Sunday, December 23, 2012

പണ്ടുപണ്ടൊരു ക്രിസ്മസ്

മൂവന്തിയായി. അടുക്കളവാതില്‍ക്കല്‍നിന്ന് ഒരു ദൈന്യവിലാപം: ""അപ്പച്ചന്മാരേ! അമ്മച്ചിമാരേ! നാട്ടുകാരേ! ഈ കണ്ണുകാണാത്ത പാപിക്കൊരു ചെമ്പുകാശിട്ടുതായോ""! തുടര്‍ന്ന് ഒരു തകരപ്പാത്രത്തില്‍ നാണയങ്ങള്‍ കിലുങ്ങുന്ന ശബ്ദം... ആരാണാവോ, ഈ നേരംകെട്ട നേരത്ത് പിച്ചതെണ്ടാനിറങ്ങിയിരിക്കുന്നത്? പാതി ചാരിയിട്ട വാതിലിനിടയിലൂടെ നോക്കുമ്പോഴുണ്ട് പിഞ്ഞിക്കീറിയ കമ്പിളിയും വാരിപ്പുതച്ച്, കാപ്പിക്കമ്പിനെ ഊന്നുവടിയാക്കി ചളുങ്ങിയ ഒരു തകരപ്പാത്രവും നീട്ടി ഒരന്ധയാചകന്‍... കണ്ണുകള്‍ മുറുകെപ്പൂട്ടി, തപ്പിത്തടഞ്ഞ്... ആളിന്റെ മുഖം പാതിയും മറച്ചിരുന്നെങ്കിലും ഒറ്റനോട്ടത്തിനുതന്നെ ആരെന്ന് പിടികിട്ടി! അപ്പി, സാക്ഷാല്‍ നമ്മുടെ സ്വന്തം അപ്പി! അധികനേരമൊന്നും സസ്പെന്‍സ് കാത്തുവയ്ക്കാന്‍ ത്രാണിയില്ലാഞ്ഞതിനാല്‍ കീറപ്പുതപ്പ് ഊരിയെറിഞ്ഞ് ആള്‍ ചിരിയിലേക്ക് വഴുതിവീണു... ഒപ്പം ഞങ്ങള്‍, കുട്ടികളും തലയറഞ്ഞുചിരിച്ചു..

അപ്പിക്ക് ഒരു പിച്ചക്കാരനായി മാറാന്‍ വിശേഷാല്‍ചമയങ്ങളൊന്നും ആവശ്യമില്ല. അത്രയ്ക്ക് പരവശമാണ് ആ രൂപം. പത്തുമുപ്പത്തഞ്ച് വയസ്സുണ്ടാവും പ്രായം. പക്ഷേ, കണ്ടാല്‍ അറുപതു മതിക്കും.. ക്ഷീണിച്ച് വിളര്‍ത്ത ദേഹം. പല്ലുകള്‍ പാതിയും കൊഴിഞ്ഞുപോയി. തലയില്‍ അവിടവിടെയായിമാത്രം മുടി.. ബുദ്ധിയും സാമര്‍ഥ്യവുമൊക്കെ തീരെ കുറവ്.. എല്ലാ വിധത്തിലും "അവശന്‍, ആര്‍ത്തന്‍, ആലംബഹീനന്‍" തസ്തികയില്‍ ഉള്‍പ്പെടുത്താവുന്ന ഒരു ശുദ്ധാത്മാവ്... അപ്പി, കുട്ടി, കുഞ്ഞെറുക്കന്‍, പാപ്പന്‍, തൊമ്മന്‍, മാത്തന്‍, പോത്തന്‍, കറിയാ, ചാണ്ടി ഇതൊക്കെയായിരുന്നു അന്ന് നാട്ടില്‍ പ്രചാരത്തിലിരുന്ന പതിവുവിളിപ്പേരുകള്‍. സംസാരിക്കുമ്പോള്‍ അസാരം വിക്കുണ്ടായിരുന്നതിനാല്‍ ആളിന് "വിക്കന്‍ അപ്പി" എന്നൊരു അപരനാമമുണ്ടായിരുന്നു. പക്ഷേ, ഒട്ടുമിക്കവരും ആളിനെ "കടുവാ അപ്പി" എന്നായിരുന്നു പേര്‍ചൊല്ലി വിളിച്ചിരുന്നത്. അതിനുപിന്നില്‍ ഒരു കഥയുണ്ട്;

അപ്പിയുടെ ജ്യേഷ്ഠന്‍ തോമ കറുത്തിരുണ്ട് നല്ല ഉരുക്കുണ്ടപോലിരിക്കുന്ന ഒരു ദൃഢഗാത്രനാണ്. പാറപൊട്ടിക്കല്‍, വലിയ മരങ്ങള്‍ വെട്ടിവീഴ്ത്തല്‍ തുടങ്ങിയ കഠിനജോലികളില്‍ ഏര്‍പ്പെട്ടിരിക്കുന്നയാള്‍. എല്ലാ ഓണത്തിനും ക്രിസ്മസിനും കടുവാകളിക്ക് സ്ഥിരം കടുവയായെത്തുന്നത് തോമയാണ്. "കടുവാത്തോമ" എന്നാണങ്ങേര്‍ അറിയപ്പെട്ടിരുന്നത്. കടുവാതോമയുടെ അനുജനാകയാല്‍ കാലാന്തരത്തില്‍ അപ്പി "കടുവാ അപ്പി" എന്ന് വിളിക്കപ്പെട്ടു. കടുവയെ പോയിട്ട്, ഒരു ചുണ്ടെലിയെപ്പോലും വകവരുത്താന്‍ ത്രാണിയില്ലാത്ത ആ അരപ്രാണിക്ക് ആ വിശേഷണം താങ്ങാനാവാത്ത ഒരു തലപ്പാവുപോലെയായിരുന്നു.. നാലഞ്ചുവര്‍ഷമായി വീട്ടിലെ അടുക്കളക്കാരനായിരുന്നു അപ്പി. കുഞ്ഞിലേമുതല്‍ ആസ്ത്മക്കാരനായിരുന്ന അങ്ങേര്‍ക്ക് ഭാരിച്ച പണിയൊന്നും ചെയ്യാന്‍ ശേഷിയുണ്ടായിരുന്നില്ല. വല്ല കാപ്പിക്കുരു പറിക്കലോ കുരുമുളകുവെയിലത്തിടലോ കപ്പത്തോട്ടത്തിലെ കളപറിക്കലോ ആയിരുന്നു പരമാവധി ചെയ്യാനാവുക..

കാര്യമായ അധ്വാനമൊന്നും വേണ്ടാത്തതിനാലാവും അടുക്കളയില്‍തന്നെ ചുറ്റിത്തിരിയാനായിരുന്നു അപ്പിക്ക് താല്‍പ്പര്യം. വലിയ പാചകനൈപുണിയൊന്നും അവകാശപ്പെടാനില്ല. പക്ഷേ, ഏറെക്കാലം വണ്ടന്‍മേടിനടുത്തുള്ള ഒരു പള്ളിയില്‍ ഗര്‍വാസീസച്ചന്‍ എന്ന വൃദ്ധപുരോഹിതന്റെ കുശിനിക്കാരനായിരുന്നു അപ്പി. ആള്‍ നിത്യബ്രഹ്മചാരി. അവിടെനിന്ന് അഭ്യസിച്ച രണ്ട് ലളിതവിഭവങ്ങളായിരുന്നു അപ്പിയുടെ മാസ്റ്റര്‍പീസ്. മുട്ട, നന്നായി അടിച്ചുപതപ്പിച്ച്, അതില്‍ ചുവന്നുള്ളി അരിഞ്ഞുചേര്‍ത്ത് നെയ്യ് തൂത്ത ചൂടു ദോശക്കല്ലില്‍ പരത്തി, മറിച്ചിട്ട്, അതു ചട്ടുകത്തലപ്പിനാല്‍ അവധാനതയോടെ ചുരുട്ടും. സ്വര്‍ണവര്‍ണമാര്‍ന്ന, പതുപതുത്ത ഒരു മെത്ത ചുരുട്ടിവച്ചതുപോലെ.. ഒരു സാധാരണ ഓംലെറ്റ് അപ്പിയുടെ കരസ്പര്‍ശത്താല്‍ നെയ്യുടെ നറുഗന്ധം പ്രസരിപ്പിക്കുന്ന ഒരപൂര്‍വ വിഭവമായി പരിണമിക്കുന്നു! അയല വെട്ടി വൃത്തിയാക്കി, അതിനുള്ളില്‍ ഉള്ളിയും ഇഞ്ചിയും കാന്താരിയും ചേര്‍ത്ത അരപ്പുനിറച്ച് കനലില്‍ ചുട്ടെടുക്കുന്നതാണ് രണ്ടാമത്തെ വിഭവം. വീട്ടില്‍ വിരുന്നിനെത്തുന്നവര്‍ ആ അപൂര്‍വ വിഭവം ആസ്വദിക്കുമ്പോള്‍ അപ്പിയുടെ മുഖത്ത് തെളിയുന്ന അഭിമാനപ്പുഞ്ചിരി ഒന്നു കാണാനുണ്ടായിരുന്നു. നേരുപറഞ്ഞാല്‍ കുട്ടികളോടൊത്ത് കളിച്ചുചിരിക്കാനായിരുന്നു അങ്ങേര്‍ക്കേറ്റവും ഇഷ്ടം.ഞങ്ങള്‍ ആറു കുട്ടികള്‍ക്കിടയില്‍ ഏഴാമതൊരു കുട്ടി!

വൈകിട്ട് പണിയും ചന്തയില്‍പോക്കുമൊക്കെ കഴിഞ്ഞ് കുളിച്ചു വെടിപ്പായി അപ്പി തന്റെ കലാസപര്യ ആരംഭിക്കും. പ്രച്ഛന്നവേഷമാണ് ആളിന് ഏറ്റവും പഥ്യം. തേക്കടിക്ക് പോകുന്ന ആംഗലം പേശും സായ്പ്, വെള്ളസാരി വാരിച്ചുറ്റിയ യക്ഷി, കവലയില്‍ സുവിശേഷം പറയുന്ന പെന്തക്കോസ്സ് ഉപദേശി, ഇതൊക്കെയായിരുന്നു സ്ഥിരം വേഷങ്ങള്‍. തീരെ കഥയില്ലാത്ത കുട്ടികളാകയാല്‍ എത്ര ആവര്‍ത്തിച്ചാലും ഓരോതവണയും ഞങ്ങളതു കണ്ടു ചിരിച്ചുചിരിച്ചു തലതല്ലും! കലവറയായിരുന്നു വേദി. അമ്മയോ മറ്റോ മുതിര്‍ന്നവരോ ആ വഴി കടന്നുവന്ന് ഞങ്ങളെ അലട്ടിയതേയില്ല. അരിപ്പെട്ടിപ്പുറത്താണ് കലാകാരന്റെ ഇരിപ്പിടം. കാണികള്‍ ചുറ്റിനും തറയില്‍.

. ഏത് ജന്തുമൃഗാദികളുടെയും ശബ്ദം അതേപടി അവതരിപ്പിക്കാന്‍ അപ്പിക്ക് ഒരു പ്രത്യേക കഴിവായിരുന്നു. നാലുകാലില്‍ നടന്നും, ഒരു പ്രത്യേക ശബ്ദത്തില്‍ കുരച്ചും ചാവാലിപ്പട്ടിയെ അതേപടി അനുകരിക്കും. മുട്ടയിട്ട കോഴി കൊക്കുന്നത്, പൂച്ചക്കുഞ്ഞുങ്ങളുടെ വിളി, പരുന്ത് റാഞ്ചാനെത്തുമ്പോള്‍ കോഴിക്കുഞ്ഞുങ്ങളുടെ നിലവിളി, മഴക്കാലരാത്രികളിലെ തവള, ഉത്തരത്തിലെ പല്ലി, എന്തിന്, ഉപ്പന്റെ ചിലയ്ക്കല്‍പോലും അപ്പി അതേപടി ആവര്‍ത്തിക്കും.. കൈവിരല്‍ മുദ്രകളുടെ, ചുവരില്‍ പതിയ്ക്കുന്ന നിഴലുകളില്‍ പലതരം കിളികള്‍, നായ, മാന്‍ തുടങ്ങിയവയുടെ രൂപം കാട്ടിത്തരുന്നതില്‍ ഒരു വിദഗ്ധനായിരുന്നു അങ്ങേര്‍. ഈറ്റകൊണ്ട് പുല്‍ക്കൂട് ഉണ്ടാക്കുന്നതും നേര്‍ത്ത പുല്ലുകള്‍കൊണ്ട് അത് മേയുന്നതും എല്ലായ്പോഴും അപ്പിതന്നെയായിരുന്നു.. ഗര്‍വാസീസച്ചന് സുഖമില്ലെന്ന് ആള്‍ വന്ന് അറിയിച്ചതിനെതുടര്‍ന്ന,് ഓര്‍ക്കാപ്പുറത്തൊരുനാള്‍ അപ്പി, ഞങ്ങളെ വിട്ട് വണ്ടന്‍മേട്ടിലേക്ക് യാത്രയായി.

വര്‍ഷങ്ങള്‍ നാലഞ്ച് കടന്നുപോയി. അപ്പിയുടെ ഒരു വിവരവുമുണ്ടായില്ല. അത്തവണയും ക്രിസ്മസ് എത്താറായി.. ഇനി രണ്ടു ദിവസമേ ബാക്കിയുള്ളൂ.. അടുക്കളമുറ്റത്ത് നാനാതരം ശബ്ദബഹളങ്ങള്‍.. ഉരലില്‍ മല്ലിയും മുളകും ഇടിക്കുന്നു. അടുക്കളയില്‍ അരിവറുക്കുന്നു. മുറ്റവും പറമ്പും ചെത്തി വൃത്തിയാക്കുന്നു... ഞങ്ങള്‍ കുട്ടികള്‍, അലങ്കരിച്ച പുല്‍ക്കൂടിനുമുന്നില്‍ ചുറ്റിത്തിരിഞ്ഞും, വര്‍ണക്കടലാസ് തോരണങ്ങള്‍ ഉണ്ടാക്കിയും, തീരെയും ക്ഷമയില്ലാതെ അടുക്കളയില്‍ നൂണുകടന്ന് അച്ചപ്പങ്ങളും കുഴലപ്പങ്ങളും മോഷ്ടിച്ചും, അമ്മയുടെ ശകാരവര്‍ഷം കേട്ട് ഓടിമറഞ്ഞും... അപ്പോഴാണ് ദൈന്യതയുടെ ആള്‍രൂപംപോല്‍ ഒരാള്‍ വേച്ചുവേച്ച് കുന്നുകയറിവരുന്നത്.. ഒരു പഴമുണ്ട് വാരിപ്പുതച്ച്, ഏതു നിമിഷവും നിലംപതിക്കാവുന്ന അവസ്ഥയില്‍ ആടിയാടി ഒരസ്ഥിപഞ്ജരം. അടുത്തെത്തിയപ്പോഴാണ് ആള്‍ അപ്പിയാണെന്ന് തിരിച്ചറിഞ്ഞത്. വല്ലപാടും കുത്തുകല്ലുകള്‍ കയറി അപ്പി, അടുക്കളത്തിണ്ണയില്‍ എത്തിച്ചേര്‍ന്നു, ആ മുഖം പഴയതിലും പരവശം. കുണ്ടിലാണ്ട കണ്ണുകള്‍.. കരിഞ്ഞ ചൊടികള്‍.. ദേഹം പനികൊണ്ട് വിറയ്ക്കുകയായിരുന്നു.. ഞങ്ങള്‍ ചുറ്റിനും ഇരിപ്പുറപ്പിച്ചതോടെ അപ്പി തേങ്ങിക്കരച്ചിലാരംഭിച്ചു..

രണ്ടാഴ്ചയായി, പനിബാധിച്ചു കിടപ്പിലാണ്. പണിക്കൊന്നും പോകാനൊക്കുന്നില്ല. അപ്പനും അമ്മയും താനും മിക്കവാറും പട്ടിണിയിലാണ്... സങ്കടത്തിന്റെ ആധിക്യം നിമിത്തം അമ്മ കൊണ്ടുചെന്നുവച്ച ആവിപറക്കുന്ന ചൂടുകഞ്ഞിപോലും നേരെചൊവ്വേ മോന്തിക്കുടിക്കാനായില്ല, അങ്ങേര്‍ക്ക്... അന്ന്, പതിവില്ലാതെ അപ്പനും വീട്ടിലുണ്ടായിരുന്നു. അപ്പിയുടെ അവസ്ഥ അത്യധികം ദയനീയമായിരുന്നു. ""പിള്ളേരേ, ഇന്നലത്തെ കാശെന്ത്യേ? അതെടുത്ത് അപ്പിക്ക് കൊടുത്തേക്ക്!"" അപ്പന്‍ പറയുന്നു... അത്തരമൊരു കല്‍പ്പന ഞങ്ങള്‍ തീരെ പ്രതീക്ഷിച്ചതല്ല. വമ്പിച്ച നിരാശയാണ് മനസ്സില്‍ തോന്നിയത്. തലേന്നാണ് "വള്ളിക്കാപ്പില്‍ വെല്യമ്മച്ചി"യെന്ന അമ്മയുടെ അമ്മ തീക്കോയില്‍നിന്ന് വന്നത്. പോകാന്‍ നേരത്ത് ക്രിസ്മസ് സമ്മാനമെന്നോണം ഒരു നൂറുരൂപയെടുത്ത് ഞങ്ങള്‍ക്ക് നല്‍കുന്നു. അപ്രതീക്ഷിതമായി കൈവന്ന ഉപഹാരം..! അതുകൊണ്ട് പലതരം പടക്കങ്ങളും പൂത്തിരികളും വര്‍ണാഭമായ ചക്രങ്ങളും കുരവപ്പൂവുമൊക്കെ വാങ്ങുകയായിരുന്നു ഞങ്ങളുടെ സ്വപ്നം. ടാപ്പിങ്ങുകാരന്‍ കുട്ടിച്ചന്‍, പൊന്‍കുന്നത്ത് പോയി ഒക്കെയുംവാങ്ങിത്തരാമെന്ന് ഏല്‍ക്കുകയും ചെയ്തു. അപ്പോഴാണ് ഇടിത്തീപോലെ ഇത്തരമൊരു തകിടംമറിയല്‍.

ഞങ്ങള്‍ ചിന്താകുലരായി. ഒരുവശത്ത് ഞങ്ങള്‍ ജീവനു തുല്യം സ്നേഹിക്കുന്ന അപ്പന്‍, മറുവശത്ത് നമ്മുടെ കളിക്കൂട്ടുകാരനും വിശ്വസ്തമിത്രവുമായിരുന്ന അപ്പിയുടെ പരമ ദയനീയാവസ്ഥ... ഒടുക്കം പാതിമനസ്സോടെയെങ്കിലും ഞങ്ങള്‍ രൂപയെടുത്ത് അപ്പിക്കു നീട്ടി. ഒപ്പം ഒരു കുട്ടിച്ചാക്കു നിറയെ ഉണക്കുകപ്പ, ഏത്തവാഴയ്ക്ക, അരി, ചേന, കാച്ചില്‍ തുടങ്ങിയ നടുതലകളും അമ്മ എടുത്തുവച്ചു. അപ്പിയുടെ പാരവശ്യം കണ്ടു മനസ്സലിഞ്ഞ കറവക്കാരന്‍ ഔസേപ്പ്, അത് തലയില്‍ ചുമ്മി, അപ്പിയുടെ വീട്ടില്‍ കൊണ്ടുചെന്നെത്തിക്കാമെന്നേറ്റു.. അന്നത്തെ ക്രിസ്മസിന് കത്തിക്കുവാന്‍ ഞങ്ങള്‍ക്ക് അപ്പന്‍ വച്ചുനീട്ടിയ പരിമിതമായ തുകകൊണ്ട് വാങ്ങാനായത് ഏതാനും പൂത്തിരികളും പൊട്ടാസുതോക്കുകളും മാത്രമാണ്.. അത്രയ്ക്ക് ദയാവായ്പൊന്നും അവകാശപ്പെടാനില്ലാത്തതിനാല്‍ കൈവിട്ടുപോയ ഉപഹാരത്തെച്ചൊല്ലി ഞങ്ങള്‍ രണ്ടുമൂന്നു ദിവസത്തേക്ക് വിഷണ്ണരായിരുന്നു. പക്ഷേ, പിന്നീടു കണ്ടപ്പോള്‍ അപ്പി പറഞ്ഞു: ""അന്നത്തെ കാശുകൊണ്ട് ഞങ്ങളു രണ്ടാഴ്ചത്തേ റേഷന്‍ മേടിച്ച് അത്താഴപ്പട്ടിണിയില്ലാതെ കഴിഞ്ഞു. അതു കിട്ടിയില്ലാരുന്നേ ചാച്ചനും അമ്മേം ഞാനും വെശന്നുവെശന്നു ചത്തേനെ..."" അതുകേട്ട് അപ്പന്‍ പറഞ്ഞു: ""നിങ്ങള്‍ ഒന്നോ രണ്ടോ രാത്രികളില്‍ പുകച്ചുകളയുന്ന കാശുകൊണ്ട് ഒരു കുടുംബം രണ്ടാഴ്ച കഞ്ഞികുടിച്ചു..."" കുട്ടിക്കാലത്തെ ഈ സംഭവം എന്റെ മനസ്സിലിന്നും മായാതെ കിടക്കുന്നു...

ഡിസംബറിനെ ഓര്‍ക്കുമ്പോള്‍ മനസ്സില്‍ തെളിയുക, നീര്‍ത്തിവിരിച്ച പട്ടുകമ്പളംപോല്‍ വിസ്തൃതമായി കാണപ്പെടുന്ന കാറൊഴിഞ്ഞ വിശാല നീലാകാശമാണ്. അതിന്മേല്‍ വൈഡൂര്യമുത്തുക്കള്‍ വാരിവിതറിയതുപോല്‍ നക്ഷത്രജാലങ്ങള്‍. നടുവില്‍ ചിരിതൂവിക്കൊണ്ട് നിറചന്ദ്രന്‍. ഇടയ്ക്ക്, എന്നെനോക്കി നിഗൂഢമന്ദഹാസം പൊഴിച്ചുംകൊണ്ട്, ബെത്ലഹേമിലെ നക്ഷത്രം! അന്നൊക്കെ പുലരികളില്‍, മരക്കൂട്ടങ്ങള്‍ക്കിടയില്‍ മുഖംവീര്‍പ്പിച്ചു തങ്ങിനില്‍ക്കുന്ന ഉറക്കച്ചടവ് വിട്ടുമാറാത്ത മൂടല്‍മഞ്ഞ്... വെയില്‍ ഉറയ്ക്കുന്നതോടെ ഇലത്തുമ്പില്‍നിന്നും അടര്‍ന്നു പതിക്കുന്ന മഞ്ഞിന്‍കണങ്ങള്‍... കാട്ടുപടര്‍പ്പില്‍നിന്നും മടിച്ചുമടിച്ച്, ചിറകിലെ ഹിമധൂളികള്‍ കുടഞ്ഞുതെറിപ്പിച്ച് ഉറക്കംവിട്ടെണീക്കുന്ന കുരികിലുകള്‍... വൃശ്ചികത്തില്‍ കുന്നുകയറിവരുന്ന കരുത്തന്‍ മലങ്കാറ്റ്... അത് ആഘോഷമായി അലറിയെത്തി മരച്ചില്ലകളെ പ്രകമ്പനം കൊള്ളിക്കും. നിദ്രാലസമായ കുന്നിന്‍ചെരിവുകളെ തട്ടിയുണര്‍ത്തും. ആ പ്രചണ്ഡഘോഷത്തില്‍ ഉണക്കിലകളും പുല്‍നാമ്പുകളും ആകാശയാത്ര നടത്തും. തുമ്പികള്‍ക്കും പറവകള്‍ക്കും ദിങ്ഭ്രമം പിടിപെടും.

കോഴിക്കുന്ന് എന്ന മലയുടെ ചെരിവിലായി എന്റെ ചെറുവസതി. ചുറ്റിനും കണ്ണെത്താദൂരത്തോളം റബര്‍മരക്കാടുകള്‍. ഡിസംബര്‍ ഇലപൊഴിയും കാലവുംകൂടിയാണ്. ശരത്കാല സൈബീരിയന്‍ കാടുകളെ ഓര്‍മിപ്പിച്ചുകൊണ്ട് നഗ്നമായ ചില്ലകള്‍ വിഹായസ്സിലേക്കുയര്‍ത്തിക്കൊണ്ട് നിരനിരയായി നില്‍ക്കുന്ന മരക്കൂട്ടങ്ങള്‍.

ശൈശവത്തില്‍ ഞാനേറ്റവും ആഹ്ലാദിച്ചത് ക്രിസ്മസ് വേളകളിലാണ്. വര്‍ണനക്ഷത്രങ്ങള്‍, തോരണങ്ങള്‍, ഞാങ്ങണപ്പുല്ലുകള്‍കൊണ്ടു തീര്‍ത്ത പുല്‍ക്കൂട്. അതിനുള്ളില്‍ ശാന്തനായുറങ്ങുന്ന വെള്ളയുടുപ്പുകാരനായ ഒരു പാവം ഉണ്ണിയേശു. ചുറ്റിനും കളിക്കൂട്ടുകാര്‍, രാത്രിവിരുന്നുകള്‍. പെട്രോമാക്സ് വിളക്കുമേന്തി ഒറ്റയടിപ്പാതകളില്‍ വിചിത്രമായി നിഴലുകള്‍ വീഴ്ത്തിക്കൊണ്ട് കുന്നുകയറിവരുന്ന തമ്പേര്‍ഗായകര്‍. പാതിരാ കുര്‍ബാനക്കായ് കുത്തുകല്ലുകളും കയ്യാലവരമ്പുകളും കയറിയിറങ്ങി. മുന്നില്‍ ചൂട്ടുകറ്റയും മിന്നിച്ചു നീങ്ങുന്ന ഔസേപ്പിന്റെ പിന്നാലെയുള്ള തണുത്തുവിറച്ചുള്ള യാത്ര. മൂടല്‍മഞ്ഞിലൂടെ കാണായ പഴയ കരിങ്കല്‍ ദേവാലയം. അതിനുള്ളിലെ വര്‍ണവിളക്കുകളാല്‍ അലംകൃതമായ തിരുപ്പിറവിദൃശ്യങ്ങള്‍. ക്രിസ്മസ് സമാധാനത്തിന്റെ ഉത്സവമാണ്. തന്റെ ഏകജാതനെ മനുഷ്യരാശിയുടെ വീണ്ടെടുപ്പിനായി ദൈവം ഭൂമിയിലേക്കയച്ച മഹാസ്നേഹത്തിന്റെ തിരുനാള്‍. അപാരമായ കാരുണ്യത്തിന്റെ അടയാളംകൂടിയാണിത്. പരസ്പരസ്നേഹവും കരുതലും സഹജീവിയോടുള്ള കാരുണ്യവും ഇല്ലാതായിക്കൊണ്ടിരിക്കുന്ന ഈ കാലത്ത് ക്രിസ്മസിന്റെ സന്ദേശം ഏറെ പ്രസക്തമാണ്.

ഇതൊക്കെയും പണ്ടുപണ്ടു നടന്ന സംഭവങ്ങളാണ്. ഒക്കെയും മറ്റേതോ ജന്മത്തിലെന്നതുപോലെ വിദൂരസ്ഥമായി പരിണമിച്ചിരിക്കുന്നു. ഇതിലെ ഒട്ടുമിക്ക കഥാപാത്രങ്ങളും ഈ ഭൂമുഖത്തുനിന്നും മറഞ്ഞുപോയിരിക്കുന്നു. അന്നത്തെ മരങ്ങളുംകൂടി തിരോഭവിച്ചുകഴിഞ്ഞു. കെകെ റോഡില്‍നിന്ന് വീട്ടിലേക്ക് വരുന്ന ചെമ്മണ്‍നിരത്തിന്റെ ഉയര്‍ന്ന ഭാഗത്തായിരുന്നു കടുവാതോമയുടെ വസതി. കണ്ടമാനം പട്ടച്ചാരായം കുടിച്ചുകുടിച്ച് തോമ ഒരുനാള്‍ രക്തം ഛര്‍ദിച്ച്മരിച്ചു. ഭാര്യ മേരി. അവര്‍ക്കു കുട്ടികളുണ്ടായിരുന്നില്ല. വീട്ടുമുറ്റത്തെ കാന്താരി നുള്ളിയും ആടിനെ തീറ്റിയും മേരിയെ ഇടയ്ക്കിടെ കാണാറുണ്ടായിരുന്നു. ഒരുനാള്‍ മേരിയും അപ്രത്യക്ഷയായി. ഇടക്കാലത്തെന്നോ അപ്പിയും മണ്‍മറഞ്ഞു. കുറച്ചുനാളത്തെ കാത്തിരിപ്പിനുശേഷം കാട്ടുപയറുകള്‍ ആര്‍ത്തുവന്ന് ദുര്‍ബലമായ മുളവേലി ഭേദിച്ച് ചെറുമുറ്റം കടന്ന് ആ ഒഴിഞ്ഞ വീടിന്മേല്‍ പടര്‍ന്നുകയറി. പിടിച്ചുനില്‍ക്കാനാവാതെ ആദ്യം വീടിന്റെ ദ്രവിച്ച മേല്‍ക്കൂരയും പിന്നെ മണ്‍ചുവരുകളും തകര്‍ന്നു നിലംപൊത്തി. പയ്യെപ്പയ്യേ വീടിനെ കാട് വിഴുങ്ങി. യാതൊന്നും പിന്നെ അവശേഷിച്ചില്ല. കാലാന്തരത്തില്‍ ആ വീട് നിന്ന സ്ഥലവുംകൂടി തിരിച്ചറിയാന്‍ പറ്റാതായി. ഒക്കെയും വിമൂകനിശ്ചലം.

*
റോസ്മേരി ദേശാഭിമാനി

No comments: