Friday, September 2, 2011

പാഠപുസ്തകം പൗരോഹിത്യം കൈയേറുമ്പോള്‍

കേരളത്തിലിപ്പോള്‍ പാഠപുസ്തകവിവാദം പതിവായിക്കഴിഞ്ഞിരിക്കുകയാണ്. കഴിഞ്ഞ അധ്യയന വര്‍ഷങ്ങളില്‍ ഏഴാം ക്ലാസില്‍ പഠിപ്പിക്കുന്ന കേരള പാഠാവലി പരമ്പരയിലെ സാമൂഹ്യശാസ്ത്ര പുസ്തകമായിരുന്നു വിവാദമായത്. ഇപ്പോള്‍ പത്താം ക്ലാസിലെ സാമൂഹ്യശാസ്ത്ര പഠനത്തിനായി എസ്സിഇആര്‍ടി തയ്യാറാക്കിയ സാമൂഹ്യശാസ്ത്ര പുസ്തകമാണ് വിവാദമായിരിക്കുന്നത്. കാത്തലിക് ബിഷപ്പ് കോണ്‍ഫ്രന്‍സും അതിന്റെ വക്താവായ ഫാദര്‍ സ്റ്റീഫന്‍ ആലത്തറയും പാഠപുസ്തകം നിരീശ്വരവാദവും കമ്യൂണിസവും പ്രചരിപ്പിക്കുന്നുവെന്ന പതിവ് പ്രചാരണം തന്നെയാണ് നടത്തിക്കൊണ്ടിരിക്കുന്നത്. പാപവിമോചനകര്‍മങ്ങളുടെയും ദൈവികാനുഷ്ഠാനങ്ങളുടെയും ആത്മീയ ഔന്നത്യത്തിലിരിക്കുന്നവരില്‍നിന്ന് ഒരിക്കലും വിശ്വാസിസമൂഹം പ്രതീക്ഷിക്കാത്ത അപവാദ പ്രചാരണങ്ങളാണ് വന്നുകൊണ്ടിരിക്കുന്നത്. തീര്‍ത്തും സങ്കുചിതമായ രാഷ്ട്രീയ ലക്ഷ്യങ്ങളോടെയാണ് ഇത്തരം വിവാദങ്ങള്‍ ഉയര്‍ന്നുവരുന്നതെന്ന് ചരിത്രം പരിശോധിക്കുന്ന ആര്‍ക്കും മനസിലാക്കാവുന്നതേയുള്ളു.

1957ലെ ഒന്നാം ക്ലാസ് പാഠപുസ്തകത്തിലെ "മണ്ണാങ്കട്ടയും കരിയിലയും കാശിക്ക് പോയ കഥ" എന്ന പാഠത്തില്‍ കൊടുത്ത ചിത്രത്തിന് അന്നത്തെ പ്രതിപക്ഷ കക്ഷിയായ പി എസ് പിയുടെ നേതാക്കളായ പട്ടം താണുപിള്ളയുടെയും മറ്റും മുഖച്ഛായയുണ്ടെന്ന് ആരോപിച്ചായിരുന്നു പ്രക്ഷോഭമുയര്‍ത്തിയത്. ടി എം ജേക്കബ് വിദ്യാഭ്യാസ മന്ത്രിയായിരിക്കുന്ന കാലത്താണല്ലോ "റാകിപ്പറക്കുന്ന ചെമ്പരുന്ത്" വിവാദമായത്. കേശവദേവിന്റെ ഓടയില്‍നിന്ന് തുടങ്ങി കസാന്‍ദ് സാക്കിസിന്റെ "യേശുവിന്റെ അന്ത്യപ്രലോഭനം" എന്ന നോവലിനെ പരിചയപ്പെടുത്തുന്ന ലേഖനം വരെ വിവാദമാകുകയുണ്ടായി. വിഷ്ണുനാരായണന്‍ നമ്പൂതിരിയുടെ "ആദാമും ദൈവവും" എന്ന കവിതക്കെതിരെയും പ്രതിലോമകരമായ ലക്ഷ്യങ്ങളോടെ വിവാദം ഉയര്‍ന്നുവരികയുണ്ടായി. "മതമില്ലാത്ത ജീവന്‍" വിവാദമാക്കിയവര്‍ യഥാര്‍ഥത്തില്‍ മതേതരമായ ജീവിതബന്ധങ്ങള്‍ അനുവദിക്കില്ലെന്ന മധ്യകാലിക യാഥാസ്ഥിതിക മൂല്യങ്ങളെയാണ് കേരളീയ സമൂഹത്തിലേക്ക് പുനരാനയിച്ചത്. സ്കൂളില്‍ കുട്ടിയെ ചേര്‍ക്കാനെത്തുന്ന മാതാപിതാക്കള്‍ കുട്ടിയുടെ ജാതിയും മതവും രേഖപ്പെടുത്തേണ്ടതില്ലെന്നും അവന്‍ വലുതാകുമ്പോള്‍ മതം വേണമെന്നുണ്ടെങ്കില്‍ ഇഷ്ടമുള്ള മതം സ്വീകരിച്ചുകൊള്ളട്ടെ എന്നും ഹെഡ്മാസ്റ്ററുടെ ചോദ്യത്തിന് മറുപടിയായി പറയുന്നതാണ് യാഥാസ്ഥിതികരെ പ്രകോപിപ്പിച്ചത്.

ക്രിസ്ത്യന്‍ സഭയും മുസ്ലിം വര്‍ഗീയവാദികളും എന്‍എസ്എസ്സുമെല്ലാം മതമില്ലാത്ത ജീവനെതിരെ ഒന്നിച്ചണിനിരക്കുകയായിരുന്നല്ലോ. തെരുവുകളെ കലാപകലുഷിതമാക്കിയ ആ വിവാദം ഭരണഘടനയുടെ പ്രഖ്യാപിത ലക്ഷ്യങ്ങള്‍ക്കെതിരായ യാഥാസ്ഥിതികശക്തികളുടെ ധൈഷണികമായൊരു കടന്നാക്രമണം കൂടിയായിരുന്നു. മതവിശ്വാസികളെപ്പോലെ ഒരു മതത്തിലും വിശ്വസിക്കാത്തവര്‍ക്കും സ്വന്തം വിശ്വാസങ്ങളനുസരിച്ച് ജീവിക്കുവാന്‍ ഭരണഘടന നല്‍കുന്ന സ്വാതന്ത്ര്യത്തെയും അവകാശങ്ങളെയും വെല്ലുവിളിച്ച യാഥാസ്ഥിതികതയുടെ പുനരുത്ഥാനമാണ് "മതമില്ലാത്ത ജീവ"നെതിരെയുള്ള കലാപത്തിലൂടെ പ്രകടമായത്. വിശ്വാസത്തെയും മതത്തെയും പോലെതന്നെ മതേതര ആശയങ്ങള്‍ക്ക് സമൂഹത്തില്‍ നിലനില്ക്കുവാനുള്ള അവകാശമുണ്ടെന്ന ഭരണഘടനാ വാഗ്ദാനത്തെ തന്നെയാണ് ഈ നവ മതയാഥാസ്ഥിതികര്‍ ചോദ്യം ചെയ്യുന്നത്. ദൈവശാസ്ത്രജ്ഞനായ യൂജിന്‍ പാറ്റേഴ്സണ്‍ മതത്തെ വിശ്വാസപരമായ ഭ്രാന്തായി മാറ്റുന്നതുവഴി ചരിത്രത്തില്‍ സംഭവിച്ച വിദ്വേഷത്തിന്റെയും പീഡനങ്ങളുടെയും രക്തപങ്കിലമായ അനവധി ഉദാഹരണങ്ങള്‍ എടുത്തുകാണിക്കുന്നുണ്ട്. മനുഷ്യന്റെ സാമൂഹ്യവികാസത്തിന്റെ ശൈശവ ഘട്ടങ്ങളില്‍ രൂപം കൊണ്ട മതം അതിന്റെ ചരിത്രപരമായ പരിമിതിക്കകത്തു നിന്നുകൊണ്ട് സാമൂഹ്യ പുരോഗതിക്ക് സഹായിച്ചിട്ടുണ്ട്. എല്ലാ മതങ്ങളുടെയും ആരംഭകാല ദര്‍ശനം മനുഷ്യസ്നേഹമായിരുന്നു. പ്രകൃതിയുടെ പ്രതികൂല പ്രതിഭാസങ്ങളെ അതിജീവിക്കുവാന്‍ മനുഷ്യന്‍ നടത്തുന്ന നിരന്തരമായ പോരാട്ടവും സാമൂഹ്യ പ്രശ്നങ്ങള്‍ക്ക് പരിഹാരം തേടാനുള്ള ശ്രമങ്ങളുമാണ് യഥാര്‍ഥത്തില്‍ മതവിശ്വാസങ്ങളുടെയും ആചാരാനുഷ്ഠാനങ്ങളുടെയും വളര്‍ച്ചക്കും വ്യാപനത്തിനും കാരണമായത്. പ്രപഞ്ചത്തിലെ നാനാ പ്രതിഭാസങ്ങളെ യുക്തിഭദ്രമായി വിശദീകരിക്കുവാന്‍ പ്രയാസപ്പെട്ടപ്പോഴാണ് മനുഷ്യന്‍ അവയ്ക്ക് ദിവ്യപരിവേഷം നല്‍കിയത്. നിഗൂഢവല്‍ക്കരിച്ചും അന്ധവിശ്വാസജടിലമായ വിശദീകരണങ്ങളിലൂടെയുമാണ് മതങ്ങള്‍ പ്രകൃതി പ്രതിഭാസങ്ങളെ വ്യാഖ്യാനിച്ചത്. തങ്ങള്‍ക്ക് അജ്ഞാതമായ ജീവിതത്തിന്റെ നശ്വരതയുടെ കാരണങ്ങളെ ദേവപ്രീതിക്കുള്ള ആചാരാനുഷ്ഠാനങ്ങളിലൂടെ അതിജീവിക്കുവാനാണ് മതവും ദൈവശാസ്ത്ര ഗ്രന്ഥങ്ങളും അനുശാസിച്ചത്. മതം എങ്ങനെയാണ് ചരിത്രത്തില്‍ അപകടകരമായ ഒരുപാട് സംഭവങ്ങളുടെ ഊര്‍ജസ്രോതസ്സായി പരിണമിച്ചതെന്ന് അന്വേഷിച്ച പല ദൈവശാസ്ത്രജ്ഞരും ഒരുപോലെ ചൂണ്ടിക്കാട്ടിയത് അത് അധികാരിവര്‍ഗ പ്രത്യയശാസ്ത്രമായി പരിണമിച്ചതോടെയാണെന്നാണ്. റോമാസാമ്രാജ്യത്തില്‍ നിലനിന്നിരുന്ന സാമൂഹ്യ ഉച്ചനീചത്വങ്ങളെ വെല്ലുവിളിച്ചുകൊണ്ടാണ് ക്രിസ്തുമതം രംഗത്ത് വരുന്നത്. ദൈവരാജ്യത്തില്‍ അടിമയും ഉടമയുമില്ലെന്ന സമത്വത്തിന്റെ സുവിശേഷ പ്രചാരണവുമായിട്ടാണ് ക്രിസ്തു ജനമനസ്സുകളെ സ്വാധീനിച്ചത്.

ഭൂമിയില്‍ ദൈവനീതി യാഥാര്‍ഥ്യമാകുവാനുള്ള സുവിശേഷ ദൗത്യവുമായി അവതരിച്ച ക്രിസ്തുദേവനെ അധികാരിവര്‍ഗം കുരിശു മരണത്തിന് വിധിച്ചു. വിരോധാഭാസമെന്ന് തോന്നുംപോലെ റോമന്‍ ചക്രവര്‍ത്തി തന്നെ താമസിയാതെ ക്രിസ്തുമതത്തെ ഔദ്യോഗിക മതമായി പ്രഖ്യാപിച്ചു. സമത്വത്തിന്റെ സുവിശേഷം പ്രചരിപ്പിച്ച ക്രിസ്തുവിന്റെ ദര്‍ശനങ്ങള്‍ ആധിപത്യശക്തികളുടെ പ്രത്യയശാസ്ത്ര ഉപകരണമായി പരിണമിച്ചു. സാമൂഹികമായ ഉച്ചനീചത്വങ്ങള്‍ അവസാനിപ്പിക്കാനായി ജന്മംകൊണ്ട മതം ആധിപത്യവ്യവസ്ഥക്കെതിരായ എല്ലാ ജനകീയ ഉണര്‍വുകളെയും തടസ്സപ്പെടുത്തി. മതകുറ്റവിചാരണകളിലൂടെ എണ്ണമറ്റ മനുഷ്യരെ നിഷ്ഠുരമായി കൊലപ്പെടുത്തി. എല്ലാവിധ ശാസ്ത്രാന്വേഷണങ്ങളെയും മുളയിലേ നുള്ളാന്‍ ശ്രമിച്ചു. ക്രിസ്തുമതത്തിന്റെ ആവിര്‍ഭാവ ചോദനയായിരുന്ന സ്വാതന്ത്ര്യവും സമത്വവും ലക്ഷ്യം വയ്ക്കുന്ന മാനുഷികമായൊരു ലോകത്തിനു വേണ്ടിയുള്ള ശ്രമവും ഇന്‍ക്വിസിഷന്റെ നിര്‍ദയമായ നടപടികളിലൂടെ ഞെരിച്ചമര്‍ത്തപ്പെട്ടു. പത്താം ക്ലാസിലെ സാമൂഹ്യശാസ്ത്ര പാഠത്തിലെ "ആധുനികലോകത്തിന്റെ ഉദയ"മെന്ന പാഠഭാഗം ഈയൊരു ചരിത്രസന്ദര്‍ഭത്തെയാണ് അവതരിപ്പിക്കുന്നത്. ഈ പാഠഭാഗത്തിന്റെ ഉപശീര്‍ഷകമായി കൊടുത്തിരിക്കുന്ന നവോത്ഥാനത്തിലെ പരാമര്‍ശങ്ങളാണ് ദൈവനിന്ദയും മതവികാരങ്ങളുടെ വ്രണപ്പെടുത്തലുമായി ദുര്‍വ്യാഖ്യാനിച്ച് വിവാദം ഉയര്‍ത്തുന്നത്.

പാഠപുസ്തകം തയ്യാറാക്കിയ എസ്സിഇആര്‍ടിയുടെ സ്വന്തം ആവിഷ്കാരങ്ങളല്ല ഈ പാഠത്തിലെ നവോത്ഥാനത്തെക്കുറിച്ചുള്ള ഭാഗം. ചരിത്രത്തിന്റെ അസന്ദിഗ്ധങ്ങളായ സത്യങ്ങളാണവ. ചരിത്രത്തെ അതിന്റെ തത്വശാസ്ത്രപരമായ സത്തയില്‍ അപഗ്രഥിച്ചിട്ടുള്ള ജവഹര്‍ലാല്‍ നെഹ്റുവും എച്ച് ജി വെല്‍സുമെല്ലാം അവരുടെ വിഖ്യാതമായ ഗ്രന്ഥങ്ങളില്‍ വിശദീകരിച്ചിട്ടുള്ള കാര്യങ്ങളുടെ സംഗ്രഹമാണീ പാഠഭാഗം. സങ്കുചിതമായ വോട്ടുബാങ്ക് രാഷ്ട്രീയം കളിക്കുന്നവര്‍ പാഠഭാഗത്തിനെതിരെ ആരോപണം ഉയര്‍ന്ന ഉടനെ പാഠഭാഗം പരിശോധിച്ച് തിരുത്തുകള്‍ നിര്‍ദേശിക്കുവാന്‍ കമ്മിറ്റിയെ നിയോഗിച്ചിരിക്കുകയാണ്. എം ജി എസ് നാരായണനും ഡോ. ബാബുപോളും ഡോ. റെയ്മനും അടങ്ങുന്ന വിദഗ്ധസമിതി നെഹറുവിനെയും വെല്‍സിനെയും തിരുത്തുമോ? വിശ്വചരിത്രാവലോകനവും ലോകചരിത്ര സംഗ്രഹവും പോലുള്ള ചരിത്രകൃതികള്‍ക്ക് പാഠഭേദം ചമയ്ക്കുമോ? സ്കൂള്‍ സാമൂഹ്യശാസ്ത്ര പഠനം വേദപഠനമായി പരിമിതപ്പെടുത്തണമെന്ന് വാദിക്കുന്ന നവയാഥാസ്ഥിതികരായ ധൈഷണികരാണ് ഇന്ന് ജ്ഞാനോദയ മാനവികതക്കും നവോത്ഥാനാശയങ്ങള്‍ക്കും മരണം വിധിച്ചിരിക്കുന്നത്. 1959ല്‍ പ്രസിദ്ധീകൃതമായ റെയ്നോള്‍ഡ് നിബുവിന്റെ ദൈവശാസ്ത്ര സിദ്ധാന്തങ്ങളാണ് നവലിബറലിസം അതിന്റെ പ്രത്യയശാസ്ത്രമായി ആന്തരവല്‍ക്കരിച്ചുകൊണ്ടിരിക്കുന്നത്. രാഷ്ട്രങ്ങളുടെയും സാമ്രാജ്യങ്ങളുടെയും ഘടന എന്ന കൃതിയിലൂടെ റെയ്നോള്‍ഡ് നിബു സാമ്രാജ്യത്വ ഭരണകൂടങ്ങള്‍ക്ക് മതവും ദൈവവും ആവശ്യമാണെന്ന് വാദിക്കുകയായിരുന്നു. മധ്യകാലഘട്ടങ്ങളിലുണ്ടായ മൂന്നു സാമ്രാജ്യങ്ങളുടെ ചരിത്രം പരിശോധിച്ചുകൊണ്ടാണ് സാമ്രാജ്യങ്ങള്‍ക്ക് മതവും ദൈവവുമില്ലാതെ നിലനില്ക്കാനാവില്ലെന്ന് പ്രസ്താവിച്ചത്. അമേരിക്കയുടെ നവ അധിനിവേശ തന്ത്രങ്ങളില്‍ മതവും ദൈവവും പ്രത്യയശാസ്ത്ര പദ്ധതിയാവുന്നതാണ് നാം കാണുന്നത്. ഇതിനനുസൃതമായ ഒരു നവയാഥാസ്ഥിതിക ധൈഷണികധാര ആഗോളതലത്തില്‍തന്നെ വളര്‍ത്തിക്കൊണ്ടുവന്നിരിക്കുകയാണ്. ചിന്തയുടെയും പ്രയോഗത്തിന്റെയും വികാസപഥങ്ങളില്‍ മനുഷ്യസമൂഹം നൂറ്റാണ്ടുകളിലൂടെ ആര്‍ജിച്ചെടുത്ത എല്ലാ ദര്‍ശനങ്ങളെയും മാനവീയ മൂല്യങ്ങളെയും ചോദ്യം ചെയ്യുന്ന ഈ നവയാഥാസ്ഥിതിക ധൈഷണികധാര ആഗോള മൂലധന താല്പര്യങ്ങളോടൊപ്പം ഭീതിദമായ മാനങ്ങള്‍ കൈവരിച്ചിരിക്കുകയാണ്. സാമൂഹ്യനീതി, സമത്വം, ജ്ഞാനോത്സുകത തുടങ്ങി നവോത്ഥാനപരമായ എല്ലാറ്റിനോടുമുള്ള ആഭിമുഖ്യം ആദര്‍ശതലത്തില്‍പോലും അംഗീകരിച്ചു കൊടുത്തുകൂടായെന്നും ശഠിക്കുന്ന ഈ നവയാഥാസ്ഥിതികത "സംസ്കാര സംഘര്‍ഷ" സിദ്ധാന്തങ്ങളിലൂടെ ലോകത്തെ അമേരിക്കന്‍ മൂലധനാധിപത്യത്തില്‍ കൊണ്ടുവരുവാനുള്ള പ്രത്യയശാസ്ത്ര ദൗത്യമാണ് നിര്‍വഹിക്കുന്നത്.

മനുഷ്യനെ എല്ലാ അതിരുകള്‍ക്കുമപ്പുറം ഒന്നായി കാണുകയെന്ന ഏറ്റവും സാമാന്യമായ ധാരണപോലും വെല്ലുവിളിക്കപ്പെടുകയാണ്. നാമിന്നറിയുന്ന മാനവീയ സങ്കല്പങ്ങള്‍ ചരിത്രത്തില്‍ സ്ഥാപിതമായത് മധ്യകാല ദൈവനീതിയെയും അന്ധകാര യുഗത്തിന്റെ പാതകങ്ങളെയും ചോദ്യം ചെയ്ത നവോത്ഥാന മുന്നേറ്റങ്ങളിലൂടെയാണ്. നവോത്ഥാനം സൃഷ്ടിച്ച എല്ലാ ദര്‍ശനങ്ങളും യുക്തിയുടെയും കാര്യകാരണബന്ധത്തിന്റെയും അദമ്യമായ സ്വാതന്ത്ര്യവാഞ്ഛയുടെയും പ്രകാശനമായിരുന്നു. ഏകാന്തവും ദൈവസമാനവുമായ മാനുഷികതയെ അനിവാര്യമായ ഉല്പാദനബന്ധങ്ങളിലെ പരിവര്‍ത്തനങ്ങളിലൂടെ കൂടുതല്‍ സ്വതന്ത്രവും നീതിബന്ധവുമായ സാമൂഹ്യനിര്‍മിതിക്കുള്ള ചിന്തയും പ്രയോഗവുമാക്കി വികസിപ്പിക്കുകയായിരുന്നു നവോത്ഥാനം. ശാസ്ത്രവും കണ്ടുപിടിത്തങ്ങളും അതിന്റെ ഫലമായ വ്യാവസായിക വിപ്ലവവും കൂടുതല്‍ ഉദാരവും സാര്‍വലൗകികവുമായ മാനവികതയെക്കുറിച്ചുള്ള സ്വപ്നങ്ങളും വീക്ഷണങ്ങളുമാണ് മുന്നോട്ട് കൊണ്ടുവന്നത്. പത്താം ക്ലാസിലെ സാമൂഹ്യ പാഠത്തിലെ "ആധുനിക ലോകത്തിന്റെ ഉദയം" ഈയൊരു ചരിത്ര സന്ദര്‍ഭത്തെ സംഗ്രഹിച്ചവതരിപ്പിക്കുകയാണ് ചെയ്തിരിക്കുന്നത്. ഇതില്‍ ദൈവത്തിന്റെയും മതപരമായ വികാരങ്ങളുടെ വ്രണപ്പെടലും ആരോപിക്കുന്നവര്‍ ചരിത്രത്തെ പിറകോട്ട് വലിക്കുവാന്‍ മിനക്കെടുന്നവരാണ്. പുതിയ സഹസ്രാബ്ദപ്പിറവിയില്‍ സഭ തന്നെ ലോകത്തോട് ഏറ്റുപറഞ്ഞ് മാപ്പ് ചോദിച്ച മഹാപാതകങ്ങളുടെ കെട്ടുപാടുകളില്‍നിന്ന് മുക്തി നേടാത്തവരാണ് ഇത്തരക്കാര്‍ . വിജ്ഞാന വിരോധത്തിന്റെ സഹസ്രാബ്ദങ്ങള്‍ സൃഷ്ടിച്ച ആശയക്കുഴപ്പങ്ങളില്‍ വിശ്വാസി സമൂഹത്തെ പിടിച്ചുനിര്‍ത്താന്‍ പാടുപെടുന്നവരാണവര്‍ .

മനുഷ്യസമൂഹം നുണകളില്‍ ജീവിക്കുവാന്‍ നിര്‍ബന്ധിക്കപ്പെട്ടിരുന്ന കാലം സൃഷ്ടിച്ച ആശയക്കുഴപ്പങ്ങളെയും ക്രൂരമായ പീഡനങ്ങളെയും അവസാനിപ്പിച്ചുകൊണ്ടാണ് നവോത്ഥാനത്തിന്റെ പ്രകാശം പരന്നത്. മധ്യകാല യൂറോപ്പിനെ അടക്കി ഭരിച്ച കത്തോലിക്കാ സഭയെക്കുറിച്ച പാഠഭാഗത്തിലെ പരാമര്‍ശമാണ് മതവികാരങ്ങളെ വ്രണപ്പെടുത്തലായി കെസിബിസി വക്താവ് ആരോപിക്കുന്നത്. എല്ലാവിധ സത്യാന്വേഷണങ്ങളെയും ശാസ്ത്രബോധത്തെയും നിര്‍ദയമായി അടിച്ചമര്‍ത്തുകയും നിരോധിക്കുകയുമാണ് അക്കാലത്തെ സഭ ചെയ്തത്. കോപ്പര്‍നിക്കസിന്റെ പുസ്തകം സഭയുടെ നിരോധിത പുസ്തകങ്ങളുടെ പട്ടികയിലായിരുന്നു. യുക്തിരഹിതമായ വിശ്വാസങ്ങളെ വിമര്‍ശിക്കുന്ന എല്ലാത്തിനോടും സഭ കാണിച്ച അസഹിഷ്ണുതയും സംഹാരമനോഭാവവും ഭീകരമായിരുന്നു. ജസ്റ്റീനിയന്‍ ചക്രവര്‍ത്തിയുടെ കാലത്ത് ശാസ്ത്രജ്ഞാനം വിദ്യാര്‍ഥികളില്‍ എത്താതിരിക്കുവാന്‍ ഏതന്‍സിലെ സ്കൂളുകള്‍ മുഴുവന്‍ അടപ്പിച്ച ചരിത്രമുണ്ട്. ഇത്തരം കിരാതമായ നടപടികളും വിജ്ഞാന വിരോധവും കണ്ടാണ് പ്രാചീന റോമില്‍ വിന്‍സ്റ്റാന്‍സ്പിയ വിദ്യാഭ്യാസത്തെ പള്ളിയുടെ നിയന്ത്രണത്തില്‍ നിന്ന് പൂര്‍ണമായും മുക്തമാക്കണമെന്ന് വാദിച്ചത്. പൗരോഹിത്യത്തിന്റെ ജ്ഞാനാധികാരത്തെയും ദൈവശാസ്ത്രത്തെയും ചോദ്യം ചെയ്ത ബ്രൂണോവിനെ മതകുറ്റവിചാരണക്ക് വിധേയമാക്കി പരസ്യമായി നഗരചത്വരത്തില്‍ ചുട്ടുകരിച്ചു കൊന്നു. വിശുദ്ധ ഗ്രന്ഥത്തിന്റെ പ്രപഞ്ചവീക്ഷണത്തെ തന്റെ ജ്യോതിശാസ്ത്ര പഠനങ്ങളിലൂടെ നിരാകരിച്ച കോപ്പര്‍ നിക്കസിനെ ജീവിതാവസാനംവരെ സഭ നിശ്ശബ്ദനാക്കി തടവിലിടുകയായിരുന്നല്ലോ. കോപ്പര്‍ നിക്കസിന്റെ ഭ്രമണസിദ്ധാന്തത്തെ ഗലീലിയോ തന്റെ കണ്ടുപിടിത്തങ്ങളിലൂടെ വികസിപ്പിച്ചു. ദൂരദര്‍ശിനിയുടെ കണ്ടുപിടിത്തത്തോടെ കോപ്പര്‍നിക്കസിന്റെ പ്രപഞ്ച പരികല്പനയെ സമര്‍ഥിക്കുന്നതിനാവശ്യമായ തെളിവുകള്‍ ഗലീലിയോ മുന്നോട്ടുവച്ചു. വേദപുസ്തകത്തിലെ അസന്ദിഗ്ധങ്ങളായ സത്യത്തിന്റെ കുറ്റകരമായ നിഷേധമാണ് ഗലീലിയോവിന്റെ കണ്ടുപിടിത്തങ്ങളെന്ന് വിലയിരുത്തിയ സഭ അദ്ദേഹത്തെ കടുത്ത ശിക്ഷാവിധികള്‍ക്ക് വിധേയമാക്കി. വേദപുസ്തകത്തില്‍ പറയുംപോലെ ഭൂമി പരന്നതാണെന്ന് പറയിപ്പിക്കാനുള്ള ക്രൂരമായ പീഡനമുറകള്‍ക്ക് ഗലീലിയോ ഇരയായി.

പൗരോഹിത്യവും മധ്യകാല ഭരണാധികാരികളും പരത്തി കിടത്തിയ ഭൂമിയെ ഗോളാകൃതിയിലാക്കുവാനും ദൈവസൃഷ്ടമായ അസന്തുലിതത്വങ്ങളെ പ്രകൃതി നിയമങ്ങള്‍കൊണ്ട് നിയന്ത്രിക്കപ്പെടുന്ന പ്രപഞ്ചവ്യവസ്ഥയുടെ നിയമങ്ങള്‍ കണ്ടെത്തിക്കൊണ്ട് മറികടക്കുവാനും അതുവഴി സര്‍വതോമുഖമായ പുരോഗതിക്ക് സാഹചര്യമൊരുക്കിയതും ജ്ഞാനോദയ ചിന്തകരാണ്. ഈ ഭൂമുഖത്തെ മനുഷ്യോന്മുഖമാക്കുവാന്‍ മധ്യകാലത്തിന്റെ അജ്ഞതയോടും അന്ധകാരത്തോടും പട വെട്ടിയവരാണ് ജ്ഞാനോദയ വിപ്ലവകാരികള്‍ . നവോത്ഥാനത്തിന്റെ ആവിര്‍ഭാവം മത നവീകരണത്തിനു വേണ്ടിയുള്ള ശ്രമങ്ങളിലൂടെയാണ് പൊട്ടിപ്പുറപ്പെടുന്നത്. യുക്തിരഹിതമായ വിശ്വാസവും കടന്നാക്രമണ ത്വരയും സഭയെ നയിച്ചിരുന്ന കാലത്താണ് സെന്റ് അഗസ്റ്റിന്‍ സഭക്കകത്ത് അനേകം ചെന്നായ്ക്കളും സഭക്ക് പുറത്ത് അനേകം ആളുകളുമുണ്ടെന്നു പറഞ്ഞത്. മധ്യകാലത്തെ പ്രമുഖ ചിന്തകരിലൊരാളായിരുന്ന അബിലാര്‍സ് മതശാസ്ത്രത്തെ യുക്തിചിന്തയുമായി സംയോജിപ്പിക്കണമെന്ന് വാദിക്കുകയും ഈ ദിശയില്‍ മതശാസ്ത്രത്തെ വികസിപ്പിക്കുകയും ചെയ്തു. ബൈബിളിലും പുരോഹിതന്മാരുടെ ഉപദേശങ്ങളിലുമടങ്ങിയ പരസ്പരവിരുദ്ധങ്ങളായ പ്രസ്താവനകളെ അദ്ദേഹത്തിന്റെ "സിക് അറ്റ് നോണ്‍" എന്ന കൃതിയിലൂടെ അനാവരണം ചെയ്തു. ജ്ഞാനാന്വേഷണങ്ങളോടുള്ള അസഹിഷ്ണുതയും സംഹാര മനോഭാവവുമല്ല ക്രൈസ്തവതയുടേതെന്ന് അദ്ദേഹം വ്യക്തമാക്കി. അന്വേഷണംകൊണ്ടാണ് സത്യത്തെ കണ്ടുപിടിക്കേണ്ടതെന്നായിരുന്നു അദ്ദേഹത്തിന്റെ അഭിപ്രായം. ദൈവത്തെ പ്രസാദിപ്പിക്കുവാന്‍ ശ്രമിക്കുന്നതിനെക്കാള്‍ ശ്രേഷ്ഠമാണ് ബുദ്ധിശക്തിയുടെ അനുഗ്രഹംകൊണ്ടുള്ള ജ്ഞാനോദ്ദീപനം. ദൈവത്തെ പ്രീണിപ്പിക്കുവാന്‍ ഉത്തേജനം നല്‍കാനല്ല, ദിവ്യജ്ഞാനം നല്‍കി ലോകത്തെ പ്രകാശപൂര്‍ണമാക്കുവാനാണ് ക്രിസ്തു അവതരിച്ചതെന്നാണ് അബിലാര്‍ഡ് നിരീക്ഷിക്കുന്നത്. മറ്റൊരു മധ്യകാലപണ്ഡിതനായ തോമസ് അക്വിനാസ് യുക്തിയുടെ പിന്‍ബലത്തോടെ നേടുന്ന മതവിശ്വാസത്തിനു വേണ്ടിയാണ് വാദിച്ചത്. വിശ്വാസത്തിലൂടെ വെളിപ്പെട്ടതിന്റെയും യുക്തിയിലൂടെ സമര്‍ഥിക്കപ്പെട്ടതുമായ ഒരു മതവിശ്വാസത്തെക്കുറിച്ചാണ് അക്വിനാസ് അന്വേഷിച്ചത്.

ധിഷണാപരമായ പുരോഗതിക്കാവശ്യമായ അറിയാനുള്ള ത്വരയും എല്ലാവിധ പ്രകൃതി പ്രതിഭാസങ്ങളെയും സാമൂഹ്യ വിഷയങ്ങളെയും ശുഭാപ്തി വിശ്വാസത്തോടെ അഭിമുഖീകരിക്കുന്ന ജിജ്ഞാസയുടെ വികാസവുമാണ് നവോത്ഥാനം സാധ്യമാക്കിയത്. നവോത്ഥാനത്തിന്റെ ചരിത്രകാരന്മാര്‍ രേഖപ്പെടുത്തിയിട്ടുള്ളതുപോലെ കുരിശുയുദ്ധവും സമുദ്രപര്യടനങ്ങളുമെല്ലാം ഈ ധിഷണാപരമായ പ്രത്യുത്ഥാനത്തെ ഉത്തേജിപ്പിച്ചു. വര്‍ത്തമാനകാലത്തെ അറിയുന്നതിലുള്ള ആഗ്രഹത്തിലും ഭൂതകാലത്തെപ്പറ്റിയുള്ള താല്പര്യത്തിലുമാണ് ഈ പ്രത്യുത്ഥാനം പ്രത്യക്ഷപ്പെട്ടതെന്ന്" നവോത്ഥാനത്തിന്റെ കഥ" യില്‍ ഹഡ്സണ്‍ വിശദമായി പ്രതിപാദിക്കുന്നുണ്ട്. ഈ ധിഷണാപരമായ പ്രത്യുത്ഥാനമാണ് പരമ്പരാഗതമായ സാമൂഹികാചാരങ്ങളെയും വിശ്വാസങ്ങളെയും അതിന്റെ പ്രത്യയശാസ്ത്ര അടിസ്ഥാനങ്ങളെയും വിമര്‍ശനപരമായ വിശകലനങ്ങള്‍ക്ക് പ്രേരണ നല്‍കിയത്.

പൗരാണിക കാലത്തെ അറിവിന്റെ അശാസ്ത്രീയതയും പരിപക്വതയില്ലായ്മയുമാണ് പ്രകൃത്യാതീതവാദങ്ങളിലും മരണാനന്തര ജീവിതത്തിലധിഷ്ഠിതമായ പല ക്രിസ്തീയ മതസിദ്ധാന്തങ്ങളിലും അടങ്ങിയിരിക്കുന്നതെന്ന് പില്‍ക്കാല സഭാമേധാവികള്‍ക്കുതന്നെ സമ്മതിക്കേണ്ടി വന്നിട്ടുണ്ട്. ശാസ്ത്രം സത്യത്തെ കണ്ടെത്താനുള്ള വഴിയാണ്. ഫ്രാന്‍സിസ് ബേക്കണ്‍ ചൂണ്ടിക്കാട്ടിയത്: "ഇപ്പോള്‍ ശാസ്ത്രത്തിന്റെ ശരിയായ, ന്യായമായ ലക്ഷ്യം മറ്റൊന്നുമല്ല, പ്രകൃതിയുടെ രഹസ്യങ്ങളെ അനാവരണം ചെയ്യുകയാണ്". അതായത് എല്ലാ കണ്ടുപിടിത്തങ്ങളും ശാസ്ത്രജ്ഞാനവും കൊണ്ട് മനുഷ്യജീവിതത്തെ ധന്യമാക്കണമെന്നാണ് ബേക്കണ്‍ വ്യക്തമാക്കിയത്. മതാധികാരത്തിന്റെ ചോദ്യം ചെയ്യാന്‍ പാടില്ലാത്ത ധര്‍മസംഹിതകളിലേക്ക് വിരല്‍ ചൂണ്ടിക്കൊണ്ട് എല്ലാറ്റിനെയും ചോദ്യം ചെയ്യേണ്ടതിന്റെ ആവശ്യകതയിലേക്കാണ് ദെക്കാര്‍ത്ത് വിരല്‍ ചൂണ്ടിയത്. ബ്രൂണോ തന്റെ ശിക്ഷാവിധി കേട്ടപ്പോള്‍ പ്രതിവചിച്ചത് ഭയമാണ് മതപൗരോഹിത്യത്തെ ഭരിക്കുന്നതെന്നാണ്. ഫാദര്‍ സ്റ്റീഫന്‍ ആലത്തറയും കെസിബിസി മേധാവികളും ചരിത്രത്തെ പിറകോട്ട് വലിക്കുകയാണ്. നവോത്ഥാനത്തിന്റെ മഹാപാഠങ്ങള്‍ സാമൂഹ്യശാസ്ത്ര പാഠത്തില്‍ ഉള്‍പ്പെടുത്തുന്നതിനെതിരെ കേരളത്തിലിപ്പോള്‍ ഉയര്‍ന്നുവരുന്ന വിവാദങ്ങളുടെ ധൈഷണിക പരിസരം ജ്ഞാനോദയ മാനവികതയെയും നവോത്ഥാനാശയങ്ങളെയും നിരാകരിക്കുന്ന നവലിബറല്‍ മൂലധനത്തിന്റെ അധിനിവേശ താല്പര്യത്തില്‍നിന്ന് ഉയരുന്നതാണ്.

*
കെ ടി കുഞ്ഞിക്കണ്ണന്‍ ദേശാഭിമാനി വാരിക 03 സെപ്തംബര്‍ 2011

2 comments:

വര്‍ക്കേഴ്സ് ഫോറം said...

കേരളത്തിലിപ്പോള്‍ പാഠപുസ്തകവിവാദം പതിവായിക്കഴിഞ്ഞിരിക്കുകയാണ്. കഴിഞ്ഞ അധ്യയന വര്‍ഷങ്ങളില്‍ ഏഴാം ക്ലാസില്‍ പഠിപ്പിക്കുന്ന കേരള പാഠാവലി പരമ്പരയിലെ സാമൂഹ്യശാസ്ത്ര പുസ്തകമായിരുന്നു വിവാദമായത്. ഇപ്പോള്‍ പത്താം ക്ലാസിലെ സാമൂഹ്യശാസ്ത്ര പഠനത്തിനായി എസ്സിഇആര്‍ടി തയ്യാറാക്കിയ സാമൂഹ്യശാസ്ത്ര പുസ്തകമാണ് വിവാദമായിരിക്കുന്നത്. കാത്തലിക് ബിഷപ്പ് കോണ്‍ഫ്രന്‍സും അതിന്റെ വക്താവായ ഫാദര്‍ സ്റ്റീഫന്‍ ആലത്തറയും പാഠപുസ്തകം നിരീശ്വരവാദവും കമ്യൂണിസവും പ്രചരിപ്പിക്കുന്നുവെന്ന പതിവ് പ്രചാരണം തന്നെയാണ് നടത്തിക്കൊണ്ടിരിക്കുന്നത്. പാപവിമോചനകര്‍മങ്ങളുടെയും ദൈവികാനുഷ്ഠാനങ്ങളുടെയും ആത്മീയ ഔന്നത്യത്തിലിരിക്കുന്നവരില്‍നിന്ന് ഒരിക്കലും വിശ്വാസിസമൂഹം പ്രതീക്ഷിക്കാത്ത അപവാദ പ്രചാരണങ്ങളാണ് വന്നുകൊണ്ടിരിക്കുന്നത്. തീര്‍ത്തും സങ്കുചിതമായ രാഷ്ട്രീയ ലക്ഷ്യങ്ങളോടെയാണ് ഇത്തരം വിവാദങ്ങള്‍ ഉയര്‍ന്നുവരുന്നതെന്ന് ചരിത്രം പരിശോധിക്കുന്ന ആര്‍ക്കും മനസിലാക്കാവുന്നതേയുള്ളു.

മുക്കുവന്‍ said...

പൗരോഹിത്യവും മധ്യകാല ഭരണാധികാരികളും പരത്തി കിടത്തിയ ഭൂമിയെ ഗോളാകൃതിയിലാക്കുവാനും ദൈവസൃഷ്ടമായ അസന്തുലിതത്വങ്ങളെ പ്രകൃതി നിയമങ്ങള്‍കൊണ്ട് നിയന്ത്രിക്കപ്പെടുന്ന പ്രപഞ്ചവ്യവസ്ഥയുടെ നിയമങ്ങള്‍ കണ്ടെത്തിക്കൊണ്ട് മറികടക്കുവാനും അതുവഴി സര്‍വതോമുഖമായ പുരോഗതിക്ക് സാഹചര്യമൊരുക്കിയതും ജ്ഞാനോദയ ചിന്തകരാണ്...

- ഇതുപോലെ എന്തേലും കാര്യമുള്ള കാര്യത്തിനു സമരം ചെയ്യാതെ, മണ്ടേലയെ വെറുതെ വിടാനും,ഹുസൈനെ തൂക്കിലേറ്റാതിരിക്കാനും, പാര്‍ട്ടി നേതാവിന്റെ മക്കള്‍ക്ക് കോടികള്‍ കൊയ്യാന്‍ കോളേജുകള്‍ അടിച്ച് പോളിച്ച്യും നടക്കുന്ന കുട്ടിസഖാക്കള്‍ ഒരല്പനേരം ചിന്തിച്ചിരുന്നെങ്കില്‍ എന്നാശിച്ചുപോകുന്നു!