Wednesday, December 19, 2012

യുഡിഎഫ് ഭരണത്തിലെ മാനസികാരോഗ്യം

ബിഹാറില്‍നിന്നെത്തിയ സത്നാംസിങ് എന്ന ചെറുപ്പക്കാരന്‍ കൊലപാതകിയോ കൊള്ളക്കാരനോ കള്ളനോ ആയിരുന്നില്ല. പക്ഷേ, ക്രൂരമര്‍ദനത്തില്‍ കൊല്ലപ്പെട്ടു. പേരൂര്‍ക്കട മാനസികാരോഗ്യ കേന്ദ്രത്തില്‍ മര്‍ദനമേറ്റതിന്റെ 77 മുറിവുകള്‍ സത്നാമിന്റെ ശരീരത്തിലുണ്ടെന്ന് തിരുവനന്തപുരം ഒന്നാം ക്ലാസ് മജിസ്ട്രേട്ട് മുമ്പാകെ ക്രൈംബ്രാഞ്ച് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. മര്‍ദനദൃശ്യങ്ങള്‍ ആശുപത്രി ക്യാമറയില്‍ പതിഞ്ഞിട്ടുണ്ട്. മര്‍ദനമേറ്റ് അവശനായി വീണ സത്നാമിനെ യഥാസമയം ആശുപത്രിയിലെത്തിച്ചിരുന്നില്ല. സത്നാംസിങ്ങിന്റെ മരണം അത്തരത്തിലുള്ള അവസാനത്തെ സംഭവമാകുമെന്ന വീരവാദങ്ങളും ഉറപ്പുകളും അന്ന് സര്‍ക്കാരില്‍നിന്നുതിര്‍ന്നു. ഇപ്പോഴിതാ, പേരൂര്‍ക്കടയില്‍തന്നെ മറ്റൊരു മരണമുണ്ടായിരിക്കുന്നു; ആന്ധ്രാ സ്വദേശി വെങ്കിടേശപ്പ. കോഴിക്കോട് മാനസികാരോഗ്യ കേന്ദ്രത്തിലും ഒരു മനോരോഗി കൊല്ലപ്പെട്ടു. നാല് മാസംകൊണ്ട് സമാനമായ മൂന്നുകൊലപാതകങ്ങള്‍. സത്നാംസിങ്ങിന്റെ കൊലപാതകത്തിന് ശേഷം ആശുപത്രി സന്ദര്‍ശിച്ച് ആരോഗ്യമന്ത്രി നടത്തിയ പ്രഖ്യാപനങ്ങള്‍ പത്രത്താളുകളില്‍ ചരമഗതി പൂകി.

ഏറ്റവും കൂടുതല്‍ ശ്രദ്ധയും അനുകമ്പാപൂര്‍ണമായ പരിചരണവും ആവശ്യമായ ഇടങ്ങളാണ് മാനസികാരോഗ്യ കേന്ദ്രങ്ങള്‍. കേരളത്തില്‍ ഇന്ന് അവ ഏറ്റവും കൊടിയ പീഡനത്തിന്റെ കേന്ദ്രങ്ങളാണ്. ഇത്തരം കേന്ദ്രങ്ങളുടെ നടത്തിപ്പിന് നിയമപരമായ രീതികളും നിബന്ധനകളുമുണ്ട്. അവയെല്ലാം സര്‍ക്കാര്‍തന്നെ തട്ടിയകറ്റുകയാണ്. മാനസികാരോഗ്യനിയമത്തില്‍ പ്രതിപാദിക്കുന്ന ഒരു മുന്‍കരുതലുകളും സൗകര്യങ്ങളും സംസ്ഥാനത്തെ ഒരു മാനസികാരോഗ്യ കേന്ദ്രത്തിലും ഏര്‍പ്പെടുത്തിയിട്ടില്ല.

പേരൂര്‍ക്കടയിലെ മാനസികാരോഗ്യ കേന്ദ്രത്തില്‍ സത്നാംസിങ് കൊല്ലപ്പെട്ട സംഭവം ഗൗരവത്തില്‍ കാണാനോ ആവര്‍ത്തിക്കാതിരിക്കാനുള്ള നടപടി സ്വീകരിക്കാനോ സര്‍ക്കാര്‍ തയ്യാറാകാതിരുന്നതിന്റെ ഫലമാണ് അവിടെ ഒരു മനോരോഗികൂടി കൊല്ലപ്പെടുന്നതിലേക്ക് നയിച്ചത്. അനാസ്ഥയും അലംഭാവവുമായല്ല, ക്രിമിനല്‍ കുറ്റകൃത്യമായിത്തന്നെ ഇതിനെ കാണേണ്ടതുണ്ട്. ബസ്ചാര്‍ജ് വര്‍ധന ചര്‍ച്ചകളില്‍ തന്റെ വകുപ്പല്ലാതിരുന്നിട്ടും ക്ഷണിക്കാതെ തന്നെ മുറയ്ക്ക് സന്നിഹിതനാകാറുള്ള ആരോഗ്യമന്ത്രിക്ക്, മാനസികാരോഗ്യകേന്ദ്രം നേരെയാക്കാന്‍ സമയം കിട്ടാത്തത് അനാസ്ഥ എന്ന ലളിതപദംകൊണ്ട് വിശേഷിപ്പിക്കാനാവുന്ന അവസ്ഥയല്ല. മാനസികാരോഗ്യകേന്ദ്രങ്ങളില്‍ നടന്ന കൊലപാതകങ്ങളില്‍ സമഗ്രമായ അന്വേഷണം നടത്തി കുറ്റക്കാര്‍ക്ക് ശിക്ഷ കൊടുക്കുന്നതിലും ഒതുങ്ങുന്നതല്ല സര്‍ക്കാരിന്റെ കടമ. രോഗികളെയും മാനസികാസ്വാസ്ഥ്യമുള്ളവരെയും പരിചരിക്കാനും രോഗശമനമുണ്ടാക്കാനുമുള്ള മികവിന്റെ കേന്ദ്രങ്ങളായി മാനസികാരോഗ്യകേന്ദ്രങ്ങളെ മാറ്റാന്‍ അമാന്തമരുത് .

മികച്ച ചികിത്സാ സൗകര്യവും വൃത്തിയുള്ള ചുറ്റുപാടും പോഷകാഹാരവും മരുന്നും ഒപ്പം കറകളഞ്ഞ സ്നേഹത്തോടെയുള്ള പരിചരണവും ഉറപ്പാക്കണം. പലതരത്തിലുള്ള രോഗികളാണ് മാനസികാരോഗ്യകേന്ദ്രങ്ങളില്‍ എത്തുന്നത്. മനസ്സിന്റെ താളം തെറ്റിയവരോട് ശത്രുക്കളോടെന്നപോലെ പെരുമാറുന്നതും മര്‍ദനമുറകള്‍ പ്രയോഗിക്കുന്നതും ഏറ്റവും നീചമായ കുറ്റകൃത്യംതന്നെയാണ്. ശിക്ഷിക്കപ്പെട്ടവരും റിമാന്‍ഡില്‍ കഴിയുന്നവരും കോടതി നിരീക്ഷണത്തിന് അയക്കുന്നവരുമായ മനോരോഗികളെയും പേരൂര്‍ക്കട മാനസികാരോഗ്യ കേന്ദ്രത്തില്‍ പാര്‍പ്പിക്കുന്നുണ്ട്. അവര്‍ക്കവിടെ ഏറ്റവും മോശമായ സ്വീകരണമാണ്. പരിചരണം പേരിനുപോലുമില്ല. ഒരിക്കല്‍ ചെറിയ അസ്വാസ്ഥ്യവുമായി അകത്തുപോയാല്‍ മുഴുത്ത ഭ്രാന്തിലേക്ക് ഉയര്‍ത്തപ്പെടുന്ന അവസ്ഥ. യുഡിഎഫ് ഭരണത്തിന്റെ യഥാര്‍ഥമുഖം പ്രതിഫലിക്കുന്ന കണ്ണാടിയാണിന്ന് ആരോഗ്യവകുപ്പ്. ഒരുഭാഗത്ത് സര്‍ക്കാരിന്റെ ശുഷ്കാന്തിമൂലം അരി കൂട്ടിയിട്ട് കത്തിക്കേണ്ടിവരുന്നെങ്കില്‍, ആരോഗ്യവകുപ്പിലെ "സദ്ഭരണം" മരുന്ന് യഥാസമയം വിതരണംചെയ്യാതെ കാലഹരണപ്പെടുത്തി കത്തിച്ചു കളയുന്നതിലാണ് മത്സരിക്കുന്നത്.

തിരുവനന്തപുരം ജനറല്‍ ആശുപത്രിയിലെ ഒന്‍പതാം വാര്‍ഡിലെ കാഴ്ച യുഡിഎഫിന്റെ ആരോഗ്യവകുപ്പ് ഭരണത്തിന്റെ ചിത്രംതന്നെയാണ്. അതിന്റെ മറ്റൊരു വശമാണ് മാനസികാരോഗ്യ കേന്ദ്രങ്ങളിലും അവിടെ നടക്കുന്ന കൊലപാതകങ്ങളിലും കാണാനാവുന്നത്. എല്‍ഡിഎഫ് ഭരണകാലത്ത് മാനസികാരോഗ്യ കേന്ദ്രങ്ങളില്‍ നടത്തിയ പ്രവര്‍ത്തനങ്ങള്‍ ഹൈക്കോടതി ജഡ്ജി ചെയര്‍മാനായ സംസ്ഥാന മെന്റല്‍ഹെല്‍ത്ത് അതോറിറ്റിയുടെ മുക്തകണ്ഠ പ്രശംസയ്ക്ക് പാത്രമായതാണ്. ആ നേട്ടങ്ങളും നന്മകളും പാടേ നശിപ്പിക്കുന്നതാണ് യുഡിഎഫ് സമീപനം. അത് തിരുത്തണം. കൊലപാതകത്തിലേക്കടക്കം നയിച്ച ക്രിമിനല്‍ കുറ്റകൃത്യങ്ങള്‍ അന്വേഷിച്ച് കുറ്റവാളികളെ തുറുങ്കിലടയ്ക്കുന്നതിനൊപ്പം അത്തരം കുറ്റകൃത്യങ്ങളെ വളര്‍ത്തുന്ന അന്തരീക്ഷം ഇല്ലാതാക്കാന്‍ നടപടിയെടുക്കണം. അത്തരം നടപടികളാണ് മാനസികാരോഗ്യമുള്ള ഒരു സര്‍ക്കാരില്‍നിന്ന് സമൂഹം പ്രതീക്ഷിക്കുന്നത്.

*
ദേശാഭിമാനി മുഖപ്രസംഗം 18 ഡിസംബര്‍ 2012

No comments: