ഇപ്പോള്‍ നമ്മള്‍ ധാരാളമായി കേള്‍ക്കുന്ന ഒരു പദപ്രയോഗമാണ് സ്പോണ്‍സര്‍ഷിപ്പ്. മുമ്പും ഈ പ്രയോഗം നിലവിലുണ്ടായിരുന്നെങ്കിലും തികച്ചും നിരുപദ്രവകരമായ ഒന്നായിരുന്നു അത്. അറുപതുകളില്‍ ഡല്‍ഹിയില്‍ പലയിടത്തും ചെറിയ സാഹിത്യ കൂട്ടായ്മകള്‍ ഉണ്ടായിരുന്നു. ഞങ്ങള്‍ക്കും ഡല്‍ഹി ലിറ്റററി വര്‍ക്കുഷാപ്പ് എന്നപേരില്‍ കൂട്ടായ്മ ഉണ്ടായിരുന്നു. നന്നായി വായിക്കുകയും എഴുതാന്‍ ആഗ്രഹിക്കുന്നവരുമായ ഏതാനും ചെറുപ്പക്കാരായിരുന്നു അതിന്റെ പിറകില്‍ . ഇത്തരം കൂട്ടായ്മകള്‍ ഇടയ്ക്കൊക്കെ സാഹിത്യ പരിപാടികള്‍ സംഘടിപ്പിക്കുമായിരുന്നു. അതിനൊക്കെ പൈസ വേണ്ടേ? ചെറിയ ശമ്പളക്കാരായിരുന്നു എല്ലാവരും. മുറിയുടെ വാടക കൊടുക്കണം. ഹോട്ടലിലെയോ മെസ്സിലെയോ പറ്റു തീര്‍ക്കണം.
എല്ലാം കഴിയുമ്പോള്‍ ഒരു പായ്ക്കറ്റ് സിഗരറ്റിനുള്ള പൈസപോലും കൈയിലുണ്ടാകില്ല. അങ്ങനെയുള്ള യുവാക്കള്‍ക്ക് സാഹിത്യ പ്രവര്‍ത്തനത്തിന് ചെലവിടാന്‍ പൈസയെവിടെ? എന്തുവഴി? വഴിയുണ്ട്. ഞങ്ങളില്‍ ആരെങ്കിലും ജോലിചെയ്യുന്ന കമ്പനിയുടെ തലവനോട് ഒരു ചെറിയ സഹായം ആവശ്യപ്പെടും. അതു കിട്ടുകയും ചെയ്യും. സംഘാടകര്‍ നന്ദിസൂചകമായി സാഹിത്യ മീറ്റിംഗ് നടക്കുന്നയിടത്ത് കമ്പനിയുടെ പേരോ അല്ലെങ്കില്‍ അവരുടെ ഉല്‍പ്പന്നങ്ങളുടെ പേരോ ഒരു ബാനറില്‍ പ്രദര്‍ശിപ്പിക്കും. സ്മരണികയോ മാസികയോ ആണെങ്കില്‍ പ്രസിദ്ധീകരണത്തിന്റെ കവറിലോ ഉള്ളിലോ ചേര്‍ക്കും.അങ്ങനെ ധാരാളം സാംസ്കാരിക പ്രവര്‍ത്തനങ്ങള്‍ ഡല്‍ഹിയിലെ ഭാഷാസ്നേഹികള്‍ പതിവായി നടത്തിയിരുന്നു. ചെറിയ തുക സഹായമായി തരുന്ന കമ്പനികള്‍ തിരിച്ച് ഒന്നും ആവശ്യപ്പെടാറില്ലായിരുന്നു.ചെറിയ സാംസ്കാരിക പ്രവര്‍ത്തനങ്ങള്‍ അന്ന് നടന്നുപോന്നത് അങ്ങനെയായിരുന്നു.അതായിരുന്നു പണ്ടത്തെ സ്പോണ്‍സര്‍ഷിപ്പ് തികച്ചും നിരുപദ്രവകരമായിരുന്നു. കാലം കടന്നുപോയി.
ഒരിക്കല്‍ ഞങ്ങളുടെ സാഹിത്യ മീറ്റിംഗിനു സഹായം ആവശ്യപ്പെട്ടപ്പോള്‍ കമ്പനി മേധാവി താല്‍പര്യം കാണിച്ചില്ല. ചെറിയ സാംസ്കാരിക പ്രവര്‍ത്തനങ്ങള്‍ക്ക് സഹായം നല്‍കേണ്ടതില്ലെന്ന് കമ്പനികള്‍ തീരുമാനിച്ചതാണ് കാരണം. വലിയ സാംസ്കാരിക സംരംഭങ്ങള്‍ക്ക് മാത്രം പിന്തുണ നല്‍കിയാല്‍ മതി എന്നായിരുന്നു തീരുമാനം. ഏതെങ്കിലും സംഘടനകള്‍ക്ക് സഹായം ലഭിക്കണമെങ്കില്‍ വിശദമായ പ്രൊജക്ട് സമര്‍പ്പിക്കണം. പിആര്‍ഒ വിഭാഗവുമായി അത് ചര്‍ച്ച ചെയ്യണം. നിര്‍ദേശങ്ങള്‍ സ്വീകരിക്കണം.തൊണ്ണൂറുകളില്‍ ആരംഭിച്ച സാമ്പത്തിക ഉദാരവത്കരണത്തിനു ശേഷം കോര്‍പറേറ്റ് ലോകം വളരെ സമ്പന്നമായി. ഓരോ കോര്‍പറേറ്റ് സ്ഥാപനവും സ്പോണ്‍സര്‍ഷിപ്പിനായി ലാഭത്തിന്റെ ഒരു ചെറിയ ഭാഗം നീക്കി വെക്കും. ചെറിയ ഭാഗം ചെറിയ തുകയല്ല. ഈ തുക എങ്ങോട്ടാണ് പോയത്?ഞാന്‍ തൃശൂരിലെ സാഹിത്യ അക്കാദമിയില്‍ ഉണ്ടായിരുന്ന കാലത്ത് ഒരു പ്രശസ്ത നോവലിന്റെ നാലു ദിവസം നീണ്ടു നിന്ന അമ്പതാം വാര്‍ഷികം ആഘോഷിക്കുകയുണ്ടായി. ആദ്യ ദിവസം അക്കാദമി മുറ്റത്തെ ആള്‍ക്കൂട്ടംകണ്ട് ഞാന്‍ അമ്പരന്നുപോയി. ഡല്‍ഹിയില്‍ പതിനഞ്ചു പേരുണ്ടായാല്‍ ഭാഗ്യം. ഈയിടെ ഡല്‍ഹിയില്‍ ഒരു പുസ്തക പ്രകാശനത്തിന്റെ ക്ഷണപത്രം കിട്ടിയപ്പോള്‍ ചെന്നുനോക്കാമെന്നു വിചാരിച്ചു. ഡല്‍ഹിയിലെ എലിറ്റ് സമൂഹത്തില്‍പെട്ട ഒരു നോവലിസ്റ്റിന്റെ ഇംഗ്ലീഷില്‍ എഴുതിയ നോവലാണ് പ്രകാശിപ്പിക്കപ്പെടുന്നത്.നക്ഷത്ര ഹോട്ടലിലായിരുന്നു പ്രകാശനച്ചടങ്ങ്. പ്രവേശന കവാടത്തില്‍ തന്നെ പരിഷ്കൃത വേഷം ധരിച്ച സുന്ദരികള്‍ സന്ദര്‍ശകരെ കാത്തുനില്‍ക്കുന്നു. വേദി പുഷ്പങ്ങളാല്‍ അലങ്കരിച്ചിട്ടുണ്ട്.
ഓഡിറ്റോറിയത്തിന്റെ ഒരു വശത്ത് കോക്ടെയില്‍ ടേബിളില്‍ ഇറക്കുമതി ചെയ്ത വൈന്‍ കുപ്പികളും ഗ്ലാസുകളും കബാബുകളും ഒലീവുകളും പിസ്റ്റയും മറ്റും മറ്റും.ഞാന്‍ മനസില്‍ കണക്കുകൂട്ടി നോക്കി. ചടങ്ങിന് ചുരുങ്ങിയത് മൂന്നുലക്ഷം രൂപ ചെലവുവരും.നോവലിന്റെ ആയിരം കോപ്പിയാണ് അച്ചടിച്ചിരിക്കുന്നത്. അതു മുഴുവന്‍ വിറ്റാല്‍ ഗ്രന്ഥകര്‍ത്താവിനു കിട്ടുന്ന റോയല്‍റ്റി ഏകദേശം പതിനഞ്ചായിരം രൂപയായിരിക്കും. നോവല്‍ മറിച്ചുനോക്കി.ദരിദ്രരില്ല. ആദിവാസികളില്ല. വറ്റുന്ന പുഴകളില്ല. വിഷം പരത്തുന്ന കീടനാശിനികളില്ല... വിമാനത്തില്‍ സഞ്ചരിക്കുന്ന കഥാനായികയാണ് അതിലുള്ളത്. ഭര്‍ത്താവും കുട്ടികളും ഉണ്ടെങ്കിലും അവള്‍ ഒരു വെള്ളക്കാരനുമായി കിടക്ക പങ്കിടുന്നു. വെള്ളക്കാരുമായുള്ള ശരീരഭാഷണങ്ങളാണ് നിറയെ.പതിനഞ്ചായിരം ഉറുപ്പിക റോയല്‍റ്റി പ്രതീക്ഷിക്കാവുന്ന ഒരു പുസ്തകത്തിന്റെ പ്രകാശന ചടങ്ങിന് മൂന്നുലക്ഷം രൂപ ചെലവഴിക്കുന്നത് എങ്ങനെയാണ്?ചടങ്ങ് സ്പോണ്‍സര്‍ ചെയ്തത് ഒരു കോര്‍പറേറ്റ് സ്ഥാപനമാണ്.പുസ്തക പ്രകാശനങ്ങളും ഫേഷന്‍ ഷോകളും ക്രിക്കറ്റ് മേച്ചുകളും എല്ലാം ഇപ്പോള്‍ സ്പോണ്‍സര്‍ ചെയ്യുന്നത് അതുപോലുള്ള സ്ഥാപനങ്ങളാണ്.ഇപ്പോള്‍ അഴിമതി വിരുദ്ധ സമരങ്ങള്‍ കൂടി അവര്‍ സ്പോണ്‍സര്‍ ചെയ്യാന്‍ തുടങ്ങിയിരിക്കുന്നു. ഇനി? ഗാന്ധി ജയന്തിയും സ്വാതന്ത്ര്യ ദിനവും റിപ്പബ്ലിക് ദിന പരേഡും അവര്‍ സ്പോണ്‍സര്‍ ചെയ്തേക്കാം. തെരഞ്ഞെടുപ്പുകളും നിയമസഭയിലെയും ലോക സഭയിലെയും സംവാദങ്ങളും പോലും അവര്‍ സ്പോണ്‍സര്‍ ചെയ്തേക്കാം. വൈകാതെ നമ്മുടെ ജീവിതവും അവര്‍ സ്പോണ്‍സര്‍ഷിപ്പു ചെയ്തെന്നു വരാം.അപ്പോള്‍ നമ്മള്‍ ജീവിക്കുന്നത് ആരുടെ ജീവിതമായിരിക്കും? നമ്മുടേതായിരിക്കില്ല എന്നു തീര്‍ച്ച.
*****
എം മുകുന്ദന്‍, കടപ്പാട് :ദേശാഭിമാനി
Monday, September 5, 2011
സ്പോണ്‍സര്‍ഷിപ്പിന്റെ കാലം
Subscribe to:
Post Comments (Atom)
1 comment:

Post a Comment