Wednesday, December 12, 2012

പോരാട്ടം മാത്രം പോംവഴി

ചെറുകിട വ്യാപാരമേഖലയില്‍ വിദേശനിക്ഷേപം അനുവദിക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ തീരുമാനം ദൂരവ്യാപക പ്രത്യാഘാതങ്ങള്‍ക്കിടവരുത്തും. സാമൂഹ്യ-സാമ്പത്തിക രംഗത്തുമാത്രമല്ല നാടിന്റെ നിലനില്‍പ്പിനെത്തന്നെ ചോദ്യംചെയ്യുന്നതിലേക്കാണ് കാര്യങ്ങള്‍ വിരല്‍ചൂണ്ടുന്നത്. രാജ്യത്ത് 110 ലക്ഷം ചെറുകിട വ്യാപാര സ്ഥാപനങ്ങള്‍ ഉണ്ടെന്നാണ് കണക്ക്്. ഉടമകളും തൊഴിലാളികളുമുള്‍പ്പെടെ അഞ്ചുകോടിയോളം പേര്‍ പ്രത്യക്ഷമായി ഈ മേഖലയിലുണ്ട്. അനുബന്ധതൊഴിലാളികള്‍ വേറെ. 20 കോടിയോളം ആളുകള്‍ പ്രത്യക്ഷമായും പരോക്ഷമായും ഈ മേഖലയെ ആശ്രയിച്ചു ജീവിക്കുന്നു.

ഇന്ത്യയുടെ പൊതുവെയും സംസ്ഥാനങ്ങളുടെ പ്രത്യേകിച്ചും സമ്പദ്ഘടന നിലനില്‍ക്കുന്നതുതന്നെ വ്യാപാര-വ്യവസായ മേഖലയിലൂന്നിയാണ്. മറ്റെല്ലാ മേഖലകളിലുമെന്നതുപോലെ ചില്ലറ വ്യാപാരമേഖലയിലും വിദേശ- സ്വദേശ നിക്ഷേപം അനുവദിക്കാന്‍ കഴിഞ്ഞ യുപിഎ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. വിദേശനിക്ഷേപം പൂര്‍ണമായി പ്രയോജനപ്പെടുത്തണമെന്നായിരുന്നു സാമ്രാജ്യത്വ ദാസന്മാരായ പ്രധാനമന്ത്രി മന്‍മോഹന്‍സിങ്ങിന്റെയും അന്നത്തെ വാണിജ്യമന്ത്രി കമല്‍നാഥിന്റെയും അഭിപ്രായം. അന്നും ഇടതുപക്ഷപാര്‍ടികള്‍ ഈ തീരുമാനത്തെ ശക്തിയായി എതിര്‍ത്തു. ഈ എതിര്‍പ്പുകളെ അവഗണിച്ചാണ് 2005ല്‍ ചെറുകിട വ്യാപാരമേഖലയില്‍ സിംഗിള്‍ ബ്രാന്‍ഡ് ഉല്‍പ്പന്നങ്ങള്‍ക്ക് 51 ശതമാനം വിദേശനിക്ഷേപം അനുവദിക്കാന്‍ തീരുമാനിച്ചത്. ചില്ലറവില്‍പ്പന മേഖലയില്‍ നേരിട്ടുള്ള വിദേശനിക്ഷേപത്തിന് ചില തടസ്സങ്ങള്‍ നീക്കുന്നതിനുള്ള തീരുമാനം സര്‍ക്കാര്‍ കൈക്കൊള്ളുമെന്ന് വാള്‍മാര്‍ട്ട് അടക്കമുള്ള കമ്പനി പ്രതിനിധികളുമായി നടത്തിയ കൂടിക്കാഴ്ചകളില്‍ പ്രധാനമന്ത്രി ഉറപ്പുനല്‍കിയിരുന്നു. ആ ഉറപ്പാണ് ഇപ്പോള്‍ രണ്ടാം യുപിഎ സര്‍ക്കാര്‍ നടപ്പാക്കുന്നത്.

ഇന്ത്യന്‍ കമ്പോളത്തെ നിയന്ത്രിക്കാനുള്ള അധികാരവും അവകാശവും കോര്‍പറേറ്റ് മാനേജ്മെന്റില്‍ എത്തിപ്പെടുന്നതോടെ 1947ല്‍ നാം നേടിയ സ്വാതന്ത്ര്യവും പരമാധികാരവുമാണ് നഷ്ടമാവുന്നത്. ശതകോടീശ്വരന്മാരാലും കുത്തകകളാലും നിയന്ത്രിക്കപ്പെടുന്ന കമ്പോളമല്ല സ്വതന്ത്രഭാരതം സ്വപ്നംകണ്ടത്. ഇറക്കുമതി നിയന്ത്രണം പൂര്‍ണമായും ഒഴിവാക്കണമെന്ന വിദേശ കുത്തകകളുടെ ആഗ്രഹമാണ് പൂവണിയുന്നത്. ഏകലോക കമ്പോളമെന്ന മുതലാളിത്ത ചിന്തയ്ക്ക് കൂടുതല്‍ കരുത്തേകുകയും ഉല്‍പ്പന്നങ്ങളും മൂലധനവും വിന്യസിക്കാനുള്ള സാമ്രാജ്യത്വത്തിന്റെ എല്ലാ തടസ്സങ്ങളും നീങ്ങുകയുമാണ്.

ചില്ലറ വില്‍പ്പന മേഖലയിലേക്ക് കടന്നുവരുന്ന വിദേശ കുത്തകകള്‍ രാജ്യത്ത് നിത്യോപയോഗസാധനങ്ങളുടെ വില വന്‍തോതില്‍ വര്‍ധിപ്പിക്കുമെന്ന കാര്യം പകല്‍പോലെ വ്യക്തമാണ്. ഇന്ത്യന്‍ കുത്തകകളുടെ ഈ മേഖലയിലെ കടന്നുകയറ്റം അതിന് ഏറ്റവും വലിയ ഉദാഹരണമായിരുന്നു. വിലക്കുറവിന്റെ പ്രചാരണത്തിലൂടെ ജനങ്ങളുടെ കണ്ണ് മൂടിക്കെട്ടി അവധി വ്യാപാരത്തിന്റെയും ഊഹക്കച്ചവടത്തിന്റെയും പിന്‍ബലത്തോടെ എല്ലാ സര്‍ക്കാര്‍ നിയന്ത്രണങ്ങളെയും അതിജീവിച്ച് കുത്തക സംഭരണം ജനജീവിതത്തെ ദുസ്സഹമാക്കി. വിലക്കയറ്റം നിയന്ത്രിച്ചിരുന്ന പൊതുവിതരണ-പൊതുസംഭരണ സംവിധാനമാകെ അട്ടിമറിച്ചു. ഉല്‍പ്പന്നങ്ങളുടെ വില നിയന്ത്രിക്കാനുള്ള അധികാരം കുത്തകകളില്‍ എത്തപ്പെട്ടു. കര്‍ഷകര്‍ ഉല്‍പ്പാദിപ്പിക്കുന്ന ഉല്‍പ്പന്നങ്ങള്‍ നേരിട്ട് സംഭരിച്ച് അവര്‍ക്കിഷ്ടമുള്ള വിലയ്ക്ക് വില്‍ക്കുമ്പോള്‍ സര്‍ക്കാര്‍ നോക്കുകുത്തിയായി നില്‍ക്കുന്നു. എഫ്സിഐപോലുള്ള സര്‍ക്കാര്‍ ഏജന്‍സികള്‍ വേണ്ടായെന്ന നിലപാട് സര്‍ക്കാരിനെക്കൊണ്ട് നടപ്പാക്കാന്‍ ഇവര്‍ക്ക് വളരെവേഗം കഴിയുന്നു. ഇത്തരം പൊതു ഉടമസ്ഥതാ സ്ഥാപനങ്ങളുടെ സ്വാഭാവിക തകര്‍ച്ചയാണ് കുത്തകകള്‍ക്ക് ആവശ്യം. അതിന് അനുരോധമാകുന്ന തീരുമാനങ്ങളാണ് യുപിഎ സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടാകുന്നതും.

ഉപഭോക്തൃ സംസ്ഥാനമായ കേരളത്തിലെ 10 ലക്ഷത്തോളം ചെറുതും വലുതുമായ വ്യാപാര-വ്യവസായ സ്ഥാപനങ്ങളെയാണ് ഈ കുത്തകവല്‍ക്കരണത്തിന്റെ ഭവിഷ്യത്ത് ഏറ്റവുമധികം ബാധിക്കുന്നത്. വ്യാപാരവും വ്യവസായവും തൊഴിലായി സ്വീകരിച്ച ലക്ഷക്കണക്കിന് വ്യാപാരികളുടെയും അതിന്റെ എത്രയോ ഇരട്ടി വരുന്ന അനുബന്ധ തൊഴിലാളികളുടെയും ജീവിതമാണ് ഇരുളടയാന്‍ പോകുന്നത്. വിവിധ ധനകാര്യ സ്ഥാപനങ്ങളില്‍നിന്നും സ്വകാര്യ ബാങ്കുകളില്‍നിന്നും വലിയ പലിശയ്ക്ക് പണം കടം വാങ്ങിയാണ് ഭൂരിപക്ഷം സ്ഥാപനങ്ങളും പ്രവര്‍ത്തിക്കുന്നത്. ഒരു സ്ഥാപനത്തില്‍ ശരാശരി മൂന്ന് തൊഴിലാളികള്‍ എന്ന നിലയില്‍ ലക്ഷങ്ങള്‍ വേറെയും ഈ മേഖലയെ ആശ്രയിച്ചു മാത്രം ജീവിക്കുകയാണ്. ഇവിടെയാണ് ഇടിത്തീപോലെ സര്‍ക്കാര്‍ തീരുമാനം വന്നുപതിക്കുന്നത്. ഈ വിഷയം ഉന്നയിച്ച് വ്യാപാരി വ്യവസായി സമിതിയുടെ നേതൃത്വത്തില്‍ രണ്ട് ഘട്ടമായി പാര്‍ലമെന്റ് മാര്‍ച്ച് സംഘടിപ്പിച്ചു. വ്യാപാരസംഘടനകളുടെ നേതൃത്വത്തിലും തൊഴിലാളി സംഘടനകളുടെ നേതൃത്വത്തിലും സ്ഥാപനങ്ങള്‍ അടച്ചിട്ടുള്ള പ്രതിഷേധങ്ങളും നടന്നു. എന്നാല്‍, ഈ പ്രതിഷേധങ്ങളെയെല്ലാം അവഗണിച്ചാണ് സര്‍ക്കാര്‍ തീരുമാനം വന്നത്.

ജനാധിപത്യത്തില്‍ ഭൂരിപക്ഷം ജനങ്ങളുടെ താല്‍പ്പര്യമാണ് സംരക്ഷിക്കേണ്ടത്. എന്നാല്‍, ഇന്ത്യയില്‍ ഇന്ന് ന്യൂനപക്ഷത്തിനുവേണ്ടി ഭൂരിപക്ഷം ജനങ്ങളുടെ താല്‍പ്പര്യങ്ങള്‍ നിരസിക്കുന്ന നിലപാടാണ് കേന്ദ്രസര്‍ക്കാര്‍ സ്വീകരിക്കുന്നത്. ഫെഡറല്‍ സംവിധാനത്തില്‍ നിയമങ്ങള്‍ രാജ്യത്താകെ നടപ്പാക്കണമെന്നിരിക്കെ സംസ്ഥാനങ്ങള്‍ക്ക് ഇഷ്ടമുള്ളത് സ്വീകരിക്കാം എന്ന നിലപാട് ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനാണ്. കേരള സര്‍ക്കാര്‍ ഇക്കാര്യത്തില്‍ ഒളിച്ചുകളിക്കുകയാണ്. കേരളത്തില്‍ എഫ്ഡിഐ പാടില്ല എന്ന നിലപാട് പ്രഖ്യാപിക്കുന്ന യുഡിഎഫ് എംപിമാര്‍ പാര്‍ലമെന്റില്‍ ഈ നിയമം നടപ്പാക്കാന്‍ വോട്ടുചെയ്തത് വിരോധാഭാസമാണ്. ചില്ലറ വില്‍പ്പന മേഖലയിലെ വിദേശ- സ്വദേശ കുത്തക പ്രവേശം സൃഷ്ടിക്കാന്‍പോകുന്ന പ്രത്യാഘാതങ്ങള്‍ക്കെതിരെ ജനസമൂഹത്തിന്റെ നിലയ്ക്കാത്ത പ്രതിരോധം ഉയര്‍ന്നുവരേണ്ടതുണ്ട്.

*
ഇ എസ് ബിജു ദേശാഭിമാനി 12 ഡിസംബര്‍ 2012

No comments: