Friday, December 21, 2012

മണിയും മഅ്ദനിയും മനുഷ്യരല്ലേ

പാവപ്പെട്ട രണ്ടു മത്സ്യത്തൊഴിലാളികളെ നേര്‍ക്കുനേര്‍ വെടിവച്ചുകൊന്ന കുറ്റവാളികള്‍ ക്രിസ്മസ് ആഘോഷിക്കാന്‍ പോവുകയാണ്. അതിനവര്‍ക്ക് കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ സൗകര്യം ചെയ്തുകൊടുത്തിരിക്കുന്നു. അതേസമയം, ഇടുക്കിയിലെ ഹൈറേഞ്ചില്‍ തോട്ടംതൊഴിലാളികള്‍ക്കുനേരെ നടന്ന കടുത്ത ആക്രമണങ്ങളെയും അതിനെതിരെയുണ്ടായ ചെറുത്തുനില്‍പ്പിനെയുംകുറിച്ച് ഒരു പ്രസംഗത്തില്‍ പരാമര്‍ശിച്ചതിന്റെ പേരില്‍ എം എം മണി ജാമ്യം നിഷേധിക്കപ്പെട്ട് പീരുമേട് ജയിലില്‍ തുടരുകയാണ്. പ്രത്യക്ഷത്തില്‍തന്നെ വ്യാജതെളിവുകളില്‍ കെട്ടിപ്പൊക്കിയതാണെന്ന് ബോധ്യമാകുന്ന കേസില്‍ അബ്ദുള്‍നാസര്‍ മഅ്ദനി എന്ന മനുഷ്യന്‍ അനന്തമായി തടവറയില്‍ കഴിയുന്നു- വേദനയും പീഡയും കുടിച്ചുവറ്റിക്കുന്നു. കോഴിക്കോട് ജില്ലാപഞ്ചായത്ത് മുന്‍ പ്രസിഡന്റുകൂടിയായ പി മോഹനന്‍ മാസ്റ്റര്‍ കോഴിക്കോട് ജില്ലാ ജയിലില്‍ അടയ്ക്കപ്പെട്ടത് ഏതെങ്കിലും കുറ്റകൃത്യത്തില്‍ പങ്കാളിയായതിന് തെളിവോടെ പിടിക്കപ്പെട്ടിട്ടല്ല. അദ്ദേഹത്തിന്റെ ഫോണിലേക്ക് ചെന്നു എന്നു പറയുന്ന ഏതാനും സെക്കന്‍ഡുകള്‍ ദൈര്‍ഘ്യമുള്ള ഒരു കോള്‍ മറയാക്കിയാണ് അറസ്റ്റുണ്ടായത്- ജാമ്യം നിഷേധിച്ച് പീഡിപ്പിക്കുന്നത്.

കേരളത്തിലും ഇന്ത്യയിലും ഭരണകൂടഭീകരത എങ്ങനെ പ്രവര്‍ത്തിക്കുന്നു എന്നു മനസ്സിലാക്കാന്‍ ഈ വൈരുധ്യങ്ങളിലേക്ക് കണ്ണോടിച്ചാല്‍ മതി. കോണ്‍ഗ്രസ് നേതാവ് കെ സുധാകരനെച്ചൂണ്ടി, നിരവധി കൊലക്കേസുകള്‍ക്ക് നേതൃത്വം നല്‍കിയ ആളെന്ന് കൂട്ടുപ്രതിതന്നെയാണ് പരസ്യമായി പറഞ്ഞത്. ആ വെളിപ്പെടുത്തലും അതിനോടനുബന്ധിച്ച് പുറത്തുവന്ന തെളിവുകളും അനിഷേധ്യമായി നിലനില്‍ക്കുന്നു. സുപ്രീംകോടതി ജഡ്ജിക്ക് കൈക്കൂലി കൊടുക്കുന്നതിന് ദൃക്സാക്ഷിയാണ് താനെന്ന് വെളിപ്പെടുത്തിയതും സുധാകരനാണ്. പ്രശാന്ത്ബാബു എന്ന മുന്‍ സഹായിയുടെ തുറന്നുപറച്ചിലനുസരിച്ച് സുധാകരനെതിരെ കൊലക്കേസ് ചുമത്താന്‍ തലയ്ക്ക് വെളിവുള്ള പൊലീസ് അറച്ചുനില്‍ക്കേണ്ടതില്ല. കൊല്ലപ്പെട്ടവരുടെ ബന്ധുക്കള്‍ രണ്ടുവട്ടം പരാതി നല്‍കിക്കഴിഞ്ഞു. സര്‍ക്കാര്‍ അനങ്ങുന്നില്ല. പൊതുയോഗം വിളിച്ച് പ്രഖ്യാപിച്ച് മലപ്പുറത്ത് നടത്തിയ ഇരട്ടക്കൊലപാതകക്കേസില്‍, പരസ്യാഹ്വാനം നല്‍കിയ മുസ്ലിംലീഗ് എംഎല്‍എ പ്രതിയേ ആയില്ല.

നിയമത്തിന്റെ സാങ്കേതികത്വമുന്നയിച്ചുള്ള മറുപടികളും വിശദീകരണങ്ങളും ഉണ്ടാകാം. അതെന്തായാലും ഈ കാണുന്ന വൈരുധ്യങ്ങള്‍ അനീതിയാണ്. നീതിപീഠത്തെക്കൊണ്ട് അനീതി ചെയ്യിക്കാന്‍ സര്‍ക്കാര്‍ നഗ്നമായി ഇടപെടുകയാണ്. കടല്‍ക്കൊലപാതകക്കേസില്‍ പ്രതികളായ ലൊത്തേറോ മാസിമിലാനോ, സാല്‍വത്തോറ ജിറോണ്‍ എന്നീ ഇറ്റാലിയന്‍ പട്ടാളക്കാര്‍ക്ക് സാധാരണനിലയില്‍ വിചാരണ കഴിയാതെ ജാമ്യം ലഭിക്കാന്‍ പാടില്ലാത്തതാണ്. കോഴിക്കോട്ട് ടി പി ചന്ദ്രശേഖരന്‍കേസില്‍ പ്രതിചേര്‍ത്ത ഒരാള്‍പോലും ജാമ്യത്തിലിറങ്ങാന്‍ പാടില്ലെന്ന നിര്‍ബന്ധബുദ്ധിയോടെയാണ് യുഡിഎഫ് സര്‍ക്കാര്‍ വിചാരണ അതിവേഗമാക്കിയത്. വിചാരണ കഴിഞ്ഞ് വെറുതെ വിട്ടാലും പി മോഹനന്‍ ഉള്‍പ്പെടെയുള്ള ഏതാനും സിപിഐ എം നേതാക്കളെ അതുവരെ ജയിലില്‍ കിടത്തി സംതൃപ്തിയടയാനാണത്്.

പി മോഹനും കാരായി രാജനുമെല്ലാം ജനങ്ങള്‍ക്കിടയില്‍ പൊതുപ്രവര്‍ത്തനം നടത്തുന്നവരാണ്. കേരളത്തിലെ ഏറ്റവും വലിയ ബഹുജനപ്രസ്ഥാനത്തിന്റെ മുന്നണിയിലുള്ളവരാണ്. അവര്‍ ജയിലിലായലും പുറത്തായാലും ജനങ്ങളില്‍ ചെലുത്തുന്ന സ്വാധീനത്തില്‍ ഏറ്റക്കുറച്ചിലുണ്ടാകില്ല. വിശ്വസനീയമായ തെളിവിന്റെ തുരുമ്പുപോലുമില്ലാതെ അവരെ തുറുങ്കിലടച്ച്, ജാമ്യം ലഭിക്കാനുള്ള എല്ലാ പഴുതും അടച്ചുകളഞ്ഞ അതേകൂട്ടര്‍, മത്സ്യത്തൊഴിലാളികളെ വെടിവച്ചുകൊന്ന വിദേശികളെ ക്രിസ്മസ് ആഘോഷത്തിനായി വിമാനം കയറ്റിവിടുന്നതിനെ ഏതുഭാഷയിലാണ് ന്യായീകരിക്കാനാവുക? ആറുകോടി രൂപയുടെ ബാങ്ക് ഗ്യാരന്റി കെട്ടിവയ്ക്കണമെന്നും (ഇറ്റാലിയന്‍ സര്‍ക്കാരിന് ആറുകോടിയല്ല; അറുപതുകോടിയായാലും എന്തു പ്രശ്നം) ജനുവരി പത്തിനകം തിരിച്ചെത്തണമെന്നമുള്ള ജാമ്യവ്യവസ്ഥയുണ്ട്.

എസ്എന്‍സി ലാവ്ലിന്‍ കേസില്‍ സിബിഐ അന്വേഷണം തുടങ്ങി ആറുവര്‍ഷമായിട്ടും ഇന്നുവരെ വിചാരണ ആരംഭിച്ചിട്ടില്ല. കനേഡിയന്‍ പൗരനായ ക്ലൗസ് ട്രിന്‍ഡലിനും കനേഡിയന്‍ കമ്പനിക്കും വാറന്റ് കൈമാറാന്‍പോലും ഇന്ത്യാ സര്‍ക്കാരിന്റെ അന്വേഷണ ഏജന്‍സിയായ സിബിഐക്ക് കഴിഞ്ഞിട്ടില്ല. ഫ്രഞ്ച് ചാരക്കപ്പല്‍കേസില്‍ കോടതിയുടെ അനുവാദത്തോടെ ഫ്രാന്‍സിലേക്കയച്ച പ്രതികള്‍ പിന്നെ തിരിച്ചുവന്നിട്ടില്ല. കേസിലെ ഒന്നും രണ്ടും പ്രതികളായ ഫോങ്കോയിസ് ക്ലാവലും എലല്ല ഫിലിപ്പും എവിടെപ്പോയെന്ന് സിബിഐക്ക് അറിയില്ല- പിന്നെ അന്വേഷിച്ചിട്ടുമില്ല. ഈ അനുഭവങ്ങളെല്ലാം ഉണ്ടായിരിക്കെയാണ്, ക്രിസ്മസ് ആഘോഷത്തിന്റെ പേരില്‍ രണ്ട് കൊലപാതകികളെ ഇറ്റലിയിലേക്ക് വിടുന്നത്. ഇറ്റലിയുടെ ഉറപ്പ് വിശ്വസിച്ച് ജാമ്യം നല്‍കട്ടെ എന്ന നിലപാടാണ് യുപിഎ നേതൃത്വം എടുത്തത്്.

മതപണ്ഡിതനും ശാരീരികമായി കടുത്ത അവശതയുള്ളയാളുമാണ് അബ്ദുള്‍നാസര്‍ മഅ്ദനി. അദ്ദേഹത്തെ തുറുങ്കിലടച്ചശേഷം നിരവധി ആഘോഷവേളകള്‍ കടന്നുപോയി. റമദാന്‍നിലാവ് തെളിയുകയും അസ്തമിക്കുകയും ചെയ്തു. മഅ്ദനിക്ക് പെരുന്നാളാഘോഷിക്കാനോ നോമ്പുനോല്‍ക്കാനോ ജാമ്യം വേണമെന്ന് ആരും ആവശ്യപ്പെട്ടിട്ടില്ല. ചികിത്സ കിട്ടാനും മാന്യമായ പെരുമാറ്റം ഉറപ്പിക്കാനുമുള്ള ആവശ്യങ്ങളേ ഉന്നയിച്ചിട്ടുള്ളൂ. ആ മഅ്ദനിക്കുവേണ്ടി ഇടപെടാനോ ഒരിറ്റ് കണ്ണീരുപൊഴിക്കാനോ തയ്യാറാകാത്തവരുടെ മനസ്സ് ഇറ്റലിക്കാര്‍ക്കുവേണ്ടി തപിക്കുന്നു- ക്രിസ്മസ് കേക്ക് മുറിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍തന്നെ തയ്യാറാകുന്നു.

നീതിപീഠത്തെ തെറ്റിദ്ധരിപ്പിക്കലോ ദുരുപയോഗംചെയ്യലോ ആണിത്്. കണ്‍മുന്നിലെത്തുന്ന തെളിവുകളും വസ്തുതകളുംവച്ചേ കോടതിക്ക് തീരുമാനമെടുക്കാനാകൂ. കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ കോടതിയുടെ തീര്‍പ്പുകളിലേക്കുകൂടി കുരുക്കെറിയുന്നത് നീതിന്യായവ്യവസ്ഥയെ മറികടക്കാന്‍ ഉദ്ദേശിച്ചാണ്. എം എം മണിയും മോഹനന്‍ മാസ്റ്ററുമുള്‍പ്പെടെയുള്ള സിപിഐ എം നേതാക്കളും അബ്ദുള്‍നാസര്‍ മഅ്ദനിയും അന്യായമായി തുറുങ്കിലടയ്ക്കപ്പെടാന്‍ ഒത്താശചെയ്തവരുടെ ഇറ്റാലിയന്‍സ്നേഹം ചോദ്യംചെയ്യപ്പെടണം.

ശിക്ഷിക്കപ്പെട്ട് തടവില്‍ കഴിയുന്ന അവശരും വൃദ്ധരും രോഗികളുമായവര്‍ക്ക് ന്യായമായ ആവശ്യങ്ങള്‍ക്കുപോലും പരോള്‍ നിഷേധിക്കുന്നു. ആ അനുഭവമുള്ള നാട്ടിലാണ്, കൈയോടെ പിടിക്കപ്പെട്ട രണ്ട് വിദേശി ക്രിമിനലുകളെ അല്ലലുമാശങ്കയുമില്ലാതെ ആഘോഷച്ചടങ്ങിലേക്ക് പറത്തിവിടുന്നത്. കൊലപാതകം കറുത്തതൊലിയുള്ളയാള്‍ നടത്തിയാലും വെളുത്തയാള്‍ നടത്തിയാലും ഒരേകുറ്റംതന്നെ. മഅ്ദനി ആരെയും കൊന്നതായി തെളിവില്ല- ഇറ്റലിക്കാര്‍ കൊന്നതിന് തെളിവുണ്ട്. ഇറ്റലിക്കാര്‍ കൊന്നുതള്ളിയ രണ്ടു പാവങ്ങളുടെ ആശ്രിതര്‍ക്ക് ക്രിസ്മസ് കണ്ണീരിന്റേതാണ്. അവരോടില്ലാത്ത മമത കൊലപാതകികളോടുണ്ടാകുന്നത് നീതിന്യായവ്യവസ്ഥയെ അവഹേളിക്കലാണ്; ദുരുപയോഗിക്കലാണ്. മഅ്ദനിക്ക് ചികിത്സ ഉറപ്പാക്കണമെന്നാണ് പ്രധാനമന്ത്രി കഴിഞ്ഞദിവസം പറഞ്ഞത്- ആ മനുഷ്യനെ കൊടുംപീഡനത്തില്‍നിന്ന് മോചിപ്പിക്കണമെന്ന് ആവശ്യപ്പെടാനുള്ള സൗമനസ്യം കോണ്‍ഗ്രസിനില്ല. എം എം മണിക്ക് ജാമ്യം ലഭിക്കുന്നതിനെ കോടതിയില്‍ച്ചെന്ന് പേര്‍ത്തും പേര്‍ത്തും എതിര്‍ക്കുന്നത് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ പൊലീസാണ്. മോഹനന്‍ മാസ്റ്റര്‍ ഇറങ്ങാനേ പാടില്ല എന്നുറപ്പിക്കാനാണ് പൊലീസ് വെപ്രാളപ്പെടുന്നത്. പി ജയരാജന്റെയും ടി വി രാജേഷിന്റെയും കാര്യത്തില്‍ അതേദുഷ്ടബുദ്ധിയായിരുന്നു പ്രയോഗിച്ചത്. അപകടകരമായ ഇരട്ടത്താപ്പാണിത്. മണിക്കും മഅ്ദനിക്കുമില്ലാത്ത അവകാശം കൊലപാതകികളായ വിദേശികള്‍ക്ക് എങ്ങനെ ഉണ്ടാകുന്നു എന്ന് കോണ്‍ഗ്രസും ആ പാര്‍ടിയെ പിന്തുണയ്ക്കുന്നവരും വിശദീകരിക്കേണ്ടിവരും- ജനങ്ങള്‍ക്കുമുന്നില്‍.

*
പി എം മനോജ് ദേശാഭിമാനി 21 ഡിസംബര്‍ 2012

No comments: