Saturday, April 6, 2013

കളളപ്പണവും സ്വകാര്യബാങ്കുകളും

കള്ളപ്പണം വെളുപ്പിക്കാനുള്ള ഉപായങ്ങള്‍ അറിയണമെങ്കില്‍ ഐസിഐസിഐ, അക്സിസ്, എച്ച്ഡിഎഫ്സി എന്നീ പുത്തന്‍തലമുറ സ്വകാര്യബാങ്കുകളോട് ചോദിച്ചാല്‍ മതിയാകും. കോബ്രാപോസ്റ്റ് എന്ന ഓണ്‍ലൈന്‍ മാസികയുടെ അസോസിയേറ്റ് എഡിറ്ററായ സെയ്ദ് മന്‍സൂര്‍ ഹസന്‍ പേരു മാറ്റി ഇന്ത്യയുടെ എല്ലാ പ്രധാന നഗരങ്ങളിലുമുള്ള ഈ ബാങ്കുകളിലെ ഡസന്‍ കണക്കിനു മാനേജര്‍മാരെ സമീപിച്ചു. താന്‍ ഒരു പ്രമുഖ രാഷ്ട്രീയ നേതാവിന്റെ ഏജന്റാണ്, ഏതാനും കോടി രൂപയുടെ കള്ളപ്പണം ഉണ്ട്, അതു വെളുപ്പിക്കാന്‍ സഹായിക്കാമോ എന്നായിരുന്നു അന്വേഷണം. ബാങ്കുകളുമായി ഒരു മുന്‍പരിചയവും ഇല്ലാതിരുന്നിട്ടുപോലും എല്ലായിടത്തും ചുവപ്പു പരവതാനി സ്വീകരണമാണ് ഹസനു ലഭിച്ചത്.

കോബ്രാ പോസ്റ്റ് ചില്ലറക്കാരല്ല. കഴിഞ്ഞ വര്‍ഷം പത്ത് ലോക്സഭാ അംഗങ്ങളുടെ ജോലി കളഞ്ഞവരാണവര്‍. ലോക്സഭയില്‍ ചോദ്യങ്ങള്‍ ചോദിക്കാന്‍ അംഗങ്ങള്‍ പണം വാങ്ങുന്നതിന്റെ ഒളികാമറ ദൃശ്യങ്ങള്‍ അവര്‍ പ്രസിദ്ധീകരിച്ചു. ഇതുപോലെ പുത്തന്‍ തലമുറ ബാങ്കുകളെക്കുറിച്ച് ഒരു അന്വേഷണാത്മക റിപ്പോര്‍ട്ട് തയ്യാറാക്കുന്നതിന് അവര്‍ തീരുമാനിച്ചു. സംഭാഷണങ്ങള്‍ മുഴുവന്‍ ടേപ്പുചെയ്യുന്നുവെന്ന് ബാങ്കുദ്യോഗസ്ഥന്‍മാര്‍ അറിഞ്ഞില്ല. നൂറുകണക്കിന് മണിക്കൂര്‍ വരുന്ന സംഭാഷണങ്ങള്‍ കൂട്ടി വായിക്കുമ്പോള്‍ കള്ളപ്പണം വെളുപ്പിക്കാന്‍ പുത്തന്‍തലമുറ സ്വകാര്യ ബാങ്കുകള്‍ നല്‍കുന്ന വിദഗ്ധ സേവനങ്ങളുടെ ഒരു നഖചിത്രം നമുക്കു ലഭിക്കും. കള്ളപ്പണം പലതരമുണ്ട്. മാഫിയകളുടെ കൈയിലുള്ള, കളവും കൊള്ളയും വഴി തട്ടിയെടുക്കുന്ന കൊള്ള മുതല്‍ കള്ളപ്പണമാണ്. രാഷ്ട്രീയക്കാരും ഉദ്യോഗസ്ഥ പ്രമാണിമാരും വാങ്ങുന്ന കൈക്കൂലിയും കള്ളപ്പണമാണ്. പൊതുമുതല്‍ ചുളുവിലയ്ക്കു തട്ടിയെടുത്തു കോര്‍പറേറ്റുകള്‍ സ്വന്തം ഖജാനയില്‍ നിറച്ചിരിക്കുന്നതും കള്ളപ്പണമാണ്. ഇതിനൊക്കെ പുറമെയാണ്, നികുതി കൊടുക്കാതെ ഒളിപ്പിച്ചിരിക്കുന്ന പണം.

