Tuesday, December 25, 2012

ഈജിപ്ത് : ആവേശം പകരുന്ന ജനകീയ പോരാട്ടം

ഈജിപ്ഷ്യന്‍ പ്രസിഡന്റ് മുര്‍സിയുടെ നവംബര്‍ 22ന്റെ വിവാദ ഉത്തരവ് പിന്‍വലിച്ചിട്ടും ജനകീയ പ്രക്ഷോഭം ശക്തിപ്പെട്ടുവരികയാണ്. കെയ്റോയിലെ തഹ്റീര്‍ സ്ക്വയറില്‍ ഒരു ലക്ഷത്തിലേറെ ആളുകളാണ്, മുസ്ലീം ബ്രദര്‍ഹുഡുകാര്‍ രൂപംനല്‍കിയ ഇസ്ലാമിക ഭരണഘടനയെ സംബന്ധിച്ച് ഡിസംബര്‍ 15ന് നടത്താന്‍ നിശ്ചയിച്ചിട്ടുള്ള ഹിതപരിശോധനയ്ക്കെതിരെ പ്രതിഷേധപ്രകടനം നടത്തുന്നത്. കെയ്റോയില്‍ മാത്രമല്ല, അലക്സാണ്‍ഡ്രിയയും സൂയെസും മഹല്ലയും മന്‍സൂറയും ഉള്‍പ്പെടെ ഈജിപ്തിലെ മറ്റു പ്രധാന നഗര കേന്ദ്രങ്ങളിലും പതിനായിരങ്ങള്‍ പ്രതിഷേധ പ്രകടനം നടത്തുകയാണ്. പ്രസിഡന്റ് മുര്‍സിയുടെ ഔദ്യോഗിക വസതിക്ക് പുറത്ത് പട്ടാളം സ്ഥാപിച്ച കോണ്‍ക്രീറ്റ് ഭിത്തി തകര്‍ത്ത പ്രതിഷേധ പ്രകടനക്കാരുമായി സായുധ പൊലീസുകാരുമായി പ്രസിഡന്റ് മുര്‍സിക്കും കരട് ഇസ്ലാമിക ഭരണഘടനയ്ക്കും അനുകൂലമായി പ്രകടനത്തിനെത്തിയ മുസ്ലീം ബ്രദര്‍ഹുഡുകാരും ഏറ്റുമുട്ടുകയുണ്ടായി. അലക്സാണ്‍ഡ്രിയയിലും മന്‍സൂറയിലും മഹല്ലയിലും മറ്റും മുസ്ലീം ബ്രദര്‍ഹുഡുകാരുടെ ഓഫീസും പ്രതിഷേധ പ്രകടനകാര്‍ ആക്രമിക്കുകയുണ്ടായി. കെയ്റോയിലെ തങ്ങളുടെ പ്രധാന ആസ്ഥാനം തകര്‍ക്കാതെ കാക്കണമെന്ന് മുസ്ലീം ബ്രദര്‍ഹുഡുകാര്‍ സൈന്യത്തോട് ഔപചാരികമായി അഭ്യര്‍ത്ഥന നടത്തിയതായാണ് ഒടുവിലത്തെ വാര്‍ത്ത.

ഈജിപ്ഷ്യന്‍ തലസ്ഥാനമായ കെയ്റോയിലെ തഹ്റീര്‍ സ്ക്വയര്‍ പ്രതിഷേധവും ആഹ്ലാദവും പ്രകടിപ്പിക്കാന്‍ ആളുകള്‍ ഒത്തുകൂടുന്ന ഇടമാണ്. ഇവിടെ ആയിരുന്നു 2011 ജനുവരി 25 മുതല്‍ ഫെബ്രുവരി 11 വരെയുള്ള 18 ദിനരാത്രങ്ങളില്‍ ജനലക്ഷങ്ങള്‍ മുബാറക്ക് വാഴ്ച അവസാനിപ്പിക്കുന്നതിനായി തടിച്ചുകൂടിയത്. 2012 ജൂണ്‍ മാസം മുസ്ലീം ബ്രദര്‍ഹുഡ് നേതാവായ മുഹമ്മദ് മുര്‍സി പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടപ്പോള്‍ ആഹ്ലാദപ്രകടനം നടന്നതും ഇതേ നഗരചത്വരത്തില്‍തന്നെയായിരുന്നു. നവംബര്‍ 22ന് പ്രസിഡന്റ് മുര്‍സി പുറപ്പെടുവിച്ച അസാധാരണമായ ഒരു ഉത്തരവാണ് പുതിയ പ്രതിഷേധങ്ങള്‍ ആളിപ്പടരുന്നതിന് ഇടയാക്കിയത്. മുസ്ലീം ബ്രദര്‍ഹുഡിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ തുടരുന്ന സാമ്പത്തിക നയങ്ങളിലും ജനാധിപത്യ സ്വാതന്ത്ര്യങ്ങള്‍ നിഷേധിക്കുന്നതിലും നീറിപ്പുകഞ്ഞുനിന്ന പ്രതിഷേധവും (കഴിഞ്ഞ ഒരു വര്‍ഷത്തിനിടയില്‍തന്നെ നിരവധി തൊഴിലാളി പണിമുടക്കുകള്‍ നടന്നിരുന്നു എന്ന വസ്തുതയും പ്രസക്തമാണ്. മുബാറക്ക് ഭരണകാലത്തെന്നപോലെ മര്‍ദ്ദന നടപടികള്‍ കൊണ്ടാണ് സൈനിക കൗണ്‍സിലും ഇപ്പോള്‍ മുര്‍സിയുടെ മുസ്ലീം ബ്രദര്‍ഹുഡ് സര്‍ക്കാരും അതിനെ നേരിട്ടിരുന്നത്) ഇതിനെ തുടര്‍ന്ന് അണപൊട്ടി ഒഴുകുകയാണുണ്ടായത്. പാര്‍ലമെന്റിന്റെ ഉപരിസഭയായ ഷൂറാ കൗണ്‍സിലിനെയോ 100 അംഗ ഭരണഘടനാ നിര്‍മ്മാണസഭയെയോ പിരിച്ചുവിടാന്‍ ജുഡീഷ്യല്‍ സംവിധാനത്തിന് അധികാരമുണ്ടായിരിക്കില്ല എന്ന് പ്രസ്താവിച്ച മുര്‍സിയുടെ ഉത്തരവ് ""ജനുവരി 25ലെ വിപ്ലവത്തെയോ രാഷ്ട്രത്തിന്റെ സൈ്വര ജീവിതത്തെയോ ദേശീയ ഐക്യത്തെയോ സുരക്ഷയെയോ വെല്ലുവിളിക്കുന്ന വിപത്തുകള്‍ക്കെതിരെ ആവശ്യമായ എല്ലാ നടപടികളും"" കൈക്കൊള്ളുന്നതിനുള്ള അധികാരം സ്വയം ഏറ്റെടുത്തുകൊണ്ടുള്ളതായിരുന്നു. നവംബര്‍ 22ന്റെ ഉത്തരവ് ഈജിപ്ഷ്യന്‍ രാഷ്ട്രീയത്തില്‍ ശക്തമായ പുതിയൊരു ചേരിതിരിവ് വീണ്ടും സൃഷ്ടിക്കുകയുണ്ടായി.

ഒരുവശത്ത് ഭരണത്തിന്റെ ചുക്കാന്‍ പിടിക്കുന്ന മുസ്ലീം ബ്രദര്‍ഹുഡിന്റെ രാഷ്ട്രീയ വിഭാഗമായ ഫ്രീഡം ആന്റ് ജസ്റ്റിസ് പാര്‍ടിയും ഇവരോട് ഒപ്പം ചേര്‍ന്നിട്ടുള്ള തീവ്ര യാഥാസ്ഥിതികരായ സലാഫിസ്റ്റുകളുടെ അല്‍-നൂര്‍, മധ്യവര്‍ത്തികളായ അല്‍-വസത്, അല്‍-ഹദാര, അല്‍-അസാല തുടങ്ങിയ കക്ഷികളും മുര്‍സിക്കുപിന്നില്‍ അണിനിരക്കുന്നു. മറുവശത്ത് മുര്‍സിക്കെതിരായി ലിബറല്‍ കക്ഷികളും സോഷ്യലിസ്റ്റുകക്ഷികളും കമ്യൂണിസ്റ്റുപാര്‍ടിയും ദേശീയവാദികളും കോപ്ടിക് ക്രിസ്ത്യന്‍ സഭയും ഒന്നിച്ചുചേര്‍ന്നു. മാത്രമല്ല, 2011 ജനുവരി പ്രക്ഷോഭത്തിന്റെ ചാലക ശക്തിയായിനിന്ന ഏപ്രില്‍ 6 പ്രസ്ഥാനവും (2008ല്‍ നടന്ന തുണിമില്‍ തൊഴിലാളി പണിമുടക്കിന് പിന്തുണ പ്രഖ്യാപിച്ച് രൂപപ്പെട്ട യുവജന പ്രസ്ഥാനമാണിത്) സജീവമായി രംഗത്തുവന്നു. ഹോസ്നി മുബാറക്കിന്റെ അനുയായികളായിരുന്നവരും ഈ മുര്‍സി വിരുദ്ധ ചേരിയില്‍ അണിനിരക്കുന്നുണ്ട് എന്നതാണ് മറ്റൊരു പ്രത്യേകത. മുര്‍സിയുടെ ഉത്തരവില്‍ ""ജനുവരി 25ന്റെ വിപ്ലവം"" സംരക്ഷിക്കാനാണ് താന്‍ അമിതാധികാരം കൈയാളുന്നതെന്ന് പ്രഖ്യാപിക്കുന്നുണ്ടെങ്കിലും, ആ വിപ്ലവത്തെ അടിച്ചമര്‍ത്തുന്നതിന് മുബാറക്കിനൊപ്പം നിന്നിരുന്ന, മുബാറക്ക് അധികാരം ഒഴിഞ്ഞതിനെതുടര്‍ന്ന് ഭരണം ഏറ്റെടുത്ത, സൈനിക കൗണ്‍സിലിന്റെ മേധാവികളിലൊരാളെ മുര്‍സി പുതിയ പ്രതിരോധമന്ത്രിയായി അവരോധിച്ചു എന്നതും മുര്‍സിയുടെ ഉപദേശകവൃന്ദത്തില്‍ സൈനിക കൗണ്‍സിലിലെ പ്രമാണിമാരായ ചില ജനറല്‍മാര്‍ ഉള്‍പ്പെടുത്തപ്പെട്ടു എന്നതും ""ജനുവരി 25""നെക്കുറിച്ചുള്ള മുര്‍സിയുടെ വായ്ത്താരികള്‍ പ്രഹസനമാണെന്ന് വ്യക്തമാക്കുന്നു. മറ്റൊന്ന് സുപ്രീം കോണ്‍സ്റ്റിറ്റ്യൂഷണല്‍ കോര്‍ട്ടും മുര്‍സിയുടെഇസ്ലാമിസ്റ്റു സര്‍ക്കാരും തമ്മില്‍ രൂപപ്പെട്ടുവന്ന സംഘര്‍ഷമാണ്. ഇസ്ലാമിസ്റ്റുകള്‍ക്ക് വന്‍ ഭൂരിപക്ഷമുള്ള ഭരണഘടനാ നിര്‍മ്മാണസഭയെ പിരിച്ചുവിടണമെന്നുള്ള വാദം സുപ്രീം കോണ്‍സ്റ്റിറ്റ്യൂഷണല്‍ കോര്‍ട്ടിന്റെ പരിഗണനയിലായിരുന്നു. ഇസ്ലാമിക നിയമം ഭരണഘടനയുടെ അടിസ്ഥാനമാക്കുന്നതിനെതിരായ ചര്‍ച്ചയും സജീവമായി ഉയര്‍ന്നുവരുകയുമായിരുന്നു. ഭരണഘടനയെ ഇസ്ലാമിക നിയമത്തിനുരോധമാക്കുന്നതില്‍ പ്രതിഷേധിച്ച് മതനിരപേക്ഷ വാദികളായ അംഗങ്ങള്‍ (19 പേര്‍) ഭരണഘടനാ നിര്‍മ്മാണസഭയില്‍നിന്ന് രാജിവെയ്ക്കുകയുമുണ്ടായി. ഈ പശ്ചാത്തലത്തില്‍ തിരക്കിട്ട് ഭരണഘടനാ നിര്‍മ്മാണം പൂര്‍ത്തിയാക്കുന്നതിന് ഇസ്ലാമിസ്റ്റുകള്‍ തീരുമാനിക്കുകയാണുണ്ടായത്.

നവംബര്‍ 22ന്റെ ഉത്തവില്‍ മുര്‍സി ഭരണഘടനാ നിര്‍മ്മാണ കൗണ്‍സിലിന് രണ്ടുമാസംകൂടി കാലാവധി നീട്ടി നല്‍കുകയുണ്ടായി. എന്നാല്‍ ഇസ്ലാമിസ്റ്റുകള്‍ നവംബര്‍ 29, 30 തീയതികളില്‍ ഭരണഘടനാ നിര്‍മ്മാണസഭ തുടര്‍ച്ചയായി ചേര്‍ന്ന് തിരക്കിട്ട് 236 വകുപ്പുകളുള്ള ഭരണഘടനയ്ക്ക് അന്തിമ രൂപം നല്‍കുകയാണുണ്ടായത്. തുടര്‍ന്ന് ഡിസംബര്‍ 15ന് ഭരണഘടനയെക്കുറിച്ച് ജനഹിത പരിശോധന നടത്തുന്നതിന് മുര്‍സി ഡിസംബര്‍ 1ന് ഉത്തരവിടുകയും ചെയ്തു. ഇതോടെ നവംബര്‍ 23ന് തുടങ്ങിയ പ്രതിഷേധം കൂടുതല്‍ ശക്തമാവുകയും രാജ്യവ്യാപകമായി പടര്‍ന്നുപിടിക്കുകയും ചെയ്തു. 2011 ജനുവരിയില്‍ മുബാറക് ചെയ്ത അതേ രീതിയില്‍ പൊലീസിനെയും സുരക്ഷാ സൈന്യത്തെയും ഒപ്പം സ്വന്തം അനുയായികളായ ഇസ്ലാമിസ്റ്റുകളെയും രംഗത്തിറക്കിയാണ് മുര്‍സിയും പ്രക്ഷോഭത്തെ നേരിടുന്നത്. എന്നിട്ടും പ്രക്ഷോഭം അനുദിനം കരുത്താര്‍ജ്ജിച്ചുവന്ന സാഹച്യത്തിലാണ് ഡിസംബര്‍ 9ന് മുര്‍സി സര്‍വ അധികാരങ്ങളും തന്നില്‍ കേന്ദ്രീകരിച്ചുകൊണ്ടുള്ള നവംബര്‍ 22ന്റെ ഉത്തരവ് പിന്‍വലിച്ചത്. പക്ഷേ, അതുകൊണ്ടൊന്നും പ്രക്ഷോഭം ആറിത്തണുത്തില്ല എന്നാണ് ഏറ്റവും ഒടുവിലത്തെ വാര്‍ത്തകള്‍ സൂചിപ്പിക്കുന്നത്.

പുതുതായി രൂപം നല്‍കിയ ഭരണഘടനയുടെ 2-ാം വകുപ്പില്‍ പറയുന്നത്, ""നിയമനിര്‍മ്മാണത്തിന്റെ പ്രധാന അടിസ്ഥാനം ഇസ്ലാമിക ഷരിയത്ത് തത്വങ്ങള്‍ ആയിരിക്കും"" എന്നാണ്. 10-ാം വകുപ്പില്‍, ""സ്ത്രീകള്‍ തങ്ങളുടെ കുടുംബജോലികളില്‍"" ഒതുങ്ങിക്കഴിയണമെന്നാണ് പറയുന്നത്. ""സായുധസേനയ്ക്ക് ഹാനികരമായ കുറ്റകൃത്യങ്ങള്‍ക്കൊഴികെ പൗരന്മാര്‍ സൈനിക കോടതി വിചാരണ നേരിടേണ്ടതില്ല"" എന്ന് വ്യക്തമാക്കുന്ന 198-ാം വകുപ്പ് യഥാര്‍ത്ഥത്തില്‍ സൈനിക ട്രിബ്യൂണലിനുമുന്നില്‍ സാധാരണ പൗരന്മാരെ വിചാരണയ്ക്ക് വിധേയരാക്കാന്‍ പിന്‍വാതിലിലൂടെ അവസരമൊരുക്കു ന്നതാണ്.

ഇസ്ലാമിക നിയമത്തിനൊപ്പം സൈന്യത്തിനും സൈനിക ട്രിബ്യൂണലിനും അമിതാധികാരം നല്‍കുന്നതുമാണ് പുതിയ ഭരണഘടന. 2-ാം വകുപ്പിന് വ്യാഖ്യാനം നല്‍കിക്കൊണ്ടുള്ള 219-ാം വകുപ്പ് കൂടുതല്‍ പ്രതിഷേധത്തിനും ഇടയാക്കി. ആധുനിക ജനാധിപത്യ റിപ്പബ്ലിക്കായി ഈജിപ്തിനെ മാറ്റുന്നതിനുപകരം ""മതാധിഷ്ഠിത രാഷ്ട്ര""മാക്കി ഈജിപ്തിനെ മാറ്റുന്നതിനുള്ള രാഷ്ട്രീയ ഇസ്ലാമിന്റെ നീക്കത്തിനെതിരെയാണ് പ്രതിഷേധം പടര്‍ന്നുപിടിക്കുന്നത്. ഇതിനൊപ്പം മുര്‍സി ഐഎംഎഫും ലോകബാങ്കുമായി കരാറുണ്ടാക്കി നടപ്പാക്കാനാരംഭിച്ച ചില സാമ്പത്തിക നടപടികളും പ്രതിഷേധം ശക്തമാക്കുന്നതിനിടയാക്കി. നവംബര്‍ 20ന് ഐഎംഎഫ് 480 കോടി ഡോളര്‍ മുര്‍സിയുടെ ഗവണ്‍മെന്റിന് അനുവദിച്ചതിനെ തുടര്‍ന്ന് 21ന് പാചകവാതകത്തിന് നല്‍കിയിരുന്ന സബ്സിഡി നിര്‍ത്തലാക്കി. ഡിസംബര്‍ 19ന് ഈ വായ്പ ഈജിപ്തിന് ഐഎംഎഫ് കൈമാറുകയും മറ്റൊരു 200 കോടി ഡോളര്‍ കൂടി ലോകബാങ്കില്‍നിന്ന് ലഭ്യമാക്കുകയും ചെയ്യുന്നതിന് കൂടുതല്‍ കടുത്ത സാമ്പത്തിക നടപടികള്‍ക്ക് മുര്‍സിയും ഇസ്ലാമിസ്റ്റുകളും തയ്യാറാകുമെന്നതിന്റെ സൂചനയാണ് വൈദ്യുതി, ഇന്ധനം, ഉരുക്ക്, സിമന്റ് തുടങ്ങി 50തിലേറെ സാധനങ്ങള്‍ക്ക് നികുതി വര്‍ദ്ധിപ്പിച്ചുകൊണ്ട് ഈ പ്രതിഷേധത്തിനിടയില്‍തന്നെ ഡിസംബര്‍ 10ന് രാവിലെ മുര്‍സി ഉത്തരവിറക്കിയത്. പക്ഷേ, പ്രതിഷേധം ആളിക്കത്തുന്നതുകണ്ട് മുര്‍സി അടുത്ത ദിവസം പ്രഭാതത്തിനുമുമ്പ് അതില്‍നിന്ന് പിന്തിരിഞ്ഞു. ഇത് താല്‍ക്കാലികമായ പിന്മാറ്റമാണെന്ന് ബോധ്യമുള്ള ജനത പ്രതിഷേധ പ്രക്ഷോഭത്തില്‍ ഉറച്ചുനില്‍ക്കുകയാണ്. 107-ാം നിയമം എന്ന പേരില്‍ പ്രസിഡന്റിന്റെ ഉത്തരവിലൂടെ പ്രക്ഷോഭത്തെ അടിച്ചമര്‍ത്താന്‍ സൈന്യത്തിന് അമിതാധികാരങ്ങള്‍ നല്‍കിയതാണ് (ഡിസംബര്‍ 10ന്) ഏറ്റവും ഒടുവിലത്തെ നീക്കം. പ്രതിഷേധ പ്രക്ഷോഭം അമേരിക്കയും ഇസ്രയേലും പണം നല്‍കി കെട്ടഴിച്ചുവിട്ടതാണെന്ന മുര്‍സിയുടെയും ഇസ്ലാമിസ്റ്റുകളുടെയും പ്രചരണത്തിന്റെ (കേരളത്തിലും ഇക്കൂട്ടര്‍ ഈ പ്രചരണമാണ് നടത്തുന്നത്) പൊള്ളത്തരം തുറന്നുകാട്ടുന്നതാണ് അന്താരാഷ്ട്ര സാമ്പത്തിക ഏജന്‍സികളുടെ തീട്ടൂരപ്രകാരം സ്വീകരിച്ച സാമ്പത്തിക നയങ്ങളും ഗാസയ്ക്കുമേല്‍ ഇസ്രയേല്‍ ശരവര്‍ഷംപോലെ ബോംബുകള്‍ ചൊരിഞ്ഞ് ചോരപ്പുഴ ഒഴുക്കിയപ്പോള്‍പോലും ഗാസയില്‍നിന്ന് ഈജിപ്തിലേക്കുള്ള റാഫ അതിര്‍ത്തി പലസ്തീന്‍കാര്‍ക്കായി തുറന്നുകൊടുക്കാതെ ഇസ്രയേലിന്റെയും അമേരിക്കയുടെയും മുന്നില്‍ നല്ലപിളള ചമഞ്ഞതും. ലിബിയയിലും സിറിയയിലും അമേരിക്കന്‍ സാമ്രാജ്യത്വത്തിന്റെ ഇംഗിതത്തിനൊത്ത് ചുവടുവെയ്ക്കുന്ന ഇസ്ലാമിസ്റ്റുകളുടെ സാമ്രാജ്യത്വ വിരോധത്തിന്റെ പൊള്ളത്തരം പല ആവര്‍ത്തി തുറന്നുകാട്ടപ്പെട്ടതാണ്. 2011ല്‍ മുബാറക്ക് സര്‍ക്കാരും പ്രക്ഷോഭകര്‍ക്കുനേരെ ഉയര്‍ത്തിവിട്ട ആരോപണം തന്നെയാണ് ഇപ്പോള്‍ ഇസ്ലാമിസ്റ്റുകളും ഉന്നയിക്കുന്നത്. ഭരണഘടനയെ സംബന്ധിച്ച് ജനഹിത പരിശോധനയ്ക്ക് അവസരമുള്ളതിനാല്‍ പ്രക്ഷോഭം അവസാനിപ്പിച്ച് ജനവിധി തേടാന്‍ തയ്യാറാകണമെന്ന വാദഗതിയും ഉയരുന്നുണ്ട്. എന്നാല്‍ ജനഹിത പരിശോധനയില്‍ ഇസ്ലാമിസ്റ്റ് ഭരണഘടന തിരസ്കരിക്കപ്പെട്ടാലും ഇസ്ലാമിസ്റ്റ് നിയന്ത്രണത്തിലുള്ള സൈനിക പിന്തുണയുള്ള മുര്‍സിയുടെ സ്വേഛാധിപത്യ വാഴ്ച തുടരും എന്നതിനാലാണ് ജനങ്ങള്‍ പ്രക്ഷോഭത്തില്‍ ഉറച്ചുനില്‍ക്കുന്നത്.

2011ലെ ജനാധിപത്യ പോരാട്ടത്തില്‍ ഒളിച്ചുകളി നടത്തിയ രാഷ്ട്രീയ ഇസ്ലാം നേതൃത്വം അവസരം മുതലാക്കി അധികാരം നേരിട്ട് കൈയാളിക്കൊണ്ട് ഈജിപ്തിലെ ബൂര്‍ഷ്വാസിയുടെയും അന്താരാഷ്ട്ര ബൂര്‍ഷ്വാസിയുടെയും സാമ്രാജ്യത്വത്തിന്റെയും താല്‍പര്യം സംരക്ഷിക്കുന്നതിനുള്ള അട്ടിമറിയാണ് ഈജിപ്തില്‍ നടത്തിയത്. സൈനിക നേതൃത്വത്തിന്റെ പിന്തുണയും അതിനവര്‍ക്കു ലഭിച്ചു. ഈ സഖ്യത്തിനെതിരെയാണ് ഇപ്പോള്‍ ജനങ്ങള്‍ തെരുവിലിറങ്ങിയിരിക്കുന്നത്. മതനിരപേക്ഷതയും ജനാധിപത്യവും മാത്രമല്ല ഉയര്‍ത്തപ്പെടുന്ന മുദ്രാവാക്യം; നവലിബറല്‍ നയങ്ങള്‍ക്കെതിരെകൂടിയാണ് ജനങ്ങള്‍ ഉറച്ചുനില്‍ക്കുന്നത്. എന്നാല്‍ പ്രക്ഷോഭത്തിന്റെ നേതൃത്വത്തില്‍ നവലിബറല്‍ നയങ്ങളുടെ വക്താക്കളായ വലതുപക്ഷ രാഷ്ട്രീയശക്തികളും ഉണ്ടെന്നത് പ്രക്ഷോഭത്തിന്റെ ഭാവി അവ്യക്തമാക്കുന്നു. എന്നാല്‍ ഇസ്ലാമിസ്റ്റുകളുടെ സേച്ഛാധിപത്യത്തിനെതിരെ ഈജിപ്ഷ്യന്‍ ജനതയുടെ ഈ പോരാട്ടം ജനാധിപത്യശക്തികള്‍ക്കാകെ ആവേശം പകരുന്നതുമാണ്.

*
ജി വിജയകുമാര്‍ ചിന്ത വാരിക

No comments: