Saturday, December 29, 2012

നിയമവിരുദ്ധ നിയമനിര്‍മാണം

പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനം പാസാക്കിയ പ്രധാനിയമങ്ങളിലൊന്ന് നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തടയുന്നതിനുള്ള നിയമത്തിന്റെ (യുഎപിഎ) ഭേദഗതിയാണ്. അന്തര്‍ദേശീയ സംവിധാനമായ ഫിനാന്‍ഷ്യന്‍ ആക്ഷന്‍ ടാസ്ക് ഫോഴ്സി (എഫ്എടിഎഫ്)ന്റെ തീരുമാനത്തിന് അനുസരിച്ചാണ് പുതിയ ഭേദഗതികള്‍ സര്‍ക്കാര്‍ കൊണ്ടുവന്നത്. ഭീകരവാദത്തിന് ഇന്ന് പല രൂപങ്ങളുമുണ്ട്. അതിനു രാഷ്ട്രീയമായ മാനങ്ങള്‍മാത്രമല്ല ഉള്ളത്. സാമ്പത്തികമായി രാജ്യങ്ങളെ തകര്‍ക്കുന്നതിലാണ് ഇന്ന് പല സംഘടനകളും കേന്ദ്രീകരിക്കുന്നത്. അതുകൊണ്ടുതന്നെ ഈ പുതിയ പ്രവണതയെ കൈകാര്യംചെയ്യുന്നതിനു കഴിയുന്ന നിയമങ്ങളും അത് നടപ്പാക്കുന്നതിനുള്ള സംവിധാനങ്ങളും സര്‍ക്കാരുകള്‍ സ്വീകരിക്കേണ്ടതുണ്ട്. ഏതു രൂപത്തിലുള്ള ഭീകരവാദത്തിനെതിരെയും രാജ്യം ഒറ്റക്കെട്ടായിത്തന്നെ നിലയുറപ്പിക്കേണ്ടതുണ്ട്. എന്നാല്‍, ഇതിനുവേണ്ടി നിര്‍മിക്കുന്ന നിയമങ്ങള്‍ ഭരണഘടനാ തത്വങ്ങള്‍ക്ക് അനുസൃതവും മനുഷ്യാവകാശങ്ങള്‍ ഉറപ്പുവരുത്തുന്നതുമായിരിക്കണം. ഇക്കാര്യം ഉറപ്പുവരുത്താന്‍ സര്‍ക്കാരുകള്‍ക്കും നിയമനിര്‍മാണസഭകള്‍ക്കും ഉത്തരവാദിത്തമുണ്ട്. എഫ്എടിഎഫിന്റെ തീരുമാനങ്ങള്‍ നടപ്പാക്കുന്നതില്‍ ധൃതികാണിക്കുന്ന സര്‍ക്കാര്‍ എന്തുകൊണ്ടാണ് ഐക്യരാഷ്ട്രസഭയുടെ കണ്‍വന്‍ഷനുകളുടെ തീരുമാനങ്ങള്‍ക്ക് അനുസൃതമായി മനുഷ്യാവകാശങ്ങള്‍ സംരക്ഷിക്കുന്ന നിയമങ്ങള്‍ നിര്‍മിക്കുന്നില്ലെന്ന ചോദ്യവും പ്രസക്തം.

1967ലാണ് യുഎപിഎ നിയമം ആദ്യം പാസാക്കുന്നത്. അന്ന് പാര്‍ലമെന്റില്‍ ഇതു സംബന്ധിച്ച് ഗൗരവമായി ചര്‍ച്ച നടന്നു. സ്വന്തം ജനങ്ങളില്‍ വിശ്വാസമില്ലാത്തതും പൊലീസിനു മാത്രമേ ഈ രാജ്യത്തിലെ ജനാധിപത്യസംവിധാനത്തെ സംരക്ഷിക്കാന്‍ കഴിയൂവെന്നു കരുതുന്നതുമായ ഭരണസംവിധാനത്തിനേ ഇങ്ങനെയൊരു നിയമം കൊണ്ടുവരാന്‍ കഴിയുകയുള്ളൂ എന്ന വിമര്‍ശം ശക്തമായി ഉയര്‍ന്നു. ഇത് മൗലികാവകാശങ്ങളുടെ പരസ്യമായ ലംഘനമാണെന്ന അഭിപ്രായവും പലരും ഉയര്‍ത്തി. ഈ നിയമം പരിശോധിക്കുന്നതിന് പാര്‍ലമെന്റ് സംയുക്ത പാര്‍ലമെന്ററി കമ്മിറ്റി രൂപീകരിച്ചു. നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്ന സംഘടനകള്‍ക്ക് മൂന്നുവര്‍ഷത്തെ നിരോധനമാണ് കരട് നിയമം നിഷ്കര്‍ഷിച്ചിരുന്നത്. എന്നാല്‍, രണ്ടുവര്‍ഷമാക്കി ചുരുക്കണമെന്ന ഭേദഗതി ജെപിസി സംയുക്തമായി നിര്‍ദേശിച്ചു. പാര്‍ലമെന്റ് അത് അംഗീകരിക്കുകയും ചെയ്തു.

മുംബൈ ഭീകരാക്രമണത്തിന്റെ സന്ദര്‍ഭത്തിലാണ് ഈ നിയമം പാര്‍ലമെന്റ് ഭേദഗതിചെയ്തത്. ഭീകരവാദത്തിന് എതിരായി രാജ്യത്താകെ നിലനിന്ന ശക്തമായ വികാരത്തിന് അനുസൃതമായാണ് അന്ന് പാര്‍ലമെന്റ് പ്രവര്‍ത്തിച്ചത്. സാധാരണയായി ബില്ലുകള്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ചു കഴിഞ്ഞാല്‍ സ്റ്റാന്‍ഡിങ് കമ്മിറ്റികള്‍ക്ക് വിടുകയാണ് ചെയ്യുക. വിവിധ വിഭാഗങ്ങളുടെ അഭിപ്രായങ്ങള്‍കൂടി കേള്‍ക്കാനും എല്ലാ വശങ്ങളും ചര്‍ച്ചചെയ്യാനും കമ്മിറ്റികള്‍ക്ക് കഴിയും. ഇതിനെത്തുടര്‍ന്നാണ് കമ്മിറ്റി റിപ്പോര്‍ട്ട് നല്‍കുന്നത്. പലപ്പോഴും സര്‍ക്കാര്‍ പാര്‍ലമെന്ററി കമ്മിറ്റികളുടെ ശുപാര്‍ശകള്‍ അംഗീകരിക്കാറില്ലെന്നത് യാഥാര്‍ഥ്യമാണ്. എന്നാല്‍, പാര്‍ലമെന്റില്‍ നടക്കുന്ന ചര്‍ച്ചകളെ റിപ്പോര്‍ട്ട് നന്നായി സ്വാധീനിക്കും. യുഎപിഎ നിയമത്തിനു കൊണ്ടുവന്ന ഭേദഗതി ബില്‍ സ്റ്റാന്‍ഡിങ് കമ്മിറ്റിക്ക് വിടാന്‍ സര്‍ക്കാര്‍ തയ്യാറായില്ല. മുംബൈ ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഇത് എത്രയും വേഗം പാസാക്കണമെന്നതായിരുന്നു സര്‍ക്കാര്‍ സമീപനം. വിമര്‍ശങ്ങള്‍ ഉന്നയിച്ചവരോട് പ്രയോഗത്തിന്റെ ഒരു ഘട്ടം കഴിഞ്ഞാല്‍ ഇത് പുനഃപരിശോധിക്കാമെന്ന ഉറപ്പാണ് അന്നത്തെ ആഭ്യന്തരമന്ത്രി ചിദംബരം പാര്‍ലമെന്റില്‍ നല്‍കിയത്. എന്നാല്‍, അനുഭവത്തിന്റെ അടിസ്ഥാനത്തില്‍ നിയമത്തിലെ വ്യവസ്ഥകള്‍ ലഘൂകരിക്കുന്നതിനു പകരം കുറെക്കൂടി ശക്തമാക്കുകയാണ് ഇപ്പോള്‍ ചെയ്തിരിക്കുന്നത്. ഈ നിയമം എത്രമാത്രം അപകടകരമായാണ് പ്രയോഗിക്കുന്നത് എന്നതിന്റെ തെളിവാണ് രാഷ്ട്രപതിയെ സന്ദര്‍ശിച്ച സിപിഐ എം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ടിന്റെ നേതൃത്വത്തിലുള്ള സംഘം നിരത്തിയത്.

സാധാരണ നിയമം എല്ലാ വിഭാഗങ്ങളോടും തുല്യത പുലര്‍ത്തണമെന്നതാണ് സങ്കല്‍പ്പം. എന്നാല്‍, ഈ നിയമം മുസ്ലിംവിഭാഗത്തിന് എതിരായി പൊതുവെ ഉപയോഗിക്കുന്നുവെന്നതാണ് അനുഭവം. ഇതു സംബന്ധിച്ച് വളരെ വിശദമായ പഠനം ജാമിയ സര്‍വകലാശാലയിലെ അധ്യാപകരുടെ ഐക്യദാര്‍ഢ്യ സംഘടന നടത്തുകയുണ്ടായി. കുറ്റമൊന്നും ചെയ്യാതെ ഇന്ത്യയുടെ ജയിലുകളില്‍ ദശകങ്ങളോളം കഴിയേണ്ടിവന്ന മുസ്ലിംചെറുപ്പക്കാരുടെ അനുഭവങ്ങള്‍ ഇവര്‍ പുറത്തുകൊണ്ടുവന്നു. പ്രകാശ് കാരാട്ടിന്റെ നേതൃത്വത്തിലുള്ള സംഘം നാലു പ്രത്യേകകേസുകള്‍ രാഷ്ട്രപതിയുടെ മുമ്പില്‍ അവതരിപ്പിക്കുകയുണ്ടായി. പതിനെട്ടും പത്തൊമ്പതും വയസ്സുള്ളപ്പോള്‍ അറസ്റ്റ് ചെയ്യപ്പെട്ടവര്‍ പത്തും പതിനൊന്നും വര്‍ഷം ജയിലില്‍ വിചാരണത്തടവുകാരായി കഴിഞ്ഞതിനുശേഷം കുറ്റക്കാരല്ലെന്നു കണ്ടെത്തി വിട്ടയക്കപ്പെടുന്നു. ഇവര്‍ക്ക് നഷ്ടമായ ജീവിതത്തിന് ആര്‍ക്കാണ് പകരംവയ്ക്കാന്‍ കഴിയുന്നത്? ചില കേസുകളില്‍ അന്വേഷണസംഘത്തിന്റെ മുസ്ലിംവിരുദ്ധമനോഭാവവും തെളിവുകള്‍ കെട്ടിച്ചമയ്ക്കാനുള്ള ശ്രമവും കോടതിയുടെതന്നെ രൂക്ഷവിമര്‍ശത്തിനു വിധേയമാവുകയുണ്ടായി. കേരളത്തില്‍ ഏറ്റവും തീവ്രമായ അനുഭവം അബ്ദുള്‍ നാസര്‍ മഅ്ദനിയുടേതാണ്. കോയമ്പത്തൂര്‍ സ്ഫോടനക്കേസില്‍ ഒമ്പതരവര്‍ഷമാണ് അദ്ദേഹം വിചാരണത്തടവുകാരനായി ജയിലില്‍ കഴിഞ്ഞത്. ഒടുവില്‍ കുറ്റക്കാരനല്ലെന്നു കണ്ടെത്തി വെറുതെ വിട്ടു. അതിനുശേഷം ബാംഗ്ലൂര്‍ കേസില്‍ അറസ്റ്റിലായിട്ട് രണ്ടുവര്‍ഷത്തിലധികമായി. യുഎപിഎ നിയമത്തിലെ വ്യവസ്ഥകളാണ് അദ്ദേഹത്തിന് ജാമ്യം കിട്ടുന്നതിനു തടസ്സമായി നില്‍ക്കുന്നത്. ഇത്തരം അനുഭവങ്ങളുടെ അടിസ്ഥാനത്തിലാണ് ഈ നിയമം ഭേദഗതിചെയ്യണമെന്ന് സിപിഐ എം ആവശ്യപ്പെട്ടത്. എന്നാല്‍, ഇപ്പോള്‍ പാസാക്കിയ ഭേദഗതി കൂടുതല്‍ മനുഷ്യാവകാശലംഘനങ്ങളിലേക്ക് നയിക്കുന്നതാണ്. വ്യക്തികളെ സംബന്ധിച്ച നിര്‍വചനം കൂടുതല്‍ വിപുലപ്പെടുത്തി. ഇതോടെ ഏതു രൂപത്തിലുള്ള സംഘടനകളും ഈ ഗണത്തില്‍പ്പെടാം.

സംഘടന എന്നതിനു പ്രത്യേക നിര്‍വചനം നല്‍കാത്തതുകൊണ്ട് ട്രേഡ് യൂണിയനുകള്‍ ഉള്‍പ്പെടെയുള്ളവയെ ഈ ഗണത്തില്‍പ്പെടുത്തുന്നതിനും പ്രവര്‍ത്തകരെ വേട്ടയാടുന്നതിനും സാധ്യതയുണ്ടെന്ന് സ്റ്റാന്‍ഡിങ് കമ്മിറ്റിതന്നെ കാണുകയുണ്ടായി. ഭേദഗതിക്കുമുമ്പുതന്നെ ജമ്മു കശ്മീരില്‍ ഈ നിയമത്തിന്റെ അടിസ്ഥാനത്തില്‍ നിരവധി ട്രേഡ് യൂണിയന്‍ പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്ത് ജയിലിലടച്ചിട്ടുണ്ട്. എന്നുമാത്രമല്ല, ഭീകരവാദത്തിന്റെ നിര്‍വചനം വിപുലപ്പെടുത്തിയ സാഹചര്യത്തില്‍ അങ്ങേയറ്റം അപകടകരമായി വേട്ടയാടാന്‍ സാധ്യതയുണ്ട്. രാജ്യത്തിന്റെ സാമ്പത്തിക സുരക്ഷയ്ക്ക് കോട്ടമേല്‍പ്പിക്കുന്ന ഭീകരപ്രവര്‍ത്തനങ്ങളുടെ കൂട്ടത്തില്‍ ഭക്ഷ്യസുരക്ഷയുടെ പ്രശ്നവും ഉപഭോഗസാധനങ്ങളുടെ വിതരണത്തിന്റെ പ്രശ്നവും മറ്റും ഉള്‍പ്പെടുന്നുണ്ട്. കര്‍ഷകത്തൊഴിലാളി പണിമുടക്കിയാലും വ്യാപാരി കടയടച്ച് പ്രതിഷേധിച്ചാലും വേണമെങ്കില്‍ സാമ്പത്തികസുരക്ഷ തകര്‍ക്കാന്‍ ശ്രമിച്ചെന്നു പറഞ്ഞ് പൊലീസിന് അറസ്റ്റ് ചെയ്യാം. കുറ്റംചെയ്തില്ലെന്ന് തെളിയിക്കേണ്ട ബാധ്യത പിന്നെ അറസ്റ്റ് ചെയ്യപ്പെട്ടവര്‍ക്കായിരിക്കും. അതെല്ലാം കഴിഞ്ഞ് കുറ്റവിമുക്തനായി പുറത്തുവരുമ്പോഴേക്കും ജീവിതത്തിന്റെ നല്ല കാലം കഴിഞ്ഞിരിക്കും! ഭീകരവാദപ്രവര്‍ത്തനത്തിന് ഉപയോഗിച്ചില്ലെങ്കിലും അങ്ങനെ ഉപയോഗിക്കാന്‍ ഇടയുണ്ടെന്നു കരുതുന്ന സാമ്പത്തിക സഹായത്തിന്റെ പേരിലും ഒരാളെ അറസ്റ്റ് ചെയ്യാന്‍ പുതിയ ഭേദഗതി നിയമം വ്യവസ്ഥചെയ്യുന്നു. അന്വേഷണ ഉദ്യോഗസ്ഥന്റെ മനോവ്യാപാരങ്ങള്‍ക്ക് അനുസരിച്ച് വ്യാഖ്യാനിക്കാന്‍ ഇടനല്‍കുന്ന നിയമം ഭേദഗതിചെയ്യണമെന്ന ആവശ്യം അംഗീകരിക്കാന്‍ സര്‍ക്കാര്‍ തയ്യാറായില്ല.

അതുപോലെതന്നെ ഭീകരവാദപ്രവര്‍ത്തനം നടത്തിയെന്നു തോന്നുന്ന സംഘടനകളുടെ നിരോധനം നിലവിലുള്ള രണ്ടുവര്‍ഷത്തില്‍നിന്ന് അഞ്ചുവര്‍ഷമാക്കുന്നതാണ് പുതിയ ഭേദഗതി. 1967ല്‍ ജെപിസി ശുപാര്‍ശയ്ക്ക് അനുസരിച്ചാണ് മൂന്നില്‍നിന്ന് രണ്ടായി കുറച്ചത്. രണ്ടുവര്‍ഷത്തിനുള്ളില്‍ സംഘടനകള്‍ക്ക് അവരുടെ വാദങ്ങള്‍ നിരത്താന്‍ കഴിയും. അവര്‍ കുറ്റക്കാരാണെന്നു കണ്ടെത്തിയാല്‍ നിരോധനം നീട്ടുകയുംചെയ്യാം. പുതിയ വ്യവസ്ഥ ഈ സാധ്യതയെ പരിമിതപ്പെടുത്തുന്നതാണ്. ഭരണഘടന ഉറപ്പുനല്‍കുന്ന സംഘടിക്കാനുള്ള മൗലികാവകാശത്തിന്മേലുള്ള എല്ലാ നിയന്ത്രണങ്ങളും അങ്ങേയറ്റം അവധാനതയോടെയും യുക്തിസഹമായും ചെയ്യേണ്ടതാണെന്ന പൊതുതത്വം ഇവിടെ ലംഘിക്കപ്പെട്ടു. നിലവിലുള്ള ക്രിമിനല്‍നിയമങ്ങളില്‍ കുറ്റങ്ങളായി കാണുന്ന കാര്യങ്ങള്‍തന്നെ ഭീകരവിരുദ്ധനിയമങ്ങളിലും പ്രതിപാദിക്കപ്പെട്ടാല്‍ സാധാരണഗതിയില്‍ പൊലീസ് ചാര്‍ജ് ചെയ്യുന്നത് രണ്ടാമത്തെ നിയമത്തിന്റെ അടിസ്ഥാനത്തിലായിരിക്കും. ഈ നിയമമനുസരിച്ചായാല്‍ ജാമ്യം കിട്ടുന്നത് തുടങ്ങി നിപരാധിത്വം തെളിയിക്കുന്നതുവരെ ദുഷ്കരമായ ദൗത്യമാണ്.

നേരത്തെയുണ്ടായിരുന്ന ഭീകരവിരുദ്ധനിയമങ്ങളായ ടാഡയും പോട്ടയും പിന്‍വലിച്ച സര്‍ക്കാര്‍ യഥാര്‍ഥത്തില്‍ അതിനേക്കാള്‍ ശക്തമായ നിയമമാണ് കൊണ്ടുവന്നിരിക്കുന്നത്. ആ നിയമങ്ങളിലുള്ള സുരക്ഷാകവചങ്ങള്‍പോലും ഈ നിയമത്തിലില്ല. ടാഡയും പോട്ടയും അനുസരിച്ച് ജില്ലാ പൊലീസ് സൂപ്രണ്ടിന്റെ രേഖാമൂലമുള്ള അനുമതിയില്ലാതെ കേസ് ചാര്‍ജ് ചെയ്യുന്നതിനും കുറ്റപത്രം നല്‍കുന്നതിനും കഴിയുകയില്ല. ഈ നിയമത്തില്‍ അത്തരം വ്യവസ്ഥകള്‍ ഒന്നുംതന്നെയില്ല.

ഇതെല്ലാം പരിഗണിച്ചാണ് ഈ ബില്ലിനെതിരെ ശക്തമായ നിലപാട് ഇടതുപക്ഷം സ്വീകരിച്ചത്. ജെഡിയുവും ബിജെഡിയും എഐഎഡിഎംകെയും ആര്‍ജെഡിയും പസ്വാന്റെ പാര്‍ടിയും ഉള്‍പ്പെടെയുള്ള രാഷ്ട്രീയപാര്‍ടികളുടെ എംപിമാര്‍ സിപിഐ എം അവതരിപ്പിച്ച ഭേദഗതികളെ പിന്താങ്ങി. ആദ്യമായാണ് ജെഡിയു പാര്‍ലമെന്റില്‍ എന്‍ഡിഎയില്‍നിന്നു വ്യത്യസ്തമായ നിലപാട് സ്വീകരിക്കുന്നത്. ഭീകരവാദത്തെ എതിര്‍ക്കുന്നതിനൊപ്പം ആരെല്ലാമാണ് മനുഷ്യാവകാശങ്ങള്‍ക്കും ജനാധിപത്യതത്വങ്ങള്‍ക്കും ഒപ്പം നില്‍ക്കുന്നതെന്ന് തിരിച്ചറിയുന്നതിന് ഈ വോട്ടെടുപ്പ് കളമൊരുക്കി. എന്നാല്‍, പുതിയ ബില്‍ പാസാക്കിയെടുക്കുന്നതിന് ബിജെപി പിന്തുണയോടെ യുപിഎയ്ക്ക് കഴിഞ്ഞു. ഇനി ജനങ്ങളുടെ ശക്തമായ ചെറുത്തുനില്‍പ്പാണ് ഉയര്‍ന്നുവരേണ്ടത്.

*
പി രാജീവ് ദേശാഭിമാനി 29 ഡിസംബര്‍ 2012

No comments: