Sunday, September 18, 2011

ചില ചില്ലറക്കാര്യങ്ങള്‍

കര്‍ക്കട മാസത്തില്‍ കാടുപിടിച്ച മുറ്റം വെടിപ്പാക്കുകയായിരുന്നു. കൈക്കോട്ട് ഏതോ ലോഹക്കഷണത്തില്‍ തട്ടി ശബ്ദിച്ചപ്പോള്‍ കിളയ്ക്കല്‍ നിര്‍ത്തി. പഴയ ഒരു നാണയമാണെന്നു തോന്നി. കൈക്കോട്ട് മാറ്റിവെച്ച് നാണയം കുനിഞ്ഞെടുത്തു. മണ്ണു മുഴുവന്‍ തുടച്ചുനീക്കിയപ്പോള്‍ അതില്‍ '10' എന്നു തെളിഞ്ഞുകണ്ടു. പഴയ പത്തുപൈസയാണ്. നിക്കലും പിച്ചളയും കൂട്ടി ഉണ്ടാക്കിയ നാണയം.

പത്തുപൈസാ നാണയത്തിന് പല അവതാരങ്ങളുമുണ്ടായിട്ടുണ്ട്. പണ്ടത്തെ ഒരണയുടെ അതേ രൂപത്തോടെയാണ് പത്തുപൈസ വന്നത്. വക്കുകളില്‍ അതേ ഞൊറിവുകളോടു കൂടി. അതേ ഭംഗിയോടെ. അതേ തിളക്കത്തോടെ. അതേ ലോഹക്കൂട്ടുകളോടെ. അലൂമിനിയം ഉപയോഗിച്ചുതുടങ്ങിയപ്പോള്‍ പുതിയ നാണയം വന്നു. പിന്നീട് ഒരണയുടെ വലിപ്പം ഉപേക്ഷിച്ച് അതിലും ചെറിയ രൂപത്തിലും വന്നു. പത്തുപൈസയുടെ മൂല്യം കുറയുകയാണ് എന്ന സൂചന അതില്‍ത്തന്നെയുണ്ടായിരുന്നു.

ഈ നൂറ്റാണ്ടിന്റെ തുടക്കത്തിലോ മറ്റോ അവ പിന്‍വലിയ്ക്കുകയും ചെയ്തു. ഇരുപതു പൈസയുടേയും മൂന്നു പൈസയുടേയും നാണയങ്ങള്‍ ഉണ്ടായിരുന്നു. ആറ് അരികുകളുള്ള അവ എപ്പോഴോ പിന്‍വലിച്ചു. പിന്നെയായിരുന്നു അഞ്ചുപൈസയുടേയും പത്തുപൈസയുടേയും ഊഴം. ഏതു വര്‍ഷമാണെന്ന് കൃത്യമായി ഓര്‍മ്മയില്ല. വലിയ പഴക്കമൊന്നുമില്ലെങ്കില്‍ നാണയശേഖരക്കാര്‍ക്കു പോലും വേണ്ടാത്ത അശ്രീകരമാണ് പിന്‍വലിയ്ക്കപ്പെട്ട നാണയങ്ങള്‍. പഴയ കാലം ഓര്‍മ്മിച്ചുകൊണ്ട് ആര്‍ക്കും വേണ്ടാത്ത ഒരു ജീവിതം. ഏറ്റവുമൊടുവില്‍ ആ ശൃംഖലയില്‍ ഇരുപത്തഞ്ചുപൈസാനാണയം കൂടി ചേര്‍ന്നിരിയ്ക്കുന്നു. ഇക്കഴിഞ്ഞ ജൂണ്‍ 29നായിരുന്നു അത് പിന്‍വലിയ്ക്കപ്പെട്ടത്.

ഇരുപത്തഞ്ചുപൈസ വലിയ ഒരു സംഖ്യയായിരുന്നു എനിയ്ക്ക് ഒരു കാലത്ത്. അന്നത് പൈസയായിരുന്നില്ല. നാലണയായിരുന്നു. അടുത്തുള്ള കരോളില്‍ എളമണ്ണിന്റെ ഇല്ലത്ത് എല്ലാ തിരുവോണനാളിലും ഊട്ട് ഉണ്ടായിരുന്നു. തിരുവോണോട്ട് എന്നായിരുന്നു അതിനു പേര്. രാവിലെ ആറുമണിയോടെ അവിടെയെത്തണം. ഊണു കഴിയ്ക്കുക എന്നതാണ് ആകെയുള്ള ധര്‍മ്മം. അവിടുത്തെ അമ്മ ആവി പറക്കുന്ന ചോറും മോരൊഴിച്ച കൂട്ടാനും വിളമ്പിത്തരും. കാച്ചിയ പപ്പടവുമുണ്ടാവും. പിന്നെ ശ്രീലകത്തേയ്ക്കു വിളിച്ച് ഒരു പലകയിട്ടു തരും. അമ്മ എതിരെയുള്ള പലകയിലിരിയ്ക്കും. നിറച്ച ശര്‍ക്കര വെള്ളത്തില്‍ നാലണയുടെ നാണയമിട്ട ഒരു കുട്ടിപ്പാനി (വളരെ ചെറിയ ഒരു മണ്‍കലം) മുമ്പില്‍ വെയ്ക്കും. അതുവാങ്ങി അവരുടെ തലയില്‍ കൈവെച്ച് അനുഗ്രഹിയ്ക്കുക. പിന്നെ ആ കുട്ടിപ്പാനിയും കൊണ്ട് തിരിച്ചുനടക്കും. അപ്പോഴേയ്ക്കും സ്‌കൂളില്‍പ്പോവാനുള്ള സമയം ആയിട്ടുണ്ടാവും.

ആ നാലണ ഒരു നിധി പോലെയായിരുന്നു. സ്വന്തം ആവശ്യങ്ങള്‍ക്കുള്ള പോക്കറ്റ് മണി. ഒരു മാസത്തേയ്ക്ക് നാലണ സമൃദ്ധമായിരുന്നു. ഉപനയനം കഴിഞ്ഞാല്‍പ്പിന്നെ അതിനുള്ള യോഗ്യത നഷ്ടപ്പെടും. നാലണ കൊണ്ട് പലതും സാധിച്ചിരുന്ന കാലമായിരുന്നു. അത്ര തന്നെയായിരുന്നു അക്കാലത്ത് മുടിവെട്ടാനുള്ള കൂലിയും.

ഒരു പറ നെല്ലുകുത്താന്‍ അക്കാലത്ത് നാലണയായിരുന്നു കൂലി. ഇന്ന് നാണയങ്ങള്‍ ധര്‍മ്മക്കാര്‍ക്കു പോലും വേണ്ടെന്നായിട്ടുണ്ടെങ്കിലും അതിന് മൂല്യക്കൂടുതലുള്ള നോട്ടുകളേക്കാള്‍ മൂല്യം കല്‍പ്പിയ്ക്കപ്പെടുന്നുണ്ട്. എന്തു മംഗളമുഹൂര്‍ത്തത്തിനും നാണയങ്ങള്‍ അനിവാര്യമാണ്. അതിന് അതിന്റേതായ പരിശുദ്ധിയുണ്ട്. പവിത്രതയുണ്ട്. ഭംഗിയുണ്ട്. വി കെ ഗോവിന്ദന്‍ നായരുടെ ഒറ്റശ്ലോകങ്ങളെ ഒറ്റ രൂപയുടെ തിളക്കവും മുഴക്കവുമുള്ളത് എന്ന് എന്‍ വി കൃഷ്ണവാരിയര്‍ വിശേഷിപ്പിച്ചത് ഓര്‍മ്മ വരുന്നു.

നാണയങ്ങളുടെ കിലുക്കം ചിലരെയെങ്കിലും ഹരം പിടിപ്പിച്ചിരുന്നു. ബോംബെയില്‍ ജോലിയെടുത്തിരുന്ന കാലത്ത് എന്റെ ബോസ്സ് തന്റെ സഫാരി സൂട്ടിന്റെ കീശയില്‍ ചില്ലറ നാണയങ്ങള്‍ ഇടുമായിരുന്നു. കീശയില്‍ കയ്യിട്ട് അത് കിലുക്കിക്കൊണ്ടുനടക്കുന്നത് അദ്ദേഹത്തിന്റെ വിനോദമായിരുന്നു. ലക്ഷക്കണക്കിന് ആസ്തിയുള്ള അദ്ദേഹത്തിന് ഈ ചില്ലറയില്‍ ഇത്ര കമ്പം തോന്നാന്‍ എന്താണ് കാര്യമെന്ന് ഞാന്‍ അത്ഭുതപ്പെടാറുണ്ടായിരുന്നു.

എന്റെ കുട്ടിക്കാലത്ത് കാലണ എന്നൊരു നാണയവും ഉണ്ടായിരുന്നു. 'കാലണയ്ക്കു കൊള്ളാത്തവന്‍' എന്ന ഒരു ചൊല്ലുതന്നെയുണ്ടായിരുന്നു. കാലണയ്ക്ക് ഒന്നര പൈസയുടെ മൂല്യമായിരുന്നു. ചെമ്പുകൊണ്ടുള്ളതായിരുന്നു കാലണ. രൂപം കൊണ്ട് അത് മറ്റു നാണയങ്ങളില്‍നിന്ന് വേറിട്ടുനിന്നു. നടുക്ക് ഓട്ടയുള്ളതുകൊണ്ട് 'ഓട്ടക്കാലണ' എന്നായിരുന്നു വിളിപ്പേര്.

കാലണ വൈകാതെ പിന്‍വലിയ്ക്കപ്പെട്ടു. രാജ്യം ഉറുപ്പിക-അണ-പൈസ (ക. ണ. സ.) എന്ന രീതി ഉപേക്ഷിച്ചതുകൊണ്ടായിരുന്നു അത്. (വല്ലാതെ പിശുക്കുള്ളവരെ 'കണസക്കാര്‍' എന്നു വിളിച്ചിരുന്നു.) അതോടെ ഒരണ, രണ്ടണ മുതലായ നാണയങ്ങളും ഇല്ലാതായി. നാലണയും എട്ടണയും അപ്പോഴും നിലനിന്നു. അവ യഥാക്രമം ഇരുപത്തഞ്ചുപൈസയും അമ്പതുപൈസയുമായി മാറി. ഒരു പൈസ, രണ്ടു പൈസ, മൂന്നു പൈസ, അഞ്ചു പൈസ, പത്തു പൈസ, ഇരുപതു പൈസ തുടങ്ങിയ പുതിയ നാണയങ്ങള്‍ നിലവില്‍ വന്നു. 'കാലണയ്ക്കു കൊള്ളാത്തവന്‍' എന്നതിനു പകരം 'പത്തുപൈസയ്ക്ക് ഗുണമില്ലാത്തവന്‍' എന്നായി ചൊല്ല്. അത്ര മിടുക്കനല്ലാത്തവന് 'പത്തുപൈസയുടെ കുറവുണ്ട്' എന്ന ചൊല്ലുമുണ്ടായി പില്‍ക്കാലത്ത്.

ഒരു പൈസയും രണ്ടു പൈസയും മൂന്നു പൈസയും ഇരുപതു പൈസയും അധികകാലം നിലനിന്നില്ല. വിലക്കയറ്റത്തിന്റെ കുത്തൊഴുക്കില്‍ അവ ഒലിച്ചുപോയി. അഞ്ച്, പത്ത് എന്നീ നാണയങ്ങളും പിന്‍വലിയ്ക്കപ്പെട്ടു. ഇപ്പോഴിതാ, മൂന്നു മാസം മുമ്പ് ഇരുപത്തഞ്ചു പൈസയും വിടവാങ്ങി.

രണ്ടു മാസം മുമ്പ് തലസ്ഥാനത്ത് ഒരു നിരാഹാരസമരം നടന്നു. കള്ളപ്പണത്തിനെതിരെ എന്ന് അവകാശപ്പെട്ടിരുന്ന ആ സമരം ബാബാ രാംദേവ് എന്ന മനുഷ്യന്‍ സംഘടിപ്പിച്ചതായിരുന്നു. കേന്ദ്രസര്‍ക്കാര്‍ കാണിച്ച മണ്ടത്തരങ്ങളേപ്പോലും മറികടന്ന് ആ സമരം പൊളിഞ്ഞുപോയി. ബാബാ രാംദേവിന്റെ ആവശ്യങ്ങളിലൊന്ന് കള്ളപ്പണം കണ്ടെത്തുക എന്നതായിരുന്നു. അതിലേയ്ക്കുള്ള വഴിയായി അയാള്‍ നിര്‍ദ്ദേശിച്ചത് അഞ്ഞൂറിന്റേയും ആയിരത്തിന്റേയും നോട്ടുകള്‍ പിന്‍വലിയ്ക്കലായിരുന്നു.

ഇപ്പോഴിതാ വാര്‍ത്ത വന്നിരിയ്ക്കുന്നു: സര്‍ക്കാര്‍ ആയിരം രൂപയുടെ നാണയങ്ങള്‍ ഇറക്കുന്നു. ഇടയ്‌ക്കെപ്പോഴൊക്കെയോ ആയി അമ്പതിന്റേയും നൂറിന്റേയുമൊക്കെ നാണയങ്ങള്‍ ഇറങ്ങിയിരുന്നു. അവയൊക്കെ പക്ഷേ ചില ഓര്‍മ്മകളെ അടയാളപ്പെടുത്താന്‍ വേണ്ടിയുള്ളതായിരുന്നു. ആയിരത്തിന്റെ ഈ പുതിയ നാണയം ക്രയവിക്രയത്തിന് ഉദ്ദേശിച്ചുകൊണ്ടുള്ളതുതന്നെയാണത്രേ. കീശയിലെ നാണയം കിലുക്കി നടന്നിരുന്ന ബോസ്സ് ഇപ്പോള്‍ മരിച്ചുപോയിക്കാണണം. അല്ലെങ്കില്‍ അദ്ദേഹത്തിന്റെ സൂട്ടിന്റെ കീശയില്‍ ഇപ്പോള്‍ ആയിരം രൂപാനാണയങ്ങള്‍ കിടന്നു കിലുങ്ങിയേനെ എന്നു തീര്‍ച്ചയാണ്. ഐശ്വര്യം പൈസയില്‍നിന്ന് എത്രയോ ഉയരത്തില്‍ എത്തിനില്‍ക്കുകയാണല്ലോ.

കയ്യിലെ പത്തുപൈസത്തുട്ടിലേയ്ക്ക് ഞാന്‍ വീണ്ടും നോക്കി. ഒരു കാലത്തെ ഐശ്വര്യമായിരുന്നു ഈ നാണയം. കയ്യില്‍ക്കിട്ടുമ്പോള്‍ കണ്ണില്‍ത്തൊട്ട് സൂക്ഷിച്ചുവെച്ചിരുന്ന ധനം. ഒരു നേരത്തെ ചായ. തല്‍ക്കാലത്തെ വിശപ്പടക്കാന്‍ ഒരു വട. ഇപ്പോള്‍ നിറവും വിലയും കെട്ടുവെങ്കിലും ഒരു കാലത്ത് ദൈവത്തിന്റെ അവതാരമായിരുന്നു ഈ നാണയവും.

എടുത്തുവെയ്ക്കണോ വലിച്ചെറിയണോ? എടുത്തുവെച്ചിട്ടെന്താണ്? അതേ സമയം വലിച്ചെറിയാനും മടി തോന്നി. മണ്ണില്‍നിന്ന് ശബ്ദം കേള്‍പ്പിച്ച് എന്റെ കയ്യിലേയ്ക്കു വന്നത് മണ്ണിലേയ്ക്കു തിരിച്ചുപോവാന്‍ വേണ്ടിയാവില്ല. കുടിയ്ക്കാന്‍ വെച്ച വെള്ളമെടുത്ത് നാണയം നല്ലവണ്ണം കഴുകി ഞാന്‍ തിണ്ണയിലേയ്ക്കു വെച്ചു.


****


വിചാരം/അഷ്ടമൂര്‍ത്തി, കടപ്പാട് : ജനയുഗം

No comments: