Thursday, December 13, 2012

മാഫിയ സംഘത്തിന്റെ ഭരണം

കേരളത്തിലെ ക്രമസമാധാനില തകര്‍ച്ചയിലാണെന്ന് ഭരണകക്ഷി എംഎല്‍എമാര്‍ക്കുപോലും കുറ്റപ്പെടുത്തേണ്ടി വന്നിരിക്കുന്നു. കേരളം മാഫിയരാജിലേക്ക് നീങ്ങുന്നുവെന്നാണ് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് വി എം സുധീരന്‍ വിലപിക്കുന്നത്. കേരളത്തിലങ്ങോളമിങ്ങോളം മണല്‍മാഫിയ സംഘങ്ങള്‍ അഴിഞ്ഞാടുകയാണ്. നിയമലംഘകര്‍ക്ക് സഹായവും സംരക്ഷണവും നല്‍കാന്‍ കോണ്‍ഗ്രസ് നേതാക്കളും മന്ത്രിമാരുംവരെ ജാഗരൂകരാണ്. മദ്യമാഫിയകളും ഭൂമാഫിയ സംഘങ്ങളും മണല്‍മാഫിയ സംഘങ്ങള്‍ക്ക് ഒട്ടും പുറകിലല്ല. മതതീവ്രവാദികള്‍ക്കും ഭരണകക്ഷിയില്‍നിന്ന് വേണ്ടത്ര പ്രോത്സാഹനം ലഭിക്കുന്നു. കോഴിക്കോട് ജില്ലാ കലക്ടറെ അപായപ്പെടുത്താന്‍ മണല്‍മാഫിയ സംഘം തയ്യാറായി എന്നത് ഞെട്ടലോടെയല്ലാതെ കേരളീയര്‍ക്ക് കേള്‍ക്കാന്‍ കഴിയില്ല. കാറില്‍ തങ്ങളെ പിടികൂടാനെത്തിയത് പൊലീസ് സംഘമാണെന്നാണ് കരുതിയതെന്നും കലക്ടറെ തിരിച്ചറിഞ്ഞില്ലെന്നും പ്രതികള്‍ പൊലീസിനോട് പറഞ്ഞുവത്രേ. പൊലീസ് ആയാല്‍ ഭയപ്പെടേണ്ടതില്ലെന്ന് മാഫിയസംഘം കരുതി എന്നര്‍ഥം. പൊലീസിനെ കോണ്‍ഗ്രസ്വല്‍ക്കരിക്കുന്ന പണി ആഭ്യന്തരമന്ത്രി പണ്ടേ പൂര്‍ത്തിയാക്കിയതാണ്. കോണ്‍ഗ്രസ് നേതാക്കളുടെ പിന്തുണയും സഹായവും ഉണ്ടെങ്കില്‍ പൊലീസിനെ ഭയപ്പെടേണ്ടതില്ലെന്ന് മാഫിയസംഘങ്ങള്‍ തിരിച്ചറിഞ്ഞിരിക്കുന്നു. അല്ലെങ്കിലും യുഡിഎഫ് ഭരണത്തില്‍ പൊലീസിന്റെ പണി ഗുണ്ടാസംഘങ്ങളെ അമര്‍ച്ച ചെയ്യലല്ലെന്ന് അറിയാത്തവരാരുംതന്നെയില്ല.

ജില്ലാ കലക്ടറെ ജില്ലാഭരണത്തിന്റെ പ്രതീകമായാണ് ജനങ്ങള്‍ കരുതുന്നത്. തെരഞ്ഞെടുക്കപ്പെട്ട ജില്ലാപഞ്ചായത്ത് പ്രസിഡന്റിന് പൊലീസിന്റെമേല്‍ നിയന്ത്രണാധികാരമില്ല. കലക്ടര്‍ ജില്ലാ മജിസ്ട്രേട്ടുകൂടിയാണ്. ജില്ലാഭരണത്തിന്റെ തലവനെന്ന നിലയില്‍ വിപുലമായ അധികാരങ്ങളുള്ളയാളാണ് കലക്ടര്‍. അത്തരം ഒരു ജില്ലാ ഭരണാധികാരിയെ നിയമം നടപ്പാക്കാന്‍ ആത്മാര്‍ഥമായ ശ്രമം നടത്തുന്നതിനിടയില്‍ അപായപ്പെടുത്താന്‍ മണല്‍മാഫിയ സംഘം തന്റേടം കാണിക്കണമെങ്കില്‍ അവര്‍ക്ക് ഉന്നതതലത്തില്‍നിന്ന് മതിയായ പിന്തുണ ലഭിക്കുമെന്ന് ഉറപ്പുണ്ടാകണം. പുലര്‍ച്ചെ നാലിന് കലക്ടറും സംഘവും നിയമലംഘകരെ പിടികൂടാന്‍ മതിയായ സജ്ജീകരണത്തോടെയായിരിക്കണം പുറപ്പെട്ടത്്. മാഫിയസംഘത്തിന്റെ കൈക്കരുത്തും ആക്രമണസ്വഭാവവും ഭരണസ്വാധീനവും അറിയാത്ത ആളല്ല കലക്ടര്‍. എന്നിട്ടും അദ്ദേഹത്തിന്റെ കാര്‍ മണല്‍കൊണ്ട് മൂടി കാറിനുനേരെ ആക്രമണം നടത്തി കലക്ടറെ അപായപ്പെടുത്തണമെങ്കില്‍ അസാധാരണമായ പിന്തുണ മാഫിയസംഘത്തിന് ലഭിക്കുമെന്ന് ഉറപ്പായിരിക്കണം. ജില്ലാ കലക്ടര്‍ക്കുപോലും ഔദ്യോഗിക കൃത്യനിര്‍വഹണം നിര്‍ഭയമായി നടത്താന്‍ കഴിയുന്നില്ലെന്നുവന്നാല്‍ ക്രമസമാധാനത്തിന്റെ ഭദ്രതയെപ്പറ്റി കൂടുതല്‍ പറയേണ്ടതില്ല.

ഒരൊറ്റ ദിവസം ദിനപത്രങ്ങളില്‍ വരുന്ന അക്രമങ്ങളുടെ വാര്‍ത്തമാത്രം ശ്രദ്ധിച്ചാല്‍ സംസ്ഥാനത്തെ ക്രമസമാധാനത്തകര്‍ച്ചയുടെ യഥാര്‍ഥ ചിത്രം മനസ്സിലാക്കാന്‍ കഴിയും. "മണല്‍ലോറി പെണ്‍കുട്ടിയെ തട്ടിയിട്ട് നിര്‍ത്താതെ ഓടിച്ചുപോയി", "ഡിവൈഎസ്പി തടയാന്‍ ശ്രമിച്ച മണല്‍ലോറി ബലമായി കടത്തിക്കൊണ്ടുപോയി", "അതിക്രമങ്ങളുമായി സദാചാര ഗുണ്ടകള്‍", "അരക്ഷിത കേരളം" എന്ന തലക്കെട്ടുതന്നെ ഒരു വാര്‍ത്തയ്ക്ക് സര്‍ക്കാര്‍ വിലാസം പത്രം നല്‍കിയിരിക്കുന്നു. "ഗൃഹനാഥനെ കെട്ടിയിട്ട് മോഷണം നടത്തിയ സംഘം പത്തനംതിട്ടയില്‍ 72കാരി വീട്ടമ്മയെ പട്ടാപ്പകല്‍ കൊലപ്പെടുത്തി" - ഇതൊക്കെ പ്രമുഖ സര്‍ക്കാര്‍ അനുകൂല പത്രങ്ങളില്‍ ഒറ്റദിവസം വന്ന വാര്‍ത്തകളാണ്. ഇത്തരം വാര്‍ത്തകൊണ്ട് മാധ്യമങ്ങള്‍ നിറയുകയാണ്. ട്രെയിന്‍യാത്രയ്ക്കിടയിലെ മോഷണവും സ്ത്രീകള്‍ക്കുനേരെയുള്ള അതിക്രമവും തുടരെത്തുടരെ സംഭവിക്കുന്നു. സംസ്ഥാനത്ത് ആഭ്യന്തരവകുപ്പ് എന്തിനാണെന്ന് ആരും ചോദിച്ചുപോകും. സംശയം വേണ്ടാ, ആഭ്യന്തരവകുപ്പിന് പിടിപ്പതു പണിയുണ്ട്.

മാഫിയസംഘങ്ങളെയും ഗുണ്ടാസംഘങ്ങളെയും സാമൂഹ്യവിരുദ്ധരെയും തീവ്രവാദികളെയും അമര്‍ച്ചചെയ്യുകയല്ല; പ്രതിപക്ഷത്തുള്ള തികച്ചും ഉത്തരവാദിത്തബോധമുള്ള നേതാക്കളെ, വിശേഷിച്ച് സിപിഐ എം പ്രവര്‍ത്തകരെയും നേതാക്കളെയും കള്ളക്കേസില്‍പ്പെടുത്തി അറസ്റ്റുചെയ്ത് ജയിലിലടച്ച് ആസ്വദിക്കലും ആഘോഷിക്കലുമാണ് പൊലീസ് അധികാരികളെ ഏല്‍പ്പിച്ച മുഖ്യചുമതല. രാഷ്ട്രീയനേതാക്കളെ അര്‍ധരാത്രിപോലും അവരുടെ വീട്ടില്‍ പോയി അറസ്റ്റുചെയ്ത് കസ്റ്റഡിയിലെടുക്കും. വസ്ത്രം മാറാനോ ടോയ്ലറ്റില്‍ പോകാനോപോലും അനുവദിക്കാതെ കസ്റ്റഡിയിലെടുത്തുകളയും. പ്രതിപക്ഷ രാഷ്ട്രീയപാര്‍ടി നേതാക്കളെ സിനിമാശൈലിയില്‍ അവര്‍ സഞ്ചരിക്കുന്ന വാഹനം പിന്തുടര്‍ന്ന് കസ്റ്റഡിയിലെടുത്ത് "ധീരത" കാണിക്കും. എം എം മണിയും മോഹനന്‍ മാസ്റ്ററും ഉദാഹരണം. മറിച്ച്, ഭരണകക്ഷി എംപി, സുപ്രീംകോടതി ജഡ്ജിക്ക് ലക്ഷങ്ങള്‍ കൈക്കൂലി നല്‍കി എന്നു പരസ്യമായി പ്രസംഗിച്ചാലും നാല്‍പ്പാടി വാസുവിനെ താനാണ് കൊന്നതെന്ന് പരസ്യമായി പ്രസംഗിച്ചാലും മണല്‍ കടത്തിയതിന് കസ്റ്റഡിയിലെടുത്തവരെ പൊലീസ് സ്റ്റേഷനില്‍ കയറി എസ്ഐയെ ഭീഷണിപ്പെടുത്തി പിടിച്ചിറക്കിക്കൊണ്ടുപോയാലും ഒരു കുഴപ്പവുമില്ല. ഭരണകക്ഷിയില്‍പ്പെട്ടവരാണെങ്കില്‍ പൊലീസ് അവരെ തിരിഞ്ഞുനോക്കുകയില്ല. അതാണ് കോണ്‍ഗ്രസ് ജനാധിപത്യം. മുസ്ലിംലീഗ് സംസ്ഥാന സെക്രട്ടറി കെ പി എ മജീദ് പറയുന്നത് വിലക്കയറ്റം സൃഷ്ടിച്ചത് കേന്ദ്ര സര്‍ക്കാരാണെന്നാണ്. കേന്ദ്രമന്ത്രി ഇ അഹമ്മദ് ഇല്ലാത്തതാണോ ഈ ലീഗെന്ന് ചോദിക്കരുത്. വാള്‍മാര്‍ട്ടിന് ഇന്ത്യയിലേക്ക് കടന്നുവരാന്‍ അനേകം കോടികള്‍ ചെലവഴിക്കേണ്ടിവന്നു എന്നാണ് ഒടുവില്‍ വന്ന വാര്‍ത്ത. ക്രമസമാധാനപാലനത്തിലോ വിലക്കയറ്റം തടയുന്നതിലോ അല്ല സര്‍ക്കാരിന്റെ ശ്രദ്ധ; അഴിമതിപ്പണം കൈപ്പറ്റുന്നതിലാണെന്ന് വ്യക്തം. ആഭ്യന്തരമന്ത്രിക്ക് അധികാരത്തില്‍ തുടരാനുള്ള ധാര്‍മികമായ അര്‍ഹത പണ്ടേ നഷ്ടപ്പെട്ടിരിക്കുന്നു. നാണമില്ലാത്തവന്റെ ആസനത്തില്‍ എന്നുമാത്രം സൂചിപ്പിക്കാം.

*
ദേശാഭിമാനി മുഖപ്രസംഗം 12 ഡിസംബര്‍ 2012

No comments: