Thursday, December 20, 2012

ബാങ്കുകളും വില്‍പ്പനയ്ക്ക്

ഡിസംബര്‍ 20ലെ പണിമുടക്കിനു മുന്നോടിയായി തിരുവനന്തപുരം ഐ.ഒ.ബിക്ക് മുന്‍പില്‍ നടന്ന പ്രതിഷേധ കൂട്ടായ്മ
ബാങ്കിങ് നിയമഭേദഗതി ബില്‍ (2011) ലോക്സഭ പാസാക്കിയതിനെക്കുറിച്ച് പ്രമുഖ വലതുപക്ഷപത്രം ഇങ്ങനെ എഴുതുന്നു: ""ഒന്നാം യുപിഎ സര്‍ക്കാറിന്റെ കാലത്ത് ഇടതുപക്ഷത്തിന്റെ ശക്തമായ എതിര്‍പ്പിനെത്തുടര്‍ന്ന് മാറ്റിവെക്കപ്പെട്ട ബില്ലാണ് ചൊവ്വാഴ്ച ലോക്സഭ പാസാക്കിയ ബാങ്കിങ് നിയന്ത്രണ ഭേദഗതി ബില്‍. ഇന്‍ഷുറന്‍സ്, പെന്‍ഷന്‍ ബില്ലുകളാണ് ബാക്കിയുള്ള രണ്ടെണ്ണം. ചൊവ്വാഴ്ച ഇടതുപക്ഷത്തിന്റെ ശക്തമായ എതിര്‍പ്പ് സര്‍ക്കാറിന് നേരിടേണ്ടിവന്നെങ്കിലും ബിജെപിയെയും സമാജ്വാദി, ബിഎസ്പി പാര്‍ട്ടികളെയും കൂട്ടുപിടിച്ച് സര്‍ക്കാര്‍ ബില്‍ പാസാക്കുകയായിരുന്നു."" ഇന്ത്യയുടെ ബാങ്കിങ് മേഖലയെ തകര്‍ക്കുന്നതും പൊതു-സ്വകാര്യ മേഖലാ ബാങ്കുകളുടെ നിയന്ത്രണം വിദേശകുത്തകകള്‍ക്ക് അടിറവയ്ക്കുന്നതുമാണ് യുപിഎ സര്‍ക്കാര്‍ പാസാക്കിയെടുത്ത ഭേദഗതി നിയമം. നവലിബറല്‍ നയങ്ങളോട് പ്രതിബദ്ധതയുള്ള ബൂര്‍ഷ്വാ കക്ഷികള്‍ ഭേദഗതി നിയമത്തെ ഒളിഞ്ഞും തെളിഞ്ഞും അനുകൂലിച്ചപ്പോള്‍ പൊരുതി നിന്നത് ഇടതുപക്ഷമാണ്. പൊതുമേഖലാ ബാങ്കുകളെ സംരക്ഷിക്കാനും ബാങ്കിങ് സേവനങ്ങള്‍ സാധാരണജനങ്ങള്‍ക്ക് നിഷേധിക്കപ്പെടാതിരിക്കാനുമായി ഇടതുപക്ഷം കൊണ്ടുവന്ന ഭേദഗതികള്‍ വോട്ടിനിട്ട് തള്ളുകയായിരുന്നു.

ഇടതുപക്ഷത്തിന് സര്‍ക്കാരിന്റെ നിലനില്‍പ്പില്‍ നിര്‍ണായക പ്രാധാന്യമുണ്ടായിരുന്നപ്പോള്‍ എടുക്കാന്‍ കഴിയാതിരുന്ന ജനവിരുദ്ധ നടപടികളും നിയമനിര്‍മാണവും ഇന്ന് യുപിഎ സുഗമമായി നടത്തിയെടുക്കുന്നു. പുതിയ ബാങ്ക് ലൈസന്‍സിങ് നയം അതിന്റെ കേവലമായ അര്‍ഥത്തില്‍തന്നെ, കോണ്‍ഗ്രസിന്റെ മുന്‍ നയങ്ങളുടെ തിരസ്കാരമാണ്. 1969ല്‍ ഇന്ദിരഗാന്ധി പ്രധാനമന്ത്രിയായിരിക്കെ, വ്യവസായ കുടുംബങ്ങളില്‍നിന്നേറ്റെടുത്ത് പൊതുമേഖലയില്‍ കൊണ്ടുവന്ന ബാങ്കുകളെ വീണ്ടും സ്വകാര്യചൂതാട്ടക്കാര്‍ക്ക് എറിഞ്ഞുകൊടുക്കുന്നതാണത്. പുതിയ നയത്തിലൂടെ, വ്യവസായ കുടുംബങ്ങള്‍ക്കും ബാങ്കിതര ധനസ്ഥാപനങ്ങള്‍ക്കും ബാങ്ക് തുടങ്ങാന്‍ അനുമതി ലഭിക്കുന്നു. സാമൂഹ്യലക്ഷ്യങ്ങള്‍ നിറവേറ്റുന്നതില്‍ പരാജയപ്പെട്ട സ്വകാര്യ ബാങ്കുകളെയാണ് ദേശസാല്‍ക്കരിച്ചത്. ഇനി സമൂഹത്തോട് പ്രതിബദ്ധത വേണ്ടതില്ലെന്ന് യുപിഎ സര്‍ക്കാര്‍ കാണുന്നു- പകരം ലാഭത്തോടുമതി സ്നേഹം.

ബാങ്കിങ് നിയമ (ഭേദഗതി) ത്തിലൂടെ പൊതുമേഖലാ ബാങ്കുകളില്‍ സ്വകാര്യ ഓഹരിയുടമകള്‍ക്കുണ്ടായിരുന്ന വോട്ടിങ് നിയന്ത്രണം എടുത്തുകളയുകയാണ്. ഇനി അവര്‍ക്ക് ഓഹരിക്കാനുപാതികമായി വോട്ടവകാശം (പത്തുശതമാനംവരെ) ലഭിക്കും. 49 ശതമാനംവരെ സ്വകാര്യ ഓഹരി അനുവദിച്ച പൊതുമേഖലാ ബാങ്കുകളുടെ പൂര്‍ണ നിയന്ത്രണം സ്വകാര്യമേഖലയ്ക്ക് ലഭിക്കാന്‍ പോകുന്നുവെന്നര്‍ഥം. ഇപ്പോള്‍ത്തന്നെ പത്ത് സര്‍ക്കാര്‍ ബാങ്കില്‍ വിദേശികള്‍ക്ക് ഗണ്യമായ സ്വാധീനം ലഭിച്ചിട്ടുണ്ട്. എട്ടെണ്ണത്തില്‍ അത് 11 ശതമാനത്തിനു മുകളിലാണ്. ഇന്ത്യന്‍ ബാങ്കിലും എസ്ബിഐയിലും യഥാക്രമം 9.03 ശതമാനവും 8.7 ശതമാനവുമാണ് വിദേശനിക്ഷേപം. ഇങ്ങനെ ഓഹരിയെടുത്തവര്‍ക്ക് ഇനി ബാങ്ക് ഭരണത്തില്‍ നേരിട്ടിടപെടാനും നിയന്ത്രിക്കാനും കഴിയും. സ്വകാര്യ ബാങ്കുകളില്‍ 74 ശതമാനംവരെ വിദേശ ഓഹരികളാകാമെങ്കിലും വോട്ടവകാശം പത്തുശതമാനമേ ഉണ്ടായിരുന്നുള്ളൂ. ഇനിയത് 26 ശതമാനമാണ്. സ്വകാര്യ ബാങ്കുകളാകെ വിദേശനിയന്ത്രിതമാകുമെന്നര്‍ഥം.

എല്ലാ അര്‍ഥത്തിലും രാജ്യത്തിന്റെ ബാങ്കിങ് മേഖലയെ രാജ്യതാല്‍പ്പര്യത്തിനുവിരുദ്ധമായ ദിശയിലേക്കാണ് യുപിഎ സര്‍ക്കാര്‍ നയിക്കുന്നത്. നിലവില്‍ ഈ രംഗത്ത് ഗുരുതരമായ സ്ഥിതിയുണ്ട്. അത് കൂടുതല്‍ വഷളാക്കാനാണ് നിയമനിര്‍മാണം. ലക്ഷക്കണക്കിന് ഒഴിവാണ് ബാങ്കിങ് മേഖലയിലുള്ളത്. വരുന്ന അഞ്ചുവര്‍ഷത്തിനുള്ളില്‍ 5-7 ലക്ഷം ജീവനക്കാരെ പുതുതായി നിയമിക്കേണ്ടിവരും എന്നതാണ് ഡോ. എ കെ ഖണ്ഡേല്‍വാള്‍ കമ്മിറ്റി പറയുന്നത്. സുതാര്യമായ നിയമനം നടത്തുന്നതിന് കുറ്റമറ്റ കേന്ദ്രീകൃത ഏജന്‍സിയില്ല. ബാങ്കിങ് സര്‍വീസ് റിക്രൂട്ട്മെന്റ് ബോര്‍ഡ് 2001ല്‍ പിരിച്ചുവിട്ടതിനുശേഷം സ്വകാര്യ ഏജന്‍സികളാണ് ബാങ്ക് നിയമനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്. ഇത് ഉദ്യോഗാര്‍ഥികളുടെയും ബാങ്കുകളുടെയും താല്‍പ്പര്യങ്ങളെ പ്രതികൂലമായി ബാധിക്കുന്നു

നിയമനങ്ങള്‍ മുറയ്ക്ക് നടത്താത്തിന്റെ മറപിടിച്ച് ദിവസക്കൂലിക്കാരെയും പുറംപണിക്കാരെയും ശാഖകളില്‍ വ്യാപകമായി ഉപയോഗിക്കുന്നു. അക്കൗണ്ടുകളുടെ സ്വകാര്യതയും സുരക്ഷിതത്വവും ഇതുവഴി അപകടത്തിലാണ്. തൊഴിലില്ലായ്മ ചൂഷണംചെയ്ത് നടപ്പാക്കുന്ന ഔട്ട്സോഴ്സിങ് അഭ്യസ്തവിദ്യരുടെ തൊഴിലവസരങ്ങള്‍ക്ക് ഭീഷണി സൃഷ്ടിക്കുന്നു. ദരിദ്ര ഗ്രാമീണജനങ്ങളുടെ വായ്പാ ആവശ്യങ്ങള്‍ മൈക്രോഫിനാന്‍സ് സ്ഥാപനങ്ങള്‍ക്ക് വിട്ടുകൊടുക്കുക്കുകയാണ്. 2008ലെ ആഗോള ബാങ്കിങ് തകര്‍ച്ചയില്‍നിന്ന് പാഠം ഉള്‍ക്കൊള്ളാത്ത, പരിപൂര്‍ണമായും നാടനും മറുനാടനുമായ സ്വകാര്യ മൂലധനതാല്‍പ്പര്യങ്ങള്‍ക്ക് വഴങ്ങിക്കൊടുക്കുന്ന നയങ്ങളാണ് കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കുന്നത്. അതിന്റെ ഏറ്റവുമൊടുവിലത്തെ ചുവടുവയ്പാണ് ലോക്സഭയില്‍ പാസാക്കിയെടുത്ത ബാങ്കിങ് ഭേദഗതി നിയമം. മറ്റുവഴികളൊന്നുമില്ലാതെ പ്രക്ഷോഭത്തിലേക്ക് നീങ്ങാന്‍ ബാങ്ക് ജീവനക്കാരെ നിര്‍ബദ്ധരാക്കുന്ന സാഹചര്യമാണിത്. യുപിഎ സര്‍ക്കാരിനോട് അനുഭാവമുള്ള ഐഎന്‍ടിയുസിയും ബിഎംഎസും അടക്കമുള്ള ദേശീയ ട്രേഡ്യൂണിയനുകളുടെ ഐക്യവേദി ആ സമരത്തിന് പരിപൂര്‍ണ പിന്തുണ പ്രഖ്യാപിച്ചിരിക്കുന്നു. വ്യാഴാഴ്ചത്തെ പണിമുടക്കും തുടര്‍പ്രക്ഷോഭവും വിജയിപ്പിക്കാനുള്ള കടമ, ബാങ്ക് ജീവനക്കാരുടേതുമാത്രമല്ല, ഈ നാടിനെ സ്നേഹിക്കുകയും ജനങ്ങളുടെ ജീവിതത്തെക്കുറിച്ച് ആകുലപ്പെടുകയും ചെയ്യുന്ന എല്ലാവരുടേതുമാണ്. ഇനിയും "കടുത്ത നടപടികള്‍" ഉണ്ടാകുമെന്ന് മുറയ്ക്കു പറയുന്ന ഭരണാധികാരികള്‍ക്ക് കടുത്ത ശിക്ഷ നല്‍കാന്‍ ജനങ്ങളുടെ യോജിച്ച മുന്നേറ്റത്തിലൂടെയേ സാധ്യമാകൂ.

*
ദേശാഭിമാനി മുഖപ്രസംഗം 20 ഡിസംബര്‍ 2012

No comments: