Saturday, December 8, 2012

ഇസങ്ങള്‍ക്കിപ്പുറത്തെ വായനക്കാരന്‍

പി ഗോവിന്ദപ്പിള്ള /എസ് വി മെഹ്ജൂബ്

 ? ഇപ്പോള്‍ താങ്കള്‍ എന്താണ് വായിച്ചുകൊണ്ടിരിക്കുന്നത്?

= എ പൊളിറ്റിക്കല്‍ ഹിസ്റ്ററി ഓഫ് ജാപ്പനീസ് കാപ്പിറ്റലിസം"". പിന്നെ "എ ക്രിട്ടിക്കല്‍ റിയലിസം - ആന്‍ ഇന്‍ട്രൊഡക്ഷന്‍ ടു റോയ് ഭാസ്കര്‍സ് ഫിലോസഫി -ഇതു രണ്ടുമാണ് വായിച്ചുകൊണ്ടിരിക്കുന്നത്.

? വെറുതെ ഒരു വായനയുടെ ഭാഗമായാണോ അതോ ഇപ്പോഴിതൊക്കെ വായിക്കേണ്ട എന്തെങ്കിലും മൂര്‍ത്ത സാഹചര്യം നിലവിലുണ്ടോ?

= ലോകമുതലാളിത്തം വലിയ പ്രതിസന്ധിയില്‍ അകപ്പെട്ടിരിക്കുകയാണ്. മെല്‍റ്റ് ഡൗണ്‍  എന്ന് ഇംഗ്ലീഷില്‍ പറയുന്ന ഇന്‍ഷുറന്‍സ് സ്ഥാപനങ്ങളുള്‍പ്പെടെ പല കമ്പനികളും അടച്ചുപൂട്ടേണ്ടിവന്ന അവസ്ഥ. അതില്‍നിന്ന് രക്ഷപ്പെടാനുള്ള ശ്രമത്തിന്റെ ഭാഗമായി അവര്‍തന്നെ ഇതുവരെ പറഞ്ഞതില്‍നിന്ന് വ്യത്യസ്തമായി സര്‍ക്കാറിന്റെ സഹായം വേണ്ടിവന്നു. ലെസ് ഗവണ്‍മെന്റ് ആന്‍ഡ് മോര്‍ പ്രൈവറ്റ്"  എന്നതായിരുന്നു അവരുടെ ഇതുവരെയുള്ള നയം. ""സര്‍ക്കാരിന്റെ സഹായമൊന്നും വേണ്ട നിങ്ങള്‍ നിങ്ങടെ കാര്യം നോക്കിക്കൊ ഞങ്ങള്‍ ഞങ്ങടെ കാര്യം നോക്കിക്കൊള്ളാം"" എന്ന നിലപാടില്‍നിന്ന് മുതലാളിത്തത്തിന് മാറേണ്ടിവന്നിരിക്കുന്നു. ലോകമുതലാളിത്തത്തിന്റെ ഏറ്റവും ഉന്നതനായ നേതാവും ലോകമൊട്ടുക്കും സൈനികരും സൈനിക താവളങ്ങളുമുള്ള സൂപ്പര്‍ പവറുമായ അമേരിക്കയാണ് ഏറ്റവും വലിയ തകര്‍ച്ചയെ നേരിട്ടിരിക്കുന്നത്. ഈ തകര്‍ച്ചയെക്കുറിച്ചും ഇതിന് ബദലായി വരുന്ന ശക്തികളെക്കുറിച്ചും മുതലാളിത്തം എങ്ങനെ പ്രതിസന്ധിയിലേക്ക് കൂപ്പുകുത്തി എന്നൊക്കെ പഠിക്കേണ്ടതുണ്ട്. അതിനേറ്റവും നല്ലത് ജപ്പാന്റെയും ജര്‍മനിയുടെയുമൊക്കെ ചരിത്രം പഠിക്കുകയാണ്. ലോകമുതലാളിത്ത രാഷ്ട്രങ്ങളില്‍ ഏററ്റവും സമ്പന്നമായത് അമേരിക്കയും ജപ്പാനും ജര്‍മനിയുമാണ്. ഇതിലേതാണ് ഏറ്റവും സമ്പന്നം എന്ന് പറയാനാവില്ല. അതേസമയം ജപ്പാനും ജര്‍മനിക്കും വലിയ തുകയുടെ കടബാധ്യതക്കാരാണ് അമേരിക്ക. രണ്ടാം ലോകയുദ്ധത്തില്‍ ജപ്പാന്റെ ഉല്‍പാദനക്ഷമമായ സ്ഥാപനങ്ങളെ തകര്‍ത്തുകളഞ്ഞിട്ട് പിന്നെ അത് വളര്‍ന്നുവന്നതും അമേരിക്കയുടെ സഹായത്തോടെയാണ്. യൂറോപ്പിലെ "ലെന്‍ഡ് ലീസ്, മാര്‍സല്‍ പ്ലാന്‍" എന്നൊക്കെ പറയുന്ന പദ്ധതികള്‍ പ്രകാരം അമേരിക്ക ജപ്പാനെ കൈപിടിച്ചുയര്‍ത്തുകയായിരുന്നു. എന്നാല്‍ ഇന്ന് ജപ്പാന്‍ തകര്‍ന്നുകൊണ്ടിരിക്കുകയാണ്. ജപ്പാന്‍ വളരെ പ്രത്യേകതകള്‍ ഉള്‍കൊള്ളുന്നുണ്ട്. പാശ്ചാത്യ മുതലാളിത്ത രാഷ്ട്രങ്ങള്‍ എന്ന പറച്ചിലില്‍ ജപ്പാന്‍ ഉള്‍പ്പെട്ടു. എന്നാല്‍ ജപ്പാന്‍ ഏഷ്യന്‍ രാജ്യമാണ്. ഏഷ്യന്‍ രാജ്യങ്ങളെ ഇത്രയധികം പിന്നിലാക്കി യൂറോപ്യന്‍ രാജ്യങ്ങള്‍ക്ക് തുല്യമായി ജപ്പാന്‍ എങ്ങനെ വളര്‍ന്നു. അത് എങ്ങനെ പ്രതിസന്ധിയിലായി. പ്രതിസന്ധിയെ നേരിടാന്‍ കൈക്കൊള്ളുന്ന തന്ത്രങ്ങള്‍ എന്ത്? എന്നൊക്കെ പഠിക്കാന്‍ "ജോണ്‍ ഹാലിഡെ" എന്ന വളരെ പ്രശസ്തനായ എഴുത്തുകാരന്റെ കൃതിയാണ് ഞാനിപ്പോള്‍ വായിക്കുന്നത്.

? പലപ്പോഴും എല്ലാ കമ്യൂണിസ്റ്റുകാരും അല്ലെങ്കില്‍ സോഷ്യല്‍ ആക്ടിവിസ്റ്റുകളും വായിക്കുന്നത് സാമൂഹ്യമായ പ്രശ്നങ്ങളുടെ പരിഹാരം എങ്ങനെ കണ്ടെത്താം എന്ന അന്വേഷണത്തിന്റെ ഭാഗമായാണ്. എന്നാല്‍ വായന അതില്‍തന്നെ എല്ലാ അര്‍ഥത്തിലും അനുഭൂതിദായകവുമാണ്. വായനയുടെ സ്വര്‍ഗത്തില്‍ എന്ന ടൈറ്റിലില്‍ സുകുമാര്‍ അഴീക്കോടൊക്കെ പുസ്തകംതന്നെ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഈ സമീപനത്തെ സാമ്പ്രദായികമായ ഒന്നായാണ് പുരോഗമന പക്ഷത്തുള്ളവര്‍ വിവക്ഷിക്കാറ്. താങ്കള്‍ക്ക് വായന എന്താണ്? വായനയില്‍നിന്ന് കിട്ടിയ അനുഭൂതി എന്താണ്? എങ്ങനെയാണ് പുസ്തകങ്ങള്‍ തെരഞ്ഞെടുക്കാറുള്ളത്? ഓരോ സമയത്തും എന്തൊക്കെയാണ് വായിക്കാറുള്ളത്?

= അല്‍പം ബുദ്ധിമുട്ടുള്ള ഒരു ചോദ്യമാണിത്. പറയാന്‍ പക്ഷെ എനിക്ക് ബുദ്ധിമുട്ടില്ല. കാരണം എന്റെ കാര്യമാണല്ലൊ ചോദിക്കുന്നത്. ഞാന്‍ താങ്കള്‍ പറയുന്നതുപോലെ സാമൂഹ്യപ്രശ്നങ്ങളുടെ പരിഹാരത്തിന് സഹായകരമായ ചില ചിന്താപദ്ധതികള്‍ സ്വരൂപിക്കാനും പ്രശ്നപരിഹാരം മനസ്സിലാക്കാനും കൂടിയാണ് വായിക്കുന്നത്. ഉദാഹരണത്തിന് ഇപ്പോള്‍ നാം പറഞ്ഞ റോയിഭാസ്കറിന്റെ പുസ്തകം, അദ്ദേഹം ലോകത്തെ ഏറ്റവും പ്രമുഖരായ സയന്‍സ് ഫിലോസഫേഴ്സില്‍ ഒരാളാണ്. ശാസ്ത്ര സാങ്കേതികവിദ്യയുടെ അത്യുച്ചകോടിയിലാണ് നാം ഇപ്പോള്‍ നില്‍ക്കുന്നത്. മുമ്പ് അതിന്റെ കര്‍തൃത്വം പാശ്ചാത്യ രാജ്യങ്ങള്‍ക്കായിരുന്നുവെങ്കില്‍ ഇന്ന് മൂന്നാം ലോകരാജ്യങ്ങള്‍ക്ക് അതില്‍ നിര്‍ണായക റോള്‍ ഉണ്ട്. ശാസ്ത്ര സാങ്കേതിക വിദ്യയിലേക്ക് ഊളിയിട്ടിറങ്ങുന്ന അതേസമയത്തുതന്നെ ശാസ്ത്രവിരുദ്ധ ചിന്താഗതികളും ശക്തിപ്പെടുന്നുണ്ട് എന്നത് രസകരമായ ഒരു വസ്തുതയാണ്. ഏറ്റവും വലിയ ഉദാഹരണം അമേരിക്കയില്‍നിന്നുതന്നെയാണ്. അവിടെ ഡാര്‍വിന്‍ സിദ്ധാന്തം തെറ്റാണെന്നും ബൈബിളില്‍ പറയുന്നതുപോലെ ആറുദിവസം കൊണ്ട് ദൈവമാണ് ആകാശവും ഭൂമിയും സൃഷ്ടിച്ചത് എന്നും പ്രചരിപ്പിക്കുകയും അത് കലാലയങ്ങളില്‍ പഠിപ്പിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്യുന്ന വലിയ പ്രസ്ഥാനമുണ്ട്. മാത്രമല്ല യുഎസിലെ ചില സംസ്ഥാനങ്ങളില്‍ ഇത്തരത്തില്‍ നിയമവും പാസാക്കിയിട്ടുണ്ട്. ഇവാഞ്ചലിക്കുകളാണ് ഈ പ്രസ്ഥാനത്തിന്റെ മുന്‍പന്തിയില്‍ നില്‍ക്കുന്നത്. അങ്ങനെയുള്ള ഫണ്ടമെന്റലിസ്റ്റുകള്‍ക്ക് എന്താണ് മറുപടി? സയന്‍സ് ഇന്ന് പറയുന്നത് നാളെ തെറ്റാണെന്നും ഇന്നലെ തെറ്റെന്ന് പറയുന്നത് ഇന്ന് ശരിയാണെന്നും പറയും. ഒരുകാലത്ത് ന്യൂട്ടന്റെ പ്രപഞ്ച വീക്ഷണമാണ് ശരിയെന്നു പറഞ്ഞു. ഇന്ന് അത് അട്ടിമറിച്ച് ഐന്‍സ്റ്റീന്റേതാണെന്ന് പറയുന്നു. ഇത് സംബന്ധിച്ച് ഞാന്‍ പ്രധാനപ്പെട്ട ഒരു പുസ്തകം എഴുതിക്കൊണ്ടിരിക്കുകയാണ്. "സയന്‍ിഫിക് റവലൂഷന്‍ - എ കള്‍ച്ചറല്‍ ഹിസ്റ്ററി" എന്നാണ് പേര്. ഇരുപത് അധ്യായത്തോളം പൂര്‍ത്തിയായി. ഇനി പത്ത് അധ്യായംകൂടി എഴുതിയാല്‍ തീരും. ഇതിനൊക്കെ വേണ്ടി റോയ് ഭാസ്കരടക്കം നിരവധി പേരെ വായിക്കുന്നു. ഇന്ത്യയില്‍ ബിജെപി അധികാരത്തിലിരുന്നപ്പോള്‍ മന്ത്രവാദവും ജ്യോതിഷവും പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്താന്‍ ശ്രമിച്ചു. അതിനെ എതിര്‍ക്കണം, എന്നാല്‍ ശാസ്ത്രത്തിന് യാതൊരു കുഴപ്പവുമില്ല എന്നുപറയാന്‍ ഒക്കുമോ? ശാസ്ത്രീയ സത്യാന്വേഷണത്തിന് ദൗര്‍ബല്യങ്ങളൊന്നുമില്ലെന്നും ശാസ്ത്രമല്ലാതെ സത്യത്തിലേക്ക് മറ്റ് വഴികളില്ലെന്നും പറയാന്‍ കഴിയുമോ? ഇതൊക്കെ സോഷ്യലിസത്തിനും പൊതുജീവിതത്തിനും പൊതു വിദ്യാഭ്യാസത്തിനുമൊക്കെ താല്‍പര്യമുള്ള വിഷയങ്ങളാണ്. അതുകൊണ്ടാണിതെല്ലാം വായിക്കുന്നത്. ഇവ കൂടാതെ ഖുര്‍ആന്‍, ഗീത, ബൈബിള്‍, ഉപനിഷത്തുകള്‍ തുടങ്ങിയ മതഗ്രന്ഥങ്ങളും അതുമായി ബന്ധപ്പെട്ട ചരിത്രപുസ്തകങ്ങളും വായിക്കുന്നു. എന്തുകൊണ്ട് അവയ്ക്കെല്ലാം ഇത്രയധികം സ്വാധീനം ഇപ്പോഴും നിലനില്‍ക്കുന്നു. അത് മനസ്സിലാക്കിയേ തീരൂ. കാരണം മാര്‍ക്സിസം മതനിഷേധമല്ല, മതത്തെ വിമര്‍ശനാത്മകമായി കണ്ടെത്തുകയാണ് മാര്‍ക്സിസം ചെയ്യുന്നത്. മതത്തിന് ഒരു സോഷ്യല്‍ ഫങ്ഷന്‍- സാമൂഹ്യധര്‍മം -ഉള്ളതുകൊണ്ടാണ് യുഗാന്തരങ്ങളായി അത് നിലനില്‍ക്കുന്നത്. അത് കണ്ടെത്തണം. അതേസമയം അന്ധവിശ്വാസങ്ങളും അനാചാരങ്ങളും മാത്രമല്ല വിഭാഗീയതയ്ക്കും രക്തച്ചൊരിച്ചിലിനും അതു കാരണമായിട്ടുണ്ട്. അത് പഠിക്കണം. ഒന്നുകഴിഞ്ഞിട്ടൊന്ന് എന്ന് വയ്ക്കാന്‍ കഴിയില്ല. ഇക്കാരണത്താല്‍ രണ്ടുമൂന്നു വിഷയങ്ങള്‍ ഒരേസമയം വായിക്കുകയും എഴുതുകയും അറിവുള്ളവരുമായി ഇവ സംബന്ധിച്ച ആശയവിനിമയം നടത്തുകയും ചെയ്യുക എന്നതാണ് ഞാന്‍ തുടരുന്ന സമ്പ്രദായം.

? വായനയില്‍ ലഭിക്കുന്നു എന്ന് താങ്കള്‍ തന്നെ സമ്മതിക്കുന്ന അനുഭൂതിയെക്കുറിച്ച് പറയാമോ?

= തീര്‍ച്ചയായും അനുഭൂതിയുണ്ട്. പലപ്പോഴും ബൗദ്ധികമായ സംതൃപ്തിക്ക് പുറമെ വൈകാരികമായ സംതൃപ്തിയും ഉണ്ട്. മനുഷ്യന്റെ പ്രധാനപ്പെട്ട ഒരു സ്വഭാവം അറിവിനുവേണ്ടിയുള്ള തൃഷ്ണയാണ്. പ്രാചീന മനുഷ്യന്‍ മുതലുള്ളതാണത്. ഒന്നും അറിഞ്ഞുകൂടാത്ത കാലത്ത് അനന്തമായ നീലാകാശവും അതിലെ നക്ഷത്രബാഹുല്യവും സൂര്യചന്ദ്രന്മാരുടെ ഉദയാസ്തമയങ്ങളും പ്രാചീന മനുഷ്യനെ അത്ഭുതപ്പെടുത്തി. അവയെന്താണെന്ന് അറിയാനാഗ്രഹിക്കുകയും അറിഞ്ഞിടത്തോളം എഴുതിവയ്ക്കുകയും അറിയാത്തത് വിവരിക്കാന്‍ വേണ്ടി മിത്തുകളും കെട്ടുകഥകളും ഉണ്ടാക്കുകയും ചെയ്തു. അത്തരത്തിലുള്ള തൃഷ്ണയും സംതൃപ്തിയും ഇപ്പോഴും തുടരുന്നുണ്ട്. അതുകൊണ്ട് വൈകാരികമായ ഒരു സാക്ഷാത്കാരം ഉണ്ട് എന്ന കാര്യത്തില്‍ സംശയമില്ല.

? ഒരിക്കല്‍ താങ്കളുടെ മകന്‍ എം ജി രാധാകൃഷ്ണന്‍ എഴുതിയ കുറിപ്പില്‍ കുട്ടിക്കാലത്ത് ഡല്‍ഹിയിലെ ഒരു ബുക്ക് സ്റ്റാളില്‍ ഒറ്റപ്പെട്ടുപോയതിനെക്കുറിച്ച് പറയുന്നുണ്ട്. ഭാര്യയും മക്കളുമൊന്നിച്ച് നാടകം കാണാന്‍ പോയ പി ജി മകളെയും ഭാര്യയെയും നാടകം കാണാന്‍ വിട്ട് മകനെയുംകൂട്ടി ബുക്ക്സ്റ്റാളില്‍ പോയതും മകനെയും കുടുംബാംഗങ്ങളെയും മറന്ന് ഒറ്റയ്ക്ക് വീട്ടില്‍പോയി വായനയില്‍ മുഴുകിയതും രാധാകൃഷ്ണന്‍ പറയുന്നുണ്ട്. പരിസരം മറന്നുപോകുന്ന തരത്തില്‍ ലഹരി തരുന്നുണ്ട് വായന എന്നല്ലെ ഇതിനര്‍ഥം?
= ആ സംഭവത്തെ ഒരുതരം ആബ്സന്റ് മൈന്‍ഡ്നസ്സായി മാത്രമെ കാണാന്‍ കഴിയൂ. (ചിരിക്കുന്നു.)... വായന പലപ്പോഴും ലഹരിയായി മാറിയിട്ടുണ്ട്.

? എത്ര വയസ്സു മുതലായിരിക്കും വായന ആരംഭിച്ചിട്ടുണ്ടാവുക?

= സാധാരണഗതിയില്‍ പറയുന്നതുപോലെ ഞാനൊരു ബുദ്ധിജീവിയല്ല. ഞാനെന്നെ കാണുന്നത് ഒരാക്ടിവിസ്റ്റ് എന്ന നിലയിലാണ്. ഒരു സാമൂഹ്യപ്രവര്‍ത്തകന് ആവശ്യമുള്ള കാര്യങ്ങള്‍, ഉയര്‍ന്നുവരുന്ന പ്രശ്നങ്ങള്‍, പത്രവാര്‍ത്തകള്‍, ദാര്‍ശനിക തലത്തിലും ചരിത്രത്തിന്റെ തലത്തിലും എതിരാളികള്‍ ഉന്നയിക്കുന്ന പ്രശ്നങ്ങള്‍.... ഇതിനൊക്കെ എങ്ങനെ മറുപടി പറയും എന്നു കണ്ടുപിടിക്കാന്‍ കൂടിയാണ് ഞാന്‍ വായിക്കുന്നത്. എഴുതുന്നതും അതിനുവേണ്ടിത്തന്നെ. അല്ലാതെ സംതൃപ്തിക്ക് വേണ്ടി മാത്രമല്ല. സംതൃപ്തിയുണ്ടോ എന്ന് ചോദിച്ചാല്‍ ഉണ്ട്. അത് വായനയില്‍ നിന്ന്മാത്രമല്ല, തെരഞ്ഞെടുപ്പില്‍ മത്സരിച്ചാല്‍ അതൊരു സംതൃപ്തിയാണ്, തൊഴിലാളി സമരങ്ങളില്‍ പങ്കെടുത്തിട്ടുണ്ട്. അതൊരു സംതൃപ്തിയാണ്. സംതൃപ്തി വായനയില്‍ നിന്നെന്നപോലെ ദൈനംദിന പ്രവര്‍ത്തനങ്ങളില്‍ നിന്നും ലഭിക്കാതിരിക്കില്ല.

? താങ്കള്‍ ദിവസം ശരാശരി എത്രസമയം വായിക്കുകയും എഴുതുകയും ചെയ്യും?

= മുന്‍കാലങ്ങളിലൊക്കെ എത്രസമയം വായിക്കാന്‍ ലഭിക്കും എന്നു ഒരു തീര്‍ച്ചയുമില്ലായിരുന്നു. ചിലപ്പോഴൊക്കെ യാത്രയുണ്ട്. ചില ദിവസങ്ങളില്‍ വായിക്കാന്‍ ഒട്ടും സമയം കിട്ടാറില്ല. പൊതുയോഗങ്ങളില്‍ സംസാരിക്കാനും സംഘടനാ പ്രവര്‍ത്തനത്തിനും സമരത്തിനും പ്രചാരവേലയ്ക്കും എല്ലാം സമയം ചെലവഴിക്കണം. പിന്നെ എഴുതാന്‍ കുറെസമയം ചെലവഴിക്കണം. ഇപ്പോള്‍ പക്ഷേ അനാരോഗ്യം മൂലം സംഘടനാ പ്രവര്‍ത്തനവും യാത്രയുമൊക്കെ വളരെ കുറഞ്ഞു. അതുകൊണ്ട് ശരാശരി മൂന്നരമുതല്‍ നാല് മണിക്കൂര്‍വരെ എഴുതാനും ഏഴു മുതല്‍ എട്ട് മണിക്കൂര്‍ വരെ വായിക്കാനും കഴിയുന്നുണ്ട്. ചില ദിവസം തീരെ എഴുതാതിരുന്നാല്‍ ആ സമയവും വായിക്കും. ചില ദിവസം കൂടുതല്‍ എഴുതാന്‍ തരുമാനിച്ചാല്‍ അന്ന് വായന കുറയും.

? ശാരീരികമായി ഇപ്പോഴും അത്രയും ഊര്‍ജം ചെലവഴിക്കാന്‍ കഴിയുന്നുണ്ടോ?

= കണ്ണിനും ചെവിക്കും പ്രശ്നമുണ്ട്. വായിക്കാന്‍ ഒരു കണ്ണടയും ദൂരെ കാണാന്‍ ഒരു കണ്ണടയുമാണ് ഉപയോഗിക്കുന്നത് കൂടാതെ പലപ്പോഴും ലെന്‍സും വേണ്ടിവരും. ആരെങ്കിലും.... സ്നേഹിതന്മാരോ ബന്ധുക്കളോ മക്കളൊ വായിച്ചുകേള്‍പ്പിക്കാറുമുണ്ട്. ഇല്ലെങ്കില്‍ കുറച്ചുകഴിയുമ്പോ കണ്ണു വേദനിക്കും. എന്നാലും വായനയില്‍ കുറവൊന്നും വരുത്തിയിട്ടില്ല. പക്ഷേ മുമ്പത്തേതിനെക്കാള്‍ quantity കുറവുണ്ട് എന്ന കാര്യത്തില്‍ സംശയമില്ല. ഒരു മണിക്കൂറുകൊണ്ട് ഇരുപത്തിഏഴുപേജ് ഒക്കെ വായിക്കുമായിരുന്നു. ഫിക്ഷനാണെങ്കില്‍ അതില്‍കൂടുതല്‍ വായിക്കുമായിരുന്നു. ഇപ്പോള്‍ അത്രയും വായിക്കാന്‍ കഴിയുന്നില്ല. ഇപ്പൊ ഒരു മണിക്കൂറുകൊണ്ട് ഒരു പതിനഞ്ച് പേജൊക്കെയെ വായിച്ചുതീരൂ. കാരണം പതുക്കെ വേണം. എല്ലാ അക്ഷരങ്ങളും കണ്ടുകൂടാ. അപ്പം ലെന്‍സുവേണം, സൂക്ഷിച്ചുനോക്കണം. അങ്ങനെയൊക്കെയുണ്ട്.

? ഈയിടെ പി ജി ഡാര്‍വിന്റെ പരിണാമസിദ്ധാന്തത്തെ അധികരിച്ച് മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ ലേഖനമെഴുതിക്കണ്ടു. ഗ്രാംഷിയന്‍ ചിന്തയെക്കുറിച്ച് ഇ എം എസും പിജിയും ചേര്‍ന്ന് പുസ്തകമെഴുതിയിട്ടുണ്ട്. അതുപോലെ വ്യത്യസ്തവും പുതിയതുമായ വിഷയങ്ങളിലൊക്കെയുള്ള പിജിയുടെ പ്രതികരണവും എഴുത്തും ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്. നോവല്‍, സാഹിത്യം പി ജി എത്രത്തോളം വായിക്കുന്നുണ്ട് എന്നെനിക്കറിയില്ല. ഇങ്ങനെ വളരെ വലിയരീതിയില്‍ വൈവിധ്യമാര്‍ന്ന വിഷയങ്ങളില്‍ എഴുതാനും അത്രതന്നെ ഇന്‍ഫര്‍മേഷന്‍ കലക്ട് ചെയ്യാനുമുള്ള കരുത്ത് അല്ലെങ്കില്‍ ശേഷി അത്ഭുതപ്പെടുത്തുന്നതാണ്. പലപ്പോഴും ഏതെങ്കിലും ഒരു വിഷയത്തില്‍ ഊന്നാനേ ഒരാള്‍ക്ക് കഴിയൂ. പ്രത്യേകിച്ച് പ്രൊഫഷണലായി സ്പെഷ്യലൈസേഷന് ഊന്നല്‍ നല്‍കുന്ന ഇക്കാലത്ത് വിഷയങ്ങളില്‍നിന്ന് വിഷയങ്ങളിലേക്ക് ഇങ്ങനെ സഞ്ചരിക്കാന്‍ താങ്കള്‍ക്ക് എങ്ങനെ കഴിയുന്നു?

= പല കാരണങ്ങളാല്‍ നമ്മുടെ കണ്ണുകളും കാതുകളും തുറന്നിരിക്കുകയാണ്. അതുകൊണ്ടാണിങ്ങനെ. എന്റെ ജീവിതകാലയളവില്‍തന്നെ വമ്പിച്ച മാറ്റങ്ങള്‍ സയന്‍സില്‍ ഉണ്ടായിട്ടുണ്ട്. ഉദാഹരണത്തിന് കേസു തെളിയിക്കാനും ആളുകളെ ഐഡന്റിഫൈ ചെയ്യാനുമൊക്കെ ഉപകരിക്കുന്ന ഡിഎന്‍എ യെ സംബന്ധിച്ചും അതിന്റെ ഘടനയെക്കുറിച്ചുമൊക്കെയുള്ള കണ്ടുപിടുത്തമുണ്ടായത് ഞാന്‍ ആദ്യം എംഎല്‍എ ആയതിന് ശേഷമാണ്. 1952ലാണ് വാട്ട്സണും ക്രിക്കും അതു കണ്ടുപിടിച്ചത്. ഞാന്‍ പള്ളിക്കൂടത്തില്‍ പഠിച്ചിരുന്ന കാലത്ത് കംപ്യൂട്ടര്‍ എന്ന സാധനമേ ഉണ്ടായിരുന്നില്ല. അതുണ്ടാകുന്നത് രണ്ടാം ലോകയുദ്ധകാലത്ത് യുദ്ധാവശ്യങ്ങള്‍ക്കായാണ്. അന്ന് ഒരു വലിയ മുറിയോളം വരുന്ന യന്ത്രസമുച്ചയമായിരുന്നു കംപ്യൂട്ടര്‍. ഇന്നോ, വന്നുവന്ന് തീപ്പെട്ടിയോളമുള്ള മൊബൈല്‍ഫോണ്‍ വരെയായി. വാസ്തവത്തില്‍ അത് കംപ്യൂട്ടറാണ്. അപ്പോള്‍ ഞാന്‍ കണ്ണുതുറന്ന് കൊടി പിടിക്കുകയും സമരം ചെയ്യുകയും ഒളിവില്‍ പോകുകയും ജയിലില്‍ പോവുകയും ഒക്കെ ചെയ്യുന്ന ഘട്ടത്തിലാണ് ഈ മാറ്റങ്ങളൊക്കെ ഉണ്ടാവുന്നത്. ഇത് കണ്ടില്ലെന്ന് നടിക്കാന്‍ സാധ്യമല്ല. ജനിറ്റിക്സിന്റെ വിവിധ ഘട്ടങ്ങള്‍, ക്ലോണിങ്, ടിഷ്യു കള്‍ച്ചര്‍... എങ്ങനെയാണ് ഇതൊക്കെയെന്ന് അറിയാന്‍ തോന്നും. മറ്റൊരു പ്രധാനപ്പെട്ട കണ്ടുപിടിത്തം ക്വാണ്ടം തിയറിയും റിലേറ്റിവിറ്റിയുമായിരുന്നു. എന്റെ ജനത്തിന് മുന്‍പാണ് അതുണ്ടാവുന്നത്. 1905ലാണ് റിലേറ്റിവിറ്റി തിയറി ഉണ്ടാവുന്നത്. ഐന്‍സ്റ്റൈന്‍ ഇത് പൂര്‍ണമായി കണ്ടുപിടിച്ചത് 1915 ലാണ്. ഇതില്‍ വ്യത്യസ്തമായ ഒരു ലോകവീക്ഷണം അവതരിപ്പിക്കുന്നത് ക്വാണ്ടം ബലതന്ത്രമാണ്. ഇത് കണ്ടുപിടിച്ചത് വെര്‍ണര്‍ ഹൈസന്‍ബെര്‍ഗ് എന്നയാളാണ്. അതിന് അയാളെ സഹായിച്ചത് എര്‍വിന്‍ ഷ്രോഡിംഗര്‍ എന്നയാളാണ്. 1926 ലാണത്. ഞാന്‍ ജനിച്ച വര്‍ഷം. ഇതിന്റെയൊക്കെ ഇംപാക്ട് ഞാനറിയുന്നത് 40 കളിലും 50 കളിലും 60 കളിലുമാണ്. ഇതിങ്ങനെ വരുന്ന സമയത്ത് അതിന്റെ കാര്യം കണ്ടുപിടിക്കണ്ടെ?

അതുപോലെ ആറ്റംബോബുണ്ടായത് എന്റെ ഓര്‍മയിലാണ്. 1945 ആഗസ്ത് 6നും 9നും ഹിരോഷിമയിലും നാഗസാക്കിയിലും അത് വര്‍ഷിക്കുന്ന കാലത്ത് ഞാന്‍ കോളേജ് വിദ്യാര്‍ഥിയായിരുന്നു. അന്ന് ഞെട്ടിപ്പോവുകയും ദുഃഖിക്കുകയും ചെയ്തിരുന്നു. അപ്പൊ എന്താണ് ഈ ആറ്റംബോംബ് എന്ന് അറിയാനുള്ള താല്‍പര്യം വന്നു. അങ്ങനെ ജീവിതത്തില്‍ എന്നുമെന്നും നിറഞ്ഞുനില്‍ക്കുന്ന പുതിയ പുതിയ കണ്ടെത്തലുകളും സംഭവ വികാസങ്ങളും ഉണ്ടാവുമ്പോള്‍ അതേക്കുറിച്ച് മനസ്സിലാക്കാനും പഠിക്കാനുമുള്ള ത്വര വരും. പക്ഷേ അതിന് മാത്രമുള്ള സാങ്കേതിക പരിജ്ഞാനമോ മറ്റുതരത്തിലുള്ള കഴിവുകളോ അക്കാദമിക് ക്വാളിഫിക്കേഷനോ എനിക്കില്ല. കോളേജില്‍ ഞാന്‍ സയന്‍സ് പഠിച്ചതല്ല. പക്ഷേ നിങ്ങള്‍ ഇപ്പോള്‍ പറഞ്ഞ ഡാര്‍വിന്‍ ലേഖനം പോലെ പത്തിരുപത് അധ്യായങ്ങളുള്ള ഒരു പുസ്തകം ഞാനിപ്പോള്‍ എഴുതിത്തീര്‍ത്തു. അതിലൊന്ന് മാത്രമാണ് മാതൃഭൂമിയില്‍ വന്നത്. ശാസ്ത്ര സാഹിത്യ പരിഷത്താണത് പ്രസിദ്ധീകരിക്കുന്നത്.

പിന്നെ മതത്തിന്റെയും ഭൗതിക വാദത്തിന്റെയും കാര്യം. ഭൗതികവാദം ഇന്ത്യയ്ക്കന്യമാണോ? ഇന്ത്യ മുഴുവന്‍ ആത്മീയമാണോ? നമ്മുടെ സംസ്കാരം മതപരവും സ്പിരിച്ച്വലും മാത്രമാണോ. അതല്ല എന്ന് 1942ല്‍ എന്നെ പഠിപ്പിച്ച കുറ്റിപ്പുഴ സാറുതന്നെ പറഞ്ഞിരുന്നു. ഒരുപക്ഷേ ആത്മീയ വാദത്തെക്കാള്‍ പഴക്കമുള്ള ചിന്താഗതിയാണ് ഇന്ത്യയിലെ "ലോകായതം" എന്നദ്ദേഹം പഠിപ്പിച്ചു. അപ്പം അത് നോക്കാന്‍ തോന്നും. എനിക്കേറ്റവും പ്രിയപ്പെട്ട ദാര്‍ശനികരിലൊരാളാണ് ദേവിപ്രസാദ് ചതോപാധ്യായ. അദ്ദേഹത്തെ ലോകശ്രദ്ധയില്‍ കൊണ്ടുവന്ന പുസ്തകമാണ് ലോകായതം. ആ പുസ്തകം ഞാനുംകൂടി ചേര്‍ന്നാണ് പീപ്പിള്‍സ് പബ്ലിഷിങ് ഹൗസില്‍ എഡിറ്റ് ചെയ്തത്. അക്കാലത്ത് ഡല്‍ഹിയില്‍ ഇ എം എസിന്റെ ഒരസിസ്റ്റന്റ് എന്ന നിലയില്‍ പ്രവര്‍ത്തിക്കുകയായിരുന്നു. അപ്പോള്‍ വിജ്ഞാനത്തിന്റെ ഒരു സ്വഭാവമെന്താണെന്നുവെച്ചാല്‍ ഒന്നുതൊട്ടാല്‍ അതിന്റെയടുത്ത വിഷയം വരും. അത് തൊട്ടാല്‍ അതിന്റെയടുത്തത് വരും. അങ്ങനെ ഓരോന്നിലും താല്‍പര്യമെടുത്തു. പക്ഷേ ഇതെല്ലാം നന്നായിട്ടു പഠിച്ചെന്നോ ആഴത്തില്‍ ചെന്നുവെന്നോ ഇല്ല. ഞാന്‍ സാധാരണ പറയാറ് "ജാക്ക് ഓഫ് ആള്‍ ട്രെയിഡ്സ് ബട്ട് എക്സ്പേര്‍ട്ട് ഇന്‍ നണ്‍" എന്നാണ്. പല പണികളും ചെയ്യാനറിയാം. പലതും വായിക്കാനറിയാം. പക്ഷേ ഒന്നിലും വളരെയേറെ ആഴത്തില്‍ പഠിച്ച് ചെയ്യാനുള്ള സൗകര്യമോ സാഹചര്യമോ അല്ലെങ്കില്‍ വിവരിക്കാനുള്ള ബുദ്ധിസാമര്‍ഥ്യമോ എനിക്കുണ്ടായിരുന്നില്ല എന്നാണെന്റെ വിലയിരുത്തല്‍.

? താങ്കള്‍ നോവലുകളും കഥകളും കവിതകളും അതായത് ഫിക്ഷന്‍സ് വായിക്കാറുണ്ടോ?

= ഇപ്പോ കുറച്ച് കുറവാണ്. എന്നാലും എനിക്കേറെ ഇഷ്ടമുള്ള ഒന്നാണത്. സ്കൂളില്‍ പഠിക്കുമ്പോള്‍ വായിച്ചുകൊണ്ടിരുന്ന എക്സ്ട്രാ ബുക്കുകളില്‍ പ്രധാനം ഇന്ദുലേഖ, മാര്‍ത്താണ്ഡവര്‍മ, ധര്‍മരാജ തുടങ്ങിയവയായിരുന്നു. എന്റെ അമ്മയ്ക്ക് മാര്‍ത്താണ്ഡവര്‍മ വലിയ ഇഷ്ടമായിരുന്നു. അമ്മയാണ് എനിയ്ക്കത് വായിക്കാന്‍ തന്നത്. അന്നുമുതല്‍ എനിക്കതില്‍ താല്‍പര്യം വരുകയും ചെയ്തു. പില്‍ക്കാലത്ത് എന്റെ ആസ്വാദനശേഷി മെച്ചപ്പെടുകയും വിമര്‍ശനബുദ്ധിയോടെ വായിക്കാനുള്ള വാസന വരികയും ചെയ്തപ്പോള്‍ സി വി രാമന്‍പിള്ളയെ വിമര്‍ശിക്കുകയും മാര്‍ത്താണ്ഡവര്‍മയുടെ ദൗര്‍ബല്യങ്ങള്‍ ചൂണ്ടിക്കാണിക്കുകയും ചെയ്തിട്ടുണ്ട്. പക്ഷേ ഇപ്പോഴും അതിലെ കഥാപാത്രങ്ങള്‍ മനസിലുണ്ട്. അതിലെ കഥാപാത്രമായ പാറുക്കുട്ടി, എന്റെ അമ്മയുടെ പേരും അതുതന്നെയായിരുന്നു. അതുകൊണ്ട് വൈകാരികമായ ഒരടുപ്പം എനിക്കും അമ്മക്കും ആ കൃതിയോടുണ്ടായിരുന്നു. നോവലിലെ സംഭവവികാസങ്ങള്‍ തന്റെ കാര്യമാണെന്ന് അമ്മക്ക് ചിലപ്പോള്‍ തോന്നാറുണ്ട്. പാറുക്കുട്ടിയുടെ അമ്മ കഥാപാത്രം കാര്‍ത്ത്യായനിയമ്മ. കാര്‍ത്ത്യായനിയമ്മയുടെ പ്രകൃതവും ഭരണശേഷിയും അധികാരം സ്ഥാപിക്കുന്നത് നോക്കിയാലും ഞങ്ങളുടെ ഒരമ്മൂമ്മയെ പോലെയായിരുന്നു. ഈ തരത്തില്‍ അതിനോട് ഒരു താല്‍പര്യമുണ്ടായിരുന്നു. പിന്നീട് ധാരാളം നോവലുകള്‍ ഡിറ്റക്ടീവ് ഉള്‍പ്പെടെ വായിച്ചിട്ടുണ്ട്. പക്ഷേ രാഷ്ട്രീയ പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടതോടെ നോവലിലുള്ള താല്‍പര്യം കുറഞ്ഞു.
ഒരിക്കല്‍ യര്‍വാഡാ ജയിലില്‍ ഞാന്‍ കിടക്കുമ്പോള്‍ പിന്നീട് പാര്‍ടി സെക്രട്ടറിയായ ഇന്ത്യന്‍ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ അതികായനായ നേതാവ് അജയഘോഷ് - അദ്ദേഹം വളരെ ആഴമുള്ള വായനക്കാരനും സൈദ്ധാന്തികനും ആയിരുന്നു- അദ്ദേഹം ചോദിച്ചു. ഗോവിന്ദ് എന്താണിപ്പോള്‍ വായിക്കുന്നത്? ഇന്നിന്നതാണെന്ന് ഞാന്‍ മറുപടി പറഞ്ഞു. പിന്നെയെന്തൊക്കെ? ഞാന്‍ ഓരോന്നോരോന്നായി മറുപടി പറഞ്ഞു. അതിലൊന്നും നോവലുകള്‍ ഇല്ലായിരുന്നു. അപ്പൊ കഥയൊന്നും വായിക്കാറില്ലെ എന്ന് അജയഘോഷ് ചോദിച്ചു. ഗൗരവമുള്ള താത്വിക ഗ്രന്ഥങ്ങളും ബാക്കിയുള്ളതും ഇരിക്കുമ്പോള്‍ കെട്ടുകഥയൊക്കെ എന്തിന് വായിക്കണം - ഞാന്‍ തിരിച്ചുചോദിച്ചു. ഗോവിന്ദ് ആ ധാരണ തെറ്റാണ് എന്ന് അദ്ദേഹം മറുപടി പറഞ്ഞു. മനോഹരമായ, നമ്മുടെ മനസ്സിന് വികാസം കിട്ടുന്ന, നമ്മുടെ അനുഭൂതികളുടെ അതിര്‍ത്തികള്‍ വികസിപ്പിക്കുന്ന, നാമറിയാത്ത ചിന്താഗതികളും വ്യക്തിത്വങ്ങളും സംഭവസാധ്യതകളും അറിയണമെങ്കില്‍ അത് ഫിക്ഷനിലൂടെയേ പറ്റൂ. ഫിക്ഷന്‍ എന്നാണ് പേരെങ്കിലും അത് ഫാക്ടാണ്. വിപ്ലവത്തിന്റെ ആവേശം കൊണ്ടാണ് വായിക്കാത്തതെങ്കില്‍ ഞാനൊരു പുസ്തകം തരാമെന്ന് പറഞ്ഞ് എഥെല്‍ വോയനിച്ചിന്റെ "ഗാട്ഫ്ളൈ" എന്ന പുസ്തകം തന്നു. അജയഘോഷിന്റെ മരണശേഷം 1965-66 കാലത്ത് കണ്ണൂര്‍ ജയിലിലായിരുന്നപ്പോള്‍ ഞാനത് "കാട്ടുകടന്നല്‍" എന്നപേരില്‍ മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്തു. ഇപ്പോള്‍ അനേകം എഡിഷനുകള്‍ അത് വിറ്റുകഴിഞ്ഞു. ഗാരിബാള്‍ഡിയുടെയും മസ്സീനിയുടെയും ഗോവൂരിന്റെയും ഇറ്റലി സ്വാതന്ത്ര്യത്തിനും ഏകീകരണതിനും വേണ്ടി സമരം ചെയ്ത സാഹചര്യം മുന്‍നിര്‍ത്തി എഴുതിയ ഉദ്വേഗ ജനകമായൊരു വിപ്ലവ കഥയാണത്. ജയിലില്‍വെച്ച് ഒളിച്ചുകടത്തിയാണ് ചിന്തയ്ക്കെത്തിച്ചത്. കാട്ടുകടന്നല്‍ പബ്ലിഷ് ചെയ്തു തുടങ്ങിയപ്പോള്‍ ചിന്താവാരികയുടെ കോപ്പി പതിന്മടങ്ങ് വര്‍ധിച്ചുവെന്ന് അന്ന് ചാര്‍ജുണ്ടായിരുന്ന സഖാവ്ചന്ദ്രന്‍ പറഞ്ഞിട്ടുണ്ട്.

പിന്നീട് ആഫ്രിക്കന്‍ കഥകള്‍.. ചിനു ആച്ചബെ, എന്‍ഗുഗി, വോള്‍ സോയിന്‍ക, ക്വിറ്റ്സെ, ഗുഡിന്‍ ഗാര്‍ഡിനര്‍ തുടങ്ങി കുറെ എഴുത്തുകാരിലൂടെ കടന്നുപോയി. അത്ഭുതകരമാണ്. വളരെ പിന്നോക്കം നില്‍ക്കുന്ന പ്രദേശത്തുനിന്ന് സാക്ഷരത പോലും വേണ്ടത്രയില്ലാത്ത രാജ്യങ്ങളില്‍ നിന്നാണിവര്‍. ഓരോ ആഫ്രിക്കന്‍ ഭാഷയിലും സ്വതന്ത്രമായ ഒന്നാന്തരം നോവലുകള്‍ ഉണ്ടായിട്ടുണ്ട്. കവിതകളുമുണ്ട്. "ഒക്കക് പെമിതെക് എന്ന ആഫ്രിക്കന്‍ കവി എനിക്കേറ്റവും പ്രിയപ്പെട്ടവനാണ്. അതേക്കുറിച്ച് ഞാന്‍ എഴുതിയിട്ടുണ്ട്. അതുപോലെ ലാറ്റിനമേരിക്കന്‍ കൃതികള്‍. ഗബ്രിയേല്‍ ഗാര്‍ഷ്യ മാര്‍ക്കേസിനെ എല്ലാവരും അറിയുകയും അദ്ദേഹത്തിന് നൊബേല്‍ സമ്മാനം ലഭിക്കുകയും ചെയ്യുന്നതിന് പത്തിരുപത് വര്‍ഷംമുമ്പ് അദ്ദേഹത്തിന്റെ കഥ മലയാളത്തില്‍ പ്രസിദ്ധീകരിച്ചത് ഞാനാണ് ദേശാഭിമാനി വാരികയില്‍. അതോടുകൂടി ലാറ്റിനമേരിക്കന്‍ സാഹിത്യത്തിന്റെ വലിയൊരു മേഖല തുറന്നുകിട്ടി. അതുപോലെ തന്നെയാണ് വിവിധ രാജ്യങ്ങളിലെ ചിത്രകലയിലെ സംഭാവനകള്‍. ഈ കാണുന്ന റാക്കില്‍ മുഴുവന്‍ ചിത്രകല സംബന്ധിച്ചുള്ള പുസ്തകങ്ങളാണ് (റാക്ക് ചൂണ്ടിക്കാട്ടുന്നു). ഇന്ത്യയിലാണെങ്കില്‍ രവിവര്‍മയും അബനി മുഖര്‍ജിയും അമൃതാ ഷെര്‍ഗിലും സ്വാധീനിച്ചിട്ടുണ്ട്. "സോഷ്യല്‍ ഹിസ്റ്ററി ഓഫ് പെയിന്റിങ് ഇന്‍ ഇന്ത്യ" എന്ന പേരില്‍ ഒരു പുസ്തകമെഴുതണമെന്ന് എനിക്ക് താല്‍പര്യമുണ്ട്. അതിന്റെ നോട്ട്സൊക്കെ തയ്യാറായിട്ടുണ്ട്. സമയം കിട്ടുമൊ എന്നറിഞ്ഞുകൂടാ... ചിത്രകലയില്‍ ഏറ്റവും സ്വാധീനം ചെലുത്തിയത് പിക്കാസൊയാണ്, ഗുര്‍ണിക്കാ എന്ന ചിത്രം. ആ പിക്കാസൊ ജീവിതകാലം മുഴുവന്‍ കമ്യൂണിസ്റ്റായിരുന്നുവെന്ന് എത്രപേര്‍ക്കറിയാം. പിക്കാസൊ മാത്രമല്ല 20-ാം നൂറ്റാണ്ടില്‍ ഏതുരംഗത്തും മികവ് പുലര്‍ത്തിയവര്‍ കമ്യൂണിസ്റ്റുകാരായിരുന്നു. 17-ാം നൂറ്റാണ്ടിലെ ഏറ്റവും വലിയ നാടകകൃത്ത് ഷേക്സ്പിയറാണ് എന്നു പറയുന്നതുപോലെ 20-ാം നൂറ്റാണ്ടിലെ ഏറ്റവുംവലിയ നാടകകൃത്ത് ബ്രെഹതോള്‍ഡ് ബ്രെഹ്താണ്. സംവിധായകനും കവിയുമായിരുന്ന ബ്രെഹ്ത് കമ്യൂണിസ്റ്റായിരുന്നു. കവിതയുടെ കാലം കഴിഞ്ഞതിനുശേഷം കവിതയ്ക്ക് നൊബേല്‍ സമ്മാനം നേടിയ പാബ്ലോ നെരൂദ കമ്യൂണിസ്റ്റായിരുന്നു. അടുത്തിടെ കമ്യൂണിസ്റ്റുകാര്‍ വീണ്ടും അധികാരത്തില്‍വന്ന ഐസ്ലാന്‍ഡിലെ "ഹാര്‍ലോര്‍ ലാര്‍സനസ്" എന്ന നോവലിസ്റ്റ് കമ്യൂണിസ്റ്റായിരുന്നു - അയാള്‍ക്ക് നൊബേല്‍ സമ്മാനം കിട്ടിയിട്ടുണ്ട്. ഞാന്‍ തന്നെയാണ് പീപ്പിള്‍ പബ്ലിഷിങ് ഹൗസിലിരിക്കുമ്പോള്‍ അയാളുടെ പുസ്തകം ഇന്ത്യയിലേക്ക് കൊണ്ടുവന്നത്. ഇപ്പോള്‍ ഡിസിക്കാര്‍ മലയാള വിവര്‍ത്തനം പ്രസിദ്ധീകരിച്ചിട്ടുണ്ട്. 1956 ലാണ് ലാര്‍സനസിന് നൊബേല്‍സമ്മാനം കിട്ടിയത്. 1955ലോ മറ്റൊ ആണ് അത് എന്റെ കൈയില്‍ കിട്ടിയതും പാര്‍ടിയുടെ അനുവാദത്തോടെ അതിന്റെ ഇന്ത്യന്‍ എഡിഷന്‍ കൊണ്ടുവന്നതും. ഈ രീതിയിലാണ് എന്റെ ചിന്ത പോകുന്നത് എന്നുപറയാന്‍ വേണ്ടി കുറെ വിസ്തരിച്ച് പോയി എന്നു മാത്രമേയുള്ളു. ക്ഷമിക്കണം.

? ക്രിയേറ്റീവായിട്ട് എന്തെങ്കിലും എഴുതിയിട്ടുണ്ടോ? ഇത്രയും വായിക്കുകയും അനുഭവിക്കുകയും ചെയ്ത അങ്ങേക്ക് അത്തരത്തില്‍ എപ്പോഴെങ്കിലും തോന്നിയിട്ടുണ്ടോ?

= സ്കൂളില്‍ പഠിക്കുന്ന കാലത്ത് കൈയെഴുത്തു മാസികയിലും സ്കൂള്‍ മാസികയിലുമൊക്കെ അല്‍പസ്വല്പം കഥയും കവിതയുമൊക്കെ എഴുതിയിരുന്നു. അതിന് ശേഷമുണ്ടായിട്ടില്ല. കാരണം സര്‍ഗാത്മക രചനയ്ക്കുള്ള കഴിവ് എനിക്കില്ലെന്നാണ് എന്റെ വിശ്വാസം. ചരിത്രമെഴുതാം, സാഹിത്യ നിരൂപണമാവാം. കലാനിരൂപണമാവാം. രാഷ്ട്രമീമാംസയും ശാസ്ത്രവുമാവും. എന്നാല്‍ കഥ, കവിത എന്നിവ എന്റെ കഴിവിനപ്പുറമാണ് എന്നാണ് വിശ്വാസം.

? കുട്ടിക്കാലത്ത് ഓരോരുത്തര്‍ക്കും ഓരോ വിനോദോപാധികളോട് പ്രത്യേക ആഭിമുഖ്യമുണ്ടല്ലോ. പി ജിയുടെ അഭിരുചി എന്തിനോടായിരുന്നു.

= കുട്ടിക്കാലത്ത് സാധാരണയുള്ള കളികളിലൊക്കെ ഞാന്‍ ശ്രദ്ധിക്കാറുണ്ട്. ചീട്ടുകളി, കാരംസ്, ഹോക്കി, ഫുട്ബോള്‍ എന്നിവയൊക്കെ കോളേജിലും മറ്റുമൊക്കെയുണ്ടായിരുന്നു. പക്ഷേ എനിക്കതിലൊന്നും ജയിക്കാന്‍ കഴിഞ്ഞിട്ടില്ല. ചീട്ട് കളിച്ചാല്‍ എപ്പോഴും തോല്‍ക്കുകയേ ഉള്ളൂ. അതുകൊണ്ട് ഞാനത് ഉപേക്ഷിച്ചു. ആലുവാ കോളേജില്‍ ഒരു നിയമമുണ്ടായിരുന്നു. കളികള്‍ക്ക് ചേര്‍ന്നില്ലെങ്കില്‍ ഫൈന്‍ കൊടുക്കണമായിരുന്നു. ആ ഫൈന്‍ ഒന്നോ രണ്ടോ മാസത്തേക്കുള്ളത് ഒന്നിച്ച് ഞാന്‍ കൊണ്ടുകൊടുക്കുകയാണ് പതിവ്. പി കെ വിയെപ്പോലുള്ളവര്‍ എന്നെ കളിയാക്കാറുണ്ട്. പി കെ വി വലിയ കളിക്കാരനൊന്നുമായിരുന്നില്ലെങ്കിലും ചീട്ടുകളിയില്‍ വലിയ ഇഷ്ടമായിരുന്നു. പക്ഷേ അദ്ദേഹത്തോടൊപ്പമിരുന്നു കളിക്കാന്‍ എനിക്ക് കഴിയുമായിരുന്നില്ല. പി കെ വി ഫുട്ബോളും വോളിബോളും കളിക്കുമായിരുന്നു കോളേജില്‍. ഞാന്‍ കളിച്ചിട്ടില്ല. ആന്‍ഡ്രൂസ് എന്നൊരാളായിരുന്നു ഫിസിക്കല്‍ എഡ്യൂക്കേഷന്‍ ഡയറക്ടര്‍. അദ്ദേഹം എന്നോട് പറഞ്ഞത് ഞാന്‍ ഓര്‍ക്കുന്നുണ്ട്- ഈ ഫൈന്‍ വെച്ചത് സര്‍ക്കാറിലേക്ക് കാശ് കിട്ടാനല്ല. നിങ്ങള്‍ക്ക് കളിയില്‍ താല്‍പര്യമുണ്ടാക്കാനും ഇല്ലെങ്കില്‍ ശിക്ഷ ലഭിക്കുമെന്ന് വരുത്താനുമാണ്. അല്ലാതെ ഈ കാശ് മുഴുവന്‍ എന്റെ കൈയില്‍ കൊണ്ടുതന്നിട്ട് കാര്യമില്ലെന്ന്. സ്പോര്‍ട്സ് ഒഴികെ ഏത് കാര്യത്തെക്കുറിച്ചും ദേശാഭിമാനിയില്‍ എഴുതണമെങ്കില്‍ പി ജിയോട് പറഞ്ഞാല്‍ മതിയെന്ന് കെ മോഹനന്‍ പറയുമായിരുന്നു.

? താങ്കളുടെ കുടുംബം, കുട്ടിക്കാലത്തെ പശ്ചാത്തലം വിശദീകരിക്കാമോ?

= എറണാകുളം ജില്ലയില്‍ പഴയ തിരുവിതാംകൂര്‍ സംസ്ഥാനത്തില്‍പ്പെട്ട കുന്നുത്തുനാട് താലൂക്കില്‍ പെരുമ്പാവൂരിനടുത്തുള്ള പുല്ലുവഴി എന്ന പേരു സൂചിപ്പിക്കുന്നതുപോലെ ഒരു കുഗ്രാമത്തിലാണ് ഞാന്‍ ജനിച്ചത്. അച്ഛന്റെയും അമ്മയുടെയും വീട്ടുകാര്‍ ഒരിടത്തരം ജന്മിമാരായിരുന്നു. സ്വന്തമായി കൃഷി നടത്തിയിരുന്നുവെങ്കിലും പ്രധാന വരുമാനം പാട്ട വരുമാനമായിരുന്നു. സാധാരണഗതിയില്‍ ഒരു ഇത്തിക്കണ്ണി ജീവിതംതന്നെ. പുല്ലുവഴിയിലെ ഏറ്റവും പ്രധാനപ്പെട്ട നായര്‍ കുടുംബങ്ങളായിരുന്നു മാളിക്കത്താഴത്തും കാപ്പിള്ളിലും. ആദ്യത്തേത് അച്ഛന്റേതും രണ്ടാമത്തേത് അമ്മയുടെയും വീട്. അച്ഛന്‍ എം എന്‍ പരമേശ്വരപിള്ള, അമ്മ പാറുക്കുട്ടിയമ്മ. മരുമക്കത്തായം അവസാനിച്ച് ആളോഹരി അവകാശം നിയമപരമായി നിലവില്‍ വരികയും ചെയ്തെങ്കിലും പഴയ മാട്രിലീനിയല്‍ കുടുംബത്തിന്റെ സംസ്കാരമായിരുന്നു ഞങ്ങള്‍ക്കുണ്ടായിരുന്നത്. അതുകൊണ്ട് എന്റെ വീട്ടുപേരായി ഞാന്‍ സ്വീകരിച്ചത് അമ്മയുടെ തറവാട്ടുപേരായ കാപ്പിള്ളിലാണ്. ഇത് പത്ത് നാല്‍പത് കുടുംബങ്ങള്‍ ഉള്‍പ്പെടുന്ന ഒരു കുലം (രഹമി) ആയിരുന്നു. അതില്‍ ഏറ്റവും വലിയ വീടായ കാപ്പിള്ളില്‍ മാളികയിലാണ് ഞാന്‍ ജനിച്ചത്. അവിടെ മറ്റ് മാളികകളൊന്നും അക്കാലത്ത് ഉണ്ടായിരുന്നില്ല. ജനിച്ച് ഒരു വയസ്സാകുന്നതിന്മുമ്പ് അച്ഛന്‍ പണി കഴിപ്പിച്ച ഒരു വീട്ടിലേക്ക് മാറി. എന്റെ അമ്മ ഒന്‍പതു പ്രസവിച്ചു. ആദ്യത്തെ മൂന്നുപേരും ശൈശവദശയില്‍ തന്നെ മരിച്ചുപോയി. അതിനുശേഷം പിറന്ന എന്നെ അക്കാരണംകൊണ്ടുതന്നെ വളരെയേറെ ഓമനിച്ചും ആവശ്യത്തിലേറെ ലാളിച്ചുമാണ് വളര്‍ത്തിയത്. വികൃതി കാണിച്ചാല്‍ ഈര്‍ക്കിലികൊണ്ട് അമ്മ എന്നെ അടിക്കാറൊക്കെയുണ്ടായിരുന്നുവെങ്കിലും ആ ഈര്‍ക്കിലി കൊണ്ടുവരാന്‍ എന്നെത്തന്നെയാണ് പറഞ്ഞയക്കുക. അങ്ങനെയായിരുന്നു അമ്മയുടെ ഒരു സമ്പ്രദായം.

എന്റെ തൊട്ടിളയത് ഗംഗാധരന്‍. അയാള് പ്രസ്ഥാനത്തിലൊക്കെ സജീവമായിരുന്നു. ഇടപ്പള്ളി കേസില്‍ ഉള്‍പ്പെട്ട് ഭീകരമായ മര്‍ദനം ഏല്‍ക്കുകയും പിന്നീട് അച്ഛന്‍ ഞങ്ങള്‍ക്കുവേണ്ടി ഉണ്ടാക്കിത്തന്ന സ്കൂളില്‍ ഹെഡ്മാസ്റ്ററായി ജോലി ചെയ്യുകയും ചെയ്തു. അതിന്റെ താഴെയാണ് എനിക്കൊരു പെങ്ങളുള്ളത്, ഒറ്റ പെങ്ങളേയുള്ളു. ആ ലക്ഷ്മിക്കുട്ടിയെ വിവാഹം ചെയ്തത് പി കെ വാസുദേവന്‍ നായരായിരുന്നു. വിവാഹത്തിനുമുന്‍പ് തന്നെ കമ്യൂണിസ്റ്റുകാരനാണെന്ന് ഞങ്ങള്‍ക്ക് അറിയാമായിരുന്നെങ്കിലും വീട്ടുകാര്‍ക്ക് അറിയില്ലായിരുന്നു. ഒരു ബിഎല്‍ വിദ്യാര്‍ഥി എന്ന നിലയിലാണ് വീട്ടുകാര്‍ വിവാഹം തീരുമാനിച്ചത്. ഞാനും പി കെ വിയും ഒരുമിച്ചു പഠിക്കുകയും ഒരുമിച്ച് ദേശീയ പ്രസ്ഥാനത്തിലും വിദ്യാര്‍ഥി ഫെഡറേഷനിലും എത്തിച്ചേരുകയും ചെയ്തവരാണ്. പിന്നീട് കമ്യൂണിസ്റ്റ് പാര്‍ടി പിളര്‍ന്ന് അദ്ദേഹം വലതുപക്ഷത്തും ഞാന്‍ ഇടതുപക്ഷത്തും ആയെങ്കിലും ഞങ്ങള്‍ തമ്മിലുള്ള വ്യക്തിപരമായ ബന്ധത്തില്‍ ഒരു ക്ഷീണവും വന്നിട്ടില്ല. പി കെ വി തിരുവനന്തപുരത്താവുമ്പോള്‍ എന്റെ വീട്ടില്‍ തന്നെയാണ് താമസിച്ചിരുന്നത്. അദ്ദേഹത്തെ കാണാന്‍ വരുന്നവര്‍ ഒരു ഭാഗത്തും എന്നെ കാണാന്‍ വരുന്നവര്‍ വേറൊരു ഭാഗത്തും ഇരിക്കും. അങ്ങനെയായിരുന്നു പതിവ്. ലക്ഷ്മിക്കുട്ടി കഴിഞ്ഞാല്‍ പിന്നെ രണ്ട് സഹോദരന്മാരാണ്. ഒന്ന് ഗോപാലന്‍- അയാള്‍ ഹോങ്കോങ്ങില്‍ സീനിയര്‍ പത്രപ്രവര്‍ത്തകനാണ്. ഹോങ്കോങ് ബിസിനസ് ടുഡെയുടെ എഡിറ്ററാണ് -എം വി ഗോപാലന്‍ എന്നാണ് പേര്. അച്ഛന്റെ വീട്ടുപേരാണ് അയാള്‍ക്ക് ചേര്‍ത്തത്. മാളികത്താഴത്ത് പരമേശ്വരപിള്ള മകന്‍ ഗോപാലന്‍, അതില്‍ നായരുമില്ല പിള്ളയുമില്ല. അതൊക്കെ ഞങ്ങളെ ട്യൂഷന്‍ പഠിപ്പിക്കുന്ന ആളുകള്‍ സ്കൂളില്‍ കൊണ്ടുചേര്‍ക്കുമ്പം അവര്‍ക്കിഷ്ടമുള്ളതൊക്കെ ചേര്‍ക്കും. ഏറ്റവും ഇളയ സഹോദരന്‍ ബാലകൃഷ്ണന്‍ വെറ്ററിനറി സര്‍ജനാണ്. കേരള സംസ്ഥാന സര്‍വീസില്‍ ജോലി കിട്ടിയതാണ്. പൊലീസ് വെരിഫിക്കേഷനില്‍ (കമ്യൂണിസ്റ്റ് വെരിഫിക്കേഷന്‍) ജോലി പോയി. ഒടുവില്‍ ബോംബെയില്‍ പോയി അവിടുത്തെ ഒരു മേല്‍വിലാസക്കാരനായി മഹാരാഷ്ട്ര സര്‍വീസില്‍ ജോലി ചെയ്തു. പില്‍ക്കാലത്ത് അത് വേണ്ടെന്നുവെച്ച് വീട്ടുകാര്യങ്ങള്‍ നോക്കിനടത്താനായി തിരിച്ചുപോരുകയും ചെയ്തു. അവരെല്ലാം കമ്യൂണിസ്റ്റുകാരായിരുന്നു.

പി കെ വി വിവാഹം കഴിച്ചപ്പോള്‍ ഞങ്ങളുടെ അച്ഛന്റെ പ്രധാന ഡിമാന്റ് മകളെ ഭര്‍ത്താവിന്റെ വീട്ടിലേക്കയക്കില്ല എന്നതായിരുന്നു. പി കെ വി ഞങ്ങടെ വീട്ടില്‍ താമസിച്ചുകൊള്ളണം. അദ്ദേഹം പുല്ലുവഴിയില്‍ തന്നെ താമസിച്ചു. അദ്ദേഹത്തിന്റെ വീട് കോട്ടയത്ത് കിടങ്ങൂരിലായിരുന്നു. അതുപക്ഷേ പലര്‍ക്കുമറിയില്ല. ഇവിടുത്തെ ഒരു മേല്‍വിലാസക്കാരനായി പുല്ലുവഴിക്കാരനായാണ് അവസാനം വരെ ജീവിച്ചത്. കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ മറ്റൊരു അതികായനായ നേതാവ് എം എന്‍ ഗോവിന്ദന്‍നായരുടെ പെങ്ങള്‍, അദ്ദേഹം ഒളിവിലും ജയിലിലുമൊക്കെയായിരുന്നപ്പോള്‍ വലിയ സഹായം ചെയ്തിരുന്ന ജാനകിയമ്മയുടെ മകള്‍ രാജമ്മയാണ് എന്റെ ഭാര്യ. എന്റെ കൂടെ വന്നതുകൊണ്ട് അവര്‍ക്ക് ഏറെ ബുദ്ധിമുട്ടുകള്‍ സഹിക്കേണ്ടി വന്നിട്ടുണ്ട്. തിരുവനന്തപുരം വിമന്‍സ് കോളേജിലെ ഫിലോസഫി അധ്യാപികയായിരുന്നു. പിന്നീട് കമ്യൂണിസ്റ്റ് വെരിഫിക്കേഷന്റെ ഭാഗമായി ജോലി നഷ്ടപ്പെട്ടു. 1957 ല്‍ കമ്യൂണിസ്റ്റ് സര്‍ക്കാര്‍ വന്നപ്പോഴാണ് അത് തിരിച്ചുകിട്ടിയത്. വിമോചനസമരം കഴിഞ്ഞപ്പോള്‍ വീണ്ടും അവരെ പിരിച്ചുവിട്ടു. റിട്ടയര്‍ ചെയ്യുമ്പോഴേക്ക് ഈ നിയമങ്ങള്‍ പോയതുകൊണ്ടും രണ്ടാം ഇ എം എസ് സര്‍ക്കാര്‍ പൊലീസ് വെരിഫിക്കേഷന്‍ സമ്പ്രദായം എടുത്തുകളഞ്ഞതുകൊണ്ടും പ്രൊഫസറായി റിട്ടയര്‍ ചെയ്യാന്‍ കഴിഞ്ഞു. എംഎന്നോടുള്ള ആരാധനയും പികെവിയോടുള്ള സ്നേഹബന്ധങ്ങളുമൊക്കെയാണ് രാജമ്മയെ വിവാഹം കഴിക്കാന്‍ എന്നെ പ്രേരിപ്പിച്ചത്. രാഷ്ട്രീയ പ്രവത്തനത്തിനിടയ്ക്ക് വിവാഹം ഒരസൗകര്യമാണ് എന്നുവിചാരിച്ച് നടന്നിരുന്ന എന്നെ വിവാഹത്തില്‍ ഏര്‍പ്പെടുത്തിയത് യഥാര്‍ഥത്തില്‍ മേല്‍പറഞ്ഞ രണ്ടുപേരുടെയും നിര്‍ബന്ധമാണ്. എന്റെ മക്കളുടെ കാര്യം എല്ലാവര്‍ക്കുമറിയാം. രണ്ടുപേരും മാധ്യമപ്രവര്‍ത്തകരാണ്. എം ജി രാധാകൃഷ്ണനും ആര്‍ പാര്‍വതീദേവിയും. രണ്ടുപേരും പുസ്തകങ്ങളും ലേഖനങ്ങളുമൊക്കെ എഴുതാറുണ്ട്.

? പി ജി ഇതിനകം എത്ര പുസ്തകങ്ങള്‍ എഴുതിയിട്ടുണ്ട്? ഓര്‍ക്കുന്നുണ്ടോ?

= വാസ്തവം പറഞ്ഞാല്‍ വളരെയധികമില്ല. ഇപ്പോ വളരെയടുത്ത കാലത്താണ് എഴുത്ത് വളരെയധികം കൂടിയത്. മുന്‍പൊക്കെ അധികവും ലേഖനങ്ങളായിരുന്നു. എങ്കിലും ഒരു പതിനെട്ട് പുസ്തകങ്ങളെങ്കിലും ഇപ്പോള്‍ വിപണിയില്‍ ഉണ്ടാകും. ഇപ്പോള്‍ വിപണിയില്‍ ലഭിക്കാത്ത "കേരളം ഒരധകൃത സംസ്ഥാനം" തുടങ്ങിയ പുസ്തകങ്ങളും ലഘുലേഖകളും വേറെയുമുണ്ട്.

? ഡോക്ടര്‍ പി കെ പോക്കറുമായി നടത്തിയ ഒരഭിമുഖത്തില്‍ ഞാന്‍ ആത്മകഥ എഴുതില്ല എന്ന് താങ്കള്‍ പറയുന്നുണ്ട്. താങ്കളെപ്പോലെ ബൃഹത്തായ അനുഭവസമ്പത്തും വിജ്ഞാനസമ്പത്തും ഉള്ള ഒരാള്‍ ആത്മകഥ എഴുതുന്നത് നല്ലതല്ലെ. മഹാന്മാരുടെ ആത്മകഥയും ജീവശാസ്ത്രവും പലരേയും പൊതുജീവിതം നയിക്കാന്‍ പ്രേരിപ്പിച്ചിട്ടുണ്ട്. അത്തരത്തിലുള്ള ഒരവസരം ഭാവി തലമുറയ്ക്ക് നിഷേധിക്കുന്നതിന് തുല്യമല്ലെ. ഈ തീരുമാനം.

= ഡോക്ടര്‍ പോക്കറുമായി സംസാരിച്ചപ്പോള്‍ അപ്പോഴത്തെ ഒരു മനോഭാവം പറഞ്ഞുവെന്നേയുള്ളു. സാധാരണഗതിയില്‍ നിന്ന് വ്യത്യസ്തമായ ഒരു ആത്മകഥക്കുള്ള വകുപ്പ്, അതിനുള്ള വിഭവം, അനുഭവം എനിക്കുണ്ട് എന്ന് ചിലപ്പോഴൊക്കെ തോന്നാറുണ്ട്. ഉദാഹരണത്തിന് ഇന്ത്യയില്‍ ഏറ്റവും അത്യുന്നരായിട്ടുള്ള കമ്യൂണിസ്റ്റ് നേതാക്കന്മാരെ ഞാനറിയുന്നേടത്തോളം നേരിട്ട് പരിചയമുള്ള മറ്റാരും ഇന്ന് കേരളത്തിലുണ്ടെന്ന് തോന്നുന്നില്ല. പി സുന്ദരയ്യയുടെയും ബസവപുന്നയ്യയുടെയുമൊക്കെ കൂടെ ധാരാളം യാത്ര ചെയ്തിട്ടുണ്ട്. അജയഘോഷിന്റെയും എസ് എ ഡാങ്കെയുടെയും എസ്എസ് മിരാസക്കരുടെയും എ എസ് ശാരിയുടെയും കൂടെ ജയിലില്‍ കിടന്നിട്ടുണ്ട്. കേരളത്തിലാണെങ്കില്‍ ദാമോദരന്‍, ബാലറാം... ഇ എം എസിന്റെ കാര്യം പിന്നെ പറയണ്ട. പി കൃഷ്ണപിള്ളയുമായുള്ള അടുത്ത ബന്ധം... ഇതൊക്കെ നോക്കുമ്പോള്‍ അവരെപ്പറ്റിയുള്ള അഭിപ്രായങ്ങളും അവരുടെ മഹത്വവും പ്രത്യേകതകളും ഒക്കെ നേരിട്ടുള്ള അനുഭവത്തില്‍നിന്ന് പറഞ്ഞാല്‍ ബാക്കിയുള്ളവര്‍ക്ക് അത് രസമായിരിക്കുമെന്ന് എനിക്കറിയാം. രണ്ടാമത്തെ കാര്യം കമ്യൂണിസ്റ്റ് പ്രസ്ഥാനം ഓരോ ഘട്ടത്തിലും ഓരോ തരത്തിലുള്ള വെല്ലുവിളികള്‍ നേരിട്ടിരുന്നു. ഇക്കഴിഞ്ഞ പാര്‍ലമെന്റ് തെരഞ്ഞെടുപ്പിലെ പരാജയം യഥാര്‍ഥത്തില്‍ ഒരു വെല്ലുവിളിയാണ്. ഇത് എല്ലാ കാലത്തും ഉണ്ടായിട്ടുണ്ട്. രണ്ടാം ലോകമഹായുദ്ധം അഥവാ ആന്റി ഫാസിസ്റ്റ് യുദ്ധം. കോണ്‍ഗ്രസ് പറഞ്ഞു ജര്‍മനിയുടെ കൂടെ നില്‍ക്കണമെന്ന്. നമ്മുടെ ശത്രു ബ്രിട്ടീഷുകാരാണ് അവരുടെ ശത്രുവായ ജര്‍മനി അതുകൊണ്ടുതന്നെ നമ്മുടെ മിത്രമാണെന്നായിരുന്നു അവരുടെ വാദം. എന്നാല്‍ നമുക്ക് ഹിറ്റ്ലറുടെ ജര്‍മനിയുടെ കൂടെ നില്‍ക്കാന്‍ കഴിയുമോ? അപ്പൊ കോണ്‍ഗ്രസ് പ്രചാരണത്തെ നേരിടണം, അതിനൊക്കെ ധാരാളം വായനയും പഠനവും വേണം.

അതിനിടയിലാണ് എം എന്‍ റോയിയുടെ ചാലഞ്ച് വരുന്നത്. അതികായനായ ഒരു ചിന്തകനും ബുദ്ധിജീവിയുമായിരുന്നു അദ്ദേഹം. സ്വയം കമ്യൂണിസ്റ്റാണെന്ന് പറയുകയും ഔദ്യോഗിക കമ്യൂണിസ്റ്റ് പാര്‍ടികളെ എതിര്‍ക്കുകയും ചെയ്തു എം എന്‍ റോയ്. അപ്പം അതേക്കുറിച്ച് പഠിക്കുകയും പറയുകയും വേണ്ടിവന്നു. ഇത്തരം നേരിടലുകള്‍ എന്റെ ആത്മകഥയുടെ ഭാഗമാണ്. അല്ലെങ്കില്‍ അതുതന്നെയാണ് ആത്മകഥ. രണ്ടാം ലോകയുദ്ധതിന് ശേഷം ശീതസമരം ആരംഭിച്ചു. ഇതോടെ കമ്യൂണിസ്റ്റ് വിരുദ്ധ സാഹിത്യത്തിന്റെ വേലിയേറ്റം തന്നെയുണ്ടായി. ദേശീയതലത്തില്‍ എ ബി ഷാ, വാല്‍സ്യായന്‍ തുടങ്ങിയവരും കേരളത്തില്‍ എം ഗോവിന്ദനെ പോലുള്ളവര്‍, പിന്നെ മുന്‍ കമ്യൂണിസ്റ്റായ സി ജെ തോമസിനെപ്പോലുള്ളവര്‍ ഇവരൊക്കെ നമ്മെ എതിര്‍ക്കാന്‍വന്നു. മറ്റൊന്ന് സോവിയറ്റ് യൂണിയനില്‍ സ്റ്റാലിന്‍ മരിച്ചപ്പോള്‍ ക്രൂഷ്ചേവ് അധികാരത്തില്‍ വന്നു. അതുസംബന്ധിച്ച് പിന്നീടുണ്ടായ തര്‍ക്കങ്ങള്‍. ചൈനയും സോവിയറ്റ് യൂണിയനും തമ്മില്‍ തര്‍ക്കം വന്നപ്പോള്‍ ഉണ്ടായ മാവോയുടെ കുറിപ്പുകള്‍, അതില്‍ പ്രായോഗികതയും ഫിലോസഫിയുമുണ്ടായിരുന്നു. ഇതെല്ലാം ഇന്ത്യന്‍ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ഭാഗമായി പഠിക്കുകയും വിലയിരുത്തുകയും ചെയ്യേണ്ടിവന്നിട്ടുണ്ട്. ഇങ്ങനെ ഓരോ ഘട്ടത്തിലും കമ്യൂണിസ്റ്റ് പ്രസ്ഥാനം നേരിട്ട ബൗദ്ധിക വെല്ലുവിളികളെ ചെറുക്കാന്‍വേണ്ട ചിന്തയും ബൗദ്ധിക വിഭവങ്ങളും അതിന് പറ്റിയ വായനയും ഉണ്ടാക്കേണ്ടിവന്നിട്ടുണ്ട്. ഇതെല്ലാം ഉള്‍ക്കൊള്ളുന്ന ഒരു ഇന്റലക്ച്വല്‍ ബയോഗ്രഫി എഴുതുന്നത് രസകരമായിരിക്കും. എന്നെക്കാള്‍ കൂടുതല്‍ ഈ പ്രസ്ഥാനം എങ്ങനെയാണ് ഇതിനെയൊക്കെ നേരിട്ടത് എന്ന് അതിലൂടെ തെളിയും. ഡോക്ടര്‍ പോക്കറോട് അങ്ങനെ പറഞ്ഞെങ്കിലും ഇപ്പോള്‍ അത്തരത്തില്‍ ഒന്നു എഴുതുന്നതില്‍ തെറ്റില്ലെന്നാണ് എനിക്ക് തോന്നുന്നത്. തീര്‍ച്ചയായും എന്റെ ആത്മകഥ പാര്‍ടിയുടെ ഒരു ബൗദ്ധിക ചരിത്രം കൂടിയായിരിക്കും. പക്ഷേ ഇപ്പോള്‍ അജണ്ടയിലുള്ള പുസ്തകങ്ങള്‍ എഴുതിക്കഴിയുമ്പോഴേക്കും ഞാന്‍ ജീവിച്ചിരിക്കുമോ എന്നറിയില്ല...

? പി ജി കൗമാര യൗവനകാലത്ത് സന്യാസിയാകാന്‍ പോയി എന്നു കേട്ടിട്ടുണ്ട്. വെളിയം ഭാര്‍ഗവനെയും എം എന്‍ വിജയനെയും കുറിച്ചങ്ങനെ കേട്ടിട്ടുണ്ട്. രാഹുല്‍ സാംകൃത്യായനാണ് മറ്റൊരാള്‍. എല്ലാവരും പിന്നെ ഭൗതികവാദികളോ കമ്യൂണിസ്റ്റുകളോ ആയി മാറി. താങ്കളുടെ അനുഭവം എങ്ങനെയായിരുന്നു.

= വാസ്തവത്തില്‍ 1940-കളുടെ തുടക്കത്തിലാണത്. യു സി കോളേജില്‍ പഠിച്ചുകൊണ്ടിരുന്നപ്പോള്‍ കോണ്‍ഗ്രസ്സുകാരനായിരുന്നു ഞാന്‍. അതിന്റെ നിലപാടുകളെ അനുകൂലിക്കുകയും കമ്യൂണിസ്റ്റ് നിലപാടുകളെ എതിര്‍ക്കുകയും ചെയ്യുന്ന നിലപാടായിരുന്നു എന്റെത്. ഞാന്‍ മാത്രമല്ല സഹപാഠികളായിരുന്ന പി കെ വാസുദേവന്‍ നായരും മലയാറ്റൂര്‍ രാമകൃഷ്ണനുമൊക്കെ അങ്ങനെയായിരുന്നു. 1942 ആഗസ്ത് സമരത്തില്‍ ഞങ്ങള്‍ പങ്കെടുത്തു. എന്നുവെച്ചാല്‍ വലിയ സമരമൊന്നും ഉണ്ടായിരുന്നില്ല. നിയമം ലംഘിച്ചൊരു പ്രകടനം നടന്നു. അതില്‍ പങ്കെടുത്ത് നാലഞ്ച് ദിവസം ലോക്കപ്പില്‍ കിടന്നു. അതില്‍കൂടുതലൊന്നുമില്ല. എങ്കിലും അതില്‍ പങ്കെടുത്തിരുന്നു. പിന്നീടാണ് കോണ്‍ഗ്രസ്സില്‍ തന്നെ നെഹ്റുവിന്റെ ആരാധകനായി മാറുന്നത്. അപ്പോഴാണ് ആശയങ്ങള്‍ തമ്മിലുള്ള സംഘര്‍ഷം നടക്കുന്നത്.താങ്കള്‍ പറഞ്ഞതുപോലെ ഞാനന്ന് വലിയ ദൈവവിശ്വാസിയാണ്. സന്യാസിമാരുടെ ആശ്രമത്തില്‍ നിരന്തരം പോകുമായിരുന്നു. കാലടിയില്‍ ആഗമാനന്ദന്റെ ശിഷ്യനായിരിക്കുകയും ബ്രഹ്മചാരിയായി പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുകയും ചെയ്യുമ്പോള്‍തന്നെ ആശ്രമത്തിലെ പരിപാടികളില്‍ നിരന്തരം പങ്കെടുക്കുകയും ചെയ്തുകൊണ്ടിരിക്കുകയാണ്. ഒരു ദൈവവിശ്വാസിക്ക് നെഹ്റുവിന്റെ പാതയില്‍ എങ്ങനെ നില്‍ക്കാന്‍ കഴിയും. അപ്പോള്‍ ഫിലോസഫി വായിച്ചു ദര്‍ശനം വായിച്ചു വിവേകാനന്ദനെയും വായിച്ചു.

? കാലിക്കറ്റ് യൂണിവേഴ്സിറ്റിക്ക് കീഴില്‍ സ്കൂള്‍ ഓഫ് ഡ്രാമ കൊണ്ടുവരുന്നതില്‍ പി ജിക്ക് വലിയ പങ്കുണ്ടായിരുന്നു എന്ന് കേട്ടിട്ടുണ്ട്.

= കലിക്കറ്റ്, കേരള യൂണിവേഴ്സിറ്റികളില്‍ ചെറുപ്പം മുതല്‍ സിന്‍ഡിക്കേറ്റിലിരുന്നിട്ടുണ്ട്. പുതുതായി വരുന്ന പാഠപുസ്തകങ്ങളുടെ തെരഞ്ഞെടുപ്പ് നടത്തേണ്ടി വരും. അതിനായി പഠിച്ചിട്ടുണ്ട്. ഞാന്‍ സിന്‍ഡിക്കേറ്റിലുള്ളപ്പോഴാണ് കലിക്കറ്റ് സര്‍വകലാശാലയ്ക്ക് കീഴില്‍ സ്കൂള്‍ ഓഫ് ഡ്രാമ ആരംഭിച്ചത്. വൈസ് ചാന്‍സലര്‍ വളരെ സംസ്കാരസമ്പന്നായ ആളായിരുന്നതിനാല്‍ അദ്ദേഹവും അനുകൂലമായിരുന്നു. പക്ഷേ വിദ്യാഭ്യാസരംഗത്തും മറ്റുമുള്ള പലരും ചോദിച്ചു ഇതെന്തൊരേര്‍പ്പാടാണ് എന്ന്. നാടകം കളിച്ചുനടക്കുന്നവര്‍ക്ക് ഡിഗ്രിയോ. ആട്ടവും പാട്ടുമായി നടക്കുന്നവര്‍ക്കൊക്കെ ബി എയും എംഎയും നല്‍കുവാനുള്ള എന്തൊരസംബന്ധമാണ് എന്നിങ്ങനെയായിരുന്നു വിമര്‍ശനങ്ങള്‍. ഇത്തരം ചോദ്യങ്ങളുയര്‍ന്നപ്പോള്‍ ആര്‍ട്ടും മറ്റ് വിഷയങ്ങളും തമ്മിലുള്ള ബന്ധമെന്താണ് എന്ന് അന്വേഷിച്ചു. ഹാര്‍വാര്‍ഡിലും ലോര്‍ഡ്സ് യൂണിവേഴ്സിറ്റിലുമൊക്കെ ഇതെങ്ങനെയാണ് എന്ന് മനസ്സിലാക്കേണ്ടിവന്നു. ഇങ്ങനെ ഓരോരോ പ്രശ്നങ്ങള്‍ മുഖത്തടിച്ചതുപോലെ വരുമ്പോള്‍ അതിനെ മറികടക്കാനാണ് ശ്രമിച്ചുകൊണ്ടിരുന്നത്.

? ഇപ്പോള്‍ ആത്മകഥാ രചനയ്ക്ക് തടസ്സമായിനില്‍ക്കുന്ന, "അജണ്ട"യിലുള്ള പുസ്തകങ്ങള്‍ ഏതൊക്കെയാണ്? ചിലതെല്ലാം നേരത്തെ പറഞ്ഞു.

= ഇപ്പൊ എഴുതിക്കൊണ്ടിരിക്കുന്നതില്‍... വൈജ്ഞാനിക വിപ്ലവം ഒരു സംസ്കാര ചരിത്രം, പിന്നെ മധ്യപൗരസ്ത്യ ദേശത്തെ കുരിശുയുദ്ധം എങ്ങനെയുണ്ടായി എന്ന ഒരന്വേഷണം... മെസൊപൊട്ടേമിയന്‍ സംസ്കാരം എങ്ങനെ ഉണ്ടായി. ആ സംസ്കാരത്തിന്റെ അവശിഷ്ടങ്ങളെ ഈ ബുഷ് ശരിപ്പെടുത്തിക്കളഞ്ഞു. തകര്‍ത്തുകളഞ്ഞു. കുരിശുയുദ്ധത്തിന്റെ അര്‍ത്ഥമെന്താ മതഭ്രാന്തന്മാരായ കുറെ മുസ്ലിങ്ങള്‍ വിശുദ്ധ സ്ഥലം െകൈയടക്കിയത് തിരിച്ചുപിടിക്കാനാണ് കുരിശുയുദ്ധം നടത്തിയത് എന്നു പറയുന്നതില്‍ എന്ത് വാസ്തവമുണ്ട്. ഇത് സംബന്ധിക്കുന്ന പുസ്തകമാണ് ഉണ്ടാക്കിക്കൊണ്ടിരിക്കുന്നത്. പിന്നെ ഭക്തിപ്രസ്ഥാനം സംബന്ധിച്ചത്. ഭാരതീയ ഭക്തിപ്രസ്ഥാനം വളരെ പ്രധാനപ്പെട്ടതാണ്. അതിലൂടെയാണ് ആധുനികഭാരതം രൂപംകൊണ്ടത്. ഇന്നത്തെ ഹിന്ദി, മലയാളം, തെലുങ്ക്, കശ്മീരി, കന്നഡ, ബംഗാളി എല്ലാം ഉണ്ടായത് ഭക്തിപ്രസ്ഥാനത്തിലൂടെയാണ്. എഴുത്തച്ഛനെ മലയാള ഭാഷയുടെ പിതാവ് എന്നുപറയുന്നതുപോലെ ഓരോ സംസ്ഥാനത്തും സംസ്കാര മേഖലകളിലുമുണ്ടായ ഭക്തിപ്രസ്ഥാനത്തിന്റെ കൃതികളാണ് പുതിയ ഭാഷയെ ഉണ്ടാക്കിയത.് കശ്മീരില്‍ പണ്ട് സംസ്കൃതം മാത്രമേ അംഗീകരിക്കപ്പെട്ടിരുന്നുള്ളു. അവിടത്തെ നവോത്ഥാന നായിക ലാല്‍ദവ് എന്ന വനിതയായിരുന്നു. ഹിന്ദുക്കള്‍ ലല്ലേശ്വരി എന്നും മുസ്ലിങ്ങള്‍ ലല്ല ആരിഫ എന്നും വിളിച്ചിരുന്ന അവരാണ് ആദ്യമായി സാധാരണക്കാരുടെ ഭാഷയായ കശ്മീരിയില്‍ കവിതകള്‍ എഴുതിയത്. ഇങ്ങനെ നോക്കുമ്പോള്‍ ഭക്തിപ്രസ്ഥാനം വളരെ പ്രധാനമാണ്. നേരെ മറുപുറം നോക്കുമ്പോള്‍ അതിന്റെ അധഃപതനവും കാണാന്‍ കഴിയും. ഭക്തിപ്രസ്ഥാനം ജന്മിത്വത്തിനും ഫ്യൂഡലിസത്തിനും ശക്തി പകരുകയും ചെയ്തിട്ടുണ്ട്. ഇതേക്കുറിച്ച് എഴുതണം. വായനയൊക്കെ കഴിഞ്ഞു. സമയം കിട്ടിയാല്‍ മതി എഴുതിത്തീര്‍ക്കാന്‍.. അതുപോലെ രസമുള്ള കാര്യമാണ് പഴയ കശ്മീരിന്റെ ചരിത്രം. എങ്ങനെയാണ് കശ്മീര്‍ ഇസ്ലാമിക വിശ്വാസത്തെ സ്വാഗതം ചെയ്തത്. ശൈവ സിദ്ധാന്തത്തിന്റെ വടക്കേ ഇന്ത്യയിലെ ശക്തികേന്ദ്രം അവരായിരുന്നു. കശ്മീര്‍ ശൈവിസം വളരെ പ്രധാനമാണ്. ബുദ്ധമതത്തിനും വലിയ റോള്‍ ഉണ്ടാടയിരുന്നു. ലദ്ദാക്ക് (ലഡാക്ക്) എന്നുപറയുന്ന കശ്മീരിന്റെ വടക്കുകീഴക്കേ മൂലയില്‍ ബുദ്ധിസമായിരുന്നു പ്രധാനം. അതിന്റെ ഒരു ഭാഗമാണ് ഇപ്പോള്‍ താലിബാനെതിരായി പാകിസ്ഥാന്‍ യുദ്ധം ചെയ്യുന്ന സ്വാത് എന്ന സ്ഥലം. സ്വാത് ബുദ്ധമത സാംസ്കാരിക കേന്ദ്രമായിരുന്നു. അത് മനസ്സിലുണ്ട്. അതേക്കുറിച്ച് എഴുതിയാല്‍ കൊള്ളാമെന്നുണ്ട്. പിന്നെ രണ്ടുമൂന്നു തര്‍ജമകള്‍ ശരിപ്പെടുത്തിയാല്‍ കൊള്ളാമെന്നുണ്ട്. മാര്‍ക്സിസത്തിന്റെ പാഠപുസ്തകമായിട്ടൊരെണ്ണം ഇ എം എസ് എഴുതിയിട്ടുണ്ട്, എങ്കിലും കുറേക്കൂടി കാലാനുസൃതമായി 21-ാം നൂറ്റാണ്ടിലെ മാര്‍ക്സിസം എങ്ങനെയാണ് എന്ന് വിവരിക്കുന്ന ഒരു പുസ്തകമാണ് ഉദ്ദേശിക്കുന്നത്. അതിനും കുറിപ്പുകളൊക്കെ തയ്യാറാക്കിയിട്ടുണ്ട്. ഓരോന്നും ഓരോന്നിന്റെ വായന പോകുന്നതിനുസരിച്ച് പൂര്‍ത്തിയാക്കണം. ഇങ്ങനെ പലതും മനസ്സിലുണ്ട്.

*
പി ഗോവിന്ദപ്പിള്ള /എസ് വി മെഹ്ജൂബ് ദേശാഭിമാനി വാരിക

2 comments:

വര്‍ക്കേഴ്സ് ഫോറം said...

പി ഗോവിന്ദപ്പിള്ള /എസ് വി മെഹ്ജൂബ്

ഗോപകുമാര്‍.പി.ബി ! said...

പകരം വയ്ക്കാനില്ലാത്ത പ്രതിഭ !