തിരുവനന്തപുരം ശ്രീ പദ്മനാഭസ്വാമി ക്ഷേത്രത്തിലെ നിലവറകളില്‍ അമൂല്യമായ സ്വര്‍ണ-രത്‌നശേഖരം കണ്ടെത്തിയതോടെ, രാജ്യത്തെ ഏറ്റവും സമ്പന്നമായ ദൈവമുള്ള ക്ഷേത്രമായി അത് അറിയപ്പെട്ടുതുടങ്ങി. പദ്മനാഭസ്വാമി ക്ഷേത്രവും വേണാട്ട് അരചന്മാരും ഒരു നാണയത്തിന്റെ ഇരുപുറം പോലെയാണ്. അഭേദ്യമായ ആ ബന്ധത്തിന്റെ ചരിത്രം അത്ഭുതം നിറഞ്ഞതും ആവേശജനകവുമാണ്.
കൊല്ലം കേന്ദ്രമാക്കി ഭരണം നടത്തിയിരുന്ന വേണാട് രാജവംശത്തിന്റെ ഒരു ശാഖയായ തൃപ്പാപ്പൂര്‍ സ്വരൂപത്തില്‍ ഉള്‍പ്പെടുന്നതായിരുന്ന തിരുവനന്തപുരം അവിടുത്തെ ശ്രീ പദ്മനാഭ സ്വാമി ക്ഷേത്രവും വിശ്വമംഗലം സ്വാമിമാര്‍ക്ക് വിഷ്ണുദര്‍ശനം ലഭിച്ചപ്പോള്‍, വിഷ്ണുവിന്റെ പാദം പതിച്ചതിനാല്‍ ഇവിടെ തൃപ്പാദപുരം എന്നും പിന്നീട് തൃപ്പാപ്പൂര്‍ എന്നും അറിയപ്പെട്ടു തുടങ്ങി.
തൃപ്പാപ്പൂരില്‍ അനന്തന്‍കാട്, ആനന്ദപുരം എന്നീ പേരുകളിലറിയപ്പെട്ടിരുന്ന വനത്തിന് നടുവില്‍ വിശ്വമംഗലം സ്വാമിയാര്‍ (ദിവാകരമുനി) ആണ് പദ്മനാഭസ്വാമി ക്ഷേത്രവും അതില്‍ വിഷ്ണു പ്രതിഷ്ഠയും നടത്തിയതത്രെ. ക്രിസ്തുവര്‍ഷത്തിന്റെ ആദ്യശതകത്തിലാണിതെന്ന് അനുമാനിക്കപ്പെടുന്നു.
മുഞ്ചിറ സഭയില്‍ നിന്നും ഉഴക്കുടി വിള എന്ന ഭൂമി വാങ്ങി അതിരുറപ്പിച്ച് അതില്‍ വിഷ്ണുക്ഷേത്രം സ്ഥാപിച്ച്, ആ ഗ്രാമത്തിന് പാര്‍ഥിവ ശേഖര പുരം എന്നു പേരുനല്‍കിയെന്ന് ഹജൂര്‍ ശാസനത്തിലെ ആറ് തകിടുകളൊന്നില്‍ പറയുന്നു. ഇത് നടന്നത് എ ഡി 886 ജൂലൈ എട്ടിനാണെന്നും കൃത്യമായി രേഖപ്പെടുത്തിയിട്ടുണ്ട്. ക്ഷേത്രത്തോടനുബന്ധിച്ച് 95 ചട്ടന്മാര്‍ക്കുവേണ്ടിയുള്ള ശാല പണിതതും ഇതില്‍ ഉണ്ട്. ക്ഷേത്ര ജീവനക്കാരുടെ ജോലി ഇനം തിരിച്ചു തിട്ടപ്പെടുത്തിയതും പഞ്ചഗവ്യം ഉണ്ടാക്കുന്നവനും ശാന്തിക്കാരനും മറ്റുമുള്ള പ്രതിഫലതുകയും ക്ഷേത്ര സംരക്ഷണത്തിന് ചുമതലപ്പെടുത്തിയവരെയും ചട്ടന്മാരുടെ പെരുമാറ്റരീതിയും മറ്റുമാണ് മറ്റുതകിടുകളില്‍ രേഖപ്പെടുത്തിയിട്ടുള്ളത്. ആയുധ വിദ്യാഭ്യാസം നേടുന്ന നമ്പൂതിരി വിദ്യാര്‍ഥികളാണ് ചട്ടന്മാര്‍ എന്നറിയപ്പെടുന്നത്.
ദേവ വിഗ്രഹങ്ങള്‍ സാധാരണയായി മണ്‍ശില, വെണ്‍ശില, വിണ്‍ശില, അഞ്ജനശില, മാത്രാശില, സാളഗ്രാമ ശില, രുദ്രാക്ഷശില, കൃഷ്ണശില എന്നിങ്ങനെയുള്ള ശിലാശൈലിയിലാണ് നിര്‍മിക്കാറുള്ളത്. ഇവിടെ ശില എന്ന പദത്തിന് തമിഴ് അര്‍ഥമായ രൂപം എന്നതാണ് വിവക്ഷ. അനവധി സാളഗ്രാമങ്ങള്‍ ഒന്നായി കൂട്ടിച്ചേര്‍ത്തു നിര്‍മിക്കുന്നവയാണ് സാളഗ്രാമ ശിലാ വിഗ്രഹം. തിരുവനന്തപുരത്തെ ശ്രീ പദ്മനാഭസ്വാമിയുടെ അനന്തശയന വിഗ്രഹം സാളഗ്രാമശിലയില്‍ നിര്‍മിച്ചതാണ്. ഇത്തരത്തിലുള്ള വിഗ്രഹം കേരളത്തില്‍ മറ്റെവിടെയും ഇല്ലെന്നാണ് അറിയുന്നത്. പന്തീരായിരം സാള ഗ്രാമങ്ങളാണ് ശ്രീ പദ്മനാഭസ്വാമി ക്ഷേത്രത്തിലെ ബിംബ നിര്‍മിതിക്കായി ബനാറീസിനും വടക്കുള്ള ഗുന്‍ണ്ടക്ക് എന്ന ദേശത്തുനിന്നും മാര്‍ത്താണ്ഡവര്‍മ മഹാരാജാവ് ഇവിടെയെത്തിച്ചത്. ഏഴ് മാസം കൊണ്ടാണ് 420 അടി നീളത്തിലും 20 അടി വീതിയിലും ശീവേലിപ്പുര നിര്‍മാണം പൂര്‍ത്തിയാക്കിയത്. പാറക്കല്ലുകളില്‍ പണി ചെയ്യാന്‍ വിദഗ്ധ പണിക്കാരെ മാര്‍ത്താണ്ഡവര്‍മ പാണ്ടിനാട്ടില്‍ നിന്നാണ് കൊണ്ടുവന്നത്. നാലായിരം കല്‍പ്പണിക്കാരും ആറായിരം കൂലിക്കാര്‍ക്കും പുറമെ കെട്ടിവലിക്കാന്‍ നൂറില്‍പരം ആനകളും ചേര്‍ന്നാണ് കിഴക്കെ ഗോപുരത്തിന്റെ അഞ്ചാം നിലവരെ പണി പൂര്‍ത്തിയാക്കിയതെന്ന് ചരിത്രം പറയുന്നു.
നാളതുവരെ ഉത്സവത്തിന് കമുകിന്‍ കൊടിമരത്തില്‍ തൃക്കൊടിയേറ്റിവരുന്ന പതിവിന് വിപരീതമായി അന്നു പൊന്നിന്‍ കൊടിമരമുണ്ടാക്കി പ്രതിഷ്ഠിച്ചു. അതിനുള്ള തേക്കുമരം കാക്കച്ചിമലയില്‍ നിന്നും പൊന്മന ആറുവഴിയും തുടര്‍ന്ന് കടല്‍ വഴിക്കു ശംഖുമുഖത്തുകൊണ്ടുവന്ന് ഭൂസ്പര്‍ശം കൂടാതെ മതിലിനുള്ളില്‍ നാട്ടി. 914-ാം മാണ്ട് ആനി മാസം ഒമ്പതാം തീയതി (1739) തരണനല്ലൂര്‍ പദ്മനാഭന്‍ പരമേശ്വരനെക്കൊണ്ടാണ് ഈ ധ്വജ പ്രതിഷ്ഠ നടത്തിച്ചത്.
ക്ഷേത്ര വിഗ്രഹങ്ങളെ അചലം (മാറാന്‍ പാടില്ലാത്തത്) എന്നും ചലം (മാറ്റാവുന്നത്) എന്നും രണ്ടായി തരം തിരിച്ചിരിക്കുന്നു. അചല വിഗ്രഹങ്ങളെ സാമാന്യമായി മൂല വിഗ്രഹങ്ങള്‍ എന്നു പറയുന്നു. ഇവ ശ്രീകോവിലിനകത്തായിട്ടാണ് പ്രതിഷ്ഠിക്കപ്പെടുന്നത്. മൂലബിംബങ്ങള്‍ സ്ഥാനക (നില്‍ക്കുന്നവ) ആസന (ഇരിക്കുന്നവ) ശയന (ശയിക്കുന്നവ) എന്നു മൂന്ന് വിധത്തിലാണ് പ്രതിഷ്ഠിക്കാറുള്ളത്. വിഷ്ണു വിഗ്രഹങ്ങള്‍ക്കുമാത്രമെ സാധാരണയായി ശയന പ്രതിഷ്ഠയുണ്ടാകാറുള്ളു. പദ്മനാഭസ്വാമി ക്ഷേത്രത്തില്‍ ശ്രീപദ്മനാഭന്റെ ശയന പ്രതിഷ്ഠയാണുള്ളത്.
എ ഡി 1125-1155 ല്‍ ഭരണം നടത്തിയ വീരകേരള വര്‍മ എന്നുകൂടി പേരുള്ള കോതകേരളവര്‍മ രാജാവാണ് പദ്മനാഭ സ്വാമിക്ഷേത്രത്തിന്റെ പുനര്‍നിര്‍മാണം പൂര്‍ത്തീകരിച്ചത്. ഇക്കാലത്ത് ശ്രീ പദ്മനാഭസ്വാമി ക്ഷേത്രത്തിലെ സഭയ്ക്ക് അഥവാ ഊരാളരുടെ സമിതിക്ക് സ്വന്തമായൊരു രൂപം ഉണ്ടായിരുന്നതായും ക്ഷേത്ര ഭരണത്തെ സംബന്ധിച്ച പ്രധാനകാര്യങ്ങള്‍ ആലോചിച്ചു തീരുമാനിക്കാന്‍ സഭ കൂടെക്കൂടെ ചേരാറുണ്ടെന്നും എ ഡി 1183 (കൊല്ലം 359) ലെ ഗോശാലാ ശാസനത്തില്‍ അഥവാ തിരുവമ്പാടി ശാസനത്തില്‍ പറയുന്നതായി എ ശ്രീധരമേനോന്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഈ സഭയുടെ രൂപാന്തരമായിരിക്കണം പില്‍ക്കാലത്തുണ്ടായ എട്ടരയോഗം.
ശ്രീ പദ്മനാഭസ്വാമി ദേവസ്വം ഭരണം പ്രത്യേക വോട്ടവകാശമുള്ള എട്ടുപോറ്റി ബ്രാഹ്മണരും, വോട്ടിനര്‍ഹതയില്ലാത്ത രാജാവും ചേര്‍ന്ന എട്ടരയോഗത്തിന്റെ നിയന്ത്രണത്തിലായിരുന്നു. ഈ പോറ്റിമാരെ നിയന്ത്രിച്ചിരുന്നത് സര്‍വശക്തന്മാരായ എട്ടുവീട്ടില്‍ പിള്ളമാരെന്ന പേരില്‍ അറിയപ്പെടുന്ന നായര്‍ പ്രമാണികളായിരുന്നുവെന്നും പറയപ്പെടുന്നു. യോഗാധ്യക്ഷന്‍ ക്ഷേത്രത്തിലെ പുഷ്പാജ്ഞലി സ്വാമിയാരായിരുന്നു. ഔദ്യോഗിക നാമം സമഞ്ജിതന്‍ എന്നും. രാജാവോ, ഉദ്യോഗസ്ഥരോ തെറ്റു കുറ്റം ചെയ്താല്‍ പ്രായശ്ചിത്തത്തിനുശേഷമേ ഉത്സവം കൊടികയറൂ. യോഗക്കാര്‍ തമ്മില്‍ കടുത്ത അഭിപ്രായ വ്യത്യാസമുണ്ടാകാറുണ്ട്. 1672 ല്‍ ഇത്തരം ഒരു അഭിപ്രായ ഭിന്നതയെത്തുടര്‍ന്ന് ക്ഷേത്രം ഏറെക്കാലം പൂട്ടിയിടുകപോലുമുണ്ടായി. തൃപ്പാപ്പൂര്‍ മൂത്ത തിരുവടിയും എട്ടരയോഗവും തമ്മിലുള്ള ശീതസമരം കാരണം 1483 മുതല്‍ 1588 വരെയുള്ള 105 വര്‍ഷക്കാലത്തെ ഉത്സവം മുടങ്ങുകപോലുമുണ്ടായതായി ചരിത്രം പറയുന്നു.
പണ്ഡിതനും സംഗീതജ്ഞനും സകലകലാവല്ലഭനുമായിരുന്ന സാക്ഷാല്‍ ശ്രീ സ്വാതിതിരുനാള്‍ രാമവര്‍മ മഹാരാജാവ് രാജ്യഭരണത്തേക്കാള്‍ അധികം സമയം ചിലവഴിച്ചിരുന്നത് പ്രാര്‍ഥനയ്ക്കും പൂജയ്ക്കും ക്ഷേത്രദര്‍ശനത്തിനുമായിരുന്നുവത്രെ. സില്‍ക്ക്, വെല്‍വറ്റ്, വീരാളിപട്ട് തുടങ്ങിയ തുണിത്തരങ്ങളും വിലപ്പെട്ട ആഭരണങ്ങും ലക്ഷക്കണക്കിന് രൂപകൊടുത്തു വാങ്ങി ശ്രീപദ്മനാഭനു കാണിക്കവയ്ക്കുക സാധാരണമായിരുന്നുവത്രേ, എ ഡി 1299-1314 കാലഘട്ടത്തില്‍ വേണാടു ഭരിച്ചിരുന്ന രവിവര്‍മ കുലശേഖരന്‍ ശ്രീ പദ്മനാഭ സ്വാമി മുമ്പാകെ ഒരു വമ്പന്‍ സ്വര്‍ണ കലശം കാഴ്ചവെയ്ക്കുകയുണ്ടായി. ഈ ക്ഷേത്രത്തിലെ വെള്ളച്ചോറിന് നിവേദ്യം ഉപ്പുമാങ്ങയാണെന്നും അതിന് ചിരട്ട നിവേദ്യമെന്നുമാണ് പറയുന്നത്. പക്ഷേ ഈ ചിരട്ട സ്വര്‍ണം പൊതിഞ്ഞുനവരത്‌നങ്ങള്‍ പതിച്ചതായിരിക്കണമത്രെ. ഇത്തരത്തിലുള്ള ചിരട്ട നിവേദ്യം ഇവിടെ പതിവായി നടക്കാറുണ്ടത്രേ.
വേണാട്ടു രാജാക്കന്മാരുടെ ബിരുദനാമങ്ങള്‍ നിരവധിയാണ്. സ്വസ്തിശ്രീ, ചന്ദ്രകുലമംഗള പ്രദീപ, യാദവ നാരായണ, കേരള ദേശ പുണ്യപരിണാമ, നാമാന്തര കര്‍ണ, കൂപക സാര്‍വഭൗമ, കുലശിഖര പ്രതിഷ്ഠാപിത ഗരുഡധ്വജ, കോളബ പുരാധീശ്വര, ശ്രീപദ്മനാഭ പാദ കമലപരമാരാധക, പ്രണതരാജപ്രതിഷ്ഠാചാര്യ, വിമതരാജബന്ധികര, ധര്‍മതരമൂലകന്ദ, സദ്ഗുണാലങ്കാര, ചതുഷ്ഷഷ്ടികലാവല്ലഭ, ദക്ഷിണ ഭോജരാജ, സംഗ്രാമധീര, മഹാരാജാധിരാജ, പരമേശ്വര ജയസിംഹ ദേവനന്ദന രവിവര്‍മ രാജകുലശേഖര ദേവത്രിഭുവന ചക്രവര്‍ത്തി എന്നിങ്ങനെ വിചിത്ര നാമങ്ങളാല്‍ പ്രകീര്‍ത്തിക്കപ്പെടുന്ന രാജാവിനെ തങ്ങളുടെ വരുതിയിലാക്കുവാന്‍ പുരോഹിത വൃന്ദം പിന്നീട് ഒപ്പിച്ചെടുത്ത സൂത്രമാണ് തൃപ്പടിദാനം.
വേണാട് രാജാവായിരുന്ന മാര്‍ത്താണ്ഡവര്‍മ മഹാരാജാവ് 1750 ജനുവരി മൂന്നാം തീയതി താന്‍ ഭരണം നടത്തുന്ന മുഴുവന്‍ ഭൂമിയും സര്‍വതും ശ്രീപദ്മനാഭന് അടിയറവെച്ച്, ആള്‍പ്പേരായി മാത്രം ഭരണം ഏറ്റ കര്‍മത്തെ തൃപ്പടിദാനം എന്നാണറിയപ്പെടുന്നത്. രാജകീയ ഖഡ്ഗം (അംശവടി), അഥവാ ഉടവാള്‍ പ്രതിഷ്ഠയുടെ മുന്നിലുള്ള തൃപ്പടിയില്‍വെച്ചു നമസ്‌ക്കരിക്കുന്നു. ഇതാണ് തൃപ്പടി ദാനചടങ്ങ്. കന്യാകുമാരി മുതല്‍ പറവൂര്‍ വരെയുള്ള വേണാട്ടു രാജ്യം തൃപ്പടി ദാനത്താല്‍ ശ്രീ പണ്ടാര വകയാക്കിത്തീര്‍ക്കുകയും ഉദ്യോഗസ്ഥന്മാരെല്ലാം പണ്ടാരക്കാര്യം ചെയ്‌വവര്‍കള്‍ ആയി മാറുകയും ചെയ്തു. ശമ്പളമായി ലഭിക്കുന്ന കാശ് ശ്രീ പദ്മനാഭന്റെ ചക്രം എന്നാണറിയപ്പെട്ടിരുന്നത്. രണ്ടാമതൊരു തൃപ്പടിദാനം കൂടി നടന്നത് 1766 ജൂലൈയിലാണ്. കാര്‍ത്തിക തിരുനാള്‍ മഹാരാജാവിന്റെ കാലത്ത് തിരുവിതാംകൂറിന് കൂടുതലായി പിന്നീട് കിട്ടിയ ഭൂഭാഗങ്ങള്‍ പദ്മനാഭസ്വാമിക്ക് സമര്‍പ്പിച്ചതാണ്, രണ്ടാമത്തെ തൃപ്പടിദാനം. ഇതേതുടര്‍ന്നു രാജ്യത്തെ നികുതി നിരക്കുകള്‍ സമൂലം വര്‍ധിപ്പിച്ചത് വമ്പിച്ച ജനരോഷത്തിനിടയാക്കിയെങ്കിലും ഖജനാവിലെ വരവ് ഭീമമായി വര്‍ധിക്കാനിടയായി.
ക്ഷേത്രഭണ്ഡാരത്തിലെത്തിച്ചേരുന്ന ക്രമാതീതമായ സ്വര്‍ണ നിക്ഷേപം കൈക്കലാക്കാനുള്ള പുരോഹിതവൃന്ദത്തിന്റെ തന്ത്രമാണ് തുലാപുരുഷദാനമെന്ന പേരിലറിയപ്പെടുന്ന ചടങ്ങ്. വിചിത്ര അലങ്കാരപ്പണികളുള്ള ഒരു ത്രാസിന്റെ പട്ടുമൂടിയ തട്ടില്‍, ആചാരാനുസരണം രാജാവ് ഇരുന്ന് കഴിഞ്ഞാല്‍, മറുതട്ടില്‍ മന്ത്രോച്ചാരണത്തോടെ സ്വര്‍ണനാണയങ്ങള്‍ ചൊരിഞ്ഞുതുടങ്ങും. രാജാവിരിക്കുന്ന തട്ട് ഉയര്‍ന്നുപൊങ്ങി സ്വര്‍ണനാണയമിടുന്ന തട്ട് നിലം തൊടും വരെ നടക്കുന്ന ഈ പ്രക്രിയ പൂര്‍ത്തിയാക്കുവാന്‍ ദിവസങ്ങളോളം വേണ്ടിവരും.
II
എട്ടരയോഗവും ഹിരണ്യഗര്‍ഭവും
1579 ല്‍ വേണാട്ടില്‍ രവിവര്‍മരാജ തുലാപുരുഷദാനം നടത്തി, കുലശേഖരം ബിരുദം കൈക്കൊണ്ടു വേണാട്ടരചനായി അഭിഷിക്തനായത്രേ. ഈ സ്വര്‍ണനാണയങ്ങളാകെ ഈ കര്‍മത്തില്‍ പങ്കുകൊണ്ട ബ്രാഹ്മണര്‍ കീഴ് നടപ്പനുസരിച്ച് വീതിച്ചെടുക്കാറാണ് പതിവ്. ക്ഷേത്രത്തിലെ സ്വര്‍ണം ബ്രാഹ്മണര്‍ക്ക് ലഭ്യമാക്കുന്ന എളുപ്പവഴികളിലൊന്നാണിതെന്നു കാണാം. തിരുവിതാംകൂര്‍ രാജകുടുംബത്തിന്റെ ഗുരുവര്യനായ ആഴ്‌വാഞ്ചേരി തമ്പ്രാക്കളുടെ നേതൃത്വത്തിലാണ് തുലാപുരുഷദാനം നടക്കാറ്.
ഈ ദാനാവശ്യത്തിനായി 1850 ല്‍ കല്‍ക്കത്തയിലെ അപ്കാര്‍ ആന്‍ഡ് കമ്പനിയില്‍ നിന്നും 244 റാത്തല്‍ സ്വര്‍ണമാണ് തിരുവിതാംകൂര്‍ സര്‍ക്കാര്‍ വാങ്ങിയത്. ഇതിന് 1,21,598 രൂപ ചിലവായി. ഒരു തോലക്ക് 15 ക. 03 പൈസ വില നിരക്കിലായിരുന്നു വ്യാപാരം നടന്നത്.
1809 ലെ വേലുത്തമ്പിദളവയുടെ കുണ്ടറ വിളംബരത്തിലെ ആദ്യഭാഗം തിരുവിതാംകൂറിലെ രാജ-രാജ്യബന്ധത്തെ തികച്ചും പ്രതിഫലിപ്പിക്കുന്നതായി കാണാം. ''പരശുരാമ പ്രതിഷ്ഠയില്‍ ഉണ്ടായ മലയാളവും ഈ സമസ്ഥാനവും തോന്നിയ നാള്‍ മുതല്‍ ചേരമാന്‍ പെരുമാള്‍ വംശം വരെയും പരിപാലനം ചെയ്ത കാലത്തും അതില്‍ കിഴുതൃപ്പാദസ്വരൂപത്തിങ്കലേയ്ക്ക് തിരുമൂപ്പും അടങ്ങി ബഹുതലമുറയായിട്ടു ചെങ്കോല്‍ നടത്തി അനേകമായിരം സംവത്സരത്തിന് ഇടയിലും ഈ രാജ്യം ഇടപെട്ടും ഒരു ചോദ്യത്തിനും ശല്യത്തിനും ഇടവന്നിട്ടും ഇല്ല.
തൊള്ളായിരത്തിമുപ്പത്തിമൂന്നാമാണ്ട് നാടുനീങ്ങിയ തിരുമനസ്സുകൊണ്ട് കല്‍പ്പിച്ചു ദൂരദൃഷ്ടിയാല്‍ മേല്‍ക്കാലം വരവിന്റെ വിപരീതം കണ്ടു ഇനി ഈ ഭാരം നമ്മുടെ വംശത്തില്‍ ഉള്ളവര്‍ വഹിക്കയില്ലെന്നും വച്ചു നിശ്ചയിച്ച രാജ്യത്തിന് പൂവോടും നീരോടും കൂടെ ശ്രീപദ്മനാഭസ്വാമിയുടെ തൃപ്പടിയില്‍ ദാനവും ചെയ്തു. മേല്‍പ്പട്ടും വാഴുന്ന തമ്പുരാക്കന്മാരുടെ അവിടത്തെ ആളായിട്ടിരുന്ന കാര്യം വിചാരിക്കയും അവര്‍ക്ക് രാജഭോഗ ഭാഗ്യങ്ങളെക്കാളും അധികം തപോനിഷ്ഠയായിട്ടു വ്രതനിയമങ്ങളും അനുഷ്ഠിച്ചും താന്‍ ദുഃഖിച്ചും കുട്ടികള്‍ക്ക് സുഖം വരുത്തിയും അതിനു ഒരു കുറവുവരാതെ ഇരിക്കേണ്ടുന്നതിന് മേല്‍ രക്ഷയായിട്ടു ഈശ്വര സേവ, ഭദ്രദീപം, മുറജപം, അന്നസത്രം ആദിയായിട്ടുള്ള സല്‍കര്‍മങ്ങളെ നടത്തി കാലം കഴിച്ചുകൊള്ളുകയെന്നും വച്ചു നിശ്ചയിച്ചു ചട്ടം കെട്ടി കുട്ടികള്‍ക്ക് സുഭിക്ഷമായിട്ടു കഴിഞ്ഞു വരുന്നതിനാല്‍ ഇപ്പോള്‍ ഈ കലിയുഗത്തിങ്കല്‍ ഹിമവല്‍സേതുപര്യന്തം ഇതുപോലെ ധര്‍മസംസ്ഥാനം ഇല്ലെന്നുള്ള കീര്‍ത്തി പൂര്‍ണമായി ഇരിക്കപ്പെട്ടതു സര്‍വപേരും പ്രസിദ്ധമായിട്ടു അറിഞ്ഞിരിക്കുമല്ലോ....''
തൃപ്പടി ദാനത്തിനുശേഷം രാജ്യഭരണം പേരിനുമാത്രം കൈയ്യാളുന്ന ഒരു ഗവര്‍ണറായി തിരുവനന്തപുരം മഹാരാജാവ് മാറുന്ന കാഴ്ചയാണ് ചരിത്രത്താളുകളില്‍ കാണുന്നത്. നിയമനിര്‍മാണ-ഭരണ നിര്‍വഹണ കേന്ദ്രമായി എട്ടരയോഗം മാറി. അതില്‍ വോട്ടവകാശമില്ലാത്ത രാജാവിന്റെ സ്ഥിതി ഊഹിക്കുകയാവും നല്ലത്. എങ്കിലും എട്ടരയോഗത്തിന്റെ ആവിര്‍ഭാവത്തോടെ രാജ്യഭരണ ചിലവുകളും ക്ഷേത്രഭണ്ഡാരത്തിലേയ്ക്കുള്ള വരവും യഥാവിധി എഴുതി വെക്കുന്ന രീതി നിലവില്‍ വന്നത് ആശ്വാസകരം തന്നെ.
636 മകരം 26 ന് തീയതി ദേശിങ്ങനാട്ടുകീഴുപ്പേരൂര് ശ്രീ വീരരാമ മാര്‍ത്താണ്ഡവര്‍മ തൃപ്പാപ്പൂര് മൂത്ത തിരുവടി ക്ഷേത്രം പണിയും കലശവും കഴിപ്പിച്ചു. 557 ശ്രീ വീരമാര്‍ത്താണ്ഡവര്‍മരായ തൃപ്പാപ്പൂര് മൂത്തതിരുവടി പലദേശത്തും മനുഷ്യം മുറിച്ചതിന് പ്രായശ്ചിത്തം ചെയ്ത വള്ളിക്കുടം നാല്. ചാത്തൂരും ചിറയംകീഴും കയ്യാണ്ടതിന് കെട്ടിവെച്ച പണം 5000. എന്നിങ്ങനെ നാള്‍വഴികണക്കുകള്‍ കൃത്യമായി രേഖപ്പെടുത്തിയിട്ടുണ്ട്.
തിരുവിതാംകൂര്‍ രാജാക്കന്മാരുടെ കിരീടധാരണവേളയില്‍ മതപരമായ ബാധ്യത എന്ന നിലയില്‍ നടത്തുന്ന ഒരനുഷ്ഠാനമാണ് ഹിരണ്യഗര്‍ഭം. തിരുവിതാംകൂര്‍ രാജാക്കന്മാര്‍ ക്ഷത്രിയരല്ല. ക്ഷത്രിയര്‍ക്കേ പണ്ട് രാജ്യഭരണാവകാശമുള്ളു. ക്ഷത്രിയനാകണമെങ്കില്‍ യജ്ഞോപവീതം വേണം. അതിന് ഉപനയനം ചെയ്യണം. ഉപനയനം ചെയ്യണമെങ്കില്‍ അതിന് അര്‍ഹതവേണം. ആ അര്‍ഹത നേടാനുള്ള പ്രായശ്ചിത്ത കര്‍മമാണ് ഹിരണ്യഗര്‍ഭം. അത്യന്തം വ്യയ ഹേതുകമായ ഒരു ചടങ്ങാണിത്. താമരയുടെ ആകൃതിയില്‍ പത്തടി പൊക്കവും എട്ടടി ചുറ്റളവുമായി നിര്‍മിക്കുന്ന സവിശേഷ സ്വര്‍ണം പൊതിഞ്ഞ പാത്രത്തില്‍ നിറച്ച പഞ്ചഗവ്യത്തില്‍, പൊന്‍കോവണിയിലൂടെ കയറി ചെന്ന് അതിലെ തീര്‍ഥത്തില്‍ രാജാവ് അഞ്ചുതവണ മുങ്ങുന്നു. തുടര്‍ന്നു ശ്രീപദ്മനാഭന്റെ മുന്നില്‍ സാഷ്ടാംഗം പ്രണമിച്ചശേഷം മുഖ്യ പുരോഹിതനും പരിവാരങ്ങളും ചേര്‍ന്ന് രാജാവിന്റെ തലയില്‍ കിരീടം അണിയിക്കുകയും കുലശേഖര പെരുമാള്‍ എന്ന് ഉരുവിടുകയും ചെയ്യുന്നു. ഹിരണ്യം എന്നതിന് സ്വര്‍ണമെന്നും ഗര്‍ഭത്തിന് വയറെന്നുമാണ് അര്‍ഥം. ഈ കര്‍മം ചെയ്യുന്നതുകൊണ്ടാണ് തിരുവിതാംകൂര്‍ മഹാരാജാക്കന്മാരെ പ്രജകള്‍ 'പൊന്നുതമ്പുരാന്‍' എന്നു വിളിക്കുന്നത്. കിരീടം, പൊന്‍ കോണി, പാത്രം എന്നിവയുടെ നിര്‍മാണത്തിനുവേണ്ടിവരുന്ന സ്വര്‍ണത്തിനും രത്‌നക്കല്ലുകള്‍ക്കും പുറമെ ദാനമിനത്തില്‍ ധാരാളം സ്വര്‍ണം ചിലവുവരുന്ന ഒരു ആചാരമാണിത്.
