Wednesday, December 26, 2012

ഇതെന്ത് സ്വാതന്ത്ര്യം?

ഇന്ത്യയുടെ തലസ്ഥാന നഗരമായ ഡല്‍ഹി ലോകത്തിലെ ഏറ്റവും അരക്ഷിത നഗരമെന്ന കുപ്രസിദ്ധി നേടിയിരിക്കുന്നു. ഓരോ മിനുട്ടിലും സ്ത്രീകള്‍ ആക്രമിക്കപ്പെടുകയോ കൊല ചെയ്യപ്പെടുകയോ ചെയ്യുന്ന നഗരമാണ് ഡല്‍ഹി. സ്വാതന്ത്ര്യത്തിന്റെ നീണ്ട വര്‍ഷങ്ങള്‍ പിന്നിട്ടിട്ടും തുല്യ അവകാശമുള്ള പൗര എന്ന നിലയില്‍ സ്ത്രീകള്‍ക്ക് ഈ രാജ്യത്തിന്റെ രാജവീഥികളിലൂടെ സഞ്ചരിക്കാന്‍ കഴിയുന്നില്ല. എന്തിന്, വീടുകള്‍ക്കുള്ളില്‍പോലും സൈ്വര്യമായി കിടന്നുറങ്ങാന്‍ കഴിയുന്നില്ല.ഡല്‍ഹിയില്‍ നടന്നുകൊണ്ടിരിക്കുന്ന ഓരോ സംഭവവും എത്ര വികലമാണ് ഇന്ത്യയുടെ സ്വാതന്ത്ര്യം എന്ന് തെളിയിക്കുന്നതാണ്. വര്‍ഷങ്ങള്‍ക്കുമുമ്പ് തന്തൂരി അടുപ്പില്‍ പല കഷണങ്ങളായി ശരീരം വെട്ടിനുറുക്കി ഹോമിക്കപ്പെട്ട നയനാ സാഹ്നിയെന്ന രാഷ്ട്രീയ പ്രവര്‍ത്തക മുതല്‍ കഴിഞ്ഞ ദിവസം ബസ് യാത്രയ്ക്കിടയില്‍ പിച്ചിച്ചീന്തപ്പെട്ട പെണ്‍കുട്ടിയടക്കം നമ്മുടെ മനഃസാക്ഷിക്കുമുന്നില്‍ എരിയുന്ന ചോദ്യ ചിഹ്നമായി നില്‍ക്കുന്നു.

രാത്രിയാത്രക്ക് ഏറ്റവും സുരക്ഷിതം ബസ് യാത്രയാണെന്നാണ് നാം കരുതുക. ഡല്‍ഹിയില്‍ 9 മണിക്ക് ബസ്സ് കാത്ത് നില്‍ക്കുകയായിരുന്ന ഫിസിയോതെറാപ്പി കോഴ്സിന് പഠിക്കുന്ന യുവതിയും സുഹൃത്തും ബസ് ജീവനക്കാര്‍ വിളിച്ചു പറയുന്നത് കേട്ടാണ് പാലം വഴി മഥുരയിലേക്ക് പോകുന്ന ബസ്സില്‍ കയറിയത്. എന്നാല്‍ ബസ് ഡ്രൈവറും ക്ലീനറും മറ്റ് രണ്ടുമൂന്നുപേരും ചേര്‍ന്ന് യുവാവിനെ ക്രൂരമായി മര്‍ദ്ദിച്ച് അവശനാക്കുകയും യുവതിയെ ഡ്രൈവറുടെ കേബിനില്‍ കൊണ്ടുപോയി അതിക്രൂരമായി കൂട്ടബലാല്‍സംഗത്തിനിരയാക്കുകയും ചെയ്തു. അവളുടെ ശരീരത്തിലെ പരിക്കുകള്‍ കണ്ട് ഡോക്ടര്‍മാര്‍പോലും ഞെട്ടിത്തരിച്ചുപോയി. മനുഷ്യന് എങ്ങനെ ഇത്രയും ക്രൂരന്മാരായി മാറാന്‍ കഴിയുന്നു എന്നാണ് അവര്‍ ചോദിക്കുന്നത്. മൃതപ്രായരായ പെണ്‍കുട്ടിയേയും സുഹൃത്തിനേയും അക്രമികള്‍ ബസ്സില്‍നിന്ന് വെളിയിലേക്ക് വലിച്ചെറിയുകയായിരുന്നു. ഡല്‍ഹിയില്‍ എല്ലാ ദിവസവും സംഭവിച്ചുകൊണ്ടിരിക്കുന്നതില്‍ ഒന്നു മാത്രമാണ് ഈ സംഭവം. പലതും പുറംലോകമറിയാതെ ഒതുക്കി തീര്‍ക്കപ്പെടുകയാണ്. ഡല്‍ഹി മെട്രോയില്‍ സ്ത്രീകള്‍ കയറാന്‍ മടിക്കുന്നതായി ചില ഉദ്യോഗസ്ഥകള്‍ പറഞ്ഞിട്ടുണ്ട്. വിദേശികള്‍ക്കും സ്വദേശികള്‍ക്കും ഒന്നും തന്നെ രക്ഷയില്ലാത്ത സ്ഥിതിയാണ്. ദുബായിയില്‍നിന്ന് നാടുകാണാന്‍ വന്ന യുവതിയെ യമുനാ തീരത്ത് കൂട്ടബലാല്‍സംഗത്തിനിരയാക്കി, വിദേശിയുടെ മുന്നില്‍ നാം നാടിന്റെ മുഖത്ത് കരിവാരിത്തേച്ചു. പിന്നീട് സ്വിസ് നയതന്ത്രജ്ഞയെ തന്നെ ലൈംഗികാതിക്രമത്തിന് വിധേയയാക്കി. റാണിഗഞ്ചിലും പ്രശാന്ത് വിഹാറിലും വിദ്യാര്‍ത്ഥിനികളെ തട്ടിക്കൊണ്ടുപോയി അതിക്രമത്തിന് ഇരയാക്കി. ശശി തരൂരിെന്‍റ ഭാര്യ സുനന്ദാ പുഷ്കറിന് കോണ്‍ഗ്രസുകാരില്‍ നിന്നും വിമാനത്താവളത്തില്‍ ഏല്‍ക്കേണ്ടിവന്ന അപമാനവും ലജ്ജാകരമായിരുന്നു.

ഇന്ത്യയുടെ എല്ലാ സംസ്ഥാനങ്ങളിലും കുറ്റകൃത്യങ്ങള്‍ പെരുകിവരികയാണ്. ബംഗാളില്‍ തൃണമൂല്‍ - മാവോയിസ്റ്റ് ഗുണ്ടകള്‍ സ്ത്രീകള്‍ക്കുനേരെ തുടര്‍ച്ചയായ അക്രമങ്ങള്‍ അഴിച്ചുവിടുന്നു. ആസാമില്‍ കലാപ ബാധിത പ്രദേശത്തും സ്ത്രീകള്‍ അതിക്രമത്തിന് പാത്രമാകുന്നു. ബോംബെ, ജയ്പൂര്‍, ബാംഗ്ലൂര്‍ തുടങ്ങിയ നഗരങ്ങളിലും ഭയാനകമാംവിധം പെണ്‍കുട്ടികള്‍ക്കുനേരെയുള്ള അതിക്രമങ്ങള്‍ വര്‍ദ്ധിച്ചുവരുന്നു. കേരളത്തില്‍ സ്ത്രീകളും പെണ്‍കുട്ടികളും അരക്ഷിതാവസ്ഥയിലാണ്. അടുത്തകാലത്തായി കേരളത്തില്‍ സ്ത്രീപീഡനങ്ങള്‍ ക്രമാതീതമായി പെരുകുന്നു. കഴിഞ്ഞ ദിവസം ആഭ്യന്തരമന്ത്രി അസംബ്ലിയില്‍ പറഞ്ഞത് 2012ല്‍ മാത്രം കേരളത്തില്‍ 1661 ബലാല്‍സംഗക്കേസുകള്‍ ഉണ്ടായി എന്നാണ്. 371 സ്ത്രീകള്‍ കൊല്ലപ്പെട്ടു. പ്രായപൂര്‍ത്തിയാകാത്ത 199 പെണ്‍കുട്ടികള്‍ ലൈംഗികാതിക്രമങ്ങള്‍ക്ക് വിധേയരായി. പറവൂര്‍, കോതമംഗലം, വൈപ്പിന്‍, കോഴിക്കോട്, തലശ്ശേരിയിലെ ധര്‍മ്മടം, കാക്കയങ്ങാട് തുടങ്ങിയ പ്രദേശങ്ങളില്‍ കൂട്ട അതിക്രമങ്ങള്‍ക്കും വീടിനകത്ത് കുടുംബാംഗങ്ങള്‍ നടത്തിയ അതിക്രമങ്ങള്‍ക്കും വിധേയരായത് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളായിരുന്നു. പലയിടങ്ങളിലും നിയമപാലകരായ പൊലീസുകാര്‍പോലും പ്രതികളായിരുന്നു. ബസ് യാത്രയ്ക്കിടയില്‍ ഒരു സ്ത്രീയെ സിഐ പീഡിപ്പിച്ചു. വനിതാ കമ്മീഷനില്‍ പരാതി പറയാന്‍ ചെന്ന യുവതിയെ അവിടത്തെ ജീവനക്കാരനായ എസ്ഐ നിരന്തരമായി ഫോണില്‍ വിളിച്ച് ലൈംഗികാഭാസച്ചുവയുള്ള വര്‍ത്തമാനം പറയുകയും കീഴ്പ്പെടുത്താന്‍ പരിശ്രമിക്കുകയും ചെയ്തു. മദ്യവും മയക്കുമരുന്നും ലൈംഗിക വൈകൃതങ്ങളുംകൊണ്ട് കേരളീയ സമൂഹം മലീമസമാകുകയാണ്. അഗതിമന്ദിരങ്ങളിലും ശിശുമന്ദിരങ്ങളിലും ചെറിയ കുട്ടികള്‍ ലൈംഗികാതിക്രമങ്ങള്‍ക്ക് വിധേയരാകുന്നത് ഞെട്ടിപ്പിക്കുന്ന വസ്തുതയാണ്. ഗവണ്‍മെന്‍റ് ഇതെല്ലാം കണ്ട് നോക്കുകുത്തിയായി നില്‍ക്കുന്നതാണ് നാം കാണുന്നത്.

എന്തുകൊണ്ടാണ് സ്ത്രീകള്‍ ആക്രമിക്കപ്പെടുന്നത്? ഈ അതിക്രമങ്ങള്‍ക്ക് അറുതിവരുത്താന്‍ യാതൊരു മാര്‍ഗ്ഗവുമില്ലേ? ഈ ചോദ്യങ്ങള്‍ക്ക് ഉത്തരം കാണേണ്ടത് സമൂഹത്തിന്റെ ഉത്തരവാദിത്വമാണ്. സ്ത്രീകള്‍ക്ക് നേരെ അതിക്രമങ്ങള്‍ പെരുകുന്നത് സാമൂഹ്യവ്യവസ്ഥിതിയുടെ തരക്കേടുകൊണ്ടാണ്. ഇന്ത്യന്‍ ഭരണാധികാരികള്‍ പിന്തുടരുന്ന മുതലാളിത്ത സാമൂഹ്യവ്യവസ്ഥിതി സമ്പന്നരുടെ ധൂര്‍ത്തമായ ജീവിതത്തിന് പ്രേരിപ്പിക്കുന്നതല്ലാതെ ജനസമൂഹത്തിന് ഗുണപരമായ നടപടികള്‍ സ്വീകരിക്കാന്‍ താല്‍പര്യം കാട്ടുന്നില്ല. സ്ത്രീ പുരുഷസമത്വം ഭരണഘടനയുടെ താളുകളില്‍ മയങ്ങിക്കിടക്കുന്നതല്ലാതെ അത് പ്രാവര്‍ത്തികമാക്കാന്‍ നിയമങ്ങള്‍ ശക്തമാക്കുകയോ നിലവിലുള്ള നിയമങ്ങള്‍ പ്രയോഗിക്കുകയോ ചെയ്യുന്നില്ല. പുരുഷ മേധാവിത്വപരമായ ഫ്യൂഡല്‍ - മുതലാളിത്ത രീതികള്‍ക്കെതിരെ ശബ്ദമുയര്‍ത്താന്‍ ഇന്ത്യന്‍ ഭരണാധികാരികള്‍ ഒരുങ്ങുന്നില്ല. ബലാല്‍സംഗത്തിന് വധശിക്ഷ നല്‍കണമെന്ന് പറയുന്നതല്ലാതെ നിയമം നിര്‍മ്മിക്കുന്നതിനും കേസ് വീഴ്ചയില്ലാതെ അന്വേഷിക്കുന്നതിനും എത്രയും വേഗം വിചാരണ പൂര്‍ത്തിയാക്കി കുറ്റവാളിയെ ശിക്ഷിക്കുന്നതിനും അവസരമൊരുക്കുന്നില്ല. കുറ്റവാളികള്‍ ജാമ്യത്തിലിറങ്ങി വിലസി നടക്കുകയാണ്. ഗവണ്‍മെന്‍റ് ശിശുമന്ദിരങ്ങളും മഹിളാ മന്ദിരങ്ങളുമടക്കം അരക്ഷിതാവസ്ഥയിലാകുന്നത് അവയുടെ നടത്തിപ്പ് കുറ്റമറ്റതാക്കാത്തതുകൊണ്ടാണ്. എല്ലാറ്റിനും ജനകീയ സമിതികളുടെ മേല്‍നോട്ടമുണ്ടാക്കാന്‍ ഗവണ്‍മെന്‍റിന് കഴിയണം. സ്ത്രീ പീഡനക്കേസുകളില്‍ എത്രയും വേഗത്തില്‍ അന്വേഷണം പൂര്‍ത്തിയാക്കി ചാര്‍ജ് ഷീറ്റ് നല്‍കാന്‍ കഴിയണം. പെട്ടെന്ന് തന്നെ വിധിയുണ്ടാകണം. ശിക്ഷയും കൂടുതല്‍ കടുത്തതാകണം.

സമൂഹത്തില്‍ സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കും നേരെ നടക്കുന്ന ചെറുതും വലുതുമായ എല്ലാ വിവേചനങ്ങളും തുടച്ചുമാറ്റാന്‍ വിദ്യാഭ്യാസമേഖലയിലടക്കം സാര്‍ത്ഥകമായ മാറ്റങ്ങള്‍ വരുത്തണം. കുട്ടികളുടെ അവകാശങ്ങള്‍ സംരക്ഷിക്കാന്‍ ഫലപ്രദമായ ഇടപെടല്‍ നടത്തണം. പരസ്യമായ മദ്യപാനം, അശ്ലീലചിത്രങ്ങളുടെ നിര്‍മ്മാണം, വിതരണം തുടങ്ങിയവക്കെതിരെ കര്‍ശനമായ നടപടികള്‍ സ്വീകരിക്കണം. ഇന്‍റര്‍നെറ്റിലൂടെ കടന്നുവരുന്ന ലൈംഗിക ആഭാസങ്ങള്‍ നിയന്ത്രിക്കാന്‍ ഐടി നിയമം കര്‍ശനമായി ഉപയോഗപ്പെടുത്തണം. സമൂഹത്തില്‍ സ്ത്രീ-പുരുഷ സമത്വത്തെക്കുറിച്ച് ശക്തമായ ബോധവല്‍ക്കരണം നടത്തണം. പെണ്‍കുട്ടികള്‍ ശരീരം ആപാദചൂഡം പൊതിഞ്ഞ് യാത്ര ചെയ്യണമെന്നും രാത്രിയില്‍ സ്ത്രീകള്‍ പുറത്തിറങ്ങാന്‍ പാടില്ല എന്നും മറ്റുമുള്ള ബാലിശമായ നിര്‍ദ്ദേശങ്ങള്‍കൊണ്ട് പ്രത്യേക ഫലമൊന്നും ഉണ്ടാകാനിടയില്ല. സ്ത്രീകളോടുള്ള മനോഭാവമാണ് മാറേണ്ടത്. സ്ത്രീകളെ അപമാനിക്കുന്നത് ഗുരുതരമായ കുറ്റകൃത്യമാണെന്ന ബോധം സമൂഹത്തില്‍ സൃഷ്ടിച്ചെടുക്കുകയാണ് ചെയ്യേണ്ടത്. ഗവണ്‍മെന്റും നീതിന്യായ വ്യവസ്ഥയുമെല്ലാം ഇക്കാര്യം ഏറ്റെടുക്കണമെന്ന് നമുക്ക് കൂടുതല്‍ ശക്തമായി ആവശ്യപ്പെടാം.

*
കെ കെ ശൈലജ ടീച്ചര്‍ ചിന്ത പുതുവത്സര പതിപ്പ് 2013

No comments: