Saturday, December 8, 2012

പി ജിയുടെ സ്വന്തം പുകസ

തുറന്ന സംവാദവേദിയായി പുരോഗമന കലാസാഹിത്യസംഘം നിലകൊള്ളണമെന്നാണ് പി ജി എന്നും ആഗ്രഹിച്ചിരുന്നത്. ദേശാഭിമാനി സ്റ്റഡിസര്‍ക്കിള്‍ പുരോഗമന കലാസാഹിത്യസംഘമായി വളരുന്നതില്‍ പി ജി പ്രധാന പങ്കു വഹിച്ചു.

പുരോഗമന സാഹിത്യപ്രസ്ഥാനത്തിന്റെ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളെപ്പറ്റി അറിയിച്ചപ്പോള്‍ വിശദമായ ഒരു കത്തിലൂടെ നിരവധി നിര്‍ദേശങ്ങള്‍ അദ്ദേഹം സംഘത്തിന് അയച്ചുതരികയുണ്ടായി. നമ്മുടെ പ്രസ്ഥാനത്തിന് ഒരു പുതിയ ഉത്തേജനം നല്‍കാന്‍ പ്ലാറ്റിനം ജൂബിലി പരിപാടികള്‍ സഹായകമാകുമെന്നാണെന്റെ പ്രതീക്ഷ എന്നുപറഞ്ഞാണ് കത്ത് ആരംഭിക്കുന്നത്. പഴയ പുരോഗമന സാഹിത്യസംഘം കലാസാഹിത്യസംഘമാക്കി മാറ്റിയതിന്റെ ലക്ഷ്യം മറന്നുപോകരുതെന്ന് പി ജി ഓര്‍മിപ്പിക്കുന്നുണ്ട്. ചലച്ചിത്രം, ചിത്രരചന, സംഗീതം, നൃത്തം, നാടകം, നാടന്‍കലകള്‍ - ഇവ സംബന്ധിച്ച് ചര്‍ച്ചകളും പഠനങ്ങളും പ്രസിദ്ധീകരണങ്ങളും കൂടുതലായി ഉണ്ടാകണമെന്ന ആഗ്രഹമാണ് പി ജി പിന്നീട് വിശദീകരിക്കുന്നത്. സാഹിത്യമേഖലയില്‍ മാത്രം സംഘത്തിന്റെ പ്രവര്‍ത്തനങ്ങള്‍ ചുരുങ്ങിപ്പോകരുത്. ഇരുപത്തിനാലു മണിക്കൂറില്‍ ഇരുപത് മണിക്കൂറും സംഗീതം കേള്‍ക്കുന്ന പുതിയ തലമുറയെ ആകര്‍ഷിക്കാനായി ഒരു "സംഗീതസംഘം" രൂപീകരിക്കേണ്ടതിന്റെ ആവശ്യകത കത്തില്‍ പറയുന്നുണ്ട്. പുരോഗമന കേരളത്തെ രൂപപ്പെടുത്തുന്നതില്‍ പാട്ടും സംഗീതവും വഹിച്ച പങ്ക് ചെറുതല്ല. പാട്ടുകാരനാണ് നാളെയുടെ ഗാട്ടുകാരന്‍ എന്ന ഒഎന്‍വിയുടെ വാക്കുകള്‍ ഓര്‍ക്കണം. ലോകത്തെവിടെയും പൊരുതുന്ന പ്രസ്ഥാനങ്ങള്‍ക്ക് കരുത്തും ആവേശവും നല്‍കാന്‍ സംഗീതം കൂട്ടുണ്ടായിരുന്നു. ഇവിടെ നാടന്‍പാട്ടുകളെപ്പോലും വേണ്ട രീതിയില്‍ ഉപയോഗിക്കാന്‍ നമ്മള്‍ ശ്രദ്ധിക്കുന്നില്ല എന്നാണ് പി ജിയുടെ പരാതി.

ചിത്രകാരന്മാരെ പ്രോത്സാഹിപ്പിക്കുക, ചലച്ചിത്ര നിര്‍മാണ രംഗത്തിടപെടുക, നാടകങ്ങള്‍ അവതരിപ്പിക്കുക -ഇതെല്ലാം പുകസ യുടെ പ്രധാന പരിപാടികളായി മാറണമെന്ന നിര്‍ദേശമാണ് അദ്ദേഹം സംഘം പ്രവര്‍ത്തകര്‍ക്ക് നല്‍കുന്നത്. പുരോഗമന സാഹിത്യസംഘത്തിന്റെ ലക്ഷ്യങ്ങളെ രണ്ടായി തിരിച്ചുകാണണമെന്ന് പി ജി പറയുന്നു: "സാഹിത്യത്തിലും വായനയിലും ജനങ്ങളെ പ്രത്യേകിച്ചും യുവാക്കളെ തല്പരരാക്കുക എന്നതാണ് ഒരു ലക്ഷ്യം. ശില്‍പശാലകള്‍ നടത്തിയും പുസ്തകങ്ങള്‍ പ്രസിദ്ധീകരിക്കാന്‍ സഹായിച്ചും ചെറുപ്പക്കാരായ സഹൃദയരെയും എഴുത്തുകാരെയും പരിശീലിപ്പിച്ച് ഉയര്‍ത്തിക്കൊണ്ടുവരിക എന്നതാണ് രണ്ടാമത്തേത്. പുതിയ സാഹിത്യചിന്തകളും വിശ്വസാഹിത്യരംഗത്തെ സംഭവവികാസങ്ങളും പഠിക്കുകയും പഠിപ്പിക്കുകയും ചെയ്യുക മറ്റൊരു ലക്ഷ്യമാണ്. ഇത്തരം അടിസ്ഥാന കാര്യങ്ങള്‍ നിര്‍വഹിക്കാതെ യോഗങ്ങളും പ്രസ്താവനകളും മറ്റു ചടങ്ങുകളും കൊണ്ട് പ്രസ്ഥാനം വളരില്ല എന്ന പി ജിയുടെ അഭിപ്രായം സ്വയംവിമര്‍ശനത്തോടെ സംഘം പ്രവര്‍ത്തകര്‍ ഉള്‍ക്കൊള്ളേണ്ടതു തന്നെയാണ്. പി ജി കേവലം ദാര്‍ശനികന്‍ മാത്രമല്ല - വലിയൊരു സാംസ്കാരികപ്പോരാളിയായിരുന്നു. സാംസ്കാരിക പ്രശ്നങ്ങളിലെല്ലാം സജീവമായി ഇടപെട്ടിരുന്നു അദ്ദേഹം. അതുകൊണ്ടുതന്നെ കേരളത്തിന്റെ സാമൂഹ്യ രാഷ്ട്രീയ സാഹിത്യ വൈജ്ഞാനിക മണ്ഡലങ്ങളിലെല്ലാം നിറഞ്ഞുനിന്ന വ്യക്തിത്വമായിരുന്നു. വായിക്കുന്നതോടൊപ്പം മലയാളിയെ വായിപ്പിക്കാനും മലയാളിക്കാവശ്യമായ വിജ്ഞാനസാഹിത്യം പകര്‍ന്നുനല്‍കാനും അദ്ദേഹം ശ്രദ്ധിച്ചു. ജനങ്ങളെ രാഷ്ട്രീയവും കലയും സാഹിത്യവുമെല്ലാം അദ്ദേഹം പഠിപ്പിച്ചത് ഭൗമരാഷ്ട്രീയത്തിന്റെ പശ്ചാത്തലത്തിലായിരുന്നു. അദ്ദേഹത്തിന് ഏറ്റവും ഇഷ്ടപ്പെട്ട വിഷയവും ഭൗമരാഷ്ട്രീയമായിരുന്നു. ഭൂപടവും ഗ്ലോബും ഒക്കെയായി വന്ന് ഓരോ രാജ്യത്തിന്റെയും രാഷ്ട്രീയ-സാംസ്കാരിക സവിശേഷതകള്‍ ചൂണ്ടിക്കാട്ടി ക്ലാസെടുക്കുന്ന പി ജി നമുക്കെല്ലാം അപൂര്‍വ അനുഭവമായിരുന്നു. മാര്‍ക്സിസത്തിന്റെ മഹത്തായ പ്രപഞ്ചവീക്ഷണം ഉയര്‍ത്തിപ്പിടിച്ചാണ് അദ്ദേഹം പ്രശ്നങ്ങളെ സമീപിച്ചിരുന്നത്. പുരോഗമന കലാസാഹിത്യസംഘത്തിന്റെ അടിസ്ഥാന തത്വങ്ങള്‍ വിശദമാക്കുന്ന പെരുമ്പാവൂര്‍ രേഖ തയ്യാറാക്കുന്നതില്‍ ഇ എം എസിനോടൊപ്പം പ്രധാന പങ്കുവഹിച്ചത് പി ജി ആണ്. ആ രേഖയുടെ ഹൃദയം ഇതാണ്: ""തത്വത്തിലെന്നപോലെ പ്രയോഗത്തിലും വീക്ഷണത്തിലെന്നപോലെ വിലയിരുത്തലിലും വിഭാഗീയത വികലമാക്കാത്ത യോജിച്ച ഒരു മഹാ സാംസ്കാരിക പ്രസ്ഥാനമാണ് കാലഘട്ടത്തിന്റെ ആവശ്യം."" ജാതിമത ചിന്തകള്‍ക്കും സങ്കുചിത കക്ഷിതാല്‍പര്യങ്ങള്‍ക്കും അതീതമായ ജനകീയ സംസ്കാര ബൃഹത് പ്രസ്ഥാനം വേണമെന്നും രേഖ പറയുന്നു. അധഃസ്ഥിത മോചനവും സാര്‍വത്രിക സ്വാതന്ത്ര്യവും സാംസ്കാരികാഭ്യുന്നതിയുമാണ് നമ്മള്‍ ലക്ഷ്യം വയ്ക്കുന്നത്. ഇതു സൃഷ്ടിക്കാന്‍ നമുക്ക് കൈമുതലായുള്ളത് മാനവികതയുടെ മഹത്വമാണെന്നും രേഖ അഭിമാനത്തോടെ ഓര്‍മിപ്പിക്കുന്നു. ഈ സമീപനം നടപ്പിലാക്കാന്‍ സമര്‍പ്പിത മനസ്സുകളായി പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുമ്പോഴാണ് പി ജി വെട്ടിത്തുറന്ന വഴിയേ നമുക്ക് ഇനിയും മുന്നേറാന്‍ കഴിയുക.

പി ജിയും പുരോഗമന കലാസാഹിത്യസംഘവും തമ്മിലുള്ള ബന്ധത്തില്‍ എടുത്തുപറയേണ്ട മറ്റൊരു വസ്തുത അവസാനകാലത്ത് പി ജിയെ തേടിയെത്തിയ നിരവധി അവാര്‍ഡുകളിലെ ചെറുതും വലുതുമായ തുകകള്‍ അദ്ദേഹം സംഘത്തിന്റെ പ്രവര്‍ത്തന ഫണ്ടിലേക്ക് നല്‍കിയിരുന്നു എന്നതാണ്. ഇതില്‍ സമഗ്ര സംഭാവനക്കുള്ള ടി കെ രാമകൃഷ്ണന്‍ അവാര്‍ഡ് തുകയായ ഒരു ലക്ഷം രൂപയും ഉള്‍പ്പെടുന്നു. പി ജിയുടെ മറ്റൊരഭിലാഷം തിരുവനന്തപുരം കേന്ദ്രമാക്കി പ്രഫ. ജോസഫ് മുണ്ടശ്ശേരിക്ക് സ്മാരകമുണ്ടാകുക എന്നതായിരുന്നു. പുരോഗമന കലാസാഹിത്യ സംഘത്തിന്റെ മുന്‍കൈയില്‍ മുണ്ടശ്ശേരി സ്മാരകത്തിന്റെ പ്രവര്‍ത്തനം ഊര്‍ജിതമായി അതിന്റെ അവസാന ഘട്ടത്തോട് അടുക്കുമ്പോഴാണ് പി ജി വിടവാങ്ങുന്നത്.

*
പ്രൊഫ. വി എന്‍ മുരളി ദേശാഭിമാനി വാരിക

No comments: