Wednesday, December 26, 2012

ജീവനക്കാരെ പണിമുടക്കിലേക്ക് തള്ളിവിടുന്ന യുഡിഎഫ് സര്‍ക്കാര്‍

ഐക്യജനാധിപത്യമുന്നണി അധികാരത്തിലിരുന്ന എല്ലാ കാലഘട്ടങ്ങളിലും നവലിബറല്‍ നയങ്ങള്‍ക്കനുസൃതമായി സിവില്‍സര്‍വീസിനെ ഘടനാപരമായി മാറ്റുന്നതിനുള്ള ശ്രമങ്ങളാണ് നടത്തിയിട്ടുള്ളത്. വിദ്യാഭ്യാസ-ആരോഗ്യമേഖലകളടക്കം സേവനതുറകളില്‍ നിന്നും സര്‍ക്കാര്‍ പിന്‍വാങ്ങി. സിവില്‍സര്‍വീസിനെ പരിമിതപ്പെടുത്തുക, ജീവനക്കാരുടെ എണ്ണം വെട്ടിക്കുറയ്ക്കുക തുടങ്ങിയ നടപടികള്‍ ഇതിന്റെ ഭാഗമായി സ്വീകരിച്ചിരുന്നു. ഇതുവഴി എല്ലാ മേഖലകളിലും വ്യാപകമായ സ്വകാര്യവല്‍ക്കരണമാണ് യു.ഡി.എഫ് സര്‍ക്കാര്‍ ലക്ഷ്യമിട്ടത്. കേരളം നേടിയിട്ടുള്ള മഹത്തായ നേട്ടങ്ങള്‍ക്ക് ചാലകശക്തിയായി പ്രവര്‍ത്തിച്ച സിവില്‍സര്‍വീസിനെ തകര്‍ക്കാനുള്ള ശ്രമങ്ങള്‍ക്കെതിരെ അനിശ്ചിതകാല പണിമുടക്കുള്‍പ്പെടെയുള്ള പ്രക്ഷോഭങ്ങള്‍ ജീവനക്കാര്‍ക്ക് നടത്തേണ്ടിവന്നിട്ടുണ്ട്. 2002 ല്‍ ഈ നയങ്ങള്‍ക്കെതിരെ 32 ദിവസം നീണ്ടുനിന്ന അനിശ്ചിതകാല പണിമുടക്ക് ഇതിന്റെ ഭാഗമായിരുന്നു. പൊതുസമൂഹത്തിന്റെ പിന്തുണയോടെ നടത്തിയ ഈ പോരാട്ടത്തിലൂടെ നവലിബറല്‍ നയങ്ങള്‍ അടിച്ചേല്‍പ്പിക്കുവാനുള്ള പരിശ്രമങ്ങള്‍ക്ക് തടയിടാന്‍ കഴിഞ്ഞു. തുടര്‍ന്ന് അധികാരത്തിലേറിയ എല്‍.ഡി.എഫ് സര്‍ക്കാര്‍ നടപ്പിലാക്കിയ ബദല്‍ നയങ്ങള്‍ കേരളത്തിന്റെ സമസ്ത മേഖലകളിലും വമ്പിച്ച വളര്‍ച്ചയ്ക്കും വികസനത്തിനും ഇടയാക്കി. സിവില്‍സര്‍വീസിന്റെ വ്യാപ്തി വര്‍ദ്ധിപ്പിക്കുന്നതിനും നിയമനിരോധനം പിന്‍വലിച്ച് ഒന്നര ലക്ഷത്തിലേറെ പേര്‍ക്ക് പുതുതായി നിയമനം നല്‍കുന്നതിനും ഇക്കാലയളവില്‍ കഴിഞ്ഞു. ആരോഗ്യം, വിദ്യാഭ്യാസം, പൊതുവിതരണം തുടങ്ങി എല്ലാ മേഖലകളിലും അസൂയാവഹമായ പുരോഗതിയാണ് ഇക്കാലയളവില്‍ കൈവരിക്കാന്‍ കഴിഞ്ഞത്.

ഭരണമാറ്റത്തെ തുടര്‍ന്ന് ഈ നേട്ടങ്ങള്‍ ഒന്നൊന്നൊയി തകര്‍ക്കപ്പെടുകയാണ്. വിലക്കയറ്റം എല്ലാ നിയന്ത്രണങ്ങളും ഭേദിച്ച് കുതിച്ചുകയറുമ്പോള്‍ പൊതുവിതരണം ശക്തിപ്പെടുത്തി ജനങ്ങള്‍ക്ക് ആശ്വാസമേകുന്നതിനുപകരം മാവേലിസ്റ്റോര്‍ അടക്കമുള്ള പൊതുവിതരണ സംവിധാനങ്ങളെ തകര്‍ക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. പൊതുജനാരോഗ്യരംഗം കുത്തഴിഞ്ഞ അവസ്ഥയിലായി. സ്വകാര്യ വിദ്യാഭ്യാസ കച്ചവടക്കാരെ സര്‍ക്കാര്‍ അകമഴിഞ്ഞ് സഹായിക്കുക വഴി പൊതുവിദ്യാഭ്യാസം ഗുരുതരമായ തകര്‍ച്ചയെ നേരിട്ടിരിക്കുന്നു. സര്‍വ്വീസ് മേഖലയില്‍ 2002 ന് സമാനമായി ജീവനക്കാരുടെ എണ്ണം കുറയ്ക്കാനും ആനുകൂല്യങ്ങള്‍ വെട്ടിക്കുറയ്ക്കാനുമുള്ള തീരുമാനം യുഡിഎഫ് സര്‍ക്കാര്‍ എടുത്തു. നിയമനിരോധനവും തസ്തിക വെട്ടിക്കുറയ്ക്കലും അടിച്ചേല്‍പ്പിച്ചു. എറ്റവും മികച്ച സാമൂഹ്യസുരക്ഷാപദ്ധതിയായ സ്റ്റാറ്റ്യൂട്ടറി പെന്‍ഷന്‍ ഇല്ലാതാക്കി പകരം പങ്കാളിത്ത പെന്‍ഷന്‍പദ്ധതി അടിച്ചേല്‍പ്പിക്കുന്നതിനും തീരുമാനമെടുത്തു. ഈ തീരുമാനങ്ങള്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് കേരളത്തിലെ സംസ്ഥാനജീവനക്കാരും അദ്ധ്യാപകരും 2013 ജനുവരി 8 മുതല്‍ അനിശ്ചിതകാലത്തേക്ക് പണിമുടക്കുന്നതിന് തീരുമാനിച്ചിരിക്കുന്നു.

ബ്രിട്ടീഷ് ഭരണകാലഘട്ടം മുതല്‍ അനുഭവിച്ചുവരുന്ന പെന്‍ഷന്‍ സംരക്ഷണം ഇല്ലാതാക്കി ജീവനക്കാരുടെ ഭാവിജീവിതം ആശങ്കയിലും അനിശ്ചിതത്വത്തിലുമാക്കുന്ന നടപടിക്കെതിരെയാണ് ഈ പണിമുടക്ക്. പങ്കാളിത്ത പെന്‍ഷന്‍പദ്ധതി അടിച്ചേല്‍പ്പിക്കാനുള്ള ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ തീരുമാനം പിന്‍വലിക്കണമെന്നാണ് കേരളത്തിലെ മുഴുവന്‍ ജീവനക്കാരും അദ്ധ്യാപകരും ആഗ്രഹിക്കുന്നത്. 2012 ആഗസ്റ്റ് 21 ന്റെ സൂചനാ പണിമുടക്കില്‍ പ്രകടിതമായത് ഈ വികാരമാണ്. 2012 നവംബര്‍ 22 ന് കാല്‍ലക്ഷത്തിലേറെ പേര്‍ അണിനിരന്ന സെക്രട്ടറിയേറ്റ് മാര്‍ച്ചിലും അലയടിച്ചത് പങ്കാളിത്ത പെന്‍ഷന്‍പദ്ധതിക്ക് എതിരായുള്ള ശക്തമായ പ്രതിഷേധമാണ്. എന്നാല്‍ ജീവനക്കാരുടെ പ്രതിഷേധം തിരിച്ചറിഞ്ഞ് പങ്കാളിത്ത പെന്‍ഷന്‍പദ്ധതി നടപ്പിലാക്കാനുള്ള ജനവിരുദ്ധ തീരുമാനം പിന്‍വലിക്കുന്നതിനുപകരം എന്തുവന്നാലും പദ്ധതി നടപ്പിലാക്കുമെന്ന ധാര്‍ഷ്ട്യമാണ് സര്‍ക്കാര്‍ പ്രകടിപ്പിക്കുന്നത്. പദ്ധതി അടിച്ചേല്‍പ്പിക്കുന്നതിനുവേണ്ടി സര്‍ക്കാര്‍ നിരത്തുന്ന പൊള്ളയായ വാദങ്ങള്‍ ജീവനക്കാരില്‍ വ്യാമോഹം ജനിപ്പിക്കുന്നതിന് മാത്രമാണ്. ജീവനക്കാരുടെ ഏറ്റവും മികച്ച സാമൂഹ്യസുരക്ഷാപദ്ധതിയാണ് സ്റ്റാറ്റ്യൂട്ടറി പെന്‍ഷന്‍. ജീവിതത്തിന്റെ വസന്തകാലം മുഴുവന്‍ ജീവനക്കാരന്‍ നല്‍കിയ സേവനത്തിന്, ജീവിതാന്ത്യം വരെ നല്‍കുന്ന സംരക്ഷണമാണ് അത്. ഇത് ലഭിക്കുന്നതിന് ജീവനക്കാരന് തന്റെ വരുമാനത്തില്‍ നിന്നും പ്രത്യേകമായി യാതൊരു വിഹിതവും നല്‍കേണ്ടിവരുന്നില്ല.

പുതിയ പെന്‍ഷന്‍പദ്ധതിയിലൂടെ പെന്‍ഷന്‍ബാധ്യതയില്‍ നിന്നും സര്‍ക്കാര്‍ പിന്മാറുകയാണ്. ജീവനക്കാരന്‍ ശമ്പളവും ക്ഷാമബത്തയും ചേര്‍ന്ന തുകയുടെ 10 ശതമാനം പെന്‍ഷന്‍ഫണ്ടിലേക്ക് എല്ലാ മാസവും നിര്‍ബ്ബന്ധമായും അടയ്ക്കണം. ഇതിന് പുറമെ സര്‍വീസ് ചാര്‍ജ്ജും നല്‍കണം. തത്തുല്യമായ തുക തൊഴിലുടമയായ സര്‍ക്കാരും അടയ്ക്കണം. ഇങ്ങനെ സ്വരൂപിക്കുന്ന തുക ധനകാര്യസ്ഥാപനങ്ങളില്‍ നിക്ഷേപിച്ച് അതില്‍നിന്നും മാസാമാസം ഒരു തുക നല്‍കുന്നതാണ് പദ്ധതി. ഈ പദ്ധതി നടപ്പിലാക്കുന്നതോടെ പെന്‍ഷന്‍ നല്‍കാനുള്ള ഉത്തരവാദിത്വം സര്‍ക്കാര്‍ ഫണ്ട് മാനേജര്‍മാരായി നിയോഗിക്കപ്പെടുന്ന കോര്‍പ്പറേറ്റുകള്‍ക്ക് കൈമാറുകയാണ്. സര്‍ക്കാരിന്റെ ചെലവാകട്ടെ ഇതുമൂലം കുറയുന്നുമില്ല. ജീവനക്കാരുടെ സമ്പാദ്യവും സര്‍ക്കാര്‍ ഖജനാവില്‍ സൂക്ഷിക്കേണ്ട പണവും കോര്‍പ്പറേറ്റുകളുടെ അക്കൗണ്ടില്‍ എത്തിക്കുന്നതിനുവേണ്ടിയാണ് പങ്കാളിത്ത പെന്‍ഷന്‍പദ്ധതി ആവിഷ്കരിച്ചിരിക്കുന്നത്. ഭാവിയില്‍ ശമ്പളവും പെന്‍ഷനും മുടങ്ങാതിരിക്കുന്നതിനുവേണ്ടിയാണ് പങ്കാളിത്ത പെന്‍ഷന്‍പദ്ധതി നടപ്പിലാക്കുന്നതെന്നാണ് സര്‍ക്കാര്‍ വാദം. പങ്കാളിത്ത പെന്‍ഷന്‍പദ്ധതി നടപ്പിലാക്കി ഒരു ഘട്ടം കഴിയുമ്പോള്‍ സര്‍ക്കാര്‍ ഗുരുതരമായ സാമ്പത്തിക പ്രതിസന്ധി അഭിമുഖീകരിക്കേണ്ടിവരുമെന്നതാണ് യാഥാര്‍ത്ഥ്യം. കാരണം ഒരു ജീവനക്കാരന്‍ വിരമിക്കുമ്പോള്‍ മാത്രം നല്‍കേണ്ട പെന്‍ഷന്റെ ബാദ്ധ്യത അയാള്‍ ആദ്യശമ്പളം വാങ്ങുന്നതുമുതല്‍ സര്‍ക്കാര്‍ ഏറ്റെടുക്കേണ്ടിവരുന്നു. ജീവനക്കാരന് നല്‍കേണ്ട ശമ്പളത്തോടൊപ്പം 10 ശതമാനം അധിക തുകയും സര്‍ക്കാര്‍ പെന്‍ഷന്‍ വിഹിതമായി നല്‍കണം. ഈ തുക ഖജനാവില്‍ നിന്നും കോര്‍പ്പറേറ്റുകളുടെ പക്കലേക്ക് ഒഴുകുമ്പോള്‍ ഖജനാവ് കാലിയാവും. യു.ഡി.എഫ് അധികാരത്തില്‍ വരുമ്പോള്‍ മാത്രമാണ് കേരളത്തില്‍ സാമ്പത്തിക പ്രതിസന്ധിയെപ്പറ്റി വിലപിക്കുന്നത്. മുന്‍ എല്‍.ഡി.എഫ് സര്‍ക്കാര്‍ ജീവനക്കാരുടെ സാമ്പത്തിക ആനുകൂല്യങ്ങള്‍ യഥാസമയം അനുവദിക്കുന്നതിനും അതോടൊപ്പം വികസനക്ഷേമപ്രവര്‍ത്തനങ്ങള്‍ക്കും യഥേഷ്ടം പണം അനുവദിച്ചിരുന്നു. 2002 ലേതുപോലെ ആനുകൂല്യങ്ങള്‍ കവര്‍ന്നെടുക്കുന്നതിനും നവലിബറല്‍ നയങ്ങള്‍ അടിച്ചേല്‍പ്പിക്കുന്നതിനും വേണ്ടിയാണ് ഇപ്പോള്‍ വീണ്ടും സാമ്പത്തിക പ്രതിസന്ധിയുടെ പല്ലവി പാടുന്നത്.

പുതിയ പെന്‍ഷന്‍പദ്ധതി കേവലമൊരു നിക്ഷേപപദ്ധതി മാത്രമാണ്. ജീവനക്കാരുള്‍പ്പെടെ ആര്‍ക്കുവേണമെങ്കിലും ഈ പദ്ധതിയില്‍ ചേരാം. അടയ്ക്കുന്ന വിഹിതത്തിനുസരിച്ചു മാത്രം നിക്ഷേപ തുക തിരികെ ലഭിക്കും. കയറ്റിറക്കങ്ങളുടെയും ചൂതാട്ടത്തിന്റെയും മേഖലയായ ഓഹരിക്കമ്പോളവുമായി ബന്ധപ്പെടുത്തിയാണ് ഈ പദ്ധതി ആവിഷ്കരിച്ചിരിക്കുന്നത്. തികഞ്ഞ അനിശ്ചിതത്വം നിലനില്‍ക്കുന്ന ഓഹരിക്കമ്പോളത്തിന്റെ ഗതിവിഗതികള്‍ക്കനുസൃതമായി മാത്രം ഭാവിജീവിതം തിട്ടപ്പെടുത്തേണ്ട ദുരവസ്ഥയാണ് ഭാവിയില്‍ ഉണ്ടാകാന്‍ പോകുന്നത്. അതുകൊണ്ടാണ് പെന്‍ഷന്‍ ലഭിക്കുമെന്നതിന് ഓഹരിക്കമ്പോളം നല്‍കുന്ന ഗ്യാരന്റിക്കപ്പുറം സര്‍ക്കാര്‍ ഒരുറപ്പും നല്‍കുന്നില്ലെന്ന് പി.എഫ്.ആര്‍.ഡി.എ. നിയമത്തില്‍ തന്നെ വ്യവസ്ഥ ചെയ്തിരിക്കുന്നത്. പങ്കാളിത്ത പെന്‍ഷന്‍പദ്ധതി സായുധസേനാംഗങ്ങള്‍ക്കും പൊലീസിനും എംപിമാര്‍ക്കും എംഎല്‍എമാര്‍ക്കും മന്ത്രിമാര്‍ക്കും ഒന്നും ബാധകമാക്കിയിട്ടില്ല. പദ്ധതി ഗുണകരമാണെങ്കില്‍ എന്തിനാണ് ഈ വിഭാഗങ്ങള്‍ക്ക് ഇത് ബാധകമാക്കാത്തതെന്ന് സര്‍ക്കാര്‍ വ്യക്തമാക്കണം. 1990 കളുടെ ആദ്യപാദം ചിലി, അര്‍ജന്റീന തുടങ്ങിയ നിരവധി ലാറ്റിനമേരിക്കന്‍ രാജ്യങ്ങളില്‍ ഈ പദ്ധതി നടപ്പിലാക്കി. പെന്‍ഷന്‍ഫണ്ടിലേക്ക് സര്‍ക്കാര്‍ വിഹിതം അടയ്ക്കേണ്ടിവന്നതുമൂലം ഈ രാജ്യങ്ങള്‍ സാമ്പത്തികമായി തകരുകയും തികഞ്ഞ അരാജകത്വവും ഭരണപ്രതിസന്ധിയും സംജാതമാവുകയും ചെയ്തു. പെന്‍ഷന്‍ ഫണ്ട് മാനേജര്‍മാരായിരുന്ന കോര്‍പ്പറേറ്റുകള്‍ തങ്ങളുടെ കൈവശം ലഭിച്ച നിക്ഷേപവുമായി രാജ്യത്തുനിന്നും കടന്നുകളഞ്ഞു. പിന്നീട് അധികാരത്തില്‍ വന്ന ഇടതുപക്ഷ സര്‍ക്കാര്‍ പങ്കാളിത്ത പെന്‍ഷന്‍പദ്ധതി ഉപേക്ഷിച്ച് സ്റ്റാറ്റ്യൂട്ടറി പെന്‍ഷന്‍ പുന:സ്ഥാപിച്ചു. 2008 ലെ സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് ഓഹരിക്കമ്പോളം തകര്‍ന്നപ്പോള്‍ അമേരിക്കയിലെ പ്രധാനപ്പെട്ട പെന്‍ഷന്‍ ഫണ്ടുകളെല്ലാം തകര്‍ച്ചയെ നേരിട്ടു. ബ്രിട്ടണിലെ സ്വകാര്യ പെന്‍ഷന്‍ ഫണ്ടുകള്‍ എല്ലാം തകര്‍ന്നതിനെ തുടര്‍ന്ന് മാസങ്ങളായി പെന്‍ഷന്‍ ലഭിക്കാത്ത സ്ഥിതിവിശേഷം ഡിസംബര്‍ 4 ലെ ടെലിഗ്രാഫ് പത്രം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നു. പങ്കാളിത്ത പെന്‍ഷന്‍പദ്ധതി ലോകത്തെമ്പാടും നടപ്പിലാക്കി എന്ന് പ്രചരിപ്പിക്കുന്നവര്‍ പെന്‍ഷന്‍ ഫണ്ടുകള്‍ക്കുണ്ടായ തകര്‍ച്ചയും പെന്‍ഷന്‍ ലഭിക്കാതെ ദുരിതമനുഭവിക്കുന്നവരുടെ ജീവിതപ്രയാസങ്ങളും ബോധപൂര്‍വം മറച്ചുവയ്ക്കുകയാണ്. പങ്കാളിത്ത പെന്‍ഷന്‍പദ്ധതി കോര്‍പ്പറേറ്റുകളുടെ ലാഭതാല്‍പ്പര്യങ്ങള്‍ സംരക്ഷിക്കുന്നതിനുവേണ്ടിയും ഓഹരിക്കമ്പോളത്തിന്റെ സ്ഥിരത ലക്ഷ്യമിട്ടും ഐ.എം.എഫ് വിഭാവനം ചെയ്തതാണ്. ഈ പദ്ധതിയുടെ യഥാര്‍ത്ഥ ഗുണഭോക്താക്കള്‍ കോര്‍പ്പറേറ്റുകള്‍ മാത്രമാണ്. ചില്ലറ വ്യാപാരമേഖലയില്‍ വിദേശനിക്ഷേപം അനുവദിച്ചുകൊണ്ടുള്ള തീരുമാനം എടുപ്പിക്കുന്നതിന് ബഹുരാഷ്ട്രകുത്തകകള്‍ ഇന്ത്യയില്‍ നടത്തിയ ലോബിയിംഗും അതിന് പുറകില്‍ കൈമറിഞ്ഞ കോടികളുടെ കഥയും ഇന്ന് പുറത്തുവന്നിരിക്കുന്നു. കോര്‍പ്പറേറ്റുകള്‍ക്ക് മാത്രം ലാഭമുണ്ടാക്കുന്നതും സര്‍ക്കാരുകളെ പാപ്പരീകരിക്കുന്നതുമായ പങ്കാളിത്ത പെന്‍ഷന്‍പദ്ധതിക്കുവേണ്ടി സര്‍ക്കാരുകള്‍ വാശിപിടിക്കുന്നതിന് പുറകിലെ ഉള്ളുകളികളും ഇതിനോട് ചേര്‍ത്ത് വായിക്കേണ്ടതാണ്.

എല്‍.ഡി.എഫ് സര്‍ക്കാര്‍ അസന്നിഗ്ധമായി പ്രഖ്യാപിച്ചതുപോലെ പങ്കാളിത്ത പെന്‍ഷന്‍പദ്ധതി കേരളത്തില്‍ നടപ്പിലാക്കില്ലെന്ന ഉറച്ച നിലപാട് സ്വീകരിക്കാന്‍ യു.ഡി.എഫ് സര്‍ക്കാര്‍ തയ്യാറാവണം. യുക്തിയുടെ ഭാഷ മനസ്സിലാകാത്ത സര്‍ക്കാരിനെ ശക്തിയുടെ ഭാഷ ബോധ്യപ്പെടുത്താന്‍ കഴിഞ്ഞെങ്കില്‍ മാത്രമേ വിനാശകരമായ ഈ തീരുമാനം പിന്‍വലിപ്പിക്കാന്‍ കഴിയൂ. നവലിബറല്‍ നയങ്ങള്‍ അടിച്ചേല്‍പ്പിക്കാനും ആനുകൂല്യങ്ങള്‍ കവര്‍ന്നെടുക്കാനും 2002 ല്‍ യു.ഡി.എഫ് സര്‍ക്കാര്‍ പരിശ്രമിച്ചപ്പോള്‍ 32 ദിവസത്തെ അനിശ്ചിതകാല പണിമുടക്കിലൂടെ അതിനെ ചെറുത്ത് പരാജയപ്പെടുത്താന്‍ ജീവനക്കാര്‍ക്ക് കഴിഞ്ഞു.

2002 നു ശേഷം സര്‍വീസില്‍ പ്രവേശിച്ച ഒന്നരലക്ഷത്തോളം ജീവനക്കാര്‍ക്ക് സ്റ്റാറ്റ്യൂട്ടറി പെന്‍ഷന്‍ നിലനിര്‍ത്താനുള്ള സാഹചര്യം സൃഷ്ടിച്ചത് ഈ പണിമുടക്കിലൂടെയാണ്. യോജിച്ച പ്രക്ഷോഭത്തിലൂടെ ജനവിരുദ്ധമായ നയങ്ങളെ തിരുത്തിക്കാന്‍ കഴിയുമെന്ന് 2002 ലെ സമരാനുഭവങ്ങള്‍ സാക്ഷ്യപ്പെടുത്തുന്നു. കേവലം ഏതെങ്കിലുമൊരു ആനുകൂല്യം ഇല്ലാതാക്കുക എന്നതിനപ്പുറം പ്രതിലോമകരമായ നയത്തെ ചെറുത്ത് പരാജയപ്പെടുത്താനാണ് 32 ദിവസക്കാലം ജീവനക്കാര്‍ പോരാടിയത്. എസ്മയടക്കമുള്ള കരിനിയമങ്ങളും കടുത്ത ശിക്ഷണനടപടികളും എടുത്തുപയോഗിച്ച് പണിമുടക്കിനെ പരാജയപ്പെടുത്താന്‍ ശ്രമിച്ച സര്‍ക്കാരിനെതിരെ കേരളത്തിന്റെ പൊതു മനസ്സാക്ഷി ഒന്നടങ്കം ഉണര്‍ന്നെണീറ്റ ആവേശകരമായ അനുഭവവും 2002 ലെ പണിമുടക്കിന്റെ ബാക്കിപത്രമാണ്.

ആഗോളവല്‍ക്കരണനയങ്ങള്‍ സൃഷ്ടിക്കുന്ന ജീവിതപ്രയാസങ്ങള്‍ തിരിച്ചറിഞ്ഞ് ഇന്ത്യയിലെ എല്ലാ തൊഴിലാളി സംഘടനകളും യോജിച്ച പ്രക്ഷോഭങ്ങള്‍ക്കും പണിമുടക്കത്തിനും തയ്യാറെടുത്തുകൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് പെന്‍ഷന്‍ സംരക്ഷിക്കുന്നതിനുവേണ്ടി ജീവനക്കാര്‍ 2013 ജനുവരി 8 മുതല്‍ അനിശ്ചിതകാല പണിമുടക്ക് പ്രഖ്യാപിച്ചിട്ടുള്ളത്.ഈ പണിമുടക്ക് യു.ഡി.എഫ് സര്‍ക്കാര്‍ അടിച്ചേല്‍പ്പിച്ചതാണ്. ജീവനക്കാരെ പണിമുടക്കിലേക്ക് തള്ളിവിടാതെ ദുരഭിമാനം വെടിഞ്ഞ് പെന്‍ഷന്‍ ഇല്ലാതാക്കാനുള്ള ആത്മഹത്യാപരമായ തീരുമാനത്തില്‍ നിന്നും പിന്മാറാന്‍ സര്‍ക്കാര്‍ തയ്യാറാവണം. അല്ലാത്തപക്ഷം ജീവിതം വഴിമുട്ടിയ ജീവനക്കാരുടെ പ്രതിഷേധത്തിനുമുന്നില്‍ സര്‍ക്കാരിന് കീഴടങ്ങേണ്ടിവരും. കേരളത്തിന്റെ പൊതുസമൂഹം ഈ പ്രക്ഷോഭത്തിന് താങ്ങായും തണലായും ജീവനക്കാരോടൊപ്പമുണ്ടാകുമെന്ന മുന്‍കാല അനുഭവങ്ങള്‍ സാക്ഷ്യപ്പെടുത്തുന്നു. സാമൂഹ്യസുരക്ഷാപദ്ധതികളെ ഇല്ലാതാക്കുന്ന നവലിബറല്‍ നയങ്ങള്‍ക്കെതിരെയുള്ള മറ്റൊരു സമരമുഖമാണ് ഈ പണിമുടക്കിലൂടെ തുറക്കപ്പെടുന്നത്.

*
എ ശ്രീകുമാര്‍ ചിന്ത പുതുവത്സര പതിപ്പ് 2013

No comments: