഗങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയത്.
1998 ഫെബ്രുവരി മാസത്തില്‍ അന്തമാന്‍ കടലില്‍നിന്ന് ഇന്ത്യന്‍സേന ഇത്തരമൊരു ആയുധക്കള്ളക്കടത്ത് കപ്പല്‍ പിടിച്ചു. അതില്‍ ഭീമമായ ആയുധം കണ്ടെത്തുകയും എട്ടുപേരെ അറസ്റ്റു ചെയ്യുകയുമുണ്ടായി. അതേപോലെ പിന്നീട് വരുന്ന കപ്പലുകള്‍ പിടിക്കാതിരിക്കുവാന്‍ വേണ്ടിയാണ് ഉത്തരവെന്നത് വിശദീകരിക്കേണ്ടതില്ലല്ലോ. ഈ ഉത്തരവ് ഇറങ്ങിയതിന്റെ ഫലമായി നിറയെ ആയുധങ്ങളുമായി സഞ്ചരിക്കുന്ന മൂന്ന് കപ്പലുകളെക്കുറിച്ച് വിവരം ലഭിച്ചിട്ടും അവയെ പിടികൂടാന്‍ സേനാവിഭാഗങ്ങള്‍ക്ക് കഴിയാതെപോയി. ഇങ്ങനെ കടത്തപ്പെടുന്ന ആയുധങ്ങളില്‍ സിംഹഭാഗവും വടക്കുകിഴക്കന്‍ മേഖലകളിലെ തീവ്രവാദ സംഘങ്ങള്‍ക്കാണ് ലഭിക്കുന്നത്. നാഗലാന്‍ഡിലും മണിപ്പൂരിലും ത്രിപുരയിലും അസമിലും ബോഡോ മേഖലയിലും പ്രവര്‍ത്തിക്കുന്ന ദേശവിരുദ്ധ ശക്തികളുമായി സംഘപരിവാറിനുള്ള രഹസ്യബന്ധത്തെയാണ് ഈ സംഭവം വെളിച്ചത്ത് കൊണ്ടുവന്നത്. പാകിസ്ഥാനും താലിബാനുമെതിരെ തീതുപ്പുന്ന ബിജെപിക്കാരുടെ തനിനിറമാണ് കാണ്ഡഹാറിലേക്കുള്ള വിമാനറാഞ്ചല്‍ സംഭവത്തോടെ വ്യക്തമാക്കപ്പെട്ടത്.
താലിബാന്റെ ഭീഷണിക്ക് വഴങ്ങി റാഞ്ചികളാവശ്യപ്പെട്ട മൗലാനാ മുഹമ്മദ് അസറിന് പുറമെ അല്‍ -ഉമര്‍ -മുജാഹിദീന്‍ മേധാവിയായ മുഷ്ത്താക് അഹമ്മദ് സര്‍ഗാരിനെയും മറ്റൊരു തീവ്രവാദി നേതാവായ അഹമ്മദ് ഒമര്‍ സയീദ് ഷേക്കിനെയും വിട്ടയച്ചു. വിമാനറാഞ്ചലിന് പിറകില്‍ പ്രവര്‍ത്തിച്ച ഹര്‍ക്കത്ത്-ഉള്‍ -അന്‍സാര്‍ ഉള്‍പ്പെടെയുള്ള ഭീകരസംഘടനകള്‍ ആവശ്യപ്പെട്ടതെല്ലാം ബിജെപി നേതാവായ അന്നത്തെ വിദേശകാര്യമന്ത്രി ജസ്വന്ത്സിങ് സമ്മതിച്ചു കൊടുക്കുകയായിരുന്നു. ഇതെല്ലാം സംശയരഹിതമായി വ്യക്തമാക്കുന്നത് സംഘപരിവാര്‍ രാജ്യദ്രോഹത്തിന്റെ പാതയിലൂടെയാണ് സഞ്ചരിക്കുന്നതെന്നാണ്. തങ്ങള്‍ പരസ്യമായി എതിര്‍ക്കുന്ന എല്ലാവിധ ദേശവിരുദ്ധശക്തികളുമായി ഇക്കൂട്ടര്‍ രഹസ്യമായി ചങ്ങാത്തത്തിലാണെന്ന വസ്തുത ആവര്‍ത്തിച്ചു തെളിയിക്കപ്പെടുകയാണ്.
