വിഖ്യാത ജര്‍മന്‍ സാഹിത്യകാരന്‍ ഹെന്‍റിക് ബോളിന്റെ ഒരു കഥയുണ്ട്. "ചിരിക്കാരന്‍" എന്നാണ് കഥയുടെ പേര്. എന്താണ് "ചിരിക്കാരന്‍"? കഥയുടെ മുഖ്യ കഥാപാത്രത്തിന്റെ ദുഃഖങ്ങളിലൊന്നും അതാണ്. താന്‍ ചിരിക്കാരന്‍ ആണെന്ന് പറഞ്ഞാല്‍ ഏവരും ചോദിക്കും അതെന്താണെന്ന്. അത് അയാളുടെ തൊഴിലാണ്. പക്ഷേ, അങ്ങനെ പറഞ്ഞതുകൊണ്ടുമായില്ല. അതെന്തു സാധനമാണെന്ന് ആര്‍ക്കും മനസ്സിലാവില്ല. തുന്നല്‍ക്കാരന്‍ , കച്ചവടക്കാരന്‍ , കൃഷിക്കാരന്‍ എന്നൊക്കെപ്പറഞ്ഞാല്‍ "അതെന്താണ്" എന്ന ചോദ്യം ഉയരില്ല. പക്ഷേ, ചിരിക്കാരന്‍ -അതെന്താണ്? മിമിക്രിയോട് സാമ്യമുള്ള കലാവിദ്യയാണത്. ചിരിക്കാരന്‍ പ്രശസ്ത വ്യക്തികളുടെ ചിരി സ്റ്റേജില്‍ അവതരിപ്പിക്കും. ചക്രവര്‍ത്തിമാരുടെ, മണ്‍മറഞ്ഞ കലാകാരന്മാരുടെ, പുരോഹിതന്മാരുടെ, പേരും പെരുമയുമുള്ള ആരുടെയും. ആ ചിരികള്‍ കണ്ടാല്‍ അവയുടെ യഥാര്‍ഥ ഉടമസ്ഥരായ പ്രശസ്ത വ്യക്തികള്‍ വേദിയില്‍ വന്നുവെന്ന തോന്നലുണ്ടാകും. അതാണ് ആ കലയും തൊഴിലും.
ലോകം ആ മുഖ്യ കഥാപാത്രത്തെ അറിയുന്നത് ചിരിയിലൂടെയാണ്. ചിരിച്ചുകൊണ്ടല്ലാതെ അയാളുടെ മുഖം ആരും കണ്ടിട്ടില്ല. പക്ഷേ, അയാള്‍ പറയുന്നു, ഞാന്‍ സത്യത്തില്‍ ചിരിക്കുന്ന വ്യക്തിയല്ല. വിഷാദിയും ഗൗരവക്കാരനുമാണ്. അധികമാരോടും സംസാരിക്കുന്നതുപോലുമില്ല. ഞാന്‍ മറ്റുള്ളവരുടെ ചിരിയാണ് ചിരിക്കുന്നത്. എന്റെ സ്വന്തം ചിരി-അത് ഞാന്‍ ഒരിക്കലും കണ്ടിട്ടില്ല. സംഗീതത്തിലെ മള്‍ട്ടിട്രാക് റെക്കോഡിങ്ങിനെക്കുറിച്ചും "ട്രാക് പാടുന്ന ഗായകര്‍" എന്നറിയപ്പെടുന്ന കലാകാരന്മാരെക്കുറിച്ചും ആലോചിച്ചപ്പോള്‍ മനസ്സില്‍ വന്ന ഉപമയാണ് ഹെന്‍റിക് ബോളിന്റെ "ചിരിക്കാരന്‍". ട്രാക് ഗായകരുടെ ശബ്ദം കേള്‍ക്കാനുള്ളതല്ല; കേള്‍ക്കാതിരിക്കലാണ് അതിന്റെ വിധി. അതുകൊണ്ടുതന്നെ ലോകം ആ ശബ്ദം കേള്‍ക്കുകയേ ഇല്ല. ആ ശബ്ദം ഒരേ ഒരാള്‍ക്കു വേണ്ടി മാത്രമാണ് സൃഷ്ടിക്കപ്പെടുന്നത്. കൂടുതല്‍ പ്രശസ്തനായ "യഥാര്‍ഥ" ഗായകനുവേണ്ടി. ആ ഗായകനാകട്ടെ ട്രാക് ഗായകന്റെ ശബ്ദത്തെ നശിപ്പിക്കുകയും പകരം തന്റെ ശബ്ദത്തെ അവിടെ സ്ഥാപിക്കുകയും ചെയ്യുന്നു. ഹെന്‍റിക് ബോളിന്റെ ചിരിക്കാരന്‍ സ്വന്തം ചിരി ഇല്ലാതാക്കി മറ്റുള്ളവരുടെ ചിരി ചിരിക്കുന്നു.
ട്രാക് ഗായകന് സ്വന്തം ശബ്ദം നശിപ്പിക്കുന്ന മറ്റൊരു ഗായകനുവേണ്ടി മാത്രമായി പാടുന്നു. നശിപ്പിക്കപ്പെടാന്‍വേണ്ടി മാത്രമായി കലാകാരന്‍ കലാസൃഷ്ടികള്‍ ഉണ്ടാക്കിക്കൊണ്ടേയിരിക്കുന്നു എന്നാലോചിക്കുമ്പോള്‍ ഉള്ളില്‍ വിഷാദവും ദുരന്തബോധവും നിറയുകയാണ്. ആധുനിക നാഗരികത സൃഷ്ടിച്ച വിചിത്രവും വിഷാദപൂര്‍ണവുമായ തൊഴിലുകളിലൊന്നല്ലേ ട്രാക് ഗായകന്റേത്? ഏത് തരത്തിലുള്ള കര്‍തൃനിര്‍മിതിയാണ് (Subject formation) ട്രാക് ഗാനങ്ങള്‍ പാടുമ്പോള്‍ സൃഷ്ടിക്കപ്പെടുന്നത്? ഇത് ചോദിക്കുമ്പോള്‍ കര്‍ത്താവ്, കര്‍തൃനിര്‍മിതി എന്നീ സങ്കല്പങ്ങളുടെ പൊള്ളത്തരം ഉത്തരാധുനിക പണ്ഡിതര്‍ കണ്ടെത്തിയിട്ടുണ്ട് എന്നതും മറക്കരുത്. അവരുടെ വാദം ഇങ്ങനെ പോകുന്നു: ഒരു കൃതി എഴുതപ്പെടുമ്പോള്‍ , അല്ലെങ്കില്‍ കലാസൃഷ്ടി നിര്‍മിക്കപ്പെടുമ്പോള്‍ തീരുന്നു കര്‍ത്താവിന്റെ ജീവിതം. ആ കൃതിയുടെ പിന്നീടുള്ള അര്‍ഥങ്ങളെല്ലാം നിര്‍മിച്ചെടുക്കുന്നത് കൃതിയുടെ ഭാഷതന്നെയാണ്. വായനക്കാരുടെ ഓരോ വായനയും ഭാഷയുടെ സാധ്യതകളില്‍നിന്ന് പുതിയ അര്‍ഥങ്ങള്‍ സൃഷ്ടിച്ചുകൊണ്ടേയിരിക്കും. ആ വായനകര്‍തൃത്വങ്ങള്‍ക്കുമില്ല സ്ഥായിയായ നിലനില്പ്. ഓരോ പുതിയ വായനയും മറ്റൊന്നിലൂടെ ഉണ്ടാകുന്ന അര്‍ഥനിര്‍മിതിയെ അസ്ഥിരമാക്കും. അപ്പോള്‍ കൃതിയുടെ അര്‍ഥങ്ങളുടെ പിതൃത്വം അവകാശപ്പെടുന്ന കര്‍തൃത്വം വെറും തോന്നലാണ്. കൃതിയുടെ പിറവിയോടെ കര്‍ത്താവ് മരിക്കുകയും എഴുത്ത് (ഭാഷയുടെ അര്‍ഥനിര്‍മിതിയെന്ന ലീല) ആരംഭിക്കുകയും ചെയ്യുന്നു എന്നത് ഉത്തരാധുനികരുടെ മുഖ്യവാദമാണ്. പക്ഷേ, ഈ സിദ്ധാന്തങ്ങളെ സമൂഹം ഏതു രീതിയില്‍ സ്വീകരിച്ചു എന്നും നോക്കേണ്ടതുണ്ട്. ഉത്തരാധുനികരുടെ വാദങ്ങളൊക്കെ സമൂഹ മനസ്സിന്റെ തലച്ചോറില്‍ ഇടം പിടിക്കുമ്പോളും രചയിതാവിനെയും കലാകാരനെയും കേന്ദ്രീകരിച്ചുള്ള കര്‍തൃസങ്കല്പം ഇല്ലാതായിട്ടില്ല എന്നതാണ് വിചിത്രമായ വസ്തുത. വായനക്കാര്‍ കൃതിക്ക് പുതിയ അര്‍ഥം നല്‍കുമ്പോള്‍ ആ അര്‍ഥത്തിന്റെയും യഥാര്‍ഥ സ്രഷ്ടാവ് താനാണെന്ന് കഥാകാരന്‍ അഭിമാനിക്കുന്നു. ഈ വ്യാജ അഭിമാനബോധത്തിന്റെ പേരില്‍ സമൂഹം അയാളെ കളിയാക്കാറുമില്ല. പകരം, ആ പുതിയ അര്‍ഥത്തിന്കൂടി കാരണമായത് കലാകാരന്റെ കഴിവാണെന്ന് സങ്കല്പിച്ച് സമൂഹം അയാളെ അംഗീകരിക്കുന്നു.
അതുപോലെ ഗായകശബ്ദത്തില്‍ കണ്ടെത്തപ്പെടുന്ന പുതിയ ധ്വനികളും ചിത്രങ്ങളില്‍ കണ്ടെടുക്കപ്പെടുന്ന പുതിയ പാറ്റേണുകളും അവയുടെ പുതിയ അര്‍ഥതലങ്ങളും ഗായകന്റെയും ചിത്രകാരന്റെയും സ്വത്തിലേക്കുതന്നെ മുതല്‍കൂട്ടുന്ന അവസ്ഥയാണ് ഈ ഉത്തരാധുനികകാലത്തും ഉള്ളത്. ഇതൊക്കെ വ്യാജ അഭിമാനബോധമായിരിക്കാം. പുതിയ വായനകളുടെ മൂല്യം ആദ്യ കര്‍ത്താവിന്റെ ബാങ്ക് ബാലന്‍സിലേക്ക് കൂട്ടിച്ചേര്‍ക്കേണ്ട കാര്യവുമില്ല. പക്ഷേ, ഒന്ന് സമ്മതിക്കേണ്ടതുണ്ട്. വലിയൊരളവോളം ഈ അഭിമാനബോധമാണ് കലാസൃഷ്ടി എന്ന പ്രക്രിയയെ സമൂഹത്തില്‍ നിലനിര്‍ത്തുന്നത്. ഈ കര്‍തൃത്വാഭിമാനവും അതിന്റെ പേരിലുള്ള സാമൂഹികാംഗീകാരവുമില്ലെങ്കില്‍ എത്ര പേര്‍ കലാരംഗത്തേക്ക് വരും? ഇവിടെയാണ് ട്രാക് ഗായകന്റെ യഥാര്‍ഥ ദുരന്തം തിരിച്ചറിയേണ്ടത്. ട്രാക് ഗായകന് സ്വന്തം ശബ്ദം ജനങ്ങളെ കേള്‍പ്പിക്കാനേ സാധിക്കില്ല. അതുകൊണ്ടുതന്നെ ആസ്വാദകരുടെ കേള്‍വിയിലൂടെ സൃഷ്ടിക്കപ്പെടുന്ന അംഗീകാരവും കര്‍തൃത്വത്തിന്റെ മൂല്യവര്‍ധനവും ട്രാക്ഗായകന് കിട്ടുകയില്ല. റോളാങ് ബാര്‍ത്ത് പറഞ്ഞ "കര്‍ത്താവിന്റെ മരണം" ട്രാക് ഗായകന്റെ റെക്കോഡിങ് മുറിയിലാണ് നടക്കുന്നത്. മറ്റൊരു ഗായകന്‍ വന്ന് തന്റെ ശബ്ദത്തെ നശിപ്പിക്കുമ്പോള്‍ അയാള്‍ക്ക് ആ മരണം നേരില്‍ അനുഭവിച്ചറിയാം.
മറിച്ചൊരു വാദവുമുണ്ട്. ട്രാക് ഗായകന്റെ ദുരന്തവിധിയെക്കുറിച്ച് ഇത്രക്കൊന്നും ദുഃഖിക്കേണ്ടതില്ല എന്നതാണ് ആ വാദം. ട്രാക് ഗായകന്റേത് വെറുമൊരു തൊഴിലാണ്. സോപ്പും ഷാംപൂവും ഉണ്ടാക്കി വില്‍ക്കുന്നതുപോലെ അയാള്‍ ഒരു ശബ്ദോല്‍പ്പന്നം ഉണ്ടാക്കി വില്‍ക്കുന്നു. സോപ്പുണ്ടാക്കുന്ന തൊഴിലാളി ഇതു തന്റെ നിര്‍മിതിയാണെന്ന് പറഞ്ഞ് അഭിമാനിക്കാറില്ലാത്തതുപോലെ ശബ്ദോല്‍പ്പന്ന നിര്‍മാണത്തില്‍ ഏര്‍പ്പെടുന്ന ട്രാക്ഗായകനും "തന്റേത്" എന്ന അഭിമാനബോധം ഉണ്ടാക്കേണ്ട കാര്യമില്ല. ശരിയായ പ്രൊഫഷണല്‍ ട്രാക് ഗായകര്‍ ഒരു വിഷാദവുമില്ലാതെ, നല്ല പ്രതിഫലവും വാങ്ങി സുഖമായി ജീവിക്കുന്നുമുണ്ട്. ഇതാണ് ആ എതിര്‍വാദം. ഇതില്‍ ഏത് ശരി എന്ന് സൈദ്ധാന്തികമായി ഈ ലേഖകന്‍ അന്വേഷിച്ചിട്ടില്ല. പക്ഷേ, അനുഭവങ്ങളിലൂടെ ചിലതു പറയാന്‍ കഴിയും.
