Friday, December 21, 2012

കാവ്യകലയുടെ സച്ചിദാനന്ദം

ഭാവുകത്വനവീകരണത്തിന്റെ സമരോത്സുകമായ സര്‍ഗാത്മകതയിലൂടെയാണ് കവി സച്ചിദാനന്ദന്‍ എന്നും സഞ്ചരിച്ചത്. ആ സഞ്ചാരം നവ്യാനുഭൂതികളുടെയും തീക്ഷ്ണാനുഭവങ്ങളുടെയും അതുവരെ അജ്ഞേയമായ കാന്തിക മണ്ഡലങ്ങളിലേക്ക് അനുവാചകമനസ്സുകളെ കൂട്ടിക്കൊണ്ടുപോയി. അങ്ങനെ പുതിയ കാലത്തെ പുതിയ കണ്ണടയിലൂടെ കാണാന്‍, അറിയാന്‍, അനുഭവിക്കാന്‍, മലയാളിയുടെ കാവ്യഭാവുകത്വത്തെ സജ്ജമാക്കി. വൈകിയാണെങ്കിലും സച്ചിദാനന്ദനിലേക്കെത്തുന്ന കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം അതിനുകൂടിയുള്ള അംഗീകാരമാകുന്നു.

കേവലമായ രസാനുഭൂതിയുടെ പ്രസരണം എന്നതില്‍ ഒതുങ്ങിനില്‍ക്കുന്നതല്ല സച്ചിദാനന്ദനു കവികര്‍മം. മാനുഷസത്ത പുലര്‍ത്താനുള്ള സര്‍ഗാത്മകമായ സാമൂഹിക ഇടപെടല്‍കൂടിയാണ് അദ്ദേഹത്തിന് അത്. അതുകൊണ്ടുതന്നെ സദാ ഉണര്‍ന്നിരിക്കുന്ന പ്രജ്ഞ ഈ കവി എന്നും നിലനിര്‍ത്തുന്നു; ലോകത്തിന്റെ എല്ലാ ഭാഗങ്ങളിലേക്കും, കാലത്തിന്റെ എല്ലാ ഘട്ടങ്ങളിലേക്കും അതിന്റെ വാതായനങ്ങള്‍ തുറന്നുവയ്ക്കുകയും ചെയ്യുന്നു. ബൊളീവിയന്‍ പോരാട്ടത്തിന്റെ വീറും ഭക്തിപ്രസ്ഥാനത്തിന്റെ കനലും ഒരേപോലെ ആ വ്യക്തിത്വത്തില്‍ വന്നുനിറയുന്നത് അതുകൊണ്ടാണ്. ചെഗുവേരയും അക്ക മഹാദേവിയും താന്‍തന്നെയാണ് എന്ന ഏകാത്മഭാവം ആ കാവ്യസത്തയില്‍ വന്നുതെളിയുന്നതും അതുകൊണ്ടാണ്. ഭക്തമീരയുടെ പദതാളവും എം ഡി രാമനാഥന്റെ ആലാപനവും എഴുത്തച്ഛന്റെ നാരായചലനവും തന്റെതന്നെ ആത്മാവിഷ്കാരത്തിന്റെ ഭിന്നരൂപങ്ങളാണെന്ന് ആ കാവ്യഹൃദയം തിരിച്ചറിയുന്നതും അതുകൊണ്ടാണ്. സൂക്ഷ്മമായി നോക്കിയാല്‍ സച്ചിദാനന്ദന്‍ തന്റെ കാവ്യവ്യക്തിത്വത്തെ നവീകരിച്ച് കാലാനുസൃതമാക്കുന്നതിന്റെ രീതി ഇതുതന്നെയാണ്.

സര്‍വഭൂത ഹൃദയത്വത്തിലധിഷ്ഠിതമായ ഒരു സവിശേഷ മാനവികതാബോധം എന്നും ഈ കവിയെ നയിച്ചു. അതിന്റെ ഐക്യദാര്‍ഢ്യം ആ കവിതകളില്‍ മുഴങ്ങിനിന്നു. എല്ലാം കവര്‍ന്നെടുക്കപ്പെട്ടവന്റെ നിസ്വതയുമായുള്ള താദാത്മ്യത്തിലേക്ക് അത് ഉയര്‍ന്നുനിന്നു. അതാണ് സച്ചിദാനന്ദനില്‍ എന്നും പ്രതിഫലിച്ച പ്രതിബദ്ധത. അമിതാധികാര സ്വേഛാധിപത്യത്തിന്റെ നാളുകളില്‍ അതിനെതിരെ, വര്‍ഗീയ കാലുഷ്യത്തിന്റെ നാളുകളില്‍ അതിനെതിരെ, അധിനിവേശത്തിന്റെ കാലത്ത് അതിനെതിരെ, കവിത ഇദ്ദേഹത്തിന് പ്രതിരോധമായി. ആധുനിക മുതലാളിത്തത്തിന്റെ സര്‍വസംഗ്രാഹകമായ അധിനിവേശത്തെ ചെറുക്കാന്‍ തദ്ദേശീയതയുടെ സ്വത്വം ആയുധമാകുമെന്ന് തിരിച്ചറിഞ്ഞ കവിയാണ് സച്ചിദാനന്ദന്‍. ആ നിലയ്ക്ക് "മലയാളിത്ത"ത്തെ കാവ്യാത്മകമായി ഉപയോഗിച്ചതിന്റെ ദൃഷ്ടാന്തങ്ങള്‍ എത്രയോ ഉണ്ട്.

പീഡാനുഭവങ്ങളെ, സഹനാനുഭവങ്ങളെ, യാതനാനുഭവങ്ങളെ ഉള്ളിലിട്ടുരുക്കി അതിജീവനത്തിന്റെ മന്ത്രസൂക്തങ്ങളാക്കി മാറ്റിയതിനുള്ള നിദര്‍ശനങ്ങള്‍ എത്രയോ ഉണ്ട്. അടിയന്തരാവസ്ഥക്കാലത്തെ "നാവുമരവും" മറ്റും മനുഷ്യപക്ഷത്ത് നില്‍ക്കുന്ന കലാപത്തിന്റെ കനലു തെറിക്കുന്ന കവിതകളായി ചരിത്രത്തില്‍ അടയാളപ്പെട്ടു നില്‍ക്കുന്നു. "ഇന്ത്യന്‍ സ്കെച്ചുകള്‍" ഇന്ത്യന്‍ യാഥാര്‍ഥ്യത്തിന്റെ പൊള്ളിക്കുന്ന അനുഭവമായി തലമുറകളെ ഞെട്ടിച്ചുണര്‍ത്തിയെന്നതും "കോഴിപ്പങ്ക്" പോലുള്ളവ ആധുനികതയുടെ പുതുമാനങ്ങള്‍ മലയാളത്തിനുമുന്നില്‍ തുറന്നുവച്ചു എന്നതും "അഞ്ച് സൂര്യന്‍" പോലുള്ളവ ജീവിതാവസ്ഥകളുടെ വ്യത്യസ്തത അനുഭവിപ്പിച്ചുവെന്നതും മറക്കാവുന്നതല്ല.

മിത്തുകളുടെ മൗലികമായ ഉടച്ചുവാര്‍ക്കലിലൂടെ "കര്‍ണന്‍" പോലുള്ളവ സച്ചിദാനന്ദന്റെ പാരമ്പര്യ ബോധത്തോടും സംസ്കൃതിയോടുമുള്ള മനോഭാവത്തിന്റെ ദൃഷ്ടാന്തമായി. ഇത്തരം ഒട്ടനവധി കവിതകളിലൂടെ, കാവ്യ സമാഹാരങ്ങളിലൂടെ മലയാളിയുടെ വിലപ്പെട്ട സാംസ്കാരിക ഈടുവയ്പിന്റെ ഭാഗമാവുകയായിരുന്നു സച്ചിദാനന്ദകവിത. ബുദ്ധത്വത്തിലേക്ക് നടക്കുന്ന തഥാഗതമനസ്സിലെ ധ്യാനാത്മകതയും രക്തസാക്ഷിത്വത്തിലേക്ക് നടക്കുന്ന പോരാളിയുടെ മനസ്സിലെ ഇടമുഴക്കങ്ങളും സ്വന്തം കാവ്യഹൃദയത്തില്‍ സൂക്ഷിക്കുന്ന കവിയാണ് സച്ചിദാനന്ദന്‍. വിരുദ്ധ ദ്വന്ദ്വങ്ങളുടെ സാന്നിധ്യം ആ കാവ്യലോകത്തെ കൂടുതല്‍ ശ്രദ്ധാര്‍ഹമാക്കുന്നു. സ്വപ്നവും ജാഗ്രത്തുമുണ്ട്. ഭീതിയും ധീരതയുമുണ്ട്. സ്വപ്നവും ജാഗ്രത്തുമുണ്ട്; നൈരാശ്യവും പ്രത്യാശയുമുണ്ട്. ഈ വിരുദ്ധ ദ്വന്ദ്വങ്ങളുടെ സംഘര്‍ഷനിര്‍ഭരമായ പ്രതിപ്രവര്‍ത്തനത്തില്‍നിന്നുണ്ടാകുന്ന ഊര്‍ജത്തിന്റെ വിസ്ഫോടനം സച്ചിദാനന്ദന്റെ കാവ്യവ്യക്തിത്വത്തെ വ്യത്യസ്ത ഘട്ടങ്ങളില്‍ വ്യത്യസ്ത തലങ്ങളിലേക്കുയര്‍ത്തുന്നു. വൈവിധ്യത്തിന്റെ വിസ്മയലോകമാണ് സച്ചിദാനന്ദന്‍ തുറന്നുതരുന്നത്. രൂപപരമായ വൈവിധ്യമുണ്ട്; ഭാവപരമായ വൈവിധ്യവുമുണ്ട്. അനുഷ്ടുപ്പ് പോലുള്ള മന്ത്രസന്നിഭമായ സംസ്കൃത വൃത്തഘടനയും ഭാവതാളത്തിന്റെ അന്തര്‍ധാരയെ അനുസരിക്കുന്ന ഗദ്യകാവ്യഘടനയും ഒരുപോലെ ആ കൈകളില്‍ ഭദ്രമാവുന്നു. ദ്രാവിഡവൃത്തങ്ങളും നാടോടിപ്പാട്ടുശീലുകളും സച്ചിദാനന്ദന് ആധുനികത എന്നത് പാരമ്പര്യത്തിന്റെ വിച്ഛേദമല്ല, തുടര്‍ച്ചയാണ് എന്നതിനുള്ള തെളിവുതരുന്നു. കാല്‍പ്പനികതയുടെ മസൃണഭാവതലങ്ങളിലൂടെ ഒഴുക്കില്‍ പൂവിതളെന്നപോലെ ഒന്നിനെയും അലോസരപ്പെടുത്താതെ ഭിന്ന കാവ്യകാലങ്ങളിലൂടെ ഒഴുകിക്കടന്നുപോകാമായിരുന്നു സച്ചിദാനന്ദന്. എന്നാല്‍, ആരുറപ്പുള്ള ഭാഷയും പൊള്ളിക്കുന്ന ബിംബങ്ങളും കനല്‍ച്ചീളുകള്‍പോലെ ചിതറിത്തെറിക്കുന്ന നിശിത ചിന്തകളും ഞെട്ടിക്കുന്ന പ്രതീകങ്ങളും അസ്വസ്ഥതപ്പെടുത്തുന്ന പദഘടനയും ജാഗ്രത്തായ തീക്ഷ്ണവികാരങ്ങളുമായി പലതിനെയും മുറിവേല്‍പ്പിച്ചുകൊണ്ടുതന്നെ കടന്നുവരിക എന്നതാണ് തന്റെ നിയോഗമെന്ന് അദ്ദേഹം കരുതി. ആ വഴിമാറ്റം മലയാളത്തില്‍ സവിശേഷമായ ഒരു കാവ്യാന്തരീക്ഷത്തിന്റെ പിറവി കുറിച്ചു;

കവിതയുടെ ജനായത്തവല്‍ക്കരണത്തിന് ആക്കമേകുകയുംചെയ്തു. ഭാഷയെ പുതുക്കിക്കൊണ്ടും സംസ്കാരത്തെ പുനര്‍നിര്‍വചിച്ചുകൊണ്ടും കാവ്യകലയെ ഉടച്ചുവാര്‍ത്തുകൊണ്ടും മനസ്സിനെ ശക്തിപ്പെടുത്തികൊണ്ടും കവിതയുടെ ഈ ഊര്‍ജധാര മലയാളത്തിന്റെ ധന്യതയായി ഇവിടെയുണ്ട്. അതിനുള്ള അംഗീകാരമാവുന്നു ബ്രെഹ്തിനെയും നെരൂദയെയും ലോര്‍ക്കയെയും ഒക്കെ കാലത്തിനുമുമ്പേ പറന്ന് മലയാളത്തിന് ലഭ്യമാക്കിയ ഈ കവിക്ക് മൗലികതയുടെ സര്‍ഗാത്മകത മുന്‍നിര്‍ത്തി അക്കാദമി നല്‍കുന്ന ഈ ആദരം. വാക്കിലും മനസ്സിലും പാരുഷ്യം പടരുന്ന ഈ കാലത്ത് ഭാഷയുടെ താഴുന്ന മിടിപ്പിനെ തൊട്ടുയര്‍ത്താന്‍ ഉണര്‍ന്നിരിക്കുന്ന ഈ കാവ്യമനസ്സിന് ലഭിക്കുന്ന അംഗീകാരം ഭാഷയ്ക്കും നമ്മുടെ സാഹിത്യത്തിനും കൈവരുന്ന അംഗീകാരംതന്നെയാകുന്നു.

*
പ്രഭാവര്‍മ ദേശാഭിമാനി 21 ഡിസംബര്‍ 2012

1 comment:

Kalavallabhan said...

മൗലികതയുടെ സര്‍ഗാത്മകത മുന്‍നിര്‍ത്തി അക്കാദമി കാവ്യമനസ്സിന് നല്‍കുന്ന അംഗീകാരം.