ഫ്രഞ്ചുരാഷ്ട്രീയത്തില്‍ ഏറെ ഒച്ചപ്പാടുകളുണ്ടാക്കിയഒന്നായിരുന്നു ഡൊമനിക്ക് സ്ട്രോസ്കാന്‍ ലൈംഗികാപവാദ കേസ്. ഒച്ചപ്പാടുകള്‍ക്ക് തിരിച്ചടിയെന്നോണമാണ് കേസ് ഇപ്പോള്‍ തിരിഞ്ഞുമറിഞ്ഞത്. ഐഎംഎഫിന്റെ മേധാവിസ്ഥാനം സ്ട്രോസ് കാന്‍ രാജിവയ്ക്കുകയും വിചാരണ നേരിട്ടു കൊണ്ടിരിക്കയും ചെയ്യവെയാണ് കോടതിയില്‍ ഹര്‍ജി ഫയല്‍ ചെയ്ത ഹോട്ടല്‍ ജീവനക്കാരി പണത്തിനുവേണ്ടി പരാതി കെട്ടിച്ചമച്ചതാണെന്ന പ്രോസിക്യൂഷന്റെ കണ്ടെത്തല്‍ . അങ്ങനെ കേസ് ഇവിടെ വച്ചവസാനിപ്പിക്കാന്‍ കോടതി തീരുമാനിച്ചിരിക്കുകയാണ്. സ്ത്രീകളുടെ അന്തസും ആത്മാഭിമാനവും ഉയര്‍ത്തി അവര്‍ക്ക് നീതി ലഭിക്കുന്നതിനായി യുഎന്‍ വിമന്‍സ് ചാര്‍ട്ടര്‍ നിലവില്‍ വന്നതിന്റെ പശ്ചാത്തലത്തില്‍ ലോകം ഉറ്റുനോക്കിയ ഇങ്ങനെയൊരു കേസിന് ഇത്തരമൊരു പരിസമാപ്തി വന്നതിനെ കൂട്ടി വായിക്കുമ്പോള്‍ ഐഎംഎഫിന് വനിതാമേധാവിയുണ്ടാവുന്നതും തായ്ലണ്ടില്‍ ആദ്യമായി ഒരു വനിത പ്രധാനമന്തിയാവുന്നതുമൊന്നും അത്ര മഹത്തായ വാര്‍ത്തകളായി കാണേണ്ട കാര്യമല്ല എന്ന് പറയേണ്ടിവരും.
ഒരു വശത്ത് സ്തീകള്‍ ഉന്നത പദവികള്‍ നേടി വാര്‍ത്തകള്‍ സൃഷ്ടിച്ചുകൊണ്ടിരിക്കുമ്പോള്‍ മറുവശത്ത് അനീതിയുടെ വലക്കണ്ണികളില്‍ കുരുങ്ങി പൊതു സമൂഹത്തിന്റെ മുന്നില്‍ അപമാനിതകളാക്കപ്പെട്ടുകൊണ്ടുമിരിക്കുന്നു. ഇരയാക്കപ്പെടുന്നവര്‍ വീണ്ടും ഇരയാക്കപ്പെടുന്നുവെന്ന ക്രൂരമായ ഒരു സത്യം ഓരോ ലൈംഗികപീഡനക്കേസുകളിലേയും ഒരു പാഠമാണ്. അതു തന്നെയാണ് സ്ട്രോസ്കാന്‍ കേസിലും സംഭവിച്ചിരിക്കുന്നത്. പണവും രാഷ്ട്രീയാധികാരവുമുപയോഗിച്ച് ഇരകളാക്കപ്പെട്ടവരെ നിശബ്ദരും അപമാനിതരും കളങ്കിതരുമാക്കി എങ്ങനെ മാറ്റാമെന്ന ചരിത്രം തന്നെയാണ് ഈ കേസ് ഫയല്‍ മടങ്ങുമ്പോള്‍ ഇവിടെയും ആവര്‍ത്തിക്കപ്പെടുന്നത്.
മൂന്നു മാസങ്ങള്‍ക്കു മുമ്പ് ന്യൂയോര്‍ക്കിലെ മിഡ്ടൗണ്‍ മാന്‍ഹാട്ടനില്‍ വച്ച് നഫീസതൗ സിയാലോ എന്ന ഹോട്ടല്‍ പരിചാരകയെ പ്രകൃതി വിരുദ്ധ ലൈംഗികതയ്ക്കിരയാക്കി പീഡിപ്പിച്ചു എന്നതായിരുന്നു സ്ട്രോസ് കാനെതിരായകേസ്. ഫോറന്‍സിക്ക് റിപ്പോര്‍ട്ടിന്റെയും ഡിഎന്‍എ ടെസ്റ്റിന്റെയും, ഹോട്ടലിലെ സീനിയര്‍ സൂപ്പര്‍വൈസറുടെ സാക്ഷിമൊഴിയുടെയും അനുകൂലമായ സാഹചര്യത്തെളിവുകളുടെയുമൊക്കെ അടിസ്ഥാനത്തിലാണ് സ്ട്രോസ്കാന്‍ അറസ്റ്റുചെയ്യപ്പെടുകയും തുടര്‍ന്ന് ഐഎംഎഫിന്റെ മേധാവിസ്ഥാനം രാജിവെക്കുകയുമുണ്ടായത്. എന്നാല്‍ കഴിഞ്ഞ മൂന്നു മാസങ്ങള്‍ക്കിടയില്‍ കേസില്‍ വന്ന കുഴമറിച്ചിലില്‍ നിന്നും ഫ്രാന്‍സിന്റെ പ്രതികരണങ്ങളില്‍ നിന്നും ഒരുകാര്യം വ്യക്തമാണ്; പുരുഷന്റെ സ്വഭാവമല്ല സ്ത്രീയുടെ വിശ്വാസ്യതയാണ് ഈ കേസില്‍ മുഖ്യമായും ചോദ്യം ചെയ്യപ്പെട്ടത്. മൂന്നു സ്ത്രീകളെ വിവാഹം കഴിക്കുകയും അനേകം പ്രാവശ്യം ലൈംഗികാരോപണം ഉന്നയിക്കപ്പെടുകയും ചെയ്തയാളാണ് സ്ട്രോസ് കാന്‍ . 2008-ല്‍ സഹപ്രവര്‍ത്തകയായ ആനി മാന്‍സൂറെറ്റും മകളും ഇദ്ദേഹത്തിനെതിരെ ശക്തമായ ആരോപണം ഉന്നയിച്ചുകൊണ്ട് അഭിപ്രായപ്പെട്ടത് "ഒരു ഗറില്ലാ ആക്രമണ രീതി"യാണ് സ്ട്രോസ്കാന്റേതെന്നാണ്. പതിയിരുന്നാക്രമിച്ച് ലൈംഗികമായി കീഴ്പ്പെടുത്തുന്ന ആദ്ദേഹത്തിന്റെ സ്വഭാവത്തെക്കുറിച്ച് ഒരു ഫ്രഞ്ച് നടിയും പരാതി ഉന്നയിച്ചിട്ടുണ്ടായിരുന്നു. പരാതിക്കാരിയായ ഹോട്ടല്‍ പരിചാരകയും ഇത്തരമൊരു ആക്രമണമാണ് നേരിട്ടത്.
അവര്‍ മുമ്പെപ്പോഴോ നുണ പറഞ്ഞിട്ടുണ്ടെന്നും സ്വഭാവശുദ്ധിയില്ലാത്തവളാണെന്നുമുള്ള ആരോപണത്തിന്റെ പേരിലാണ് പ്രോസ്ക്യൂഷന്‍ നടപടികള്‍ നിര്‍ത്തിവെച്ച് കേസ് മതിയാക്കാന്‍ കോടതി ഉത്തരവായത്. മാത്രവുമല്ല, ഫ്രഞ്ച് രാഷ്ട്രീയത്തില്‍ ശോഭനമായ ഭാവിയുള്ള ഒരാളെ കേവലം ഒരു ഹോട്ടല്‍ പരിചാരകയ്ക്കുവേണ്ടി കുറ്റക്കാരനാക്കുന്നത് ശരിയാണോ എന്ന വാദം പോലും വിചാരണവേളയില്‍ സ്ട്രോസ്കാന്റെ അഭിഭാഷകന്‍ ഉന്നയിക്കുകയുണ്ടായി. ഇതുപോലെ എത്രയോ കേസുകളില്‍ പുരുഷന്റെ സ്വഭാവത്തേക്കാളുപരി സ്ത്രീയുടെ സത്യസന്ധതയും വിശ്വാസ്യതയും, സ്വഭാവമഹിമയും ചോദ്യം ചെയ്യപ്പെട്ടിട്ടുണ്ട്. തെളിവുകളുടെ അടിസ്ഥാനത്തില്‍ പുരുഷനെ കുറ്റക്കാരനാക്കാതെ നിലവിലുള്ള കേസുമായി ബന്ധമില്ലാത്ത, സ്ത്രീയുടെ പൂര്‍വകാലം പരിശോധിച്ച് അവള്‍ മുമ്പെപ്പോഴോ നുണ പറഞ്ഞതിന്റെ അടിസ്ഥാനത്തില്‍ വീണ്ടും നുണ പറയുകയാണ് എന്ന അനുമാനത്തിലെത്തുകയാണ് ഈ കേസില്‍ കോടതി ചെയ്തിരിക്കുന്നത്. കുറ്റാരോപിതനായയാള്‍ ഇതേ പ്രവൃത്തിയുടെ പേരില്‍ മുമ്പും ആരോപണവിധേയനായതാണ്. എന്നാല്‍ കോടതി ഇതേ പ്രവൃത്തി അയാള്‍ വീണ്ടും ചെയ്തുകൂടായ്കയില്ല എന്ന നിഗമനത്തില്ലെത്തുന്നില്ല. അതിനുപകരം അയാളെ വെറും സംശയത്തിന്റെ ആനുകൂല്യത്തില്‍ നിര്‍ത്തുന്നു. ഐക്യരാഷ്ട്രസഭയുടെ വനിതാക്ഷേമത്തിനായുള്ള വിഭാഗം ഈ വര്‍ഷം പ്രസിദ്ധീകരിച്ച "ആഗോള സ്ത്രീപുരോഗതി 2011-12"എന്ന റിപ്പോര്‍ട്ട് എറെ പ്രസക്തമാകുന്നത് ഈ പശ്ചാത്തലത്തിലാണ്. എല്ലാ രാജ്യങ്ങളിലെയും നീതിന്യായ വ്യവസ്ഥ സ്ത്രീകളുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ എത്ര കണ്ട് ശ്രദ്ധചെലുത്തുന്നുവെന്നും എങ്ങനെ വര്‍ത്തിക്കുന്നുവെന്നും എത്രകണ്ട് വര്‍ത്തിക്കാതിരിക്കുന്നു എന്ന യു.എന്‍ . വിമന്‍ "കി ുലൃൌശേ ീള ഖൗെശേരല" എന്ന വിഷയത്തെ അധികരിച്ചു തയ്യാറാക്കിയ "ആഗോള സ്ത്രീപുരോഗതി 2011-12" എന്ന റിപ്പോര്‍ട്ടില്‍ വിശദീകരിക്കുന്നുണ്ട്.
സ്ത്രീകള്‍ക്കുവേണ്ടി നീതിന്യായവ്യവസ്ഥ പ്രവര്‍ത്തിക്കേണ്ടതെങ്ങനെയെന്ന് ഉദാഹരണസഹിതം റിപ്പോര്‍ട്ടില്‍ വിശദമാക്കുന്നുണ്ട്. പല രാജ്യങ്ങളിലും സ്ത്രീക്കു നീതി ലഭിക്കേണ്ട പാതയിലുടനീളം ഗൗരവതരമായ തടസങ്ങള്‍ നേരിടുന്നതായി റിപ്പോര്‍ട്ടിലെ ഡാറ്റകള്‍ വ്യക്തമാക്കുന്നു. പല രാജ്യങ്ങളിലും ഗാര്‍ഹിക പീഡനത്തിനെതിരായി പ്രത്യേക നിയമം കൊണ്ടുവന്നിട്ടുണ്ടെങ്കിലും അത്തരം നിയമങ്ങളില്‍ സൗകര്യത്തിനനുസരിച്ച് പല മാറ്റങ്ങളും വരുത്തിയിട്ടുള്ളതായും അവ പുരുഷനനുകൂലമായി വളച്ചൊടിക്കപ്പെടുന്നതായും കാണാം. പലപ്പോഴും അപമാനം സഹിച്ച് നിശബ്ദരായിരിക്കേണ്ട കാര്യമില്ലെന്ന് സ്ത്രീകള്‍ മനസിലാക്കുന്നുണ്ടെങ്കിലും അത്തരം നിയമങ്ങള്‍ കൊണ്ടു വന്നാല്‍ തന്നെ ഒറ്റ രാത്രികൊണ്ട് സമൂഹ മനോഭാവത്തിനു മാറ്റം വരുന്നില്ലല്ലോ. അതിനൊരു ഉദാഹരണം ചൂണ്ടിക്കാട്ടാന്‍ കഴിയുന്നത്, റിപ്പോര്‍ട്ടിന്‍ പ്രകാരം 41 രാജ്യങ്ങളില്‍ സര്‍വേ നടത്തിയപ്പോള്‍ 17 രാജ്യങ്ങളിലും അതായത് ഏകദേശം പകുതിയോളം രാജ്യങ്ങളിലെയും ഭൂരിപക്ഷമാളുകളും പുരുഷന്‍ സ്ത്രീയെ അടിക്കുന്നതില്‍ തെറ്റില്ല എന്ന പക്ഷത്താണ്. ഇത്തരം മനോഭാവത്തിനും ഗാര്‍ഹികപീഡന നിയമത്തിനും ഇടയില്‍ നിയമം നടപ്പിലാക്കുകയെന്നത് ഒരു വെല്ലുവിളിയായി നില്‍ക്കുന്നു. ദുര്‍ബലമായ പല കേസുകളും കോടതിയിലെത്തും മുമ്പേതന്നെ നീതിന്യായ വ്യവസ്ഥയില്‍ നിന്നും പുറത്താവുന്നു. അപൂര്‍വം ചിലതു മാത്രമേ വിജയത്തിലെത്തുന്നുള്ളു. ഇത്തരം ദുര്‍ബലപ്പെടുത്തലുകള്‍ ബലാത്സംഗക്കേസുകളില്‍ വ്യതിരിക്തമായ ഒരു പ്രശ്നമായിത്തന്നെ നിലനില്‍ക്കുന്നു.
2009-ല്‍ നടത്തിയ പഠന പ്രകാരം യൂറോപ്യന്‍ രാജ്യങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ള 16% ബലാല്‍സംഗ കേസുകളില്‍ 5 ശതമാനത്തില്‍ താഴെ മാത്രമാണ് ശിക്ഷാവിധിയുണ്ടായത്. ഇത്തരം കേസുകളില്‍ നീതി ലഭിക്കുകയെന്നത് വളരെ സങ്കീര്‍ണമായ ഒന്നാണ്. പോലീസില്‍ റിപ്പോര്‍ട്ട് ചെയ്യുന്നതു മുതല്‍ തുടരന്വേഷണങ്ങള്‍ , നിയമസഹായം, കോടതിയെ അഭിമുഖീകരിക്കല്‍ , നീതിക്കുവേണ്ടിയുള്ള കാത്തിരിപ്പ് ഇവയ്ക്കൊക്കെ നീണ്ട കാലയളവെടുക്കുന്നതില്‍ ഭൂരിപക്ഷം സ്ത്രീകള്‍ക്കും അവസാനം വരെ പിടിച്ചു നില്‍ക്കാന്‍ കഴിയാതെ വരികയോ അവസാനം വരെ പൊരുതി നില്‍ക്കാനുള്ള താങ്ങ് നഷ്ടപ്പെടുകയോ ചെയ്യുന്നതായാണ് കാണുന്നത്. മിക്കസ്ത്രീകളും പരാതികൊടുക്കുന്ന ആദ്യഘട്ടത്തിലേതന്നെ പിന്‍മാറുന്നതായാണ് കാണുന്നത്. പലരാജ്യങ്ങളിലും പ്രത്യേകിച്ചും വികസ്വരരാജ്യങ്ങളില്‍ സ്ത്രീകള്‍ക്കുവേണ്ടി നിയമങ്ങളുണ്ടാക്കപ്പെട്ടിട്ടുണ്ടെങ്കിലും ഇതുമായി ബന്ധപ്പെട്ട കേസുകള്‍ കൈകാര്യം ചെയ്യുന്നതില്‍ പോലീസുകര്‍ക്ക് വേണ്ടത്ര പരിശീലനമോ വിഭവശേഷിയോ ഇല്ല എന്നതാണ് വസ്തുത. ഉഗാണ്ടപോലുള്ള ചില രാജ്യങ്ങളില്‍ ഗാര്‍ഹികപീഡനത്തിനെതിരെ ഒരു സ്ത്രീ പോലീസില്‍ പരാതി നല്‍കുകയാണെങ്കില്‍ കുറ്റക്കാരനെ അറസ്റ്റുചെയ്യുന്നതിലേക്കായുള്ള യാത്രാച്ചെലവ് അവള്‍ നല്‍കേണ്ടതായിവരും. അതുപോലെ കൊളംബിയയില്‍ ബലാല്‍സംഗത്തിനിരയായ സ്ത്രീ അവളുടെ രണ്ടാഴ്ചത്തെ അധ്വാനഫലത്തിന്റെ തുകയോളം തന്നെ ഫോറന്‍സിക് ടെസ്റ്റിനു വേണ്ടി ചെലവാക്കേണ്ടതായും വരുന്നു. ഇത് ചില ഉദാഹരണങ്ങള്‍ മാത്രം. ഇത്തരം പ്രശ്നങ്ങള്‍ക്ക് പരിഹാരമായി പലരാജ്യങ്ങളിലും സമഗ്രമായ പല പദ്ധതികളും ആവിഷ്കരിച്ചിട്ടുള്ളതും യു എന്‍ വിമെന്‍ ചൂണ്ടിക്കാണിക്കുന്നു. ദക്ഷിണാഫ്രിക്കയില്‍ ആശുപത്രികള്‍ കേന്ദ്രീകരിച്ച് സാന്ത്വനകേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. അവിടെ ലൈംഗികാതിക്രമങ്ങള്‍ക്കിരയായവരുടെ അതിജീവനത്തിന് ആവശ്യമായ വൈദ്യസഹായവും നിയമസഹായവും നല്‍കുന്നതിനുവേണ്ട സാമൂഹ്യപ്രവര്‍ത്തകര്‍ , ഡോക്ടര്‍മാര്‍ തുടങ്ങിയവരുടെ എണ്ണത്തിലും കുറ്റക്കാരെ കണ്ടെത്തി ശിക്ഷിക്കുന്നതിലും വര്‍ധനവുണ്ടായിട്ടുണ്ട്. തുല്യജോലിക്ക് തുല്യകൂലി എന്ന മുദ്രാവാക്യം പോലും ലോകത്ത് ഏറെ രാജ്യങ്ങളിലും സാക്ഷാത്ക്കരിക്കപ്പെട്ടിട്ടില്ല എന്നാണ് റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നത്. കുടുംബസ്വത്തിന്റെ കാര്യത്തില്‍ , സ്ത്രീക്ക് കുടുംബത്തിനുള്ളിലെ സ്ഥാനം തുടങ്ങിയവയെക്കുറിച്ചെല്ലാം ഈ റിപ്പോര്‍ട്ടില്‍ ചര്‍ച്ച ചെയ്യുന്നുണ്ട്. സ്ത്രീപദവിയുടെ കാര്യത്തില്‍ ഇന്ത്യയുടെ സ്ഥാനം പരിതാപകരമായ വിധം താഴെയാണെന്നും എന്നാല്‍ ഇന്ത്യയില്‍ കേരളം, ബംഗാള്‍ , തമിഴ്നാട് എന്നീ സംസ്ഥാനങ്ങള്‍ വളരെ മുന്നിലാണെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു.
അങ്ങനെ വളരെ മുന്നില്‍ നില്‍ക്കുന്ന കേരളത്തില്‍പോലും സ്ത്രീകള്‍ പീഡിപ്പിക്കപ്പെടുന്നതിന്റെ വാര്‍ത്തകള്‍ നിരന്തരം പ്രത്യക്ഷപ്പെടുമ്പോള്‍ മറ്റു സ്ഥലങ്ങളിലെ അവസ്ഥയെക്കുറിച്ച് ഓര്‍ക്കുന്നതുതന്നെ ഞെട്ടലുളവാക്കുന്നു. വിതുര പെണ്‍വാണിഭക്കേസില്‍ ഇരയായ പെണ്‍കുട്ടി (ഇപ്പോള്‍ സ്ത്രീ) ഇനിയും കോടതി കയറിയിറങ്ങാന്‍ വയ്യെന്ന് വിലപിച്ചത് നമ്മുടെ നീതിനിര്‍വ്വഹണ സംവിധാനത്തിലെ സ്ത്രീവിരുദ്ധതകാരണമാണ്. വിചാരണ തന്നെ പീഡനമാകുകയും അത് അനന്തമായി നീണ്ടുപോവുകയും കുറ്റവാളികള്‍ രക്ഷപ്പെടുകയും ചെയ്യുന്ന അവസ്ഥ ഇവിടെത്തന്നെയുണ്ട്. വിവിധ രാജ്യങ്ങളില്‍ നിലനില്‍ക്കുന്ന സങ്കീര്‍ണ്ണമായ നീതിന്യായ വ്യവസ്ഥിതി സൂക്ഷ്മമായും സംവേദന ക്ഷമമായും കൈകാര്യം ചെയ്യേണ്ട സ്ത്രീ പ്രശ്നങ്ങളുടെ പരിഹാരമാര്‍ഗങ്ങളിലും സങ്കീര്‍ണ്ണത സൃഷ്ടിക്കുന്നുണ്ട്. അവകാശസമത്വവും അവസരസമതവും സ്ത്രീക്കുലഭിക്കുന്നുണ്ടെന്നു ചില ഉദാഹരണങ്ങള്‍ ഉദ്ധരിച്ച് വാദത്തിനുവേണ്ടി പറയാമെങ്കിലും ലൈംഗികാതിക്രമങ്ങളും ലിംഗാധിഷ്ഠിതമായ വിവേചനങ്ങളും വര്‍ദ്ധിച്ചുതന്നെ വരികയാണ്. ഈയവസരത്തില്‍ പുതുതായി നിലവില്‍ വന്ന യുഎന്‍ വിമെന്‍ പ്രവര്‍ത്തനങ്ങള്‍ ഫലപ്രദമാവുമെന്ന് നമുക്ക് ആശിക്കാം.
*
കെ.ആര്‍ . മായ, ചിന്ത വാരിക 16 സെപ്തംബര്‍ 2011
Subscribe to:
Post Comments (Atom)
1 comment:
ഒരു വശത്ത് സ്തീകള്‍ ഉന്നത പദവികള്‍ നേടി വാര്‍ത്തകള്‍ സൃഷ്ടിച്ചുകൊണ്ടിരിക്കുമ്പോള്‍ മറുവശത്ത് അനീതിയുടെ വലക്കണ്ണികളില്‍ കുരുങ്ങി പൊതു സമൂഹത്തിന്റെ മുന്നില്‍ അപമാനിതകളാക്കപ്പെട്ടുകൊണ്ടുമിരിക്കുന്നു. ഇരയാക്കപ്പെടുന്നവര്‍ വീണ്ടും ഇരയാക്കപ്പെടുന്നുവെന്ന ക്രൂരമായ ഒരു സത്യം ഓരോ ലൈംഗികപീഡനക്കേസുകളിലേയും ഒരു പാഠമാണ്. അതു തന്നെയാണ് സ്ട്രോസ്കാന്‍ കേസിലും സംഭവിച്ചിരിക്കുന്നത്. പണവും രാഷ്ട്രീയാധികാരവുമുപയോഗിച്ച് ഇരകളാക്കപ്പെട്ടവരെ നിശബ്ദരും അപമാനിതരും കളങ്കിതരുമാക്കി എങ്ങനെ മാറ്റാമെന്ന ചരിത്രം തന്നെയാണ് ഈ കേസ് ഫയല്‍ മടങ്ങുമ്പോള്‍ ഇവിടെയും ആവര്‍ത്തിക്കപ്പെടുന്നത്.
Post a Comment