Thursday, December 6, 2012

അയോധ്യ നല്‍കുന്ന സന്ദേശം

ഹിന്ദുവര്‍ഗീയവാദികള്‍ ബാബറി മസ്ജിദ് തകര്‍ത്തിട്ട് രണ്ട് ദശാബ്ദം പിന്നിടുന്നു. സരയൂ നദിയിലൂടെ ഒരുപാട് വെള്ളം ഒഴുകിപ്പോയി; അയോധ്യയിലെ സാധാരണ ജനങ്ങളുടെ ജീവിതത്തില്‍ മാത്രമല്ല, ഇന്ത്യന്‍ രാഷ്ട്രീയത്തിലും ഒരുപാട് മാറ്റങ്ങളുണ്ടായി. മതനിരപേക്ഷ രാഷ്ട്രത്തിന്റെ ശക്തിയും ദൗര്‍ബല്യവും ഒരുപോലെ വെളിവാക്കുന്ന സംഭവപരമ്പരകളാണ് രണ്ട് ദശാബ്ദത്തിനിടയിലുണ്ടായത്.

ആദ്യം അയോധ്യയില്‍നിന്ന് തുടങ്ങാം. ബാബറി മസ്ജിദ് തകര്‍ക്കപ്പെട്ട ശേഷം നടന്ന എല്ലാ തെരഞ്ഞെടുപ്പിലും അയോധ്യയില്‍ നിന്ന് വിജയിച്ച ബിജെപിയുടെ ലല്ലുസിങ് ഈ വര്‍ഷം നടന്ന തെരഞ്ഞെടുപ്പില്‍ ആദ്യമായി പരാജയപ്പെട്ടു. തുടര്‍ച്ചയായ അഞ്ച് വിജയങ്ങള്‍ക്ക് ശേഷമാണ് ലല്ലുസിങ്, ലഖ്നൗ സര്‍വകലാശാലയിലെ വിദ്യാര്‍ഥി യൂണിയന്‍ നേതാവും സമാജ്വാദിപാര്‍ടി സ്ഥാനാര്‍ഥിയുമായ തേജ്നാരായണ്‍ പാണ്ഡെക്ക് മുമ്പില്‍ പരാജയപ്പെട്ടത്. ഇരുപത് വര്‍ഷങ്ങള്‍ക്ക് മുമ്പ് സംഘപരിവാര്‍ സൃഷ്ടിച്ച മതസ്പര്‍ധയിലൂടെ വിജയം ഉറപ്പിച്ച ബിജെപിക്ക് അയോധ്യയില്‍ മാത്രമല്ല, ഉത്തര്‍പ്രദേശിലെങ്ങും ചുവട് പിഴച്ചുവെന്നു വേണം കരുതാന്‍ .

ബാബറി മസ്ജിദ് തകര്‍ക്കപ്പെട്ടശേഷം ആളിക്കത്തിച്ച ഹൈന്ദവ വികാരത്തില്‍ ഏറ്റവും വലിയ രാഷ്ട്രീയനേട്ടം കൊയ്ത രാഷ്ട്രീയ പാര്‍ടി ബിജെപിയാണ്. തുടര്‍ന്ന് നടന്ന നിയമസഭാ തെരഞ്ഞെടുപ്പിലാണ് ഡല്‍ഹിയില്‍ ബിജെപി ആദ്യമായി അധികാരത്തിലെത്തിയത്. 1995ല്‍ നടന്ന തെരഞ്ഞെടുപ്പില്‍ ഗുജറാത്തിലും ആദ്യമായി ബിജെപി അധികാരത്തിലെത്തി; കേശുഭായ് പട്ടേലിന്റെ നേതൃത്വത്തില്‍. അയോധ്യ സംഭവത്തിന് പത്ത് വര്‍ഷത്തിനകമാണ് ഗുജറാത്തില്‍ മോഡി വംശഹത്യക്ക് നേതൃത്വം നല്‍കിയതും സംസ്ഥാനത്ത് അധികാരം ഉറപ്പിച്ചതും. ഇന്ന് കേശുഭായ് മോഡിക്കെതിരെ തിരിഞ്ഞെങ്കിലും സംഘപരിവാര്‍ അവരുടെ ആശയഗതിയില്‍ നിന്ന് ഒരടി പിന്നോട്ടു പോയിട്ടില്ല. അയോധ്യക്ക് ശേഷം നടന്ന തെരഞ്ഞെടുപ്പില്‍ മഹാരാഷ്ട്രയിലും ബിജെപി-ശിവസേന സഖ്യം അധികാരത്തില്‍ വന്നു. മധ്യപ്രദേശിലും രാജസ്ഥാനിലും മറ്റും ബിജെപിയെ അധികാരത്തിലെത്താന്‍ സഹായിച്ചതും അയോധ്യാപ്രസ്ഥാനം തന്നെ.

ബിജെപി ആദ്യമായി കേന്ദ്രത്തില്‍ അധികാരത്തിലെത്തിയതും അയോധ്യപ്രസ്ഥാനത്തിന്റെ പേരിലായിരുന്നു. എന്നാല്‍, മതത്തിന്റെ അടിസ്ഥാനത്തില്‍മാത്രം ഒരു രാഷ്ട്രീയപാര്‍ടിക്കും അധികാരം നിലനിര്‍ത്താന്‍ കഴിയില്ലെന്ന് പിന്നീടുള്ള വര്‍ഷങ്ങള്‍ തെളിയിച്ചു. അയോധ്യയുടെ മണ്ണില്‍തന്നെയാണ് ആദ്യം ബിജെപിക്ക് അടിതെറ്റിയത്. 1996ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ 425 അംഗ സഭയില്‍ 221 സീറ്റും 34 ശതമാനം വോട്ടും ലഭിച്ച ബിജെപിക്ക് 2012ല്‍ ലഭിച്ചത് 47 സീറ്റും 15 ശതമാനം വോട്ടുംമാത്രമാണ്. 1998ല്‍ 85 ലോക്സഭാ സീറ്റില്‍ 57 ഉം നേടിയ ബിജെപിക്ക് കഴിഞ്ഞ രണ്ട് ലോക്സഭാ തെരഞ്ഞെടുപ്പിലും 10 വീതം സീറ്റുമാത്രമാണ് ഉത്തര്‍പ്രദേശില്‍നിന്ന് ലഭിച്ചത്. വോട്ടിങ് ശതമാനത്തിലും കുറവ് ദൃശ്യമാണ്. അയോധ്യാപ്രസ്ഥാനത്തിന് നേതൃത്വം നല്‍കിയ അദ്വാനിയും ഉമാഭാരതിയും മറ്റും പഴയ പ്രതാപം നിലനിര്‍ത്താന്‍ വിഷമിക്കുന്ന കാഴ്ചയുമുണ്ട്.

ബാബറി മസ്ജിദ് തകര്‍ക്കപ്പെട്ടതിനെക്കുറിച്ച് നടന്ന അന്വേഷണങ്ങള്‍ എങ്ങുമെത്തിയില്ലെന്നത് ഇന്ത്യന്‍ റിപ്പബ്ലിക്കിന്റെ വീഴ്ചയായി വിലയിരുത്താം. മതനിരപേക്ഷ രാഷ്ട്രത്തിന്റെ അടിക്കല്ല് ഇളക്കുന്ന സംഭവമായിട്ടും ഇന്ത്യന്‍ ജുഡീഷ്യറിയും എക്സിക്യൂട്ടീവും മറ്റും ആ ഗൗരവത്തില്‍ പ്രശ്നത്തെ സമീപിച്ചുവെന്ന് കരുതാനാവില്ല. ലിബറാന്‍കമീഷന്‍ തന്നെ ഉദാഹരണം. ബാബറി മസ്ജിദ് തകര്‍ക്കപ്പെട്ടതിനെക്കുറിച്ച് അന്വേഷിച്ച് മൂന്ന് മാസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ രൂപീകരിച്ച കമീഷന്‍ 48 തവണ കാലാവധി നീട്ടി 17 വര്‍ഷത്തിന് ശേഷം 2009 ലാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. സമര്‍പ്പിച്ച റിപ്പോര്‍ട്ടാകട്ടെ വ്യര്‍ഥവും. മൂന്ന് വര്‍ഷമായിട്ടും ആ റിപ്പോര്‍ട്ടിന്മേല്‍ സര്‍ക്കാര്‍ ഒരു നടപടിയും സ്വീകരിച്ചില്ല. എല്‍ കെ അദ്വാനിയും ഉമാഭാരതിയും എം എം ജോഷിയും മറ്റും ഉള്‍പ്പെട്ട ക്രിമിനല്‍ ഗൂഢാലോചനക്കേസും തീരുമാനത്തിലെത്തിയിട്ടില്ല. എന്‍ഡിഎ സര്‍ക്കാരിന്റെ കാലത്ത് കേസില്‍ നിന്ന് ഉപപ്രധാനമന്ത്രിയായ അദ്വാനിയെ ഒഴിവാക്കിയെങ്കിലും ഈ വര്‍ഷം മെയ് ഏഴിന് സിബിഐ കോടതിയിലെത്തി അദ്വാനിയെ ഒഴിവാക്കാനാകില്ലെന്ന് പറഞ്ഞതു മാത്രമാണ് ഈ കേസിലെ ഏക പുരോഗതി. ഭൂമിയുടെ അവകാശം സംബന്ധിച്ച കേസില്‍ അലഹാബാദ് ഹൈക്കോടതിയുടെ ലഖ്നൗ ബെഞ്ച് മൂന്നില്‍ രണ്ടുഭാഗം ഹിന്ദുക്കള്‍ക്കും ഒരുഭാഗം മുസ്ലിങ്ങള്‍ക്കും നല്‍കി വിധിന്യായം പുറപ്പെടുവിച്ചത് പ്രശ്നപരിഹാരത്തിന് പകരം, പ്രശ്നം കൂടുതല്‍ സങ്കീര്‍ണമാക്കി. ഈ വിധിയെ ചോദ്യംചെയ്ത് ബന്ധപ്പെട്ട എല്ലാ കക്ഷികളും സുപ്രീംകോടതിയെ സമീപിച്ചു.

ഒരു ലക്ഷം ജനങ്ങള്‍ അധിവസിക്കുന്ന അയോധ്യയിലെ ജനങ്ങള്‍ക്കും സംഘപരിവാറിന്റെ പ്രസ്ഥാനം വലിയ വിഷമമാണ് സൃഷ്ടിച്ചത്. "അയോധ്യാപ്രസ്ഥാനം പുറത്തുള്ളവര്‍ക്കാണ്. അയോധ്യവാസികളുടേതല്ല" എന്നത് അയോധ്യയിലെ ജനങ്ങളുടെ ശബ്ദമാണ്. മുമ്പ് ഏറ്റവും പ്രധാന തീര്‍ഥാടന കേന്ദ്രങ്ങളിലൊന്നായിരുന്നു അയോധ്യ. എന്നാല്‍, അയോധ്യപ്രസ്ഥാനം ആരംഭിച്ചതോടെ നഗരം കനത്ത സുരക്ഷാവലയത്തിലായി. ഹനുമാന്‍ഗഢ് മുതല്‍ സരയൂ നദിവരെയുള്ള അയോധ്യ നഗരം പട്ടാളക്യാമ്പിനെയാണ് അനുസ്മരിപ്പിക്കുക. ജനങ്ങളുടെ വരവ് കുറഞ്ഞു. ആരും നഗരത്തില്‍ നിക്ഷേപം നടത്താതായി. എപ്പോഴാണ് കുഴപ്പമുണ്ടാകുക എന്ന അനിശ്ചിതത്വമാണ് കാരണം. അയോധ്യപ്രസ്ഥാനത്തിന്റെ കാലത്ത് ബാബറിമസ്ജിദ് തകര്‍ക്കുന്ന സിഡികളും മറ്റും ചൂടപ്പംപോലെ വിറ്റിരുന്നു. എന്നാല്‍, ഇന്ന് സിഡി വാങ്ങാന്‍ ആളില്ലാതായി എന്ന് അയോധ്യവാസികള്‍ സാക്ഷ്യപ്പെടുത്തുന്നു. മുസ്ലിങ്ങള്‍ നിര്‍മിക്കുന്ന മതസൗഹാര്‍ദത്തിന്റെ പ്രതീകമായ "ഖാത്തുവാന്‍" എന്ന മരച്ചെരിപ്പിനുള്ള ആവശ്യക്കാരും കുറഞ്ഞു. എല്ലാ അര്‍ഥത്തിലും അയോധ്യയിലെ സാധാരണ ജനങ്ങളുടെ ജീവിതം വഴിമുട്ടി. അവര്‍ക്ക് ഒരടി മുന്നോട്ടു പോകാന്‍ കഴിഞ്ഞില്ലെന്നു മാത്രമല്ല, പിറകോട്ട് നയിക്കുകയാണ് അയോധ്യാ പ്രസ്ഥാനം ചെയ്തത്. ജനങ്ങള്‍ ഇത് തിരിച്ചറിയുകയാണ്.

അയോധ്യാ പ്രസ്ഥാനം സൃഷ്ടിച്ച വര്‍ഗീയതയുടെ വിഷവിത്തുകള്‍ നശിച്ചുവെന്നോ, ഇനി ഒരിക്കലും ഇന്ത്യന്‍ മനസ്സിനെ അസ്വസ്ഥമാക്കില്ലെന്നോ പറയാനാകില്ലെന്ന് ഗുജറാത്ത് വംശഹത്യയും ഒഡിഷയിലെ ക്രിസ്ത്യന്‍വേട്ടയും നമ്മെ ഓര്‍മിപ്പിക്കുന്നു. ബാബറിമസ്ജിദ് തകര്‍ന്നപ്പോള്‍പ്പോലും ശാന്തമായിരുന്ന അയോധ്യയോട് മുട്ടിയുരുമ്മി നില്‍ക്കുന്ന ഫൈസാബാദ് നഗരം ഒക്ടോബര്‍ 24ന് വര്‍ഗീയാഗ്നിയില്‍ അമരുകയുണ്ടായി. ഫൈസാബാദിനടുത്ത ഭദ്രസയിലും റുദ്ദാലിയിലും ഷാഗഞ്ചിലും ഒരു പ്രത്യേക മതവിഭാഗത്തിന്റെ കടകളും വീടുകളും അഗ്നിക്കിരയായി. ഫൈസാബാദിലെ വലിയദേവകാളി മന്ദിറിലെ ലക്ഷ്മി, സരസ്വതി, കാളി വിഗ്രഹങ്ങള്‍ മോഷണംപോയതാണ് കലാപത്തിന് കാരണമായത്. "ഹിന്ദുക്കള്‍ ഒരിക്കലും ദൈവവിഗ്രഹം മോഷണംചെയ്യില്ലെന്ന്" പറഞ്ഞ് ഹിന്ദുയുവവാഹിനി നേതാവും ഗോരഖ്പുര്‍ എംപിയുമായ യോഗി ആദിത്യനാഥിന്റെ വര്‍ഗീയച്ചുവയുള്ള പ്രസംഗവും അടുത്ത ദിവസം ബിജെപിയും വിഎച്ച്പിയും ബജ്രംഗ്ദളും ആര്‍എസ്എസും ചേര്‍ന്ന് നടത്തിയ ബന്ദുമാണ് പ്രശ്നം വഷളാക്കിയത്. ഉത്തര്‍പ്രദേശ് പൊലീസാകട്ടെ നോക്കുകുത്തിയായി നിന്നു. "ഉത്തര്‍പ്രദേശും ഗുജറാത്താക്കും, ഫൈസാബാദില്‍നിന്ന് തുടക്കം കുറിക്കും" എന്ന മുദ്രാവാക്യമാണ് അവിടെനിന്ന് നിന്നുയരുന്നത്. വിഗ്രഹം മോഷ്ടിച്ചത് നാല് ഹിന്ദുക്കളാണ് എന്ന് കണ്ടെത്തിയപ്പോഴേക്കും ഫൈസാബാദ് നഗരം വര്‍ഗീയ ലഹളയിലമര്‍ന്നിരുന്നു. ഹിന്ദു-മുസ്ലിം ഭിന്നതയിലൂടെ നഷ്ടപ്പെട്ട അയോധ്യയിലെ സീറ്റ് തിരിച്ചുപിടിക്കാനുള്ള ബിജെപിയുടെ ശ്രമത്തിനുമപ്പുറം വര്‍ഗീയ അജന്‍ഡയുമായി ഹിന്ദുത്വശക്തികള്‍ എപ്പോള്‍ വേണമെങ്കിലും ഫണമുയര്‍ത്താം എന്ന സന്ദേശമാണ് അയോധ്യ ഇപ്പോഴും നല്‍കുന്നത്.

*
വി ബി പരമേശ്വരന്‍

1 comment:

വര്‍ക്കേഴ്സ് ഫോറം said...

ഹിന്ദുവര്‍ഗീയവാദികള്‍ ബാബറി മസ്ജിദ് തകര്‍ത്തിട്ട് രണ്ട് ദശാബ്ദം പിന്നിടുന്നു. സരയൂ നദിയിലൂടെ ഒരുപാട് വെള്ളം ഒഴുകിപ്പോയി; അയോധ്യയിലെ സാധാരണ ജനങ്ങളുടെ ജീവിതത്തില്‍ മാത്രമല്ല, ഇന്ത്യന്‍ രാഷ്ട്രീയത്തിലും ഒരുപാട് മാറ്റങ്ങളുണ്ടായി. മതനിരപേക്ഷ രാഷ്ട്രത്തിന്റെ ശക്തിയും ദൗര്‍ബല്യവും ഒരുപോലെ വെളിവാക്കുന്ന സംഭവപരമ്പരകളാണ് രണ്ട് ദശാബ്ദത്തിനിടയിലുണ്ടായത്.