നിയമവിരുദ്ധമായ മാര്‍ഗങ്ങളിലൂടെ സമാഹരിച്ച പണമായതുകൊണ്ടാണ് കള്ളപ്പണം എന്നു വിളിക്കുന്നത്. ഈ പണം നിയമവിധേയമായ മാര്‍ഗങ്ങളിലൂടെ ലഭിച്ചുവെന്ന് രേഖയുണ്ടാക്കിയാലേ പരസ്യമായ ധനഇടപാടുകള്‍ക്കായി ഉപയോഗപ്പെടുത്താനാവൂ. ഇപ്രകാരം കള്ളപ്പണത്തെ നിയമവിധേയമാക്കുന്നതിനെയാണ് വെളുപ്പിക്കുക (ഹമൗിറലൃശിഴ) എന്നു പറയുന്നത്. സ്വകാര്യബാങ്കുകള്‍ കള്ളപ്പണം വെളുപ്പിക്കാന്‍ ഉപയോഗിക്കുന്ന ഉപായങ്ങളെല്ലാം കോബ്രാ ടേപ്പുകളില്‍ നിന്ന് വ്യക്തമാകുന്നുണ്ട്. സ്ഥലപരിമിതി മൂലം അവയെല്ലാം വിവരിക്കുന്നില്ല. പ്രധാനപ്പെട്ട ഉപായങ്ങള്‍ താഴെ പറയുന്നു; ം കള്ളപ്പണം ബാങ്ക് അക്കൗണ്ടില്‍ നിക്ഷേപിക്കുക. പക്ഷേ, അക്കൗണ്ട് തുറക്കുന്നതിന് മുമ്പ് ഇടപാടുകാരനെക്കുറിച്ചുള്ള വിശദാംശങ്ങള്‍ ബാങ്ക് അറിഞ്ഞിരിക്കണം എന്നാണ് ചട്ടം. ബാങ്കുകള്‍ പൊതുവില്‍ അംഗീകരിച്ചിട്ടുള്ളതാണ് സിീം ്യീൗൃ രൗെേീാലൃ ുീഹശര്യ (ഇടപാടുകാരനെ അറിയല്‍ നയം) എന്ന മാര്‍ഗനിര്‍ദ്ദേശം. അക്കൗണ്ട് എടുക്കുന്ന ആളിന്റെ തൊഴില്‍, വരുമാനമാര്‍ഗം തുടങ്ങിയ കാര്യങ്ങള്‍ ബാങ്ക് അധികൃതര്‍ ചോദിച്ചറിയണം. ഇടപാടുകാരന്‍ പാന്‍കാര്‍ഡ് ഹാജരാക്കണം. എന്നാല്‍ ഇവയൊന്നും വേണ്ടതില്ല എന്നാണ് പല ബാങ്ക് മാനേജര്‍മാരും ഹസനോട് പറഞ്ഞത്. അക്കൗണ്ട് തുറക്കാം, വലിയ തുക ഒറ്റയടിക്കു നിക്ഷേപിക്കുന്നത് ശ്രദ്ധ ക്ഷണിക്കും എന്നു തോന്നുന്നുവെങ്കില്‍ ഒന്നിലേറെ അക്കൗണ്ടുകള്‍ തുറക്കാന്‍ അനുവദിക്കാം എന്ന ഉദാരമായ നിലപാടും അവര്‍ സ്വീകരിച്ചു.

കള്ള അക്കൗണ്ടുകള്‍ തുറക്കുന്നതിന് വ്യാജ തൊഴിലും മേല്‍വിലാസവും സൃഷ്ടിക്കാന്‍ ബാങ്കുകള്‍ തന്നെ കൂട്ടുനില്‍ക്കുന്നു. ബലാത്സംഗ കുറ്റവാളി ബിട്ടയ്ക്കു മാത്രമല്ല, ബാങ്കുകളുടെ സഹായത്തോടെ കള്ളപ്പണക്കാരനും അപരനായി മാറാമെന്ന് കോബ്രാ ടേപ്പുകള്‍ തെളിയിക്കുന്നു. ം ഇതിനേക്കാളേറെ അപകടകരമായ നീക്കം ബാങ്കുകളുടെ നിലവിലുള്ള ഇടപാടുകാരുടെ അക്കൗണ്ടുകള്‍ കള്ളപ്പണം നിക്ഷേപിക്കാനും പിന്‍വലിക്കാനും ഉപയോഗപ്പെടുത്തുന്നതാണ്. ഇതു രണ്ടു രീതിയിലാവാം. റദ്ദാക്കാത്ത, എന്നാല്‍ ഉപയോഗിക്കാതെ കിടക്കുന്ന അക്കൗണ്ടുകള്‍ ഏറെയുണ്ട്. ഭഡോര്‍മന്റ് അക്കൗണ്ട്&ൃെൂൗീ; എന്ന ഈ അക്കൗണ്ടുകളില്‍ ഉടമസ്ഥര്‍ അറിയാതെ പണം നിക്ഷേപിക്കുകയും പിന്‍വലിക്കുകയും ചെയ്യാം. കള്ളയൊപ്പ് വേണമെന്നു മാത്രം. നിലവിലുള്ള അക്കൗണ്ടുകാരെ ബിനാമിയായി ഉപയോഗപ്പെടുത്തുകയാണ് മറ്റൊരു രീതി. ഈ അക്കൗണ്ടുകാരന്‍ ഒരു ഏജന്റു മാത്രമായിരിക്കും. ഒപ്പിട്ട ചെക്കുകളും എടിഎം ക്രെഡിറ്റ് കാര്‍ഡും കള്ളപ്പണക്കാരന് മുന്‍കൂറായി നല്‍കിയിരിക്കണം. അക്കൗണ്ടിലെത്ര പണമുണ്ടെന്ന് യഥാര്‍ത്ഥ നിക്ഷേപകനോട് ബാങ്ക് അധികൃതര്‍ പറയുകയുമില്ല. ം സ്വന്തം ബാങ്കില്‍ നിന്നോ മറ്റു ബാങ്കുകളില്‍ നിന്നോ ഇടപാടുകാരന്റെ പേരില്‍ ബാങ്ക് ഡ്രാഫ്റ്റ് ഏര്‍പ്പാടാക്കുക. ഇടപാടുകാരന്റെ അക്കൗണ്ടില്‍ കാണിക്കാതെ നിക്ഷേപം തരപ്പെടുത്തുകയാണ് ഇതിന്റെ ലക്ഷ്യം.

രഹസ്യമായി ലോക്കറുകളില്‍ നേരിട്ടു പണമോ അല്ലെങ്കില്‍ സ്വര്‍ണമോ സൂക്ഷിക്കാന്‍ അനുവദിക്കുക. ഇതിന്റെ ഈടില്‍ ബാങ്കില്‍ നിന്ന് വായ്പ അനുവദിക്കുമ്പോള്‍ നിയമവിധേയമായ പണം ഇടപാടുകാരനു ലഭിക്കും. ം വിദേശ ഇന്ത്യക്കാര്‍ക്കു പ്രത്യേക അക്കൗണ്ടുകള്‍ റിസര്‍വ് ബാങ്ക് അനുവദിച്ചിട്ടുണ്ട്. സാധാരണ നടപടിക്രമങ്ങള്‍ പാലിക്കാതെ പണം ഈ അക്കൗണ്ടുകളിലേയ്ക്കു ട്രാന്‍സ്ഫര്‍ ചെയ്യുക. പിന്നീട് നിയമവിധേയമായി വിദേശത്തേയ്ക്കു കടത്താനോ നാട്ടില്‍ ഉപയോഗിക്കാനോ സഹായിക്കുക. ം ഇന്‍ഷ്വറന്‍സ് വാങ്ങണമെങ്കില്‍ 50,000 രൂപയില്‍ കൂടുതലുള്ള ചെക്കു വഴി വേണമെന്നാണ് നിബന്ധന. പക്ഷേ, കള്ളപ്പണക്കാര്‍ക്കു വേണ്ടി ഈ നിബന്ധന വേണ്ടെന്നു വെയ്ക്കാന്‍ ബാങ്കുകള്‍ തയ്യാറാണ്. പോളിസിയെടുത്തു കഴിഞ്ഞാല്‍ ലോക്ക് ഇന്‍ പീരിയഡ് കഴിയുന്നതിനു മുമ്പ് തന്നെ പോളിസി റദ്ദാക്കാനും സഹായിക്കും. ഇങ്ങനെ പലതരം ഉപായങ്ങള്‍ ഇന്‍ഷ്വറന്‍സ് വഴി കള്ളപ്പണം വെളുപ്പിക്കാന്‍ ഉപയോഗിക്കുന്നു. ം ഇന്‍ഷ്വറന്‍സ് പോളിസികള്‍ മാത്രമല്ല, സര്‍ക്കാര്‍ സെക്യൂരിറ്റികള്‍, മ്യൂച്ച്വല്‍ ഫണ്ടുകള്‍, സ്വര്‍ണം എന്നിവയില്‍ നിക്ഷേപിക്കാന്‍ ബാങ്കുകള്‍ക്കു സഹായിക്കാനാവും. ഏതെങ്കിലും ഒരു ഇനത്തില്‍ മാത്രമായി കള്ളപ്പണം നിക്ഷേപിക്കാതെ വ്യത്യസ്ത ഉപാധികളെ ഉപയോഗപ്പെടുത്താനാണ് കള്ളപ്പണക്കാര്‍ക്കു താല്‍പര്യം. ഒരു കാര്യം തീര്‍ച്ച. ഇന്ത്യയിലെ സ്വര്‍ണത്തിനായുള്ള ആര്‍ത്തിയ്ക്കും സ്വര്‍ണ വിലക്കയറ്റത്തിനും ഒരു സുപ്രധാന കാരണം കള്ളപ്പണമാണ്. ം ബിനാമിയായോ അല്ലാതെയോ ആരംഭിക്കുന്ന അക്കൗണ്ടുകളിലെ പണം വേറെ അക്കൗണ്ടുകളിലേയ്ക്കോ ആസ്തികള്‍ വാങ്ങുന്നതിനോ തുടര്‍ച്ചയായി വിനിയോഗിക്കുന്നതിന്റെ ഫലമായി കുറെ കഴിയുമ്പോള്‍ ഒരു ഓഡിറ്റിനും സോഴ്സ് ഏതെന്ന് തിരിച്ചറിയാതെ വരും. ഇങ്ങനെ യഥാര്‍ത്ഥ സ്രോതസും നിലവിലുള്ള ധനവിന്യാസവും തമ്മിലുള്ള ബന്ധം മറച്ചുവെയ്ക്കുന്നതിന് ധനകാര്യ അടുക്കുകള്‍ ഉയര്‍ത്തുന്ന പ്രക്രിയയായതു കൊണ്ട് മറയിടുക (ഹമ്യലൃശിഴ) എന്നാണ് ഇതിനെ പറയുന്നത്. കള്ളപ്പണം കൈകാര്യം ചെയ്യുന്നതില്‍ തെല്ലൊരു അഹങ്കാരത്തോടെയാണ് ബാങ്ക് അധികൃതര്‍ വീഡിയോ ടേപ്പുകളില്‍ പ്രസംഗിക്കുന്നത്. ചില മൊഴിമുത്തുകള്‍ ഇതാ: ഡല്‍ഹിയിലെ എച്ച്ഡിഎഫ്സി മാനേജര്‍; എച്ച്ഡിഎഫ്സി കള്ളപ്പണം വിഴുങ്ങാന്‍ മാത്രമാണ് നിലനില്‍ക്കുന്നത്. മറ്റൊരു വനിതാ മാനേജര്‍, ഈ മേശമേല്‍ ഇരുന്ന് ഞാന്‍ തന്നെ 90 ലക്ഷം രൂപയാണ് എണ്ണിയത്. അതിനെന്താ! എല്ലാം രഹസ്യമായിരിക്കും. വീട്ടില്‍ വരാമല്ലോ. നോട്ടെണ്ണല്‍ യന്ത്രവും കൊണ്ടുവരാം. ബാങ്ക് ഇടപാടു സമയം കഴിഞ്ഞ് ലോക്കറുകള്‍ തുറക്കാന്‍ അവസരം തരാം. ആക്സിസ്, ഐസിഐസിഐ, എച്ച്ഡിഎഫ്സി എന്നീ മൂന്ന് ബാങ്കുകളാണ് സ്വകാര്യബാങ്കുകളുടെ വിജയമാതൃകകളായി പ്രകീര്‍ത്തിക്കപ്പെടുന്നത്. എങ്ങനെയും ലാഭമുണ്ടാക്കാനുള്ള വ്യഗ്രതയില്‍ ബാങ്ക് നിയമം മാത്രമല്ല ആദായ നികുതി, വിദേശ നാണയ നിയമം തുടങ്ങിയവ മാത്രമല്ല ക്രിമിനല്‍ നിയമം പോലും ലംഘിക്കുന്നതിന് ഒരു മടിയുമില്ല.

