ഒരു പ്രത്യേക ധനകാര്യ സ്ഥാപനത്തെ തെരഞ്ഞുപിടിച്ച് തൊഴില്‍ ചൂഷണം ആരോപിക്കുന്നത് അനുചിതമാണെന്ന വ്യാഖ്യാനം ഉയര്‍ന്നേക്കാം. സമാന സ്ഥാപനങ്ങളില്‍ തൊഴില്‍ ചൂഷണമില്ലായെന്നുറപ്പിച്ചു പറയാനും സാധ്യമല്ല. എങ്കിലും അഷീസ് സെന്‍ പഠനകേന്ദ്രം മുമ്പാകെ ഒരു വിഷയം ഉന്നയിക്കപ്പെട്ടപ്പോള്‍ അവഗണിക്കാന്‍ തോന്നിയില്ല. ഗൌരവപൂര്‍വ്വമായ തെളിവെടുപ്പും പഠനവും ആവശ്യമാണെന്ന് തോന്നി. ബി.ഇ.എഫ്.ഐ.യ്ക്ക് സംസ്ഥാനത്ത് ലഭ്യമായ ആള്‍ശേഷിയും സുഹൃദ്ശൃംഖലയും മറ്റു സംവിധാനങ്ങളും അന്വേഷണം സുസാധ്യമാക്കി. ശേഖരിച്ച വിവരങ്ങള്‍ കണിശമായ അപഗ്രഥനത്തിന് വിധേയമാക്കി. ആരെയും ഞെട്ടിപ്പിക്കുന്ന യാഥാര്‍ത്ഥ്യങ്ങളാണ് മറനീക്കിവന്നത്.
സംഘടിത ജീവനക്കാരുടെ സംഘടന അസംഘടിതരുടെ ചൂഷണത്തെക്കുറിച്ച് പഠനം നടത്തുക. അത് അഷീസ് സെന്‍ പഠനകേന്ദ്രത്തിന്റെ പ്രാഥമിക ലക്ഷ്യങ്ങളിലൊന്നാണ്. ധനകാര്യമേഖലയില്‍പ്പെട്ട സ്ഥാപനങ്ങളെക്കുറിച്ചുള്ള പഠനമാവുമ്പോള്‍ പ്രസക്തിയേറുകയും ചെയ്തു.
നോണ്‍ ബാങ്കിംഗ് ഫൈനാന്‍സ് കമ്പനികളെന്നത് സുന്ദരമായ വിശേഷണമാണ്. മുമ്പ് ബ്ളേഡ് സ്ഥാപനങ്ങള്‍ എന്നു പറഞ്ഞാലേ അറിയുമായിരുന്നുള്ളൂ. കേന്ദ്ര ഗവണ്‍മെന്റാവട്ടെ, ഈ ശവക്കല്ലറകള്‍ക്ക് വെള്ളപൂശാനുള്ള തിടുക്കത്തിലുമാണ്. കെട്ടിലും മട്ടിലും തങ്ങള്‍ ബാങ്കുകള്‍ക്കും മീതെയാണെന്ന ഭാവമാണവയ്ക്ക്. ഈയിടെയായി ബിസിനസ് പത്രങ്ങളിലും ബിസിനസ് പേജുകിലും ഏതാണ്ട് ബാങ്കുകള്‍ക്ക് തുല്യമായ പദവി നോണ്‍ ബാങ്കിംഗ് സ്ഥാപനങ്ങള്‍ക്കും ലഭിച്ചുപോരുന്നുമുണ്ട്.
തലയോട്ടികളുടെ പ്രളയം
മണപ്പുറം ഫൈനാന്‍സ് കമ്പനിക്ക് ഒട്ടേറെ സവിശേഷതകളുണ്ട്. തൃശ്ശൂര്‍ ജില്ലയില്‍ തൃപ്രയാറിന് സമീപം വലപ്പാട് ഗ്രാമത്തില്‍ ആസ്ഥാനം. ആസ്ഥാനമന്ദിരത്തില്‍ മാത്രം ആയിരത്തോളം ജീവനക്കാര്‍. ഓഹരി വിപണിയില്‍ ലിസ്റ് ചെയ്ത ആദ്യത്തെ സ്വര്‍ണ്ണ പണയസ്ഥാപനം. ഉയര്‍ന്ന ക്രെഡിറ്റ് റേറ്റിംഗ്. 24 സംസ്ഥാനങ്ങളില്‍ സാന്നിദ്ധ്യം. 2,800 ഓളം ശാഖകള്‍, 20,000 നടുത്ത് തൊഴില്‍ശേഷി. പുറമെനിന്നും നോക്കുമ്പോള്‍ സര്‍വ്വം ഭദ്രം; ശുഭം.
പക്ഷെ, ഉള്ളിലേക്കെത്തി നോക്കിയപ്പോഴാണ് തലയോട്ടികളുടെ പ്രളയം ശ്രദ്ധയില്‍പ്പെടുന്നത്.
ഏറെയും ബിരുദധാരികളും യുവാക്കളുമായ മലയാളികളെ ഇത്രയും പീഡിപ്പിക്കുന്ന ഒരു സ്ഥാപനം അപൂര്‍വ്വമായിരിക്കും. ഇന്റര്‍നെറ്റ് പരിശോധിച്ചാല്‍ മണപ്പുറം ഫൈനാന്‍സ് ലിമിറ്റഡില്‍ തൊഴില്‍ നേടാനുള്ള യോഗ്യത നാലാണെന്ന് കാണാം. (1) ബിരുദം. (2) മുപ്പതുവയസ്സില്‍ താഴെ പ്രായം (3) ഇന്ത്യയിലെവിടെയും ജോലി ചെയ്യാന്‍ സന്നദ്ധത (4) പുരുഷന്മാര്‍ക്ക് മാത്രം പരിഗണന. എങ്ങനെയോ ജോലിക്കു കയറിയ ഏതാനും സ്ത്രീകള്‍ക്ക് ഗര്‍ഭധാരണത്തോടെ സര്‍വ്വീസില്‍നിന്ന് പിരിയാം.
സേവന വ്യവസ്ഥകള്‍ വിചിത്രമാണ്. 12 കാഷ്വല്‍ ലീവ്. ഒരു മാസത്തില്‍ ഒന്നേ എടുക്കാവൂ. രണ്ട് അവധിയെടുത്താല്‍ രണ്ടാം ദിവസം ശമ്പളമില്ല. പിഴയായി നാലു കാഷ്വല്‍ ലീവ് നഷ്ടപ്പെടുകയും ചെയ്യും. അപകടമോ, രോഗമോ സംഭവിച്ചാല്‍ പരമാവധി നാലു ദിവസത്തെ സിക്ക് ലീവ്. അഞ്ചാം ദിവസം മുടങ്ങിയാല്‍ സിസ്റത്തില്‍നിന് പേര് നീക്കം ചെയ്തിരിക്കും. സ്ഥലം മാറ്റം ഫോണിലൂടെയാണ്. റിലീവിംഗ് ഓര്‍ഡറില്ല. ഒന്നോ രണ്ടോ ദിവസം കഴിഞ്ഞാല്‍ സിസ്റത്തില്‍ പേരുണ്ടാവില്ല. പിന്നെ സ്വന്തം ബ്രാഞ്ചില്‍ കയറിക്കൂടാ. സ്ഥലംമാറ്റപ്പെടുന്ന ശാഖയിലും നാലുനാള്‍ കഴിഞ്ഞാല്‍ കയറാനാവില്ല. സ്വന്തം ചിലവില്‍ പുതിയ ശാഖ കണ്ടെത്തി, അവിടെ റിപ്പോര്‍ട്ട് ചെയ്തുകൊള്ളണം. യാത്രാപ്പടി അഡ്വാന്‍സില്ല. ബില്ലയച്ചാല്‍ രണ്ടോ മൂന്നോ മാസം കഴിഞ്ഞ് പാസ്സാവാം, പാസ്സാവാതിരിക്കാം. സ്ഥലംമാറ്റത്തിന് നിബന്ധനകളൊന്നുമില്ല. ഒരു വര്‍ഷം എത്ര തവണ വേണമെങ്കിലും ഇന്ത്യയിലെവിടെയും സ്ഥലം മാറ്റപ്പെടാം. ശമ്പളം അഡ്വാന്‍സ് പോലുമില്ല. 20-ാം തീയതി മുതല്‍ 20-ാം തീയതിവരെയാണ് ശമ്പളമാസം. എന്നാല്‍ ഒന്നാം തീയതിയേ ശമ്പളം നല്‍കൂ. പത്തുദിവസത്തെ വേതനം എപ്പോഴും കമ്പനിയ്ക്ക് സൂക്ഷിക്കാം.
ഞാന്‍ പിഴയാളി
ജൂനിയര്‍ അസിസ്റന്റിന് ആറായിരത്തിലധികം രൂപ ശമ്പളമുണ്ട്. പക്ഷെ, ഒരോ മാസവും പിഴചുമത്തി, ഗണ്യമായ തുക തിരിച്ചുപിടിക്കും. തൊട്ടതിനൊക്കെ പിഴയാണ്. സ്വര്‍ണ്ണത്തിന്റെ മാറ്റു കുറഞ്ഞാല്‍ പിഴ. തൂക്കം തെറ്റിയാല്‍ പിഴ. വായ്പാതുക കൂടിയാല്‍ പിഴ. ഓരോ ദിവസവും വൈകിട്ട് ജോലികഴിഞ്ഞ് ലോഗ് ഔട്ട് ചെയ്യാന്‍ ശ്രമിക്കുമ്പോഴാണ് പിഴ ചുമത്തിയ കാര്യം അറിയുക. വിശദീകരണം ചോദിക്കുന്ന പതിവില്ല. അപ്പീലും ദയാഹര്‍ജിയുമില്ല. എല്ലാ നടപടിയും ഏകപക്ഷീയം. ശാഖാ മാനേജര്‍ നിസ്സഹായനാണ്. എല്ലാം ഹെഡ് ഓഫീസിലെ എച്ച്.ആര്‍. വിഭാഗത്തിന്റെ ശാസനകള്‍. രാവിലെ എട്ടര മണിക്ക് ലോഗ് ഇന്‍ ചെയ്ത്, വൈകുന്നേരം വരെ ജോലി ചെയ്ത്, അഞ്ചര മണിക്ക് ലോഗ് ഔട്ട് ചെയ്യാനാവാതെ, വേതനം നഷ്ടപ്പെടുത്തി, പടിയിറങ്ങിപ്പോകാനല്ലാതെ മറ്റൊന്നിനും ജീവനക്കാര്‍ക്ക് കഴിയില്ല.
ശമ്പളത്തില്‍നിന്ന് പി.എഫിലേക്കും ക്ഷേമപദ്ധതിയിലേക്കും റെക്കറിംഗ് ഡെപോസിറ്റിലേക്കും ഇ.എസ്.ഐ. പദ്ധതിയിലേക്കുമെല്ലാമായി പിടിക്കുന്ന തുകയ്ക്ക് യാതൊരു രേഖകളുമില്ല. മിക്കവാറും പേര്‍ പിരിച്ചുവിടപ്പെടുന്നതിനാല്‍ കണക്കു പറയാനും നിവര്‍ത്തിയില്ല. ഈ തുകയത്രയും കമ്പനിക്ക് മുതല്‍ക്കൂട്ടാവും.
മണപ്പുറം ജീവനക്കാര്‍ക്ക് ഒരു കൊല്ലത്തില്‍ അഞ്ച് പൊതു അവധികളേ ഉള്ളൂ. സ്വാതന്ത്ര്യദിനം, റിപ്പബ്ളക് ദിനം, ഓണം, പൂജ. ദുഃഖവെള്ളിയാഴ്ച ക്രിസ്ത്യാനികള്‍ നിയന്ത്രിത അവധിയെടുക്കണം.
ഓഫീസുപകരണങ്ങളും ആഭരണ തുലാസ്സുമെല്ലാം റിപ്പയര്‍ ചെയ്യുന്നത് ജീവനക്കാരുടെ ചിലവില്‍. ബില്‍ അയച്ചാല്‍ പാസാവുമെന്നതിന് ഒരുറപ്പുമില്ല.
മണപ്പുറത്ത് മിന്നുന്നതെല്ലാം പൊന്ന്
മണപ്പുറമെന്നാല്‍ സ്വര്‍ണ്ണ പണയ കമ്പനിയാണെന്നാണല്ലോ പരസ്യം. 31.03.2011-ന് 9,000 കോടി രൂപയാണ് സ്വര്‍ണ്ണ വായ്പ. 2012 മാര്‍ച്ചാവുമ്പോള്‍ 12,500 കോടി രൂപ വായ്പ നല്‍കലാണ് പ്രഖ്യാപിത ലക്ഷ്യം. എന്നാല്‍, മണപ്പുറം ഫൈനാന്‍സില്‍ സ്വര്‍ണ്ണത്തിന്റെ ഗുണമേന്മയും ശുദ്ധിയും പരിശോധിക്കാന്‍ ഒരു സ്വര്‍ണ്ണപണിക്കാരന്‍ പോലുമില്ല. ആറുമാസത്തിലൊരിക്കല്‍ പരിശോധനയ്ക്കെത്തുന്നതും ജൂനിയര്‍ അസിസ്റന്റുമാര്‍ തന്നെ. ആര്‍ക്കും പരിശീലനമില്ല. മാറ്റ് പരിശോധിക്കാന്‍ ഉപകരണങ്ങളില്ല. മിന്നുന്നതെല്ലാം മണപ്പുറം കമ്പനിക്ക് പൊന്നാണ്. പണയം വെയ്ക്കാം. വായ്പയെടുക്കാം. പണ്ടം തിരിച്ചെടുത്താല്‍ ജീവനക്കാര്‍ രക്ഷപ്പെട്ടു. അല്ലാത്തപക്ഷം അവര്‍ക്ക് ശമ്പളമുണ്ടാവില്ല. രണ്ടായാലും കമ്പനിക്ക് നഷ്ടമില്ല. തൊഴിലാളികളുടെ ചിലവില്‍ 9,000 കോടി രൂപയുടെ സ്വര്‍ണ്ണപ്പണയവായ്പ. ഈ സ്വര്‍ണ്ണം കാണിച്ച് ഷെഡ്യൂള്‍ഡ് ബാങ്കുകളില്‍നിന്ന് മൂവായിരം കോടി രൂപയുടെ റീഫിനാന്‍സ് സൌകര്യവും സംഘടിപ്പിച്ചിരിക്കുന്നു. മണപ്പുറത്തിന്റെ പെട്ടിയിലിരിക്കുന്നത് സ്വര്‍ണ്ണമാണെങ്കില്‍ അതുതന്നെ ജാമ്യവസ്തു.
പൊതുമേഖലാ ബാങ്കില്‍നിന്ന് വിരമിച്ച നൂറുകണക്കിന് ഉന്നത ഉദ്യോഗസ്ഥന്മാര്‍ മണപ്പുറത്ത് ഉയര്‍ന്ന പദവികള്‍ അലങ്കരിക്കുന്നുണ്ട്. സ്വന്തം പെന്‍ഷനു പുറമെ അവര്‍ക്ക് പതിനായിരങ്ങള്‍ ശമ്പളമായും ബോണസ്സായും കമ്മീഷനായും കിട്ടും. അവരും വരിവരിയായിനിന്ന് രാവിലെ പഞ്ച് ചെയ്യണം. ജീവിത സായാഹ്നത്തില്‍ അസ്തമയ സൂര്യനെ കാണാന്‍ പക്ഷെ, അവര്‍ക്കും യോഗമില്ല. ഒന്നു ഫോണ്‍ ചെയ്താല്‍ പലര്‍ക്കും സംസാരിക്കാന്‍പോലും ഭീതിയാണ്. പൊതുമേഖലാ ബാങ്കിലെ പഴയകാല പുലികള്‍ മണപ്പുറത്ത് എലികളായി മാറുന്നു.
നഷ്ടപ്പെടുവാന്‍ വിലങ്ങുകള്‍; കിട്ടാനുള്ളത് പുതിയൊരു ലോകം
മണപ്പുറം കമ്പനിയില്‍ യൂണിയനുകളില്ല. ചില ദുര്‍ബലശ്രമങ്ങളൊക്കെ നടന്നു. പലരും മാപ്പെഴുതി കൊടുത്ത് തിരിച്ചുകയറി. ചിലര്‍ സ്ഥാപനം വിട്ടു. സ്ഥാപനം വിടുന്നവരാണേറെയും. അതാണ് കമ്പനിക്കും നേട്ടം. പലവഴിക്കും തൊഴിലാളികള്‍ അദ്ധ്വാനിച്ചുണ്ടാക്കിയ പണം കമ്പനിക്ക് നിഷ്പ്രയാസം കൈക്കലാക്കാം.
കമ്പനിയുടെ വെബ്സൈറ്റ് പരിശോധിച്ചാല്‍ നിരവധി അവകാശവാദങ്ങള്‍ കാണാം. അതവരുടെ കാര്യം. എന്നാല്‍ 1992-ല്‍ തുടങ്ങിയ ഒരു സ്വര്‍ണ്ണ പണയസ്ഥാപനം 2011-ന്റെ ഒന്നാം പാദത്തില്‍ 103 കോടി രൂപ ലാഭം പ്രഖ്യാപിക്കുമ്പോള്‍ കമ്പനിക്കുവേണ്ടി സ്വന്തം അദ്ധ്വാനം ചിലവിടുന്ന യുവതേജസ്സുകളോട് അല്പം കാരുണ്യം കാണിച്ചൂകൂടേ? 20,000 പേരുടെ വേദനയും കണ്ണീരും നിസ്സഹായതയും അവഗണിച്ച് കോട്ടും സ്യൂട്ടുമണിഞ്ഞ് വിലസുന്ന കമ്പനിയുടമയുടെ താരപ്രഭയ്ക്ക് എത്രയാണായുസ്സ്?
മുത്തൂറ്റ് കമ്പനിയുടെ ഡെല്‍ഹി ഓഫീസില്‍ ഒരു സെക്യൂരിറ്റി ഗാര്‍ഡ് രണ്ടു ജീവനക്കാര്‍ക്കുനേരെ വെടിയുതിര്‍ത്തത് ലോകമറിഞ്ഞു. മണപ്പുറം കോര്‍പ്പറേറ്റ് ഓഫീസില്‍ നിന്ന് താഴേക്ക് ചാടിയ ഒരു യുവതി പൂഴിയില്‍ വീണതിനാല്‍ ജീവന്‍ നഷ്ടപ്പെട്ടില്ല. അതു വാര്‍ത്തയുമായില്ല.
ഞാനെന്റെ സഹോദരന്റെ സൂക്ഷിപ്പുകാരനാണോയെന്ന് ഉല്പതിഷ്ണുക്കള്‍പോലും ചോദിക്കുന്ന ഘട്ടത്തിലാണ് അഷീസ് സെന്‍ പഠനകേന്ദ്രം ഈ റിപ്പോര്‍ട്ട് തയ്യാറാക്കിയത്. റിപ്പോര്‍ട്ട് റിസര്‍വ്വ് ബാങ്ക് ഗവര്‍ണ്ണര്‍ക്കും ബന്ധപ്പെട്ട മന്ത്രിമാര്‍ക്കും മറ്റും അയച്ചുകൊടുത്തിട്ടുണ്ട്. ഒരു പത്രക്കുറിപ്പും നല്‍കി. എന്നാല്‍ സ്വന്തം അവശതകള്‍ക്കെതിരെ സംഘടിക്കണമെന്ന് തൊഴിലാളികള്‍ക്ക് തോന്നുംവരെ അടിമവേല നിര്‍ബാധം തുടരും. നഷ്ടപ്പെടാനുള്ളത് വിലങ്ങുകളല്ലാ, സ്വര്‍ണ്ണമാലകളാണെന്ന് അവരെ നിരന്തരം ഓര്‍മ്മപ്പെടുത്തുന്ന ഒരു പൊങ്ങച്ച സമൂഹത്തിന്റെ തടവുകാരാണവര്‍. അവരുടെ മോചനം ലക്ഷ്യമിട്ട് അഷീസ് സെന്‍ പഠനകേന്ദ്രവും ബി.ഇ.എഫ്.ഐ.യും സംഘടിപ്പിച്ച ഈ സാഹസിക പഠനം ഒരുനാള്‍ വിജയിക്കുമെന്നുറപ്പാണ്.
*
കെ.വി. ജോര്‍ജ്ജ്, കടപ്പാട്: ബാങ്ക് വര്‍ക്കേഴ്സ് ഫോറം
Subscribe to:
Post Comments (Atom)
2 comments:
ഒരു പ്രത്യേക ധനകാര്യ സ്ഥാപനത്തെ തെരഞ്ഞുപിടിച്ച് തൊഴില്‍ ചൂഷണം ആരോപിക്കുന്നത് അനുചിതമാണെന്ന വ്യാഖ്യാനം ഉയര്‍ന്നേക്കാം. സമാന സ്ഥാപനങ്ങളില്‍ തൊഴില്‍ ചൂഷണമില്ലായെന്നുറപ്പിച്ചു പറയാനും സാധ്യമല്ല. എങ്കിലും അഷീസ് സെന്‍ പഠനകേന്ദ്രം മുമ്പാകെ ഒരു വിഷയം ഉന്നയിക്കപ്പെട്ടപ്പോള്‍ അവഗണിക്കാന്‍ തോന്നിയില്ല. ഗൌരവപൂര്‍വ്വമായ തെളിവെടുപ്പും പഠനവും ആവശ്യമാണെന്ന് തോന്നി. ബി.ഇ.എഫ്.ഐ.യ്ക്ക് സംസ്ഥാനത്ത് ലഭ്യമായ ആള്‍ശേഷിയും സുഹൃദ്ശൃംഖലയും മറ്റു സംവിധാനങ്ങളും അന്വേഷണം സുസാധ്യമാക്കി. ശേഖരിച്ച വിവരങ്ങള്‍ കണിശമായ അപഗ്രഥനത്തിന് വിധേയമാക്കി. ആരെയും ഞെട്ടിപ്പിക്കുന്ന യാഥാര്‍ത്ഥ്യങ്ങളാണ് മറനീക്കിവന്നത്.
Horrible.
Post a Comment