കൊച്ചി മെട്രോ റയില്‍ പദ്ധതി ഇനിയും വൈകിക്കുന്നതിനും കഴിഞ്ഞ എല്‍ ഡി എഫ് സര്‍ക്കാര്‍ മുന്നോട്ടുവച്ച പൂര്‍ണമായും പൊതുമേഖലയില്‍ പദ്ധതി നടപ്പിലാക്കണം എന്ന ആശയത്തെ അട്ടിമറിക്കാനും ശ്രമങ്ങള്‍ നടക്കുന്നു. പദ്ധതിക്ക് തത്വത്തില്‍ അംഗീകാരം നല്‍കിയെങ്കിലും ഏതു രീതിയില്‍ നടപ്പിലാക്കണം എന്നു തീരുമാനിക്കേണ്ടത് എക്‌സ്‌പെന്‍ഡിച്ചര്‍ ഫിനാന്‍സ് കമ്മിറ്റിയാണ് (ഇ എഫ് സി) എന്ന ആസുത്രണ കമ്മിഷന്‍ ഉപാധ്യക്ഷന്‍ മൊണ്ടേക് സിങ് അലുവാലിയയുടെ ഇപ്പോഴത്തെ പ്രസ്താവന ഈ വഴിക്കുള്ള ഒരു ഗൂഢനീക്കത്തിന്റെ ഭാഗം തന്നെയാണ്.
കൂടിയ ജനസാന്ദ്രതയും വാഹനങ്ങളുടെ വൈപുല്യവും കൂടിച്ചേര്‍ന്ന് കൊച്ചി ഗതാഗതക്കുരുക്കിന്റെ പിടിയലമര്‍ന്ന് നരകിക്കുന്നു. കേന്ദ്ര നഗരവികസന മന്ത്രാലയത്തിന്റെ പുതിയ പഠനങ്ങള്‍ വെളിപ്പെടുത്തുന്നത് സമീപഭാവിയില്‍ത്തന്നെ ഇത് ഗുരുതരമായ പ്രതിസന്ധിയിലേയ്ക്ക് കടക്കും എന്നാണ്. ഏതാണ്ട് 2030 ആകുമ്പോഴേയ്ക്കും പരമാവധി ഒരു മണിക്കൂറില്‍ എട്ട് കിലോമീറ്റര്‍ മാത്രമെ കൊച്ചി നഗരത്തിലൂടെയുള്ള ഗതാഗത വേഗതയ്ക്ക് സാധ്യതയുള്ളു.
ഇപ്പോഴത്തെ ഗതാഗത സൗകര്യങ്ങളുടെ പരിമിതിയും കൊച്ചിയുടെ സ്ഥലസൗകര്യങ്ങള്‍ക്കനുസരിച്ച് റോഡിന് വീതികൂട്ടുക എന്നത് അപ്രായോഗികവുമായിരിക്കുമ്പോള്‍ ഭീതിതമായ ഈ ഗതാഗതക്കുരുക്കിനെ നേരിടാന്‍ മറ്റു ഫലപ്രദമായ ബദല്‍ പദ്ധതികള്‍ ആവിഷ്‌കരിക്കേണ്ടതുണ്ട്. ഈ ഒരു ആലോചനയുടെ ഫലമായിട്ടാണ് മെട്രോ റയില്‍ എന്ന ഫലപ്രദമായ പരിഹാരമാര്‍ഗത്തിലേയ്ക്ക് സര്‍ക്കാര്‍ എത്തിച്ചേരുന്നത്. ആലുവാ മുതല്‍ തൃപ്പൂണിത്തുറ-പേട്ട വരെയുള്ള മെട്രോ റയില്‍ യാത്രക്കാര്‍ക്ക് പരമാവധി 12 രൂപ മുതല്‍ 30 വരെയായിരുന്നു കണക്കാക്കിയ ടിക്കറ്റ് നിരക്ക്. കുറഞ്ഞ ടിക്കറ്റ് നിരക്കും കൂടുതല്‍ വേഗത്തിലുള്ള യാത്രയും വാഹനങ്ങളുടെ തിക്കിത്തിരക്കില്‍ നിന്നുണ്ടാകുന്ന ഗതാഗതക്കുരുക്കും ഒഴിവാക്കാനുള്ള ഏറ്റവും ഫലപ്രദമായ പദ്ധതി എന്ന നിലയ്ക്കാണ് കഴിഞ്ഞ എല്‍ ഡി എഫ് സര്‍ക്കാര്‍ മെട്രോ റയില്‍ പദ്ധതിക്കായുള്ള ശ്രമങ്ങള്‍ നടത്തിയത്.
പദ്ധതി നടപ്പിലാക്കുന്നതിനായി മൂന്നു മാതൃകകളാണ് കേരളം പരിശോധിച്ചത്. ഡല്‍ഹി മെട്രോ റയില്‍ കോര്‍പ്പറേഷന്റെ മാതൃക, ബില്‍ഡ് ഓപ്പറേറ്റ് ആന്‍ഡ് ട്രാന്‍സ്ഫര്‍ മാതൃക (ബി ഒ ടി), പൊതു സ്വകാര്യ പങ്കാളിത്തം (പി പി പി) എന്നിവ. ഡി എം ആര്‍ സി മോഡല്‍ തിരഞ്ഞെടുക്കുകയായിരുന്നു എല്‍ ഡി എഫ് ഗവണ്‍മെന്റ് ചെയ്തത്. കാരണം ബി ഒ ടി മോഡല്‍ പ്രകാരം പദ്ധതി നടപ്പിലാക്കിയാല്‍ വലിയൊരു തുക വയബിലിറ്റി ഫണ്ടായി സര്‍ക്കാര്‍ സ്വകാര്യ പങ്കാളിക്കു നല്‍കേണ്ടിവരും. ഇത് ജനതാല്‍പര്യങ്ങള്‍ക്ക് വിരുദ്ധമാണ്. പൊതു സ്വകാര്യ പങ്കാളിത്തത്തില്‍ ആയാല്‍ സര്‍ക്കാര്‍ മുഴുവന്‍ സിവില്‍ ചെലവുകളും വഹിക്കേണ്ടിവരികയും കൂടാതെ 30 വര്‍ഷത്തേയ്ക്ക് ഈ പദ്ധതിയുടെ ഉടമസ്ഥാവകാശം സ്വകാര്യ പങ്കാളിക്കു നല്‍കേണ്ടിയുംവരും. ഫലത്തില്‍ ഈ പദ്ധതിയും ജനവിരുദ്ധമാണെന്നു കണ്ടെത്തിയതുകൊണ്ടാണ് കേന്ദ്രസംസ്ഥാന സര്‍ക്കാരുകളുടെ സഹകരണത്തോടെയുള്ള ഡല്‍ഹി മെട്രോ റയില്‍ മാതൃകയില്‍ കൊച്ചിയില്‍ മെട്രോ റയില്‍ യാഥാര്‍ഥ്യമാക്കാന്‍ എല്‍ ഡി എഫ് സര്‍ക്കാര്‍ തീരുമാനമെടുത്തത്. ഈ തീരുമാനത്തെയാണ് ആസൂത്രണ കമ്മിഷന്‍ ഉപാധ്യക്ഷന്‍ ഇപ്പോള്‍ അട്ടിമറിക്കാന്‍ ശ്രമിക്കുന്നത്.
രണ്ടാം യു പി എ ഗവണ്‍മെന്റിന്റെ ആദ്യദിവസങ്ങളില്‍ പ്രഖ്യാപിച്ച 100 ദിന കര്‍മപരിപാടിയില്‍ കൊച്ചി മെട്രോ റയിലും ഉള്‍പ്പെടുത്തിയിരുന്നു. യു പി എ ഗവണ്‍മെന്റ് രണ്ടര വര്‍ഷം പിന്നിടുമ്പോള്‍ ഇത് സംബന്ധിച്ച് എടുത്ത നടപടികള്‍ വ്യക്തമാക്കാന്‍ കേന്ദ്രം തയ്യാറാകുമോ?
അന്നത്തെ ധനകാര്യമന്ത്രി ഡോ തോമസ് ഐസക്കിന്റെ ബജറ്റില്‍ കൊച്ചി മെട്രോ റയിലിന്റെ അടിസ്ഥാന സൗകര്യ വികസനത്തിനായി 168 കോടി രൂപാ വകയിരുത്തുകയും അടിയന്തിരമായി 60 കോടി രൂപാ അനുവദിക്കുകയുമുണ്ടായി. അന്നത്തെ മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ പ്രധാനമന്ത്രിയെയും പ്ലാനിംഗ് കമ്മിഷന്‍ വൈസ് ചെയര്‍മാനെയും കണ്ട് പദ്ധതിയുടെ പൂര്‍ണരൂപം സമര്‍പ്പിച്ചു. 2006 ഡിസംബര്‍ 22 ന് സമര്‍പ്പിച്ച ഡീറ്റൈല്‍ഡ് പ്രോജക്ട് റിപ്പോര്‍ട്ട് പ്രകാരം 2000 കോടി രൂപയായിരുന്നു പദ്ധതി ചെലവ് എന്നാല്‍ 2010 ല്‍ അത് 6000 കോടി രൂപ വരെയായി വര്‍ധിച്ചു. 2009 ഫെബ്രുവരിയില്‍ ഒരു സ്‌പെഷ്യല്‍ ഓഫീസറുടെ നേതൃത്വത്തില്‍ പ്രോജക്ട് ഓഫീസ് കൊച്ചിയില്‍ പ്രവര്‍ത്തനമാരംഭിച്ചു. ഇതിന്റെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ക്ക് സര്‍ക്കാര്‍ 50 ലക്ഷം രൂപ അനുവദിക്കുകയും ചെയ്തു. പദ്ധതി നടപ്പിലാക്കുന്നതിനായി കേന്ദ്ര നഗര മന്ത്രാലയവും ആസൂത്രണ കമ്മഷനും അനുമതി നല്‍കിയിട്ടുണ്ടെന്നാണ് ഇപ്പോള്‍ യു ഡി എഫ് സര്‍ക്കാര്‍ അവകാശപ്പെടുന്നത്. എന്നാല്‍ ഈ അനുമതി എല്‍ ഡി എഫ് സര്‍ക്കാരിന്റെ കാലത്ത് ലഭിച്ചതാണ്.
കേരളത്തില്‍ നിന്നും അഞ്ച് കേന്ദ്രമന്ത്രിമാര്‍ ഉണ്ടായിട്ടുകൂടി അന്ന് ക്യാബിനറ്റിന്റെ അംഗീകാരം വാങ്ങാന്‍ കഴിഞ്ഞില്ല എന്ന ഖേദകരമായ സത്യം യു ഡി എഫ് സര്‍ക്കാര്‍ ജനങ്ങളില്‍ നിന്നും മറച്ചുപിടിക്കുകയാണ്.മാത്രവുമല്ല ഡല്‍ഹി മെട്രോ റയില്‍ മോഡല്‍ അട്ടിമറിച്ച് സംസ്ഥാന താല്‍പര്യങ്ങള്‍ ബലികഴിക്കുന്ന സ്വകാര്യ-പൊതുമേഖലാ സംയുക്ത സംരംഭം എന്ന മാതൃകയാണ് യു ഡി എഫ് സര്‍ക്കാര്‍ മുന്നോട്ട് വച്ചത്. ഡല്‍ഹി മെട്രോ റയില്‍ ചെയര്‍മാനായ ഇ ശ്രീധരന്റെ ശക്തമായ ഇടപെടല്‍ മൂലമാണ് സര്‍ക്കാര്‍ ഈ നീക്കത്തില്‍ നിന്നും പിന്‍മാറിയതും, എല്‍ ഡി എഫ് സര്‍ക്കാര്‍ മുന്നോട്ടുവച്ച നിലപാട് തുടരുവാന്‍ നിര്‍ബന്ധിതമായതും. എന്നാല്‍ ഇതു വീണ്ടും അട്ടിമറിക്കപ്പെടുന്നു എന്ന സൂചനയാണ് ആസൂത്രണ കമ്മിഷന്‍ ഉപാധ്യക്ഷന്റെ പ്രസ്താവന.
ഇപ്പോള്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നടപ്പിലാക്കും എന്നു പ്രഖ്യാപിച്ച കൊച്ചി മെട്രോ റയില്‍ പദ്ധതി കഴിഞ്ഞ എല്‍ ഡി എഫ് സര്‍ക്കാര്‍ പ്രഖ്യാപിച്ച അതേ പദ്ധതിതന്നെയാണ്. പിന്നെ എന്തുകൊണ്ട് കേന്ദ്രസര്‍ക്കാര്‍ ഈ പദ്ധതിക്കുള്ള അനുമതി ഇത്രകാലം നീട്ടിവച്ചു? നഷ്ടപ്പെട്ടത് അഞ്ചു കൊല്ലം മാത്രമല്ല പദ്ധതി ചെലവ് 2000 കോടിയില്‍ നിന്നും 6000 കോടിയിലേയ്ക്കു വര്‍ധിപ്പിച്ചപ്പോള്‍ സംസ്ഥാനത്തിന് 4000 കോടി രൂപയാണ് നഷ്ടമായത്.
ചെന്നൈ മെട്രോ റയില്‍ പദ്ധതി ആസൂത്രണ കമ്മിഷന്‍ കേന്ദ്ര ക്യാബിനറ്റിന് നേരിട്ട് അയച്ച് അംഗീകരിച്ചിരുന്നു. കേന്ദ്ര ക്യാബിനറ്റിന്റെ അനുവാദത്തോടുകൂടി പൂര്‍ണമായും പൊതുമേഖലയില്‍ ആ പദ്ധതി നടപ്പിലാക്കുകയായിരുന്നു. പൊതു-സ്വകാര്യ പങ്കാളിത്തം എന്ന ആസൂത്രണ കമ്മിഷന്റെ ശുപാര്‍ശ കരുണാനിധിയുടെ സമ്മര്‍ദം മൂലം കേന്ദ്ര ക്യാബിനറ്റ് അംഗീകരിച്ചില്ല. കൊല്‍ക്കത്ത മെട്രോ റയിലിന് പുതുതായി അനുവദിച്ച ഇടനാഴിയുടെ കാര്യത്തിലും ഇതേ നടപടി ആവര്‍ത്തിച്ചു. അവിടെയും സംസ്ഥാനത്തിന്റെ രാഷ്ട്രീയ സമ്മര്‍ദം നിര്‍ണായകമായിരുന്നു. പക്ഷെ കേരളത്തിന്റെ കാര്യത്തില്‍ മാത്രം എന്തുകൊണ്ട് അത് സംഭവിക്കുന്നില്ല.
പദ്ധതിയില്‍ സ്വകാര്യ പങ്കാളിത്തം ഉറപ്പാക്കാനുള്ള നീചമായ ശ്രമത്തില്‍ മുഖ്യമന്ത്രിയുടെ പങ്കെന്താണ്?
പൂര്‍ണമായും പൊതുമേഖലയില്‍ പദ്ധതി നടപ്പിലാക്കാനുള്ള എല്‍ ഡി എഫ് സര്‍ക്കാര്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ട് അട്ടിമറിക്കാന്‍ അഞ്ച് വര്‍ഷം വച്ചു താമസിപ്പിക്കുകയും പദ്ധതി ചെലവ് 2000 കോടിയില്‍ നിന്നും 6000 കോടിയിലേയ്ക്ക് വര്‍ധിപ്പിക്കാനുള്ള സാഹചര്യം ഒരുക്കിയത് ആരാണ്? രണ്ടാം യു പി എ സര്‍ക്കാരിന്റെ നൂറുദിന പരിപാടിയില്‍ കൊച്ചി മെട്രോ റയില്‍ പദ്ധതിയെ ഉള്‍പ്പെടുത്തിയിരുന്നു. എങ്കിലും എന്തുകൊണ്ട് ഫലപ്രാപ്തിയിലെത്തിയില്ല? പദ്ധതിയുടെ ക്രെഡിറ്റ് കൈക്കലാക്കാന്‍ കേന്ദ്രവും കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കളും കൂടി കളിച്ച കളിമൂലം കേരളത്തിന് സംഭവിച്ച നഷ്ടത്തിന് ആര് ഉത്തരം പറയും? ഇപ്പോള്‍ പദ്ധതി വീണ്ടും വൈകിപ്പിക്കുന്നതിനും സ്വകാര്യ പങ്കാളിത്തം എന്ന സംസ്ഥാന താല്‍പര്യത്തിന് വിരുദ്ധമായ ആലോചനയ്ക്ക് ഇടനല്‍കുന്നതുമായ ആസൂത്രണ കമ്മിഷന്റെ പ്രസ്താവന എന്തിനുവേണ്ടിയാണ്? പദ്ധതിയെ ഇനിയും വൈകിപ്പിക്കാനും സ്വകാര്യ പങ്കാളിത്തത്തിന് വഴിയൊരുക്കാനുമാണ് യു ഡി എഫ് സര്‍ക്കാരിന്റെ നീക്കം എങ്കില്‍ അതിന് കനത്തവില നല്‍കേണ്ടിവരും?
*
എം വിജയകുമാര്‍ (ലേഖകന്‍ മുന്‍ പൊതുമരാമത്ത് വകുപ്പ് മന്ത്രിയും എം എല്‍ എയുമാണ്)
Subscribe to:
Post Comments (Atom)
1 comment:
കൊച്ചി മെട്രോ റയില്‍ പദ്ധതി ഇനിയും വൈകിക്കുന്നതിനും കഴിഞ്ഞ എല്‍ ഡി എഫ് സര്‍ക്കാര്‍ മുന്നോട്ടുവച്ച പൂര്‍ണമായും പൊതുമേഖലയില്‍ പദ്ധതി നടപ്പിലാക്കണം എന്ന ആശയത്തെ അട്ടിമറിക്കാനും ശ്രമങ്ങള്‍ നടക്കുന്നു. പദ്ധതിക്ക് തത്വത്തില്‍ അംഗീകാരം നല്‍കിയെങ്കിലും ഏതു രീതിയില്‍ നടപ്പിലാക്കണം എന്നു തീരുമാനിക്കേണ്ടത് എക്‌സ്‌പെന്‍ഡിച്ചര്‍ ഫിനാന്‍സ് കമ്മിറ്റിയാണ് (ഇ എഫ് സി) എന്ന ആസുത്രണ കമ്മിഷന്‍ ഉപാധ്യക്ഷന്‍ മൊണ്ടേക് സിങ് അലുവാലിയയുടെ ഇപ്പോഴത്തെ പ്രസ്താവന ഈ വഴിക്കുള്ള ഒരു ഗൂഢനീക്കത്തിന്റെ ഭാഗം തന്നെയാണ്.
Post a Comment