സിത്താര്‍ തന്ത്രികളില്‍ മാന്ത്രികത തീര്‍ത്ത് സംഗീതലോകം കീഴടക്കിയ പണ്ഡിറ്റ് രവിശങ്കര്‍ ഓര്‍മയായി. 92 വയസ്സായിരുന്നു. വാര്‍ധക്യസഹജമായ അസുഖത്തെത്തുടര്‍ന്ന് കലിഫോര്‍ണിയയിലെ സാന്‍ഡീഗോയിലുള്ള സ്ക്രിപ്സ് മെമ്മോറിയല്‍ ആശുപത്രിയില്‍ ബുധനാഴ്ച രാവിലെയാണ് അന്ത്യം.
രാജ്യം ഭാരതരത്നം നല്‍കി ആദരിച്ച രവിശങ്കര്‍ ഇന്ത്യന്‍ ക്ലാസിക്കല്‍ സംഗീതത്തെ പാശ്ചാത്യലോകത്ത് പ്രചരിപ്പിച്ചതില്‍ സമാനതകളില്ലാത്ത പങ്കുവഹിച്ചു. 1920 ഏപ്രില്‍ 7ന് ബനാറസില്‍ ബംഗാളി ബ്രാഹ്മണ കുടുംബത്തില്‍ ജനം. വക്കീലായിരുന്ന ശ്യാംശങ്കറിന്റെയും ഹേമാംഗിനി ദേവിയുടെയും മകനായി ജനിച്ചു. പൂര്‍ണപേര് രവീന്ദ്ര ശങ്കര്‍ ചൗധരി. സഹോദരനും പ്രസിദ്ധ ക്ലാസിക്കല്‍ നര്‍ത്തകനുമായിരുന്ന ഉദയ് ശങ്കറിന്റെ നൃത്തസംഘത്തില്‍ പത്താംവയസ്സില്‍ അംഗമായി പാരീസിലടക്കം നൃത്ത പരിപാടികളില്‍ പങ്കെടുത്തു. 1938ല്‍ അലാവുദീന്‍ ഖാന്റെ കീഴില്‍ സിതാര്‍ പഠനം ആരംഭിച്ചു. 1939ലായിരുന്നു ആദ്യകച്ചേരി. ഇടതുപക്ഷ കലാ സാംസ്കാരിക സംഘടനയായ ഇന്ത്യന്‍ പീപ്പിള്‍സ് തിയറ്റര്‍ അസോസിയേഷനില്‍ (ഇപ്റ്റ) അംഗമായ രവിശങ്കര്‍ 25-ാം വയസ്സില്‍ "സാരെ ജഹാം സെ അഛാ" റീകമ്പോസ് ചെയ്ത് അവതരിപ്പിച്ചു. 1949 മുതല്‍ 1956 വരെ ഓള്‍ ഇന്ത്യ റേഡിയോയുടെ മ്യൂസിക് ഡയറക്ടറായിരുന്നു.
പഥേര്‍ പാഞ്ചാലിയടക്കമുള്ള സത്യജിത് റേ സിനിമകള്‍ക്ക് സംഗീതവും നല്‍കി. ബീറ്റില്‍സ് എന്ന സംഗീത ട്രൂപ്പിനൊപ്പം പ്രവര്‍ത്തിച്ച രവിശങ്കര്‍ വിവിധ രാജ്യങ്ങളില്‍ പരിപാടി അവതരിപ്പിച്ച് ശ്രദ്ധേയനായി. കച്ചേരികളിലൂടെയും സംഗീതം പഠിപ്പിച്ചും 60കളില്‍ ഇന്ത്യന്‍ ക്ലാസിക്കല്‍ സംഗീതത്തെ യൂറോപ്പിലും അമേരിക്കയിലും പ്രസിദ്ധമാക്കി. വയലിനിസ്റ്റായിരുന്ന യെഹുദി മെനുഹിനും ജോര്‍ജ് ഹാരിസണിനുമൊപ്പം പ്രവര്‍ത്തിച്ചു. 70 കളില്‍ സംഗീതവുമായി ലോകപര്യടനത്തിന്റെ തിരക്കിലായിരുന്നു രവിശങ്കര്‍. വിദേശ സിനിമകള്‍ക്കു വേണ്ടി സംഗീത സംവിധാനം നിര്‍വഹിച്ച ആദ്യ ഇന്ത്യക്കാരന്‍കൂടിയാണ് രവിശങ്കള്‍.
അമേരിക്കന്‍ അക്കാദമി ഓഫ് ആര്‍ട്സ് ആന്റ് ലെറ്റേഴ്സിന്റെ ഓണററി മെമ്പറും ഐക്യരാഷ്ട്രസഭയുടെ ഇന്റര്‍നാഷണല്‍ റോസ്ട്രം ഓഫ് കംപോസേഴ്സിലും അംഗമായിരുന്നു. 1986 മുതല്‍ 92 വരെ രാജ്യസഭാംഗമായിരുന്നു. ഭാരതരത്നം നല്‍കി 1999ല്‍ രാജ്യം അദ്ദേഹത്തെ ആദരിച്ചു. 1962ല്‍ സംഗീത നാടക അക്കാദമി പുരസ്കാരവും 1975ല്‍ ഫെലോഷിപ്പും ലഭിച്ചു. 1967ല്‍ പത്മഭൂഷണ്‍, 1981ല്‍ പത്മവിഭൂഷണ്‍ എന്നിവയും സമ്മാനിച്ചു. 1991ല്‍ ഫുകോക്ക ഏഷ്യന്‍ കള്‍ച്ചറല്‍ അവാര്‍ഡ്, 1992ല്‍ മാഗ്സസെ പുരസ്കാരം, 1975ല്‍ മ്യൂസിക് കൗണ്‍സില്‍ യുനെസ്കോ അവാര്‍ഡ്, മൂന്ന് ഗ്രാമി അവാര്‍ഡുകള്‍, പോളാര്‍ മ്യൂസിക് പ്രൈസ്, ദാവോസിലെ ക്രിസ്റ്റല്‍ അവാര്‍ഡ്, ദേശികോത്തം ബഹുമതി എന്നിവ അദ്ദേഹത്തെ തേടിയെത്തി. രാജ്യത്തിനകത്തും പുറത്തുമുള്ള സര്‍വകലാശാലകളില്‍ നിന്ന് 14 ഡോക്ടറേറ്റ് ലഭിച്ചു. 2013ലെ ഗ്രാമി അവാര്‍ഡിന് അദ്ദേഹം മകള്‍ അനുഷ്കയ്ക്കൊപ്പം നോമിനേറ്റ് ചെയ്യപ്പെട്ടിട്ടുണ്ട്.
ഗുരു അലാവുദീന്‍ ഖാന്റെ മകളായ അന്നപൂര്‍ണദേവിയെ 1941ല്‍ വിവാഹംചെയ്തു. ഇതില്‍ ശുഭേന്ദ്ര ശങ്കര്‍ എന്ന മകനുണ്ട.് അദ്ദേഹം 1992ല്‍ മരിച്ചു. പിന്നീട് കമലാ ശാസ്ത്രി എന്ന നര്‍ത്തകിയുമൊത്ത് ജീവിച്ചു. അമേരിക്കക്കാരിയായ സ്യൂ ജോണ്‍സുമായുള്ള ബന്ധത്തില്‍ നോറ ജോണ്‍സ് എന്ന മകളുണ്ട്. 1989ല്‍ സുകന്യാ രാജനെ വിവാഹംചെയ്തു. ഈ ദാമ്പത്യത്തില്‍ അനുഷ്ക ശങ്കര്‍ എന്ന മകളുണ്ട്. മൈ മ്യൂസിക് മൈ ലൈഫ് എന്ന ആത്മകഥ 1969ല്‍ പുറത്തിറക്കി.
സംഗീത ഹിമവാന്‍
ഹിന്ദുസ്ഥാനി ശാസ്ത്രീയ സംഗീതം പാശ്ചാത്യര്‍ക്ക് പരിചയപ്പെടുത്താന്‍ പാകത്തില്‍ പണ്ഡിറ്റ്ജി നടത്തിയ അവതരണശൈലിയിലെ പരിഷ്കാരങ്ങള്‍ ആദ്യം പലരുടെയും നെറ്റി ചുളിപ്പിച്ചു. എന്നാല്‍, ഇന്ത്യന്‍ ശാസ്ത്രീയ സംഗീതം ആസ്വദിക്കുന്ന വലിയൊരു സദസ്സിനെ വിദേശരാജ്യങ്ങളില്‍ വളര്‍ത്തിയെടുക്കാന്‍ രവിശങ്കറിന്റെ നേതൃത്വത്തില്‍ കൊണ്ടുവന്ന ഘടനാപരമായ ചില നീക്കുപോക്കുകള്‍ നിര്‍ണായകമായ പങ്കു വഹിച്ചു എന്നത് ചരിത്രം. എന്തായിരുന്നു പണ്ഡിറ്റ്ജി കൊണ്ടുവന്ന മുഖ്യമായ മാറ്റങ്ങള്‍? സാധാരണഗതിയില്‍ ശാസ്ത്രീയസംഗീതക്കച്ചേരികളില്‍ സുദീര്‍ഘമായ രാഗാലാപനത്തിനുശേഷമാണ് "കൃതി"യിലേക്ക് പ്രവേശിക്കുന്നത്. കര്‍ണാടക സംഗീതക്കച്ചേരിയില്‍ തുടക്കത്തില്‍ ആലപിക്കുന്ന "വര്‍ണം" വളരെ ഹ്രസ്വമായ രാഗാലാപനത്തോടെയോ അഥവാ രാഗാലാപനം കൂടാതെ തന്നെയോ ആണ് ആരംഭിക്കുന്നതെങ്കിലും പിന്നീട് മുഖ്യ ഇനങ്ങളിലേക്ക് പ്രവേശിക്കുമ്പോള്‍ അതിവിശാലമായാണ് രാഗഭാവങ്ങള്‍ സൂക്ഷ്മമായി അപഗ്രഥിക്കുന്ന രാഗവിസ്താരം നടത്തുന്നത്. ശാസ്ത്രീയസംഗീതം ആസ്വദിച്ചുതുടങ്ങുന്ന പുതുക്കക്കാര്‍ക്ക് ഇത് വലിയ വെല്ലുവിളിയാവും എന്ന് രവിശങ്കര്‍ മനസിലാക്കി. യഥാര്‍ഥത്തില്‍ അമേരിക്കയില്‍ സിത്താര്‍ കച്ചേരി നടത്താന്‍ തനിക്ക് ലഭിച്ച ക്ഷണം കുടുംബപ്രശ്നങ്ങള്‍ കാരണം ഏറ്റെടുക്കാന്‍ അസൗകര്യമുണ്ടായിരുന്നതു നിമിത്തം കൂട്ടുകാരനും, അളിയനും സ്വന്തം ഗുരു അല്ലാവുദീന്‍ ഖാനിന്റെ മകനുമായ അലി അക്ബര്‍ ഖാനെ പകരം ക്ഷണിക്കാന്‍ രവിജി തന്നെ നിര്‍ദേശിക്കുകയായിരുന്നു.
അലി അക്ബറിന്റെ സരോദ് കച്ചേരിക്ക് അമേരിക്കയില്‍ നല്ല സ്വീകരണമായിരുന്നു ലഭിച്ചത്. അതുകൂടി കണക്കിലെടുത്താണ്, അവര്‍ക്ക് കൂടുതല്‍ സ്വീകാര്യമാക്കുവാന്‍ സഹായകമായ അവതരണസംബന്ധിയായ ചില ക്രമീകരണങ്ങള്‍ പണ്ഡിറ്റ് രവിശങ്കര്‍ പ്രയോഗിച്ചത്. അതിന്റെ സാരാംശം ഇത്രമാത്രം. രാഗാലാപനങ്ങള്‍ പരമാവധി ഒതുക്കത്തില്‍ അവതരിപ്പിക്കുക; അതിവിസ്താരം ഒഴിവാക്കുക. ദ്രുത്, അതിദ്രുത് ഭാഗങ്ങള്‍ക്ക് കൂടുതല്‍ ഊന്നല്‍ നല്‍കി നവ ആസ്വാദകരെ ഇളക്കിമറിക്കുക, രാഗം, താളം ഇവ സംബന്ധിച്ച് ചെറുവിവരണം അച്ചടിച്ചും ആമുഖ ഭാഷണത്തിലും നല്‍കുക, കര്‍ണാടക കച്ചേരികളിലെ താളവാദ്യക്കാരുടെ തനിയാവര്‍ത്തനംപോലെ തബലയ്ക്ക് മികവ് പ്രകടിപ്പിക്കാന്‍ പ്രത്യേകം അവസരം നല്‍കുക തുടങ്ങിയവയാണ് പണ്ഡിറ്റ് രവിശങ്കര്‍ കൊണ്ടുവന്ന കൂട്ടിച്ചേര്‍ക്കലുകളും മാറ്റങ്ങളും. ഇന്ത്യന്‍ സംഗീതത്തിന്റെ മഹത്വത്തിലും മികവിലും ഉറച്ചുവിശ്വസിക്കുകയും അതിന്റെ ആഴവും പരപ്പും അല്ലാവുദീന്‍ ഖാന്‍ സാഹിബിനെപ്പോലെ ഒരു മഹാഗുരുവില്‍നിന്ന് സ്വായത്തമാക്കുകയും ചെയ്തതിനുശേഷമാണ് സംഗീതലോകത്ത് സാഹസികമെന്നു പറയാവുന്ന പരീക്ഷണങ്ങള്‍ക്ക് പണ്ഡിറ്റ് രവിശങ്കര്‍ ഉദ്യമിച്ചത്. ലോകം ആദരിക്കുന്ന മഹാനായ പണ്ഡിറ്റ് രവിശങ്കര്‍ രൂപപ്പെട്ടതിന്റെയും, രൂപപ്പെടുത്തപ്പെട്ടതിന്റെയും പിന്നിലുള്ള തീവ്രമായ ത്യാഗങ്ങളും കടുത്ത പരീക്ഷണങ്ങളും മറന്നുകൂടാ. അദ്ദേഹംതന്നെ ആദരം തുടിക്കുന്ന മുഖഭാവത്തില്‍, കര്‍ക്കശക്കാരനായ ഗുരുവിന്റെ ക്രൂരമെന്നു തെറ്റിദ്ധരിച്ചുപോകാവുന്ന ശിക്ഷണരീതികളെപ്പറ്റി വികാരവായ്പോടെ സംസാരിച്ചത് ഓര്‍ത്തുപോകുന്നു.
രവിശങ്കറിന്റെ സഹോദരന്‍ ലോകപ്രശസ്ത നര്‍ത്തകന്‍ ഉദയശങ്കറിന്റെ നൃത്തസംഘത്തിന്റെ സംഗീതസംവിധാനച്ചുമതലയുടെ ഭാഗമായി യൂറോപ്യന്‍ പര്യടനത്തിലായിരുന്നപ്പോഴാണ് ഉസ്താദ് അല്ലാവുദീന്‍ ഖാന്‍ കൊച്ചു രവിയുടെ സംഗീത താല്‍പ്പര്യം മനസിലാക്കുന്നത്. നൃത്തനാടകത്തില്‍ ചെറിയ വേഷങ്ങളില്‍ നൃത്തംചെയ്യുമായിരുന്ന രവിയെ പര്യടനത്തിനിടയില്‍ ഹിന്ദുസ്ഥാനി ഉപകരണസംഗീതം പഠിപ്പിക്കാന്‍ ഉസ്താദ് തയ്യാറായി. എന്നാല്‍, ഗൗരവമായി പഠിക്കണമെങ്കില്‍ തന്റെയൊപ്പം ഗുരുകുലരീതിയില്‍ മെയ്ഹറിലെ വീട്ടില്‍ താമസിച്ചു പഠിക്കണം എന്ന് നിഷ്കര്‍ഷിച്ചു. കൂടെ പഠിക്കാന്‍ ഗുരുവിന്റെ മക്കളായ അലി അക്ബര്‍ ഖാനും അന്നപൂര്‍ണയും ഉണ്ടായിരുന്നു. ഗുരു കഠിനമായി ശകാരിക്കുകയും ശിക്ഷിക്കുകയും ചെയ്യുന്ന പ്രകൃതക്കാരന്‍. ഒരിക്കല്‍ യുവാവായ രവിശങ്കര്‍ പഠിപ്പിച്ചപോലെ ഒരു രാഗഭാവം ആവിഷ്കരിക്കുന്നതില്‍ ചെറിയ പിശകുവരുത്തി. ""നിന്റെ ഈ വിരല്‍ സിത്താര്‍ വായിക്കാന്‍ കൊള്ളില്ല; അടുക്കളയില്‍ വെണ്ടയ്ക്ക അരിയാനേ പറ്റൂ"" എന്നു പറഞ്ഞ് ഗുരു കുറ്റപ്പെടുത്തി. കൊച്ചു രവി തകര്‍ന്നുപോയി. ഇനി ഇവിടെ പഠിക്കാന്‍ നിന്നിട്ടു കാര്യമില്ല, നാടുവിട്ട് പൊയ്ക്കളയാം എന്ന് തീരുമാനിച്ച് ഗുരുകുലത്തില്‍നിന്ന് ഒളിച്ചോടി. കുറെക്കഴിഞ്ഞ് ശിഷ്യനെ കാണാനില്ല എന്ന വിവരമറിഞ്ഞ് ഖാന്‍ സാഹിബ് ആളുകളെ പറഞ്ഞുവിട്ട് രവിയെ കണ്ടുപിടിച്ച് തിരിച്ചുകൊണ്ടുവരികയും ആശ്വസിപ്പിക്കുകയുംചെയ്തു. ഇരുവരും കൂടുതല്‍ അര്‍പ്പണബുദ്ധിയോടെ പഠിക്കുകയും പഠിപ്പിക്കുകയുംചെയ്തു. ഒടുവില്‍ ഗുരുവില്‍നിന്ന് സംഗീതംമാത്രമല്ല, സംഗീതവിദുഷിയായി വളര്‍ന്ന സുന്ദരിയായ പുത്രി അന്നപൂര്‍ണയെയും രവിശങ്കര്‍ സ്വന്തമാക്കി. ആ വിവാഹബന്ധം അധികനാള്‍ നീണ്ടുനിന്നില്ല എന്നത് മറ്റൊരു ചരിത്രം.
പണ്ഡിറ്റ്ജി രാജ്യസഭാംഗമായിരുന്നപ്പോള്‍ അദ്ദേഹവുമായി കൂടുതല്‍ അടുത്ത് ഇടപഴകാന്‍ അവസരം കിട്ടി. അദ്ദേഹത്തിന്റെ വീട്ടില്‍ കുടുംബത്തോടെ ചെല്ലുമ്പോള്‍ കൊച്ചുകുട്ടിയായിരുന്ന അനുഷ്കയും അപ്പുവും പുറത്ത് പുല്‍ത്തകിടിയില്‍ കളിക്കാന്‍ കൂടിയിരുന്നത് ഓര്‍ക്കുന്നു. അമേരിക്കയില്‍ സാന്‍ഡീഗോയിലെ കൊട്ടാരസദൃശമായ അദ്ദേഹത്തിന്റെ വീട്ടില്‍ വിഭവസമൃദ്ധമായ ഉച്ചഭക്ഷണം കഴിച്ചത് മുമ്പു നല്‍കിയ ഒരു വാഗ്ദാനത്തിന്റെ നിറവേറ്റലായിരുന്നു. തിരുവനന്തപുരത്ത് "മാനവീയ"ത്തിന്റെ ഭാഗമായി പരിപാടി അവതരിപ്പിക്കാന്‍ വന്നപ്പോള്‍ ബെറ്റിയുടെ വക ഉച്ചയൂണ് മീന്‍കറി കൂട്ടി കഴിച്ചപ്പോള്‍ ഏര്‍പ്പെട്ട പരസ്പര ധാരണയായിരുന്നു സുകന്യയുടെ പാചകശേഷി അറിയുവാന്‍ ഒരുനാള്‍ ചെല്ലണം എന്നത്. 1991ല്‍ കലാമണ്ഡലത്തില്‍ ഒറ്റ രൂപപോലും പ്രതിഫലം വാങ്ങാതെയാണ് അദ്ദേഹം സിത്താര്‍ കച്ചേരി അവതരിപ്പിക്കാന്‍ വന്നത്. "മാനവീയ"ത്തിനെത്തിയപ്പോഴാകട്ടെ, സ്വന്തമായി ചില്ലിത്തുട്ടും ആവശ്യമില്ല; എന്നാല്‍, സംഗീത വിദ്യാലയത്തിന്റെ നിര്‍മാണ നടത്തിപ്പുകള്‍ക്ക് സംഭാവന നല്‍കിയാല്‍ മതി എന്നായിരുന്നു വ്യവസ്ഥ. നമ്മുടെ നാടിന് ഇങ്ങനെയൊരു അതുല്യ സംഗീതപ്രതിഭയുടെ സാന്നിധ്യവും സംഗീതാവതരണവും എത്ര വലിയൊരു സൗഭാഗ്യമാണ് എന്ന് മനസിലാക്കാന്‍ കഴിയാതെ, അദ്ദേഹത്തിന്റെ സംഗീതവിദ്യാലയത്തിന് നല്‍കിയ പ്രതിഫലത്തെപ്പറ്റി അപവാദകഥകള്‍ പ്രചരിപ്പിച്ചത് അത്യന്തം അപമാനകരമായിരുന്നു എന്ന് ഓര്‍ക്കാതെ വയ്യ. കേരളത്തെ അദ്ദേഹത്തിന് വലിയ പ്രിയമായിരുന്നു. "മാനവീയ"ത്തിന്റെ ഭാഗമായുള്ള സിത്താര്‍ കച്ചേരിക്ക് ഒരു ദിവസം നേരത്തെ അദ്ദേഹം വന്നത് കിശോരി അമോങ്കറുടെ ഹിന്ദുസ്ഥാനി വായ്പാട്ട് കേള്‍ക്കാനായിരുന്നു. പറഞ്ഞ സമയവും കഴിഞ്ഞ് വളരെ വൈകിമാത്രം വേദിയിലെത്തുന്ന തരം കഷ്ടപ്പെടുത്തലുകള്‍ക്ക് ദുഷ്പേര് നേടിയിട്ടുള്ള അപൂര്‍വ പ്രതിഭയാണ് കിശോരി അമോങ്കര്‍. യൂണിവേഴ്സിറ്റി സെനറ്റ് ഹാളിലെ മുന്‍നിരയില്‍ പണ്ഡിറ്റ് രവിശങ്കറും കാത്തിരിക്കുന്നുണ്ട് എന്ന് അറിയാവുന്നതിനാലാണ് വെറും 10 മിനിറ്റ് മാത്രം താമസിച്ച് കച്ചേരി ആരംഭിക്കാന്‍ അന്ന് സാധിച്ചത് എന്ന് വിശദീകരിച്ചപ്പോള്‍, എന്നോട് അത്തരം പരിഗണനയൊന്നും അവര്‍ക്കില്ലല്ലോ എന്നാണ് പണ്ഡിറ്റ്ജി പ്രതിവചിച്ചത്. ഡല്‍ഹി മവ്ലങ്കര്‍ ഹാളില്‍ വിദ്വാന്‍ ഉമയാള്‍പുരം ശിവരാമനും ഉസ്താദ് സാക്കീര്‍ ഹുസൈനും ചേര്‍ന്നുള്ള താളവാദ്യക്കച്ചേരി കേള്‍ക്കുന്നതിനിടയില്‍ രസം പിടിച്ച് താളത്തില്‍ മുഴുകി മതിമറന്നിരുന്ന പണ്ഡിറ്റ്ജിയുടെ ചിത്രം ഇപ്പോഴും മനസ്സില്‍ മായാതെ തെളിയുന്നു.
കേന്ദ്രമന്ത്രി ശരദ്പവാര്‍ മന്ത്രിമന്ദിരത്തിലെ പുല്‍ത്തകിടിയില്‍ ഒരുക്കിയ പണ്ഡിറ്റ് ഭീംസെന്‍ ജോഷിയുടെ സംഗീതക്കച്ചേരിക്ക് ക്ഷണം കിട്ടാത്തതിന്റെ പരാതിയുമായി പണ്ഡിറ്റ് രവിശങ്കര്‍ ഫോണ്‍ചെയ്തത് ഓര്‍ക്കുന്നു. അദ്ദേഹത്തെ താമസസ്ഥലത്തുനിന്ന് കൂട്ടിക്കൊണ്ടുപോയി ഭീംസെന്‍ ജോഷിയുടെ കച്ചേരിയുടെ സദസ്സിന്റെ മുന്‍നിരയില്‍ത്തന്നെ ഇരുന്ന് ആസ്വദിക്കാന്‍ സൗകര്യപ്പെടുത്തിയപ്പോള്‍ കൊച്ചുകുട്ടിയുടെ ആഹ്ലാദമായിരുന്നു ആ മുഖത്ത്. ഭീംസെന്‍ ജോഷിയാകട്ടെ, പണ്ഡിറ്റ് രവിശങ്കര്‍ജിയെ മുന്‍നിര ആസ്വാദകനായി കിട്ടിയതിന്റെ ആഹ്ലാദത്തില്‍ അപൂര്‍വമായ ആലാപന ചാരുതയാണ് അന്ന് ആവിഷ്കരിച്ചത്. ഡല്‍ഹിയിലെ മോഡേണ്‍ സ്കൂളിന്റെ വൃത്താകാരത്തിലുള്ള ഓഡിറ്റോറിയത്തില്‍ നടന്ന ജുഗല്‍ബന്ധി അവിസ്മരണീയമാണ്. അലി അക്ബര്‍ ഖാന്‍ (സരോദ്), രവിശങ്കര്‍ (സിത്താര്‍), അള്ളാരഖയും സാക്കീര്‍ ഹുസൈനും (ഇരട്ടത്തബല). അന്നത്തെ ഫ്രഞ്ച് പ്രസിഡന്റ് മിത്തറാങ് മറ്റുള്ളവരോടൊപ്പം സദസ്സില്‍ നിലത്ത് ചമ്രം പിടഞ്ഞിരുന്നാണ് മൂന്നുമണിക്കൂറോളം നീണ്ടുനിന്ന ആ സംഗീതാര്‍ച്ചന ശ്രവിച്ചത്. ഗുരു അല്ലാവുദീന്‍ ഖാനുള്ള അഞ്ജലിയായിട്ട് ഏറ്റവും ഒടുവില്‍ നടന്ന പരിപാടിയായിരുന്നു അത്.
(എം എ ബേബി)
സിത്താറിന്റെ നാലാം തന്ത്രി
ഇന്ത്യന്‍സംഗീതത്തെ വിശ്വത്തോളം ഉയര്‍ത്തിയ മാന്ത്രിക സംഗീതജ്ഞനെയാണ് പണ്ഡിറ്റ് രവിശങ്കറിന്റെ വേര്‍പാടോടെ നമുക്ക് നഷ്ടമായത്. അദ്ദേഹത്തിന്റെ സുവര്‍ണകാലം ഭാരതസംഗീതത്തിന്റെയും സുവര്‍ണകാലമായിരുന്നു. മൂന്ന് തന്ത്രി എന്ന് അര്‍ഥംവരുന്ന പേര്‍ഷ്യന്‍പദമായ "സഹ്താര്‍" എന്ന വാക്കില്‍നിന്ന് ഉത്ഭവിച്ച സിത്താറില്‍ പണ്ഡിറ്റ്ജി തീര്‍ത്ത വിസ്മയം വാക്കില്‍ വിവരിക്കാനാകില്ല. സിത്താറില്‍ പിന്നീട് മൂന്നിനു പകരം തന്ത്രികള്‍ നാലായി. യഹൂദി മെനുഹിന്‍, അല്ലാരാഖ, പാലക്കാട് മണിഅയ്യര്‍ എന്നിവരുമായി ചേര്‍ന്ന് പണ്ഡിറ്റ്ജി കാഴ്ചവച്ച വിഖ്യാതമായ ജുഗല്‍ബന്ദി ലോകമുള്ളിടത്തോളം നിലനില്‍ക്കും.
മട്ടാഞ്ചേരിയില്‍ അല്ലാരാഖയുമായി ചേര്‍ന്നുള്ള അദ്ദേഹത്തിന്റെ പ്രകടനത്തെ അടുത്തറിയാനുള്ള സൗഭാഗ്യവും എനിക്ക് കൈവന്നിട്ടുണ്ട്. 1969ല്‍ ആണെന്നാണോര്‍മ; കൊച്ചി കോര്‍പറേഷന്‍ രൂപീകരിച്ചശേഷം മട്ടാഞ്ചേരി ടൗണ്‍ഹാളിലെ ആദ്യ പരിപാടിയായിരുന്നു പണ്ഡിറ്റിന്റെ സിത്താര്‍വിരുന്ന്. ""അന്നത്തെ സിപിഐ എം നേതാവും കൗണ്‍സിലറുമായ ടി എം മുഹമ്മദ് ഒരിക്കല്‍ എന്നെ വിളിച്ചു. ഏതാണ്ട് മൂവായിരത്തോളം സിഐടിയു തൊഴിലാളികളുടെ പേര് രജിസ്റ്ററില്‍ എഴുതാന്‍ ആവശ്യപ്പെട്ടു. അതിനൊരു സമ്മാനവുമുണ്ടെന്നു പറഞ്ഞു. എഴുതിത്തീര്‍ന്നപ്പോള്‍ ടി എം എനിക്കൊരു കവര്‍ തന്നു. തുറന്നുനോക്കിയപ്പോള്‍ എന്റെ സന്തോഷത്തിന് അതിരില്ലായിരുന്നു. പണ്ഡിറ്റ് രവിശങ്കറിന്റെ പരിപാടിയുടെ പാസ്. രജിസ്റ്റര്‍ എഴുത്തുമൂലം ബാപ്പ എന്നെ ചുമതലപ്പെടുത്തിയിരുന്ന തോണിത്തൊഴിലാളികള്‍ക്ക് പറ്റ് (അഡ്വാന്‍സ്) നല്‍കുകയെന്ന പണി മുടങ്ങി. അതിന് ബാപ്പയെന്നെ ശരിക്കും "പൊരിക്കുക"തന്നെ ചെയ്തു. എങ്കിലും ഉമ്മയോട് അനുവാദം നേടി ഞാന്‍ ടൗണ്‍ഹാളില്‍ എത്തി. ആ സ്വര്‍ഗീയസംഗീതം ഇന്നും എന്റെ മനസ്സില്‍ അലയടിക്കുന്നു. അബ്ദുള്‍ഖാദര്‍ വക്കീലിന്റെ നേതൃത്വത്തില്‍ അക്കാലത്ത് മട്ടാഞ്ചേരിയില്‍ പ്രബലമായിരുന്ന മ്യൂസിക്കല്‍ മീറ്റ് എന്ന സംഘടനയാണ് രവിശങ്കറെ മട്ടാഞ്ചേരിയില്‍ എത്തിച്ചത്. വേദിക്കടുത്ത് ഒരു മുറി വേണമെന്നതായിരുന്നു പണ്ഡിറ്റ്ജിയുടെ ആദ്യ ആവശ്യം. അവിടെ നന്നായി പ്രാക്ടീസ്ചെയ്ത് ആ ലഹരിയോടെയാണ് അദ്ദേഹം വേദിയിലെത്തിയത്. പിന്നെ നാലുമണിക്കൂറോളം നീണ്ട മാന്ത്രിക സംഗീതമഴയാണ് പെയ്തുനിറഞ്ഞത്. ഏറ്റവും ഒടുവില്‍ സിത്താര്‍ താഴെവച്ച് അദ്ദേഹം അല്ലാരാഖയെ പുണര്‍ന്ന ദൃശ്യവും ജീവിതത്തില്‍ ഒരിക്കലും മറക്കാനാകില്ല.
അന്ന് ഗായകനായല്ല, തബലിസ്റ്റായാണ് ഞാന്‍ കൊച്ചിയില്‍ അറിയപ്പെട്ടിരുന്നത്. എന്നെ വെല്ലാന്‍ മറ്റൊരു തബലിസ്റ്റ് ഇല്ലെന്നുതന്നെയായിരുന്നു അതുവരെ എന്റെ ഭാവം. എന്നാല്‍, ഈ പരിപാടി എന്റെ അഹങ്കാരത്തെ തച്ചുടച്ചു. പിന്നെ തബല കൊട്ടാന്‍തന്നെ ഞാന്‍ മടിച്ചു. ഭാരതീയസംഗീതത്തെ ലോകമാകെ എത്തിക്കുകയെന്നതോടൊപ്പം വ്യത്യസ്ത സംഗീതശാഖകളുമായി സമന്വയിപ്പിക്കാനും സംവദിക്കാനും അദ്ദേഹം തയ്യാറായി. കര്‍ണാട്ടിക്, ഹിന്ദുസ്ഥാനി സംഗീത ശാഖകള്‍ക്ക് വ്യത്യസ്ത സ്വത്വമാണെങ്കിലും പണ്ഡിറ്റ്ജിയുടെ പ്രയോഗത്തില്‍ അവ പലപ്പോഴും ഒന്നായി ചേര്‍ന്നൊഴുകി. സംഗീതത്തെ സാമൂഹികവല്‍ക്കരിക്കുന്നതിനുള്ള ശ്രമവും അദ്ദേഹത്തില്‍നിന്നുണ്ടായി. ഇന്ദിര ഗാന്ധിയുടെ പേരില്‍ "പ്രിയദര്‍ശിനി രാഗം" സൃഷ്ടിച്ചതും ഇതിന്റെ ഭാഗമാണ്. എന്നാല്‍, ഇത് അക്കാലത്ത് ഒട്ടേറെ വിവാദങ്ങള്‍ക്ക് വഴിയൊരുക്കി. സിത്താര്‍സംഗീതം പലരില്‍നിന്നും കേട്ടിട്ടുണ്ടെങ്കിലും മറ്റാരില്‍ നിന്നും ലഭിക്കാത്ത അനുഭൂതിയാണ് പണ്ഡിറ്റ് രവിശങ്കറിന്റെ സിത്താര്‍ പകര്‍ന്നിരുന്നത്. ഇപ്പോള്‍ നമ്മളില്‍നിന്ന് നമ്മുടെ സംഗീതം അകലുകയാണ്. അതിന്് അകലം വര്‍ധിപ്പിക്കുകയാണ് പണ്ഡിറ്റ്ജിയുടെ വേര്‍പാട്.
(ഉമ്പായി)
സംഗീതത്തിന്റെ വിശ്വപൗരന്‍
"ഇന്ത്യന്‍ സംഗീതത്തിന്റെ വിശ്വപൗരന്‍" എന്ന് തലക്കെട്ട് നല്‍കാമായിരുന്നു. എന്നാല്‍, ഇന്ത്യന്‍ സംഗീതമെന്ന പരിമിതിയില്‍ ഒതുങ്ങുന്ന ആളല്ല പണ്ഡിറ്റ് രവിശങ്കര്‍. വിശ്വസംഗീതത്തിന്റെ സാധ്യതകളെയാണ് അദ്ദേഹം ജീവിതത്തില്‍ അന്വേഷിച്ചുകൊണ്ടിരുന്നത്. ഭാഷയുടെയും പ്രയോഗശൈലിയുടെയും പരിമിതികള്‍ മറികടന്ന് ലോകത്തിന്റെ സംഗീതത്തെ അദ്ദേഹം കണ്ടെത്തി. ആ നിലയ്ക്ക് വിശ്വസംഗീതത്തിന്റെ വിശ്വപൗരനായി പണ്ഡിറ്റ് രവിശങ്കറിനെ വിശേഷിപ്പിക്കുന്നതാണ് അനുയോജ്യം. ഏഴര ദശാബ്ദം നീണ്ട സംഗീതസപര്യ. നൃത്തത്തില്‍ തുടങ്ങി സംഗീതത്തിന്റെ ശൈലീസാഗരങ്ങള്‍ താണ്ടിയ കലാജീവിതം. രാജ്യത്തിന്റെ പരമോന്നതമായ അംഗീകാരം. പണ്ഡിറ്റ് രവിശങ്കറിന് സംഗീതത്തില്‍ നേടാനായി ഒന്നും ബാക്കിയില്ല. സാധനയുടെ തീവ്രമായ അനുഭവങ്ങളുള്ള ഒരു മഹാസംഗീതജ്ഞനാണ് യാത്രയായത്. ഇന്ത്യന്‍ സംഗീതത്തിന്റെ ലോകസാധ്യതകള്‍ അന്വേഷിക്കുംമുമ്പുതന്നെ സിദ്ധിയുടെ പരകോടിയില്‍ അദ്ദേഹം എത്തിയിരുന്നു. ജ്യേഷ്ഠന്‍ ഉദയശങ്കറിന്റെ നൃത്തസംഘത്തോടൊപ്പം ലോകം ചുറ്റാനിറങ്ങിയപ്പോള്‍ത്തന്നെ പരിചയിച്ച സംഗീത ശൈലീഭേദങ്ങളുടെ വലിയൊരു ലോകത്തെ രവി ബാല്യത്തില്‍ ത്തന്നെ തിരിച്ചറിഞ്ഞിരുന്നു. നാല്‍പ്പതുകളിലും അമ്പതുകളിലും ആകാശവാണിയിലെ ജോലിക്കിടയില്‍ "വാദ്യവൃന്ദ" എന്ന പുതിയ സംഗീതസങ്കല്‍പ്പത്തിന് അദ്ദേഹം സാക്ഷാല്‍കാരം നല്‍കി. ഇന്ത്യന്‍ സിനിമയിലെ ഇതിഹാസമായ "പഥേര്‍ പാഞ്ചലി"ക്ക് രവിശങ്കറിന്റെ സിതാര്‍ നല്‍കിയ സൗന്ദര്യതലം വിവരിക്കാനാകാത്തതാണ്.
അമ്പതുകളില്‍ പാശ്ചാത്യലോകത്തിന് രവിശങ്കര്‍ പരിചിതനായതോടെയാണ് ഇന്ത്യന്‍ സംഗീതം കുട്ടിക്കളിയല്ലെന്ന് അവര്‍ക്ക് മനസ്സിലായത്. ഹാര്‍മോണിക് സംഗീതത്തിന്റെ പരിമിതികളെ ഇന്ത്യന്‍ മെലഡി സംഗീതം അനായാസം മറികടക്കുന്നത് പാശ്ചാത്യര്‍ അറിഞ്ഞു. ജോര്‍ജ് ഹാരിസണ്‍, വയലിന്‍ മാന്ത്രികന്‍ യെഹൂദി മെനൂഹിന്‍, ഫ്ളൂട്ട് മാന്ത്രികന്‍ ജീന്‍ പിയറി റാംപാല്‍ തുടങ്ങി ലോകത്തെ പ്രമുഖ സംഗീതജ്ഞര്‍ക്കൊപ്പം സംഗീതപരിപാടികളില്‍ ഇന്ത്യന്‍ സംഗീതത്തെ അദ്ദേഹം ലോകത്തിനുമുന്നില്‍ അവതരിപ്പിച്ചു. ഇന്ത്യന്‍ സംഗീതത്തില്‍ നിന്നുകൊണ്ടുതന്നെ ചില ചുവടുമാറ്റങ്ങള്‍ അദ്ദേഹം നടത്തിയിരുന്നു. സിതാറില്‍ പ്രത്യേക ബാണിയുടെ ഉപജ്ഞാതാവായി അദ്ദേഹത്തെ വിശേഷിപ്പിക്കാം. മന്ദ്രസ്ഥായിയുടെ സൗന്ദര്യത്തെ അദ്ദേഹം പുറത്തുകൊണ്ടുവന്നു. ലളിതമായ സ്പര്‍ശം കൊണ്ട് സംഗീതത്തിന്റെ സുന്ദരമായ അനുഭവങ്ങളുണ്ടാക്കുന്ന പ്രയോഗരീതി. ശാസ്ത്രീയതയുടെയും വിശാലമായ ആലാപനത്തിന്റെയും സങ്കീര്‍ണതകളില്‍നിന്ന് സംഗീതക്കച്ചേരികളെ സൗന്ദര്യാത്മകതയുടെ പുതിയ ലോകത്തെത്തിക്കണമെന്ന് അദ്ദേഹം കരുതി. ഇന്ത്യന്‍ സംഗീതത്തിന് ആത്മീയതയുടെ കഠിനമായ ആവരണമുണ്ട്. സംഗീതം അവതരിപ്പിക്കുന്നതിന്റെ ഓരോ ഘട്ടത്തിലും അത് പ്രകടമായിരുന്നു. ഭൗതികജീവിതത്തിന്റെ രാസഘടകങ്ങളുമായി ഇന്ത്യന്‍ സംഗീതത്തെ കൂട്ടിയിണക്കണമെന്ന് അദ്ദേഹം കണ്ടു. സംഗീതം എല്ലാ രസങ്ങളുടെയും ഭാവങ്ങളുടെയും കടലാണെന്ന് പറയുമ്പോള്‍ത്തന്നെ പ്രയോഗത്തിലൂടെ അത് അനുഭവപ്പെടുത്താന്‍ കഴിഞ്ഞില്ലെന്നതായിരുന്നു സംഗീതജ്ഞരുടെ പരിമിതി. അതിനെയാണ് രവിശങ്കര്‍ മാറ്റിമറിച്ചത്.
കമ്യൂണിസ്റ്റ് പാര്‍ടിയുടെ കലാവിഭാഗമായ "ഇപ്റ്റ"യില്‍ സംഗീതവിഭാഗത്തിന്റെ ചുമതലക്കാരനായി അദ്ദേഹത്തെ കണ്ടെത്തിയത് പാര്‍ടി ജനറല്‍ സെക്രട്ടറിയായിരുന്ന പി സി ജോഷിയാണ്. ഇപ്റ്റയിലും പിന്നീട് സിനിമയിലും ആകാശവാണിയിലും പ്രവര്‍ത്തിക്കുമ്പോള്‍ ജീവിതാനുഭവങ്ങളുമായി സംഗീതത്തെ കൂട്ടിയിണക്കുന്ന മാസ്മരികവിദ്യ അദ്ദേഹം പഠിച്ചെടുത്തു. രവിശങ്കറിന്റെ എല്ലാ മഹത്വങ്ങളെയും അംഗീകരിക്കുമ്പോള്‍ത്തന്നെ ഇന്ത്യന്‍ സംഗീതത്തിന് വലിയൊരു നഷ്ടം വരുത്തിവയ്ക്കാന്‍ അദ്ദേഹം കാരണക്കാരനായി എന്നുകൂടി പറയാതിരിക്കാനാകില്ല. എല്ലാ ഉപകരണങ്ങളും കൈകാര്യം ചെയ്യുന്ന മഹാമാന്ത്രികനായിരുന്നു രവിശങ്കറിന്റെ ഗുരു അലാവുദ്ദീന്‍ഖാന്‍. അദ്ദേഹത്തിന്റെ മക്കളായ അലി അക്ബര്‍ഖാന്‍, അന്നപൂര്‍ണ്ണാദേവി എന്നിവര്‍ക്കൊപ്പം രവിയും സംഗീതസാധനയുടെ അതികഠിനമായ കാലം പിന്നിട്ട് മൈഹറില്‍ നിന്ന് പുറത്തെത്തി. മൈഹറിലെ ഗുരുകുലവാസക്കാലത്തെ പ്രണയം അന്നപൂര്‍ണയോടായിരുന്നു. വലിയ മതനിരപേക്ഷതാവാദിയായിരുന്ന അലാവുദ്ദീന്‍ഖാന്‍ മകള്‍ക്കിട്ട പേരുതന്നെ "അന്നപൂര്‍ണാദേവി" എന്നായിരുന്നു. ഒരു മടിയുമില്ലാതെ മകളെ രവിശങ്കറിന് വിവാഹം കഴിച്ചുകൊടുക്കുകയും ചെയ്തു. സംഗീതത്തിന്റെ അറിവിലും പ്രയോഗത്തിലും രവിശങ്കറിനേക്കാള്‍ മേലെയായിരുന്നു അന്നപൂര്‍ണാദേവി. ഇത് അവരുടെ ദാമ്പത്യത്തില്‍ കയ്പ് പടര്‍ത്തി. ഒടുവില്‍ ഇന്ത്യന്‍ സംഗീതത്തിന് വലിയ നഷ്ടമുണ്ടാക്കുന്ന തീരുമാനം അന്നപൂര്‍ണ എടുത്തു. സംഗീതക്കച്ചേരികള്‍ നടത്തില്ലെന്നും കച്ചേരികള്‍ ശബ്ദലേഖനം ചെയ്യില്ലെന്നും. ഇരുവരും വേര്‍പിരിഞ്ഞു. അന്നപൂര്‍ണാദേവി നിശ്ശബ്ദസംഗീതമായി, ഒരു വേദനയായി ഇന്ത്യന്‍ സംഗീതാസ്വാദകരുടെ മനസ്സില്‍ ജീവിക്കുന്നു.
(വി ജയിന്‍)
ഭാരതീയ സംഗീതത്തെ പടിഞ്ഞാറിന് ആസ്വാദ്യമാക്കി
ഭാരതീയ സംഗീതത്തിന്റെ ഗാംഭീര്യം പാശ്ചാത്യര്‍ക്ക് ആസ്വദിക്കാന്‍കഴിയുന്ന തരത്തിലാക്കി എന്നതാണ് പണ്ഡിറ്റ് രവിശങ്കറിന്റെ പ്രാധാന്യം. അദ്ദേഹത്തിന്റെ സംഗീതം പാശ്ചാത്യ ലോകത്ത് ലഹരിയായി പടര്‍ന്നുകയറുകയായിരുന്നു. ഇതാണ് ബീറ്റില്‍സ് മ്യൂസിക് ബാന്‍ഡിലെ ലീഡ് ഗിറ്റാറിസ്റ്റ് ജോര്‍ജ് ഹാരിസണെപ്പോലുള്ളവരെ ആകര്‍ഷിച്ചത്. ഉടന്‍ പ്രശസ്തനാവണം എന്നതാണ് ഇപ്പോള്‍ സംഗീതരംഗത്തെ പുതുതലമുറയുടെ ആഗ്രഹം. എന്നാല്‍,ഇങ്ങനെയുള്ളവര്‍ക്ക് പണ്ഡിറ്റ് രവിശങ്കര്‍ മാതൃകയാണ്. അദ്ദേഹം 45-ാമത്തെ വയസ്സിലാണ് അമേരിക്കയില്‍ ആദ്യമായി സംഗീതപരിപാടി അവതരിപ്പിക്കുന്നത്. അത്രയും ആത്മസമര്‍പ്പണം അദ്ദേഹത്തിനുണ്ടായിരുന്നു. ഇതുകൊണ്ടാണ് സംഗീതം ആത്മസമര്‍പ്പണമായി കൊണ്ടുനടക്കാന്‍ തനിക്കാവുന്നതെന്ന് അഭിമുഖങ്ങളില്‍ അദ്ദേഹം വ്യക്തമാക്കിയിരുന്നു.
*
Courtesy: Deshabhimani 13 December 2012

No comments:
Post a Comment