Thursday, December 13, 2012

ഔഷധത്തിനുപകരം തോക്കും ചാരായവും

കാല്‍നൂറ്റാണ്ടിലധികമായി ആലപ്പുഴ ജില്ലയിലെ നൂറനാട്ടു നിന്നും പ്രസിദ്ധീകരിച്ചുവരുന്ന ചെറുമാസികയാണ് ഉണ്മ. മുന്‍നിര എഴുത്തുകാര്‍ക്കും നവാഗതര്‍ക്കും ഇടമുള്ള ഒരു മാസിക. ഈ മാസികയുടെ മുഖക്കുറിപ്പുകള്‍ ശ്രദ്ധേയമാണ്. വാക്കേറ് എന്ന പേരാണ് മുഖമൊഴിക്കു നല്‍കിയിട്ടുള്ളത്. പത്രാധിപര്‍ നൂറനാട് മോഹന്‍ എഴുതുന്ന ഈ മുഖക്കുറിപ്പുകള്‍ വാക്കേറ് എന്ന പേരില്‍ത്തന്നെ സമാഹരിച്ചിട്ടുണ്ട്.

മാസികയുടെ പ്രഭവസ്ഥാനമായ നൂറനാടിന്റെ പ്രശ്‌നങ്ങള്‍ക്കു ഉണ്മ വളരെ പ്രാധാന്യം നല്‍കാറുണ്ട്. ഇക്കുറി വളരെ പ്രധാനപ്പെട്ടതും കേരളത്തിന്റെയും കേന്ദ്രസര്‍ക്കാരിന്റെയും ശ്രദ്ധയില്‍ പെടേണ്ടതുമായ ഒരു വിഷയമാണ് ഉണ്മ മുന്നോട്ടു വച്ചിട്ടുള്ളത്.

ഒരു നൂറനാട്ടുകാരനും ആവശ്യപ്പെടാതെ നൂറനാട് ഒരു പട്ടാളക്യാമ്പ് ആരംഭിക്കുന്നു. ആരും ആവശ്യപ്പെടാതെ ഭക്ഷണശാലയോ കായിക പരിശീലനവേദിയോ ആതുരാലയമോ, കലാലയമോ ഉണ്ടായാല്‍ അത് എല്ലാവരുടെയും ഇഷ്ടമായി മാറും. എന്നാല്‍ പട്ടാള ക്യാമ്പ് ആരുടെയും ഇഷ്ടത്തില്‍ സുഗന്ധം പൂശുന്നില്ല.

നൂറനാട് ലെപ്രസി സാനിട്ടോറിയത്തിന്റെ നൂറ്റിമുപ്പതേക്കര്‍ സ്ഥലത്താണ് ഇന്‍ഡോ ടിബറ്റന്‍ ബോര്‍ഡര്‍ ഫോഴ്‌സുകാരെ കുടിയിരുത്തുന്നത്.ഇന്തോ-ടിബറ്റന്‍ ബോര്‍ഡര്‍ ഫോഴ്‌സ് നൂറനാട്ടേക്കു വരുന്നു എന്നുകേട്ടാല്‍ ടിബറ്റ് കായംകുളത്തോ അടൂരോ മറ്റോ ആണോ എന്നു നമ്മള്‍ക്കു സംശയം തോന്നാം.

നമ്മുടെ ഭരണ കര്‍ത്താക്കളുടെ വിചിത്രബുദ്ധി അങ്ങനെയൊക്കെയാണ്. ശബരിമലയില്‍ ഭക്തവിനോദസഞ്ചാരികള്‍ക്ക് താമസ സൗകര്യമൊരുക്കാന്‍ കയ്യടക്കിയ വനഭൂമിക്കു പകരം കൊടുത്തത് താഴെ കുട്ടനാട്ടിലെ കൃഷിഭൂമി ആയിരുന്നല്ലൊ. ഗാന്ധിവനമെന്ന് ഓമനപ്പേരിട്ട് കൃഷി നിരോധിച്ച ആ വയലേലകളില്‍ വിഷപ്പാമ്പുകളും നീര്‍നായകളും താമസമുറപ്പിച്ചത് ചരിത്രം.
കുഷ്ഠരോഗം ബാധിച്ച് വിഷമിക്കുന്നവരെ പുനരധിവസിപ്പിക്കാനായി നൂറനാട് ഒരു സാനിട്ടോറിയം തുടങ്ങിയതിനു പിന്നില്‍ വലിയൊരു കഥയുണ്ട്.

കുഷ്ഠരോഗ ബാധിതരെ കുറ്റവാളികളായി കണ്ടിരുന്ന കാലത്ത് ആരംഭിച്ചതാണ് ഈ പുനരധിവാസ കേന്ദ്രം. എഴുപത്തഞ്ചു വര്‍ഷം മുമ്പ് ഫലപ്രദമായ മരുന്നുകള്‍ ഇല്ല. ഊളമ്പാറയിലാണ് ആ നിരപരാധികളെ പാര്‍പ്പിച്ചിരുന്നത്. അന്നത്തെ തിരുവിതാംകൂര്‍ ഭരണകൂടം നൂറനാട് സ്ഥലം കണ്ടെത്തി രോഗികളെ എത്തിച്ചു. ആയിരത്തഞ്ഞൂറിലധികം രോഗികള്‍ നൂറനാട്ടെത്തിയപ്പോള്‍ ഭയന്നുപോയ ജനങ്ങള്‍ പ്രതിഷേധിച്ചതിനെത്തുടര്‍ന്നാണ് സാനിട്ടോറിയത്തിനു മതില്‍പോലും കെട്ടിയത്. മതില്‍ക്കെട്ടിനുള്ളില്‍ ഔഷധശാലയും ചികിത്സാലയവും വാസസ്ഥലവും മാത്രമല്ല, ചലച്ചിത്രപ്രദര്‍ശന ശാലയും ഗ്രന്ഥശാലയും കലാസമിതിയുമുണ്ടായി.

നൂറനാടിന്റെ സമീപപ്രദേശമായ വള്ളിക്കുന്നംകാരന്‍ തോപ്പില്‍ ഭാസിയെ കേരളം കാണുന്നത് നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി എന്ന നാടകത്തിലൂടെ രാഷ്ട്രീയ ചരിത്രം തിരുത്തിക്കുറിച്ച എഴുത്ത് കാരന്‍ എന്ന നിലയിലാണ്. എന്നാല്‍ അദ്ദേഹത്തിന്റെ അശ്വമേധം, ശരശയ്യ എന്നീ നാടകങ്ങള്‍ കുഷ്ഠരോഗികളോടുള്ള സമൂഹത്തിന്റെ സമീപനം മാറുവാന്‍ കാരണമായി. രോഗം ഒരു കുറ്റമാണോ എന്ന ചോദ്യം സമൂഹത്തിനു നേരെ തൊടുത്തുവിട്ടത് തോപ്പില്‍ ഭാസിയാണ്.

ആരോഗ്യരംഗവും മാറി. ഫലപ്രദമായ ഔഷധങ്ങള്‍ കണ്ടുപിടിക്കപ്പെട്ടു. രോഗികള്‍ കുറഞ്ഞു സാനട്ടോറിയം രോഗപ്രതിരോധ പ്രവര്‍ത്തനങ്ങളിലൂടെ വിജയം നേടിയ വിജനതയിലെത്തി.
അവിടേക്കാണ് പട്ടാളം വരുന്നത്. പട്ടാളത്തോടൊപ്പം കഠിനമൗനവും ആയുധങ്ങളും വരും. പട്ടാളത്തെ തീപിടിപ്പിക്കാന്‍ ഭരണകൂടം നല്‍കുന്ന കുതിരചാരായം പാങ്ങോട്ടെപ്പോലെ പരിസര പ്രദേശങ്ങളിലേക്കു പ്രവഹിക്കും. സൈന്യത്തിന്റെ വ്യഭിചാര കഥകള്‍ മറ്റൊരു നാടക കൃത്തായ എന്‍ എന്‍ പിള്ള രേഖപ്പെടുത്തിയിട്ടുണ്ട്. നൂറനാടെന്ന പാവം ഗ്രാമം അര്‍ഹതപ്പെടാത്ത പാപത്തിന്റെ പതാക പുതച്ചു നിശ്ചലം കിടക്കും.

പട്ടാള ക്യാമ്പിനുപകരം, അന്തരീക്ഷത്തിലെ നിരാലംബ ശയ്യയില്‍ ഉണരാന്‍ തുടങ്ങുന്ന മലയാള സര്‍വകലാശാല മുതല്‍ വൈദ്യപഠന കേന്ദ്രം വരെ ആലോചിക്കാവുന്നതേയുള്ളു. ജനങ്ങളുടെ ഇടയില്‍ ഒരു ഹിതപരിശോധന നടത്തിയാല്‍ പട്ടാളം ടിബറ്റിനടുത്തുള്ള നഥുലാപാസില്‍ ലെഫ്റ്റ് റൈറ്റ് ചവിട്ടേണ്ടിവരും.

ഉണ്മ എന്ന ചെറുമാസിക, നൂറനാടിന്റെ മനസിനെ കേരളത്തിനു മുന്നില്‍ തുറന്നുവച്ചിരിക്കുകയാണ്.

*
കുരീപ്പുഴ ശ്രീകുമാര്‍ ജനയുഗം ദിനപത്രം

No comments: