Thursday, September 29, 2011

കോടതി ഉത്തരവിന്റെ ദുര്‍വ്യാഖ്യാനം

ഐസ്ക്രീം കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഞാന്‍ നല്‍കിയ റിട്ട് ഹര്‍ജിയില്‍ ഹൈക്കോടതിയില്‍നിന്നുണ്ടായ ഇടക്കാല ഉത്തരവ് യുഡിഎഫ് സര്‍ക്കാരിന് വലിയ ആശ്വാസമായി എന്ന മട്ടിലാണ് ആ ഭാഗത്തുനിന്ന് പ്രതികരണമുണ്ടായത്. ചൊവ്വാഴ്ച നിയമസഭയിലെ ചര്‍ച്ചയ്ക്കിടയില്‍ യുഡിഎഫിലെ ചില അംഗങ്ങളും പുറത്ത് കെപിസിസി വക്താവ് എം എം ഹസ്സന്‍ , ലീഗ് ജനറല്‍ സെക്രട്ടറി കെ പി എ മജീദ് തുടങ്ങിയവരും പറഞ്ഞത് വി എസിന്റെ ഹര്‍ജി തള്ളി, സിബിഐ അന്വേഷണാവശ്യം അന്തിമമായി നിരാകരിച്ചു എന്നുമാണ്. ഹൈക്കോടതി ഉത്തരവിനെ ദുര്‍വ്യാഖ്യാനിച്ച് പ്രതിഭാഗം വക്താക്കള്‍ അങ്ങനെ ആശ്വസിക്കുന്നുവെങ്കില്‍ ഹാ കഷ്ടം! എന്നേ പറയാനുള്ളൂ.

ഹൈക്കോടതിയില്‍ പരാതി നല്‍കിയ ഞാന്‍ നിയമസഭയില്‍ പറഞ്ഞത് കോടതി ഉത്തരവ് പ്രസക്തമാണെന്നാണ്. എന്റെ ആവശ്യം തത്വത്തില്‍ അംഗീകരിക്കുകയാണ് ഹൈക്കോടതി ചെയ്തിരിക്കുന്നത്. ഹര്‍ജിയില്‍ ഞാന്‍ ഉന്നയിച്ച പ്രശ്നങ്ങള്‍ അതീവ ഗൗരവമുള്ളതാണെന്ന് ഹൈക്കോടതി നിരീക്ഷിക്കുകയുണ്ടായി. കേരളാ പൊലീസിന്റെ പ്രത്യേക സംഘം നടത്തുന്ന അന്വേഷണം തുടരുകയാണെന്നും നിരവധി പേരില്‍നിന്ന് മൊഴിയെടുത്തുവെന്നുമുള്ള പൊലീസിന്റെ സ്റ്റാറ്റസ് റിപ്പോര്‍ട്ട് കണക്കിലെടുത്ത കോടതി പക്ഷേ, ഹര്‍ജി തീര്‍പ്പാക്കിയില്ല. അന്വേഷണത്തിന്റെ മേല്‍നോട്ടം ഹൈക്കോടതി നേരിട്ട് ഏറ്റെടുത്തുവെന്നതിന് വളരെ പ്രാധാന്യമുണ്ട്. മൂന്നു മാസത്തിനിടയില്‍ അന്വേഷണം പൂര്‍ത്തിയാക്കണമെന്നും ആ കാലാവധി തീരുന്ന മുറയ്ക്ക് ഡിസംബര്‍ 22ന് എന്റെ ഹര്‍ജി വീണ്ടും പരിഗണിക്കുമെന്നും ഇടക്കാല ഉത്തരവില്‍ വ്യക്തമാണ്. അതായത്, സിബിഐ അന്വേഷണം ആശ്യപ്പെട്ടുള്ള ഹര്‍ജി നിലനില്‍ക്കുന്നു. കേസന്വേഷണം ഊര്‍ജിതവും കാര്യക്ഷമവും കുറ്റമറ്റതുമാക്കുക എന്നതാണ് എന്റെ ഹര്‍ജിയുടെ ലക്ഷ്യം. ആ ആവശ്യം സാധിക്കാന്‍ ഹൈക്കോടതി നിരീക്ഷണത്തോടെയുള്ള അന്വേഷണം പര്യാപ്തമാകും എന്നതാവും ഇടക്കാല ഉത്തരവിനാധാരമായി കോടതി കണ്ടിട്ടുണ്ടാവുക. ആ പ്രതീക്ഷ, ആ വിശ്വാസം യാഥാര്‍ഥ്യമാകുമോ എന്നത് കാത്തിരുന്ന് കാണേണ്ടതാണ്.

കോടതിയിലും നീതിന്യായ സംവിധാനത്തിലും എനിക്ക് വിശ്വാസമുണ്ട്. കേസുമായി നടക്കുന്ന ആള്‍ എന്ന് നിയമസഭയ്ക്കകത്തും പുറത്തും എന്നെ പഴിച്ചും പരിഹസിച്ചും പലരും സംസാരിക്കുന്നു. ഇത് ഇന്നും ഇന്നലെയും കേള്‍ക്കാന്‍ തുടങ്ങിയതല്ല. അതിലൊന്നും എനിക്ക് പരിഭവവും കുലുക്കവുമില്ല. കോടതിയില്‍നിന്ന് എല്ലാ കാര്യത്തിലും അതിവേഗം നീതി കിട്ടുമെന്നോ എല്ലാ സാമൂഹ്യ പ്രശ്നങ്ങളുടെയും പ്രതിവിധി കോടതി വഴി സാധിക്കുമെന്നോ കരുതാനുള്ള മൗഢ്യം എനിക്കില്ല. എന്നാല്‍ , സത്യവും നീതിയും സ്ഥാപിച്ചെടുക്കുന്നതിനും അന്യായങ്ങളും അനീതികളും കുറ്റകൃത്യങ്ങളും തടയുന്നതിനുമുള്ള പോരാട്ടത്തിന്റെ സുപ്രധാനമായ ഒരു മുഖമാണ് കോടതി എന്നതില്‍ സംശയമില്ല. എത്രതന്നെ അമര്‍ച്ച ചെയ്യാന്‍ ശ്രമിച്ചാലും അന്തിമമായി സത്യം തെളിയുമെന്നതും വൈകിയാലും നീതി നടപ്പാകുമെന്നും ഒട്ടനവധി കേസുകളിലെ സമീപകാലാനുഭവം നമുക്ക് തെളിവ് നല്‍കുന്നു.

ഇടമലയാര്‍ കേസില്‍ അന്തിമവിധി വരികയും നടപ്പാവുകയുംചെയ്തത് രണ്ട് പതിറ്റാണ്ടുകാലത്തെ പോരാട്ടത്തിനൊടുവിലാണ്. പാമൊലിന്‍ കേസില്‍ നീതി ലഭിക്കുന്നതിനുള്ള പശ്ചാത്തലമൊരുങ്ങുന്നതായി സമീപകാലാനുഭവങ്ങള്‍ സൂചന തരുന്നു. ഐസ്ക്രീം കേസ് തേച്ചുമാച്ചു കളയാന്‍ എത്രതന്നെ കോടികള്‍ ഒഴുക്കി, എത്രമാത്രം മാഫിയാ പ്രവര്‍ത്തനങ്ങള്‍ നടത്തി - എന്നിട്ടും ആ കേസ് കൂടുതല്‍ വ്യാപ്തിയിലും ആഴത്തിലും വീണ്ടും പരിഗണനാ വിഷയമായിരിക്കുന്നു. ആര്‍ക്കെങ്കിലുമെതിരെ വെറുതെ കേസ് കൊടുത്ത് കേസ്കെട്ടുമായി നടക്കുന്ന ആളല്ല ഞാന്‍ . പാമൊലിന്‍ കേസിലും ഇടമലയാര്‍ കേസിലും ഐസ്ക്രീം കേസിലും ഞാന്‍ ഇടപെട്ടത് ബഹുജന താല്‍പ്പര്യം മുന്‍നിര്‍ത്തിയാണ്. ഇടതുപക്ഷ ജനാധിപത്യമുന്നണി കണ്‍വീനര്‍, പ്രതിപക്ഷനേതാവ് എന്നിങ്ങനെ അതത് അവസരത്തില്‍ എന്നില്‍ നിക്ഷിപ്തമായ ചുമതലയും ആധികാരികതയും വച്ചാണ് ഈ പ്രശ്നങ്ങള്‍ ഉയര്‍ത്തിയതും താല്‍ക്കാലികമായുണ്ടായ തിരിച്ചടികളില്‍ പതറാതെ, നിക്ഷിപ്ത താല്‍പ്പര്യക്കാരുടെ ശാപവാക്കുകളിലും പരിഹാസങ്ങളിലും ചൂളാതെ നീതിക്കു വേണ്ടിയുള്ള പോരാട്ടം തുടര്‍ന്നത്; തുടരുന്നത്. ബഹുജന പോരാട്ടത്തിന് പകരമല്ല, അതിന് പൂരകമായാണ് നിയമസമരങ്ങളെ കാണുന്നത്.

കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് ഐസ്ക്രീം സംഭവത്തില്‍ വീണ്ടും കേസുണ്ടായത് പ്രത്യേക സാഹചര്യത്തിലാണ്. അന്ന് മുസ്ലിം ലീഗിന്റെ ജനറല്‍ സെക്രട്ടറിയായിരുന്ന, ഇപ്പോഴത്തെ മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി നടത്തിയ ഒരു പത്രസമ്മേളനമാണ് പുതിയ കേസിന്റെ തുടക്കം. ഭാര്യ സഹോദരീ ഭര്‍ത്താവായ റൗഫ് തനിക്കെതിരെ ഗൂഢാലോചന നടത്തി, കേസ് കുത്തിപ്പൊക്കാന്‍ ശ്രമിക്കുന്നുവെന്നും താന്‍ മന്ത്രിയായിരുന്നപ്പോള്‍ അയാള്‍ക്കു വേണ്ടി പല കാര്യങ്ങളും വഴിവിട്ട് ചെയ്തുകൊടുത്തിട്ടുണ്ടെന്നും, ആ വഴിവിടല്‍ പരിധി കടക്കുന്നതിനാല്‍ നിര്‍ത്തിയതിന്റെ വൈരാഗ്യമാണ് റൗഫ് നടത്താന്‍പോകുന്ന വെളിപ്പെടുത്തലുകള്‍ എന്ന മട്ടിലായിരുന്നു കുഞ്ഞാലിക്കുട്ടിയുടെ പത്രസമ്മേളനം. അതിന് ശേഷമാണ് കുഞ്ഞാലിക്കുട്ടി നടത്തിയ വഴിവിട്ട പ്രവൃത്തികള്‍ എണ്ണിയെണ്ണി പറഞ്ഞുകൊണ്ട് റൗഫ് പത്രസമ്മേളനം നടത്തിയത്.
വര്‍ഷങ്ങള്‍ക്കു മുമ്പ് റജീന എന്ന പെണ്‍കുട്ടി കുഞ്ഞാലിക്കുട്ടിയുടെതന്നെ സഹപ്രവര്‍ത്തകന്‍ മുനീര്‍ നേതൃത്വം നല്‍കുന്ന ചാനലിലൂടെ നടത്തിയ വെളിപ്പെടുത്തലുകളും ആ സംഭവവികാസത്തിനൊടുവില്‍ കുഞ്ഞാലിക്കുട്ടിക്ക് മന്ത്രിസ്ഥാനം രാജിവയ്ക്കേണ്ടി വന്നതും പിന്നീട് ആ കേസുകള്‍ പണമൊഴുക്കിയും ഭീഷണിപ്പെടുത്തിയും ഒതുക്കിയതുമെല്ലാം ഒരു ചലച്ചിത്രത്തിലെന്നപോലെ ഓര്‍മയുള്ളവരാണ് മലയാളികളാകെ. അവര്‍ക്ക് മുന്നിലാണ് കുഞ്ഞാലിക്കുട്ടിയുടെ പരിചയപ്പെടുത്തലോടെ റൗഫ് ഐസ്ക്രീം കേസ് അട്ടിമറിച്ചതിന്റെ അന്തര്‍നാടകങ്ങള്‍ അവതരിപ്പിച്ചത്. ഇരകളെ ഭീഷണിപ്പെടുത്തിയതും പണം കൊടുത്ത് പ്രീണിപ്പിച്ചതും പൊലീസുദ്യോഗസ്ഥര്‍ക്ക് പണം കൊടുത്ത് അന്വേഷണം അട്ടിമറിച്ചതും ഇരകളെയും സാക്ഷികളെയും നാടുകടത്തിയതും ജഡ്ജിക്ക് കോഴകൊടുത്തതും സര്‍ക്കാര്‍ അഭിഭാഷകരെ അതിന് ഇടനിലക്കാരാക്കിയതും അടക്കമുള്ള വസ്തുതകള്‍ അക്കമിട്ട് നിരത്തുകയായിരുന്നു റൗഫ്. ഈ കുറ്റങ്ങളെല്ലാം കുഞ്ഞാലിക്കുട്ടിക്കു വേണ്ടി കുഞ്ഞാലിക്കുട്ടി നല്‍കിയ പണം ഉപയോഗിച്ച് തന്റെ നേതൃത്വത്തിലാണ് നടത്തിയതെന്നും ഒരു കോടതിവിധി പുറത്തുനിന്ന് എഴുതി തയ്യാറാക്കി വായിക്കാന്‍ പാകത്തിലാക്കി ജഡ്ജിക്ക് നല്‍കിയതാണെന്നുമെല്ലാമാണ് റൗഫ് വിശദീകരിച്ചത്. ഇതു സംബന്ധിച്ച് കോഴിക്കോട് പൊലീസ് നേരിട്ട് കേസെടുക്കുകയായിരുന്നു.

റൗഫിന്റെ വെളിപ്പെടുത്തലുകള്‍ക്കു പിന്നാലെ ഇപ്പോഴത്തെ മന്ത്രി എം കെ മുനീറിന്റെ ചാനലിലൂടെ ഇരകളുടെയും പ്രതികളുടെയും സാക്ഷികളുടെയും മൊഴികള്‍ പുറത്തുവന്നു. ഈ സാഹചര്യത്തില്‍ കേസന്വേഷണത്തിന് എഡിജിപി വിന്‍സന്‍ എം പോളിന്റെ നേതൃത്വത്തിലുള്ള ഉന്നതതല സംഘത്തെ ചുമതലപ്പെടുത്തി. മുനീര്‍ ചെയര്‍മാനായ ചാനല്‍ ശേഖരിച്ച ദൃശ്യവും ശബ്ദവുമുള്ള മൊഴികളടങ്ങിയ സിഡികള്‍ അന്വേഷണത്തിനായി മുഖ്യമന്ത്രി എന്ന നിലയില്‍ എനിക്ക് നല്‍കുകയും ഞാനത് അന്വേഷണ സംഘത്തിന് കൈമാറുകയുംചെയ്തു. കേസന്വേഷണം പുരോഗമിച്ചുകൊണ്ടിരിക്കെ തെരഞ്ഞെടുപ്പ് പ്രഖ്യാപനം വന്നു. യുഡിഎഫ് അധികാരത്തില്‍ വരികയും രണ്ടാം നമ്പര്‍ മന്ത്രിയായി കുഞ്ഞാലിക്കുട്ടി സര്‍വാധികാരിയാവുകയുംചെയ്തു. ലീഗ് അഥവാ അതിന്റെ നേതാവായ കുഞ്ഞാലിക്കുട്ടിയുടെ ആജ്ഞാനുസരണം പ്രവര്‍ത്തിക്കേണ്ട ഗതികേടിലാണ് മുഖ്യകക്ഷിയായ കോണ്‍ഗ്രസും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും. ഐസ്ക്രീം കേസന്വേഷണം അട്ടിമറിക്കാനായി പ്രത്യേക പൊലീസ് സംഘത്തെ ശിഥിലമാക്കുകയും അന്വേഷണം വഴിതിരിച്ചുവിടുകയും ചെയ്യുന്നതിനായിരുന്നു പിന്നീടുള്ള നീക്കങ്ങള്‍ . അന്വേഷണം അട്ടിമറിക്കാന്‍ നടത്തിയ മാഫിയാ മോഡല്‍ പ്രവര്‍ത്തനങ്ങള്‍ മുഴുവന്‍ കേരളീയര്‍ക്കും അറിയാവുന്നതാണ്.

പെണ്‍വാണിഭം നടത്തിയെന്നും പെണ്‍കുട്ടികളെ മനുഷ്യരായല്ല, കേവലം ഇരകളും വിലയ്ക്ക് വാങ്ങാവുന്ന ചരക്കുമായാണ് മേല്‍പ്പറഞ്ഞ മന്ത്രിയും കൂട്ടരും കണ്ടതെന്നും അതു സംബന്ധിച്ച കേസിലെ ആരോപണങ്ങളെല്ലാം വസ്തുതകളാണെന്നും വിശ്വസിക്കാത്ത ആരെങ്കിലുമുണ്ടെന്ന് തോന്നുന്നില്ല. എന്നാല്‍ , അധികാരവും നേതൃത്വവും പണക്കൊഴുപ്പുമുള്ളതിനാല്‍ ആ കൊടുംകുറ്റകൃത്യത്തെ കണ്ടില്ലെന്നു നടിക്കുകയും നിര്‍ലജ്ജം ന്യായീകരിക്കുകയും ചെയ്യുന്നവരുണ്ട്. നിക്ഷിപ്ത താല്‍പ്പര്യക്കാരായ അവര്‍ ആത്മനിന്ദയോടെയാവും ഇങ്ങനെ ന്യായീകരിക്കുന്നത്. ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന കേസന്വേഷണവുമായി ബന്ധപ്പെട്ട് മറ്റൊരു കാര്യം കഴിഞ്ഞ ദിവസം പുറത്തുവന്നു. അക്കാര്യം ഹൈക്കോടതി പരിഗണിച്ചുവോ എന്ന് വ്യക്തമല്ല. ഐസ്ക്രീം കേസിലെ ഇരകളായ റോസ്‌ലിന്‍ , ബിന്ദു എന്നിവര്‍ മുഖ്യമന്ത്രിക്കും കോടതിക്കും പ്രതിപക്ഷനേതാവായ എനിക്കും അയച്ച കത്താണത്. കുഞ്ഞാലിക്കുട്ടിയുടെ പ്രതിനിധിയായ ഷെരീഫ് തങ്ങളെ ഭീഷണിപ്പെടുത്തി മൊഴി മാറ്റിച്ചുവെന്നും അന്വേഷണോദ്യോഗസ്ഥര്‍ ചോദിക്കുന്ന ചോദ്യങ്ങള്‍ നേരത്തെതന്നെ പറഞ്ഞുകൊടുത്ത് കള്ള ഉത്തരങ്ങള്‍ പഠിപ്പിച്ചുവെന്നുമാണത്. ഭൗതികമായ തെളിവുകളോടെയാണവരുടെ വെളിപ്പെടുത്തല്‍ .

റൗഫ് ഉള്‍പ്പെടെയുള്ളവര്‍ സെക്ഷന്‍ 164 പ്രകാരം കോടതിയില്‍ മൊഴി നല്‍കിയശേഷവും സാക്ഷികളെ പ്രലോഭിപ്പിച്ചും ഭീഷണിപ്പെടുത്തിയും കേസ് അട്ടിമറിക്കാന്‍ മന്ത്രിയും കൂട്ടരും നേതൃത്വം നല്‍കിയെന്നാണ് ഈ കത്തില്‍നിന്ന് വ്യക്തമാവുന്നത്. ഐസ്ക്രീം കേസിലെ വ്യഭിചാരം, ബലാല്‍ക്കാരം, പെണ്‍വാണിഭം, അഴിമതിപ്പണ വിനിയോഗം, നീതിന്യായ സംവിധാനത്തെ തൃണവല്‍ഗണിച്ച് കേസ് അട്ടിമറിക്കല്‍ എന്നിവ നൂറു ശതമാനം സത്യമായി ജനങ്ങള്‍ക്ക് മുമ്പില്‍ നില്‍ക്കുന്നു. അന്വേഷണ റിപ്പോര്‍ട്ടും പൊലീസ് കേസും വിധികളും എന്തായാലും ഈ സത്യങ്ങള്‍ സത്യമായിത്തന്നെ ശാശ്വതമായി നില്‍ക്കുകയും ചെയ്യുന്നു. നേരത്തെ സൂചിപ്പിച്ചതുപോലെ ഇതൊരു കേവല വ്യഭിചാര സംഭവമല്ല - അതുമാത്രമാണെങ്കില്‍ ആ അവജ്ഞയോടെ ഇതിന് വിരാമമിടാം. അതിനപ്പുറം ബഹുവിധ മാനമുള്ള ഒരു ഭീകര കുറ്റ ശൃംഖലയാണിതെന്നതാണ് പ്രതിബന്ധങ്ങളെയെല്ലാം അവഗണിച്ച് ഈ കേസ് മുന്നോട്ടുപോകുന്നതിന്റെ പ്രസക്തി. വ്യഭിചാരത്തിന്റെയോ ബലാല്‍ക്കാരത്തിന്റെയോ മാത്രം പ്രശ്നമല്ല ഇത്. സ്ത്രീകളുടെയും നമ്മുടെ നാടിന്റെയാകെയും മാനത്തിന്റെ പ്രശ്നമാണ്. സ്ത്രീകള്‍ കാമപൂരണത്തിന് പണം കൊടുത്ത് വാങ്ങാവുന്ന ഉപകരണം മാത്രമാണെന്ന പ്രതീതി സൃഷ്ടിക്കാന്‍ ശ്രമിച്ച അധമമായ ധാര്‍ഷ്ട്യത്തിന്റെ പ്രശ്നമാണ്. പണത്തിനു മേലെ പരുന്തും പറക്കില്ലെന്ന് അഴിമതിപ്പണംകൊണ്ട് സ്ഥാപിക്കാന്‍ ശ്രമിച്ച ഔദ്ധത്യത്തിന്റെ പ്രശ്നമാണ്. ഇത് പുറത്തു കൊണ്ടുവരേണ്ടത് നീതിയും ന്യായവും സത്യവും മാനവും സ്വാതന്ത്ര്യവും പുലരേണ്ടതിന് അനിവാര്യമാണ്.

*****

വി എസ് അച്യുതാനന്ദന്‍

1 comment:

വര്‍ക്കേഴ്സ് ഫോറം said...