അപരിചിതനായ ഒരു അന്വേഷകനോട് ഇത്ര തുറന്നു പറയുന്നവര്‍ സുപരിചിതരായ കള്ളപ്പണക്കാര്‍ക്ക് എന്തെല്ലാം സൗകര്യങ്ങള്‍ ചെയ്തുകൊടുക്കില്ല? ഇന്ത്യ മുഴുവനുമുള്ള സാമ്പിള്‍ ബാങ്കു ബ്രാഞ്ചുകളിലുണ്ടായ ഒരേ രീതിയിലുള്ള പ്രതികരണം സൂചിപ്പിക്കുന്നത് കള്ളപ്പണം വെളുപ്പിക്കുന്നതിനുള്ള നടപടികള്‍ ഈ പുത്തന്‍തലമുറ ബാങ്കുകളില്‍ വ്യവസ്ഥാപിതമായിത്തീര്‍ന്നു എന്നു തന്നെയാണ്. ഏതെങ്കിലും തരത്തില്‍ വ്യവസ്ഥാപിതമോ സംഘടിതമോ ആയ കള്ളത്തരത്തെ പാടേ നിഷേധിക്കുന്ന പ്രതികരണമാണ് കുറ്റവാളികളായ ബാങ്കുകളുടേത്. ബാങ്ക് മേധാവികള്‍ക്കോ നയങ്ങള്‍ക്കോ വെട്ടിപ്പുമായി യാതൊരു ബന്ധവും ഇല്ലെന്നും കീഴ്ത്തട്ടിലെ ചില മാനേജര്‍മാരുടെ ബിസിനസ് വര്‍ദ്ധിപ്പിക്കുന്നതിനുള്ള ആര്‍ത്തിയുടെ ഫലമാണിതെന്നും വാദിച്ച് അവര്‍ കൈകഴുകാന്‍ ശ്രമിക്കുന്നു.

എല്ലാ ബാങ്കുകളും അന്വേഷണം നടത്താന്‍ തീരുമാനിച്ചിട്ടുണ്ട്. എച്ച്ഡിഎഫ്സി 20ഉം ഐസിഐസിഐ 18ഉം ആക്സിസ് 16 ഉദ്യോഗസ്ഥരെയും സസ്പെന്‍ഡ് ചെയ്തിട്ടുണ്ട്. കീഴ്ത്തട്ടിലെ ഏതാനും ഉദ്യോഗസ്ഥരെ സസ്പെന്‍ഡ് ചെയ്തുകൊണ്ട് അഴിമതിയുടെ ചെളിക്കുണ്ടില്‍ നിന്ന് കരകയറാമെന്നാണ് അവര്‍ കരുതുന്നത്. ബാങ്കുകള്‍ ഇത്തരത്തില്‍ കള്ളപ്പണ ഇടപാടുകള്‍ നിര്‍ബാധം നടത്തുന്നതിന് സഹായകരമായത് ബാങ്ക് കാഷ് ഇടപാടു നികുതി 2009ലെ തെരഞ്ഞെടുപ്പിനു മുമ്പ് പി ചിദംബരം പിന്‍വലിച്ചതാണ്. 50,000 രൂപയ്ക്കു മുകളില്‍ ക്യാഷായി പണം ഇടപാടു നടത്തുമ്പോള്‍ 0.01 ശതമാനം നികുതി നല്‍കണമായിരുന്നു. വരുമാനത്തേക്കാള്‍ ഉപരി ഇടപാടുകളെ കുറിച്ച് ആദായ നികുതി വകുപ്പിന് വിവരങ്ങള്‍ ശേഖരിക്കുക എന്നതായിരുന്നു ഈ നികുതിയുടെ ലക്ഷ്യം. എന്നാല്‍ ബജറ്റ് പ്രസംഗത്തില്‍ ചിദംബരം പറഞ്ഞത് ഇതായിരുന്നു. കഴിഞ്ഞ ഏതാനും വര്‍ഷം രൂപം നല്‍കിയ പുതിയ നടപടിക്രമങ്ങള്‍ മൂലം സുഗമമായി വിവരശേഖരണം നടത്താനാവുമെന്നതുകൊണ്ട് 2009 ഏപ്രില്‍ 1 മുതല്‍ ഈ നികുതി പിന്‍വലിക്കുകയാണ് ഈ നികുതി ഉണ്ടായിരുന്നെങ്കില്‍ കള്ളപ്പണം കൊണ്ടുള്ള കുതന്ത്രങ്ങളില്‍ ഏര്‍പ്പെടാന്‍ ബാങ്കുകള്‍ക്കു ഇത്ര സുഗമമായി കഴിയുമായിരുന്നില്ല. കള്ളപ്പണത്തിനും നികുതി വെട്ടിപ്പിനുമെതിരെ കുരിശുയുദ്ധം പ്രഖ്യാപിച്ചിരിക്കുന്ന ചിദംബരം ഈ തട്ടിപ്പിനെക്കുറിച്ച് ഇതുവരെ ഒരക്ഷരം ഉരിയാടിയിട്ടില്ല. നിഗമനങ്ങളിലെത്തുന്നതിനു മുമ്പ് തെളിവുകള്‍ പഠിക്കണം എന്നു മാത്രമേ അദ്ദേഹം ഇതുവരെ പ്രതികരിച്ചുള്ളൂ.

പ്രണബ് മുഖര്‍ജി പ്രഖ്യാപിച്ച ഗാര്‍ നിയമം മുതലാളിമാരെ പ്രീതിപ്പെടുത്താന്‍ മൂന്നു വര്‍ഷത്തേയ്ക്കു മാറ്റിവെച്ച ധനമന്ത്രിയില്‍ നിന്ന് ഇതില്‍ക്കൂടുതലൊന്നും പ്രതീക്ഷിക്കേണ്ടതില്ല. റിസര്‍വ് ബാങ്കും കേന്ദ്രസര്‍ക്കാരും മറുപടി പറയേണ്ട രണ്ടു ചോദ്യങ്ങളുണ്ട്. ഒന്ന് നിയമലംഘനം നടത്തിയ ബാങ്കുകള്‍ക്കെതിരെ എന്തു നടപടി സ്വീകരിക്കും? ക്രിമിനല്‍ നിയമലംഘനത്തിനെതിരെ പോലീസ് നടപടി ഉണ്ടാകുമോ? രണ്ട്, പുതിയ സ്വകാര്യ ബാങ്കുകള്‍ ആരംഭിക്കുന്നതിനുള്ള നീക്കത്തില്‍ നിന്ന് കേന്ദ്രസര്‍ക്കാര്‍ പിന്തിരിയുമോ? നിലവിലുള്ള സ്വകാര്യ ബാങ്കുകളെപ്പോലും നിയന്ത്രിക്കാനുള്ള കഴിവില്ലാത്ത റിസര്‍വ് ബാങ്കിന്, കോര്‍പറേറ്റുകളുടെ നിയന്ത്രണത്തിലുള്ള പുതിയ ബാങ്കുകളെ ഫലപ്രദമായി നിയന്ത്രിക്കാനാവമോ? പുതിയ ബാങ്ക് നിയമഭേദഗതിയുടെ കടയ്ക്കല്‍ കത്തിവെയ്ക്കുന്ന ചോദ്യങ്ങളാണ് കോബ്രാ പോസ്റ്റ് ഉയര്‍ത്തുന്നത്. അതുകൊണ്ട് അഴിമതി മൂടിവെയ്ക്കാന്‍ അധികൃതര്‍ നിര്‍ബന്ധിതരാവുന്നു.

കുറ്റക്കാരായ ബാങ്കുകളെ രക്ഷിക്കാന്‍ റിസര്‍വ് ബാങ്കു തന്നെ ഇറങ്ങിക്കഴിഞ്ഞു. ആരോപണങ്ങളെത്തുടര്‍ന്ന് ഈ ബാങ്കുകളുടെ ഷെയര്‍ വിലകള്‍ ഇടിഞ്ഞു. പുതിയ സ്വകാര്യ ബാങ്കുകള്‍ അനുവദിക്കാനുള്ള നയം ചോദ്യം ചെയ്യപ്പെട്ടു. റിസര്‍വ് ബാങ്ക് പ്രഖ്യാപിച്ച അന്വേഷണം തുടങ്ങുന്നതിനു മുമ്പു തന്നെ എല്ലാം ഭദ്രമാണെന്നു പ്രഖ്യാപിക്കപ്പെട്ടു. നൂറുകണക്കിനു മണിക്കൂര്‍ നീളുന്ന ടേപ്പുകള്‍ നിയമനടപടികളിലൂടെ വാങ്ങുന്നതിനു മുമ്പുതന്നെ വിധി പ്രഖ്യാപിക്കപ്പെട്ടു. റിസര്‍വ് ബാങ്ക് ഡെപ്യൂട്ടി ഗവര്‍ണര്‍ കെ സി ചക്രവര്‍ത്തിയായിരുന്നു പ്രതിരോധം തീര്‍ക്കാന്‍ മുന്നിട്ടിറങ്ങിയത്. ഒരു സ്കാമും നടന്നിട്ടില്ല. കാരണം ഒരു ഇടപാടും പൂര്‍ത്തിയായതായി അറിയില്ല. അനാവശ്യമായി നമ്മള്‍ സ്വയം അപമാനിതരാവരുത്. കളളപ്പണം വെളുപ്പിക്കാനുളള നീക്കം തടയാനുള്ള നമ്മുടെ സംവിധാനം പരിപൂര്‍ണമാണ്. അതിന് യാതൊരുവിധ കോട്ടവുമില്ല. യാതൊരു അഴിമതിയും ബാങ്കുകള്‍ നടത്തിയിട്ടില്ല എന്നതിന്റെ തെളിവെന്താണ്?

കള്ളപ്പണം വെളുപ്പിക്കുന്നതിനെക്കുറിച്ച് ചര്‍ച്ചകള്‍ നടന്നുവെന്നല്ലാതെ കോബ്രാ പോസ്റ്റിന്റെ അന്വേഷണാത്മക റിപ്പോര്‍ട്ടര്‍ എങ്ങും അക്കൗണ്ട് തുറക്കുകയോ കള്ളപ്പണം വെളുപ്പിക്കുകയോ ചെയ്തിട്ടില്ല. ചോദ്യം ചോദിക്കാന്‍ പണം വാങ്ങിയ ലോക്സഭാ അംഗങ്ങളുടെ കാര്യത്തിലെന്നപോലെ പണം അക്കൗണ്ടിലിട്ടു നേരിട്ടു തെളിവുണ്ടാക്കണമായിരുന്നുവത്രേ. സ്വിസ് ബാങ്കിലെ ഇന്ത്യക്കാരുടെ കള്ളപ്പണത്തെക്കുറിച്ച് എന്തെല്ലാം കോലാഹലങ്ങളാണ് ഉണ്ടായത്. പക്ഷേ, കോബ്രാ പോസ്റ്റിന്റെ സംഭാഷണ ടേപ്പുകള്‍ വായിച്ചപ്പോള്‍ എന്റെ മനസ്സില്‍ വന്ന ചോദ്യമിതാണ്: ഇന്ത്യയിലെ പുത്തന്‍ തലമുറ ബാങ്കുകള്‍ എന്തിനും റെഡിയായി നില്‍ക്കുമ്പോള്‍ കള്ളപ്പണം വെളുപ്പിക്കാനും സൂക്ഷിക്കാനും എന്തിന് സ്വിസ് ബാങ്കില്‍ പോകണം?

*
ഡോ. ടി എം തോമസ് ഐസക് ചിന്ത വാരിക

2 comments:

indrasena indu said...

http://www.youtube.com/watch?v=HpG82Rbu_HM

indrasena indu said...

http://www.youtube.com/watch?v=DSnMyuCZ6mY