Tuesday, September 6, 2011

കോഴിക്കാടനില്‍ നിന്ന് ബി അബൂബക്കറിലെത്തുമ്പോള്‍

ഇതൊരാത്മഹത്യാക്കുറിപ്പോ വിരമിക്കല്‍ പ്രസംഗമോ അല്ല. ഞാനടക്കം പ്രതിനിധാനം ചെയ്യുന്ന, അച്ചടി മാധ്യമങ്ങളിലെ സിനിമാ നിരൂപണമെഴുത്തുകാര്‍ക്കു ശേഷം കടന്നുവരുന്നതും പ്രചരിക്കാന്‍ സാധ്യതയുള്ളതുമായ മലയാള സിനിമാ നിരൂപണത്തിന്റെ പ്രവേശനോത്സവത്തിനുള്ള മുഖക്കുറിപ്പായി കരുതിയാല്‍ മതി.

പണ്ടു പണ്ട്, മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ പതിറ്റാണ്ടുകളോളം നിലനിന്നിരുന്ന അവസാന പേജിലെ ചിത്രശാല പോലുള്ള പംക്തി നിരൂപണങ്ങള്‍ ഏറെപ്പേരെ ആകര്‍ഷിക്കുകയും; സിനിമ കാണുന്നവര്‍, കാണാത്തവര്‍, സിനിമാ പ്രവര്‍ത്തകര്‍ എന്നിവരില്‍ പലരും നിര്‍ണായകമായി കരുതുകയും ചെയ്തിരുന്നു. കോഴിക്കോടന്‍, സിനിക്ക്, അശ്വതി, നാദിര്‍ഷ എന്നിവരായിരുന്നു അന്നത്തെ പ്രധാന എഴുത്തുകാര്‍. ഇത്തരം സിനിമാ നിരൂപണങ്ങള്‍ ഒരു കാലത്ത്, സിനിമയുടെ കമ്പോള വിജയ പരാജയങ്ങളെ വരെ സ്വാധീനിച്ചിരുന്നതായും വിലയിരുത്തപ്പെട്ടിട്ടുണ്ട്. കഥാവിവരണവും, നൃത്തക്കലവി നന്നായി; നന്നായില്ല തുടങ്ങിയ സാമ്പ്രദായികമായ നിരീക്ഷണങ്ങളും കൊണ്ട് ജടിലമായിരുന്ന ഈ ഒന്നാം തലമുറ നിരൂപണം അതിന്റെ ബാലാരിഷ്ടമായ അവസ്ഥകളില്‍ നിന്ന് ഒരിക്കലും മാറിയതേ ഇല്ല. തങ്ങളുടെ കാലത്തെ സിനിമയെ സന്ദര്‍ഭവത്ക്കരിക്കാന്‍ (contextualise) അന്നത്തെ മലയാള സിനിമാ നിരൂപകര്‍ക്ക് സാധ്യമായില്ല എന്നതായിരുന്നു യാഥാര്‍ത്ഥ്യം.
പിറകെ വന്ന ഗൌരവ നാട്യ നിരൂപണമാകട്ടെ, ലോക സിനിമയും മലയാള സിനിമയും തമ്മിലുള്ള ഒരു ഗുസ്തിയായിട്ടായിരുന്നു നിരൂപണത്തെ സങ്കല്‍പിച്ചത്. ഫിലിം സൊസൈറ്റി പ്രസ്ഥാനം, ഫിലിം സ്കൂളുകളുടെ സ്വാധീനം, സാഹിത്യത്തിലെ ആധുനികത, ഭൂപരിഷ്ക്കരണത്തിന്റെയും പ്രവാസത്തിന്റെയും ശേഷിപ്പായി ഉണ്ടായ മധ്യവര്‍ഗവത്ക്കരണം എന്നീ പശ്ചാത്തലങ്ങളില്‍ മാറിത്തീര്‍ന്ന മലയാള സിനിമയെയും ചരിത്രവത്ക്കരിക്കാന്‍ ഭാഷയുടെ ചമത്ക്കാരഭംഗികളുണ്ടായിരുന്നെങ്കിലും ഈ നിരൂപണങ്ങള്‍ക്ക് സാധിച്ചില്ല. ലോക സിനിമ സഞ്ചരിച്ച ദൂരങ്ങള്‍ അടയാളപ്പെടുത്താനാണ് ആ നിരൂപകര്‍ ശ്രമിച്ചത്. ലോക ഭാഷകളില്‍ പുറത്തു വന്ന നിരൂപണങ്ങളും സൈദ്ധാന്തിക പഠനങ്ങളും പരിഭാഷപ്പെടുത്തിയെങ്കിലും അതിനെ ഉള്‍ക്കൊണ്ടു കൊണ്ട് മലയാള സിനിമയുടെ ചരിത്ര വര്‍ത്തമാനങ്ങളുടെ പശ്ചാത്തലങ്ങളെ നിര്‍ണയിക്കാന്‍ ആ നിരൂപണവും ശ്രമിച്ചില്ല. അതുകൊണ്ടെന്തുണ്ടായി? ആര്‍ട് സിനിമ എന്ന ചലച്ചിത്ര നവീകരണ പ്രസ്ഥാനം ജനങ്ങളെ ഒപ്പം കൂട്ടാതെയാണ് മുന്നോട്ട് (അതോ പിന്നോട്ടോ) പോയിക്കൊണ്ടിരുന്നത് എന്നോര്‍മ്മപ്പെടുത്താന്‍ ആ നിരൂപണത്തിന് സാധ്യമായില്ല.

ഇന്ത്യാ ചരിത്രം, കേരള ചരിത്രം, രാഷ്ട്രീയം, ജനങ്ങള്‍, സാമൂഹിക രൂപീകരണം, കുടുംബം, ജാതി, ലൈംഗികത, വാണിജ്യപരത എന്നിങ്ങനെയുള്ള വിഷയങ്ങള്‍ സിനിമയെയും സിനിമാനിരൂപണത്തെയും ബാധിക്കുമെന്നു പോലും അക്കാലത്ത് ആരും തിരിച്ചറിഞ്ഞിരുന്നില്ല. മാത്രമല്ല, കച്ചവട സിനിമ എന്നു വിളിച്ചാക്ഷേപിക്കപ്പെട്ട മുഖ്യധാരാ സിനിമകള്‍ ഏതെങ്കിലും വിധത്തില്‍ ജനജീവിതത്തെ സ്വാധീനിക്കുകയും വ്യവസ്ഥയോട് പൊരുത്തപ്പെടുത്തിയെടുക്കുകയും ചെയ്യുമെന്ന വിവരവും ആര്‍ക്കുമുണ്ടായിരുന്നില്ല. ഐ ഷണ്‍മുഖദാസ് മുതല്‍ വിജയകൃഷ്ണന്‍ വരെയുള്ളവരുടെ നിരൂപണങ്ങള്‍, മലയാള സിനിമാ നിരൂപണത്തിന്റെ അന്തസ്സും യശസ്സും പ്രസക്തിയും വളരെയധികം ഉയര്‍ത്തിയെങ്കിലും അവയും ഈ പരിമിതികളില്‍ നിന്ന് മുക്തമായിരുന്നില്ല.

ഈ ഘട്ടത്തിലാണ്, തികഞ്ഞ രാഷ്ട്രീയ ജാഗ്രതയോടെ സിനിമയെ സമീപിക്കേണ്ടതുണ്ടെന്ന ഓര്‍മ്മപ്പെടുത്തലുമായി, സാമാന്യസമൂഹത്തിന്റെ സുഖസ്വാസ്ഥ്യങ്ങളെയും നിദ്രകളെയും അലോസരപ്പെടുത്തിക്കൊണ്ട് രവീന്ദ്രന്റെ(ചിന്ത രവി) നിരൂപണങ്ങള്‍ ശ്രദ്ധേയമായിതുടങ്ങിയത്. അതിനു ശേഷം, എ സോമന്‍, ഡോ. സി എസ് വെങ്കിടേശ്വരന്‍, വി കെ ജോസഫ്, ഡോ. വി സി ഹാരിസ്, ഒ കെ ജോണി, ഷിബു മുഹമ്മദ്, തുടങ്ങി എന്‍ പി സജീഷ്, കെ പി ജയകുമാര്‍ വരെയുള്ളവരുടെ നിരയിലാണ് ഈയുള്ളവനും കുറെ നിരൂപണ/വിമര്‍ശന ലേഖനങ്ങള്‍ എഴുതാന്‍ കഴിഞ്ഞത്. ഭാഷാഭേദങ്ങള്‍, ജാതിവ്യവസ്ഥകള്‍, കമ്യൂണിസ്റ്/നക്സലൈറ്റ് സ്വാധീനം, കുടുംബ രൂപീകരണവും ശിഥിലീകരണവും, ആണ്‍നോട്ടം, സ്ത്രീ അവസ്ഥ, കേരളീയ വസ്തു/പ്രകൃതി യാഥാര്‍ത്ഥ്യം, നഗരവത്ക്കരണം, പ്രവാസിത്തം, നവഹൈന്ദവ വത്ക്കരണം, താരപദവികളും താരാധിപത്യങ്ങളും ഫാന്‍സ് അസോസിയേഷനുകളും, മലയാള സാഹിത്യവും സിനിമയും, പാര്‍ശ്വവത്കൃതരുടെ പ്രതിനിധാനങ്ങള്‍ എന്നിങ്ങനെ ആഴത്തിലും പരപ്പിലുമുള്ള നിരവധി മേഖലകള്‍ മലയാള ചലച്ചിത്ര നിരൂപണ-വിമര്‍ശന-പഠന പ്രക്രിയയില്‍ അടിയന്തിരമായി പൂര്‍ത്തീകരിക്കപ്പെടേണ്ടതുണ്ട്.

ചരിത്രത്തിന്റെ ഈ പ്രത്യേക സന്ധിയില്‍ നിന്നു കൊണ്ട് തിരിഞ്ഞു നോക്കുമ്പോഴറിയാം, എഴുപതുകളിലെ ആധുനികത അവശേഷിപ്പിച്ചു പോയ ഭാഷാ ശൈലിയിലും ഭാവുകത്വത്തിലുമായിരുന്നു ഞങ്ങളൊക്കെയും എഴുതിയതും എഴുതിക്കൊണ്ടിരിക്കുന്നതും. ഇന്നും കേരളത്തിലെ പ്രമുഖ അച്ചടി മാധ്യമങ്ങളൊക്കെയും അവലംബിക്കുന്നത് ഈ ഭാഷാ ശൈലിയും ഭാവുകത്വവും തന്നെയായതുകൊണ്ട് അതിലൊരു അപാകവും ആരും കണ്ടെത്തിയതുമില്ല. എന്നാല്‍, കടന്നു പോയ നാല്‍പതു വര്‍ഷത്തിനിടയില്‍ ഇന്റര്‍നെറ്റ്, മൊബൈല്‍ ഫോണ്‍, വ്യാപകമായ ഇംഗ്ളീഷ് മാധ്യമ വിദ്യാഭ്യാസം, ഗള്‍ഫിനു പുറമെ യൂറോപ്പിലേക്കും അമേരിക്കയിലേക്കുമടക്കമുള്ള മലയാളികളുടെ വന്‍ തോതിലുള്ള വ്യാപനം, സിനിമയിലെ മാറ്റങ്ങളും മാറ്റങ്ങളില്ലായ്മയും എന്നിങ്ങനെ പല ഘടകങ്ങളുടെ സാന്നിദ്ധ്യങ്ങള്‍ക്കും സ്വാധീനങ്ങള്‍ക്കുമിടയില്‍ ചരിത്രയാഥാര്‍ത്ഥ്യത്തെ അഭിമുഖീകരിക്കാന്‍ ഈ ആധുനികതാ ഭാഷ്യം/ഭാവുകത്വം മാത്രം മതിയോ എന്ന ചോദ്യം ആരും ഉന്നയിച്ചില്ല. ചോദ്യം ഉന്നയിക്കപ്പെട്ടില്ലെങ്കിലും ഉത്തരവുമായി പുതിയ തലമുറ രംഗത്തു വരിക തന്നെ ചെയ്തിരിക്കുന്നു. ബ്ളോഗുകളിലും ഓര്‍ക്കുട്ട്/ട്വിറ്റര്‍/ഫേസ്ബുക്ക്/ബസ്/ഗൂഗിള്‍ പ്ളസിലുമായും പോര്‍ട്ടലുകളിലും എന്തിന് എസ് എം എസും ബ്ളാക്ക്ബറി മെസേജായും മറ്റും സിനിമാ നിരൂപണം പ്രത്യക്ഷപ്പെടുന്ന കാലമാണിന്നത്തേത്. ഇതില്‍ ഏറ്റവും ആഹ്ളാദഭരിതമായ ഒരു കാര്യമെന്താണെന്നു വെച്ചാല്‍, ആരെയും പേടിക്കാതെ ആരോടും ഒരു വിട്ടുവീഴ്ചയും ചെയ്യാതെ എഴുതാന്‍ ഈ മാധ്യമങ്ങളിലൂടെ കഴിയുമെന്നതാണ്. ആ സ്വാതന്ത്യ്രം അനുഭവിക്കുകയും പ്രക്ഷേപിക്കുകയും ചെയ്യുന്ന ധാരാളം നിരൂപകര്‍ ഇരിപ്പുറപ്പിച്ചു തുടങ്ങിയിരിക്കുന്നു എന്ന വസ്തുത അടയാളപ്പെടുത്തുവാനാണ് ഈ കുറിപ്പിലൂടെ ഉദ്ദേശിക്കുന്നത്.

ഇന്റര്‍നെറ്റിലെ മലയാള സിനിമാ നിരൂപണത്തിന്റെ സമഗ്രവും സമ്പൂര്‍ണവുമായ അവസ്ഥ വിവരിക്കാന്‍ ഇപ്പോള്‍ മുതിരുന്നില്ല. ഈ പുതിയ തലമുറ നിരൂപണത്തിന്റെ സ്വഭാവ സവിശേഷതകള്‍ വെളിപ്പെടുത്തുന്ന ഒരു നിരൂപകന്റെ മാത്രം ശൈലി പരിചയപ്പെടുത്തുകയാണ് ചെയ്യുന്നത്. മലയാള്‍ ഡോട്ട് എ എം എന്ന പോര്‍ട്ടലില്‍ ഇതിനകം മുപ്പതിലധികം ഫിലിം റിവ്യൂസ് പോസ്റ് ചെയ്തു കഴിഞ്ഞ ബി അബൂബക്കര്‍ എന്ന ശ്രദ്ധേയനായ നിരൂപകന്റെ രചനകള്‍ ഈ രംഗത്തുണ്ടാകാന്‍ പോകുന്ന ഊര്‍ജ്ജസ്വലതയുടെ ലക്ഷണമായി കരുതാം. ആധുനികതയുടെ ഭാഷയിലെഴുതുന്നവര്‍ ചിന്തിക്കുക പോലും ചെയ്യാത്ത തരത്തില്‍ വാച്യ ഭാഷയും ലിഖിത ഭാഷയും കൂട്ടിക്കലര്‍ത്തിയാണ് അബൂബക്കര്‍ എഴുതുന്നത്. അദ്ദേഹത്തിന്റെ ചില തലക്കെട്ടുകള്‍ നോക്കുക.

ആദാമിന്റെ മകന്‍ അബു - ജ്ജ് നല്ലൊരു അജ്ജ് ചെയ്യാന്‍ നോക്ക്!; അന്‍വര്‍ - നീരദങ്ങളില്‍ നിന്ന് മലം പെയ്യുമ്പോള്‍; അര്‍ജുനന്‍ സാക്ഷി - ഐ അവ്വക്കര്‍ സെക്കന്റ് ഇറ്റ്!; അവന്‍ ഇവന്‍ - ബീഫ് തിന്നാമോ രാജാവേ?; ക്രിസ്ത്യന്‍ ബ്രദേഴ്സ് - സോറി ഫ്രണ്ട്സ്, ജാതി ചോദിക്കും പറയുകയും ചെയ്യും!; ഡബിള്‍സ് - പ്രേക്ഷകനും മമ്മൂട്ടിക്കും ഇത് ട്രബിള്‍സ്; എന്തിരന്‍ - എന്തിരിനെടേയ് ഈ പടമെന്നു ചോദിക്കരുത്; കുടുംബശ്രീ ഉഗ്രന്‍ - പക്ഷെ 25 കൊല്ലം ലേറ്റായി പോയി; പയ്യന്‍സ്, ഒരാണ്‍പന്നിപ്പടം; അല്പം പ്രാഞ്ചിപ്പോയ ലോക സിനിമ അഥവാ, കൈവെട്ടു കാലത്തെ പുണ്യാളന്മാര്‍; റേസ് - ഇനി മുതല്‍ ഇംഗ്ളീഷ് സിനിമ മോഷ്ടിക്കുന്നവര്‍ ഫെഫ്കയിലറിയിക്കണം!; സീനിയേഴ്സ് - ഇത്തിരി കടലപ്പിണ്ണാക്ക്, ഇത്തിരി എള്ളുമ്പിണ്ണാക്ക്; ദി ട്രെയിന്‍ - ആന മുക്കുന്നതു കണ്ട് ജയരാജു മുക്കിയാല്‍; ഉറുമി - മലയാളിക്ക് ഇതു തന്നെ കിട്ടണം എന്നിങ്ങനെ തീവ്ര നാടന്‍ പ്രയോഗങ്ങള്‍ കൊണ്ടാണ് അബൂബക്കര്‍ തലക്കെട്ടുകള്‍ കെട്ടിയുണ്ടാക്കുന്നത്. ചിലപ്പോള്‍, ഗൌരവത്തില്‍ ആധുനികതാ ഭാഷയിലുള്ള തലക്കെട്ടുകളും ഉണ്ടാകാറുണ്ട്. കോക്ക് ടെയില്‍ - രുചി വ്യതിയാനങ്ങളുടെ മിശ്രിതം; സോള്‍ട്ട് ആന്റ് പെപ്പര്‍ - ഏകപക്ഷീയമായ വഞ്ചനയുടെയും കുറ്റബോധത്തിന്റെയും രാഷ്ട്രീയം; ട്രാഫിക്ക് എന്ന സിനിമ - ഒരു രാഷ്ട്രീയ കുറ്റകൃത്യം എന്നിങ്ങനെയുള്ളവയാണുദാഹരണങ്ങള്‍.

ഇന്റര്‍നെറ്റ് തലമുറക്കാര്‍ ദൈര്‍ഘ്യമുള്ള ലേഖനങ്ങള്‍ വായിക്കില്ല എന്ന പൊതുധാരണക്കു വിപരീതമായി, വേണ്ടത്ര ദൈര്‍ഘ്യമുള്ള പല ലേഖനങ്ങളും ഇക്കൂട്ടത്തില്‍ കാണാന്‍ കഴിയും. നാടന്‍ പ്രയോഗങ്ങളില്‍ എന്തെങ്കിലും കാച്ചി സ്ഥലം വിടുന്ന ബ്ളോഗെഴുത്തുകാരുടെ താഴ്ന്ന നിലവാരമുള്ള പൈങ്കിളികളല്ല അബൂബക്കറിന്റെ എഴുത്ത്. ലോകസിനിമയുടെ വാതിലുകളെല്ലാം ഡിവിഡി വിപ്ളവകാലം തുറന്നിട്ടതോടെയുണ്ടായ ആശയവിസ്ഫോടനവും മള്‍ട്ടിപ്ളെക്സ് സംസ്ക്കാരത്തിലേക്കുള്ള മാറ്റത്തിന് അരങ്ങൊരുങ്ങിക്കൊണ്ട് യുവതയിലുണ്ടായ വിസ്മയകരമായ അഭിരുചി വ്യതിയാനവുമെല്ലാം ചേര്‍ന്ന് ഇവിടെ നിശ്ചയമായും ഒരു പുതുവഴി വെട്ടലിനുള്ള ആയുധങ്ങളെല്ലാം ഒരുങ്ങി എന്നാണ് ചാപ്പാക്കുരിശ് - പുതുവഴി വെട്ടുന്നവരോട് എന്ന ലേഖനത്തില്‍ അബൂബക്കര്‍ നിരീക്ഷിക്കുന്നത്. നാലു തരത്തില്‍ ചാപ്പാക്കുരിശ് വായിച്ചുകൊണ്ടാണ് തന്റെ നിരീക്ഷണങ്ങള്‍ അദ്ദേഹം സമര്‍ത്ഥിക്കുന്നത്.

സിനിമയെ സിനിമയായി മാത്രം കാണുവാനും അങ്ങനെ റിവ്യൂ ചെയ്യാനുമാണ് പല വായനക്കാരും പറയുന്നത്, എന്നാല്‍, കേവലം സിനിമ സിനിമ മാത്രമല്ലല്ലോ. അല്ലെങ്കില്‍ സിനിമ സിനിമ തന്നെ ആണല്ലോ. ഒരു പാഠം എന്ന നിലയിലും സാംസ്കാരിക നിര്‍മിതി, കലാ നിര്‍മിതി എന്നീ നിലകളിലും അതിനെ കാണാതിരിക്കാനാവില്ല. അതുകൊണ്ടുതന്നെയാണ് പണ്ടത്തേതില്‍ നിന്ന് വിഭിന്നമായി ഇന്ന് ജനപ്രിയ സിനിമ ഏറ്റവുമേറെ പഠിക്കപ്പെടുന്നതും ഒരു സാംസ്കാരിക പഠനവസ്തുവായി വിലയിരുത്തപ്പെടുന്നതും. ചരിത്രപരവും സൈദ്ധാന്തികവും രാഷ്ട്രീയവും സാമൂഹികവും ലിംഗപരവുമായ മാനങ്ങളില്‍, നിലപാടുതറകളില്‍, പോസ്റ് മാര്‍ടെം ടേബിളിലുകളില്‍ വെച്ച് സിനിമയെയോ കവിതയെയോ കഥയെയോ പരിശോധിക്കാതിരിക്കാനാവില്ല. പക്ഷെ, ഇതിനെ ഇങ്ങനെയും വായിക്കാമെന്നല്ലാതെ, ഇങ്ങനെ മാത്രമാണ് വായിക്കേണ്ടത് എന്നിവിടെ പറയുന്നില്ല. ഇങ്ങനെയൊരു വായന സാദ്ധ്യമാണെങ്കില്‍ അതും പ്രസക്തവും നിര്‍ണായകവുമാണെന്നു മാത്രം. (കോക്ക് ടെയില്‍ - രുചി വ്യതിയാനങ്ങളുടെ മിശ്രിതം) എന്നിങ്ങനെ വളരെ സുവ്യക്തമായി അദ്ദേഹം തന്റെ നയവും ദിശാബോധവും വ്യക്തമാക്കുന്നുണ്ട്.

വാരികകളിലും മാസികകളിലും നിന്ന് വ്യത്യസ്തമായി പോര്‍ട്ടലുകളിലും ബ്ളോഗുകളിലും എന്തെങ്കിലും പോസ്റിട്ടാല്‍ (പോസ്റിയാല്‍ എന്നാണ് ബ്ളോഗ് ഭാഷ) ഉടന്‍ തന്നെ പ്രതികരണം വരും. ബി അബൂബക്കറിന് എതിരായ കമന്റുകളാണ് അദ്ദേഹത്തിന്റെ ലേഖനങ്ങള്‍ക്ക് മിക്കപ്പോഴും ലഭിക്കാറ്. പൊതുജനത്തിന്റെ ഭാവുകത്വത്തില്‍ പരിണാമങ്ങള്‍ കാര്യമായി സംഭവിച്ചിട്ടില്ല എന്നതിന്റെ തെളിവു തന്നെയാണിത്. കണ്ടതും കണ്ടതില്‍ നിന്ന് മനസ്സിലാക്കിയതും മിണ്ടാന്‍ പറ്റൂല, മിണ്ടിപ്പോയാല്‍ തെറി വിളി, തന്തക്കു വിളി, തള്ളക്കു വിളി, തട്ടിക്കളയുമെന്ന ഭീഷണി (അവന്‍ ജനാധിപത്യത്തിന്റെ രൂപത്തിലും വരും). എന്നാണ് ഗതികെട്ട് അബൂബക്കര്‍ ഒരു ഘട്ടത്തില്‍ ഈ കമന്റുകളോട് പ്രതികരിക്കുന്നത്. കാര്യം നിസ്സാരമല്ല, ജീവന്മരണപ്പോരാട്ടമാണെന്ന് വ്യക്തമായില്ലേ! പൃഥ്വിരാജ് എന്ന പുത്തന്‍ താരം നവരസങ്ങള്‍ക്കു പുറമെ, പുഛം എന്ന പത്താമത്തെ രസം കൂടി കണ്ടു പിടിച്ച് അതില്‍ ഹരം കൊള്ളുകയാണെന്നാണ് അബൂബക്കറിന്റെ രൂക്ഷമായ പരിഹാസം.

നിരൂപണമെന്ന പേരില്‍, സിനിമയിലെ സംഭവങ്ങള്‍, സംവിധായകന്‍, കഥാപാത്രങ്ങള്‍, താരങ്ങള്‍ തുടങ്ങിയവരെ/വയെ വര്‍ഗ്ഗീയമായി വേര്‍തിരിച്ച് അവതരിപ്പിച്ച ലേഖകന് സാമാന്യബുദ്ധിയും ബോധവും ഉള്ളവരില്‍ നിന്ന് ശക്തമായ പ്രതിഷേധം നേരിടേണ്ടി വന്നു. നിരൂപണമെന്ന പേരില്‍ ഉള്ള സമൂഹത്തിനു വിനാശകരമായ സന്ദേശം പകരുന്ന, എന്റോ സള്‍ഫാന്‍ തുള്ളികള്‍ തങ്ങളുടെ ബോധമണ്ഡലത്തെ പൊള്ളിക്കുമ്പോള്‍ വായനക്കാര്‍ പ്രതികരിക്കുന്നതാണ്. എന്നാണ് കമന്റിടുന്നവരുടെ ന്യായമായി അതിലൊരാള്‍ തന്നെ വിശദീകരിച്ചിരിക്കുന്നത്. എന്തായാലും, മതനിരപേക്ഷതയിലും പുരോഗമനവിശ്വാസത്തിലും ഊന്നി ഭൂരിപക്ഷ/ന്യൂനപക്ഷ വര്‍ഗീയതകളെ കടന്നാക്രമിക്കുകയും മലയാള സിനിമയിലെ സ്ത്രീ വിരുദ്ധതയും ദളിത് വിരുദ്ധതയും മുസ്ളിം വിരുദ്ധതയും തുറന്നു കാണിക്കുകയും ചെയ്യുന്ന ശൈലിയും നിലപാടുമാണ് ബി അബൂബക്കറിന്റേതെന്നത് എടുത്തു പറയേണ്ട സംഗതിയാണ്. അതിലെ എല്ലാ അഭിപ്രായങ്ങളോടും പരിപൂര്‍ണമായി യോജിക്കുന്നു എന്നല്ല ഇതുകൊണ്ടര്‍ത്ഥമാക്കുന്നത്. പല വിയോജിപ്പുകളുമുണ്ടാകും, അല്ല ഉണ്ട്. പരസ്യക്കാര്‍ പ്രശ്നമുണ്ടാക്കുന്നു എന്നു പറഞ്ഞ് പല മലയാള സിനിമാ നിരൂപണങ്ങളും തടയുകയോ വൈകിക്കുകയോ ഉപേക്ഷിക്കുകയോ ചെയ്ത അനുഭവങ്ങള്‍ അച്ചടി മാധ്യമങ്ങള്‍ മാത്രമുണ്ടായിരുന്ന മുന്‍കാലത്ത് സംഭവിച്ചിരുന്നുവെങ്കില്‍, സൈബര്‍ ജനാധിപത്യത്തിന്റെ പുതിയ വിഹായസ്സുകളില്‍ കൂടുതല്‍ തുറന്ന് പറയാന്‍ സധൈര്യം വിമര്‍ശകര്‍ രംഗത്തു വരിക തന്നെ ചെയ്യുമെന്നതുറപ്പാണ്. വെറുതെയാണോ, മുഖ്യധാരാ പത്രങ്ങള്‍ ഇന്റര്‍നെറ്റില്‍ മുഴുവന്‍ അശ്ളീലത്തിന്റെ വലക്കണ്ണികളാണെന്നും മറ്റും തുടരെ തുടരെ ഫീച്ചറടിച്ചു വിടുന്നത്. അവരുടെ നിലനില്പ് ചോദ്യം ചെയ്യപ്പെട്ടു കഴിഞ്ഞിരിക്കുന്നു.

*
ജി പി രാമചന്ദ്രന്‍

7 comments:

വര്‍ക്കേഴ്സ് ഫോറം said...

ഇന്റര്‍നെറ്റിലെ മലയാള സിനിമാ നിരൂപണത്തിന്റെ സമഗ്രവും സമ്പൂര്‍ണവുമായ അവസ്ഥ വിവരിക്കാന്‍ ഇപ്പോള്‍ മുതിരുന്നില്ല. ഈ പുതിയ തലമുറ നിരൂപണത്തിന്റെ സ്വഭാവ സവിശേഷതകള്‍ വെളിപ്പെടുത്തുന്ന ഒരു നിരൂപകന്റെ മാത്രം ശൈലി പരിചയപ്പെടുത്തുകയാണ് ചെയ്യുന്നത്. മലയാള്‍ ഡോട്ട് എ എം എന്ന പോര്‍ട്ടലില്‍ ഇതിനകം മുപ്പതിലധികം ഫിലിം റിവ്യൂസ് പോസ്റ് ചെയ്തു കഴിഞ്ഞ ബി അബൂബക്കര്‍ എന്ന ശ്രദ്ധേയനായ നിരൂപകന്റെ രചനകള്‍ ഈ രംഗത്തുണ്ടാകാന്‍ പോകുന്ന ഊര്‍ജ്ജസ്വലതയുടെ ലക്ഷണമായി കരുതാം. ആധുനികതയുടെ ഭാഷയിലെഴുതുന്നവര്‍ ചിന്തിക്കുക പോലും ചെയ്യാത്ത തരത്തില്‍ വാച്യ ഭാഷയും ലിഖിത ഭാഷയും കൂട്ടിക്കലര്‍ത്തിയാണ് അബൂബക്കര്‍ എഴുതുന്നത്. അദ്ദേഹത്തിന്റെ ചില തലക്കെട്ടുകള്‍ നോക്കുക.

ദുശ്ശാസ്സനന്‍ said...

വായിച്ചിട്ട് സഹതാപം തോന്നുന്നു. ഇത്തരം കപട ബുദ്ധിജീവികളെ പ്രൊമോട്ട് ചെയ്യാന്‍ താങ്കള്‍ ഈ ബ്ലോഗ്‌ ഉപയോഗിക്കുന്നതില്‍.
തന്റെ അറിവ് ( പലപ്പോഴും അത് എവിടെ നിന്നെങ്കിലും ചൂണ്ടി മിക്സ്‌ ചെയ്യുന്നതാണോ എന്ന് സംശയമുണ്ട്‌ ) വിളംബാനുള്ള ഒരിടം
എന്ന രീതിയിലാണ് അങ്ങേരുടെ എഴുത്ത് .സത്യം പറഞ്ഞാല്‍ അതിനെ പറ്റി എഴുതാന്‍ പോലും ഒരു മൂഡ്‌ വരുന്നില്ല. അത്രയ്ക്ക്
ചീപ് റിവ്യൂസ് ആണ് അബൂബക്കര്‍ എഴുതി വിടുന്നത്. കോഴിക്കോടനോടും വിജയകൃഷ്ണനോടും ഒന്നും ഇത്തരം കള്ളന്മാരെ താരതമ്യം ചെയ്യരുത് എന്നൊരു അപേക്ഷയുണ്ട്.

അഖില്‍ ചന്ദ്രന്‍ said...

സത്യം.. വായിച്ചിട്ട് സഹതാപം തോന്നുന്നു. ട്രാഫിക് എന്ന സിനിമക്ക് ഇങ്ങേരു എഴുതിയ റിവ്യൂ വായിച്ചാരുന്നോ..പറഞ്ഞാല്‍ വിശ്വസിക്കാത്ത തരത്തില്‍ ഉള്ള വൃത്തികെട് ആണ് അതില്‍ എഴുതി പിടിപ്പിചെക്കുന്നത്.. ഇത് പോലെ ഉള്ളവന്മാരെ പ്രമോട്ട് ചെയ്യാനും ആളുണ്ടല്ലോ എന്നോര്‍ത്ത് സഹതപിക്കുന്നു

santhosh balakrishnan said...

ചൊറി പിടിച്ച മനസ്സുള്ള ഇക്കൂട്ടര്‍ നിരൂപണങ്ങള്‍ എഴുതി വിടുന്നതിനു പിന്നില്‍ കൃത്യമായ അജണ്ട ഉണ്ട്.സാധാരണക്കാരും നിഷ്കളങ്കരുമായ ജനങ്ങളെ തമ്മില്‍ തല്ലിച്ച് നമ്മുടെ നാടിനെ നശിപ്പിക്കുക എന്ന അജണ്ട.സ്വന്തം നാടിനെ ഒറ്റി കൊടുത്തു ജനങ്ങളെ പോരടിപ്പിച്ചു ബുദ്ധി കൊണ്ടു നാടകം കളിക്കുന്ന ഇതുപോലുള്ളവരുടെ വൃതികെടുകള്‍ക്ക് ദയവായി വര്‍ക്കേഴ്സ് ഫോറം ഇനിയെങ്കിലും ഇടം നല്‍കരുത് എന്ന് അഭ്യര്‍ത്ഥിക്കുന്നു.കൊഴികൊടനെയും അബൂബക്കരെയും താരതമ്യം ചെയ്യാനുള്ള തൊലിക്കട്ടി സമ്മതിക്കണം .അബൂബകര്‍മരുടെയും രാമചന്ദ്രന്മാരുടെയും മനസ്സുകളിലെ മാലിന്യം നമ്മുടെ മനസ്സിലേക്കും വലിച്ചു കയറ്റതിരിക്കുക.
അവഗണന മാത്രമാണ് ഇതിനുള്ള പോംവഴി.

manoj said...

മനുഷ്യ മനസ്സില്‍ വര്‍ഗീയത വളര്‍ത്താന്‍ ശ്രമിക്കുന്ന ഒരു ഇസ്ലാമിക രാഷ്ട്രീയ കാരന്‍ മാത്രം ആയ അബൂബക്കെരിനെ ഇടതുപക്ഷം എന്തിനാണ് പൊക്കി നടക്കുന്നത് ?

ഇടതുപക്ഷത്തിനു ജീവിതവും രക്തവും നല്‍കിയ മതേതര വാദികളായ മുസ്ലീമിനെയും ഹിന്ധുവിനെയും ക്രിസ്ത്യാനിയെയും അവഗണിച്ചും ഒഴിവാക്കിയും ഇസ്ലാമിക വാദികളുടെ സൌഹൃദം തേടുന്ന കെ ഇ എന്നും രാമചന്ദ്രനും ഉദ്ദേശം എന്താണ്?

ഇസ്ലാമിക വാദികള്‍ ശക്തരായാല്‍ ഇടതുപക്ഷം ദുര്‍ബലമാവുകയല്ലേ ചെയ്യൂ.

ഇറാനിലെ ഇസ്ലാമികവാദികളാല്‍ ക്രൂരമായി കൊല ചെയ്യപെട്ട കമ്മുനിസ്ടുകളുടെ അനുഭവത്തില്‍ നിന്നും നമുക്കൊന്നും പടിക്കാനില്ലേ..........

CR. Girijan Acharya said...

പ്രേമം ... പ്രണയം... മണ്ണാങ്കട്ട ... ബ്ലെസി....

അവ്വക്കരെ അസ്സലായി... കലക്കി... പൊളിച്ചടുക്കി... ഉഗ്രന്‍... അത്യുഗ്രന്‍ ... സത്യമായും.
ഈ ബ്ലെസ്സിക്ക് പ്രേമത്തിന്റെയും പ്രണയത്തിന്റെയും വ്യത്യാസം ഇത് വരെ മനസ്സിലായിട്ടില്ല എന്ന് തോന്നുന്നു. അതിനു കാമവും നിര്‍വികല്പ്പ സമാധിയും തമ്മിലുള്ള വ്യത്യാസമുണ്ട്. യേശുവിന്റെ പരമാത്മാവിനോട് ഉള്ള പ്രണയം ഒന്നും ബ്ലെസ്സിക്ക് മനസ്സിലാവാന്‍ "ആശാന്‍" വീണ്ടും ബാല്യത്തില്‍ ആവണം... അതിനു ഇവിടുത്തെ ക്രിസ്ത്യാനിമാര്‍ക്ക് രൂപയോട്‌ മാത്രമേ പ്രണയം ഉള്ളൂ ..

maneesarang said...

അല്ല ജി പീ...ഒരു ഫുള്ളിനും ഒരു പ്ലേറ്റ് ചിക്കന്‍ ഫ്രൈക്കും വേണ്ടി ഇത്രയ്ക്കു നുണ പറയണോ...ഒരു പച്ച കണ്ണട വച്ചു ലോകത്തെ നോക്കുന്ന ഒരുത്തനെ സുഖിപ്പിക്കാന്‍ ?