Saturday, December 22, 2012

തുല്യനീതി എവിടെ?

നമ്മുടെ ഭരണഘടന എല്ലാ പൗരന്മാര്‍ക്കും തുല്യനീതി ഉറപ്പുവരുത്തുന്നു. എന്നാല്‍, അത് പ്രയോഗത്തില്‍ വരുത്തുന്നതിന് അക്ഷന്തവ്യമായ അപവാദങ്ങള്‍ ഉണ്ടാകുന്നു. തുല്യരും കൂടുതല്‍ തുല്യതയുള്ളവരും നീതിനിര്‍വഹണത്തിലും ഉണ്ടെന്നാണ് ആവര്‍ത്തിച്ചുള്ള അനുഭവം നമ്മോടു പറയുന്നത്. കേരളത്തിലെ അധ്വാനശീലരായ രണ്ടു മത്സ്യത്തൊഴിലാളികളെ ഇറ്റാലിയന്‍ നാവികര്‍ വെടിവച്ചുകൊന്നത് ഈ കഴിഞ്ഞ ഫെബ്രുവരി 15നാണ്. മത്സ്യത്തൊഴിലാളികള്‍ ഇറ്റാലിയന്‍ കപ്പലിനെ ആക്രമിക്കാന്‍ പോയതല്ല. മനസ്സില്‍പ്പോലും അങ്ങനെ ഒരു ചിന്ത അവര്‍ക്കുണ്ടായിരുന്നില്ല. ഉപജീവനാര്‍ഥം അവര്‍ മത്സ്യബന്ധനത്തിനുപോയി. ഇറ്റാലിയന്‍ കപ്പലിലെ തടിമിടുക്കുള്ള രണ്ടു പട്ടാളക്കാര്‍ മത്സ്യത്തെ കൊല്ലുന്ന ലാഘവത്തോടെ പാവപ്പെട്ട മത്സ്യത്തൊഴിലാളികളെ വെടിവച്ചുകൊന്നു. ജയിലില്‍ റിമാന്‍ഡില്‍ കഴിയുന്ന ആ കൊലയാളികള്‍ക്ക് സ്വന്തം നാട്ടില്‍ പോയി ക്രിസ്മസ് ആഘോഷിക്കാനുള്ള അനുവാദം വേണമെന്ന ആവശ്യം കേന്ദ്രസര്‍ക്കാര്‍തന്നെ അംഗീകരിച്ചുകൊടുത്തിരിക്കുന്നു. കേന്ദ്രസര്‍ക്കാരും ഇറ്റലിയും തമ്മിലുള്ള അഭേദ്യബന്ധം അറിയാത്തവരായി ആരുംതന്നെ ഉണ്ടാകാന്‍ വഴിയില്ല. കേന്ദ്രസര്‍ക്കാര്‍ കനിഞ്ഞു. ആവശ്യം പരിഗണിച്ച് കൊലക്കുറ്റം ചെയ്തവര്‍ക്ക് അടുത്ത ജനുവരി 10വരെ ഇറ്റലിയില്‍ പോയി ക്രിസ്മസ് ആഘോഷിക്കാന്‍ അനുവാദം തരപ്പെടുത്തി.

ഇറ്റലിക്കാരായാലും ഇന്ത്യക്കാരായാലും മനുഷ്യരെ വെടിവച്ചുകൊന്നവര്‍ കൊലപാതകികള്‍തന്നെയാണ്. കേരളത്തില്‍ ഒരു പ്രസംഗം നടത്തിയതിന്റെ പേരിലാണ് എം എം മണിയെ അന്യായമായി അറസ്റ്റ് ചെയ്ത് ജയിലിലടച്ചത്. മണിക്ക് ജാമ്യം അനുവദിച്ചാല്‍ നാട് തകരുമെന്നാണ് കേരള സര്‍ക്കാരിനുവേണ്ടി അഭിഭാഷകന്‍ വീറോടെ വാദിച്ചത്. മൂന്നു പതിറ്റാണ്ടുമുമ്പ്് കൊല്ലപ്പെട്ട അഞ്ചേരി ബേബി എന്ന ഒരാളെപ്പറ്റിയാണ് കോലാഹലം നടക്കുന്നത്. ബേബിയെ കൊന്നതില്‍ കോണ്‍ഗ്രസുകാര്‍ക്കും പങ്കുണ്ടെന്ന് ഒരു ഉന്നതനായ കോണ്‍ഗ്രസ് നേതാവ് പറഞ്ഞതായി ചാനലുകള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. അഞ്ചേരി ബേബിയുടെ കൊലപാതകത്തില്‍ കുറ്റവിചാരണയും കോടതിവിധിയുമൊക്കെ മുമ്പും ഉണ്ടായതാണ്. രാഷ്ട്രീയവൈരം മൂത്ത്, നിയമത്തിന്റെ ഏതോ പഴുതുപയോഗിച്ചാണ് പുനരന്വേഷണം. കുറ്റകരമായ പ്രസംഗം നടത്തിയ കോണ്‍ഗ്രസ് നേതാവ് കെ സുധാകരനെതിരെ പൊലീസിന്റെ ഭാഗത്തുനിന്ന് ഒരു നടപടിയും ഇല്ല. നാല്‍പ്പാടി വാസുവിനെ വെടിവച്ചുകൊന്ന കേസില്‍ സുധാകരന്‍ പ്രതിയായിരുന്നു. സംഭവം അന്നുതന്നെ മുഖ്യധാരാ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടുചെയ്തതാണ്. വാസുവിനെ വെടിവച്ചുകൊന്നത് ആത്മരക്ഷാര്‍ഥമല്ല. കാറില്‍ സഞ്ചരിച്ച സുധാകരന്‍ വഴിയരികിലുണ്ടായിരുന്ന വാസുവിനെ അകാരണമായി വെടിവച്ച് കൊല്ലുകയാണുണ്ടായത്. കൊലക്കേസ് ചാര്‍ജ് ചെയ്യാന്‍തന്നെ ഒട്ടേറെ പ്രത്യക്ഷ സമരങ്ങള്‍ വേണ്ടിവന്നു. അന്ന് മനോരമ പത്രം റിപ്പോര്‍ട്ട് ചെയ്തത് നാല്‍പ്പാടി വാസുവിനെ വെടിവച്ചശേഷം സുധാകരന്റെ കാര്‍ നൂറുമീറ്റര്‍ മുന്നോട്ടുനീങ്ങി റോഡില്‍ നിര്‍ത്തയിട്ടു എന്നായിരുന്നു. കാറിന്റെ ചില്ല് ഏതാനും പേര്‍ അടിച്ചുപൊട്ടിച്ചു. കാറിനുനേരെ അക്രമം നടന്നതായി കള്ളത്തെളിവുണ്ടാക്കാനായിരുന്നു ഈ നാടകം. സുധാകരനും ഗണ്‍മാനും അടുത്ത പൊലീസ് സ്റ്റേഷനില്‍ പോയി വഴിയില്‍ ഒരുത്തനെ വെടിവച്ചിട്ടുണ്ടെന്ന് തെല്ലഭിമാനത്തോടെയും അഹങ്കാരത്തോടെയും പറഞ്ഞു; പൊതുയോഗത്തില്‍ പ്രസംഗിച്ചു. വര്‍ഷങ്ങള്‍ പലതും കഴിഞ്ഞിട്ടും സുധാകരന്റെ നിലപാടില്‍ മാറ്റമുണ്ടായിട്ടില്ല. ഗണ്‍മാന്റെ കൈയിലെ തോക്ക് വെടിവയ്ക്കാനുള്ളതാണെന്നാണ് സുധാകരന്‍ ആവര്‍ത്തിച്ച് സമര്‍ഥിക്കുന്നത്. പൊലീസുകാരുടെ കൈയിലുള്ള ലാത്തി ഓടക്കുഴലല്ല എന്ന് ശേഷന്‍ എന്ന സംസ്ഥാനമന്ത്രി മുമ്പ് പ്രസംഗിച്ചത് ആരും മറന്നുകാണുകയില്ല. സുധാകരന്റെ വെളിപ്പെടുത്തലിന്റെ വെളിച്ചത്തില്‍ വാസുവിനെ കൊന്ന കേസ് പുനരന്വേഷണം നടത്തണമെന്ന് വാസുവിന്റെ ബന്ധുക്കള്‍ ആഭ്യന്തരമന്ത്രിക്കും മുഖ്യമന്ത്രിക്കും നിവേദനം സമര്‍പ്പിച്ചതാണ്. എന്നാല്‍, അതില്‍ തീരുമാനമായില്ല. അഞ്ചേരി ബേബിയെ കൊന്നകേസും ജയകൃഷ്ണന്‍ വധക്കേസും പുനരന്വേഷണത്തിന് തീരുമാനമുണ്ടായിരിക്കുന്നു. ഇതാണ് ഭരിക്കുന്നവര്‍ക്ക് ഒരു നീതി പ്രതിപക്ഷത്തുള്ളവര്‍ക്ക് മറ്റൊരു നീതി എന്ന അനുഭവം.

സുപ്രീംകോടതി ജഡ്ജിക്ക് ഒരു ബാറുടമ കൈക്കൂലി കൊടുക്കുന്നത് നേരില്‍ കണ്ടു എന്ന് സുധാകരന്‍ ഒരു പൊതുയോഗത്തില്‍ പ്രസംഗിച്ചു. ഇന്ത്യന്‍ ജുഡീഷ്യറിയെ കളങ്കപ്പെടുത്തുന്നതാണ് ഈ വെളിപ്പെടുത്തല്‍. സുപ്രീംകോടതി കോഴവാങ്ങിയത് സത്യമാണെന്ന് ഒരു പാര്‍ലമെന്റ് അംഗം ആവര്‍ത്തിച്ച് പറയുമ്പോള്‍ ജുഡീഷ്യറിയുടെ സല്‍പ്പേര് സംരക്ഷിക്കാനെങ്കിലും അന്വേഷണം ആവശ്യമാണ്. ആരോപണം തെളിയിക്കാന്‍ സുധാകരന് ബാധ്യതയുണ്ട്. സുപ്രീംകോടതി ജഡ്ജി സുധാകരനെ ക്ഷണിച്ചുവരുത്തി, താന്‍ കൈക്കൂലി വാങ്ങുന്നത് കാട്ടികൊടുത്തതാകാനിടയില്ല. തന്റെ സുഹൃത്തായ ഒരു ബാറുടമ കേസ് ജയിക്കാന്‍ ജഡ്ജിക്ക് കൈക്കൂലി നല്‍കുന്നതിന് സുധാകരന്‍ ഇടനിലക്കാരനായിരിക്കാനാണ് സാധ്യത. ഈ രണ്ടു സംഭവത്തിലും സുധാകരന്‍ യഥാര്‍ഥ കുറ്റവാളിയാണെന്നു വ്യക്തമാണ്. എന്നിട്ടും സുധാകരനെതിരെ നടപടിയില്ലെന്നതാണ് വിചിത്രമായ തുല്യനീതി. പിഡിപി നേതാവ് അബ്ദുള്‍ നാസര്‍ മഅ്ദനി രണ്ടുവര്‍ഷമായി കര്‍ണാടകത്തില്‍ കരുതല്‍ തടങ്കലില്‍ കഴിയുകയാണ്. മഅ്ദനിയെ കോയമ്പത്തൂര്‍ സ്ഫോടനക്കേസുമായി ബന്ധപ്പെടുത്തി അറസ്റ്റ് ചെയ്ത് കോയമ്പത്തൂര്‍ ജയിലില്‍ പത്തുവര്‍ഷത്തോളം തടങ്കലില്‍വച്ചതാണ്. വിചാരണയ്ക്കുശേഷം നിരപരാധിയാണെന്നു കണ്ട് വിട്ടയച്ചു. ജയില്‍മോചിതനായ മഅ്ദനി തിരുവനന്തപുരത്തെ സ്വീകരണയോഗത്തില്‍ പരസ്യമായി പറഞ്ഞത് താന്‍ പുതിയ മനുഷ്യനാണെന്നാണ്. മതസൗഹാര്‍ദം കാത്തുസൂക്ഷിക്കാനും മതനിരപേക്ഷത ഉയര്‍ത്തിപ്പിടിക്കാനും അവശേഷിക്കുന്ന കാലം പ്രവര്‍ത്തിക്കുമെന്ന് ജനങ്ങള്‍ക്ക് ഉറപ്പുനല്‍കി. പത്തുവര്‍ഷം ജയിലില്‍ കഴിഞ്ഞത് ഒരു കുറ്റവും ചെയ്യാതെയാണെന്നു വ്യക്തം. ജയില്‍ മോചിതനായശേഷം മഅ്ദനി എന്തെങ്കിലും പുതിയ കുറ്റം ചെയ്തതായി ആരോപിക്കാനും കഴിയില്ല. എന്നിട്ടും മഅ്ദനിയെ കര്‍ണാടകത്തിലെ ജയിലില്‍ അടച്ചിരിക്കുകയാണ്. ബാംഗ്ലൂര്‍ സ്ഫോടനവുമായി ബന്ധപ്പെടുത്തി മഅ്ദനിക്കെതിരെ ചുമത്തിയ കുറ്റം വ്യാജതെളിവുകളുടെയും കള്ള സാക്ഷിമൊഴികളുടെയും അടിസ്ഥാനത്തിലാണെന്ന് മാധ്യമങ്ങള്‍ തെളിവുസഹിതം റിപ്പോര്‍ട്ട് ചെയ്തു, അതിനെ നിഷേധിക്കാന്‍ കര്‍ണാടകത്തിലെ ബിജെപി സര്‍ക്കാരിന് ഇതുവരെ കഴിഞ്ഞിട്ടില്ല. ജാമ്യം നല്‍കരുതെന്ന് സര്‍ക്കാര്‍ അഭിഭാഷകന്‍ വീറോടെ വാദിക്കുന്നു. ഒരു കാല്‍ നഷ്ടപ്പെട്ട മഅ്ദനി നിരവധി രോഗങ്ങളുടെ അടിമകൂടിയാണ്. എന്നിട്ടും അദ്ദേഹത്തിന് ചികിത്സപോലും നിഷേധിച്ചിരിക്കുന്നു. മനുഷ്യത്വപരമായ പരിഗണന മഅ്ദനിക്ക് ലഭിക്കാന്‍ അര്‍ഹതയില്ലേ? മഅ്ദനി യുഡിഎഫിനെ സഹായിച്ച ഘട്ടത്തില്‍ മഹാനായിരുന്നു. എന്നല്‍, കോണ്‍ഗ്രസിന്റെ കൊടും വഞ്ചന തിരിച്ചറിഞ്ഞ് എല്‍ഡിഎഫിനെ സഹായിക്കാന്‍ തയ്യാറായി. അതോടെ മഅ്ദനി വീണ്ടും തീവ്രവാദിയായി. യുഡിഎഫിനെ എതിര്‍ക്കുന്ന മഅ്ദനിക്ക് മറ്റൊരു നീതിയാണെന്ന് അര്‍ഥം.

ചന്ദ്രശേഖരന്‍ വധക്കേസില്‍ മോഹനന്‍മാസ്റ്ററോ കാരായി രാജനോ കൊലക്കുറ്റത്തില്‍ പങ്കാളിയാണെന്നതിന് പരാതിപോലുമില്ല. അവര്‍ ഗൂഢാലോചനയില്‍ പങ്കെടുത്തു എന്നാണ് ആരോപണം. മോഹനന്‍ മാസ്റ്റര്‍ക്കും കാരായി രാജനും ജാമ്യം നല്‍കിയാല്‍ കേരളം അറബിക്കടലില്‍ താഴുമെന്നാണ് സര്‍ക്കരിനുവേണ്ടി വാദിക്കുന്ന അഭിഭാഷകരുടെ ധാരണ. യഥാര്‍ഥ കൊലപാതകികളായ ഇറ്റാലിയന്‍ നാവികര്‍ക്ക് ലഭിക്കുന്ന നീതി ഇന്ത്യന്‍ പൗരന്മാര്‍ക്ക് ലഭ്യമാകുന്നില്ല. ഈ വിവേചനം ഇന്ത്യയുടെ പാര്‍ലമെന്ററി ജനാധിപത്യവ്യവസ്ഥയില്‍ പരമാധികാരികളെന്നു കരുതുന്ന പൗരന്മാര്‍ തിരിച്ചറിഞ്ഞ് പ്രതികരിക്കണം. അല്ലെങ്കില്‍ തുല്യനീതി ഇല്ലെന്നുമാത്രമല്ല ഇന്ത്യന്‍ ജനാധിപത്യത്തിന്റെ ഭാവിപോലും അപകടത്തിലാകും.

*
ദേശാഭിമാനി മുഖപ്രസംഗം 22 ഡിസംബര്‍ 2012

No comments: