ഭരണഘടന അനുശാസിക്കുന്ന സ്ത്രീ സമത്വം അട്ടിമറിക്കുന്ന സംഭവങ്ങള്‍ രാജ്യമെമ്പാടും അരങ്ങേറുന്നു. കേരളത്തിലെ സ്ഥിതിയും ആശങ്കാജനകമാണ്. ഞെട്ടിപ്പിക്കുന്ന സ്ത്രീ പീഡന സംഭവങ്ങള്‍ അനുദിനം ആവര്‍ത്തിക്കപ്പെടുന്നു. സ്ത്രീകള്‍ക്കെതിരായ കടന്നാക്രമണങ്ങള്‍ അപമാനകരമാംവിധം പെരുകുന്നു. 2011 ജനുവരി മുതല്‍ ജൂണ്‍ വരെയുള്ള ആറു മാസക്കാലയളവില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള മാനഭംഗക്കേസുകളുടെ എണ്ണം 546 ആണ്. 2010 നേക്കാള്‍ ഇരട്ടിയോളം വര്‍ധനവാണ് രജിസ്റ്റര്‍ ചെയ്ത മാനഭംഗക്കേസുകളുടെ എണ്ണത്തില്‍ സംസ്ഥാനത്ത് ഉണ്ടായിരിക്കുന്നത്. ഇത്തരം കേസുകളില്‍ ബഹുഭൂരിപക്ഷവും രജിസ്റ്റര്‍ ചെയ്യാതെ പോകുന്നു എന്നതാണ് യാഥാര്‍ഥ്യം.
ദാരുണവും നീചവും ആയ കടന്നാക്രമണങ്ങള്‍ക്ക് സ്വന്തം വീടുകളില്‍ തന്നെ അവര്‍ വിധേയരാക്കപ്പെടുന്നു. സ്ത്രീക്ക് സുരക്ഷ ഉറപ്പാക്കേണ്ട അച്ഛന്‍, സഹോദരന്‍ പുരുഷന്മാരായ ഉറ്റവര്‍ ഇവരില്‍ നിന്നുപോലും പലപ്പോഴും പൈശാചിക കടന്നാക്രമണം ഉണ്ടാകുന്നു. സ്ത്രീധനത്തിന്റെയും സ്വത്തിന്റെയും പേരിലുള്ള അതിക്രമങ്ങള്‍ക്ക് പുറമെയാണ് ഈ ക്രൂരതകള്‍. സ്വന്തം മാതാപിതാക്കള്‍പോലും പണംപറ്റി മകളെ മാംസക്കമ്പോളത്തില്‍ വിലപേശിവില്‍ക്കുന്ന ദാരുണ സംഭവങ്ങളും ഏറിവരുന്നു. പൊതുസ്ഥലങ്ങളിലും ഓടുന്ന വാഹനങ്ങളിലും സ്ത്രീ അതിക്രമങ്ങള്‍ക്കിരയാകുന്നു. നമ്മുടെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പോലും പെണ്‍കുട്ടികള്‍ സുരക്ഷിതരല്ല. സിനിമാ - സീരിയല്‍ മോഹം നല്‍കി പെണ്‍കുട്ടികളുടെ ചാരിത്ര്യം നശിപ്പിക്കുന്ന സംഭവങ്ങളും ഏറെ. പ്രണയം നടിച്ച് വശത്താക്കി വഞ്ചിക്കുന്ന പ്രവണത കൂടിക്കൂടിവരുന്നു. തൊഴിലിടങ്ങള്‍ കേന്ദ്രീകരിച്ചുള്ള ലൈംഗിക ചൂഷണവും നടക്കുന്നു. ഡോക്ടറുടെ പരിശോധനാമുറിയിലും ആശുപത്രിക്കിടക്കയിലും ശസ്ത്രക്രിയാമുറിയില്‍പോലും കാമാസക്തരായ കാട്ടാളര്‍ പതിയിരിക്കുന്നതായി ആനുകാലിക സംഭവങ്ങള്‍ വെളിപ്പെടുത്തുന്നു. അവിവാഹിതരായ ആദിവാസി പെണ്‍കുട്ടികള്‍ അമ്മമാരാകുന്ന പ്രവണത വര്‍ധിച്ചുവരുന്നു.
സ്ത്രീകള്‍ക്കെതിരായ കടന്നാക്രമണങ്ങളില്‍ അവളെ രക്ഷിക്കുന്നതിനും ആവശ്യമായ സഹായങ്ങള്‍ ഉറപ്പാക്കുന്നതിനും മുന്‍നിന്നു പ്രവര്‍ത്തിക്കേണ്ടവരാണ് ഉത്തരവാദിത്തമുള്ള രാഷ്ട്രീയ നേതാക്കന്‍മാരും ബഹുജനസംഘടനാ നേതാക്കളും. എന്നാല്‍ ഇത്തരം സംഘടനകളുടെ കണ്ണായ സ്ഥാനത്തിരിക്കുന്നവരും ഇന്ന് ലൈംഗിക കുറ്റാരോപണവിധേയരാകുന്നു.
നിയമങ്ങളുടെ അഭാവമല്ല സ്ത്രീസുരക്ഷ ഇന്ന് നേരിടുന്ന വെല്ലുവിളി. മറിച്ച് ആ നിയമങ്ങളിലെ വ്യവസ്ഥകള്‍ പ്രാവര്‍ത്തികമാക്കാനാകുന്നില്ല എന്നതാണ്. ഏട്ടിലെ പശുവായി നിലനില്‍ക്കുന്ന നിയമവ്യവസ്ഥകളെ ജീവന്‍ വയ്പ്പിക്കാനാകണം. എന്നാലെ സ്ത്രീകളെ മാനഭംഗം ചെയ്യുകയും അവര്‍ക്കെതിരായ അതിക്രമങ്ങള്‍ നടത്തുകയും ചെയ്യുന്നവര്‍ക്ക് ഉചിതമായ ശിക്ഷ നല്‍കുവാന്‍ സാധിക്കുകയുള്ളു.
ആനുകാലിക സ്ത്രീസമൂഹം നിലനില്‍പ്പിനുവേണ്ടിയുള്ള യജ്ഞത്തിലാണ്. ജനസംഖ്യയില്‍ സ്ത്രീകളുടെ എണ്ണം കുറഞ്ഞുവരുന്നു. സ്വാതന്ത്ര്യാനന്തര ഭാരതത്തില്‍ സ്ത്രീജനങ്ങളുടെ എണ്ണം ഏറ്റവും കുറഞ്ഞ കാലയളവിലാണ് നാം ജീവിക്കുന്നത്. 2011 സെന്‍സസ് പ്രകാരം ഇന്ത്യയിലെ സ്ത്രീ-പുരുഷ അനുപാതം ആയിരം പുരുഷന്‍മാര്‍ക്ക് 914 സ്ത്രീ എന്നതാണ്. 2001 സെന്‍സസില്‍ ഇത് 1000 : 927 എന്ന നിലയില്‍ ആയിരുന്നു. കേരളത്തില്‍ പുരുഷന്‍മാരേക്കാള്‍ അംഗബലം സ്ത്രീകള്‍ക്കുതന്നെ. എന്നിരുന്നാലും ആറു വയസിനു താഴെയുള്ള കുട്ടികളുടെ ആണ്‍-പെണ്‍ അനുപാതം പരിശോധിച്ചാല്‍ പെണ്‍കുട്ടികളുടെ എണ്ണത്തില്‍ വന്‍ ഇടിവുണ്ടാകുന്നതായി കാണാം. ഭ്രൂണാവസ്ഥയില്‍ തന്നെ പെണ്‍കുഞ്ഞിന്റെ മുന്നില്‍ ജീവിതവാതായനങ്ങള്‍ കൊട്ടിയടയ്ക്കപ്പെടുന്നു. ഗര്‍ഭാശയത്തിനകത്തു നടക്കുന്ന ഈ കൂട്ടക്കുരുതി രഹസ്യമായും ഒട്ടൊക്കെ പരസ്യമായും വ്യാപകമാകുന്നു. പെണ്‍കുഞ്ഞുങ്ങളെ പിറവിയെടുക്കാനനുവദിക്കുന്ന മാനസികാവസ്ഥയിലേയ്ക്ക് രക്ഷിതാക്കളെ കൊണ്ടുവരണം. മകളെ ബാധ്യതയായി കാണുന്ന സ്ഥിതിവിശേഷത്തിനറുതി വരുത്തണം. കേരളത്തില്‍ ഇന്നു കാണുന്ന ആര്‍ഭാട വിവാഹത്തോടുള്ള ആസക്തി ഇല്ലാതാക്കണം. സാധാരണക്കാരനെ വെല്ലുവിളിച്ചുകൊണ്ട് കള്ളപ്പണത്തിന്റെയും അവിഹിത സമ്പത്തിന്റെയും ധൂര്‍ത്തിന്റെയും സ്വാധീനത്തിന്റെയും പരസ്യപ്രകടനമായി മാറുന്ന ആര്‍ഭാടവിവാഹങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കാനുള്ള ആര്‍ജവം ഭരണാധികാരികള്‍ കാട്ടണം. സ്വഭവനങ്ങളില്‍ ഇത്തരം ചടങ്ങുകള്‍ നടത്തുമ്പോള്‍ മാതൃക കാട്ടണം. സാമൂഹ്യരാഷ്ട്രീയ ജീവിതത്തിന്റെ ചുക്കാന്‍പിടിക്കുന്നവരും ഇക്കാര്യം പരിഗണിക്കേണ്ടതുണ്ട്. വനിതാ സംഘടനാ നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കും ഇതില്‍ പ്രത്യേക ഉത്തരവാദിത്തം ഉണ്ട്.
രാഷ്ട്രം രൂക്ഷമായ വിലവര്‍ധനവിനെ നേരിടുന്നു. ഇതിന്റെ കെടുതി ഏറ്റവും അധികം സ്ത്രീകളെയാണ് ബാധിക്കുന്നത്. ലക്ഷക്കണക്കിനു സ്ത്രീ തൊഴിലാളികള്‍ പണിയെടുക്കുന്ന കേരളത്തിലെ പരമ്പരാഗത വ്യവസായമേഖല പാടെ അവഗണിക്കപ്പെട്ടിരിക്കുന്നു. കേന്ദ്ര-കേരള ജനവിരുദ്ധ ഭരണാധികാരികളെ നേര്‍വഴി നടത്തുന്നതിനായുള്ള ജനകീയ പ്രക്ഷോഭങ്ങളില്‍ സ്ത്രീകള്‍ മുന്നിട്ടിറങ്ങണം.
സ്ത്രീശാക്തീകരണം സാമൂഹ്യജീവിതത്തിന്റെ വിവിധമേഖലകളില്‍ സാധ്യമാക്കുന്നതിന് അധികാര പങ്കാളിത്തം അനുപേക്ഷണീയമാണ്. അതിനായി രാജ്യത്തിന്റെ പാര്‍ലമെന്റിലും വിവിധ സംസ്ഥാന നിയമസഭകളിലും അര്‍ഹമായ വനിതാ പ്രാതിനിധ്യം ഉറപ്പുവരുത്തണം. തിരഞ്ഞെടുപ്പുവേളകളില്‍ സ്ത്രീ വോട്ടര്‍മാരെ സ്വാധീനിക്കുന്നതിനുള്ള ഒരുപാധിയായി മാത്രം ഭരണാധികാരികള്‍ വനിതാ സംവരണ നിയമത്തെ കാണുന്നു. നൂറുദിന കര്‍മപരിപാടിയില്‍ ഉള്‍പ്പെടുത്തി നടപ്പാക്കാം എന്ന് പ്രധാനമന്ത്രി നല്‍കിയ ഉറപ്പ് കാറ്റില്‍ പറത്തിയിരിക്കുന്നു. നിയമം നടപ്പാക്കുന്നതിനായുള്ള ശക്തമായ സ്ത്രീ മുന്നേറ്റം അനിവാര്യമാണ്. ഈ മുന്നേറ്റത്തിന് ആവശ്യമായ തയ്യാറെടുപ്പിലാണ് കേരള മഹിളാ സംഘം.
*
ആര്‍ ലതാദേവി ജനയുഗം 04 സെപ്തംബര്‍ 2011
Subscribe to:
Post Comments (Atom)
1 comment:
ഭരണഘടന അനുശാസിക്കുന്ന സ്ത്രീ സമത്വം അട്ടിമറിക്കുന്ന സംഭവങ്ങള്‍ രാജ്യമെമ്പാടും അരങ്ങേറുന്നു. കേരളത്തിലെ സ്ഥിതിയും ആശങ്കാജനകമാണ്. ഞെട്ടിപ്പിക്കുന്ന സ്ത്രീ പീഡന സംഭവങ്ങള്‍ അനുദിനം ആവര്‍ത്തിക്കപ്പെടുന്നു. സ്ത്രീകള്‍ക്കെതിരായ കടന്നാക്രമണങ്ങള്‍ അപമാനകരമാംവിധം പെരുകുന്നു. 2011 ജനുവരി മുതല്‍ ജൂണ്‍ വരെയുള്ള ആറു മാസക്കാലയളവില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള മാനഭംഗക്കേസുകളുടെ എണ്ണം 546 ആണ്. 2010 നേക്കാള്‍ ഇരട്ടിയോളം വര്‍ധനവാണ് രജിസ്റ്റര്‍ ചെയ്ത മാനഭംഗക്കേസുകളുടെ എണ്ണത്തില്‍ സംസ്ഥാനത്ത് ഉണ്ടായിരിക്കുന്നത്. ഇത്തരം കേസുകളില്‍ ബഹുഭൂരിപക്ഷവും രജിസ്റ്റര്‍ ചെയ്യാതെ പോകുന്നു എന്നതാണ് യാഥാര്‍ഥ്യം.
Post a Comment