ആയുസ്സിന്റെ രഥചക്രത്തോടൊപ്പം ഓടിയെത്തിയ ഓരോ ഓണവും സമ്മാനിച്ച മധുര രസങ്ങളാണ് ഇന്ന് കയ്പും നൊമ്പരവുമായി രൂപംമാറിയെത്തിയിരിക്കുന്നത്. ജീവിതശൈലീരോഗങ്ങളില്‍ നമ്പര്‍ വണ്‍ ആയി വിലസുന്ന പ്രമേഹമാണ് ചിങ്ങത്തിന്റെ പൊന്‍നിറം കെടുത്തിയ അപകടഭീഷണി. ഈ ഗതികേടുണ്ടാവാന്‍മാത്രം മലയാളി എന്തു തെറ്റു ചെയ്തു? ജീവിതശൈലി മാറിയപ്പോള്‍ ആഹാരശൈലി മാറിയില്ല. പ്രത്യേകിച്ചും സദ്യയുടെ കാര്യത്തില്‍ . മലയാളിഭവനങ്ങളിലേക്കൊന്നു കടന്നുചെല്ലൂ. നിറമില്ലാത്ത ഓണത്തിന്റെ കണക്കെടുപ്പു നടത്താം.
കേരളം ഓണത്തിന്റെ ലഹരിയിലമരുമ്പോള്‍ മുതിര്‍ന്ന മലയാളികള്‍ക്കിടയിലെ അഞ്ചില്‍ ഒരാള്‍ വീതമാണ് സദ്യകളുടെ മുന്നില്‍ വിഷാദചിത്തരായി കുനിഞ്ഞിരിക്കുന്നത്.
"പത്രം വിസ്തൃതമത്ര തുമ്പമലര്‍ തോറ്റോടീടിനോരന്നവും
പുത്തന്‍നെയ്യ് കിനിയെ പഴുത്തപഴവും കദളിപ്പഴം കാളനും
പത്തഞ്ഞൂറു കറിക്കുദാസ്യമിയലും നാരങ്ങയും മാങ്ങയും
ഇത്ഥം ചെമ്പകനാട്ടിലഷ്ടിതൈര്‍മോര്‍ മുട്ടാതെ കിട്ടുംസുഖം"
കേരളീയസദ്യയുടെ കേമത്തരം മുഴുവന്‍ ഈ ഉദ്ധരണിയിലുണ്ട്. കാറ്ററിങ് സര്‍വീസ് സംഘങ്ങളുടെ ചാകരക്കൊയ്ത്തിനു കാഹളമൂതിക്കൊണ്ടാണ് ഓരോ ചിങ്ങപ്പുലരിയും പിറന്നുവീഴുന്നത്. ശര്‍ക്കരവരട്ടിയുടെയും പച്ചക്കറികളുടെയും വില കേട്ട് സ്വര്‍ണം നാണിച്ചുപോകുന്ന നാളുകളാണ് പിന്നങ്ങോട്ട്. നീളുന്ന ഓണസദ്യകള്‍ ഉണ്ടുതീരാന്‍ മുപ്പത്തൊന്നു ദിവസം പോരെന്നുവരുമ്പോള്‍ മലയാളിയുടെ ആമാശയത്തിന്റെ ഗതികേടിനെക്കുറിച്ച് ആരോര്‍ക്കുന്നു? കസേരയിലിരുന്ന് ജോലിചെയ്യുന്ന ഇന്നത്തെ ഒരു മലയാളിക്ക് ഒരു ദിവസം വേണ്ടത് 1800 കാലറി ഊര്‍ജമാണ്. എന്നാല്‍ , ഒരു സദ്യയിലുള്ളത് 1500 മുതല്‍ 2000 വരെ കാലറിയും! പായസത്തിന്റെ എണ്ണം കൂടുംതോറും കാലറി പിന്നെയും ഉയരും. ഓരോ ഓണക്കാലവും കഴിയുമ്പോഴേക്ക് പ്രമേഹരോഗികളുടെയും ഹൃദ്രോഗികളുടെയും കണക്കെടുപ്പു നടത്തിയാല്‍ നടുക്കുന്ന റിപ്പോര്‍ട്ടുകളായിരിക്കും പുറത്തുവരിക. ഭക്ഷണപദാര്‍ഥങ്ങളില്‍നിന്നു കിട്ടുന്ന ഊര്‍ജത്തിന്റെ അളവിനെയാണ് കാലറി എന്നു പറയുന്നത്. 100 ഗ്രാം വെള്ളരിക്കയില്‍ 16 കാലറിയേയുള്ളുവെങ്കില്‍ 100 ഗ്രാം കപ്പലണ്ടിയില്‍ അത് 600 ആണ്.
കഴിച്ച ആഹാരത്തില്‍നിന്ന് ശരീരം ഉപയോഗിക്കാത്ത ഊര്‍ജം കൊഴുപ്പായി സംഭരിച്ചുവയ്ക്കുന്ന പ്രക്രിയ ശരീരത്തില്‍ നടന്നുകൊണ്ടിരിക്കും. ദിവസവും ഒരു കഷണം ബ്രെഡ് അധികം കഴിച്ചാല്‍പോലും ഒരു വര്‍ഷംകൊണ്ട് മൂന്നു കിലോ ഭാരം വര്‍ധിക്കുമത്രേ. അപ്പോള്‍ ചിങ്ങമാസത്തില്‍ 500 കാലറിയോളം ദിവസവും അധികം അകത്താക്കുന്ന മലയാളിയുടെ കുമ്പയിലെ കൊഴുപ്പ് എത്ര കിലോ വരുമെന്ന് ആലോചിച്ചു നോക്കൂ. ഷട്രസപ്രധാനമായ സദ്യ വിഭാവനം ചെയ്തിരിക്കുന്നത് നമ്മുടെ ദഹനവ്യവസ്ഥയുടെ അടിസ്ഥാനത്തിലാണ്. ആയുര്‍വേദവിധിപ്രകാരം എരിവ്, പുളി, ഉപ്പ്, മധുരം, കയ്പ്, ചവര്‍പ്പ് എന്നിങ്ങനെയുള്ള ആറു രസങ്ങളും സമ്മേളിക്കുന്ന സദ്യ ഒരു സന്തുലിത ആഹാരമാണെന്നതില്‍ തര്‍ക്കമില്ല. പാരമ്പര്യരീതിയനുസരിച്ച് നിലത്ത് ഇലയിട്ട് ചമ്രംപടിഞ്ഞിരുന്നാണ് സദ്യ കഴിക്കാറ്. കല്യാണമണ്ഡപങ്ങളിലേക്കും സ്റ്റാര്‍ ഹോട്ടലുകളിലേക്കും വഴിമാറിയപ്പോള്‍ ഇരിപ്പിന്റെ രീതി മാറി.
പഴയ ശൈലി അതേപടി പിന്തുടരുന്നത് ആറന്മുള സദ്യയില്‍മാത്രം. സദ്യയില്‍ ഇലയിടുന്നതിനും വിളമ്പുന്നതിനുമൊക്കെ അതിന്റേതായ ചിട്ടകളുണ്ട്. നാക്കിലയുടെ അറ്റം ഉണ്ണുന്നയാളുടെ ഇടതുഭാഗത്തായി വരുന്ന രീതിയിലാണ് ഇല വയ്ക്കേണ്ടത്. ചോറില്‍ നെയ്യും പരിപ്പുമൊഴിച്ച് ഉണ്ടുതുടങ്ങുന്ന സദ്യ അവസാനിപ്പിക്കുന്നത് ഇഞ്ചിക്കറിയും മോരും രസവുമൊക്കെ കൂട്ടിയാണ്. ദഹനരസങ്ങളായ ഈ മൂന്നു വിഭവങ്ങളും ഔഷധക്കൂട്ടുകള്‍കൂടിയാണ്. സദ്യയുണ്ടതിന്റെ ആലസ്യത്തില്‍നിന്ന് ഇവ നമ്മെ ഉണര്‍വിലേക്കു നയിക്കുന്നു. ഇരുപത്തെട്ടുകൂട്ടം കറികള്‍ ഉള്‍പ്പെട്ടതാണ് കേമമായ സദ്യ. ഇതില്‍ പരിപ്പും പപ്പടവും നെയ്യും ഉപ്പിലിട്ടതും പായസവുമൊന്നും ഒഴിച്ചുനിര്‍ത്താന്‍ പറ്റാത്തതാണ്. അടപ്രഥമന്‍ പപ്പടവും ചേര്‍ത്ത് കഴിക്കുന്നവരുമുണ്ട്. വിവാഹസദ്യക്കിപ്പോള്‍ മൂന്നു പായസം വേണമെന്നായിരിക്കുന്നു. അല്ലെങ്കില്‍ സ്റ്റാറ്റസ് ഇടിയും. പ്രമേഹത്തിന്റെ പേരുപറഞ്ഞൊന്നും മലയാളിയെ ഭീഷണിപ്പെടുത്താന്‍ ആര്‍ക്കും കഴിയില്ലെന്നത് മറ്റൊരു സത്യം. കായികമായി അധ്വാനിച്ചിരുന്ന ജനതയ്ക്ക് അധികകാലറിയുള്ള ഭക്ഷണം ഒരു പ്രശ്നമായിരുന്നില്ല. നടന്നുള്ള യാത്രകളും കുളത്തിലെ നീന്തിക്കുളിയുമൊക്കെയുള്ളതുകൊണ്ട് ജന്മികുടുംബങ്ങളിലുള്ളവര്‍ക്കും അത്യാവശ്യം വ്യായാമം കിട്ടിയിരുന്നു.
ഇന്നത്തെ ജീവിതശൈലിയുടെ പശ്ചാത്തലത്തില്‍നിന്നു നോക്കുമ്പോഴാണ് സദ്യയൂണ് അശാസ്ത്രീയമായിത്തീരുന്നത്. അമിതമായ കാലറി അധിക ഊര്‍ജം ഉല്‍പ്പാദിപ്പിക്കുകയും അത് കൊഴുപ്പായി ശരീരത്തില്‍ അടിയുകയും ചെയ്യുമ്പോഴാണ് കുടവയറും അമിതവണ്ണവും അമിതഭാരവുമൊക്കെ ശാപമായി കടന്നുവരുന്നത്. പ്രമേഹം, ഹൃദ്രോഗം, വന്ധ്യത, ശ്വാസകോശരോഗങ്ങള്‍ തുടങ്ങി ശരീരം കാര്‍ന്നുതിന്നാനെത്തുന്ന ക്യാന്‍സര്‍ വരെ അമിതഭാരമുള്ളവരെ ആക്രമിക്കുന്ന രോഗങ്ങളാണ്. സന്ധിവേദന, വെരിക്കോസ് വെയിന്‍ തുടങ്ങി നിത്യം തലവേദന സൃഷ്ടിക്കുന്ന നിരവധി അസുഖങ്ങള്‍ വേറെയും. എന്തൊക്കെപ്പറഞ്ഞാലും സദ്യയെ കൈവിട്ടൊരു കളിയെപ്പറ്റി മലയാളിക്ക് ഊഹിക്കാന്‍പോലും കഴിയില്ല. ജീവിതശൈലിയില്‍നിന്ന് പിന്നോട്ടു പോകാനും വഴിയില്ല. പിന്നെയെന്താണൊരു പോംവഴിയെന്ന് ചോദിച്ചാല്‍ ഉത്തരം ഇതാ.
- സദ്യയുണ്ണുമ്പോള്‍ ചോറിന്റെ അളവു കുറയ്ക്കുകയും കറികള്‍ മുഴുവന്‍ കഴിക്കുകയും ചെയ്യുക
- സദ്യക്കു മുമ്പ് ആഹാരം കഴിക്കാതിരിക്കാന്‍ ശ്രമിക്കുക
- സദ്യക്കുശേഷം പഴച്ചാറുകള്‍മാത്രം കഴിക്കുക.
- പായസം മൂന്നില്‍നിന്ന് ഒന്നാക്കി ചുരുക്കുക.
*****
ജെസി നാരായണന്‍, കടപ്പാട്: ദേശാഭിമാനി വാരാന്തപ്പതിപ്പ്
2 comments:
ഇന്നത്തെ ജീവിതശൈലിയുടെ പശ്ചാത്തലത്തില്‍നിന്നു നോക്കുമ്പോഴാണ് സദ്യയൂണ് അശാസ്ത്രീയമായിത്തീരുന്നത്. അമിതമായ കാലറി അധിക ഊര്‍ജം ഉല്‍പ്പാദിപ്പിക്കുകയും അത് കൊഴുപ്പായി ശരീരത്തില്‍ അടിയുകയും ചെയ്യുമ്പോഴാണ് കുടവയറും അമിതവണ്ണവും അമിതഭാരവുമൊക്കെ ശാപമായി കടന്നുവരുന്നത്. പ്രമേഹം, ഹൃദ്രോഗം, വന്ധ്യത, ശ്വാസകോശരോഗങ്ങള്‍ തുടങ്ങി ശരീരം കാര്‍ന്നുതിന്നാനെത്തുന്ന ക്യാന്‍സര്‍ വരെ അമിതഭാരമുള്ളവരെ ആക്രമിക്കുന്ന രോഗങ്ങളാണ്. സന്ധിവേദന, വെരിക്കോസ് വെയിന്‍ തുടങ്ങി നിത്യം തലവേദന സൃഷ്ടിക്കുന്ന നിരവധി അസുഖങ്ങള്‍ വേറെയും. എന്തൊക്കെപ്പറഞ്ഞാലും സദ്യയെ കൈവിട്ടൊരു കളിയെപ്പറ്റി മലയാളിക്ക് ഊഹിക്കാന്‍പോലും കഴിയില്ല. ജീവിതശൈലിയില്‍നിന്ന് പിന്നോട്ടു പോകാനും വഴിയില്ല. പിന്നെയെന്താണൊരു പോംവഴിയെന്ന് ചോദിച്ചാല്‍ ഉത്തരം ഇതാ.
സദ്യയുണ്ണുമ്പോള്‍ ചോറിന്റെ അളവു കുറയ്ക്കുകയും കറികള്‍ മുഴുവന്‍ കഴിക്കുകയും ചെയ്യുക
സദ്യക്കു മുമ്പ് ആഹാരം കഴിക്കാതിരിക്കാന്‍ ശ്രമിക്കുക
സദ്യക്കുശേഷം പഴച്ചാറുകള്‍മാത്രം കഴിക്കുക.
പായസം മൂന്നില്‍നിന്ന് ഒന്നാക്കി ചുരുക്കുക.
* സദ്യയുണ്ണുമ്പോള്‍ ചോറിന്റെ അളവു കുറയ്ക്കുകയും കറികള്‍ മുഴുവന്‍ കഴിക്കുകയും ചെയ്യുക
* സദ്യക്കു മുമ്പ് ആഹാരം കഴിക്കാതിരിക്കാന്‍ ശ്രമിക്കുക
* സദ്യക്കുശേഷം പഴച്ചാറുകള്‍മാത്രം കഴിക്കുക.
* പായസം മൂന്നില്‍നിന്ന് ഒന്നാക്കി ചുരുക്കുക.
നിര്‍ദ്ദേശിക്കപ്പെട്ട പരിഹാരങ്ങളിലെ ഒന്നാമത്തേതു് പ്രമേഹമുള്ളവര്‍ക്കു് രക്തത്തിലെ പഞ്ചസാരയുടെ അളവു് നിയന്ത്രിക്കാന്‍ ഉപകരിച്ചേക്കാം.
നിലവില്‍ പ്രമേഹമില്ലാത്തവര്‍ക്കു് പ്രമേഹമടക്കം ഉണ്ടാകാനും പ്രമേഹമുള്ളവര്‍ക്കും അല്ലാത്തവര്‍ക്കും രക്താതി സമ്മര്‍ദ്ദം കൂടാനും ഈ നിര്‍ദ്ദേശം ഇടവരുത്തും. കാരണം, കറികള്‍ കൂടുതല്‍ കഴിക്കുന്നതിലൂടെ കൂടുതല്‍ ഉപ്പും കൊഴുപ്പും അകത്തു് ചെല്ലാന്‍ ഇടയാക്കും. മറ്റൊരു കാര്യം പ്രമേഹം വരാന്‍ കാരണം അന്നജം അധികം കഴിക്കുന്നതിനേക്കാള്‍ മാംസ്യവും കൊഴുപ്പും അധികം കഴിക്കുന്നതാണു്. അവ ശരീരത്തില്‍ അടിഞ്ഞു് കൂടുന്നതാണു് പ്രമേഹത്തിനു് കാരണ മാകുന്നതു്. കൂടുതലായി കഴിക്കുന്ന അന്നജം കൊഴുപ്പായി പരിവര്‍ത്തിക്കപ്പെട്ടു് ശേഖരിക്കപ്പെടുമെങ്കിലും കൂടുതല്‍ അളവില്‍ അതു് നടക്കുന്നതും കൂടുതല്‍ അപകടകരവും നേരിട്ടുള്ള മാംസ്യവും കൊഴുപ്പും അമിതമാകുന്നതാണു്.
പഴച്ചാര്‍ ആഹാരത്തിനു് ശേഷം നല്ലതെന്നു് പറയുമ്പോള്‍ അധികമാകാമെന്ന ധ്വനിയുണ്ടെങ്കില്‍ അതും ശരിയല്ല. സദ്യക്കു് ശേഷം ആവശ്യാനുസരണം സദ്യയെ തുടര്‍ന്നുള്ള രണ്ടോ മൂന്നോ നാലോ നേരങ്ങളിലുള്ള ആഹാരം പഴച്ചാറുകളോ പഴങ്ങളോ മാത്രമാക്കുന്നതാണു് ശരിയായ നിര്‍ദ്ദേശം.
മറ്റു് പരിഹാര മാര്‍ഗ്ഗങ്ങള്‍ സ്വാഗതാര്‍ഹം തന്നെ.
മൊത്തത്തില്‍ മിതമായ ആഹാരം, മതിയായ അദ്ധ്വാനം (വ്യായമം) അതായിരിക്കണം ജീവിത ചര്യ. അതില്‍ മുക്കാല്‍ മണിക്കൂര്‍ തുടര്‍ച്ചയായി വേഗത്തിലുള്ള നടപ്പു് കൂടിയുണ്ടെങ്കില്‍ ഏതാണ്ടെല്ലാ രോഗങ്ങളും വരാതിരിക്കാനും വന്നവ മാറാനും ഉപകരിക്കും. മരുന്നു് സേവയോ വൈദ്യ ശുശൃഷയോ വേണ്ടെന്നല്ല, ആവശ്യാനുസരണം വേണം.
ഓണ സദ്യയാണല്ലോ വിഷയം. മേല്‍ പ്രകാരം ജീവിത ചര്യ ക്രമപ്പെടുത്തിയവര്‍ക്കു് ഒന്നോ രണ്ടോ ദിവസം സദ്യയില്‍ കുറച്ചധികം കാലറി കിട്ടിയാലും പിന്നീടതിനു് പരിഹാര ക്രിയയായി ആഹരം നിയന്ത്രിക്കുകയോ അദ്ധ്വാനം കൂട്ടുകയോ ചെയ്തു് ക്രമീകരിക്കാവുന്നതാണു്. തീര്‍ച്ചയായും ആഹാരം ആസ്വാദ്യകരം തന്നെയാണു്. അതു് അമിതമാകുകയുമരുതു്.
നമ്മുടെ വൈദ്യശാസ്ത്ര വിശാരദന്മാര്‍ രോഗ ചികിത്സയോടൊപ്പം ആഹാര നിയന്ത്രണവും വ്യായാമവും നിഷ്കര്‍ഷിക്കാത്തതാണു് ഇന്നത്തെ പ്രധാന പ്രശ്നം. ആരോഗ്യപരിപാലനം രോഗ ചികിത്സക്കു് വഴിമാറുക മാത്രമല്ല, അതു് വ്യവസായമായതും ആഹാരം ഡയറ്റീഷ്യനും വ്യായമം ഫിസിയോ തെറാപ്പിസ്റ്റും (വ്യായമം നിര്‍ദ്ദേശിക്കുന്ന ഡോക്ടര്‍ മറ്റാരാണെന്നു് എനിക്കറിയില്ല !!!) മാത്രം കൈകാര്യ ചെയ്യുന്ന തരത്തില്‍ സ്പെഷ്യലൈസേഷന്‍ മാറി എന്നതും ഇന്നത്തെ രോഗീ വര്‍ദ്ധനവിന്റെ കാരണമാണു്. വൈദ്യ ശാസ്ത്ര വ്യവസായത്തിനു് കമ്പോളം സൃഷ്ടിക്കുക എന്ന ധര്‍മ്മവും കടമയും ഡോക്ടര്‍മാരടക്കം ആ വ്യവസായവുമായി ബന്ധപ്പെട്ടവര്‍ ഏറ്റെടുത്തിരിക്കുന്നതിനെ ഈ കമ്പോള വ്യവസ്ഥയില്‍ ജീവിക്കുന്ന നമുക്കു് കുറ്റം പറയാനാവില്ലല്ലോ ? കമ്പോളം കണ്ടെത്തുക എന്നതാണല്ലോ ഈ കാലഘട്ടത്തിലെ ഏറ്റവും പ്രധാനപ്പെട്ട സാമൂഹ്യ-രാഷ്ട്രീയ-സാംസ്കാരിക-ആദ്ധ്യാത്മിക പ്രവര്‍ത്തനം.
Post a Comment