ഇരുപതിലേറെ കൊല്ലങ്ങളായി ആകാശവാണിയിലാണ് ലേഖകന്‍ ജോലി ചെയ്യുന്നത്. ആകാശവാണി ഗായകരുടെ അഭയസ്ഥാനമായതിനാല്‍ നിരവധി പാട്ടുകാരെ ഞാന്‍ നേരിട്ട് പരിചയപ്പെട്ടിട്ടുണ്ട്. അവരില്‍ ധാരാളം ട്രാക് ഗായകരുമുണ്ട്. ട്രാക് പാടുന്നതിലൂടെ അവര്‍ക്ക് മോശമില്ലാത്ത പ്രതിഫലം കിട്ടുന്നു. ഒരുവിധം സുഖമായി ജീവിക്കുന്നുമുണ്ട്. ഒരു തരത്തിലുള്ള വിഷാദവും അവരില്‍ പ്രകടമാവാറില്ല. പക്ഷേ, ഈ പാട്ടുകാരുമായി ഒറ്റക്ക് ദീര്‍ഘ സംഭാഷണത്തിലേര്‍പ്പെടുമ്പോള്‍ ദുഃഖത്തിന്റെ അലയൊലികള്‍ പതുക്കെ കേള്‍ക്കാന്‍ കഴിയും. ഒരിക്കല്‍ കോഴിക്കോട് ബീച്ചിലെ ഒരു റെസ്റ്റോറന്റില്‍ ഇരുന്ന് ഒരു യുവഗായകനോടൊപ്പം ദീര്‍ഘസംഭാഷണം നടത്താന്‍ എനിക്ക് അവസരം കിട്ടി. ആദ്യത്തെ കപ്പ് ചായയില്‍ അദ്ദേഹത്തില്‍നിന്ന് പുറത്തുവന്നത് ട്രാക് പാടുന്നതിലൂടെ കിട്ടുന്ന മോശമല്ലാത്ത പ്രതിഫലവും മറ്റും. ഞങ്ങളുടെ സംഭാഷണത്തിന്റെ രസം കുറച്ചുനേരം ദീര്‍ഘിപ്പിക്കാനായി വീണ്ടും ചായ വരുത്തിച്ചു. അടുത്ത കപ്പ് പകുതിയാവുമ്പോള്‍ അയാള്‍ പറഞ്ഞു: "സിനിമയില്‍ ഇപ്പോള്‍ കേള്‍ക്കുന്ന ആ പ്രശസ്തമായ പാട്ടുണ്ടല്ലോ അതിന്റെ ട്രാക് പാടിയത് ഞാനാണ്. ഇത്തവണയെങ്കിലും എന്റെ പാട്ടുതന്നെ സിനിമയിലും വരുമെന്ന് ഞാന്‍ കരുതിയതാണ്. മ്യൂസിക് ഡയറക്ടര്‍ അത് ഏതാണ്ടൊക്കെ സമ്മതിച്ചതുമാണ്. പക്ഷേ, മറ്റേ ഗായകന്റെ ഫോണ്‍വിളി അപ്പോഴേക്കും സംവിധായകന്റെയും മ്യൂസിക് ഡയറക്ടറുടെയും മുറിയിലെത്തി. പ്രതിഫലം ഇല്ലാതെതന്നെ ആ പാട്ട് താന്‍ പാടിത്തരാം എന്ന് ഓഫറും വച്ചു. അങ്ങനെ എന്റെ പാട്ട് പുറത്ത് വരാതെ പോയി. കുറച്ചു നേരത്തെ മൗനം. പതുക്കെ ഞാന്‍ പറഞ്ഞു: "എന്നാലും നല്ല പ്രതിഫലം കിട്ടുന്നുണ്ടല്ലോ. പിന്നെ, അത്യാവശ്യം യാത്രകളും മറ്റ് സൗകര്യങ്ങളും.
ട്രാക് പാടുന്നത് നല്ല തൊഴില്‍തന്നെയാണ്". എന്റെ അഭിപ്രായത്തെയും സാന്ത്വനത്തെയും അവഗണിച്ചുകൊണ്ട് അസ്തമയ സൂര്യനെ നോക്കി അയാള്‍ പറഞ്ഞു: "ആ പാട്ടിന്റെ ഞാന്‍ പാടിയ ട്രാക് എന്റെ വീട്ടില്‍ സൂക്ഷിച്ചുവച്ചിട്ടുണ്ട്. അതും ഇപ്പോള്‍ സിനിമയില്‍ വരുന്നതും ഒന്ന് താരതമ്യപ്പെടുത്തിയിട്ട് പറയൂ ഏതാണ് നല്ലതെന്ന്. വളരെ മനസ്സറിഞ്ഞ് പാടിയാലും ഇതാണ് വിധി." ട്രാക് ഗായകര്‍ അനുഭവിക്കുന്ന രണ്ട് പ്രശ്നങ്ങളാണിവ. ഒന്നാമതായി, തങ്ങളുടെ കലാസൃഷ്ടികളെല്ലാം നശിപ്പിക്കപ്പെടാന്‍ മാത്രമായി മാറുന്നു. രണ്ടാമത്തെ പ്രശ്നത്തെ പരാതിയെന്ന നിലയിലാണ് കാണേണ്ടത്. ട്രാക്ക് ഗായകരില്‍ പലരും കരുതുന്നത് സിനിമാപ്പാട്ടുകളിലെ ഗായക ശബ്ദങ്ങളേക്കാള്‍ മെച്ചപ്പെട്ടത് തങ്ങളുടേതാണെന്നാണ്. തങ്ങളേക്കാള്‍ കഴിവുകുറഞ്ഞവര്‍ക്കുവേണ്ടി തങ്ങള്‍ തഴയപ്പെടുന്നു എന്നതാണ് അവരുടെ പരാതി. ഈ പരാതി പൂര്‍ണമായി ശരിയല്ലെന്ന് ആദ്യമേ പറയട്ടെ. സിനിമാഗാന രംഗത്ത് ഇന്ന് താരപ്രഭയോടെ തിളങ്ങിനില്‍ക്കുന്നവരില്‍ നല്ലൊരു ഭാഗം കഴിവുള്ളവര്‍തന്നെയാണ്. എങ്കിലും അവരോളം കഴിവുള്ള ചിലരെങ്കിലും ട്രാക് ഗായകര്‍ക്കിടയിലും ഉണ്ട് എന്നത് സത്യമാണ്. മാത്രമല്ല, സിനിമയില്‍ പാടാന്‍ അവസരം ലഭിച്ചവരില്‍ കുറച്ചു പേരെങ്കിലും സ്വാധീനവും ധനശക്തിയുമുള്ളവരുടെ ഇഷ്ടപുത്രന്മാരും പുത്രിമാരുമായതുകൊണ്ടുമാത്രം നിലനില്‍ക്കുന്നവരാണ്.
പല കഴിവുള്ള സിനിമാ ഗായകര്‍പോലും സ്വാധീനവും ശക്തിയുമുള്ള ഗായകരോട് മത്സരിക്കാന്‍ ബുദ്ധിമുട്ടുമ്പോള്‍ ട്രാക് ഗായകരുടെ കാര്യം പറയേണ്ടല്ലോ. സിനിമ എന്ന ജനപ്രിയ കലാരംഗത്തെ ജനകീയ കലാമാധ്യമമായി വളരാന്‍ അനുവദിക്കാത്തതില്‍ ഈ ധന-സ്വാധീന ശക്തികളുടെ ഇടപെടല്‍ പ്രധാന പങ്കുവഹിക്കുന്നുണ്ട്. പണ്ട് കെ രാഘവന്‍മാസ്റ്റര്‍ തനിക്ക് നേരിട്ട് ഒരു പരിചയവുമില്ലാത്ത ബ്രഹ്മാനന്ദന്‍ എന്ന ഗായകനെ അവസരം നല്‍കി വളരാന്‍ സഹായിച്ചു എന്നു കേട്ടിട്ടുണ്ട്. ഇത്തരം ഗുരുതുല്യമായ മഹാമനസ്കതയൊന്നും ധനശക്തിക്കും മത്സരങ്ങള്‍ക്കും മാത്രം വിലകൊടുക്കുന്ന പുതിയ കാലത്ത് ആരില്‍നിന്നും പ്രതീക്ഷിക്കേണ്ടതില്ല. ചില ഗായകരുടെ ശബ്ദത്തെ പൂര്‍ണമായി നശിപ്പിച്ച് മറ്റ് ചിലരുടെ ശബ്ദത്തെ വാഴിക്കുക എന്ന ഉദ്ദേശ്യമൊന്നും മള്‍ട്ടി ട്രാക് റെക്കോഡിങ് സംവിധാനം വികസിപ്പിച്ചെടുത്ത ശാസ്ത്രജ്ഞര്‍ക്കോ ഈ കണ്ടുപിടുത്തങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിച്ച റെക്കോഡിങ് കമ്പനികള്‍ക്കോ ഉണ്ടായിരുന്നില്ല. "മിസ്ഡ് കോള്‍" വിളിച്ചും പരസ്പര വിനിമയം നടത്താം എന്ന് കണ്ടുപിടിച്ചത് മൊബൈല്‍ ഫോണ്‍ കണ്ടുപിടിച്ച ശാസ്ത്രജ്ഞരോ കമ്പനികളോ അല്ലല്ലോ. അതുപോലെ ഇവിടെയും സ്ഥിരമായ ഉപയോഗത്തിലൂടെ ജനങ്ങള്‍ (ഉപയോക്താക്കള്‍) കണ്ടെത്തിയ കാര്യങ്ങളാണ് ഒരു ഗായകശബ്ദത്തെ പൂര്‍ണമായി ഒഴിവാക്കാം എന്നത്. മള്‍ട്ടിട്രാക് റെക്കോഡിങ്ങിനെ സംബന്ധിച്ച ഗവേഷണങ്ങള്‍ നടന്നത് കൂടുതല്‍ കൂടുതല്‍ ശബ്ദങ്ങള്‍ ഒരുമിച്ച് റെക്കോഡ് ചെയ്യാന്‍വേണ്ടി മാത്രമാണ്. അമേരിക്കയിലെ ജനറല്‍ ഇലക്ട്രിക്കല്‍സിലെ ഗവേഷകനായ ചാള്‍സ് ഹോക്സി പാലോ ഫോട്ടോഫോണ്‍ എന്ന ഉപകരണം 1922ല്‍ കണ്ടുപിടിച്ചതായിരിക്കണം ഇതുസംബന്ധിച്ച ഗവേഷണ പ്രവര്‍ത്തനങ്ങളിലെ ആദ്യവിജയം. 35 എംഎം ഫിലിമില്‍ മള്‍ട്ടിട്രാക് റെക്കോഡിങ് സാധ്യമാണ് എന്ന് അദ്ദേഹം തെളിയിച്ചു. ഇതോടൊപ്പംതന്നെ സ്റ്റീരിയോ റെക്കോഡിങ്ങിനുവേണ്ടിയുള്ള ഗവേഷണങ്ങളും നടന്നിരുന്നു. റെക്കോഡിങ് ഹെഡ് രണ്ടായി വിഭജിച്ച രണ്ട് വ്യത്യസ്ത ട്രാക്കുകളില്‍ ഒരേസമയം റെക്കോഡ് ചെയ്യുന്ന സ്റ്റീരിയോ റെക്കോഡിങ് 1943ലാണ് വിജയിച്ചത്. ആംപക്സ് എന്ന കമ്പനിയാണ് മൂന്ന് ട്രാക്കുകളുള്ള മള്‍ട്ടിട്രാക് റെക്കോഡര്‍ റെക്കോഡിങ് കമ്പനികളുടെ ആവശ്യാര്‍ഥം ആദ്യമായി വികസിപ്പിച്ച് വിപണിയില്‍ എത്തിച്ചത്. മൂന്ന് ട്രാക് എന്നത് ക്രമേണ നാല് ട്രാക്കും കുറച്ചു കഴിഞ്ഞപ്പോള്‍ എട്ട് ട്രാക്കുമായി മാറി. ലെസ് പോള്‍ എന്ന ഗിറ്റാറിസ്റ്റും ഇതുസംബന്ധിച്ച ഗവേഷണങ്ങളില്‍ ഏറെ സംഭാവനകള്‍ അര്‍പ്പിച്ചിട്ടുണ്ട്. "ബീറ്റ്ല്‍സ്", "റോളിങ് സ്റ്റോണ്‍" തുടങ്ങിയ പല ഗായകസംഘങ്ങള്‍ക്കും മള്‍ട്ടിട്രാക് റെക്കോഡിങ് നിര്‍ബന്ധമായിരുന്നു. കാരണം, ഓരോ ട്രാക്കിലും നിരവധി ശബ്ദങ്ങള്‍ സന്നിവേശിപ്പിച്ച്, ഒടുവില്‍ അത്തരം പല ട്രാക്കുകള്‍ ഒരുമിച്ച് ചേര്‍ത്ത് സങ്കീര്‍ണമായ ശബ്ദപ്രപഞ്ചം തങ്ങളുടെ പാട്ടില്‍ ഉണ്ടാവണമെന്ന് അവര്‍ ആഗ്രഹിച്ചു. അതായത്, ഏതെങ്കിലും ഉപകരണത്തിന്റെയോ ഗായകെന്‍റയോ ശബ്ദത്തെ ഇല്ലാതാക്കി പകരക്കാരെ ഇറക്കലായിരുന്നില്ല ഇവരുടെയൊന്നും ഉദ്ദേശ്യം.
ട്രാക് ഗായകര്‍ എന്നത് പുതിയ സാങ്കേതിക സൗകര്യങ്ങള്‍ സംഗീത വ്യവസായത്തില്‍ ധാരാളമായി പ്രയോഗതലത്തില്‍ വന്നപ്പോള്‍ കണ്ടെത്തപ്പെട്ട ഒരു "മാനേജ്മെന്റ് സൊല്യൂഷന്‍" ആയിരുന്നു. മാനേജ്മെന്റ് വിദഗ്ധരുടെ ഭാഷയില്‍ പറഞ്ഞാല്‍ ഒരുപാട് ലോജിസ്റ്റിക്സ് പ്രശ്നങ്ങള്‍ (വസ്തുക്കളെയും ആളുകളെയും ഒരിടത്തുനിന്ന് മറ്റൊരിടത്തേക്ക് കൊണ്ടുപോകുന്നത് സംബന്ധിച്ച പ്രശ്നങ്ങള്‍) ട്രാക്ഗായകരെ ഉപയോഗിക്കുന്നതോടെ ഇല്ലാതാവുന്നു. മദിരാശിയില്‍ ഇരുന്ന് ചിത്രയ്ക്കും അമേരിക്കയില്‍ ഇരുന്ന് യേശുദാസിനും പാടി കേരളത്തിലെ സ്റ്റുഡിയോവില്‍വച്ച് ശബ്ദസംയോജനം ചെയ്താല്‍ പാട്ട് റെഡി. ഗായകരാരും ഇങ്ങോട്ട് വരേണ്ട കാര്യമില്ല. ട്രാക് ഗായകന്റെ ശബ്ദം ഇ-മെയിലിലൂടെ മുഖ്യഗായകര്‍ക്ക് അയച്ചുകൊടുക്കുന്നു. മറ്റൊരു ഇ-മെയിലില്‍ മുഖ്യഗായകര്‍ തങ്ങളുടെ ശബ്ദം തിരിച്ചും അയ്ക്കുന്നു. ഈ വിനിമയത്തില്‍ ട്രാക് ഗായകന്റെ ശബ്ദത്തിന് റേഡിയോ പ്രക്ഷേപണത്തിലെ "കരിയര്‍ തരംഗ"ങ്ങളുടെ പ്രാധാന്യമേയുള്ളൂ. കരിയര്‍ തരംഗങ്ങളുടെ കൂട്ടുണ്ടെങ്കിലേ റേഡിയോ തരംഗങ്ങള്‍ക്ക് സഞ്ചരിക്കാനാവൂ. എന്നാല്‍ റേഡിയോ കരിയര്‍ തരംഗങ്ങളെ ഉപേക്ഷിച്ച് റേഡിയോ തരംഗങ്ങളെ മാത്രം ശബ്ദമാക്കി മാറ്റുന്നു. പക്ഷേ, ഒന്നുണ്ട്. കരിയര്‍ തരംഗങ്ങളെന്നത് നിര്‍ജീവ വസ്തുവാണ്. എന്നാല്‍ ട്രാക് ഗായകന്റെ ഉപേക്ഷിക്കപ്പെടുന്ന ശബ്ദത്തിനു പിറകില്‍ ഒരു വ്യക്തിയുടെ ഹൃദയവും കണ്ണീരുമാണുള്ളത്. ഈ വ്യത്യാസം സംഗീതവ്യവസായം ഒട്ടും പരിഗണിക്കുന്നില്ല. ട്രാക് ഗായകരുടെ ഈ പ്രശ്നത്തിന് പരിഹാരം കണ്ടെത്തുന്നതിനുമുമ്പ് ജനപ്രിയ കലാരംഗത്തെ സംബന്ധിച്ച ചില ഇടതുപക്ഷ പിടിവാശികളെക്കുറിച്ച് പറയാതിരിക്കാന്‍ വയ്യ.
ജനപ്രിയ കലാലോകത്തെ മോചിപ്പിച്ചെടുക്കല്‍ അസാധ്യമാണ്. മറിച്ച് ബുദ്ധിപൂര്‍വം ഇടപെട്ടുകൊണ്ട് എങ്ങനെ ജനകീയ താല്പര്യങ്ങളെയും അഭിരുചികളെയും സംരക്ഷിക്കാന്‍ കഴിയും എന്നാണ് ആലോചിക്കേണ്ടത്. പുരോഗമന കലാസാഹിത്യ പ്രസ്ഥാനം സാഹിത്യത്തെക്കുറിച്ച് നിലപാടുകള്‍ എടുത്തിട്ടുണ്ടാകാം. പക്ഷേ, സാഹിത്യേതര കലകളില്‍ ഈ പ്രസ്ഥാനത്തില്‍നിന്ന് വലിയ ആലോചനകള്‍ ഉണ്ടായിട്ടില്ല. ട്രാക് ഗായകരുടെ പ്രശ്നത്തെക്കുറിച്ച് മാത്രമല്ല, ആര്‍ക്കിടെക്ചര്‍ , ഡിസൈനിങ്, അപ്ലൈയ്ഡ് ആര്‍ട്സ് തുടങ്ങിയ ഒരുപാട് കലാരംഗങ്ങള്‍ പുരോഗമനപക്ഷത്തിന്റെ ആലോചനാപരിധികള്‍ക്കപ്പുറമാണ് ഇന്നും. ഒരായുഷ്കാലം മുഴുവന്‍ പാട്ടു പാടിക്കഴിഞ്ഞ് തിരിഞ്ഞുനോക്കുമ്പോള്‍ ട്രാക് ഗായകന്റെ ഓര്‍മകളില്‍ തന്റെ കൊല്ലപ്പെട്ട പാട്ടുകളുടെ ജഡങ്ങള്‍ മാത്രമായിരിക്കും. ഈ മാനുഷിക പ്രശ്നത്തെ മുന്‍നിര്‍ത്തിയെങ്കിലും ചില ആലോചനകള്‍ പുരോഗമനപക്ഷത്തുനിന്ന് ഉണ്ടാവുന്നത് നന്ന്.
*
കെ എം നരേന്ദ്രന്‍ ദേശാഭിമാനി വാരിക 18 സെപ്തംബര്‍ 2011
Subscribe to:
Post Comments (Atom)
1 comment:
വിഖ്യാത ജര്‍മന്‍ സാഹിത്യകാരന്‍ ഹെന്‍റിക് ബോളിന്റെ ഒരു കഥയുണ്ട്. "ചിരിക്കാരന്‍" എന്നാണ് കഥയുടെ പേര്. എന്താണ് "ചിരിക്കാരന്‍"? കഥയുടെ മുഖ്യ കഥാപാത്രത്തിന്റെ ദുഃഖങ്ങളിലൊന്നും അതാണ്. താന്‍ ചിരിക്കാരന്‍ ആണെന്ന് പറഞ്ഞാല്‍ ഏവരും ചോദിക്കും അതെന്താണെന്ന്. അത് അയാളുടെ തൊഴിലാണ്. പക്ഷേ, അങ്ങനെ പറഞ്ഞതുകൊണ്ടുമായില്ല. അതെന്തു സാധനമാണെന്ന് ആര്‍ക്കും മനസ്സിലാവില്ല. തുന്നല്‍ക്കാരന്‍ , കച്ചവടക്കാരന്‍ , കൃഷിക്കാരന്‍ എന്നൊക്കെപ്പറഞ്ഞാല്‍ "അതെന്താണ്" എന്ന ചോദ്യം ഉയരില്ല. പക്ഷേ, ചിരിക്കാരന്‍ -അതെന്താണ്? മിമിക്രിയോട് സാമ്യമുള്ള കലാവിദ്യയാണത്. ചിരിക്കാരന്‍ പ്രശസ്ത വ്യക്തികളുടെ ചിരി സ്റ്റേജില്‍ അവതരിപ്പിക്കും. ചക്രവര്‍ത്തിമാരുടെ, മണ്‍മറഞ്ഞ കലാകാരന്മാരുടെ, പുരോഹിതന്മാരുടെ, പേരും പെരുമയുമുള്ള ആരുടെയും. ആ ചിരികള്‍ കണ്ടാല്‍ അവയുടെ യഥാര്‍ഥ ഉടമസ്ഥരായ പ്രശസ്ത വ്യക്തികള്‍ വേദിയില്‍ വന്നുവെന്ന തോന്നലുണ്ടാകും. അതാണ് ആ കലയും തൊഴിലും.
Post a Comment