Monday, December 31, 2012

തട്ടുപൊളിപ്പന്‍

മാറണം, മാറിയേ പറ്റൂ. മാറിയതാണ് ചരിത്രം. മാറാത്തത് അവശിഷ്ടം. മാറ്റത്തിനുസരിച്ച് മാറുന്നതാണ് ബുദ്ധി. വെള്ളം വന്നാല്‍ നീന്താന്‍ പഠിക്കണം. കാറ്റു വന്നാല്‍ തൂറ്റാന്‍ പഠിക്കണം. പട്ടി കടിക്കാന്‍ വന്നാല്‍ ഓടാന്‍ പഠിക്കണം. ഇതിനെയാണ് ""സര്‍വൈവല്‍ ഓഫ് ദ ഫിറ്റസ്റ്റ്" അഥവാ "അതിജീവിക്കുന്നവന്‍ അനുയോജ്യന്‍" എന്നുപറയുന്നത്.

സാഹചര്യങ്ങള്‍ക്ക് അനുസരിച്ച് ജീവിക്കണം. ഉദാഹരണം- ഓന്ത്. രണ്ടുരീതിയില്‍ അതിജീവിക്കാം. കീഴ്പ്പെടുത്തിയും കാലുപിടിച്ചും. ആദ്യത്തേത് ആയോധനകല, രണ്ടാമത്തേത് ആയുര്‍വേദകല. എന്നുവച്ചാല്‍ ഉഴിച്ചില്‍, തിരുമ്മല്‍ ഇത്യാദി. അന്നത്തെ കേരളമല്ല ഇന്നത്തെ കേരളം. ഇന്നത്തെ കേരളമല്ല നാളത്തെ കേരളം. മാറണം, മാറിയേ പറ്റൂ. മാറാത്ത ദിനോസറുകള്‍ക്ക് വംശനാശം സംഭവിക്കും. അങ്ങനെ വംശനാശം സംഭവിക്കാന്‍ പോകുന്നു മറ്റൊരു സാധനത്തിനും.

പീട്യ, പീടിക, എന്നെല്ലാം വിളിക്കുന്ന പലചരക്കുകട. അരിപ്പീട്യ, തുണിപ്പീട്യ, റേഷന്‍ പീട്യ അങ്ങനെ എന്തെല്ലാം പീടികകളായിരുന്നു നാടെമ്പാടും. "എങ്ങ്ടാ?" "പീട്യേലേക്കാ" ഒഴുക്കും താളവും നിറഞ്ഞ സംഭാഷണങ്ങള്‍ക്ക് മീതെ കാലം യവനിക താഴ്ത്തുന്നു. മധുരമനോഹരമായ പീടികകള്‍. കുത്തിനിര്‍ത്തിയിരിക്കുന്ന നിരപ്പലകകള്‍. അതിന് നടുവിലൂടെ അരഞ്ഞാണം കെട്ടിയ പോലെ കമ്പി. പതുങ്ങിക്കിടക്കുന്ന ഒരു പാവം. കാല്‍ക്കൂട്ടില്‍ കൈവച്ചുറങ്ങുന്ന നിഷ്ക്കളങ്കത. അഹങ്കാരമില്ല, അലങ്കാരങ്ങളില്ല. ഒരു ബോര്‍ഡുപോലുമില്ല. ഉടമയുടെ പേര് തന്നെയായിരിക്കും പീടികയ്ക്കും. ഉക്രൂന്റെ പീട്യ, ഉതുപ്പാന്റ പീട്യ... ഇങ്ങനെ. സ്ഥലത്തിനുപോലും പേര് ചിലപ്പോള്‍ പീടികയുടേതായിരിക്കും."ബാലന്‍പിള്ള മുക്ക്, തണ്ടാന്‍ കവല, പീട്യേപ്പടി" എന്നിങ്ങനെയുള്ള പേരുകള്‍ സുലഭം.
രാവിലെ കുളിച്ച്, കുറി വരച്ച്, ചെവിട്ടില്‍ രണ്ട് തുളസിയിലയും വച്ച് പീട്യ തുറക്കാന്‍ വരുന്ന പീടികക്കാരന്‍. നിരപ്പലകകള്‍ ഓരോന്നായി മാറ്റുമ്പോള്‍ കെട്ടിക്കിടന്ന വായു പലവ്യഞ്ജനങ്ങളുടെ മണവുമായി പുറത്തേക്കൊരു ചാട്ടം. തെറുത്തുവച്ച ചാക്കില്‍ അരി, പയറ്, പരിപ്പ്, പഞ്ചസാര, ശര്‍ക്കര. എല്ലാം കുടവയറന്‍ ചാക്കുകള്‍. ചായപ്പൊടി, കാപ്പിപ്പൊടി, മഞ്ഞള്‍, നീലം, വെളുത്തുള്ളി എന്നിവ പായ്ക്കറ്റുകളില്‍. കടുക്, ജീരകം, ഉലുവ എന്നിവയ്ക്ക് തട്ടിലാണ് സ്ഥാനം. വെളിച്ചെണ്ണ, എള്ളെണ്ണ എന്നിവ ചെറിയ ബഞ്ചില്‍ ചാക്ക് വിരിച്ച് സ്ഥാപിച്ചിട്ടുണ്ടാവും. അളക്കാന്‍ വിവിധ പാത്രങ്ങള്‍. ചില്ലില്‍ പുകപിടിച്ച അലമാരക്കകത്ത് അലക്കണസോപ്പും, കുളിക്കണസോപ്പും. പണ്ട് അങ്ങനെയാണ്. അലക്കണസോപ്പും, കുളിക്കണസോപ്പും. "ഒരു കുളിക്കണസോപ്പും, ഒരു കഷ്ണം അലക്കണസോപ്പും"- അങ്ങനെയാണ് ആശയവിനിമയം. ഉടനെതന്നെ അലക്കണസോപ്പിനെ പൊതിഞ്ഞ മെഴുക്ക് കടലാസ് മാറ്റി, അതിനെ നഗ്നമാക്കി ബഞ്ചില്‍ മലര്‍ത്തി കിടത്തി അറവുകത്തികൊണ്ട് ഒരു കഷ്ണം മുറിക്കും. കാല്‍ഭാഗം കത്തിയുടെ വായ്ത്തലയില്‍. മുകളില്‍ ചെറിയ തട്ടില്‍ ദൈവത്തിന്റെ ഫോട്ടോ. അതില്‍ ചന്ദനത്തിരി കത്തിച്ചാണ് കച്ചോടത്തിന്റെ തുടക്കം.
മാറണം, മാറിയേ പറ്റൂ. സ്ഥലം റപ്പായിച്ചേട്ടന്റെ പീട്യ. കീറിയ നിക്കറിട്ട് ഉണ്ടക്കണ്ണന്‍ ചെക്കന്‍. ബെര്‍മുഡയുടെ ആദിരൂപം. പമ്മിയാണ് നില്‍പ്. റപ്പായിച്ചേട്ടന്‍ ശ്രദ്ധിച്ചില്ല. അത് കുഴപ്പമാണെന്ന് റപ്പായിച്ചേട്ടനറിയാം. അനുഭവമാണ് ഗുരു. എത്രകൊല്ലമായി കച്ചോടം തുടങ്ങീട്ട്. നിവൃത്തിയില്ല. ആപത്തില്‍ അവസാനം തലവച്ചുകൊടുത്തു. "എന്തൂട്ട്നാഡാ..?" "അരക്കിലോ അരീം നൂറ് പരിപ്പും തരാമ്പറഞ്ഞ്"-യന്ത്രംപോലെ ഉണ്ടക്കണ്ണന്‍ ചെക്കന്‍ പറഞ്ഞു. " ആരാണ്‍ഡാ?"

"അച്ചന്‍" " ഡാ... നിന്റച്ചനോട് പറ്റ് കൊറേണ്ട്. തീര്‍ക്കാമ്പറേടാ... എന്നട്ട് മതീട്ടാ" " അടുത്താഴ്ച കൂലിതീര്‍ക്കുമ്പ തരാന്ന് പറയാമ്പറഞ്ഞ്..." "ഇത് കൊറെ കേട്ടതാണ്‍ഡാ..വേഷം കെട്ടാതെ പോഡ ചെര്‍ക്കാ.." ചെക്കന്‍ പോവുന്നില്ല. വീണ്ടും പത്തുമിനിറ്റ്. റപ്പായി വക ഡയലോഗ് വീണ്ടും. " ഡാ... പുണ്യം കിട്ടാന്‍ല്ല റപ്പായി കച്ചോടം കൊണ്ടിരിക്കണേന്ന് വീട്ടീപ്പോയ് പറയെടാ..പോ.." ചെക്കന്‍ പോവുന്നില്ല. വീണ്ടും നിര്‍ണായകമായ പത്തു മിനിറ്റ്.

പോഡാ... വീട്ടീത്തെരക്കൂല്ലേഡാ.." ചെക്കന്‍ പോവുന്നില്ല. വീണ്ടും പത്തു മിനിറ്റ്. റപ്പായിച്ചേട്ടന് ഒരു കാലി അടിക്കേണ്ട സമയം. " നീ കാലത്ത് വല്ലതും തിന്നാ?" ചെക്കന്‍ രണ്ടു തോളും ചെവി വരെ കൊണ്ടുപോയി താഴേക്കിട്ടു. ഇല്ല. റപ്പായി രണ്ടു ചായ വരുത്തി. അതിലൊന്ന് ഉണ്ടക്കണ്ണന്‍ ചെക്കന്. വീണ്ടും പത്തു മിനിറ്റ്. റപ്പായി കടുപ്പിച്ച് പറഞ്ഞു.

" അരീം പരിപ്പോന്നുമില്ല. പൊക്കോ." ചെക്കന്‍ പോവുന്നില്ല. " ഡാ... അടുത്താഴ്ച തീര്‍ക്കോ" ചെക്കന്‍ തലയാട്ടി. റപ്പായി അരീം പരിപ്പും പൊതിഞ്ഞുകൊടുത്തു. മാറണം, മാറിയേ തീരൂ. അബൂബക്കര്‍ എന്ന അവോക്കറിന്റെ പീട്യ. നിരപ്പലകയില്‍ ചാരി മൗനത്തില്‍നില്‍ക്കുന്ന മൈമുന താത്ത. ഭാവം വിഷാദം. അവോക്കറിന് സംശയം. "..ന്ത്യേ പറ്റീ ങ്ക്ക്?" "വെശ്മം..." "എന്താപ്പാ ത്ര വെശ്മം?" "അവോക്കറെ മോള്‍ഡ നിക്കാഹായി.." " അയ്നാ ത്ര സങ്കടം?" "കാര്യങ്ങളൊക്കെ നടക്കണ്ടെ അവോക്കറെ?.

ഞാനൊരാളല്ലെ ഒള്ള്." "ഒക്കെ പടശ്ശോന്‍ ശരിയാക്കും. ങ്ള് വെശ്മിക്കാണ്ടിരിക്ക്." "അവോക്കറെ ഒരുപകാരം ശെയ്യണം. ത്തിരി അരീം സാമാനോം കടന്തരണം. നിക്കാഹ് കയിയുമ്പത്തരാ.." അത്രക്ക് കരുതീല്ല.

എങ്കിലും പറഞ്ഞു. "അയ്നെന്താ... ങ്ള് കൊണ്ടേയ്ക്കോളീ... നിക്കാഹ് കയിഞ്ഞ അതികം ബൈകര്ത്... മ്മ്ള് ഒരു കണക്കിനാണ് ഇത് ഉന്തിയുരിട്ടി കൊണ്ടോണത്.." മാറുകയാണ്, മാറിയേ പറ്റൂ. പീട്യത്തിണ്ണയില്‍ ഒരു ബഞ്ചു ണ്ടാവും. റിട്ടയര്‍ ചെയ്തവര്‍ക്കുള്ളതാണ്. വൈകുന്നേരമാവുന്നതോടെ വിവിധയിനം പക്ഷികള്‍ അവിടെ ചേക്കയേറും. എല്ലാം തൂവല്‍കൊഴിഞ്ഞത്. മിക്കതിനും ഒരുമാതിരി കുഴമ്പിന്റെ മണമായിരിക്കും. പിന്നെ ചര്‍ച്ച. ചങ്ങമ്പുഴക്കവിത മുതല്‍ ചന്ദ്രനില്‍ കാലുകുത്തിയതു വരെയുണ്ടാവും ആ വിജ്ഞാനശേഖരത്തില്‍. അവസാനം, കാലം മാറിയെന്നും ഇപ്പോള്‍ ഒന്നും ശരിയല്ലെന്നും, പറഞ്ഞിട്ടു കാര്യമില്ലെന്നും, പറയുന്നവര്‍ മണ്ടന്മാരാവുമെന്നും പ്രമേയം അവതരിപ്പിക്കും. ഏകകണ്ഠമായി ഇത് പാസ്സാക്കും. എല്ലാക്കാലത്തും എല്ലാവരും അവതരിപ്പിക്കുന്ന പ്രമേയം.

മാറണം, മാറിയേ പറ്റൂ. നാലുംകൂടിയ കവലകളിലെ അതിപുരാതന പീടികകളുടെ കാലം കഴിയുന്നു. ഒരു ഹാരപ്പന്‍ സംസ്ക്കാരത്തിന്റെ അന്ത്യമണി മുഴങ്ങുന്നു. ഹാരപ്പന്‍ സംസ്ക്കാരത്തിന്റെ മീതെ ഉയര്‍ന്ന സംസ്ക്കാരം അത്രത്തോളം വന്നില്ല. ആയുധത്തിന്റെ അതിജീവനം. മുക്കിലെ പീടികകളുടെ സ്ഥാനത്ത് ഇനി സൂപ്പര്‍മാര്‍ക്കറ്റുകള്‍, വാള്‍മാര്‍ട്ടുകള്‍. മാറണം, മാറിയേ പറ്റൂ. കാല്‍നടക്കും, കാളവണ്ടിക്കും, മീതെ കാലചക്രം ഉരുണ്ടുപോയി. ചട്ടയും മുണ്ടും ഞൊറിഞ്ഞുടുക്കലും പോയി. ഒരാപ്പ് ചായേം ഒരു പുഴുക്കും പോയി. ഒരു സൈക്കിള്‍ തന്നെ വല്ലപ്പോഴും ഉരുണ്ടു പോയിരുന്ന നാട്ടിടവഴികള്‍ക്ക് വലിയ കാറുകളെ താങ്ങാന്‍ വീതിയില്ലാതായി. ചങ്ങാടവും കടത്തുകാരനും പോയി. ഇതിനെയെല്ലാം ചുറ്റിപ്പറ്റിയ ലോകവും പോയി. അതുണ്ടാക്കിയ ഭാഷയും, പ്രയോഗവും, ശൈലിയും പോയി. ആ സംസ്ക്കാരവും മൂല്യവും പോയി. ആ പശുവും ചത്തു, മോരിലെ പുളിയുംപോയി. പക്ഷേ ആ ഉണ്ടക്കണ്ണന്‍ ചെക്കന്റെ വീട്ടില്‍ ഇപ്പോഴും അരി കടം വാങ്ങണം.

മൈമുനത്താത്തക്ക് മകളെ കെട്ടിക്കാന്‍ കാശു വേണം. മാറണം, മാറിയേ പറ്റൂ. എന്നിട്ടും ചില ജീവിതങ്ങള്‍ ഇപ്പോഴും മാറാതെ നില്‍ക്കുന്നു. ഉണ്ടക്കണ്ണന്‍ ചെക്കനും മൈമുനത്താത്തയും ഇനി വാള്‍മാര്‍ട്ടിലെത്തും.

കാലുവച്ചു കൊടുത്താല്‍ കോണി കൊണ്ടുപോവും. ഓപ്പണ്‍സെസേം... ആലിബാബ കണ്ട അത്ഭുതലോകം. അവിടെ വേറെ പെരുമാറ്റരീതികളാണ്, ഭാഷയാണ്, ശൈലിയാണ്, ഭാവമാണ്. ഉല്‍പ്പന്നങ്ങളുടെ പ്രളയം. സിംഗപ്പൂര്‍ മുതല്‍ സ്വിറ്റ്സര്‍ലന്‍ഡു വരെ. ഇവിടെച്ചെന്ന് "നൂറ് പരിപ്പു തര്വോ" എന്ന് ഉണ്ടക്കണ്ണന്‍ ചെക്കന് ചോദിക്കാന്‍ ആവില്ല. പരിപ്പ് എന്നു പറഞ്ഞാല്‍ തന്നെ മനസ്സിലാവണമെന്നില്ല..."...ത്തിരി ബേഗം താ. അരീം അടപ്പത്തിട്ട് പോന്നതാണ്" എന്ന് പറയാനാവില്ല. അവിടെ ഉല്‍പ്പന്നങ്ങള്‍ക്ക് മുന്നില്‍ എല്ലാവരും സമന്മാരാണ്!.

സംശയിച്ചും പരിഭ്രമിച്ചുംനിന്നാല്‍ സഹായിക്കാന്‍ ഫ്ളോര്‍ മാനേജേഴ്സ് വരും. "മേ ഐ ഹെല്‍പ് യു?" മാനേഴ്സ്. അവിടത്തെ ഉടുപ്പും നടപ്പും എടുപ്പും നമ്മളിലെ അപകര്‍ഷബോധത്തെ പുറത്തുകൊണ്ടുവരും. ഉല്‍പ്പന്നങ്ങള്‍ക്കു മുന്നില്‍ അന്യനെപ്പോലെ നില്‍ക്കും. പുതിയ ഭാഷാ-പെരുമാറ്റ രീതികള്‍ പഠിച്ചില്ലെങ്കില്‍ പട്ടിണികിടന്ന് ചാകേണ്ടിവരും.

ഇനി ഉണ്ടക്കണ്ണന്‍ ചെക്കനും മൈമുനത്താത്തയും വാള്‍മാര്‍ട്ടുകളുടെ ഭാഷ പഠിക്കണം. സ്വന്തം ഭാഷയെക്കുറിച്ച് അപകര്‍ഷമുണ്ടാക്കുക എന്നതാണ് സാമ്രാജ്യത്തത്തിന്റെ ആദ്യ പണി എന്ന് ഗ്രാംഷി. ഒരു കുറച്ചില്‍. വില്‍പന വസ്തുക്കളുടെ മുന്നില്‍ മനുഷ്യന്‍ ചെറുതായിപ്പോവുന്നു!. "ചിരിക്കുന്ന മൃഗം, ചിന്തിക്കുന്ന മൃഗം" എന്നിങ്ങനെ മനുഷ്യനെ മാറിമാറി നിര്‍വചിച്ചു. ഇപ്പോള്‍ മനുഷ്യന് പുതിയ നിര്‍വചനം. "വാങ്ങുന്ന മൃഗം" നിങ്ങള്‍ എന്തു വാങ്ങുന്നുവോ അതാണ് നിങ്ങള്‍.

നിങ്ങള്‍ എന്ത് പ്രവര്‍ത്തിക്കുന്നുവോ അതാണ് നിങ്ങള്‍ എന്ന് കരുതിയിരുന്ന കാലമുണ്ടായിരുന്നു. നിങ്ങള്‍ എന്ത് പറയുന്നുവോ അതാണ് നിങ്ങള്‍ എന്നും കരുതിയിരുന്ന കാലമുണ്ടായിരുന്നു. ഇപ്പോള്‍ നിങ്ങള്‍ ആരാണെന്ന് തീരുമാനിക്കുന്നത് നിങ്ങളുടെ കൈയിലിരിക്കുന്ന മൊബൈല്‍ ഫോണാണ്. നിങ്ങളുടെ ഡ്രോയിങ് റൂമിലിരിക്കുന്ന ടി വി സെറ്റാണ്. നിങ്ങളുടെ ഷെഡില്‍ കിടക്കുന്ന കാറാണ്. നിങ്ങള്‍ ധരിക്കുന്ന വസ്ത്രമാണ് ഇപ്പോള്‍ നിങ്ങള്‍. നിങ്ങളിടുന്ന ചെരിപ്പാണ് ഇപ്പോള്‍ നിങ്ങള്‍. നമ്മളിപ്പോള്‍ ബ്രാന്റുകളാണ്. നമ്മളെ നയിക്കുന്നത് ബ്രാന്റ് അമ്പാസിഡര്‍മാരാണ്. മാറണം, മാറിയേ പറ്റൂ. ഉണ്ടക്കണ്ണന്‍ ചെക്കനും, മൈമുനത്താത്തയും മാറിയേ പറ്റൂ.

*
എം എം പൗലോസ് ദേശാഭിമാനി വാരിക

No comments: