Saturday, December 29, 2012

വറചട്ടിയില്‍നിന്ന് എരിതീയിലേക്ക്

ഇന്ധനവില വര്‍ധിപ്പിച്ചും നിത്യോപയോഗസാധനങ്ങളുടെ വില ഇനിയും കൂട്ടിയും സാമ്പത്തിക പരിഷ്കരണ നടപടികള്‍ പൂര്‍വാധികം ശക്തിയോടെ മുന്നോട്ടുകൊണ്ടുപോകുമെന്ന പരസ്യമായ പ്രഖ്യാപനമാണ് വ്യാഴാഴ്ച പ്രധാനമന്ത്രി മന്‍മോഹന്‍സിങ് നടത്തിയത്. 12-ാം പദ്ധതിയുടെ രൂപരേഖ തയ്യാറാക്കുന്നതിന്റെ ഭാഗമായി ഡല്‍ഹിയില്‍ ചേര്‍ന്ന ദേശീയ വികസന സമിതി യോഗത്തില്‍ നടത്തിയ അധ്യക്ഷപ്രസംഗത്തിലാണ് പ്രധാനമന്ത്രി ഇത് പറഞ്ഞത്. കൂടുതല്‍ വളര്‍ച്ചനിരക്ക് കൈവരിക്കുന്നതിന് സബ്സിഡികള്‍ വെട്ടിച്ചുരുക്കണമെന്നും ഇന്ധനവില കൂട്ടണമെന്നുമാണ് പ്രധാനമന്ത്രി പ്രസംഗിച്ചത്. ഇതിന്റെ തൊട്ടുപിന്നാലെയാണ് ഡീസല്‍വില ലിറ്ററിന് പത്ത് രൂപ കൂട്ടുമെന്ന് പെട്രോളിയം മന്ത്രാലയം പ്രഖ്യാപിച്ചത്. കേന്ദ്രസര്‍ക്കാരിന്റെ വിലവര്‍ധിപ്പിക്കല്‍ നടപടിക്ക് ആക്കം കൂട്ടാന്‍ സഹായകമായ വിധത്തില്‍ വൈദ്യുതിനിരക്ക് ഗണ്യമായി വര്‍ധിപ്പിച്ച് സംസ്ഥാന സര്‍ക്കാരുകള്‍ സഹകരിക്കണമെന്നും സംസ്ഥാന മുഖ്യമന്ത്രിമാര്‍കൂടി പങ്കെടുത്ത യോഗത്തില്‍ പ്രധാനമന്ത്രി പറയുകയുണ്ടായി. മൊത്തം ആഭ്യന്തര ഉല്‍പ്പാദന(ജിഡിപി)ത്തില്‍ കൃഷിയുടെ സംഭാവന 15 ശതമാനമായി കുറഞ്ഞെന്നും കൃഷിയില്‍നിന്നുള്ള വരുമാനം വര്‍ധിപ്പിക്കുന്നതിനായി കൃഷിയെ ആശ്രയിച്ചു ജീവിക്കുന്നവര്‍ മറ്റുമേഖലകളിലേക്കു മാറി കൃഷിയെ ആശ്രയിക്കുന്നവരുടെ എണ്ണം കുറയ്ക്കണമെന്നും മന്‍മോഹന്‍സിങ് നിര്‍ദേശിച്ചിട്ടുണ്ട്. സമാനമായ വിധത്തിലാണ് കഴിഞ്ഞ സെപ്തംബറില്‍ ഡീസല്‍വില ലിറ്ററിന് അഞ്ചു രൂപ വര്‍ധിപ്പിച്ചപ്പോള്‍ അതിനെ ന്യായീകരിച്ച് ആസൂത്രണ കമീഷന്‍ ഉപാധ്യക്ഷന്‍ മൊണ്ടേക് സിങ് അലുവാലിയ രംഗത്തെത്തിയത്. ഇതേ അലുവാലിയതന്നെയാണ് "എമര്‍ജിങ് കേരള" വേളയില്‍ ഇവിടെവന്ന് കേരളത്തില്‍ നെല്‍കൃഷി ചെയ്യേണ്ടെന്നും നെല്‍പ്പാടങ്ങള്‍ മറ്റാവശ്യങ്ങള്‍ക്കായി പരിവര്‍ത്തിപ്പിക്കാമെന്നും തട്ടിവിട്ടത്.

2010 ജൂണ്‍ 25ന് പെട്രോള്‍വില നിയന്ത്രണാധികാരം സര്‍ക്കാര്‍ എടുത്തുകളഞ്ഞതോടെ ഏതുസമയത്തും പെട്രോള്‍ വില കമ്പനികള്‍ക്ക് കൂട്ടാമെന്ന സ്ഥിതി വന്നു. വിലനിയന്ത്രണാധികാരം എടുത്തുകളയുമ്പോള്‍ പെട്രോള്‍ വില ലിറ്ററിന് 47.93 രൂപയായിരുന്നു. ഇതിപ്പോള്‍ 70 രൂപയിലേറെയായി. കഴിഞ്ഞ സെപ്തംബറില്‍ ഡീസലിന് അഞ്ചു രൂപയാണ് വര്‍ധിപ്പിച്ചത്. ഇതിനി 10 രൂപകൂടി വര്‍ധിപ്പിക്കണമെന്നാണ് പെട്രോളിയം മന്ത്രാലയം പറയുന്നത്. ഇതു നടപ്പാക്കുമ്പോള്‍ ഡീസല്‍വില ലിറ്ററിന് 61 രൂപയാകും. 2004 മേയില്‍ മന്‍മോഹന്‍സിങ് ആദ്യം പ്രധാനമന്ത്രിയാകുമ്പോള്‍ ഡീസല്‍വില 28 രൂപയായിരുന്നു എന്നോര്‍ക്കണം. താമസിയാതെ ഡീസല്‍വില നിയന്ത്രണാധികാരവും എടുത്തുകളയണമെന്നാണ് മന്‍മോഹന്‍സിങ്ങും അലുവാലിയയും പറഞ്ഞുകൊണ്ടിരിക്കുന്നത്. അതായത് നിത്യോപയോഗസാധനങ്ങളുടെ വില നിശ്ചയിക്കുന്നതില്‍ നിര്‍ണായകപങ്ക് വഹിക്കുന്ന ഇന്ധനവില നിര്‍ണയിക്കാനുള്ള അധികാരം സര്‍ക്കാര്‍ പൂര്‍ണമായി കൈയൊഴിയുന്നു എന്നര്‍ഥം. ഇപ്പോള്‍ത്തന്നെ കുതിച്ചുയരുന്ന നിത്യോപയോഗസാധനങ്ങളുടെ വില ഇനിയും വര്‍ധിപ്പിക്കാനേ ഇത് ഉപകരിക്കൂ. ഭൂരിപക്ഷം നിത്യോപയോഗസാധനങ്ങള്‍ക്കും മറ്റ് സംസ്ഥാനങ്ങളെ ആശ്രയിക്കുന്ന കേരളത്തിനാകും ഇതിന്റെ ദുരിതം ഏറെയും പേറേണ്ടിവരിക. ഇതിനകംതന്നെ വൈദ്യുതിചാര്‍ജ് വര്‍ധിപ്പിച്ച കെഎസ്ഇബിക്ക് അവര്‍ ആഗ്രഹിക്കുന്ന വന്‍ വര്‍ധന വീണ്ടും വരുത്താനും പ്രധാനമന്ത്രിയുടെ വാക്കുകള്‍ ഉത്തേജനം നല്‍കും. ഇതിനു പുറമെയാണ് സബ്സിഡിയുള്ള പാചകവാതക സിലിണ്ടറുകളുടെ എണ്ണം ആറായി ചുരുക്കിയതുവഴി സാധാരണക്കാര്‍ നേരിടേണ്ടിവരുന്ന അധികഭാരം.

കൃഷിയെ ആശ്രയിക്കുന്നവരുടെ എണ്ണം കുറയ്ക്കണമെന്ന നിര്‍ദേശവും രാജ്യത്ത് പൊതുവിലും കേരളത്തില്‍ വിശേഷിച്ചും വലിയ പ്രത്യാഘാതം സൃഷ്ടിക്കും. 1967ലെ ഭൂവിനിയോഗ നിയമവും 2008 ലെ നെല്‍വയല്‍- തണ്ണീര്‍ത്തട സംരക്ഷണ നിയമവും അട്ടിമറിച്ച് നെല്‍പ്പാടങ്ങള്‍ നികത്താന്‍ ഭൂമാഫിയക്ക് എല്ലാ സൗകര്യങ്ങളും ചെയ്തുകൊടുക്കുന്ന യുഡിഎഫ് ഭരണത്തിന് ഇത്തരം ജനവിരുദ്ധ നടപടികള്‍ ശക്തിപ്പെടുത്താന്‍ ഇത് അവസരമൊരുക്കും. ഇപ്പോള്‍ത്തന്നെ നെല്ലുല്‍പ്പാദനത്തില്‍ അപകടകരമായ കുറവുണ്ടായിരിക്കുന്ന കേരളത്തിലെ ഭക്ഷ്യ-സാമൂഹ്യ സുരക്ഷ പൂര്‍ണമായും തകരാറിലാവുകയുംചെയ്യും. ചുരുക്കത്തില്‍ കോണ്‍ഗ്രസ് നേതൃത്വം നല്‍കുന്ന കേന്ദ്രത്തിലെ യുപിഎ സര്‍ക്കാരും സംസ്ഥാനത്തെ യുഡിഎഫ് സര്‍ക്കാരും ജനങ്ങളുടെ ജീവിതം വറചട്ടിയില്‍നിന്ന് എരിതീയിലേക്ക് എടുത്തെറിയുകയാണ്. സബ്സിഡികള്‍ എടുത്തുകളയുകയും ഡീസല്‍വില വര്‍ധിപ്പിക്കുകയുംചെയ്താല്‍ എല്ലാ നിത്യോപയോഗസാധനങ്ങളുടെയും വില ക്രമാതീതമായി വര്‍ധിക്കുമെന്നും നെല്‍പ്പാടങ്ങള്‍ ഇല്ലാതായാല്‍ നെല്ലുല്‍പ്പാദനത്തിലുണ്ടാകുന്ന ഇടിവ് കാര്‍ഷികമേഖലയെ മാത്രമല്ല, സാമൂഹ്യ-സാമ്പത്തിക-പരിസ്ഥിതി മേഖലകളെയും ബാധിക്കുമെന്നും ഏതൊരു ശരാശരി മനുഷ്യനും മനസിലാകുന്നതാണ്. പക്ഷേ, സാമ്പത്തിക വിദഗ്ധരായി അറിയപ്പെടുന്ന മന്‍മോഹന്‍ സിങ്ങിനും മൊണ്ടേക് സിങ് അലുവാലിയക്കും അത് എന്തേ മനസിലാകുന്നില്ല? കാരണം വളരെ ലളിതാണ്. ഇന്ത്യയിലെ സാധാരണമനുഷ്യന്റെ ജീവിതമോ ജീവിതപ്രയാസങ്ങളോ അറിയുന്നവരല്ല അവര്‍. രണ്ടുപേരുടെയും ജീവിത പശ്ചാത്തലമതാണ്. രണ്ടുപേരും മുതലാളിത്തലോകത്തിന് ഏറെ പ്രിയപ്പെട്ട സ്വയംപ്രഖ്യാപിത കോടീശ്വരന്മാര്‍. മന്‍മോഹന്‍സിങ് ഇംഗ്ലണ്ടിലെ കേംബ്രിഡ്ജ്, ഓക്സ്ഫഡ് സര്‍വകലാശാലകളിലാണ് ഉന്നതവിദ്യാഭ്യാസം പൂര്‍ത്തിയാക്കിയത്. അലുവാലിയയും ഓക്സ്ഫഡ് സര്‍വകലാശാലയുടെ ഉല്‍പ്പന്നമാണ്. മന്‍മോഹന്‍സിങ് ഐക്യരാഷ്ട്ര സഭയുടെ വാണിജ്യവികസന കോണ്‍ഫറന്‍സ് (അണ്‍ക്ടാഡ്) ഉപദേശകന്‍, സ്വതന്ത്ര സാമ്പത്തിക വിദഗ്ധരുടെ സംഘടനയായ സൗത്ത് കമീഷന്‍ (ജനീവ) സെക്രട്ടറി ജനറല്‍ എന്നീ പദവികള്‍ വഹിച്ചിരുന്നുവെങ്കില്‍ അലുവാലിയ അന്താരാഷ്ട്ര നാണയനിധിയിലും ലോകബാങ്കിലും(വാഷിങ്ടണ്‍) ഉദ്യോഗസ്ഥനായിരുന്നു. 1991-96 ലെ നരസിംഹറാവു സര്‍ക്കാരില്‍ ധനമന്ത്രിയായിരുന്ന് രാജ്യത്തിന്റെ സമ്പദ്ഘടനയെ മുതലാളിത്ത- കോര്‍പറേറ്റ് ശക്തികള്‍ക്ക് മേഞ്ഞുനടക്കാന്‍ പാതയൊരുക്കിയയാളാണ് മന്‍മോഹന്‍സിങ്. നാലുതവണ പാര്‍ലമെന്റിലെത്തുകയും രണ്ടു തവണ പ്രധാനമന്ത്രിയാവുകയും ചെയ്തെങ്കിലും ജനങ്ങളെ അഭിമുഖീകരിച്ചല്ല അദ്ദേഹം പാര്‍ലമെന്റിലെത്തിയത്. അതുകൊണ്ടുതന്നെ ജനങ്ങള്‍ നേരിടുന്ന പ്രശ്നങ്ങളും അറിയില്ല. ഈ പശ്ചാത്തലവും അതില്‍ നിന്ന് സ്വരൂപിക്കുന്ന നിലപാടുകളുമാണ് ജനവിരുദ്ധ നയങ്ങളുടെയും നടപടികളുടെയും അടിസ്ഥാനം. ജനങ്ങളുടെ യോജിച്ച പ്രക്ഷോഭങ്ങള്‍ ശക്തിപ്പെടുത്തിക്കൊണ്ടേ ഇത്തരം നയസമീപനങ്ങള്‍ തിരുത്താന്‍ കഴിയൂ.

*
ദേശാഭിമാനി മുഖപ്രസംഗം 29 ഡിസംബര്‍ 2012

No comments: