Friday, September 30, 2011

പലസ്തീന്‍ സ്വപ്നം നീളുമ്പോള്‍

സ്വതന്ത്ര രാഷ്ട്രത്തിനായുള്ള പലസ്തീന്‍ ജനതയുടെ മുറവിളി വീണ്ടും ലോകത്തിന്റെ ശ്രദ്ധയാകര്‍ഷിക്കുകയാണ്. ആറു പതിറ്റാണ്ടിലധികമായി നീതിക്കുവേണ്ടി പോരാടുകയാണ് പലസ്തീന്‍ .അധിനിവേശ ശക്തിയായ ഇസ്രയേലുമായി രണ്ട് പതിറ്റാണ്ടായി പല തലങ്ങളില്‍ ചര്‍ച്ച ചെയ്തു. സഹിക്കാവുന്നതിനപ്പുറം വിട്ടുവീഴ്ചകള്‍ക്ക് വഴങ്ങി. മധ്യസ്ഥവേഷമിട്ട അമേരിക്ക നിരന്തരം ചതിച്ചുകൊണ്ടിരുന്നിട്ടും പലസ്തീന്‍ നേതൃത്വം അവരില്‍ പ്രതീക്ഷ പുലര്‍ത്തിവന്നു. ഒടുവില്‍ മറ്റൊരു ഗതിയുമില്ലാതെ ഐക്യരാഷ്ട്രസഭയെ തന്നെ സമീപിക്കാന്‍ തീരുമാനിച്ചതോടെയാണ് പലസ്തീന്‍ വീണ്ടും ചര്‍ച്ചകളിലിടം പിടിച്ചത്. പലസ്തീനില്‍ 2006ല്‍ നടന്ന പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ ഇസ്ലാമിക കക്ഷിയായ ഹമാസാണ് വിജയിച്ചത്. അടുത്തവര്‍ഷം തന്നെ ഹമാസ് സര്‍ക്കാരിനെ അട്ടിമറിക്കുന്നതില്‍ ഇസ്രയേലും അമേരിക്കയും വിജയിച്ചു. തുടര്‍ന്ന് ഹമാസിന്റെ നേതൃത്വത്തില്‍ ഗാസയിലും പ്രസിഡന്റ് മഹ്മൂദ് അബ്ബാസിന്റെ നേതൃത്വത്തില്‍ വെസ്റ്റ് ബാങ്കിലും വ്യത്യസ്ത പലസ്തീന്‍ ഭരണസംവിധാനങ്ങളാണ് നിലവിലുള്ളത്. അമേരിക്കയുടെ അംഗീകാരമുള്ള അബ്ബാസിന്റെ ഭരണകൂടത്തിനാണ് പൊതുവില്‍ ലോകത്തിന്റെ പിന്തുണ. വെസ്റ്റ് ബാങ്ക് നേതൃത്വത്തെ അംഗീകരിക്കുന്നുവെന്ന പ്രതീതിയുണ്ടാക്കുമ്പോള്‍ തന്നെ അവരെ കൂടുതല്‍ അപ്രസ്കതമാക്കുന്ന നടപടികളാണ് ഇസ്രയേലും പിന്തുണക്കാരും തുടര്‍ന്നുവരുന്നത്. ഈ ഘട്ടത്തിലാണ് അമേരിക്കന്‍ മധ്യസ്ഥതയില്‍ രണ്ട് പതിറ്റാണ്ടായ ചര്‍ച്ചകളില്‍ വിശ്വാസം നഷ്ടപ്പെട്ട് മഹ്മൂദ് അബ്ബാസ് യുഎന്നിനെ സമീപിച്ചത്. അമേരിക്കയുടെയും ഇസ്രയേലിന്റെയും ഭീഷണി അവഗണിച്ച് യുഎന്നിന് അപേക്ഷ നല്‍കിയത് പലസ്തീനില്‍ അബ്ബാസിന്റെ പ്രതിഛായ ഉയര്‍ത്തിയിട്ടുണ്ട്. ഉടന്‍ പ്രഖ്യാപിക്കാനിരിക്കുന്ന തെരഞ്ഞെടുപ്പില്‍ എതിരാളികളായ ഹമാസിനെതിരെ രാഷ്ട്രീയ വിജയത്തിന് ഒരായുധവും അബ്ബാസിന്റെ മനസിലുണ്ടാകാം.

എന്തായാലും സ്വതന്ത്ര രാഷ്ട്ര പദവിക്ക് പലസ്തീന് വെസ്റ്റ് ബാങ്ക് നേതൃത്വം നല്‍കിയ അപേക്ഷ ഇപ്പോള്‍ യുഎന്‍ പരിഗണനയിലാണ്. ഇതില്‍ രക്ഷാസമിതിക്ക് തീരുമാനമെടുക്കാമെങ്കിലും വിഷയം പ്രവേശന കാര്യങ്ങള്‍ക്കുള്ള സ്റ്റാന്റിങ്ങ് കമ്മിറ്റിക്ക് വിട്ടിരിക്കുകയാണ്. അവിടെ വിഷയം വര്‍ഷങ്ങളോളം നീളാമെന്നതിനാല്‍ അമേരിക്കന്‍ താല്‍പര്യപ്രകാരമാണിതെന്ന് വ്യക്തം. പലസ്തീന്‍ പ്രമേയം രക്ഷാസമിതിയില്‍ വീറ്റോ ചെയ്യുമെന്ന് പ്രഖ്യാപിച്ചിട്ടുള്ള അമേരിക്ക തല്‍ക്കാലം അതൊഴിവാക്കി മുഖം രക്ഷിക്കാനാണ് ശ്രമിക്കുന്നതെന്നാണ് സൂചന. അറബ് മേഖലയില്‍ ഇപ്പോള്‍ തന്നെ കടുത്ത എതിര്‍പ്പ് നേരിടുന്ന സാഹചര്യത്തിലാണിത്. ഫലത്തില്‍ പലസ്തീന്റെ അപേക്ഷയില്‍ തീരുമാനമുണ്ടായാല്‍ തന്നെ വര്‍ഷങ്ങളെടുക്കത്തേക്കും. ഇതിനിടെ യുഎന്നില്‍ പലസ്തീന് നിലവിലുള്ള "നിരീക്ഷകപദവി" "നിരീക്ഷക രാഷ്ട്രപദവി"യായി ഉയര്‍ത്തുന്നതിനും സാധ്യതയുണ്ട്. അതും എതിര്‍ക്കുമെന്ന് അമേരിക്ക പറഞ്ഞിട്ടുണ്ടെങ്കിലും ആര്‍ക്കും വീറ്റോ അധികാരമില്ലാത്ത പൊതുസഭയാണ് ആ പദവി നല്‍കേണ്ടതെന്നതിനാല്‍ പലസ്തീന് വന്‍ പിന്തുണ ലഭിക്കും. ഇതേസമയം പലസ്തീനും ഇസ്രയേലും തമ്മില്‍ ഒരുമാസത്തിനകം നിരുപാധികം ചര്‍ച്ചയാരാംഭിക്കണമെന്ന് അമേരിക്ക നിയന്ത്രിക്കുന്ന ചതുര്‍ശക്തികള്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഇസ്രയേല്‍ കുടിയേറ്റ നിര്‍മാണം അവസാനിപ്പിക്കാതെ അവരുമായി ഇനി ചര്‍ച്ചയില്ലെന്നാണ് പലസ്തീന്‍ നിലപാട്.

പിന്‍കുറിപ്പ്: പലസ്തീന്‍ തലസ്ഥാനമാക്കാനിരിക്കുന്ന കിഴക്കന്‍ ജെറുസലെമില്‍ 1100 വീടുകള്‍ കൂടി നിര്‍മിക്കാന്‍ ഇസ്രയേല്‍ സര്‍ക്കാര്‍ ചൊവ്വാഴ്ച അനുമതി നല്‍കി. അവിടെ കുടിയേറ്റങ്ങള്‍ വ്യാപിപ്പിക്കരുതെന്ന ലോകാഭിപ്രായം തള്ളി പലസ്തീന്‍ പ്രദേശത്ത് പുതിയ "ജൂത യാഥാര്‍ത്ഥ്യങ്ങള്‍" സൃഷ്ടിക്കുകയാണ് ഇസ്രയേല്‍ .

പ്രതിക്കൂട്ടില്‍ പാശ്ചാത്യരാഷ്ട്രങ്ങള്‍

യൂറോപ്യന്‍ രാജ്യങ്ങളില്‍ പീഡനത്തിനിരയായ ജൂതന്മാര്‍ക്കുവേണ്ടി 1948ല്‍ ഐക്യരാഷ്ട്രസഭയാണ് ചരിത്രപരമായ പലസ്തീന്‍ ദേശം വെട്ടിമുറിക്കാന്‍ തീരുമാനിച്ചത്. സമ്പന്ന പാശ്ചാത്യരാഷ്ട്രങ്ങളുടെ താല്‍പര്യത്തിന് പലസ്തീനെ വെട്ടിമുറിച്ചപ്പോള്‍ ആ മണ്ണില്‍ നൂറ്റാണ്ടുകളായി കഴിഞ്ഞുവന്ന അറബ് ജനതയ്ക്ക് നീക്കിവച്ചത് 43 ശതമാനം ഭൂമി മാത്രമായിരുന്നു. 56 ശതമാനം ഭൂമി ഇസ്രയേലിന് നീക്കിവച്ചു. ജെറുസലെമും ബെത്ലഹേമും അടക്കം ഒരു ശതമാനം ഭൂമി യുഎന്‍ നിയന്ത്രണത്തില്‍ അന്താരാഷ്ട്ര പ്രദേശമായും വിഭാവന ചെയ്തു. എന്നാല്‍ ഏകപക്ഷീയമായി രാഷ്ട്രം പ്രഖ്യാപിച്ച് ഇസ്രയേല്‍ നിശ്ചിത സമയത്തിന് മുമ്പ് യാഥാര്‍ത്ഥ്യമായി. പലസ്തീന് വേണ്ടി യുഎന്‍ നീക്കിവച്ച പ്രദേശത്തിന്റെ നല്ല പങ്കും തുടര്‍ന്നുണ്ടായ അറബ്-ഇസ്രയേല്‍ യുദ്ധത്തില്‍ ഇസ്രയേല്‍ പിടിച്ചെടുത്തപ്പോള്‍ അവശിഷ്ടപ്രദേശങ്ങള്‍ അറബ് രാജ്യങ്ങളുടെ നിയന്ത്രണത്തിലായി. പലസ്തീന്‍ ജനത അഭയാര്‍ത്ഥികളുമായി. അറബ് രാജ്യങ്ങളുടെ നിയന്ത്രണത്തിലായിരുന്ന പലസ്തീന്‍ പ്രദേശങ്ങളും 67ലെ യുദ്ധത്തില്‍ ഇസ്രയേല്‍ പിടിച്ചെടുത്തതോടെ ചിത്രം പൂര്‍ണമായി. അന്നുമുതല്‍ 44 വര്‍ഷമായി ഇസ്രയേലിന്റെ അധിനിവേശത്തിലാണ് പലസ്തീന്‍ ജനത. ഇതിനെതിരെ രണ്ട് പതിറ്റാണ്ടോളം നീണ്ട സായുധ പോരാട്ടത്തിനൊടുവില്‍ 1988ല്‍ പലസ്തീന്‍ നേതൃത്വം സ്വാതന്ത്ര്യ പ്രഖ്യാപനം നടത്തിയതോടെ ഇന്ത്യയടക്കം ലോകരാജ്യങ്ങളില്‍ പലതും പലസ്തീനെ രാഷ്ട്രമായി അംഗീകരിച്ചു. എന്നാല്‍ അമേരിക്കയടക്കം പാശ്ചാത്യ രാജ്യങ്ങള്‍ അപ്പോഴും പലസ്തീനെ അംഗീകരിച്ചിരുന്നില്ല. യാസര്‍ അറഫാത്തിന്റെ നേതൃത്വത്തില്‍ പലസ്തീന്‍ പോരാളികള്‍ ഇന്തിഫാദ പ്രഖ്യാപിച്ച് സ്വാതന്ത്ര്യ പ്രക്ഷോഭം ശക്തമാക്കിയതോടെ അവരുമായി ചര്‍ച്ചയ്ക്ക് ഇസ്രയേലിനെ പ്രേരിപ്പിക്കാന്‍ പാശ്ചാത്യ രാജ്യങ്ങള്‍ നിര്‍ബന്ധിതമായി.

അങ്ങനെ 1991ല്‍ മാഡ്രിഡില്‍ ആരംഭിച്ച ചര്‍ച്ചകളും തുടര്‍ന്ന് 93ലെ ഓസ്ലോ കരാറും സമീപകാല ചരിത്രം. പലസ്തീന്‍ ജനതയോട് അമേരിക്ക ചെയ്ത വലിയ ചതിയായിരുന്ന ഓസ്ലോ കരാറെന്ന് തെളിയാന്‍ കാലം ഏറെ വേണ്ടിവന്നില്ല. പഴയ പലസ്തീനിന്റെ 22 ശതമാനം ഭൂമി മാത്രമാണ് ഓസ്ലോ കരാറനസരിച്ച് അവര്‍ക്ക് നീക്കിവച്ചത്. അതായത് 67ലെ യുദ്ധത്തില്‍ ഇസ്രയേല്‍ പിടിച്ചെടുത്ത പ്രദേശങ്ങള്‍ മാത്രം. 99 മെയ് മാസത്തോടെ സമഗ്ര ധാരണയിലെത്താനുള്ള തീരുമാനത്തോടെയാണ് ഓസ്ലോ കരാറില്‍ പലസ്തീന് സ്വയംഭരണാധികാരം നല്‍കിയത്. എന്നാല്‍ ഈ പ്രദേശങ്ങളും കയ്യടക്കാന്‍ ഇസ്രയേല്‍ ജൂത കുടിയേറ്റങ്ങള്‍ വ്യാപിപ്പിക്കുന്നതും സമാധാന ചര്‍ച്ചകള്‍ അനന്തമായി നീട്ടി അപ്രസക്തമാക്കുന്നതുമാണ് ലോകം പിന്നെ കണ്ടത്. സമാധാനവും സ്വാതന്ത്ര്യവും സ്വപ്നം കണ്ട്അമേരിക്കന്‍ പ്രേരണയ്ക്ക് വഴങ്ങി ചര്‍ച്ചകളില്‍ കൂടുതല്‍ വിട്ടുവീഴ്ചകള്‍ ചെയ്ത പലസ്തീന്‍ നേതൃത്വത്തിനെതിരെ നാട്ടിലുയര്‍ന്ന വികാരം ഇസ്ലാമിക ശക്തികളെ ശക്തിപ്പെടുത്തിയപ്പോള്‍ അത് മറയാക്കിയായി അമേരിക്കയുടെയും ഇസ്രയേലിന്റെയും കള്ളക്കളികള്‍ . പലസ്തീന്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ വിജയിച്ച ഹമാസിനെ ഭരിക്കാന്‍ അനുവദിക്കാതെ അട്ടിമറി പ്രോത്സാഹിപ്പിക്കുകയാണ് അവ ചെയ്തത്. യുഎന്‍ അറബ്രാഷ്ട്രത്തിന് അനുവദിച്ച ഭൂമിയില്‍ പകുതിയും ഇസ്രയേല്‍ കയ്യടക്കിയതോടെ ഭൂമിശാസ്ത്രപരമായി പരസ്പര ബന്ധമില്ലാതെ രണ്ട് തുണ്ടമായ പലസ്തീനെ പ്രസിഡന്റ് മഹ്മൂദ് അബ്ബാസിന്റെ കീഴില്‍ വെസ്റ്റ്ബാങ്കും ഹമാസിന്റെ കീഴില്‍ ഗാസയും എന്ന നിലയില്‍ ഭരണപരമായും ഭിന്നിപ്പിക്കുന്നതില്‍ ഇസ്രയേലും പാശ്ചാത്യ ശക്തികളും വിജയിച്ചു.

*
എ ശ്യാം ദേശാഭിമാനി

1 comment:

വര്‍ക്കേഴ്സ് ഫോറം said...

സ്വതന്ത്ര രാഷ്ട്രത്തിനായുള്ള പലസ്തീന്‍ ജനതയുടെ മുറവിളി വീണ്ടും ലോകത്തിന്റെ ശ്രദ്ധയാകര്‍ഷിക്കുകയാണ്. ആറു പതിറ്റാണ്ടിലധികമായി നീതിക്കുവേണ്ടി പോരാടുകയാണ് പലസ്തീന്‍ .അധിനിവേശ ശക്തിയായ ഇസ്രയേലുമായി രണ്ട് പതിറ്റാണ്ടായി പല തലങ്ങളില്‍ ചര്‍ച്ച ചെയ്തു. സഹിക്കാവുന്നതിനപ്പുറം വിട്ടുവീഴ്ചകള്‍ക്ക് വഴങ്ങി. മധ്യസ്ഥവേഷമിട്ട അമേരിക്ക നിരന്തരം ചതിച്ചുകൊണ്ടിരുന്നിട്ടും പലസ്തീന്‍ നേതൃത്വം അവരില്‍ പ്രതീക്ഷ പുലര്‍ത്തിവന്നു. ഒടുവില്‍ മറ്റൊരു ഗതിയുമില്ലാതെ ഐക്യരാഷ്ട്രസഭയെ തന്നെ സമീപിക്കാന്‍ തീരുമാനിച്ചതോടെയാണ് പലസ്തീന്‍ വീണ്ടും ചര്‍ച്ചകളിലിടം പിടിച്ചത്.