കേരളീയ സാമൂഹ്യ നഭോമണ്ഡലത്തില്‍ കൊടുങ്കാറ്റ് വിതച്ച നവോത്ഥാനത്തിന്റെ ആദ്യ അലയൊലി മുഴങ്ങിയത് തെക്കന്‍ തിരുവിതാംകൂറിലാണ്. മുത്തുക്കുട്ടി സ്വാമികള്‍ എന്ന വൈകുണ്ഡം സ്വാമികള്‍ 1836ല്‍ "സമതസമാജം" സ്ഥാപിച്ച് രംഗത്തു വന്നതോടെയാണിത്. ശ്രീനാരായണന്റെ ഈഴവ ശിവപ്രതിഷ്ഠയ്ക്കും കണ്ണാടി പ്രതിഷ്ഠയ്ക്കും ദശകങ്ങള്‍ മുമ്പേ സമതസമാജം നടത്തിയ കണ്ണാടി പ്രതിഷ്ഠ പക്ഷേ ചരിത്രത്തില്‍ വിസ്മൃതമായി.
സ്വസമുദായത്തെ ജാത്യാചാരങ്ങളില്‍നിന്ന് സംരക്ഷിക്കാന്‍ തുനിഞ്ഞിറങ്ങിയവര്‍ ആത്യന്തികമായി മാനവികമായ കാഴ്ചപ്പാട് തന്നെയാണ് സ്വീകരിച്ചത്. വി ടി ഭട്ടതിരിപ്പാട്, സഹോദരന്‍ അയ്യപ്പന്‍ , മന്നം, അയ്യങ്കാളി, ചട്ടമ്പിസ്വാമികള്‍ ഇവരെല്ലാം സമൂഹത്തിനുനേരെ കണ്ണും മനസ്സും തുറന്നുവെച്ചു. നവോത്ഥാനത്തില്‍നിന്നും ഊര്‍ജം ഉള്‍ക്കൊണ്ട ചിലര്‍ പൂണൂലു പൊട്ടിച്ചു. ജാതിപ്പേരുകളും ജാതിക്കുടുമകളും നീക്കം ചെയ്തു. മറക്കുടയ്ക്കുള്ളിലെ മഹാനരകത്തില്‍നിന്നും അടുക്കളയില്‍നിന്നും സ്ത്രീകള്‍ അരങ്ങത്തെത്തി. നമ്പൂതിരി യോഗക്ഷേമസഭയിലൂടെ "നമ്പൂതിരിയെ മനുഷ്യ"നാക്കാന്‍ പുറപ്പെട്ട ഇ എം എസ് ചരിത്രത്തിലെ സൂര്യതേജസ്സായി. ജനശ്രദ്ധ പിടിച്ചുപറ്റുന്ന മുദ്രാവാക്യങ്ങള്‍ എങ്ങും ഉയര്‍ന്നുവന്നു. ശ്രീനാരായണഗുരു മുന്നോട്ടുവെച്ച "ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന്..." കേരളീയ സമൂഹത്തില്‍ സര്‍വാതിശായിയായി പ്രതിധ്വനിച്ചു. ജാതിഭേദം മതദ്വേഷം ഏതുമില്ലാതെ സര്‍വരും സോദരത്വേന വാഴുന്ന മാതൃകാസ്ഥാനത്തിനായി ജനം വെമ്പല്‍ കൊണ്ടു. തൊട്ടുകൂടാത്തവരും തീണ്ടിക്കൂടാത്തവരും ദൃഷ്ടിയില്‍പെട്ടാലും ദോഷമുള്ളവരായി ജന്മിപത്തായം നിറയ്ക്കാന്‍ ഉഴാനും നടാനും കറ്റ കൊയ്യാനും മെതിക്കാനുമായി മാത്രം വിധിക്കപ്പെട്ട "ഇരുകാലി മൃഗങ്ങള്‍" ആവേശം കൊണ്ടു. ഇതിന്റെ അനുരണനങ്ങള്‍ ഉത്തരകേരളത്തിലുമുണ്ടായി.
"ക്ഷണമെഴുന്നേല്‍പ്പിന്‍ അനീതിയോടെതിര്‍പ്പിന്‍" എന്ന ആഹ്വാനവുമായി ഇരുകാലില്‍ നടന്ന കൊടുങ്കാറ്റായി മാറിയ വാഗ്ഭടാനന്ദ ഗുരുവിന്റെ പ്രവര്‍ത്തനമണ്ഡലം മലബാറായിരുന്നു. സാമൂഹ്യ സാംസ്കാരിക രാഷ്ട്രീയ മേഖലകളില്‍ വാഗ്ഭടാനന്ദന്റെയും അദ്ദേഹം രൂപം നല്‍കിയ ആത്മവിദ്യാസംഘത്തിന്റെയും പ്രവര്‍ത്തനങ്ങള്‍ വലിയ ചലനം സൃഷ്ടിച്ചു. അന്ധവിശ്വാസ-അനാചാരജടിലമായ ഇരുണ്ട കാലത്ത് വാഗ്ഭടാനന്ദന്റെ നവോത്ഥാന ചിന്തകളും പ്രവൃത്തികളും സമൂഹത്തെ ഒട്ടൊന്നുമല്ല പരിവര്‍ത്തിപ്പിച്ചത്. നവോത്ഥാന ചിന്തകള്‍ ഫലഭൂയിഷ്ഠമാക്കിയ മണ്ണിലാണ് കമ്യൂണിസ്റ്റ് ദര്‍ശനങ്ങള്‍ വേരുറച്ചത്. നവോത്ഥാനത്തിന്റെ ദീപശിഖ ഏറ്റുപിടിച്ച കമ്യൂണിസ്റ്റുകാരേയും ഈ അദ്വൈതിയിലെ ഉല്പതിഷ്ണുത്വം ഗണ്യമായി സ്വാധീനിച്ചു.
വടക്കേ മലബാറിലെ പാട്യത്ത് വയലേരി ചീരുവമ്മയുടെയും സംസ്കൃത വിശാരദനും ഉല്പതിഷ്ണുവും കവിയുമായ തേനങ്കണ്ടി വാഴവളപ്പില്‍ കോരന്‍ ഗുരിക്കളുടെയും മകനായി 1885 ഏപ്രില്‍ 27ന് ജനിച്ച കുഞ്ഞിക്കണ്ണെന്‍റ വാഗ്ഭടാനന്ദ ഗുരുദേവനിലേക്കുള്ള വികാസം കേരളീയ നവോത്ഥാന ചരിത്രത്തിന്റേതുകൂടിയാണ്. ഭൗതിക ദുരിതങ്ങള്‍ക്കുനേരെ കണ്ണടച്ച് ആധ്യാത്മികതയുടെ ആകാശവിതാനങ്ങളില്‍ സഞ്ചരിച്ച സന്ന്യാസി ആയിരുന്നില്ല വാഗ്ഭടാനന്ദന്‍ .
"എന്റെ മതം ഉത്കൃഷ്ടം; നിങ്ങള്‍ എല്ലാവരും ഇങ്ങോട്ടു വരുവിന്‍" എന്ന ക്ഷണവും പിടിച്ചുപറിയും നടന്നുകൊണ്ടിരിക്കുന്ന കാലം വരെ ഭൂരംഗം പ്രശാന്തമാവുകയില്ല. പ്രത്യുത വിഗ്രഹങ്ങള്‍ക്കും വിനാശങ്ങള്‍ക്കും ലക്ഷ്യമാവുകയേ ഉള്ളൂ. ഞങ്ങളുടെ മതം ഉത്കൃഷ്ടം എന്ന വിശ്വാസത്തെ സ്ഥാപിക്കാന്‍ ഇനി ആര്‍ക്കും ദുഃസാധ്യമാകുന്നു. അതിനുള്ള പരിശ്രമം നാശഹേതുകവുമാണ്. സകല മതപ്രവര്‍ത്തകരും കണ്ടെത്തിയ മൂലതത്വം ഏകമാകുന്നു. അവരാല്‍ പ്രസ്താവിക്കപ്പെട്ട ശാശ്വതികങ്ങളായ ധര്‍മാദര്‍ശങ്ങള്‍ക്ക് സര്‍വത്ര ഐകരൂപ്യമുണ്ട്. ചില ധര്‍മാഭാസങ്ങള്‍ മാത്രമേ വിഭിന്നങ്ങളായിരിക്കുന്നുള്ളൂ. അവയെ അപേക്ഷിച്ചാണ് വഴക്കുകള്‍ മുഴുവന്‍ ഉണ്ടായിക്കൊണ്ടിരിക്കുന്നത്. അതുകൊണ്ട് സ്വമതങ്ങളിലുള്ള ധര്‍മാഭാസങ്ങളെയും അനാചാരോപജീവികളായ പുരോഹിതന്മാരുടെ സ്വാര്‍ഥ പ്രകടനവ്യാമോഹങ്ങളെയും പ്രതിപദം ഉന്മൂലനം ചെയ്യുവാനും പ്രാപ്യസ്ഥാനം എല്ലാവര്‍ക്കും ഒന്നാകുന്നു എന്നും അറിയുവാനും ഇതരന്മാരെ അപ്രകാരം അറിയിക്കുവാനും അതാത് മതവിശ്വാസികള്‍ അവിശ്രമം പരിശ്രമിക്കുകയാണ് വേണ്ടത്. പരസ്പര സൗഹാര്‍ദം സമാധാനത്തിനും പരസ്പരവൈരം കലഹത്തിനും ഹേതുക്കളാകുന്നു. ഇപ്രകാരമുള്ള വിശ്വാസത്തോടും വിചാര വ്യാപ്തിയോടും സര്‍വമാനവ മൈത്രിയോടും കൂടിയ ഒരു മഹാജനതതിയാകുന്നു ആത്മവിദ്യാസംഘം. അന്ധങ്ങളും ഭ്രാന്തങ്ങളുമായ വിശ്വാസങ്ങളെ ഉച്ചാടനം ചെയ്യുവാനും സത്യങ്ങളും സ്തുത്യങ്ങളുമായ ആചാരങ്ങളിലും വിചാരങ്ങളിലും പദം വിന്യസിക്കുവാനും നമ്മുടെ നാട്ടുകാര്‍ക്ക് ഏതന്മാര്‍ഗേണ സ്വല്‍പ്പമെങ്കിലും സൗകര്യപ്പെടുമെന്നുവരികില്‍ ഞാന്‍ ചരിതാര്‍ഥനായി."
- "ആത്മവിദ്യ" മുഖവുര മിതവാദി അച്ചുകൂടം.
ഇതിലൂടെ ദുരാചാരരഹിതമായ നവലോകമാണ് വാഗ്ഭടാനന്ദന്‍ വിഭാവനം ചെയ്തത്. വേദം, തര്‍ക്കശാസത്രം, മറ്റു ശാസ്ത്രശാഖകളിലെല്ലാം അവഗാഹം നേടിയ ഗുരു സംസ്കൃതാധ്യാപനത്തോടൊപ്പം അന്ധവിശ്വാസ അനാചാരങ്ങള്‍ക്കെതിരെ ഉത്ബോധനങ്ങളും നടത്തിവന്നു. 1906ല്‍ കോഴിക്കോട് കാരപ്പറമ്പില്‍ തത്വപ്രകാശികാശ്രമം എന്ന സംസ്കൃത പാഠശാല സ്ഥാപിച്ചു. 1911ല്‍ കോഴിക്കോട് കല്ലായിയില്‍ രാജയോഗാനന്ദ കൗമുദീ യോഗശാല സ്ഥാപിച്ചു. വെസ്റ്റ്ഹില്‍ , ചെറുവണ്ണൂര്‍ , വടകര, കണ്ണൂര്‍ എന്നിവിടങ്ങളില്‍ അദ്ദേഹം ചെയ്ത പ്രസംഗം ധാരാളം അനുചരരെ നേടിക്കൊടുത്തു. ആലത്തൂര്‍ ബ്രഹ്മാനന്ദ ശിവയോഗി അദ്ദേഹത്തിന്റെ അസാമാന്യ വാഗ് വൈഭവം കണ്ട് "സരസ്വതീ സദ്ഭടനായി വാക്കിനാല്‍ സദസ്സിലാനന്ദമതീവചേര്‍ക്കയാല്‍ സു "വാഗ്ഭടാനന്ദ" സംജ്ഞയെ സുഖേനജയിക്ക മംഗളം" - വാഗ്ഭടാനന്ദനെന്ന് നാമകരണം ചെയ്തു.
തന്റെ ആശയപ്രചരണാര്‍ഥം "അഭിനവകേരളം" എന്ന പേരില്‍ പത്രവും ശിവയോഗിവിലാസം മാസികയും അദ്ദേഹം പ്രസിദ്ധീകരിച്ചു. മംഗലാപുരം, മദിരാശി, കേരളത്തിലങ്ങോളമിങ്ങോളം അദ്ദേഹം ചെയ്ത പ്രസംഗങ്ങള്‍ ജനമനസ്സുകളെ ആവേശഭരിതമാക്കി. "ഉണരുവിന്‍ അഖിലേശനെ സ്മരിപ്പിന്‍ ക്ഷണമെഴുന്നേല്‍പ്പിന്‍ അനീതിയോടെതിര്‍പ്പിന്‍" ഉത്തിഷ്ഠത ജാഗ്രത പ്രാപ്യവരാന്നിബോധത - എന്ന കംശ്രുതി സൂക്തത്തെ പിന്‍പറ്റി രചിക്കപ്പെട്ട ഈ സൂക്തമാണ് ആത്മവിദ്യാസംഘത്തിന്റെ മുഖസൂക്തം. വിഗ്രഹാരാധനയെ അതിശക്തമായി എതിര്‍ത്തുകൊണ്ട് ആചാര്യര്‍ മുന്നോട്ട് വന്നു. ആര്യസമാജ സ്ഥാപകനായ സ്വാമി ദയാനന്ദ സരസ്വതി വിഗ്രഹാരാധന വേദവിഹിതമല്ലെന്ന് തെളിയിച്ചതും ഗുരുനാനാക്കും രാജാറാംമോഹന്‍റോയിയും കേശവചന്ദ്രസെന്നും വിഗ്രഹാരാധനയെ നിരാകരിച്ചതും എടുത്തുകാട്ടി ആചാര്യര്‍ തന്റെ മതം സ്ഥാപിച്ചു. ഇതിലൂടെ ബ്രാഹ്മണ പൗരോഹിത്യത്തെ തന്നെയാണ് എതിര്‍ത്തത്.
"വേദപാഠ ശ്രവണാദികളില്‍ ശൂദ്രജാതിക്ക് വിശേഷിച്ചും അവകാശമില്ല; ഉണ്ടെന്ന് വിചാരിക്കുന്നതായാല്‍ ഭ്രാന്ത്, കുഷ്ഠം മുതലായ മഹാവ്യാധികള്‍ ബാധിക്കും. വേദോച്ചാരണം ചെയ്യുന്ന ശൂദ്രന്റെ നാവു മുറിക്കണം; വേദം ഉച്ചരിക്കുന്നതുകേട്ട ശൂദ്രന്റെ ചെവിട്ടില്‍ ഈയം ഉരുക്കി പകരണം. ശൂദ്രന് ധനം സമ്പാദിപ്പാന്‍ പാടില്ല. ശൂദ്രന്‍ വിദ്യാഹീനനായും ബ്രാഹ്മണരുടെ അടിമയായും എന്നെന്നും ജീവിച്ചുകൊള്ളണം - സ്മൃതികളില്‍ കള്ളപ്രമാണങ്ങള്‍ എഴുതിച്ചേര്‍ത്തു. മാസ്മര വിദ്യയാല്‍ എന്നപോലെ കപടവിദ്യാ പ്രകടനത്താല്‍ ഇങ്ങനെ ശൂദ്രജാതികളുടെ മതിമയക്കിയ ഈ കരുണാനിധികള്‍ ഭൂദേവന്മാരല്ലെങ്കിലും മനുഷ്യസ്വഭാവമുള്ളവരല്ലെന്നുള്ളത് തീര്‍ച്ച തന്നെ".
- ആത്മവിദ്യ അവതാരിക ഒയ്യാരത്ത് കുഞ്ഞിരാമ മേനോന്‍ .
1914 മെയ് 14-ാം തിയ്യതി ആലുവായില്‍ ശ്രീനാരായണഗുരുവിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന സമ്മേളനത്തില്‍ വാഗ്ഭടാനന്ദ ഗുരു ശ്രദ്ധേയമായ പ്രഭാഷണം നടത്തി. നാരായണഗുരുവുമായി അദ്ദേഹം നടത്തിയ അഭിമുഖം അദ്ദേഹത്തിന്റെ ദര്‍ശനത്തിന്റെ വ്യാപ്തി വ്യക്തമാക്കുന്നു.
വാഗ്ഭടാനന്ദന്‍ : സ്വാമി അദ്വൈതിയാണല്ലോ. അതുകൊണ്ടാണ് അങ്ങയെ സന്ദര്‍ശിക്കണമെന്ന് കുറച്ചുകാലമായി ആഗ്രഹിക്കുന്നത്. അതിനുള്ള ഭാഗ്യം ഇപ്പോഴാണുണ്ടായത്.
ഗുരു: അതെ, നാം അദ്വൈതിതന്നെ. ഗുരുക്കളും അദ്വൈതിയല്ലേ. അപ്പോള്‍ നാം ഒന്നാണ്.
വാഗ്ഭടാനന്ദന്‍ : അങ്ങ് ക്ഷേത്രങ്ങള്‍ സ്ഥാപിക്കുകയും പ്രതിഷ്ഠ നടത്തുകയും ചെയ്യുന്നുണ്ടല്ലോ. അദ്വൈതവും അതും തമ്മില്‍ എങ്ങനെ പൊരുത്തപ്പെടും.
ഗുരു: ജനങ്ങള്‍ സ്വൈരം തരണ്ടേ? അവര്‍ക്ക് ക്ഷേത്രം വേണം. പിന്നെ കുറെ ശുചിത്വമെങ്കിലും ഉണ്ടാകുമല്ലോ എന്ന് നാമും വിചാരിച്ചു.
വാഗ്ഭടാനന്ദന്‍ : അങ്ങ് ഒരാചാര്യനാണ്. അങ്ങയുടെ സിദ്ധാന്തത്തിന് ജനങ്ങളെ വഴക്കി എടുക്കേണ്ടതല്ലേ?
ഗുരു: നാം ആദ്യകാലത്ത് അവരെ വിളിച്ചു. ആരും വന്നില്ല.
വാഗ്ഭടാനന്ദന്‍ : അദ്വൈത തത്വവും യോഗസിദ്ധാന്തവും ക്ഷേത്രവിശ്വാസവും തമ്മിലൊരു ബന്ധവുമില്ലാത്തതുകൊണ്ട് ഞങ്ങള്‍ വിഗ്രഹാരാധനയെ ശക്തിപൂര്‍വം എതിര്‍ക്കുന്നവരാണ്.
ഗുരു: നല്ലതാണല്ലോ. നാമും നിങ്ങളുടെ പക്ഷക്കാരനാണ്.
റഷ്യന്‍ വിപ്ലവത്തിന്റെ വസന്തധ്വനി ലോകമാസകലം അലയടിച്ച 1917ല്‍ ആചാര്യന്‍ ഒഞ്ചിയത്തെ കാരക്കാട്ടില്‍ ആത്മവിദ്യാസംഘം രൂപീകരിച്ചു. ജാത്യാചാരങ്ങളുടെ വേലി തകര്‍ത്ത് മിശ്രഭോജനം സംഘടിപ്പിച്ചു.
മിശ്രവിവാഹം, ക്ഷേത്രധ്വംസനം, പ്രതിമോച്ചാടനം, ബ്ലൗസ് വിപ്ലവം, കുളിസമരം, മദ്യവര്‍ജനം എന്നീ സമരമുറകളും ആശയ പ്രചാരണവും അനാചാര ദൂരീകരണവും ലക്ഷ്യംവെച്ചുള്ള പത്രപ്രവര്‍ത്തനവും കേരളത്തിലെ ഉത്പതിഷ്ണുക്കളുടെ ആകെ ശ്രദ്ധ പിടിച്ചുപറ്റി. ഇതില്‍ പലതും കമ്യൂണിസ്റ്റ് - കര്‍ഷക - പുരോഗമനസംഘടനകള്‍ ഏറ്റെടുത്തു. ജാതിമത ഭേദമെന്യേ പലരും ഗുരുവിന്റെ അനുയായികളാവുകയോ ദര്‍ശനങ്ങളില്‍ ആകര്‍ഷിക്കപ്പെടുകയോ ചെയ്തു. പുല്ലഞ്ചേരി ഇല്ലത്ത് വലിയ മാധവന്‍ നമ്പൂതിരിപ്പാട് (വടക്കേ മലബാര്‍), കടത്തനാട്ട് മാധവിഅമ്മ, കൈനിക്കര എം പത്മനാഭപ്പിള്ള, നാഗവള്ളി ആര്‍ എസ് കുറുപ്പ്, മാനവേദന്‍ രാജാവ്, സര്‍വോദയ നേതാവ് ടി വി അനന്തന്‍ , മയ്യഴി ഗാന്ധി ഐ കെ കുമാരന്‍ , പാമ്പന്‍ മാധവന്‍ , പി ഗോപാലന്‍ , സി എച്ച് കണാരന്‍ , സുകുമാര്‍ അഴീക്കോട്, ഐ വി ദാസ് തുടങ്ങിയവര്‍ അവരില്‍ ചിലരാണ്.
"നാരായണ ഗുരുസ്വാമികളെപ്പോലെ അഖില കേരള പ്രശസ്തി കിട്ടിയില്ലെങ്കിലും സമുദായത്തിന്റെ വളര്‍ച്ചയെ സാരമായി സഹായിച്ച മറ്റൊരു വ്യക്തിയാണ് വടക്കേ മലബാറിലെ കോട്ടയം താലൂക്കില്‍ ജനിച്ച വാഗ്ഭടാനന്ദഗുരുദേവന്‍ . പാണ്ഡിത്യത്തിലും വാഗ്മിത്വത്തിലും നാരായണ ഗുരുവിനെപോലും കവച്ചുവെച്ചിരുന്ന അദ്ദേഹം ആദ്യം ബ്രഹ്മസമാജത്തിലൂടെയും പിന്നീട് സ്വന്തമായി സ്ഥാപിച്ച "ആത്മവിദ്യാസംഘം" മുഖേനയും ജാതിവ്യത്യാസം, മദ്യപാനം മുതലായവക്കെതിരായി ശക്തിപൂര്‍വം പ്രവര്‍ത്തിക്കുകയും ഇതില്‍ സവര്‍ണ ഹിന്ദുക്കളില്‍ ചിലരെപ്പോലും തന്റെ ശിഷ്യരാക്കുകയും ചെയ്തു. വടക്കേ മലബാറിന്റെ സാമൂഹ്യ വളര്‍ച്ചയില്‍ വളരെ പ്രധാനമായ ഒരു പങ്ക് അദ്ദേഹം വഹിച്ചിട്ടുണ്ടെന്നതില്‍ സംശയമില്ല".
- കേരളം മലയാളികളുടെ മാതൃഭൂമി - ഇഎംഎസ് പേജ് 281
അന്തര്‍ ഗര്‍വങ്ങള്‍ കൈവിട്ടൊരുമയുമുണര്‍വും
സ്വാത്മസന്നിഷ്ഠമായുള്ളന്തസ്സും ചേര്‍ന്നെണീപ്പിന്‍
ക്ഷണമിനി യുവ ലോകങ്ങളേ, നിങ്ങളെല്ലാം
ഹന്ത, സ്വാതന്ത്ര്യകോലാഹല കളമുരളി മുഴ-
ക്കീടുവിന്‍ ജാതി ഭേദ- ഭ്രാന്തക്കോട്ടയ്ക്കു തീവെച്ച
വനിയിലുപശാന്തിക്കു ചിന്തിച്ചുകൊള്‍വിന്‍!
തന്റെ ആദര്‍ശ സംസ്ഥാപനത്തിന് കവിതയും അദ്ദേഹം സമര്‍ഥമായി ഉപയോഗപ്പെടുത്തി.
കമ്യൂണിസ്റ്റ് നേതാവ് അനശ്വര രക്തസാക്ഷി മൊയാരത്ത് ശങ്കരന്‍ "എന്റെ ജീവിതം" എന്ന ആത്മകഥയില്‍ ഇങ്ങനെ രേഖപ്പെടുത്തുന്നു:
"പരേതനായ വാഗ്ഭടാനന്ദ ഗുരുദേവനെ ഞാന്‍ ആദ്യകാലത്ത് എതിര്‍ത്ത് പ്രസംഗിച്ചിട്ടുണ്ടെങ്കിലും അദ്ദേഹമാണ് എന്റെ ക്ഷേത്രവിശ്വാസത്തേയും പൂര്‍വാചാര പ്രതിപത്തിയേയും കലശലായി പിടിച്ചു മര്‍ദിച്ചത്. മലബാറിലും കൊച്ചിയിലും തിരുവിതാംകൂറിലും അസംഖ്യം ശിഷ്യന്മാരെയും പതിനെട്ടില്‍പരം ആത്മവിദ്യാ മന്ദിരങ്ങളെയും ആത്മവിദ്യാ കാഹളമെന്ന ഒരു പത്രത്തെയും ഏര്‍പ്പെടുത്തിയ വാഗ്ഭടാനന്ദന്‍ ഒരു കാല്‍നൂറ്റാണ്ടുകാലം കേരളത്തില്‍ ഒരു "വിശ്വവിജയി" ആയിരുന്നു. അക്കാലം വാഗ്ഭടാനന്ദന്റെ പേര് കേട്ടാല്‍ യാഥാസ്ഥിതിക ലോകം ഉറക്കത്തില്‍ ഞെട്ടിവിറച്ചിരുന്നു".
1931ല്‍ ഗുരുവായൂര്‍ സത്യഗ്രഹസമരത്തെ യാഥാസ്ഥിതിക ബ്രാഹ്മണര്‍ നിശിതമായി എതിര്‍ത്തപ്പോള്‍ അതിനെ ദാര്‍ശനികമായി പ്രതിരോധിക്കാനുള്ള ഇടപെടലാണ് അദ്ദേഹം രചിച്ച "ഗാന്ധിജിയും ശാസ്ത്ര വ്യാഖ്യാനവും" എന്ന കൃതി. "കുഞ്ഞിക്കണ്ണന്‍ ഒന്നും ഈ ജന്മത്തില്‍ പഠിച്ചതല്ല. പൂര്‍വജന്മത്തില്‍ പഠിച്ചവ ഓര്‍ക്കാനായി ജനിച്ചതാണ്" - ശ്രീനാരായണ ഗുരുവിന്റെ ഈ പ്രസ്താവം വാഗ്ഭടാനന്ദന്റെ സ്ഫടികസ്ഫുടമായ ഭാഷയ്ക്കും വിചാരസുന്ദരമായ ആദര്‍ശത്തിനും ദേവഗംഗയെ അതിശയിക്കുന്ന വാഗ്‌വിലാസത്തിനും അനിതരസാധാരണമായ മേധാശക്തിക്കുമുള്ള അംഗീകാരമത്രെ.
1910 കാലഘട്ടം. മാഹി പുത്തലത്ത് കുട്ടിച്ചാത്തന്‍ തറയില്‍ കയറിനിന്ന് കുഞ്ഞിക്കണ്ണന്‍ ഗുരുക്കള്‍ കുട്ടിച്ചാത്തന്‍ എന്ന ആഭാസദൈവത്തെ വിമര്‍ശിച്ചുകൊണ്ടു നടത്തിയ പ്രസംഗം കേള്‍ക്കാനിടയായ കറുപ്പയില്‍ കണാരന്‍ മാസ്റ്റരും കുന്നോത്ത് കുഞ്ഞ്യേക്കു ഗുരുക്കളും അദ്ദേഹത്തെ ഒഞ്ചിയം കാരക്കാട്ടിലേക്ക് ക്ഷണിച്ചു. തുടര്‍ന്നു നടന്ന വാദസദസ്സുകളും പ്രസംഗപരമ്പരയും ആത്മവിദ്യാസംഘത്തിന്റെ പിറവിയിലേക്ക് നയിച്ചു. സംഘത്തിന്റെ പിറവിക്ക് കാരണഭൂതരായവര്‍ കറുപ്പയില്‍ കണാരന്‍ മാസ്റ്റര്‍ , കുന്നോത്ത് കുഞ്ഞ്യേക്കു ഗുരുക്കള്‍ , ധര്‍മധീരന്‍ കയ്യാല ചെക്കു, വല്ലത്ത് അമ്പുമേസ്ത്രി, അക്കരാല്‍ ഗോവിന്ദന്‍ , അഴിക്കകത്ത് ചെക്കോട്ടി, വണ്ണാത്തിക്കണ്ടി കണ്ണന്‍ , പാലേരി ചന്തമ്മന്‍ , പാലേരി കുഞ്ഞിരാമന്‍ , കാട്ടില്‍ രാമന്‍ , തെക്കയില്‍ കണ്ണന്‍ , പി സി രാമന്‍ ഗുരുക്കള്‍ , പൊക്കായി ഗുരുക്കള്‍ , ചെറിയ പറമ്പത്ത് കണ്ണന്‍ , കോയന്റവളപ്പില്‍ ആണ്ടി, മുതിരയില്‍ പൊക്കായി, തെക്കെ വണ്ണാത്തിക്കണ്ടി കണ്ണന്‍ , മണിയോത്ത് ചോയിക്കുട്ടി മാസ്റ്റര്‍ , മാര്യത്ത് ബാപ്പുമാസ്റ്റര്‍ , കയ്യാല കണാരന്‍ , മീത്തല്‍ ചോയിക്കുട്ടി മാസ്റ്റര്‍ , സ്രാങ്കിന്റവിട കണ്ണന്‍ , പൊന്തയില്‍ കണ്ണന്‍ , മുതിരയില്‍ ചന്തമ്മന്‍ , അഴിക്കകത്ത് ആണ്ടി, അഴിക്കകത്ത് ബാപ്പു, മീത്തല്‍ കണാരന്‍ എന്നിവരും ബന്ധുക്കളുമായിരുന്നു.
വിഗ്രഹ ഭഞ്ജകനായ വാഗ്ഭടാനന്ദ ഗുരുവിനെതിരെ യാഥാസ്ഥിതിക സമൂഹം അരയും തലയും മുറുക്കി രംഗത്തുവന്നു. വേദോപനിഷത്തുക്കളുദ്ധരിച്ച് യാഥാസ്ഥിതിക - ജാതിക്കോമരങ്ങളുടെ മൂര്‍ധാവിലിടിക്കാന്‍ അദ്ദേഹം ആഹ്വാനം ചെയ്തു.
"പറയരുടെ അമേധ്യത്തെ വയര്‍ നിറച്ചുതിന്നുന്ന ശുനകനില്ലത്തു കയറാം നിര്‍ഭയം
മനുഷ്യരാം നമുക്കരുതു തീണ്ടും പോലിതെന്തൊരത്ഭുതം!"
"ശുനകന്മാരുടെ മലം ചവിട്ടിയാല്‍ അനഘമസ്ഥലം കഴുകിയാല്‍ മതി മനുഷ്യരാം നാമൊട്ടടുത്തു പോയെങ്കി- ലൗന്തം മുങ്ങണം കുളിക്കണം പോലും!"
ഇത്തരം ശ്ലോകങ്ങളും പാക്കനാരുടെ പേരില്‍ പ്രസിദ്ധമായ "നട്ട കല്ലു പേശുമോ നടാത്ത കല്ലു പേശുമോ ചുട്ടചട്ടിചട്ടുകം കുറിച്ചുവൈ അറിയുമോ". ലോകോക്തികളും ഉദാഹരിച്ച് അദ്ദേഹം യാഥാസ്ഥിതിക സമൂഹത്തെ കളിയാക്കി.
"ജാതിക്കെതിരായ സന്ധിയില്ലാത്ത ഒരു യോദ്ധാവായിരുന്നു വാഗ്ഭടാനന്ദ ഗുരു. അദ്ദേഹത്തിന്റെ തീക്ഷ്ണഭാഷണം കേട്ടാല്‍ ജാത്യഭിമാനികള്‍ ലജ്ജിച്ച് തല താഴ്ത്തുകയും ജാതിയെപ്പറ്റി പരസ്യമായി പറയാന്‍ മടിക്കുകയും ചെയ്യും. ഇത് ഞാന്‍ നേരിട്ടറിഞ്ഞതാണ്. ശാസ്ത്രീയമായ യുക്തിപ്രമാണത്തെ അണിനിരത്തിക്കൊണ്ടുള്ള ആ വാഗ്ധോരണി മനുഷ്യമനസ്സുകളെ സമൂലമായി പരിവര്‍ത്തനം ചെയ്യാന്‍ കഴിവുറ്റതായിരുന്നു"- മുന്‍മന്ത്രിയും ഗാന്ധി പീസ് ഫൗണ്ടേഷന്‍ നേതാവുമായിരുന്ന ജി രാമചന്ദ്രന്റെ പ്രസ്താവം ഇതിനെ സാധൂകരിക്കുന്നു.
ജനം നിര്‍ബാധം തുടര്‍ന്നുപോന്ന അനാചാരങ്ങളിലെ അടിസ്ഥാനരാഹിത്യം ചൂണ്ടിക്കാട്ടി അവ ഒഴിവാക്കാന്‍ ഗുരു നേതൃത്വം നല്‍കി. മലബാറിലെ തീയ്യ സമുദായം അനുവര്‍ത്തിച്ചുപോന്ന "എറ്റ് മാറ്റ്" സമ്പ്രദായം ആചാര്യര്‍ നിര്‍ത്തലാക്കി. പുല ബാധിച്ച കുടുംബാംഗങ്ങളെ ഏതാനും ദിവസങ്ങള്‍ക്കുശേഷം കാവുതീയ്യന്‍ കറുകപ്പുല്ല് ഇളനീരിലോ മോരിന്‍വെള്ളത്തിലോ മുക്കി തളിക്കുന്നു. ഇത് "എറ്റ്" എന്നറിയപ്പെട്ടു. ഋതുമതിയായി നാലാം നാളില്‍ വണ്ണാത്തിയില്‍നിന്നും അലക്കിയ വസ്ത്രം വാങ്ങി ധരിക്കണം- ഇതാണ് "മാറ്റ്". ഇവ രണ്ടും ചേര്‍ത്ത് "എറ്റ്മാറ്റ്" എന്നറിയപ്പെട്ടു. വിശുദ്ധിയുടെ അടയാളമായി കണക്കാക്കിയ ഇത് അനുവര്‍ത്തിക്കാത്തവരെ സമുദായത്തില്‍നിന്ന് അകറ്റി നിര്‍ത്തുക പതിവായിരുന്നു.
കൊല്ലിനും കൊലക്കും കുടിയൊഴിപ്പിക്കാനും അധികാരമുള്ള സവര്‍ണ ജന്മിഭൂപ്രഭുത്വം ക്രൂരമായ പ്രതിക്രിയകള്‍ ആരംഭിച്ചു. ആത്മവിദ്യാ സംഘാംഗങ്ങളെ സമുദായഭ്രഷ്ട് കല്‍പ്പിച്ച് ഒറ്റപ്പെടുത്തി. കുടിവെള്ളം മുടക്കി. കാവുതീയനെ മുടക്കി ക്ഷൗരം ചെയ്യാനോ മുടി മുറിക്കാനോ മാര്‍ഗമില്ലാതാക്കി. വിവാഹങ്ങള്‍ മുടക്കി. വിവാഹമോചനം നടത്തി. തൊഴില്‍ നിഷേധിക്കുകയും വിദ്യാഭ്യാസം മുടക്കുകയും ചെയ്തു. സംഘമാവട്ടെ എറ്റ്മാറ്റ് നിഷേധം, മിശ്രഭോജനം, മിശ്രവിവാഹം, ക്ഷേത്രാരാധനാ നിഷേധം ഇവ നിര്‍ബാധം നടത്തി. കമ്യൂണിസ്റ്റ് പാര്‍ടിയുടെ കുറുമ്പ്രനാട് താലൂക്ക് സെക്രട്ടറിയും എംഎല്‍എയുമായിരുന്ന എം കുമാരന്‍ മാസ്റ്റര്‍ അദ്ദേഹത്തിന്റെ പ്രസിദ്ധീകരിച്ചിട്ടില്ലാത്ത ആത്മകഥ "ഓര്‍മക്കുറിപ്പുകളി"ല്‍ ഇപ്രകാരം രേഖപ്പെടുത്തുന്നു:
"1933ല്‍ ആത്മവിദ്യാസംഘം കാരക്കാട്ട് ഏര്‍പ്പെടുത്തിയ മിശ്രഭോജനത്തില്‍ പങ്കെടുത്തു. വിടിസി പണിക്കരും കുഞ്ഞിക്കേളുക്കുറുപ്പും (കണ്ണങ്കുഴി നാരായണക്കുറുപ്പിന്റെ ജ്യേഷ്ഠന്‍) കൂടെ ഉണ്ടായിരുന്നു. നമ്പൂതിരിമാര്‍ മുതല്‍ പുലയര്‍ വരെയുള്ളവര്‍ ഒന്നിച്ചിരുന്നാണ് ഭക്ഷണം കഴിക്കുക. കറപ്പയില്‍ കണാരന്‍ മാസ്റ്റര്‍ , ധര്‍മധീരന്‍ കയ്യാല ചെക്കു (വി ആര്‍ കൃഷ്ണന്റെ അച്ഛന്‍) മുതലായവര്‍ സംഘടിപ്പിച്ചത്. കുഞ്ഞിക്കണ്ണന്‍ ഗുരുക്കള്‍ (വാഗ്ഭടാനന്ദന്‍) നേതാവ്. കാഹളം വാരിക പ്രസിദ്ധീകരിച്ചു. അയിത്തത്തെയും ജാതിയെയും സവര്‍ണ മേധാവിത്വത്തെയും തുറന്നടിച്ച് എതിര്‍ത്തു. വിഗ്രഹാരാധനയെ എതിര്‍ത്തു. ഏകദൈവ വിശ്വാസവും പ്രാര്‍ഥനയും മാത്രം. സാമൂഹ്യ ബഹിഷ്കരണം വന്നു. കാരക്കാട്, നാരായണനഗരം തുടങ്ങിയ സ്ഥലങ്ങളില്‍ ആത്മവിദ്യാസംഘം രൂപീകൃതമായി. ഞാനും ജ്യേഷ്ഠനും (കൃഷ്ണന്‍) കാഹളം പതിവായി വായിച്ചു. സംഘത്തില്‍ അംഗങ്ങളായില്ലെങ്കിലും അനുഭാവികളായി മാറി. എന്റെ ജ്യേഷ്ഠസഹോദരി ലക്ഷ്മിയെ വിവാഹം ചെയ്ത കച്ചേരിപറമ്പത്ത് കണ്ണന്‍ (ഡി ബോര്‍ഡ് മേസ്ത്രി) സഹോദരിയെ വീട്ടിലേക്ക് തിരിച്ചയച്ചു. അമ്മയും ജ്യേഷ്ഠനും വിഷമത്തിലായി ഇതികര്‍ത്തവ്യതാ മൂഢത. എന്റെ നടപടി സമുദായത്തിനും തറവാടിനും യോജിച്ചതല്ലത്രെ! ജ്യേഷ്ഠത്തി വീട്ടില്‍ തന്നെ. എന്നാല്‍ എന്നെ അമ്മയോ ജ്യേഷ്ഠനോ ശാസിച്ചില്ല. പ്രോത്സാഹനവുമില്ല!"
വിഗ്രഹാരാധനയുടെ നിരര്‍ഥകത ബോധ്യപ്പെടുത്താന്‍ ആത്മവിദ്യാസംഘം പ്രതിമോച്ചാടനം എന്ന പ്രതീകാത്മക പരിപാടി സംഘടിപ്പിച്ചു. വലിയ ഘോഷയാത്രയ്ക്കുള്ള മുന്നൊരുക്കങ്ങള്‍ നടത്തി. കാരക്കാട് പ്രദേശമാകെ ഉത്സവലഹരി. നാനാ ദിക്കില്‍നിന്നും ആളുകള്‍ പ്രവഹിച്ചു. അനാചാര രാക്ഷസന്റെ മേദുര ദീര്‍ഘകായ പ്രതിമ ഉണ്ടാക്കി ഘോഷയാത്രയായി കടപ്പുറത്തേക്ക് ആനയിച്ചു. ഘോഷയാത്ര കടപ്പുറത്തെത്തിയിട്ടും നൂറുകണക്കിന് ആളുകള്‍ ചവോക്ക് കാട്ടില്‍ പ്രകടനത്തിന് അണിനിരക്കാന്‍ ബാക്കിനില്‍പ്പുണ്ട്. വലിയ പ്രാധാന്യത്തോടെയാണ് അന്ന് പത്രങ്ങള്‍ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.
സമ്പന്നവും പ്രൗഢവുമായിരുന്നു ഒഞ്ചിയം കാരക്കാട്ടിലെ പാലേരി കുടുംബം. ചന്തമ്മന്‍ , കുഞ്ഞിരാമന്‍ , പറമ്പത്ത് പാലേരി ഗോവിന്ദന്‍ എന്നിവര്‍ പ്രതാപശാലികളും പ്രസിദ്ധരുമായിരുന്നു. പാലേരി തറവാട്ടുകാര്‍ ആത്മവിദ്യാസംഘത്തില്‍ ചേര്‍ന്നതോടെ പറമ്പത്ത് ക്ഷേത്രത്തിലെ ഉത്സവം മുടങ്ങി. യാഥാസ്ഥിതികര്‍ ഉത്സവം നടത്തുമെന്ന് വെല്ലുവിളിച്ചു. ഈ അവസരം പാലേരി ചന്തമ്മനും ചാപ്പയില്‍ കുഞ്ഞ്യേക്കു ഗുരുക്കളും കൂടി ക്ഷേത്രത്തിലെ പ്രതിഷ്ഠാവിഗ്രഹം ഇളക്കി എടുത്ത് ശൂലം, വാള്‍ എന്നിവയോടെ സമീപത്തെ പൊട്ടക്കിണറ്റില്‍ നിക്ഷേപിച്ചു. സ്വന്തം വിഗ്രഹം രക്ഷിക്കാന്‍ കഴിയാത്ത കുട്ടിച്ചാത്തന് ഭക്തരെ രക്ഷിക്കാന്‍ കഴിയില്ലെന്ന് നാട്ടുകാര്‍ തീര്‍പ്പ് കല്‍പ്പിച്ചു. വിവാദമായ ഈ സംഭവത്തോടനുബന്ധിച്ച് വാഗ്ഭടാനന്ദന്‍ പ്രസംഗിക്കാനെത്തി. ക്ഷേത്രവിശ്വാസികള്‍ ആയുധധാരികളായി യോഗം കലക്കാനെത്തി. എന്നാല്‍ ഗുരുദേവന്റെ പ്രസംഗം ശ്രവിച്ച അവര്‍ ക്ഷമാപണം നടത്തി സംഘം പ്രവര്‍ത്തനങ്ങളില്‍ ഭാഗഭാക്കാവുകയാണുണ്ടായത്.
ആത്മവിദ്യാസംഘം നടത്തിയ ഇത്തരം പ്രവര്‍ത്തനങ്ങളില്‍നിന്ന് ഊര്‍ജം സ്വീകരിച്ച് കുറുമ്പ്രനാട്ടിലും പരിസരപ്രദേശങ്ങളിലും പ്രതിമോച്ചാടനവും അന്ധവിശ്വാസ ദുരീകരണപ്രവര്‍ത്തനങ്ങളും കമ്യൂണിസ്റ്റുകാര്‍ ഏറ്റെടുത്തു. വസ്ത്ര സ്വാതന്ത്ര്യത്തിനുവേണ്ടി സ്ത്രീകള്‍ നടത്തിയ ചാന്നാര്‍ലഹള സുവിദിതമാണ്. വാഗ്ഭടാനന്ദന്‍ കാരക്കാട് കേന്ദ്രീകരിച്ച് തന്റെ പ്രവര്‍ത്തനം തുടങ്ങിയ ഘട്ടത്തില്‍ സ്ത്രീകള്‍ക്ക് ബ്ലൗസ് നിഷിദ്ധമായിരുന്നു. വേണമെങ്കില്‍ മാറ് മറയ്ക്കാന്‍ ഒരു തോര്‍ത്താവാം എന്ന നില വന്നു. സവര്‍ണരെ കാണുമ്പോള്‍ അതെടുത്ത് കൈത്തണ്ടയിലിട്ട് ആചാരം ചെയ്യണമെന്നു മാത്രം. വടക്കേ മലബാറില്‍ സ്ത്രീകള്‍ ബ്ലൗസ് ധരിച്ചത് പാലേരി കേളപ്പന്റെ വിവാഹത്തോടനുബന്ധിച്ചായിരുന്നു. ഇരിങ്ങണ്ണൂരിലെ ഒണക്കന്‍ വൈദ്യരുടെ മകളായിരുന്നു വധു. ആത്മവിദ്യാചാരപ്രകാരം നടന്ന ആദ്യവിവാഹം.വരനെ അനുധാവനം ചെയ്ത എല്ലാ സ്ത്രീകളും ബ്ലൗസ് ധരിച്ചിരുന്നു. പലരും ഓലക്കുടയും പിടിച്ചിരുന്നു. വിവാഹസംഘം പൂക്കോട്ട് എത്തിയപ്പോള്‍ കാര്യസ്ഥന്മാര്‍ മുഖാന്തരം തമ്പുരാന്‍ വിവരമറിഞ്ഞു. കാരക്കാട്ടെ പുരോഗാമികളായ ആത്മവിദ്യാസംഘം പ്രവര്‍ത്തകരാണെന്നറിഞ്ഞ തമ്പുരാന്‍ പ്രതികരിക്കാന്‍ ഭയപ്പെട്ടു.
ഉല്പതിഷ്ണുവായ കാരക്കാട് തങ്ങള്‍ വാഗ്ഭടാനന്ദന്റെ ആത്മമിത്രമായിരുന്നു. കാരക്കാട്ടെ സ്ത്രീകളെ ബ്ലൗസ് ധരിപ്പിക്കാന്‍ പ്രേരിപ്പിച്ചതില്‍ മുസ്ലിം പണ്ഡിതനായ തങ്ങള്‍ക്ക് വലിയ പങ്കുണ്ട്. "ഏവരും ബത ഹരിക്കു മക്കളാണാവഴിക്ക് സഹജാതര്‍ നാം" എന്ന ഗുരുദേവ പ്രാര്‍ഥന സംഘാംഗങ്ങള്‍ മിശ്രഭോജന ഹാളില്‍വെച്ച് ഹരിജനങ്ങളുമായി ഒത്തുചേര്‍ന്ന് ആലപിച്ചു. ഗാന്ധിജി അധഃകൃതരെ ഹരിജനങ്ങള്‍ എന്ന് അഭിസംബോധന ചെയ്യുന്നതിന് മുമ്പ് തന്നെയാണിതെന്ന് ഓര്‍ക്കണം. മിശ്രഭോജനത്തെ പ്രീതിഭോജനമെന്നാണ് ആചാര്യര്‍ വിശേഷിപ്പിച്ചത്. സ്വാതന്ത്ര്യസമര പോരാളികളടക്കം നിരവധി പേര്‍ അന്നത്തെ പ്രീതിഭോജനത്തിനെത്തിയിരുന്നു. സി എച്ച് നാരായണക്കുറുപ്പ്, കെ പി കൃഷ്ണന്‍ വക്കീല്‍ , വി പി കുഞ്ഞിരാമക്കുറുപ്പ്, പി ഗോപാലന്‍ വക്കീല്‍ , ആയാടത്തില്‍ കേളപ്പന്‍ , മണ്ടോടി കണ്ണന്‍ , എം കുമാരന്‍ എന്നിവര്‍ അവരില്‍ ചിലരാണ്.
ആത്മവിദ്യാസംഘത്തിന്റെ ആഭിമുഖ്യത്തില്‍ കോളിളക്കം സൃഷ്ടിച്ച മിശ്രവിവാഹം അരങ്ങേറി. മത്സ്യബന്ധനം ഉപജീവനമാക്കിയ കടലോരത്തെ പ്രതാപശാലികളായ സമുദായമാണ് മുകയര്‍ . പ്രസിദ്ധമായ അറക്കല്‍ ക്ഷേത്രാവകാശികളായി അഞ്ചു കുടുംബാംഗങ്ങളുണ്ട്. അവരില്‍ പ്രമുഖരായിരുന്നു വടക്കേടത്ത് കുടുംബക്കാര്‍ . അവിടുത്തെ ഗോവിന്ദന്‍ വളഞ്ചിയര്‍ സമുദായത്തില്‍പ്പെട്ട മാധവിടീച്ചറെ കല്ല്യാണം കഴിക്കാനാഗ്രഹിച്ചു. മുകയസമുദായത്തിന്റെ ക്ഷൗരം നിര്‍വഹിക്കുന്ന സമുദായമാണ് വളഞ്ചിയര്‍മാര്‍ . യാഥാസ്ഥിതികര്‍ ഉറഞ്ഞുതുള്ളി. ക്ഷേത്രകമ്മിറ്റിക്കാരായ കുടുംബാംഗങ്ങള്‍ കൂടക്കല്‍ ചന്ദ്രന്‍ വൈദ്യരുടെ നേതൃത്വത്തില്‍ വിവാഹത്തെ എതിര്‍ത്തു.കാരക്കാട്ടെ ആത്മവിദ്യാസംഘം ഒന്നടങ്കം ഗോവിന്ദനു പിന്നില്‍ അണിനിരന്നു. ഗോവിന്ദന്റെ വീട്ടില്‍ വച്ചുതന്നെ നടന്ന വിവാഹത്തില്‍ ആത്മവിദ്യാസംഘം വക മംഗളപത്രവും കൈമാറുകയുണ്ടായി.
ആത്മവിദ്യാസംഘത്തിന്റെ രൂപീകരണത്തിനുശേഷം ഉടുപ്പിയിലെ ദ്വൈതമതാചാര്യന്മാര്‍ മുതല്‍ കന്യാകുമാരിപര്യന്തമുള്ള പണ്ഡിതരുമായി അദ്വൈത വിഷയത്തില്‍ വാഗ്ഭടാനന്ദന്‍ വാദപ്രതിവാദം നടത്തുകയും പട്ടും വളയും സ്വീകരിക്കുകയുമുണ്ടായി. അദ്വൈത വേദാന്തമാണ് സത്യമെന്ന വാദത്തെ എതിര്‍ത്ത് പരാജയപ്പെടുത്തുന്നവര്‍ക്ക് 300 രൂപ പാരിതോഷികം പ്രഖ്യാപിച്ച് പരസ്യം ഉണ്ടായിട്ടു പോലും ഒരു പണ്ഡിതനും അദ്ദേഹത്തെ നേരിടാന്‍ തയ്യാറായിട്ടില്ല. പണ്ഡിതവരേണ്യനായ കാവില്‍ പി രാമപ്പണിക്കര്‍ , മട്ടന്നൂരില്ലത്ത് മധുസൂദനന്‍ തങ്ങള്‍ എന്നിവര്‍ പങ്കെടുത്ത വെള്ളികുളങ്ങരയിലെ വാദസദസ്സ് എന്തുകൊണ്ടും ശ്രദ്ധേയമായിരുന്നു. വാഗ്ഭടാനന്ദഗുരു ജാത്യാചാരങ്ങള്‍ക്കും അന്ധവിശ്വാസങ്ങള്‍ക്കും എതിരെ സാരഗര്‍ഭമായ പ്രസംഗം നടത്തി സമാപിച്ചപ്പോള്‍ , കടത്തനാട്ടിലെ പ്രസിദ്ധ കളരി അഭ്യാസി ആയി അറിയപ്പെട്ട കൂറ്റേരി കുറുപ്പ് സ്റ്റേജിന്റെ കിഴക്കു ഭാഗത്ത് ചാടിക്കയറി ഇപ്രകാരം പ്രഖ്യാപിച്ചു: "ഈ തീയ്യ കുഞ്ഞിക്കണ്ണനെ മേലില്‍ കുറുമ്പ്രനാട് താലൂക്കില്‍ പ്രസംഗിക്കാനനുവദിക്കില്ല". ഈ വാക്ക് കേട്ട് സദസ്സ് വിറങ്ങലിച്ചു. അല്പസമയം കഴിഞ്ഞപ്പോള്‍ സ്റ്റേജിന്റെ പടിഞ്ഞാറുവശത്ത് ദീര്‍ഘകായനും കറുത്ത മുറ്റുള്ള മുടിയുടെ ഉടമയുമായ ഒരു ശുഭ്രവസ്ത്രധാരി ചാടിക്കയറി പ്രഖ്യാപനം നടത്തി: "ഗുരുദേവര്‍ നാളെ നാലുമണിക്ക് അഴിയൂര്‍ ചുങ്കം സ്കൂള്‍ മുറ്റത്ത് പ്രസംഗിക്കും. തടയാന്‍ വരുന്നവരെ പാന്തം പൊളിച്ച് കെട്ടും". ആര്‍പ്പും വിളിയുമായി ജനക്കൂട്ടം കറുപ്പയില്‍ കണാരന്‍ മാസ്റ്റരെന്ന ആ ധീരനെ ചുമലിലേറ്റി നടന്നു. പിറ്റേന്ന് കാലത്ത് അഴിയൂര്‍ അധികാരി കണാരന്‍ മാസ്റ്റരെ വിളിപ്പിച്ച് ആ യോഗം തടയാന്‍ ശ്രമിച്ചു. അധികാരിയെ കാണാന്‍ കൂടെപ്പോയ ചാത്തനോട് കണാരന്‍മാസ്റ്റര്‍ ധീരമായി പ്രഖ്യാപിച്ചു, "ഒരു കെട്ട് പാന്തം കൂടുതല്‍ പൊളിക്കാന്‍". അഴിയൂര്‍ ചുങ്കം മുതല്‍ മുക്കാളി വരെ ആ സമ്മേളനത്തിനലങ്കരിച്ചത് പാന്തം(തെങ്ങോലയുടെ തൊലി) കൊണ്ടായിരുന്നു. പ്രസ്തുത യോഗത്തില്‍ കണാരന്‍ മാസ്റ്റര്‍ മറ്റൊരു പ്രഖ്യാപനവുംകൂടി നടത്തി: "ഭാവിയില്‍ അഴിയൂര്‍ വില്ലേജില്‍ ഒരു തിയ്യനും നായരുടെ പുടവമുറിക്ക് ചൂട്ടു കെട്ടുകയില്ല". ഈ പ്രഖ്യാപനം അക്ഷരംപ്രതി നടപ്പാക്കി. പ്രമാണിവര്‍ഗം പ്രതികാരമായി ഒട്ടനവധി കുടിയാന്മാരെ കുടിയിറക്കി. കണാരന്‍ മാസ്റ്റരുടെ അഴിയൂരിലെ സ്കൂള്‍ തള്ളിച്ചു. സമ്പന്നനായിരുന്ന കണാരന്‍ മാസ്റ്റര്‍ കുടിയിറക്കപ്പെട്ടവരെ സംരക്ഷിച്ചും അവര്‍ക്കുവേണ്ടി കേസ് നടത്തിയും പാപ്പരായി. എങ്കിലും പ്രതിസന്ധികളെ അദ്ദേഹം ധീരമായി നേരിട്ടു.
- ആത്മവിദ്യാസംഘം മിനുട്സ്.
ഒരു കമ്യൂണിസ്റ്റ് ഋഷി എന്ന വിശേഷണത്തിന് തികച്ചും യോഗ്യനാണ് വാഗ്ഭടാനന്ദഗുരു. 1932ല്‍ കോമണ്‍വെല്‍ത്തിലെ ഒരു തൊഴിലാളിയെ സായിപ്പ് മര്‍ദിച്ചപ്പോള്‍ തന്റെ കാഹളം പത്രത്തില്‍ തൊഴിലാളികളുടെ ദുരവസ്ഥ എന്ന തലക്കെട്ടോടുകൂടി ആചാര്യര്‍ മുഖപ്രസംഗം എഴുതി. ഇതിന് അദ്ദേഹം ജില്ലാ കലക്ടറുടെ ശാസനയ്ക്ക് വിധേയനായി. കര്‍ഷക-കമ്യൂണിസ്റ്റ് പ്രസ്ഥാനങ്ങള്‍ക്ക് വളക്കൂറുള്ള മണ്ണൊരുക്കിയ പ്രസ്ഥാനമാണ് 1934ല്‍ എ വി കുഞ്ഞമ്പു കരിവെള്ളൂരില്‍ സ്ഥാപിച്ച "അഭിനവ ഭാരത് യുവസംഘം". അതിന്റെ ഒന്നാം വാര്‍ഷികത്തില്‍ അധ്യക്ഷത വഹിച്ചു സംസാരിച്ചത് വാഗ്ഭടാനന്ദനായിരുന്നു.
1936ല്‍ ഫറോക്ക് ഓട്ടുകമ്പനിയില്‍ ഒരു ഹരിജന്‍ തൊഴിലാളിയെ മുതലാളി അടിച്ചുകൊന്ന സംഭവത്തില്‍ പ്രതിഷേധിച്ച് കെ പി ഗോപാലന്‍ (ആദ്യ കേരള മന്ത്രിസഭയിലെ വ്യവസായമന്ത്രി) നടത്തിയ നിരാഹാരസമരം നാരങ്ങാനീര് നല്‍കി അവസാനിപ്പിച്ചത് ഗുരുവാണ്. എംടി കുമാരന്‍ , വിഷ്ണുഭാരതി, കെ എ കേരളീയന്‍ എന്നിവര്‍ക്കൊപ്പം വേദി പങ്കിട്ട ഗുരു അനീതിക്കും ചൂഷണാധിഷ്ഠിതമായ സാമ്പത്തിക വ്യവസ്ഥയ്ക്കുമെതിരെ ആഞ്ഞടിച്ചു. "നാലണ സൂക്ഷിക്കുന്നവന്‍ മറ്റൊരാളെ പട്ടിണി കിടത്തുന്നു; അനവധി പണം സൂക്ഷിക്കുന്നവന്‍ അനവധി ജനങ്ങളെ പട്ടിണി കിടത്തുന്നു. അങ്ങനെ മനുഷ്യന്റെ പൊതുവായുള്ള ആവശ്യത്തിനുള്ള പണം സ്വന്തമായി കൂട്ടിവെക്കുവാന്‍ ഇവിടെ ആര്‍ക്കും അധികാരമില്ല, അവകാശമില്ല. പ്രകൃതിദേവത മനുഷ്യന് അത്യന്താപേക്ഷിതമായ വായുവും വെള്ളവും ഇവിടെ തുല്യാവകാശത്തോടു കൂടിയാണ് നല്‍കിയിരിക്കുന്നത്. ഋഷീശ്വരഭാരതത്തിന്റെ സന്ദേശമതാണ്"
- വാഗ്ഭടാനന്ദനെ ഉദ്ധരിച്ചുകൊണ്ട് "ആധുനിക കേരളത്തില്‍" ഡോ. കെ കെ എന്‍ കുറുപ്പ് ഇപ്രകാരം രേഖപ്പെടുത്തുന്നു.
"വാഗ്ഭടാനന്ദ വചനാമൃത"ത്തിന്റെ നാന്ദിയില്‍ - "അനീതിയും അധര്‍മവും അന്ധതയും ഉളേളടത്ത് ധീരവിചാരത്തിന്റെ അസിലത ഉയര്‍ത്തിയ വാഗ്ഭടാനന്ദ ഗുരുദേവന്‍ മറ്റെന്നത്തേക്കാളും ഇന്ന് നാട്ടിനും ജനങ്ങള്‍ക്കും സ്മരണീയനായിത്തീര്‍ന്നിരിക്കുന്നു. മതം ആചാര ജീര്‍ണതയും അന്യമതദ്വേഷത്തിനുള്ള കാട്ടുതീയും ആവുകയും ജാതി കൊട്ടാരങ്ങളിലും കോട്ടകളിലും ഏതോ ദുര്‍ഭൂതം പോലെ ഭീതി വളര്‍ത്തി വിഹരിക്കുകയും ചെയ്യുന്ന ഈ ഘട്ടത്തില്‍ മറ്റാരേക്കാളും ഇവിടെ ഇന്ന് അവതരിക്കേണ്ടത് ആ വാഗ്ഭടാനന്ദനാണ് എന്ന് എന്റെ മനസ്സ് വിഹ്വലതയുടെ ഏകാന്തദുസ്സഹതയില്‍ എന്നോട് മന്ത്രിക്കുന്നു"
- വാഗ്ഭടാനന്ദ ചിന്തകളുടെ കാലിക പ്രസക്തി ഇപ്രകാരം അഴീക്കോട് സാക്ഷ്യപ്പെടുത്തുന്നു. തത്വമസി എന്ന വിചാരഗ്രന്ഥം അഴീക്കോട് സമര്‍പ്പിച്ചിരിക്കുന്നത് വാഗ്ഭടാനന്ദന്റെ ദീപ്തസ്മൃതികളിലാണ്.
"കര്‍മധീരനായ യോഗി" എന്ന ലേഖനത്തില്‍ ഐ വി ദാസ് വാഗ്ഭടാനന്ദന്റെ അന്യാദൃശമായ കര്‍മവൈഭവം വ്യക്തമാക്കുന്നു.
"മനുഷ്യരാശിയെ നന്മയിലേക്ക് നയിക്കാന്‍ പ്രതിജ്ഞാബദ്ധനായ ഒരു മഹാനായിരുന്നു വാഗ്ഭടാനന്ദ ഗുരുദേവന്‍ .... വാഗ്ഭടാനന്ദന്റെ കര്‍മപ്രഭാവം നിറഞ്ഞുനില്‍ക്കുന്ന കാലത്താണ് ഈ ലേഖകന്‍ ജനിച്ചുവളര്‍ന്നത്. നന്നെ ചെറുപ്പകാലം മുതല്‍തന്നെ ആ മഹാന്റെ പേര് കേള്‍ക്കാന്‍ കഴിഞ്ഞിരുന്നു. പാട്യവും മൊകേരിയും തൊട്ടടുത്ത് കിടക്കുന്ന രണ്ട് ഗ്രാമങ്ങളാണ്. ഇതില്‍ പാട്യമാണ് വാഗ്ഭടാനന്ദഗുരുവിന്റെ ജന്മഗ്രാമം. എന്റെ കുട്ടിക്കാലം മുതല്‍ കേള്‍ക്കാന്‍ കഴിഞ്ഞ വാഗ്ഭടാനന്ദ കര്‍മങ്ങള്‍ എന്നെ അദ്ദേഹത്തിന്റെ ആരാധകനാക്കിത്തീര്‍ത്തു. ആ വികാരം ഇന്നും ശക്തിയായി നിലനില്‍ക്കുന്നു. ഈ മാനസികാവസ്ഥയാണ് "നവോത്ഥാനാചാര്യനായ വാഗ്ഭടാനന്ദഗുരു" എന്ന ലഘുഗ്രന്ഥം വായനക്കാര്‍ക്ക് സമര്‍പ്പിക്കാന്‍ എനിക്ക് പ്രേരകമായത്". ഐ വി ദാസ് തുടരുന്നു: "ആനുഷംഗികമായി ഒരു കാര്യം പറയട്ടെ. അടിയന്തരാവസ്ഥക്കാലത്ത് ഒരു ദിവസം ഇ എം എസിന്റെ കൂടെ കണ്ണൂരില്‍നിന്നും തിരുവനന്തപുരത്തേക്ക് കാറില്‍ യാത്ര ചെയ്യാനുള്ള ഭാഗ്യം എനിക്കുണ്ടായി. കാര്‍ ഷൊര്‍ണൂരില്‍ എത്തിയപ്പോള്‍ ഇ എം എസ് പറഞ്ഞു: ദാസന്‍ മാഷേ യുവാവായ കാലത്ത് ഇവിടെവച്ച് എനിക്ക് വാഗ്ഭടാനന്ദ ഗുരുവിന്റെ ഉജ്വല പ്രസംഗം കേള്‍ക്കാന്‍ കഴിഞ്ഞു. അക്ലിഷ്ട മനോഹരവും ശക്തവുമായ ആ പ്രസംഗം എന്റെ മനസ്സിനെ ആകര്‍ഷിച്ച ഒന്നായിരുന്നു. എന്റെ തലച്ചോറിലൂടെ മിന്നല്‍പിണര്‍ കടന്നുപോയ അനുഭവമാണ് എനിക്കുണ്ടായത്. വാഗ്ഭടാനന്ദന്റെ വാഗ്മിത്വത്തിന്റെ കാന്തശക്തി വിളംബരം ചെയ്യുന്നു ഇ എം എസിന്റെ ഈ വാക്കുകള്‍".
ഓടുന്ന കാലത്തിന് ഒരു മുളം മുമ്പേ നടന്നവരാണ് ആത്മവിദ്യാസംഘക്കാര്‍ . നവീനാശയങ്ങള്‍ മുറുകെ പിടിച്ചതിന്റെ പേരില്‍ എണ്ണമറ്റ പീഡനങ്ങള്‍ അനുഭവിക്കേണ്ടിവന്ന അവര്‍ സന്ന്യാസിയുടെ നിസ്സംഗത കൈക്കൊള്ളാതെ പ്രായോഗികമായ കര്‍മകുശലത അവലംബിച്ചു. വിദ്യാഭ്യാസം മുടക്കിയപ്പോള്‍ സ്വന്തമായി വിദ്യാലയങ്ങള്‍ സ്ഥാപിച്ചു. ക്ഷുരകനെ മുടക്കിയപ്പോള്‍ ബംഗാളില്‍നിന്നുപോലും ക്ഷൗരക്കത്തികള്‍ വരുത്തി ക്ഷൗരകര്‍മം പരിശീലിപ്പിച്ചു. അക്കാലത്ത് സ്ഥാപിച്ച ഐക്യനാണയസംഘമാണ് ഇന്നത്തെ ഊരാളുങ്കല്‍ സര്‍വീസ് സഹകരണബാങ്ക് ആയി മാറിയത്. ഭവനവായ്പാ സഹകരണസംഘത്തിനും ബീജാവാപം ചെയ്തത് ആചാര്യനാണ്. തൊഴില്‍ നിഷേധിക്കപ്പെട്ടപ്പോള്‍ തൊഴിലാളികളെ സംഘടിപ്പിച്ച് വാഗ്ഭടാനന്ദന്‍ ഊരാളുങ്കല്‍ പ്രവൃത്തിക്കാരുടെ സഹകരണസംഘത്തിനു രൂപം നല്‍കി. 1925 മാര്‍ച്ച് 24ന് സൊസൈറ്റിയുടെ ആദ്യയോഗം ചവോക്ക് തോട്ടത്തിലെ പ്രാര്‍ഥനാലയത്തില്‍ ചേര്‍ന്നു. 16 പേര്‍ക്ക്അംഗത്വം നല്‍കി. പഞ്ചായത്ത് എന്നറിയപ്പെട്ട പ്രഥമ ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങള്‍ ചാപ്പയില്‍ കുഞ്ഞ്യേക്കു ഗുരുക്കള്‍ , പുന്നേരി പൊക്കായി, കാട്ടില്‍ രാമന്‍ , മുതിരയില്‍ ചെക്കോട്ടി, വണ്ണാത്തിക്കണ്ടി വലിയ കണ്ണന്‍ ഇവരായിരുന്നു. വലിയ കണ്ണനായിരുന്നു പ്രഥമ സെക്രട്ടറി. ഇന്ത്യന്‍ സൊസൈറ്റി ആക്റ്റ് അനുസരിച്ച് 1925 ഫെബ്രുവരി 13-ാം തിയ്യതി നമ്പര്‍ 699 ആയി രൂപീകരിച്ച സൊസൈറ്റിയുടെ ആദ്യ പ്രസിഡന്റ് കുഞ്ഞ്യേക്കു ഗുരുക്കളായിരുന്നു. പാലേരി ചന്തമ്മന്‍ , ടി കെ ബാപ്പുമാസ്റ്റര്‍ , പാലേരി കണാരന്‍ മാസ്റ്റര്‍ , പാലേരി രമേശന്‍ എന്നീ മഹാരഥന്മാരുടെ നേതൃത്വത്തിന്‍കീഴില്‍ വികാസം പ്രാപിച്ച സൊസൈറ്റി ഇന്ന് ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്റ്റ് സൊസൈറ്റി എന്ന പേരില്‍ ഉത്തരോത്തരം വളര്‍ന്ന് ഇന്ത്യയിലെ തന്നെ പ്രമുഖ സഹകരണസ്ഥാപനമായി മാറിയിട്ടുണ്ട്.
1939 ല്‍ വാഗ്ഭടാനന്ദന്റെ നിര്യാണത്തോടെ ആത്മവിദ്യാസംഘം ദുര്‍ബലപ്പെട്ടു തുടങ്ങി. സുശക്തമായ സംഘടനാ സംവിധാനത്തിന്റെ അഭാവം ദൃശ്യമായി. സംഘത്തിനു പിന്നില്‍ സമ്പന്ന പ്രമാണിവര്‍ഗം ഉണ്ടായിരുന്നില്ല. ബുദ്ധിജീവികള്‍ക്കും പരിഷ്കരണാശയക്കാര്‍ക്കും സംഘത്തിന്റെ ജനകീയ സ്വഭാവം കാത്തുസൂക്ഷിക്കാനായില്ല. അപ്പോഴേക്കും വാഗ്ഭടാനന്ദനുയര്‍ത്തിയ സാമൂഹ്യപ്രശ്നങ്ങള്‍ ഏറ്റെടുക്കാന്‍ സംഘടനാശേഷിയോടെ കമ്യൂണിസ്റ്റ്പ്രസ്ഥാനം മുന്നിട്ടുവന്നിരുന്നു. ദേശീയ പ്രസ്ഥാനങ്ങളോട് ആഭിമുഖ്യം പുലര്‍ത്തി സിവില്‍ നിയമലംഘന പ്രസ്ഥാനങ്ങളെ പിന്തുണച്ച്, പ്രവര്‍ത്തനങ്ങളിലൂടെയും ലേഖനങ്ങളിലൂടെയും ബ്രിട്ടീഷ് അധിനിവേശ ശക്തികളെ കുപിതനാക്കിയ ദേശീയവാദിയായും അധഃകൃതരുടെയും തൊഴിലാളികളുടെയും പക്ഷം ചേര്‍ന്ന് അവര്‍ക്കുവേണ്ടി പോരാടിയ നവോത്ഥാന ശില്പിയായും ഈ അദ്വൈതിയെ ചരിത്രം രേഖപ്പെടുത്തിവെക്കും.
*****
പി പി ഷാജു, കടപ്പാട് :ദേശാഭിമാനി വാരിക
Friday, September 9, 2011
വാഗ്ഭടാനന്ദനും കമ്യൂണിസ്റ്റ് പൈതൃകവും
Subscribe to:
Post Comments (Atom)
3 comments:
കമ്യൂണിസ്റ്റ് നേതാവ് അനശ്വര രക്തസാക്ഷി മൊയാരത്ത് ശങ്കരന്‍ "എന്റെ ജീവിതം" എന്ന ആത്മകഥയില്‍ ഇങ്ങനെ രേഖപ്പെടുത്തുന്നു:
"പരേതനായ വാഗ്ഭടാനന്ദ ഗുരുദേവനെ ഞാന്‍ ആദ്യകാലത്ത് എതിര്‍ത്ത് പ്രസംഗിച്ചിട്ടുണ്ടെങ്കിലും അദ്ദേഹമാണ് എന്റെ ക്ഷേത്രവിശ്വാസത്തേയും പൂര്‍വാചാര പ്രതിപത്തിയേയും കലശലായി പിടിച്ചു മര്‍ദിച്ചത്. മലബാറിലും കൊച്ചിയിലും തിരുവിതാംകൂറിലും അസംഖ്യം ശിഷ്യന്മാരെയും പതിനെട്ടില്‍പരം ആത്മവിദ്യാ മന്ദിരങ്ങളെയും ആത്മവിദ്യാ കാഹളമെന്ന ഒരു പത്രത്തെയും ഏര്‍പ്പെടുത്തിയ വാഗ്ഭടാനന്ദന്‍ ഒരു കാല്‍നൂറ്റാണ്ടുകാലം കേരളത്തില്‍ ഒരു "വിശ്വവിജയി" ആയിരുന്നു. അക്കാലം വാഗ്ഭടാനന്ദന്റെ പേര് കേട്ടാല്‍ യാഥാസ്ഥിതിക ലോകം ഉറക്കത്തില്‍ ഞെട്ടിവിറച്ചിരുന്നു".
A very nice attempt to own a reformers heritage.
I guess this is the way which the commies operate now - no track record of their own worth speaking, but then it should not prevent the creation of history - just create a connection with long lost and less heralded social figures.
Nice try :-)
Dear Mr.Malamootil,
Perhaps your own understanding of history is so convoluted and biased that you can't tolerate the restoration of any 'less heralded' social figures. Yes, there could be elements of exaggeration but commie or not, there is no harm in understanding the contribution of certain people in the making of our own history. Maybe, writing eulogies about the British shall impress you better.
Post a Comment