Thursday, December 27, 2012

കാടിറങ്ങിയവരുടെ പ്രക്ഷോഭവര്‍ഷം


തങ്ങള്‍ക്കു നേരെയുള്ള അതിക്രമങ്ങളുടെ മാലിന്യങ്ങള്‍ വലുതാവുമ്പോള്‍ കക്കൂസ് മാലിന്യം നിസ്സാരമാണെന്ന് ആദിവാസികള്‍ തിരിച്ചറിയുന്നു. കക്കൂസുകള്‍ക്കുള്ളില്‍ കുഞ്ഞുങ്ങളെ മാറോട് ചേര്‍ത്ത് താമസിക്കുന്ന ആദിവാസിഅമ്മമാരുടെ ചിത്രം ആധുനിക സമൂഹത്തോടുള്ള ചോദ്യചിഹ്നമായിരുന്നു. ഭരണാധികാരികളുടെ അക്രമങ്ങള്‍, വര്‍ധിച്ച പീഡനങ്ങള്‍, നിരന്തരമായി ലംഘിക്കപ്പെടുന്ന വാഗ്ദാനങ്ങള്‍. കാടിനുള്ളില്‍നിന്ന് അമ്മമാരും സഹോദരിമാരും കൂട്ടത്തോടെ സമരരംഗത്തിറങ്ങിയ ചരിത്രംകൂടി രചിച്ചാണ് ഈ വര്‍ഷം കടന്നുപോകുന്നത്.

വയനാടന്‍ കാടുകളിലെ ഗോത്രവനിതകളുടെ യാതനകള്‍ക്ക് അവസാനമില്ലേ? ആധുനിക സമൂഹത്തിന്റെ എല്ലാവിധ ചൂഷണങ്ങളും വടുക്കള്‍ വീഴ്ത്തിയ അവര്‍ ഒന്നു നിലവിളിക്കാന്‍ പോലുമാവാതെ മണ്ണും മാനവും കാഴ്ചവയ്ക്കേണ്ടിവരുന്ന ഹതഭാഗ്യര്‍.

മുഖ്യധാരാസമൂഹത്തിനൊപ്പമെത്താന്‍ കഴിയാതെ ഇന്നും നാല്‍പ്പതും അമ്പതും വര്‍ഷം പഴക്കത്തില്‍നിന്ന് കിതപ്പോടെ ഓടാനുള്ള ശ്രമത്തിനിടെയാണ് ബഹുവിധ ചൂഷണങ്ങള്‍ പെരുകുന്നത്. വീടില്ലാത്തതിനാല്‍ പഞ്ചായത്ത് നിര്‍മിച്ച കക്കൂസുകളില്‍ അന്തിയുറങ്ങാന്‍ വിധിക്കപ്പെട്ട ആദിവാസി സ്ത്രീകളുടെ ദുഃസ്ഥിതി വാര്‍ത്തപോലുമല്ല. ആദിവാസി വിഭാഗങ്ങളുടെ ക്ഷേമത്തിനെന്ന പേരില്‍ കേന്ദ്ര-കേരള സര്‍ക്കാരുകള്‍ അനുവദിക്കപ്പെട്ട ഫണ്ട് കൃത്യമായി ചെലവഴിച്ചിരുന്നെങ്കില്‍ ഇന്ന് അവര്‍ക്കു വേണ്ടി പ്രത്യേക പദ്ധതിപോലും വേണ്ടിവരില്ലായിരുന്നു. എന്നാല്‍, നൂറ് രൂപ അനുവദിക്കുമ്പോള്‍ പത്ത് രൂപപോലും ഇവര്‍ക്ക് കിട്ടുന്നില്ല എന്ന അവസ്ഥയാണ് ഇന്നും. മരിച്ചാല്‍പോലും അടക്കംചെയ്യാന്‍ ഒരു തുണ്ട് ഭൂമിക്ക് കേഴുന്നവരുടെ എണ്ണം വര്‍ധിക്കുകയാണ്. വയനാട്ടില്‍മാത്രം 1986 കുടുംബങ്ങള്‍ക്ക് ഇന്നും സ്വന്തമായി ഭൂമിയില്ലെന്നതാണ് ഔദ്യാഗിക കണക്ക്. യഥാര്‍ഥത്തില്‍ ഇതിലും കൂടും. ഭൂമിയുള്ളവര്‍ എന്ന കണക്കില്‍പ്പെട്ടവരാകട്ടെ നിന്നുതിരിയാനുള്ള ഇടംപോലുമില്ലാത്ത തുണ്ടുഭൂമിയുള്ളവര്‍. അഞ്ച് സെന്റിന് താഴെമാത്രം ഭൂമിയുള്ളവര്‍ 13732 കുടുംബങ്ങളാണ്. ഇത്തരത്തിലുള്ള വീടുകളില്‍ മൂന്ന് കുടുംബങ്ങള്‍വരെ കഴിയുന്നുമുണ്ട്. ഹെക്ടര്‍കണക്കിന് സര്‍ക്കാര്‍ഭൂമി കൈവശം വച്ചവര്‍ വിലസുമ്പോഴാണ് ആദിവാസികള്‍ക്ക് ഈ ഗതി. കല്‍പ്പറ്റ നഗരത്തിലുള്ള ഒരു പണിയ കോളനിയിലുള്ളവര്‍ക്ക് എപിഎല്‍ റേഷന്‍ കാര്‍ഡ് നല്‍കിയായിരുന്നു 2012 ല്‍ അധികൃതര്‍ ആദിവാസി "സ്നേഹം" കാണിച്ചത്. സൗജന്യനിരക്കില്‍ ലഭ്യമാക്കേണ്ട റേഷന്‍ അരിപോലും ഇക്കൂട്ടര്‍ക്ക് നിഷേധിച്ചു. ഈയൊരു ദുരിതാവസ്ഥയില്‍ സഹികെടുന്ന ആദിവാസികള്‍ പ്രക്ഷോഭത്തിനിറങ്ങാന്‍ നിര്‍ബന്ധിതരായി.

മുന്‍കാലങ്ങളില്‍നിന്ന് വ്യത്യസ്തമായി ആദിവാസി ക്ഷേമസമിതിയുടെ നേതൃത്വത്തില്‍ ഉള്‍പ്പെടെ നടന്ന ഭൂമിക്കുവേണ്ടിയുള്ള സമരങ്ങളിലെ വന്‍ സ്ത്രീപങ്കാളിത്തം ശ്രദ്ധേയമായിരുന്നു. തുടര്‍ച്ചയായ സമരങ്ങളായിരുന്നു ഈ വര്‍ഷത്തിന്റെ പ്രത്യേകത. 1153 ആദിവാസികളെയാണ് ഈ വര്‍ഷം ജയിലിലടച്ചത്. ഇതില്‍ 552ഉം സ്ത്രീകളായിരുന്നു. 94 കുട്ടികളും ഇവരെക്കൂടാതെ കല്‍ത്തുറുങ്കിലായി; ചീയമ്പം സമരകേന്ദ്രത്തിലെ ഒരു വയസ്സുള്ള ആതിരയുള്‍പ്പെടെ. കുടകിലും മറ്റും അയല്‍പ്രദേശങ്ങളില്‍ ഇഞ്ചിപ്പാടങ്ങളില്‍ ലാഭമുണ്ടാക്കാനുള്ള ഉപകരണങ്ങളാണ് ഇന്ന് വയനാട്ടിലെ ആദിവാസി സ്ത്രീകള്‍. പുരുഷന്മാര്‍ക്ക് കൂലി മദ്യം, മയക്കുമരുന്ന്. സ്ത്രീകള്‍ വ്യാപകമായ ലൈംഗിക ചൂഷണത്തിന് വിധേയരാവുന്നു. ലൈംഗിക രോഗം ബാധിച്ച് അകാലമൃത്യു അടയുന്ന ആദിവാസിസ്ത്രീകളുടെ എണ്ണം ഏറി, അവിഹിത അമ്മമാര്‍ എന്ന് ഓമനപ്പേരിട്ടുവിളിക്കുന്ന യുവതികളുടെയും. അമ്പലവയലില്‍ ആറും ഒമ്പതും പതിമൂന്നും വയസ്സുള്ള പെണ്‍കുട്ടികളെപീഡിപ്പിച്ചയാള്‍ വിലസി നടക്കുന്നത് വാര്‍ത്തയേ അല്ല. ഒരു രാത്രി മുഴുവന്‍ ഒരു ടിപ്പര്‍ലോറി ഡ്രൈവര്‍ പെണ്‍കുട്ടികള്‍ക്ക് നിര്‍ബന്ധിച്ച് മദ്യം നല്‍കി തന്റെ കാമവെറി തീര്‍ത്തു. മാസങ്ങള്‍ കഴിഞ്ഞിട്ടും പ്രതിയെ പിടിക്കാന്‍ പൊലീസിന് സാധിച്ചിരുന്നില്ലെന്നത് ലജ്ജാവഹമായ യാഥാര്‍ഥ്യം. ഇത് ഈച്ചമാനിക്കുന്ന് കോളനിയിലെമാത്രം അനുഭവമല്ല. ആരോട് പരാതിപറയണമെന്ന തിരിച്ചറിവുപോലുമില്ലാത്ത നിരവധി പെണ്‍കുട്ടികള്‍ വിധിയെ പഴിപറഞ്ഞ് കോളനികളിലുണ്ട്. ഇതിനു പിന്നില്‍ ഭയപ്പെടുത്തലും നിര്‍ണായക പങ്ക് വഹിക്കുന്നുണ്ട്.

ആദിവാസികളുടെ സ്വത്വത്തെ അപഹരിക്കുന്ന നടപടിയാണ് അടുത്തിടെ സര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടായത്. കല്‍പ്പറ്റയില്‍ ആദിവാസി സ്ത്രീകളുടെ പരമ്പരാഗത വേഷമായ കറുത്ത കച്ച പൊലീസിന് കരിങ്കൊടിയായി തോന്നി! വിഐപിയുടെ സുരക്ഷാവിഭാഗം ജില്ലാ ഭരണസിരാകേന്ദ്രത്തിന് മുന്നില്‍വച്ച് പരസ്യമായി അവ അഴിച്ചുമാറ്റുകയായിരുന്നു. വെങ്ങപ്പള്ളി കോളനിയിലെ സ്ത്രീകള്‍ ഒരു ദിവസം മുഴുവന്‍ നിലവിളിച്ചത് തങ്ങളുടെ പ്രിയപ്പെട്ടവരുടെ മൃതദേഹം അടക്കം ചെയ്യാന്‍ അല്‍പ്പം ഭൂമിക്കുവേണ്ടിയായിരുന്നു. ഒടുവില്‍ റോഡുവക്കില്‍ കുഴിയെടുക്കാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. തുടര്‍ന്ന് നടന്ന മാരത്തണ്‍ ചര്‍ച്ചകള്‍ക്കൊടുവിലാണ് ഒരുപാട് അകലെയുള്ള ഭൂമി ചൂണ്ടിക്കാട്ടിക്കൊടുക്കാന്‍ അധികൃതര്‍ തയ്യാറായത്.

കാടുകളില്‍ ഒളിച്ചിരിക്കാന്‍ ആദിവാസികള്‍ ഇന്ന് തയ്യാറല്ല. ആദിവാസി പ്രക്ഷോഭങ്ങളില്‍ കാണുന്ന വര്‍ധിച്ചുവരുന്ന സ്ത്രീമുഖങ്ങള്‍ ഇതാണ് വെളിവാക്കുന്നത്. സീതാബാലന്റെയും ചീയമ്പത്തെ ഉഷയുടെയുമൊക്കെ നേതൃത്വത്തില്‍ കല്‍ത്തുറുങ്കില്‍ നിന്ന് ലഭിച്ച പോരാട്ടവീര്യത്തോടെയാണ് പുതിയ പ്രക്ഷോഭങ്ങള്‍ക്ക് ഒരുങ്ങുന്നത്. മണ്ണും മാനവും തീറെഴുതുന്നതിനെതിരായ രൂക്ഷപോരാട്ടങ്ങള്‍ക്ക് തന്നെയാവും ആദിവാസികള്‍ക്ക് പുതുവര്‍ഷവും എന്നതില്‍ സംശയമില്ല.

*
സീന ജോസഫ് ദേശാഭിമാനി സ്ത്രീ സപ്ലിമെന്റ്