
വളര്‍ച്ചാനിരക്ക് ദ്രുതഗതിയില്‍ ഉയര്‍ന്നുകൊണ്ടിരിക്കുന്നുവെന്ന് കണക്കാക്കപ്പെടുന്ന കാലഘട്ടത്തിലും ഈ കണക്കുകൂട്ടല്‍ നടന്നുകൊണ്ടിരിക്കുന്നുണ്ടായിരുന്നു. എന്നാല്‍ ഈ പ്രശ്നത്തില്‍ ജനങ്ങളെ വഞ്ചിക്കുകയാണ് ഗവണ്‍മെന്‍റ് ചെയ്യുന്നത്. ദാരിദ്ര്യത്തിെന്‍റ അനുപാതം കുറഞ്ഞുകൊണ്ടിരിക്കുന്നുവെന്ന് കാണിക്കുന്നതിനുള്ള പലതരത്തിലുള്ള പരോക്ഷ മാര്‍ഗ്ഗങ്ങളും അവര്‍ അവലംബിക്കുന്നു. "ജനങ്ങളുടെ ദാരിദ്ര്യം കുറഞ്ഞുകൊണ്ടിരിക്കുകയാണെങ്കില്‍പിന്നെ, അവര്‍ക്കു ലഭ്യമാകുന്ന ഭക്ഷ്യധാന്യങ്ങളുടെ അളവും കലോറി ഊര്‍ജ്ജത്തിെന്‍റ അളവും കുറഞ്ഞുകൊണ്ടിരിക്കുന്നത് എന്തുകൊണ്ടാണ്" എന്ന് സര്‍ക്കാരിനോട് ചോദിച്ചുവെന്നിരിക്കട്ടെ. അവരുടെ ഉത്തരം ഇതായിരിക്കും: "ജനങ്ങളുടെ സ്ഥിതി ഭേദപ്പെട്ടുകൊണ്ടിരിക്കുന്നതിനാല്‍ ഭക്ഷ്യധാന്യങ്ങളില്‍നിന്ന് മറ്റ് ചെലവിനങ്ങളിലേക്ക് അവര്‍ മാറിക്കൊണ്ടിരിക്കുന്നു. അവരുടെ ചെലവുകള്‍ വൈവിധ്യവല്‍ക്കരിക്കപ്പെട്ടുകൊണ്ടിരിക്കുന്നു. അതുകൊണ്ടാണ് അവര്‍ക്ക് ലഭിക്കുന്ന കലോറി ഊര്‍ജ്ജം കുറഞ്ഞുകൊണ്ടിരിക്കുന്നത്." മറ്റൊരുവിധത്തില്‍ പറഞ്ഞാല്‍ സര്‍ക്കാരിന്റെ വാദഗതിയനുസരിച്ച് കലോറി ഊര്‍ജ്ജം കുറയുന്നത് ആളുകള്‍ കൂടുതല്‍ ദരിദ്രരായിത്തീരുന്നതുകൊണ്ടല്ല, മറിച്ച് അവരുടെ സ്ഥിതി മെച്ചപ്പെടുന്നതിന്റെ പ്രതിഫലനമാണത്. എന്നാല്‍ ആസൂത്രണക്കമ്മീഷന്‍തന്നെ തുടക്കത്തില്‍ ദാരിദ്ര്യം അളക്കുന്നതിന് ആവിഷ്കരിച്ച ഉപാധികളുടെ അടിയില്‍ കിടക്കുന്ന ധാരണകള്‍ക്ക് കടകവിരുദ്ധമാണത്. എന്നുതന്നെയല്ല, സാമാന്യബുദ്ധിയേയും സാര്‍വദേശീയ അനുഭവങ്ങളെയും അത് കൊഞ്ഞനം കുത്തുകയും ചെയ്യുന്നു.
വരുമാനവിതരണം കൂടുതല്‍ വഷളാകുന്നു ഗ്രാഫിന്റെ x ആക്സിസില്‍ പ്രതിശീര്‍ഷ യഥാര്‍ഥ വരുമാനവും y ആക്സിസില്‍ പ്രതിശീര്‍ഷ ഭക്ഷ്യധാന്യ ഉപഭോഗവും (പ്രത്യക്ഷ ഉപഭോഗവും പരോക്ഷ ഉപഭോഗവും രണ്ടും കണക്കിലെടുത്തുകൊണ്ട്. അതില്‍ പരോക്ഷ ഉപഭോഗം എന്നതില്‍ സംസ്കരിക്കപ്പെട്ട ഭക്ഷ്യ വിഭവങ്ങളും മാംസവിഭവങ്ങളും ഉള്‍പ്പെടുന്നു) പ്രതിനിധാനംചെയ്തുകൊണ്ട് വരുമാന-ഉപഭോഗ ഗ്രാഫ് വരച്ചുവെന്നിരിക്കട്ടെ. അപ്പോള്‍ വരുമാന വര്‍ദ്ധനയ്ക്കനുസരിച്ച് ഭക്ഷ്യധാന്യ ഉപഭോഗം വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്നതും വളരെ ഉയര്‍ന്ന ഒരു വരുമാനത്തില്‍ എത്തിക്കഴിയുമ്പോള്‍ (ഇന്ത്യയിലെ മഹാ ഭൂരിപക്ഷവും നേടുന്ന വരുമാനത്തേക്കാള്‍ എത്രയോ ഉയര്‍ന്നതായിരിക്കും അത്) ഉപഭോഗവര്‍ദ്ധന നിലയ്ക്കുകയും ചെയ്യുന്നതായി കാണാം. അപ്പോള്‍ ഗ്രാഫ് നേര്‍രേഖയിലായിത്തീരുന്നു. ഇത് സാര്‍വ്വദേശീയമായിത്തന്നെയുള്ള അനുഭവമാണ്. ഉപഭോഗത്തിന്റെ കാര്യത്തിലെന്നപോലെ ആളുകള്‍ സ്വീകരിക്കുന്ന കലോറി ഊര്‍ജ്ജത്തിന്റെ കാര്യത്തിലും ഇത് ശരിയാണ്. എന്നുതന്നെയല്ല ഭക്ഷ്യധാന്യ ഉപഭോഗത്തിന്റെ അളവ് നിര്‍ണയിക്കുന്നതിലെ പ്രധാന ഘടകം വരുമാനംതന്നെയാണെന്ന് കാണാം. വിവിധ രാജ്യങ്ങളിലെ ഉപഭോഗ വ്യത്യാസത്തിന് കാരണം അതാണ് എന്നു കാണാം. മറ്റൊരു ഘടകവും അത്രമാത്രം നിര്‍ണായകമല്ല. അതുകൊണ്ട്, ലോകത്തിലെവിടെയും ദൃശ്യമാകുന്ന വ്യക്തമായ ഒരു നിയമമായിത്തന്നെ അതിങ്ങനെ പ്രസ്താവിക്കാം:
ജനങ്ങളുടെ വരുമാനം വര്‍ദ്ധിക്കുമ്പോള്‍ അവരുടെ മൊത്തം ഭക്ഷ്യധാന്യ ഉപഭോഗവും അതോടൊപ്പം കലോറി ഊര്‍ജ്ജ ഉപഭോഗവും വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയും ഉയര്‍ന്ന ഒരു വരുമാനതലത്തിലെത്തിക്കഴിഞ്ഞാല്‍ അത് നേര്‍രേഖയിലായിത്തീരുംവരെ ഈ വളര്‍ച്ച തുടര്‍ന്നുകൊണ്ടിരിക്കുകയും ചെയ്യും. മറിച്ച് ചില രാജ്യങ്ങളില്‍ ചില കാലയളവുകളില്‍ കലോറി ഊര്‍ജ്ജത്തിന്റെ ഉപഭോഗവും അതോടൊപ്പം പ്രതിശീര്‍ഷ ഭക്ഷ്യധാന്യ ഉപഭോഗവും കുറയുന്നതായി കാണുകയാണെങ്കില്‍ (ഇക്കാര്യത്തില്‍ ഇന്ത്യയില്‍ സംശയാതീതമായ വിധത്തില്‍ത്തന്നെ ഔദ്യോഗിക കണക്കുകള്‍ ലഭ്യമാണ്) ജനസംഖ്യയില്‍ ഭൂരിഭാഗത്തിെന്‍റയും സാമ്പത്തിക സ്ഥിതി യഥാര്‍ത്ഥത്തില്‍ മോശമായിട്ടുണ്ടായിരിക്കണം; അതായത് ആ കാലയളവില്‍ ആ രാജ്യത്തിലെ ജനങ്ങള്‍ കൂടുതല്‍ ദരിദ്രരായിട്ടുണ്ടാവണം. ഇതുതന്നെ മറ്റൊരുവിധത്തില്‍ പറയുകയാണെങ്കില്‍ , ഒരു രാജ്യത്ത് യഥാര്‍ത്ഥ പ്രതിശീര്‍ഷ വരുമാനം വര്‍ദ്ധിക്കുന്നതോടൊപ്പംതന്നെ, പ്രതിശീര്‍ഷ ഭക്ഷ്യധാന്യ ഉപഭോഗം കുറഞ്ഞുകൊണ്ടിരിക്കുകയാണെങ്കില്‍ , ആ രാജ്യത്തിലെ വരുമാന വിതരണം ആ കാലയളവില്‍ വളരെയേറെ വഷളായിക്കൊണ്ടിരിക്കുകയാണെന്നും എല്ലാവരേയും ഉള്‍ക്കൊള്ളുന്ന വെറുമൊരു ശരാശരി സംഖ്യയായ പ്രതിശീര്‍ഷ വരുമാനം ഉയര്‍ന്നുകൊണ്ടിരിക്കുകയാണെങ്കില്‍ത്തന്നെ ജനസംഖ്യയില്‍ മഹാഭൂരിപക്ഷത്തിെന്‍റയും സ്ഥിതി കേവലമായിത്തന്നെ വഷളായിക്കൊണ്ടിരിക്കുന്ന അവസ്ഥയില്‍ എത്തിച്ചേര്‍ന്നിരിക്കുന്നുവെന്നും വ്യക്തമാണ്. കഴിഞ്ഞ രണ്ടു പതിറ്റാണ്ടായി ഇന്ത്യയില്‍ യഥാര്‍ത്ഥത്തില്‍ സംഭവിച്ചുകൊണ്ടിരിക്കുന്നത് ഇതുതന്നെയാണ്. ഇതൊരു പ്രഹേളികയാണ്-ബൂര്‍ഷ്വാ വികസന സിദ്ധാന്തത്തിന് വിശദീകരിക്കാന്‍ കഴിയാത്ത ഒരു പ്രഹേളിക. ഏറ്റവും പരുക്കന്‍ ഭാഷയില്‍ പറഞ്ഞാല്‍ , ഈ സിദ്ധാന്തം പ്രസ്താവിക്കുന്നത് ഇതാണ്. പ്രതിശീര്‍ഷവരുമാനം വര്‍ദ്ധിക്കുന്നതുകൊണ്ട് എല്ലാവരുടെയും സ്ഥിതി മെച്ചപ്പെടുന്നവിധത്തിലുള്ള "കിനിഞ്ഞിറങ്ങല്‍" പ്രക്രിയ നടക്കുന്നുണ്ട്; അങ്ങനെ വരുമ്പോള്‍ പ്രതിശീര്‍ഷവരുമാനം ഉയരുന്നതിനനുസരിച്ച് ദാരിദ്ര്യം കുറഞ്ഞുകൊണ്ടിരിക്കണം.
ഈ സിദ്ധാന്തത്തിെന്‍റ കൂടുതല്‍ പരിഷ്കൃതമായ ഒരു ഭാഷാന്തരത്തില്‍നിന്നും ഇതേ നിഗമനം ഉരുത്തിരിച്ചെടുക്കാവുന്നതാണ്. ദാരിദ്ര്യത്തെ അത് ഒരു "കെണി"യായിട്ടാണ് കാണുന്നത്. രാജ്യങ്ങള്‍ ദാരിദ്ര്യത്തിന്റെ "കെണിയില്‍ ചെന്നകപ്പെ"ടുന്നു; അതില്‍നിന്ന് രക്ഷപ്പെടാന്‍ കഴിയുന്നില്ല. അവരുടെ ദാരിദ്ര്യത്തിന്റെ അവസ്ഥയില്‍ , അത്തരം ദാരിദ്ര്യത്തില്‍നിന്ന് രക്ഷപ്പെടാന്‍ അനുവദിക്കാത്ത തരത്തിലുള്ള വര്‍ത്തുള ശക്തികളും സംയുക്ത കാര്യകാരണ ബന്ധങ്ങളും നിലനില്‍ക്കുന്നതാണ് അതിനുകാരണം. ഉദാഹരണത്തിന് ഒരു രാജ്യത്തിലെ പ്രതിശീര്‍ഷ മൂലധനം കുറവാണെങ്കില്‍ തൊഴില്‍ ഉല്‍പാദനക്ഷമതയും കുറവായിരിക്കും; അതുകാരണം അധ്വാനിക്കുന്ന തൊഴിലാളികളുടെ കൂലി കുറവായിരിക്കും; അത് അവരെ ദരിദ്രരാക്കിത്തീര്‍ക്കുന്നു. എന്നാല്‍ അവര്‍ക്ക് ഈ ദാരിദ്ര്യത്തില്‍നിന്ന് പുറത്തുകടക്കാന്‍ കഴിയില്ല. കാരണം പ്രതിശീര്‍ഷ ഉപഭോഗത്തിന് (നിലനില്‍പ്പിന്റേതായ) ഒരു താഴ്ന്നതലം ഉള്ളതുകൊണ്ട്, പ്രതീശീര്‍ഷ ഉല്‍പാദനം (അഥവാ തൊഴില്‍ ഉല്‍പാദനക്ഷമത) താഴ്ന്നതാകുമ്പോള്‍ അതില്‍നിന്നുണ്ടാകുന്ന സമ്പാദ്യവും നിക്ഷേപവും വളരെ തുച്ഛമായിത്തീരുന്നു; അതുകൊണ്ട് പ്രതിശീര്‍ഷ മൂലധനത്തിന്റെ അളവ് വളരെ താഴ്ന്ന നിലവാരത്തില്‍ തുടര്‍ച്ചയായി നിലനില്‍ക്കുന്നു; അതുമൂലം പ്രതിശീര്‍ഷ ഉല്‍പാദനത്തിന്റെ അളവും വളരെ താഴ്ന്ന നിലവാരത്തില്‍ത്തന്നെ തുടര്‍ച്ചയായി നിലനില്‍ക്കുന്നു. ചുരുക്കത്തില്‍ ദാരിദ്ര്യം ദാരിദ്ര്യത്തെ ജനിപ്പിക്കുന്നു; അതൊരു കെണിയായിത്തീരുന്നു; അതില്‍നിന്ന് രാജ്യങ്ങള്‍ക്ക് രക്ഷപ്പെടുന്നതിന് കഴിയുകയില്ല. "വിദേശ സഹായം" സ്വീകരിക്കുന്നതിനുള്ള ഒരു ന്യായീകരണമായി ഈ വാദമുഖത്തെ പലപ്പോഴും ഉപയോഗപ്പെടുത്താറുണ്ട്. ദാരിദ്ര്യത്തിന്റെ കെണിയില്‍നിന്ന് രക്ഷപ്പെടുന്നതിന് രാജ്യങ്ങളെ പ്രാപ്തമാക്കുന്ന ഒരു ബാഹ്യശക്തിയാണ് വിദേശസഹായം എന്നാണ് വാദം. പക്ഷേ ഒരു രാജ്യത്തിന്റെ പ്രതിശീര്‍ഷ ഉല്‍പാദനം വര്‍ദ്ധിക്കണമെങ്കില്‍ , ആ രാജ്യത്തിന് ദാരിദ്ര്യത്തിന്റെ കെണിയില്‍നിന്ന് രക്ഷപ്പെടാന്‍ കഴിയണം എന്നുതന്നെയാണ് ഈ വാദവും പ്രസ്താവിക്കുന്നത്. പരുക്കന്‍ രീതിയിലുള്ള "കിനിഞ്ഞിറങ്ങല്‍ സിദ്ധാന്തം" പ്രസ്താവിക്കുന്നതിനോട് തികച്ചും സമാനമായ ഒരു നിഗമനം തന്നെയാണിത്. വളര്‍ച്ചാവര്‍ദ്ധനയും ദാരിദ്ര്യവും ഒരേ സമയം സംഭവിക്കുന്നു എന്നാല്‍ ഒരു പ്രത്യേക കാലയളവില്‍ വളര്‍ച്ചാനിരക്ക് വര്‍ദ്ധിച്ചുകൊണ്ടേയിരിക്കുന്നതും അതേ അവസരത്തില്‍ത്തന്നെ കേവലമായ ദാരിദ്ര്യം വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്നതും എന്തുകൊണ്ട് സംഭവിക്കുന്നുവെന്ന് വിശദീകരിക്കാന്‍ ഈ പ്രഖ്യാപനങ്ങള്‍ക്കൊന്നും കഴിയുന്നില്ല. ദാരിദ്ര്യത്തിന്റെ കെണി എന്ന വാദമുഖം രാജ്യങ്ങള്‍ക്ക് ബാധകമാക്കുന്നതിനുപകരം ഒരു രാജ്യത്തിനുള്ളിലെ വിവിധ വിഭാഗങ്ങള്‍ക്ക് ബാധകമാകുംവിധം വിശദീകരിക്കാം എന്ന കാര്യത്തില്‍ സംശയമില്ല. അങ്ങനെ വരുമ്പോള്‍ വളര്‍ച്ചാനിരക്ക് വര്‍ദ്ധനയും ദാരിദ്ര്യത്തിന്റെ നിലനില്‍പ്പും ഒരേസമയം സംഭവിക്കുന്നതിനെ വിശദീകരിക്കുന്നതിനായി, താഴെപറയുന്ന വിധത്തിലുള്ള ഒരു വാദമുഖം ആവിഷ്കരിക്കാവുന്നതാണ്:
ഒരു രാജ്യത്തിനുള്ളില്‍ത്തന്നെ, ദാരിദ്ര്യത്തിെന്‍റ കെണിയില്‍ അകപ്പെട്ടിട്ടുള്ള പ്രത്യേക വിഭാഗങ്ങള്‍ ഉണ്ടായിരിക്കാം. അത്തരം കെണികളില്‍നിന്ന് രാജ്യം മൊത്തത്തില്‍ രക്ഷപ്പെടുന്ന അവസ്ഥയില്‍ത്തന്നെ ഈ വിഭാഗങ്ങള്‍ ദരിദ്രരായിത്തന്നെ തുടര്‍ന്നുകൊണ്ടിരിക്കുന്നു. എന്നാല്‍ ഈ വാദമുഖത്തെ സംബന്ധിച്ചിടത്തോളം പ്രകടമായ മൂന്ന് പ്രശ്നങ്ങളുണ്ട്. ഒന്നാമത്, വളര്‍ച്ചാനിരക്ക് വര്‍ദ്ധനയും ദാരിദ്ര്യം നിലനില്‍ക്കുന്നതും ഒരേ സമയത്ത് സംഭവിക്കുന്നതിനെ വിശദീകരിക്കാന്‍ അതുകൊണ്ട് കഴിയുമെങ്കിലും ഒരേസമയത്ത് വളര്‍ച്ചാനിരക്ക് വര്‍ദ്ധിക്കുന്നതും ദാരിദ്ര്യം വര്‍ധിക്കുന്നതുമായ പ്രതിഭാസത്തെ വിശദീകരിക്കാന്‍ അതിന് കഴിയുകയില്ല (ദാരിദ്ര്യത്തിന്റെ വര്‍ദ്ധന ഈ രാജ്യങ്ങളിലെ ഈ വിഭാഗങ്ങളുടെ ദീര്‍ഘകാല പ്രവണതയല്ലെങ്കില്‍ . എന്നാല്‍ ഇന്ത്യയിലെ സ്ഥിതി അങ്ങനെയല്ലല്ലോ. ഇന്ത്യയില്‍ ഈ വിഭാഗങ്ങള്‍ പാപ്പരായിക്കൊണ്ടിരിക്കുന്നത് കഴിഞ്ഞ രണ്ട് പതിറ്റാണ്ടിലെ കാലയളവിനുള്ളിലാണല്ലോ).
രണ്ടാമത്, ഏറിക്കവിഞ്ഞാല്‍ ചില ഒറ്റപ്പെട്ട ചെറിയ വിഭാഗങ്ങളെ സംബന്ധിച്ചിടത്തോളം ഈ വാദമുഖം ശരിയാണെന്നു വരാം; എന്നാല്‍ രാജ്യത്തിലെ ജനസംഖ്യയില്‍ മഹാ ഭൂരിപക്ഷത്തിനും അത് ബാധകമാവാന്‍ വഴിയില്ല. (ഉദാഹരണത്തിന് ഗ്രാമീണ ഇന്ത്യയില്‍ പ്രതിദിനം പ്രതിശീര്‍ഷ കലോറി ഉപഭോഗം 2,400-ല്‍ കുറവായ ആളുകളുടെ ശതമാനം 1993-94ല്‍ 74.5 ആയിരുന്നത് 2004-05 ആയപ്പോഴേക്ക് 87 ആയി ഉയര്‍ന്നു എന്ന കാര്യം നാം ഓര്‍ക്കണം. കൂട്ടത്തോടെയുള്ള വ്യാപകമായ പാപ്പരീകരണത്തെയാണത് സൂചിപ്പിക്കുന്നത്; ഏതെങ്കിലും ചില പ്രത്യേക വിഭാഗത്തിന്റെ മാത്രം പാപ്പരീകരണമല്ല).
മൂന്നാമത്, രാജ്യം മൊത്തത്തില്‍ വളര്‍ച്ച പ്രാപിക്കുകയും അതേ അവസരത്തില്‍ ചില വിഭാഗങ്ങള്‍ ദരിദ്രരായിത്തന്നെ നിലനില്‍ക്കുകയും ചെയ്യുന്ന അവസ്ഥയില്‍ , ഈ വിഭാഗങ്ങള്‍ ചെന്നകപ്പെട്ടിട്ടുള്ള ദാരിദ്ര്യത്തിന്റെ കെണിയില്‍നിന്ന് അവരെ മോചിപ്പിക്കാന്‍ ഗവണ്‍മെന്‍റ് എന്തുകൊണ്ടാണ് ഇടപെടാത്തത് എന്ന കാര്യത്തെപ്പറ്റിയും ഈ വാദമുഖം വിശദീകരിക്കുന്നില്ല. നാം ആരംഭിച്ച അടിസ്ഥാനപരമായ കാര്യത്തില്‍ത്തന്നെ ഇത് നമ്മെ തിരിച്ചുകൊണ്ടത്തിക്കുന്നു.
കഴിഞ്ഞ രണ്ടുപതിറ്റാണ്ട് കാലയളവില്‍ ഇന്ത്യയിലുണ്ടായ അനുഭവത്തെ വിശദീകരിക്കുന്നതിന്, "മുഖ്യധാരാ" വികസന സിദ്ധാന്തത്തിന്റെ പാഠഭേദങ്ങള്‍ക്കൊന്നും കഴിയുന്നില്ല. നമ്മുടെ അനുഭവത്തിന് വിശദീകരണം ലഭിക്കുന്നതിന് നാം മാര്‍ക്സിയന്‍ സിദ്ധാന്തങ്ങളിലേക്കുതന്നെ തിരിയേണ്ടിയിരിക്കുന്നു. മുതലാളിത്ത മേഖലയും പ്രാങ് മുതലാളിത്ത മേഖലയും ഒരേസമയം നിലനില്‍ക്കുന്ന ഒരു സമ്പദ്വ്യവസ്ഥയില്‍ , പ്രത്യേകിച്ചും ഗ്രാമീണ ദരിദ്ര കൃഷിക്കാരടങ്ങുന്ന കാര്‍ഷിക സമ്പദ്വ്യവസ്ഥയില്‍ , മുതലാളിത്ത മേഖലയുടെ വളര്‍ച്ചയ്ക്ക്, പ്രാങ് മുതലാളിത്ത മേഖലയില്‍നിന്ന് (ഭൂമിപോലെയുള്ള) വിഭവങ്ങള്‍ മാത്രമല്ല ചരക്കുകളും (ഭക്ഷ്യധാന്യങ്ങള്‍ . ഭൂമിയുടെ വൈവിധ്യവല്‍ക്കരണം അവയുടെ ഉല്‍പാദനത്തെ പ്രതികൂലമായി ബാധിച്ചുകൊണ്ടിരിക്കുന്നുണ്ട്) ലഭിക്കണമെന്ന ആവശ്യം കൂടുതല്‍ കൂടുതല്‍ ഉയര്‍ന്നുകൊണ്ടിരിക്കുന്നു. ഉല്‍പന്നം വേണ്ടത്ര അളവില്‍ വര്‍ദ്ധിക്കുന്നില്ലെങ്കില്‍ മുതലാളിത്തമേഖലയില്‍നിന്നുള്ള ഡിമാന്‍റ് വര്‍ധന നിറവേറ്റപ്പെടുന്നത്, നിലവിലുള്ള ഉല്‍പന്നം മാത്രം കൊണ്ടുതന്നെയാണ്. മൂലധനത്തിന്റെ ആദിമ സഞ്ചയത്തിന്റെ വിവിധ മാര്‍ഗങ്ങളിലൂടെ അതിലൊരു ഭാഗം ബലംപ്രയോഗിച്ച് പിടിച്ചെടുത്തുകൊണ്ടാണ് അത് സാധിക്കുന്നത്. പ്രാങ് മുതലാളിത്ത മേഖലയില്‍നിന്ന് (ഗ്രാമീണ ദരിദ്ര കൃഷിക്കാരടങ്ങുന്ന കാര്‍ഷിക സമ്പദ്മേഖല) കൂടുതല്‍ ഉല്‍പന്നം മുതലാളിത്ത മേഖല ബലംപ്രയോഗിച്ച് പിടിച്ചെടുക്കുന്നതിനോടൊപ്പംതന്നെ, പ്രാങ് മുതലാളിത്ത മേഖലയില്‍നിന്ന് മുതലാളിത്തമേഖലയിലേക്ക് തൊഴില്‍ കൈമാറ്റം ചെയ്യപ്പെടുന്നുണ്ടെങ്കില്‍ പ്രാങ് മുതലാളിത്ത മേഖലയിലെ പ്രതിശീര്‍ഷചരക്ക് ലഭ്യത ചുരുങ്ങുകയില്ല. മറിച്ച് അങ്ങനെ തൊഴില്‍ കൈമാറ്റം ചെയ്യപ്പെടുന്നില്ലെങ്കില്‍ , പ്രാങ് മുതലാളിത്ത മേഖലയിലെ പ്രതിശീര്‍ഷചരക്ക് ലഭ്യത ചുരുങ്ങുകതന്നെ ചെയ്യും; അതുവഴി പ്രാങ് മുതലാളിത്ത മേഖലയുടെ കേവലമായ പാപ്പരീകരണം സംഭവിക്കുകയും ചെയ്യും. അത്തരം കേവലമായ പാപ്പരീകരണം, മുതലാളിത്തമേഖലയിലെതന്നെ തൊഴിലാളികളുടെ യഥാര്‍ത്ഥ വേതനത്തെ താഴ്ത്തി നിര്‍ത്തുകയും കുറയ്ക്കുകയും ചെയ്യും. തൊഴിലാളികളുടെ വിലപേശല്‍ കഴിവ് കുറയ്ക്കുന്നതിലൂടെയാണത്.
ഇതില്‍നിന്ന് മനസ്സിലാക്കാവുന്നത് ഇതാണ്. മുതലാളിത്തത്തിന്‍ കീഴിലെ വളര്‍ച്ചയോടൊപ്പംതന്നെ കടുത്ത ആദിമ മൂലധനസഞ്ചയ പ്രക്രിയയ്ക്ക് വിധേയമായിക്കൊണ്ടിരിക്കുന്ന, മാന്ദ്യത്തിലകപ്പെട്ട പ്രാങ് മുതലാളിത്ത മേഖല നിലനില്‍ക്കുന്ന അവസ്ഥയില്‍ , മുതലാളിത്ത മേഖലയില്‍ത്തന്നെ തൊഴില്‍ അവസരങ്ങള്‍ വലിയതോതില്‍ വര്‍ധിക്കാത്ത അവസ്ഥയില്‍ , അധ്വാനിക്കുന്ന ജനവിഭാഗങ്ങളുടെ കേവലമായ പാപ്പരീകരണം വര്‍ദ്ധിക്കാതിരിക്കുകയില്ല. പ്രാങ് മുതലാളിത്തമേഖലയില്‍ മാത്രമല്ല, മുതലാളിത്ത മേഖലയില്‍പോലും അധ്വാനിക്കുന്ന ജനവിഭാഗങ്ങളുടെ ഈ പാപ്പരീകരണം സംഭവിക്കും. അത്തരം സന്ദര്‍ഭങ്ങളില്‍ മുതലാളിത്ത മേഖലയിലെ വളര്‍ച്ചാനിരക്കിലെ വര്‍ദ്ധനയോടൊപ്പം (ഈ വളര്‍ച്ചാനിരക്ക് സമ്പദ്വ്യവസ്ഥയുടെതന്നെ വളര്‍ച്ചാനിരക്ക് ആയിട്ടാണ് സ്വയം പ്രകാശിതമാകുന്നത്) കേവലമായ ദാരിദ്ര്യവും വര്‍ദ്ധിക്കുകതന്നെ ചെയ്യും.
വളര്‍ച്ചാവര്‍ദ്ധനയോടൊപ്പംതന്നെ ദാരിദ്ര്യത്തിന്റെ വര്‍ധനയും ഒരേസമയത്ത് സംഭവിക്കുന്ന ഈ സ്ഥിതിവിശേഷംതന്നെയാണ് സാമ്പത്തിക ഉദാരവല്‍ക്കരണ കാലഘട്ടത്തില്‍ ഇന്ത്യന്‍ സമ്പദ്വ്യവസ്ഥയില്‍ ഇന്ന് നാം കണ്ടുകൊണ്ടിരിക്കുന്നത്. കോര്‍പ്പറേറ്റുകളുടെയും ഫിനാന്‍ഷ്യല്‍ താല്‍പര്യങ്ങളുടെയും കടുംപിടിത്തം സ്റ്റേറ്റിനുമേല്‍ വര്‍ധിച്ചതോതില്‍ ഉണ്ടാക്കുന്ന ഇത്തരമൊരു ഉദാരവല്‍ക്കരണം, ദരിദ്രരായ കൃഷിക്കാര്‍ക്ക് സര്‍ക്കാര്‍ സഹായം നല്‍കുന്നതിനെ തടയുന്നതും അതിെന്‍റ ഫലമായി മാന്ദ്യം ഉണ്ടാകുന്നതും ഇന്ത്യയിലെ അനുഭവത്തിന്റെ വെളിച്ചത്തില്‍ വേണ്ടത്ര വ്യക്തമാക്കപ്പെടുന്ന വസ്തുതയാണ്. ഇതും ഇതോടൊപ്പം ഭക്ഷ്യധാന്യ കൃഷിയില്‍നിന്ന് ഭൂമി മറ്റ് ഉപയോഗങ്ങള്‍ക്കായി വഴി തിരിച്ചുവിടുന്നതും ഉല്‍പാദനവര്‍ദ്ധന കൈവരിക്കുന്നതിനുള്ള നവീകരണപ്രക്രിയകളുടെ അഭാവവും (ഈ നവീകരണ പ്രക്രിയയ്ക്കും സര്‍ക്കാരിന്റെ സഹായം ആവശ്യമാണ്) കാരണമായിട്ടാണ്, ഇന്ത്യന്‍ സമ്പദ്വ്യവസ്ഥയില്‍ കഴിഞ്ഞ രണ്ട് പതിറ്റാണ്ടുകാലമായി പ്രതിശീര്‍ഷ ഭക്ഷ്യധാന്യ ഉല്‍പാദനത്തില്‍ കുറവുണ്ടായിക്കൊണ്ടിരിക്കുന്നത്. സ്വാതന്ത്ര്യത്തിനുശേഷം കൈവരിച്ച വളര്‍ച്ചാ പ്രക്രിയയെ നേര്‍ വിപരീതമാക്കിത്തീര്‍ക്കുന്ന സ്ഥിതിയാണിത്. അതേ അവസരത്തില്‍തന്നെ വളര്‍ന്നുകൊണ്ടിരിക്കുന്ന മുതലാളിത്ത മേഖല വളരെ കുറച്ച് തൊഴിലാളികളെ മാത്രമേ ഉള്‍ക്കൊണ്ടിട്ടുള്ളു. കഴിഞ്ഞ രണ്ട് പതിറ്റാണ്ടുകാലം ആകെയെടുത്താല്‍ , സംഘടിത മേഖലയിലെ തൊഴിലവസരങ്ങള്‍ വര്‍ധിച്ചിട്ടില്ല എന്നുതന്നെ പറയാം. മാത്രമല്ല, 2001നും 2008നും ഇടയില്‍ (2008നുശേഷമുള്ള കണക്കുകള്‍ ലഭ്യമായിട്ടില്ല) തൊഴില്‍ അവസരങ്ങള്‍ കേവലമായ കണക്കില്‍ കുറയുകതന്നെയാണ് ഉണ്ടായിട്ടുള്ളത്. ഏറെയൊന്നും തൊഴിലാളികളെ ഉള്‍ക്കൊള്ളാന്‍ തയ്യാറാവാത്ത മുതലാളിത്ത മേഖലയും അതോടൊപ്പം മൂലധനത്തിന്റെ ആദിമ സഞ്ചയരീതിയും ചേര്‍ന്ന ഒരു അവസ്ഥയാണ് ഇന്ന് നിലനില്‍ക്കുന്നത് എന്ന് അതില്‍നിന്ന് സിദ്ധിക്കുന്നു.
വളര്‍ച്ചാനിരക്ക് വര്‍ദ്ധിക്കുന്ന അവസരത്തില്‍ത്തന്നെ കേവലമായ പാപ്പരീകരണവും സംഭവിക്കുന്നത് അതുകൊണ്ടാണ്. ഉയര്‍ന്ന വളര്‍ച്ചാനിരക്ക് കൈവരിക്കേണ്ടതിന്റെ ആവശ്യകതയെപ്പറ്റി ആവര്‍ത്തിച്ചാവര്‍ത്തിച്ച് പറഞ്ഞുകൊണ്ടിരിക്കുന്ന പ്രധാനമന്ത്രി തൊട്ട് താഴോട്ടുള്ള ഗവണ്‍മെന്‍റ് വക്താക്കളുടെ ഒരു നീണ്ടനിരതന്നെ നമ്മുടെ മുന്നിലുണ്ട്. പന്ത്രണ്ടാം പദ്ധതിയെക്കുറിച്ച് ചര്‍ച്ചചെയ്തുകൊണ്ടിരിക്കുന്നതിനാല്‍ , വളര്‍ച്ചാനിരക്കിനെക്കുറിച്ചുള്ള ഈ സംഘഗാനം ഇപ്പോള്‍ കൂടുതല്‍ ഉച്ചത്തിലായിത്തീര്‍ന്നിട്ടുമുണ്ട്. എന്നാല്‍ കൂടുതല്‍ ഉയര്‍ന്ന വളര്‍ച്ചയോടൊപ്പംതന്നെ രാജ്യത്തെ കേവലമായ ദാരിദ്ര്യത്തിന്റെ അളവ് ഇനിയും കൂടാതെ തരമില്ല എന്ന് മേല്‍പ്പറഞ്ഞതില്‍നിന്ന് വ്യക്തമാകുന്നു. അങ്ങനെ സംഭവിക്കാതിരിക്കണമെങ്കില്‍ , പുത്തന്‍ ഉദാരവല്‍ക്കരണനയങ്ങള്‍ മാറ്റേണ്ടതുണ്ട്; അതിനാകട്ടെ സ്റ്റേറ്റിന്റെ വര്‍ഗാഭിമുഖ്യത്തില്‍ത്തന്നെ മാറ്റം വരുത്തേണ്ടതുമുണ്ട്.
*
പ്രഭാത് പട്നായിക്, ചിന്ത വാരിക 16 സെപ്തംബര്‍ 2011
1 comment:
സാമ്പത്തിക ഉദാരവല്‍ക്കരണം ആരംഭിച്ചതിനുശേഷമുള്ള ഇന്ത്യയുടെ സാമ്പത്തികരംഗത്തെ അനുഭവങ്ങള്‍ , ബൂര്‍ഷ്വാ (മുഖ്യധാരാ) വികസനസിദ്ധാന്തത്തെ വ്യക്തമായിത്തന്നെ തള്ളിക്കളയുന്നതാണ്. ഈ കാലഘട്ടത്തിലെ ഔദ്യോഗിക സ്ഥിതിവിവരക്കണക്കുകള്‍ അനുസരിച്ച് ജിഡിപിയുടെ വളര്‍ച്ചാനിരക്ക് ദ്രുതഗതിയിലാണ് വര്‍ദ്ധിച്ചത്. എന്നാല്‍ അതോടൊപ്പംതന്നെ കേവലമായ ദാരിദ്ര്യം വലിയതോതില്‍ വര്‍ദ്ധിക്കുകയും ചെയ്തു. ബൂര്‍ഷ്വാ സിദ്ധാന്തത്തിന്റെ ഒരു കൈവഴിക്കും വിശദീകരിക്കാന്‍ കഴിയാത്ത ഒരു സംയുക്ത പ്രതിഭാസമാണത്. നമുക്ക് ആദ്യംതന്നെ സ്ഥിതിവിവരക്കണക്കുകള്‍ പരിശോധിക്കാം. എന്നാല്‍ വളര്‍ച്ചാ നിരക്കിനെ സംബന്ധിച്ച് ചര്‍ച്ചചെയ്ത് നാം സമയം കളയേണ്ടതില്ല. വളര്‍ച്ചാനിരക്ക് ദ്രുതഗതിയില്‍ വര്‍ധിച്ചിരിക്കുന്നു എന്ന നിഗമനത്തെ സംബന്ധിച്ചിടത്തോളം രണ്ട് അഭിപ്രായം ഉണ്ടാവേണ്ട ആവശ്യമില്ല.
Post a Comment