Saturday, September 17, 2011

വിജിലന്‍സ് കോടതിവിധിയും വിവാദങ്ങളും

തിരുവനന്തപുരം വിജിലന്‍സ് കോടതിയുടെ വിധി വലിയ വിവാദമായ പശ്ചാത്തലത്തില്‍ അതുയര്‍ത്തുന്ന പ്രശ്നങ്ങള്‍ പരിശോധിക്കേണ്ടിയിരിക്കുന്നു. പാമൊലിന്‍കേസ് പരിഗണിക്കവെ വിജിലന്‍സ് ജഡ്ജി ഈ ഇടപാടില്‍ അന്നത്തെ ധനമന്ത്രിയായിരുന്ന ഉമ്മന്‍ചാണ്ടിക്കുള്ള പങ്കുകൂടി അന്വേഷിച്ചു കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് നിര്‍ദേശിക്കുകയുണ്ടായി. കോടതിയുടെ ഈ ഉത്തരവിനെച്ചൊല്ലിയാണ് ഗവണ്‍മെന്റ് ചീഫ്വിപ്പ് പി സി ജോര്‍ജ് വലിയ വിവാദമുയര്‍ത്തിയിരിക്കുന്നത്. കോടതിയുത്തരവിനെ രൂക്ഷമായി വിമര്‍ശിച്ചുകൊണ്ട് ജോര്‍ജ് ഉന്നയിച്ച വിമര്‍ശങ്ങള്‍ പ്രധാനമായും രണ്ടാണ്. ഒന്ന്, കോടതിവിധി തികച്ചും നിയമവിരുദ്ധമാണ്. രണ്ട്, ഇങ്ങനെയൊരു കല്‍പ്പന പുറപ്പെടുവിച്ച ജഡ്ജി തികഞ്ഞ രാഷ്ട്രീയ പക്ഷപാതിത്വം കാണിച്ചിരിക്കുന്നു. ഈ രണ്ടു ആരോപണവും വസ്തുതാപരമായും നിയമപരമായും നിലനില്‍ക്കുന്നതാണോ എന്ന് പരിശോധിക്കാനാണ് ഇവിടെ ശ്രമിക്കുന്നത്. വിജിലന്‍സ് ജഡ്ജി ഇങ്ങനെയൊരു ഉത്തരവ് ഇറക്കിയത് ക്രിമിനല്‍ നടപടിനിയമം 173 (8) വകുപ്പ് പ്രകാരമാണ്.

ക്രിമിനല്‍ നടപടി നിയമം 173-ാം വകുപ്പ് ഒരു കേസില്‍ അന്വേഷണം പൂര്‍ത്തിയാക്കികഴിഞ്ഞാല്‍ കോടതിയില്‍ പൊലീസ് സമര്‍പ്പിക്കുന്ന റിപ്പോര്‍ട്ടിനെ പരാമര്‍ശിച്ചിട്ടുള്ളതാണ്. 173 (2) വകുപ്പ് പ്രകാരം കേസില്‍ അന്വേഷണം പൂര്‍ത്തിയായിക്കഴിഞ്ഞാല്‍ കാലതാമസമില്ലാതെ കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കേണ്ടതുണ്ട്. അന്യായക്കാരന്റെയും പ്രതിയുടെയും പേരുവിവരങ്ങള്‍ , കേസ് സംബന്ധിച്ച പ്രഥമ വിവരത്തെ സംബന്ധിച്ച കാര്യങ്ങള്‍ , കേസിന്റെ കാര്യങ്ങള്‍ അറിയുന്നവരുടെ പേരു വിവരങ്ങള്‍ , കുറ്റം നടന്നുവെങ്കില്‍ ആര് ചെയ്തു തുടങ്ങിയ കാര്യങ്ങള്‍ പൊലീസ് സമര്‍പ്പിക്കുന്ന റിപ്പോര്‍ട്ടില്‍ ഉള്‍പ്പെട്ടിരിക്കണം. ഇതേവകുപ്പിലെ 8-ാം ഉപവകുപ്പില്‍ പറയുന്നതിങ്ങനെ: "173 (8) ഉപവകുപ്പ് 2 പ്രകാരം കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയതിനുശേഷം കൂടുതല്‍ അന്വേഷണം ആവശ്യമെന്ന് തോന്നുന്നപക്ഷം അങ്ങനെ നടത്തുന്നതിന് ഈ വകുപ്പില്‍ പറഞ്ഞ കാര്യങ്ങള്‍ ഒന്നുംതന്നെ തടസ്സമല്ല. അത്തരത്തില്‍ കൂടുതല്‍ അന്വേഷണം നടത്തിയതിനുശേഷം കിട്ടുന്ന വാക്കാലോ രേഖാമൂലമോ ആയ തെളിവുകള്‍ പൊലീസ് സ്റ്റേഷന്റെ ചാര്‍ജ് ഓഫീസര്‍ക്ക് ലഭ്യമാകുന്ന പക്ഷം റിപ്പോര്‍ട്ട് ബന്ധപ്പെട്ട മജിസ്ട്രേട്ടിന് അയക്കേണ്ടതാണ്." ഈ വകുപ്പ് കോടതിക്ക് നല്‍കുന്ന അധികാരത്തെപ്പറ്റി നിരവധി വിധികള്‍ ഇതിനകംതന്നെ പുറത്തുവന്നിരിക്കുന്നു. കേരള ഹൈക്കോടതി 2007ല്‍ (ഗഇഠ 2007 (4) പ്രഭാവതിയമ്മ ഢട സ്റ്റേറ്റ്) പുറപ്പെടുവിച്ച വിധിയില്‍ ഇങ്ങനെ പറഞ്ഞിരിക്കുന്നു. "കേസ് വിചാരണയ്ക്കിടയില്‍ ആവശ്യമെന്ന് തോന്നുന്നപക്ഷം കൂടുതല്‍ അന്വേഷണം നടത്താന്‍ നിര്‍ദേശിക്കാനുള്ള അധികാരം കോടതിക്കുണ്ട്. കേസ് വിചാരണ തുടങ്ങിയെന്നത് ഇങ്ങനെ തുടരന്വേഷണം നടത്താന്‍ ഉത്തരവിടുന്നതിന് തടസ്സമല്ല". അതേ വിധിയില്‍ തുടര്‍ന്നു പറയുന്നു - "കേസ് വിചാരണയ്ക്കിടയില്‍ ആവശ്യമെന്ന് തോന്നുന്ന പക്ഷം ക്രിമിനല്‍ നടപടി നിയമം 319-ാം വകുപ്പ് പ്രകാരം കോടതിക്കുതന്നെ പുതുതായി പ്രതികളെ ഉള്‍പ്പെടുത്താവുന്നതാണ്.

" കേസിലെ സത്യാവസ്ഥ പുറത്തുകൊണ്ടുവരാന്‍ ആവശ്യമെന്ന് കോടതിക്ക് തോന്നുന്ന കാര്യങ്ങള്‍ ചെയ്യാന്‍ ക്രിമിനല്‍ നടപടി നിയമം കോടതിക്ക് അധികാരം നല്‍കുന്നുണ്ട്. പാമൊലിന്‍ കേസില്‍ ലഭ്യമായ രേഖകളും തെളിവുകളും പരിശോധിച്ചപ്പോള്‍ (ഇക്കൂട്ടത്തില്‍ അന്നത്തെ ഭക്ഷ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവും കേസില്‍ പ്രതിയുമായ മുസ്തഫയുടെ തെളിവും ഉള്‍പ്പെടും) ഈ ഇടപാടില്‍ അന്നത്തെ ധനമന്ത്രി ഉമ്മന്‍ചാണ്ടിയുടെ പങ്ക്കൂടി അന്വേഷിക്കണമെന്ന് കോടതി ക്രിമിനല്‍ നടപടി നിയമം 177 (8) പ്രകാരം ഉത്തരവിടുകയാണ് ഉണ്ടായത്. അധികാരപരിധിക്ക് അകത്തുനിന്നുകൊണ്ടുതന്നെയാണ് കോടതി ഇങ്ങനെ ചെയ്തിട്ടുള്ളത് എന്ന് വ്യക്തമാണ്. നിയമവിരുദ്ധമായി ഒന്നുംതന്നെ സംഭവിച്ചതായി കാണുന്നില്ല. നിയമത്തിന്റെ വ്യാഖ്യാനങ്ങള്‍ വ്യത്യസ്തമാകാവുന്നതാണ്. ക്രിമിനല്‍ നടപടി നിയമത്തിലെ 173 (8) വകുപ്പിനെപ്പറ്റിയോ മറ്റേതെങ്കിലും വകുപ്പിനെപ്പറ്റിയോ നിലവില്‍ ഹൈക്കോടതിയോ സുപ്രീംകോടതിയോ നല്‍കിയ വ്യാഖ്യാനങ്ങള്‍ തെറ്റാണെന്നും താന്‍ പറയുന്നത് മാത്രമാണ് ശരിയെന്നും പി സി ജോര്‍ജ് എന്ന പൗരന് തോന്നുന്നുവെങ്കില്‍ തെറ്റില്ല. അങ്ങനെ ആര്‍ക്കും ചിന്തിക്കാവുന്നതുമാണ്. സുപ്രീംകോടതിയേക്കാളും ഹൈക്കോടതിയേക്കാളും നന്നായി നിയമം വ്യാഖ്യാനിക്കാനും പുതിയ അര്‍ഥതലങ്ങള്‍ കണ്ടെത്താനും കഴിവുള്ള എത്രയോ വ്യക്തികള്‍ നമ്മുടെ നാട്ടിലുണ്ടാവാം. പക്ഷേ, നിലവിലുള്ള നിയമവ്യവസ്ഥ നിയമം വ്യാഖ്യാനിക്കാനുള്ള അധികാരം കോടതികള്‍ക്കാണ് നല്‍കിയിട്ടുള്ളത്. അതുകൊണ്ടുതന്നെ വിജിലന്‍സ് ജഡ്ജിയുടെ ഉത്തരവ് നിയമവിരുദ്ധമാണെന്ന് തോന്നുന്നപക്ഷം ഉമ്മന്‍ചാണ്ടിക്ക് ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കാമായിരുന്നു. സഹായി എന്നനിലയില്‍ പി സി ജോര്‍ജിന് അദ്ദേഹത്തെ അങ്ങനെ ചെയ്യാന്‍ ഉപദേശിക്കാമായിരുന്നു. രണ്ടാമത്തേത് ജഡ്ജിക്കെതിരായ വ്യക്തിപരമായ ആരോപണമാണ്. അദ്ദേഹം ജനിച്ചത് കമ്യൂണിസ്റ്റ് അനുഭാവി കുടുംബത്തിലാണെന്നും വിദ്യാര്‍ഥിയായിരുന്നപ്പോള്‍ എസ്എഫ്ഐയോട് അനുഭാവം പ്രകടിപ്പിച്ചിരുന്നുവെന്നുമാണ് പി സി ജോര്‍ജിന്റെ വാദം. ഇതിനുപുറമെ ഇടതുപക്ഷ ജനാധിപത്യമുന്നണിയുടെ ഭരണകാലത്ത് അദ്ദേഹത്തെ നിയമസെക്രട്ടറിയായി നിയമിക്കുന്ന കാര്യം പരിഗണിച്ചുവെന്നും പറയുന്നു. ജഡ്ജി ഉമ്മന്‍ചാണ്ടിയോട് തികച്ചും രാഷ്ട്രീയവിദ്വേഷംവച്ച് പക്ഷപാതപരമായി പെരുമാറിയെന്നും ജോര്‍ജ് കുറ്റപ്പെടുത്തുന്നുണ്ട്. വളരെ വിചിത്രവും അങ്ങേയറ്റം ബാലിശവുമായ ഇത്തരം കാര്യങ്ങള്‍ ക്യാബിനറ്റ് മന്ത്രിയുടെ പദവിയിലിരിക്കുന്ന ഒരാള്‍ പറയുന്നു എന്നത് ആരെയും അമ്പരപ്പിക്കും. കേരളത്തിലെ മിക്കവാറും കുടുംബങ്ങള്‍ ഏതെങ്കിലും രാഷ്ട്രീയപാര്‍ടിയോടു അനുഭാവമുള്ളവരാണ്. ഇത്തരം കുടുംബങ്ങളില്‍ ജനിച്ചവര്‍തന്നെയാണ് വളരുമ്പോള്‍ വക്കീലന്മാരും ജഡ്ജിമാരുമൊക്കെയാവുന്നത്. മറ്റേതെങ്കിലും ഭൂഖണ്ഡത്തില്‍ ജനിച്ചവരെ മാത്രമേ കേരളത്തില്‍ ന്യായാധിപന്മാരായി നിയമിക്കാന്‍ പാടുള്ളൂ എന്ന വ്യവസ്ഥ നിലവിലില്ല. ആ നിലയ്ക്ക് മുന്‍സിഫ് - മജിസ്ട്രേട്ടുമാര്‍ മുതല്‍ സുപ്രീംകോടതി ജഡ്ജിമാര്‍വരെ ഏതെങ്കിലും രാഷ്ട്രീയപാര്‍ടിയോടു ചായ്വുള്ള കുടുംബങ്ങളില്‍ നിന്നുവരുന്നവരാകാനേ പറ്റൂ. കീഴ്ക്കോടതികളില്‍ മാത്രമല്ല, ഹൈക്കോടതികളിലും സുപ്രീം കോടതിയിലും രാഷ്ട്രീയരംഗത്ത് സജീവമായി പ്രവര്‍ത്തിച്ചവര്‍തന്നെ പിന്നീട് ജഡ്ജിമാരായിട്ടുണ്ട്. എന്തിന്, താന്‍ ഏറ്റവുമധികം ആദരിക്കുന്നു എന്ന് പി സി ജോര്‍ജ് തന്നെ പറയുന്ന ഇന്ത്യന്‍ നീതിന്യായരംഗത്തെ കുലപതിയായി അറിയപ്പെടുന്ന ജസ്റ്റിസ് വി ആര്‍ കൃഷ്ണയ്യര്‍ സജീവ രാഷ്ട്രീയത്തിലുണ്ടായിരുന്നു എന്നു മാത്രമല്ല കേരളത്തിലെ ആദ്യത്തെ കമ്യൂണിസ്റ്റ് മന്ത്രിസഭയില്‍ അംഗവുമായിരുന്നു. അദ്ദേഹം സുപ്രീംകോടതി ജഡ്ജിയായിട്ടാണ് വിരമിച്ചത്.

കേരള ഹൈക്കോടതിയില്‍ ഇപ്പോള്‍ ജഡ്ജിമാരായിരിക്കുന്ന പലരും മാറിമാറി വരുന്ന സര്‍ക്കാരുകളുടെ കാലത്ത് നിയമസെക്രട്ടറിമാരോ അഡ്വക്കറ്റ് ജനറല്‍മാരോ ആയിരുന്നവരാണ്. അക്കാരണത്താല്‍ അവര്‍ക്കാര്‍ക്കുമെതിരായി ഇന്നേവരെ ആരുംതന്നെ രാഷ്ട്രീയപക്ഷപാതിത്വം ആരോപിച്ചതായി കേട്ടിട്ടില്ല. പൊതുതാല്‍പ്പര്യത്തിന്റെ പേരില്‍ കോടതിവിധികളെ വിമര്‍ശിക്കുന്നതിന് ആരും എതിരല്ല. കോടതികളടക്കമുള്ള എല്ലാ ജനാധിപത്യ സ്ഥാപനങ്ങളെയും വിമര്‍ശവിധേയമാക്കാവുന്നതാണ് എന്ന് നിയമപണ്ഡിതരും ഭരണഘടനാ വിദഗ്ധരും അഭിപ്രായപ്പെട്ടിട്ടുള്ളതാണ്. എന്നാല്‍ , തനിക്കോ വേണ്ടപ്പെട്ടവര്‍ക്കോ എതിരായി ഏതെങ്കിലും ജഡ്ജി വിധി പറഞ്ഞു എന്നതുകൊണ്ട് ജഡ്ജിക്കെതിരായി ചെളി വാരിയെറിയാന്‍ തുടങ്ങുന്നത് അപകടകരമാണ്. അധികാരത്തില്‍ ഇരിക്കുന്നവര്‍ അങ്ങനെ ചെയ്യാന്‍ തുടങ്ങിയാല്‍ അത് നീതിന്യായ സംവിധാനത്തിന്റെ സ്വാതന്ത്ര്യത്തെയും നിഷ്പക്ഷതയെയും തകര്‍ക്കാനുള്ള ശ്രമമായി മാത്രമേ കാണാന്‍ കഴിയൂ. ഭരണഘടനയും നിയമവാഴ്ചയും സംരക്ഷിക്കുമെന്ന് പ്രതിജ്ഞയെടുത്ത നിയമസഭാ സാമാജികന്മാര്‍തന്നെ ഇത്തരം പ്രവൃത്തികള്‍ ചെയ്യുന്നത് അവസാനിപ്പിച്ചില്ലെങ്കില്‍ തകരുന്നത് നീതിന്യായ സംവിധാനംമാത്രമല്ല ജനാധിപത്യ വ്യവസ്ഥയാകെ ആയിരിക്കും.

*
അഡ്വ. ഇ കെ നാരായണന്‍ ദേശാഭിമാനി 170911

1 comment:

വര്‍ക്കേഴ്സ് ഫോറം said...

തിരുവനന്തപുരം വിജിലന്‍സ് കോടതിയുടെ വിധി വലിയ വിവാദമായ പശ്ചാത്തലത്തില്‍ അതുയര്‍ത്തുന്ന പ്രശ്നങ്ങള്‍ പരിശോധിക്കേണ്ടിയിരിക്കുന്നു. പാമൊലിന്‍കേസ് പരിഗണിക്കവെ വിജിലന്‍സ് ജഡ്ജി ഈ ഇടപാടില്‍ അന്നത്തെ ധനമന്ത്രിയായിരുന്ന ഉമ്മന്‍ചാണ്ടിക്കുള്ള പങ്കുകൂടി അന്വേഷിച്ചു കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് നിര്‍ദേശിക്കുകയുണ്ടായി. കോടതിയുടെ ഈ ഉത്തരവിനെച്ചൊല്ലിയാണ് ഗവണ്‍മെന്റ് ചീഫ്വിപ്പ് പി സി ജോര്‍ജ് വലിയ വിവാദമുയര്‍ത്തിയിരിക്കുന്നത്. കോടതിയുത്തരവിനെ രൂക്ഷമായി വിമര്‍ശിച്ചുകൊണ്ട് ജോര്‍ജ് ഉന്നയിച്ച വിമര്‍ശങ്ങള്‍ പ്രധാനമായും രണ്ടാണ്. ഒന്ന്, കോടതിവിധി തികച്ചും നിയമവിരുദ്ധമാണ്. രണ്ട്, ഇങ്ങനെയൊരു കല്‍പ്പന പുറപ്പെടുവിച്ച ജഡ്ജി തികഞ്ഞ രാഷ്ട്രീയ പക്ഷപാതിത്വം കാണിച്ചിരിക്കുന്നു. ഈ രണ്ടു ആരോപണവും വസ്തുതാപരമായും നിയമപരമായും നിലനില്‍ക്കുന്നതാണോ എന്ന് പരിശോധിക്കാനാണ് ഇവിടെ ശ്രമിക്കുന്നത്. വിജിലന്‍സ് ജഡ്ജി ഇങ്ങനെയൊരു ഉത്തരവ് ഇറക്കിയത് ക്രിമിനല്‍ നടപടിനിയമം 173 (8) വകുപ്പ് പ്രകാരമാണ്.