ആര്‍ എസ് എസ്സായാലും എന്‍ഡിഎഫായാലും അമേരിക്കന്‍ സാമ്രാജ്യത്വ താല്പര്യങ്ങളുടെ കൈയില്‍ കളിക്കുന്ന ദേശദ്രോഹ ശക്തികളാണെന്ന അനിഷേധ്യമായ വസ്തുതയാണ് ആവര്‍ത്തിച്ചു തെളിയിക്കപ്പെട്ടുകൊണ്ടിരിക്കുന്നത്. ഹിന്ദുക്കളെയും മുസ്ലിങ്ങളെയും തമ്മിലടിപ്പിച്ച് സാമ്രാജ്യത്വ താല്പര്യങ്ങള്‍ യഥാവിധി സംരക്ഷിച്ചുപോരുന്ന തീവ്രവാദികളും വര്‍ഗീയവാദികളും ആപത്ഘട്ടങ്ങളില്‍ പരസ്പരം സഹായിച്ചാണ് നാടിനെ അസ്ഥിരീകരിച്ചുകൊണ്ടിരിക്കുന്നത്.ി
*
കെ ടി കുഞ്ഞിക്കണ്ണന്‍ ദേശാഭിമാനി വാരിക 25 സെപ്തംബര്‍ 2011
Subscribe to:
Post Comments (Atom)
1 comment:
മാറാട് കൂട്ടക്കൊലയെക്കുറിച്ചുള്ള സിബിഐ അന്വേഷണം അട്ടിമറിക്കുന്നതില്‍ മുസ്ലിംലീഗ് നേതൃത്വവും ബിജെപി നേതാവ് പി എസ് ശ്രീധരന്‍പിള്ളയും നടത്തിയ നീചമായ ഗൂഢാലോചനയുടെ വിവരങ്ങള്‍ ഇപ്പോള്‍ പുറത്തുവന്നിരിക്കുകയാണല്ലോ. മാറാട് സംഭവങ്ങളെ ഉപയോഗിച്ച് ഭീതിദമായ സമുദായ ധ്രുവീകരണത്തിലേക്ക് കേരളീയ സമൂഹത്തെ തള്ളിവിടാന്‍ ബിജെപിയും മറ്റിതര സംഘപരിവാര്‍ സംഘടനകളും നടത്തിയ വര്‍ഗീയപ്രചാരണങ്ങള്‍ എത്രമാത്രമായിരുന്നു. ഒരുകൂട്ടം ഇസ്ലാമിക തീവ്രവാദികള്‍ നടത്തിയ നിന്ദ്യമായ കൂട്ടക്കൊലയുടെ പേരില്‍ മാറാട് കടപ്പുറത്തുനിന്നും മുസ്ലിം മതവിശ്വാസികളെയാകെ സംഘപരിവാര്‍ സംഘടനകള്‍ അടിച്ചോടിച്ചു. അന്താരാഷ്ട്ര ബന്ധമുള്ള തീവ്രവാദി സംഘടനകളെയും അവരുടെ പ്രാദേശിക രക്ഷാധികാരികളായ മുസ്ലിംലീഗ് നേതൃത്വത്തെയും എതിര്‍ക്കുന്നതിന് പകരം മാറാട് കൂട്ടക്കൊലയെത്തുടര്‍ന്ന് ഭീകരമായ മുസ്ലിംവിരുദ്ധ വികാരം ഇളക്കിവിടാനാണ് ആര്‍ എസ് എസ്സുകാര്‍ ആസൂത്രിതമായി ശ്രമിച്ചത്.
Post a Comment