മറവി അനുഗ്രഹമാണോ? അല്ലെന്ന് മാത്രമല്ല വളരെ അപകടം നിറഞ്ഞതാണെന്നും ഇപ്പോള്‍ ബോധ്യപ്പെട്ടു. രണ്ടുദിവസമായി പ്രാദേശിക മാധ്യമങ്ങളടക്കമുള്ള ദേശീയ മാധ്യമങ്ങള്‍ നരേന്ദ്രമോഡീചരിതം ആഘോഷിക്കുകയാണ്. ഈ 'അഭിനവസമാധാന വെള്ളരിപ്രാവി'നെ വാഴ്ത്തിയിട്ടും വാഴ്ത്തിയിട്ടും മതിവരുന്നില്ല. ഇന്ത്യ കണ്ട ഏറ്റവും 'വലിയ വികസന വിദഗ്ധ'ന്റെ ശീതീകരിച്ച പന്തലിലെ സദ്ഭാവനാ ഉപവാസയജ്ഞത്തിന്റെ തത്സമയ സംപ്രേഷണം കൊണ്ട് ജനങ്ങള്‍ പൊറുതിമുട്ടിയിരിക്കുന്നു. തൂവെള്ള തലപ്പാവും തത്വപ്രഭാഷണവുമൊക്കെ ഒരു നരാധമന്റെ മുഖംമൂടി മാത്രമാണെന്ന പച്ചയായ യാഥാര്‍ഥ്യം മനുഷ്യസ്‌നേഹികള്‍ക്ക് വിളിച്ചു പറയാതിരിക്കാനാകില്ല.
എന്റെ മുമ്പില്‍ രണ്ടു പുസ്തകങ്ങളുണ്ട്. ഒന്ന് രവീന്ദ്രന്‍ രാവണേശ്വരം രചിച്ച ''കാവിപശു'', മറ്റൊന്ന് ടി എ മജീദ് സ്മാരക സൊസൈറ്റി രചിച്ച ''ഗുജറാത്ത് ഇന്ത്യയുടെ കണ്ണുനീര്‍''.
ഗുജറാത്ത് കലാപം നടന്നത് 2002 ഫെബ്രുവരി-മാര്‍ച്ച് മാസങ്ങളിലാണ്. അത്ര അകലെയുള്ള ഒരു കാലമല്ലല്ലോ എല്ലാം മറക്കാന്‍. സ്വതന്ത്ര ഇന്ത്യ കണ്ട ഏറ്റവും വലിയ വംശഹത്യയുടെ സൂത്രധാരനായ നരേന്ദ്രമോഡിയെ ഇവിടുത്തെ കോടതികളും, മനുഷ്യാവകാശ സംഘടനകളും മാത്രമല്ല, ഗുജറാത്ത് കലാപത്തില്‍ ക്രൂരമായി കൊല ചെയ്യപ്പെട്ട പാവം മനുഷ്യരുടെ ആത്മാവുകള്‍ പോലും വേട്ടയാടുന്നുണ്ട്. ഹിറ്റ്‌ലറെപ്പോലും ലജ്ജിപ്പിക്കുന്ന ക്രൂരതകള്‍ക്ക് നേതൃത്വം നല്‍കിയ മോഡി എന്ന വംശീയ കൊലയാളിക്ക് ഇന്ന് ഒരു സാത്വികന്റെ പരിവേഷം നല്‍കാന്‍ സ്വയം ഒരുക്കിയ കിരാത നാടക ഉപവാസത്തെ അപദാനങ്ങള്‍ കൊണ്ട് മൂടുന്നത് ജനാധിപത്യത്തിന്റെ നാലാംതൂണായ മാധ്യമങ്ങളാണെന്നതുകൊണ്ട് ചില കാര്യങ്ങള്‍ ഓര്‍മ്മപ്പെടുത്തണമെന്ന് തോന്നി.
നിയമത്തിന്റെയും സാമാന്യമര്യാദയുടെയും പ്രാഥമിക തത്വങ്ങള്‍ പോലും പാലിക്കാതെയുള്ള ഒരു മാധ്യമപ്രവര്‍ത്തനമാണ് ഗുജറാത്ത് കലാപകാലത്ത് നടന്നത്. ഗുജറാത്ത് സന്ദേശ്, ഗുജറാത്ത് സമാചാര്‍ എന്നീ രണ്ടു പ്രാദേശിക പത്രങ്ങളുടെ കോപ്പികള്‍ ഉയര്‍ത്തിപ്പിടിച്ചാണ് മതഭ്രാന്തന്മാര്‍ കൂട്ടക്കൊലകള്‍ നടത്തിയത്. ''ഗോദ്രയില്‍ 70 ഹിന്ദുക്കളെ ചുട്ടുകൊന്നു'', ''ചോരയ്ക്ക് ചോര കൊണ്ട് പ്രതികരിക്കുക'', ''ഭവ്‌നഗറുകാര്‍ കൈയില്‍ വളയിടുകയാണ് വേണ്ടത്'' തുടങ്ങിയ പ്രകോപനപരമായ തലവാചകങ്ങള്‍ കൊണ്ട് അവര്‍ പ്രതികാരാഗ്നി ആളിക്കത്തിച്ചു. പത്രത്തിന്റെ പ്രചരണവും കോപ്പിയും വര്‍ധിപ്പിക്കാന്‍ മതവൈരം വിതറുന്ന പച്ചയായ കള്ളങ്ങള്‍ എല്ലാ സാമൂഹ്യമര്യാദകളും മനുഷ്യസ്‌നേഹവും മറന്ന് ഇവര്‍ പ്രസിദ്ധീകരിച്ചപ്പോള്‍ എരിതീയില്‍ എണ്ണ ഒഴിച്ചതുപോലെയായിരുന്നു. ആ തലക്കെട്ടുകളില്‍ ആവേശം പൂണ്ടവരാണ് പൂര്‍ണഗര്‍ഭിണിയെ വയറു കുത്തിത്തുറന്ന് കുഞ്ഞിനെ തൃശൂലം കൊണ്ട് കുത്തിയെടുത്ത് തീകുണ്ഡത്തിലേക്ക് വലിച്ചെറിഞ്ഞ ശേഷം ബലാല്‍സംഗം ചെയ്തത്. ആ കാട്ടാളന്മാരെ കയറൂരിവിട്ട നരേന്ദ്രമോഡിയ്ക്കു വേണ്ടി കുഴലൂത്ത് നടത്താന്‍ ചില ദേശീയ പത്രങ്ങളുമുണ്ടായിരുന്നു. ആ ചെയ്തികളെ തുറന്നുകാണിക്കുന്ന ഈ രണ്ട് പുസ്തകങ്ങളും ഒരു പുനര്‍വായനയ്ക്ക് വിധേയമാക്കേണ്ടതുണ്ട്.
മതമൗലികവാദം രാഷ്ട്രീയ ആശയമാക്കിയ നരേന്ദ്രമോഡിയും സംഘവും അധികാരം നിലനിര്‍ത്താന്‍ ആസൂത്രണം ചെയ്ത ഗുജറാത്ത് കലാപത്തില്‍ ചില വാര്‍ത്താമാധ്യമങ്ങള്‍ സ്വീകരിച്ച നിലപാടുകള്‍ മാധ്യമചരിത്രത്തില്‍ തീരാകളങ്കമായി മാറി. സത്യത്തിന്റെ ഭീകരമായ മുഖം വെള്ളപുതപ്പിക്കുന്നതിന് മോഡിക്ക് നല്‍കിയ കുപ്രസിദ്ധ പിന്തുണ ഇന്നും തുടരുകയാണ്. നിഷ്പക്ഷമെന്ന വ്യാജേന പക്ഷം പിടിക്കുന്ന മാധ്യമങ്ങള്‍ വര്‍ഗീയ വിഷയങ്ങളിലും ആ നയം തുടരുമ്പോള്‍ അതൊരു കൂട്ടക്കുരുതിയായി മാറുമെന്നും നിഷ്‌കളങ്കരുടെ ജീവനും സ്വത്തും അപഹരിക്കപ്പെടുമെന്നും ഒരിക്കലും ഉണങ്ങാത്ത മുറിവുകള്‍ അതുണ്ടാക്കുമെന്നും ഇപ്പോഴും നമ്മള്‍ തിരിച്ചറിയുന്നില്ല.
കോടികള്‍ ചെലവഴിച്ച് നരേന്ദ്രമോഡി ഇന്ന് നടത്തുന്ന സദ്ഭാവനാ മിഷന്റെ ഭാഗമായി സെപ്റ്റംബര്‍ 17ന് എല്ലാ പത്രങ്ങളും നല്‍കിയ ഒരു പരസ്യക്കത്തുണ്ട്. നാനാത്വത്തിലെ ഏകത്വം, എല്ലാം തികഞ്ഞവരായി ആരുമില്ല തുടങ്ങിയ പ്രയോഗങ്ങള്‍ കൊണ്ട് ഒരു വാചകക്കസര്‍ത്തു തന്നെ മോഡി നടത്തുന്നുണ്ട്. ഇതെല്ലാം തന്നെ ഒരു നരാധമന്റെ അധികാരത്തട്ടിപ്പ് മാത്രമാണ്. ഗുജറാത്ത് കലാപത്തിന്റെ നേരറിയാനും ഉത്തരവാദിയായവരെ ശിക്ഷിക്കാനും ഇവിടുത്തെ നിയമസംവിധാനങ്ങളും അന്വേഷണ ഏജന്‍സികളും നടത്തുന്ന എല്ലാ നീക്കങ്ങളെയും അട്ടിമറിച്ച്, തനിക്കെതിരെ മൊഴി നല്‍കുന്ന സാക്ഷികളേയും പ്രസ്ഥാനങ്ങളെയും ഉന്മൂലനം ചെയ്ത് ജീവനും സ്വത്തും നഷ്ടപ്പെട്ട ഗുജറാത്തിലെ പാവം മനുഷ്യരെ അപമാനിക്കുന്ന, അവഹേളിക്കുന്ന നരേന്ദ്രമോഡിക്ക് ഒരു 'പാവം പയ്യന്റെ' പരിവേഷം കിട്ടാന്‍ പരസ്യമായി കത്തെഴുതുകയും ഉപവാസം നടത്തുകയും ഒക്കെ ചെയ്യുമ്പോള്‍ അയാളെ തുറന്നുകാട്ടാന്‍ ജനാധിപത്യത്തിന്റെ നാലാം തൂണെന്നും വിശുദ്ധ പശുവെന്നും മറ്റും വിളിപ്പേരുള്ള ഇവിടുത്തെ മാധ്യമങ്ങള്‍ ഒരു ചെറുവിരലെങ്കിലും ഉയര്‍ത്തിയില്ല എന്നത് കലാപത്തെക്കാള്‍ നിഷ്ഠൂരമായ പ്രവര്‍ത്തിയാണ്. സ്വാതന്ത്ര്യ സമരചരിത്രത്തിലെ വാഗണ്‍ ട്രാജഡി, ജാലിയന്‍വാലാ ബാഗിലെ കൂട്ടക്കൊല തുടങ്ങിയവയെപ്പോലും കടത്തിവെട്ടുന്ന വംശഹത്യയാണ് ഗുജറാത്തില്‍ നടന്നത്. എന്നിട്ടും ആ ക്രൂരതയെ അപലപിക്കാനോ, അതിനുത്തരവാദികളായവരെ തുറന്നുകാട്ടാനോ മാധ്യമസമൂഹം തയാറായില്ലെന്ന് മാത്രമല്ല, ഇന്ന് നരേന്ദ്രമോഡിയെ വെള്ളപൂശാനും ഈ ഉപവാസത്തെ പ്രകീര്‍ത്തിക്കാന്‍ തയ്യാറാകുന്നു.
മൂവായിരത്തിലധികം നിരപരാധികളെ ഒറ്റരാത്രി കൊണ്ട് അരുംകൊല ചെയ്തും ചുട്ടെരിച്ചു കൊന്നും താണ്ഡവമാടിയ ശക്തികളെ പുണ്യാളന്മാരാക്കുന്ന മാധ്യമനയത്തെ ഉത്കണ്ഠയോടെ മാത്രമേ മനുഷ്യസ്‌നേഹികള്‍ക്ക് കാണാനാകൂ! മാധ്യമപ്രവര്‍ത്തനത്തിന്റെ ഭാഗമായി നില്‍ക്കുന്നയാളെന്ന നിലയില്‍ ലജ്ജയും കുറ്റബോധവും തോന്നുന്നു. ഒപ്പം ''മോഡിക്കോ ഗുജറാത്തിനോ എതിരായി പ്രചരണം നടത്തുന്നവരോട് വിദ്വേഷം കൂടാതെ പ്രവര്‍ത്തിക്കുന്നതിന് അദ്ദേഹത്തിന് ശക്തി കൊടുക്കേണമേ എന്നും പ്രാര്‍ഥിക്കുന്നു''.
*
ഗീതാ നസീര്‍ ജനയുഗം 19 സെപ്തംബര്‍ 2011
Subscribe to:
Post Comments (Atom)
1 comment:
മറവി അനുഗ്രഹമാണോ? അല്ലെന്ന് മാത്രമല്ല വളരെ അപകടം നിറഞ്ഞതാണെന്നും ഇപ്പോള്‍ ബോധ്യപ്പെട്ടു. രണ്ടുദിവസമായി പ്രാദേശിക മാധ്യമങ്ങളടക്കമുള്ള ദേശീയ മാധ്യമങ്ങള്‍ നരേന്ദ്രമോഡീചരിതം ആഘോഷിക്കുകയാണ്. ഈ 'അഭിനവസമാധാന വെള്ളരിപ്രാവി'നെ വാഴ്ത്തിയിട്ടും വാഴ്ത്തിയിട്ടും മതിവരുന്നില്ല. ഇന്ത്യ കണ്ട ഏറ്റവും 'വലിയ വികസന വിദഗ്ധ'ന്റെ ശീതീകരിച്ച പന്തലിലെ സദ്ഭാവനാ ഉപവാസയജ്ഞത്തിന്റെ തത്സമയ സംപ്രേഷണം കൊണ്ട് ജനങ്ങള്‍ പൊറുതിമുട്ടിയിരിക്കുന്നു. തൂവെള്ള തലപ്പാവും തത്വപ്രഭാഷണവുമൊക്കെ ഒരു നരാധമന്റെ മുഖംമൂടി മാത്രമാണെന്ന പച്ചയായ യാഥാര്‍ഥ്യം മനുഷ്യസ്‌നേഹികള്‍ക്ക് വിളിച്ചു പറയാതിരിക്കാനാകില്ല.
Post a Comment