അലങ്കോലപ്പെട്ടുകിടന്ന ക്ഷേത്രത്തിലെ വരവുചിലവുകണക്കുകള്‍, അന്നന്ന് കൃത്യമായി എഴുതി ഹാജരാകണമെന്ന് ഭരണാധികാരിയായ ഉമയമ്മറാണി (1677-1684) കര്‍ശന നിര്‍ദേശം പുറപ്പെടുവിച്ചതോടെ എട്ടര യോഗക്കാരെ ഏറെക്കുറെ തന്റെ നിയന്ത്രണത്തിലാക്കാന്‍ റാണിക്ക് കഴിഞ്ഞു. ഇക്കാര്യത്തില്‍ റാണി പിന്നീട് ദത്തെടുത്ത കോട്ടയം കേരളവര്‍മ (മലബാര്‍) യുടെ പിന്തുണ നിര്‍ണായകമായിരുന്നു. ഭരണത്തിലും യുദ്ധത്തിലും റാണിയെ ഏറെ സഹായിച്ചിരുന്ന കോട്ടയം കേരളവര്‍മയെ വേണാട്ടിലെ സ്ഥിരം മാടമ്പിമാര്‍ ഗൂഢാലോചന നടത്തി ചതിയില്‍ വധിക്കുകയുണ്ടായി. ഒരു സുപ്രസിദ്ധ കവികൂടിയായ കോട്ടയം കേരളവര്‍മ (കോട്ടയത്ത് തമ്പുരാന്‍) ശ്രീ പദ്മനാഭന്റെ പാദാന്തികത്തില്‍ നിന്നുകൊണ്ട് വാല്‍മീകി രാമായണം മുഴുവന്‍ മലയാളത്തിലേയ്ക്ക് വിവര്‍ത്തനം ചെയ്യുകയുണ്ടായി.
1344 മുതല്‍ 1350 വരെ വേണാട്ടുരാജാവായിരുന്ന വീര ഉദയ മാര്‍ത്താണ്ഡവര്‍മ ഏതാനും പോറ്റിമാരുടെ മരണത്തിനിടവരുത്തുകയാല്‍ പ്രായശ്ചിത്തമായി 150 പറ നിലവും, 3000 പണവും ശ്രീ പദ്മനാഭ സ്വാമി ക്ഷേത്രത്തിലേയ്ക്ക് പ്രായശ്ചിത്തമായി നല്‍കിയതിന് രേഖയുണ്ട്.
തൃപ്പടിദാനത്തോടെ രാജാവും പ്രജകളും രാജ്യവും സകല സ്ഥാവര ജംഗമ വസ്തുക്കളും ക്ഷേത്ര സ്വത്തായി ഔദ്യോഗികമായി മാറ്റപ്പെട്ടു. ശ്രീ പദ്മനാഭ ദാസനായി മാറിയ രാജാവ് നിത്യവും പദ്മനാഭസ്വാമി ദര്‍ശനം നടത്തണം. ഏതെങ്കിലും കാരണവശാല്‍ അതുമുടങ്ങിയാല്‍ അതിന്റെ പ്രായശ്ചിത്തമായി ഒരു സ്വര്‍ണക്കുടം വഴിപാടായി സമര്‍പ്പിക്കണം. കൂടാതെ രാജകുടുംബത്തിലെ എല്ലാ ആണ്‍പ്രജകളും നിത്യദര്‍ശന പട്ടികയില്‍പെടും. അവരുടെ ദര്‍ശനം മുടങ്ങിയാല്‍ വെള്ളിക്കുടമാണ് പ്രായശ്ചിത്തമായി സമര്‍പ്പിക്കേണ്ടിയിരുന്നത്. ഇങ്ങനെ സമര്‍പ്പിക്കുന്ന സ്വര്‍ണ-വെള്ളിക്കുടങ്ങള്‍ ശ്രീലകത്തേക്കിടുന്നത് പ്രത്യേക ദ്വാരം വഴിയായിരുന്നുവത്രേ. കൂടാതെ ഓരോ പിറന്നാളിനും മഹാരാജാക്കന്മാര്‍ മൂന്നുവടം ശരപ്പൊളിമാല (തങ്കത്തില്‍ തീര്‍ത്തത്) ശ്രീ പദ്മനാഭന് സമര്‍പ്പിക്കണമെന്നും നിബന്ധനയുണ്ടായിരുന്നു. ആദിത്യവര്‍മ സര്‍വാംഗനാഥന്‍ (1376-1383) ആണ് ശ്രീ പദ്മനാഭസ്വാമി ക്ഷേത്രത്തില്‍ കൃഷ്ണന്‍ കോവിലും ഗോശാലയും മണ്ഡപവും ദീപികാ ഗൃഹവും നിര്‍മിച്ചതെന്ന് അവിടത്തെ കൃഷ്ണസ്വാമി കോവിലിലെ ഒരു ശാസനത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ട്.
(അവസാനിക്കുന്നില്ല)
*
കൊറ്റിയത്ത് സദാനന്ദന്‍ ജനയുഗം
Subscribe to:
Post Comments (Atom)
1 comment:
തിരുവനന്തപുരം ശ്രീ പദ്മനാഭസ്വാമി ക്ഷേത്രത്തിലെ നിലവറകളില്‍ അമൂല്യമായ സ്വര്‍ണ-രത്‌നശേഖരം കണ്ടെത്തിയതോടെ, രാജ്യത്തെ ഏറ്റവും സമ്പന്നമായ ദൈവമുള്ള ക്ഷേത്രമായി അത് അറിയപ്പെട്ടുതുടങ്ങി.
Post a Comment