Wednesday, December 5, 2012

പ്രകാശം കെടുത്തുന്ന ഉന്നതവിദ്യാഭ്യാസ പരിഷ്കാരങ്ങള്‍

പതിനൊന്നാം പഞ്ചവത്സര പദ്ധതിക്കാലത്ത് കേരളം ഉന്നതവിദ്യാഭ്യാസമേഖലയില്‍ കൈവരിച്ച മഹത്തായ നേട്ടങ്ങളിലൊന്നാണ് ബിരുദതലത്തില്‍ നടപ്പാക്കിയ ചോയ്സ് ബേസ്ഡ് ക്രെഡിറ്റ് ആന്‍ഡ് സെമസ്റ്റര്‍ സമ്പ്രദായം (സിബിസിഎസ്എസ്). അന്നത്തെ സംസ്ഥാന സര്‍ക്കാരും ഉന്നത വിദ്യാഭ്യാസ കൗണ്‍സിലും സര്‍വകലാശാലാ ഭരണസമിതികളുമെല്ലാം കൂട്ടായി നടത്തിയ പരിശ്രമത്തിന്റെ ഫലമായാണ് ഇത്തരമൊരു പരിഷ്കാരം നടപ്പാക്കാന്‍ കഴിഞ്ഞത്. ഉന്നത വിദ്യാഭ്യാസത്തിന്റെ ഗുണമേന്മ വര്‍ധിപ്പിക്കുക, വിദ്യാര്‍ഥികളുടെ അക്കാദമിക് മികവ് ഉയര്‍ത്തുക, പാഠ്യപദ്ധതി കൂടുതല്‍ സാമൂഹ്യപ്രസക്തിയുള്ളതാക്കുക, ദേശീയവും സാര്‍വദേശീയവുമായ മാറ്റങ്ങള്‍ക്കനുസൃതമായി കേരളത്തിലെ ഉന്നത വിദ്യാഭ്യാസമേഖലയില്‍ വളര്‍ച്ച കൈവരിക്കുക എന്നിവയെല്ലാമായിരുന്നു ക്രെഡിറ്റ് ആന്‍ഡ് സെമസ്റ്റര്‍ സമ്പ്രദായത്തിലേക്ക് ഉന്നത വിദ്യാഭ്യാസമേഖലയെ മാറ്റുന്നതിന് നിര്‍ബന്ധിതമാക്കിയ ഘടകങ്ങള്‍. ഇന്ത്യയിലെ പ്രസിദ്ധമായ സര്‍വകലാശാലകള്‍ എല്ലാംതന്നെ കേരളത്തോടൊപ്പം ഇത്തരത്തിലുള്ള അക്കാദമിക് പരിഷ്കാരത്തിലേക്ക് പതിനൊന്നാം പദ്ധതികാലയളവില്‍ മാറുകയും ചെയ്തു.

വിദ്യാഭ്യാസ പരിഷ്കാരം കേരളം മാതൃക

ഇത്തരമൊരു പരിഷ്കാരത്തിന് കേരളത്തിന് പ്രേരകശക്തിയായത് കേന്ദ്ര മാനവ വിഭവശേഷിവകുപ്പിന്റെയും യൂണിവേഴ്സിറ്റി ഗ്രാന്റ്സ് കമീഷന്റെ (യുജിസി)യും നിര്‍ലോഭമായ സഹായമായിരുന്നു. വിദ്യാഭ്യാസമേഖലയിലെ കേരളത്തിന്റെ അനുഭവങ്ങള്‍ കേന്ദ്രസര്‍ക്കാരിനും ഇന്ത്യയിലെ ഇതര സംസ്ഥാനങ്ങള്‍ക്കും എക്കാലവും ആവേശമായിട്ടുണ്ട്. അതുകൊണ്ടുതന്നെ ബിരുദതലത്തില്‍ തുടക്കംകുറിച്ച നൂതനമായ ഇത്തരമൊരു പരിഷ്കാരത്തിന്റെ അനുഭവം രാജ്യത്തിനാകെ പ്രയോജനകരമാണ്. ഉന്നത വിദ്യാഭ്യാസ കൗണ്‍സിലിന്റെ നേതൃത്വത്തില്‍ എല്ലാ സര്‍വകലാശാലകളിലെയും ഭരണസമിതികളുടെ മുന്‍കൈയോടെ പൂര്‍ണമായും ജനാധിപത്യപരമായാണ് ഇത്തരമൊരു മാറ്റം നടപ്പാക്കിയത്. അതുകൊണ്ടുതന്നെ അക്കാദമിക് സമൂഹത്തിന്റെയാകെ വിശ്വാസ്യതയും അംഗീകാരവും ആര്‍ജിക്കുന്നതിന് സിബിസിഎസ്എസിന് കഴിഞ്ഞു.

ഗുണമേന്മ ഉയര്‍ത്തിയ സിബിസിഎസ്എസ്


ഉന്നത വിദ്യാഭ്യാസത്തിന്റെ ഗുണമേന്മ ഉയര്‍ത്തുന്നതിന് യുജിസി, നാഷണല്‍ അസസ്മെന്റ് ആന്‍ഡ് അക്രഡിറ്റേഷന്‍ കൗണ്‍സില്‍ (നാക്), നാഷണല്‍ നോളജ് കമീഷന്‍ (എന്‍കെസി) തുടങ്ങിയ നിരവധി ഏജന്‍സികളും കലാകാലങ്ങളില്‍ നിലവില്‍വന്ന വിദ്യാഭ്യാസ കമീഷനുകളും നരിവധി നിര്‍ദേശങ്ങള്‍ മുന്നോട്ടുവച്ചിട്ടുണ്ട്. ഉന്നത വിദ്യാഭ്യാസത്തിന്റെ ഗുണമേന്മ ഉയര്‍ത്തുന്നതിന് സമഗ്രമായ പരിഷ്കരണം വിദ്യാര്‍ഥിപ്രവേശനത്തിലും പാഠ്യപദ്ധതി രൂപീകരണത്തിലും അധ്യയനപ്രക്രിയയിലും മൂല്യനിര്‍ണയത്തിലും ഉണ്ടാകണമെന്നുതന്നെയാണ് ഈ നിര്‍ദേശങ്ങളുടെ കാതലായ അംശം. പതിനൊന്നാം പദ്ധതിയുമായി ബന്ധപ്പെട്ട സമീപനരേഖയില്‍ ഇക്കാര്യം ആവര്‍ത്തിച്ച് വ്യക്തമാക്കുകയും ഇതിന് സഹായകമായ ഘടനാപരമായ പരിഷ്കാരം നിര്‍ദേശിക്കുകയും ചെയ്തു. വാര്‍ഷികപരീക്ഷയെയും പരമ്പരാഗത മൂല്യനിര്‍ണയരീതിയെയും അടിസ്ഥാനമാക്കിയുള്ള പഠനരീതി സിബിസിഎസ്എസ് ആക്കി മാറ്റുന്നതിന് ഇടയാക്കിയത് ഇത്തരമൊരു ദേശീയ കാഴ്ചപ്പാടിന്റെയും അതിന്റെ ഭാഗമായി രൂപപ്പെട്ട നയത്തിന്റെയും ഫലമായായിരുന്നു. ഉന്നത വിദ്യാഭ്യാസമേഖലയെ ബാധിച്ച ഗുരുതരമായ നിലവാരത്തകര്‍ച്ചയ്ക്ക് പരിഹാരം കാണുന്നതിന് വലിയൊരളവുവരെ ഇത്തരമൊരു പരിഷ്കാരത്തിന് കഴിയും എന്ന ചിന്ത ഇതോടൊപ്പം ശക്തിപ്പെട്ടു. അതുകൊണ്ടുതന്നെ കേരളത്തിലെ അന്നത്തെ സര്‍ക്കാര്‍ ഇക്കാര്യത്തില്‍ ആത്മാര്‍ഥമായ നടപടി സ്വീകരിക്കുകയും ഈ ദിശയില്‍ ഏറെ മുന്നോട്ടുപോവുകയും ചെയ്തു.

സര്‍ഗശേഷി മെച്ചപ്പെടുന്നു

ഉന്നത വിദ്യാഭ്യാസവും ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളേജുകളിലെ അക്കാദമിക് പ്രവര്‍ത്തനങ്ങളും അര്‍ഥപൂര്‍ണമായി പുനഃസംഘടിപ്പിക്കുന്നതിനുള്ള നേതൃത്വം ഉന്നത വിദ്യാഭ്യാസ കൗണ്‍സിലിനെയാണ് സര്‍ക്കാര്‍ ഏല്‍പ്പിച്ചത്. ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ അക്കാദമിക് പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ വിദ്യാര്‍ഥി കേന്ദ്രീകൃതമാക്കി മാറ്റി മാത്രമേ ഈ രംഗത്ത് ഗുണകരമായ മാറ്റം വരുത്താന്‍ കഴിയുകയുള്ളൂ എന്ന് സര്‍ക്കാര്‍ തിരിച്ചറിയുകയുണ്ടായി. അതോടൊപ്പം വിദ്യാര്‍ഥികളുടെ അഭിരുചിക്കും കാഴ്ചപ്പാടിനും അനുസൃതമായി പാഠ്യപദ്ധതിയും കോഴ്സുകളും തെരഞ്ഞെടുക്കുന്നതിനുള്ള സ്വാതന്ത്ര്യം ലഭിക്കുകയും വേണം. ഒരോ വിദ്യാര്‍ഥിയുടെയും സര്‍ഗശേഷിയും നൈപുണ്യവും വികസിപ്പിക്കുന്നതിന് കഴിയുംവിധമുള്ള അക്കാദമിക് പ്രക്രിയയായിരിക്കണം ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നടപ്പാക്കേണ്ടത്. ലോക സാഹചര്യങ്ങളും വിജ്ഞാന വികാസവുമായി പാഠ്യപദ്ധതിയെ ബന്ധിപ്പിക്കാന്‍ കഴിയണം. പഠനപ്രക്രിയയില്‍ അധ്യാപകരുടെയും വിദ്യാര്‍ഥികളുടെയും ഉയര്‍ന്ന നിലവാരത്തിലുള്ള പങ്കാളിത്തം ഉറപ്പാക്കണം. ഇത്തരം ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതിന് സിബിസിഎസ്എസാണ് അഭികാമ്യമായിട്ടുള്ളത് എന്ന സുചിന്തിതമായ നിലപാടാണ് അന്നത്തെ സര്‍ക്കാരും ഉന്നതവിദ്യാഭ്യാസ കൗണ്‍സിലും സ്വീകരിച്ചത്.

സാര്‍വദേശീയ ശ്രദ്ധ

ക്രെഡിറ്റ് ആന്‍ഡ് സെമസ്റ്റര്‍ രീതി സാര്‍വദേശീയതലത്തില്‍ത്തന്നെ നടപ്പാക്കി വിജയകരമാണെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്. ബിരുദ- ബിരുദാനന്തര തലത്തില്‍ പഠിക്കുന്ന കുട്ടികളെ സംബന്ധിച്ച് അഭിരുചിക്കനുസരിച്ച് വിഷയങ്ങളും കോഴ്സുകളും തെരഞ്ഞെടുക്കുന്നതിന് ഈ രീതി സ്വാതന്ത്ര്യം നല്‍കുന്നുണ്ട്. വിജ്ഞാനത്തിന്റെ വിശാലതയിലേക്ക് കടക്കുന്നതിനും ബഹുവിഷയ സംബന്ധിയായ കോഴ്സുകള്‍ പൂര്‍ത്തിയാക്കി നിശ്ചിത ക്രെഡിറ്റ് ആര്‍ജിച്ച് ബിരുദപഠനം പൂര്‍ത്തിയാക്കാനും ഇത്തരം രീതി സഹായിക്കുന്നു. പഠിക്കുന്ന മുഖ്യവിഷയത്തോടൊപ്പം അനുബന്ധ വിഷയങ്ങളും ഉപവിഷയങ്ങളും യഥേഷ്ടം തെരഞ്ഞെടുക്കുന്നതിനും അതിലൂടെ സര്‍ഗശേഷി വളര്‍ത്തുന്നതിനും സിബിസിഎസ്എസ് അവസരം നല്‍കുന്നു. ബ്രിട്ടന്‍, അമേരിക്ക, ഓസ്ട്രേലിയ, ജപ്പാന്‍ എന്നീ രാജ്യങ്ങളിലെല്ലാംതന്നെ വിജയകരമായി പരീക്ഷിച്ച് വിദ്യാര്‍ഥികളുടെയും അധ്യാപകരുടെയും വിദ്യാഭ്യാസ വിദഗ്ധരുടെയും അംഗീകാരം കൈവരിക്കുന്നതിനും കഴിഞ്ഞ പശ്ചാത്തലത്തിലാണ് ഇന്ത്യയിലെ പ്രശസ്തമായ സര്‍വകലാശാലകള്‍ക്കൊപ്പം കേരളത്തിലും ഇത്തരമൊരു പരിഷ്കാരത്തിന് തയ്യാറായത് എന്നത് ശ്രദ്ധിക്കപ്പെടേണ്ടതാണ്.

ഹൃദയകുമാരി കമ്മിറ്റി റിപ്പോര്‍ട്ട്

ദീര്‍ഘവിക്ഷണത്തോടെയും ഗുണപരമായ മാറ്റങ്ങള്‍ക്കായും നടപ്പാക്കിയ സിബിസിഎസ്എസ് സമ്പ്രദായത്തെ ശക്തിപ്പെടുത്തുന്നതിനുള്ള നിര്‍ദേശങ്ങളല്ല പ്രൊഫ. ഹൃദയകുമാരി കമ്മിറ്റിയുടേത്. മറിച്ച്, ഈ സമ്പ്രദായത്തിന്റെ പ്രായോഗിക പ്രശ്നങ്ങള്‍ ഉയര്‍ത്തിക്കാട്ടി അതിനെ തകര്‍ക്കുന്ന സമീപനമാണ് സ്വീകരിച്ചത്. ഈ സമ്പ്രദായത്തിന്റെ അക്കാദമിക് മേന്മ തിരിച്ചറിഞ്ഞ് മികവുറ്റ അക്കാദമിക് അന്തരീക്ഷം വളര്‍ത്തിയെടുക്കുന്നതിനാവശ്യമായ ക്രിയാത്മകമായ ഒരു നിര്‍ദേശവും സമര്‍പ്പിക്കാന്‍ ഹൃദയകുമാരി കമ്മിറ്റിക്ക് കഴിഞ്ഞിട്ടില്ല. ക്രെഡിറ്റ് ആന്‍ഡ് സെമസ്റ്റര്‍ സമ്പ്രദായം കാര്യക്ഷമമാക്കുന്നതിനു പകരം, ഇതിനകം വളര്‍ത്തി എടുത്ത അക്കാദമിക് സംസ്കാരത്തെ തകര്‍ക്കുന്നതിനും പഴയ അവസ്ഥയിലേക്ക് മടക്കിക്കൊണ്ടുപോകുന്നതിനുമാണ് ഈ കമ്മിറ്റിയുടെ ശുപാര്‍ശകള്‍ ഏറെയും വഴിതെളിക്കുക. മാത്രവുമല്ല, സ്വാശ്രയ മാനേജ്മെന്റുകളെയും അവരുടെ നിയന്ത്രണത്തിലുള്ള കോളേജുകളെയും സഹായിക്കുന്ന നിര്‍ദേശങ്ങളാണ് മൂല്യനിര്‍ണയ പ്രക്രിയയുമായി ബന്ധപ്പെട്ട് ഹൃദയകുമാരി കമ്മിറ്റി നല്‍കിയിട്ടുള്ളത് എന്നത് ഏറെ ആശങ്ക ഉളവാക്കുന്നു.

ഉന്നതവിദ്യാഭ്യാസ കൗണ്‍സില്‍

ഉന്നത വിദ്യാഭ്യാസ കൗണ്‍സിലിന്റെ ഉയര്‍ന്ന ഇച്ഛാശക്തിയും കര്‍മശേഷിയുമായിരുന്നു കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്തെ ഉന്നത വിദ്യാഭ്യാസ പരിഷ്കാരങ്ങളുടെ പ്രേരകശക്തി. എന്നാല്‍, ഇന്ന് അത്തരമൊരു നേതൃത്വം നല്‍കാന്‍ സുപ്രധാനമായ ഈ സമിതിക്ക് കഴിയുന്നില്ല. കൊല്ലുന്ന രാജാവിന് തിന്നുന്ന മന്ത്രി എന്നതാണ് ഉന്നത വിദ്യാഭ്യാസ കൗണ്‍സിലിന്റെ സമീപനം. ഹൃദയകുമാരി കമ്മിറ്റി മുന്നോട്ടുവച്ച എല്ലാ നിര്‍ദേശങ്ങളെയും അതേപടി അംഗീകരിക്കുന്നതിനാണ് ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ തയ്യാറായത്. സര്‍വകലാശാലകള്‍ കേന്ദ്രീകൃതമായും വിശ്വാസ്യതയോടെയും നടത്തിവന്ന സെമസ്റ്റര്‍ പരീക്ഷയും ബാഹ്യ മൂല്യനിര്‍ണയവും അതത് കോളേജുകള്‍തന്നെ നടത്തിയാല്‍ മതി എന്നതുള്‍പ്പെടെയുള്ള അപകടകരമായ നിര്‍ദേശങ്ങളാണ് ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ അംഗീകരിച്ചത്. മൂല്യനിര്‍ണയ പ്രക്രിയയുടെ വസ്തുനിഷ്ഠതയും ശാസ്ത്രീയതയും അപകടപ്പെടുത്തുന്നതിനാണ് ഇത് വഴിവയ്ക്കുക. മാത്രമല്ല, സ്വകാര്യ- സ്വാശ്രയ മാനേജ്മെന്റുകളുടെ താല്‍പ്പര്യ സംരക്ഷണത്തിനുള്ള ഉപകരണമായി ഉന്നത വിദ്യാഭ്യാസ കൗണ്‍സിലും സര്‍വകലാശാലാ ഭരണസമിതികളും മാറുന്നു എന്നതിന്റെ തെളിവുകൂടിയാണിത്. ക്രെഡിറ്റ് ആന്‍ഡ് സെമസ്റ്റര്‍ സമ്പ്രദായം തകര്‍ക്കുന്നതിനുള്ള പരിശ്രമങ്ങള്‍, ദേശീയതലത്തില്‍ത്തന്നെ പ്രശംസ പിടിച്ചുപറ്റാന്‍ കഴിഞ്ഞ കേരളത്തിലെ ഉന്നത വിദ്യാഭ്യാസമേഖലയെ പിറകോട്ടടുപ്പിക്കുന്നതിനും നേടിയ വളര്‍ച്ചയെ മുരടിപ്പിക്കുന്നതിനും മാത്രമേ വഴിതെളിക്കൂ. ഉന്നത വിദ്യാഭ്യാസമേഖലയില്‍ വിവിധ അക്കാദമിക് സമിതികളുടെയും വിദ്യാഭ്യാസ വിദഗ്ധരുടെയും കൂട്ടായ പരിശ്രമത്തിന്റെ ഫലമായി ജനാധിപത്യപരമായി വളര്‍ത്തിയെടുത്ത പരിഷ്കാരങ്ങളെ ദുര്‍ബലപ്പെടുത്താനും അതിന്റെ പ്രകാശം കെടുത്തുന്നതിനും നടത്തുന്ന ഇത്തരം നീക്കങ്ങള്‍ക്കെതിരെ അക്കാദമിക് സമൂഹത്തിന്റെയും ജനാധിപത്യ പ്രസ്ഥാനങ്ങളുടെയും പ്രതിഷേധം ഉയര്‍ന്നുവരികതന്നെ വേണം.

*
പ്രൊഫ. എന്‍ രമാകാന്തന്‍ ദേശാഭിമാനി

No comments: