ഇറാക്കില്‍ അമേരിക്കക്കുവേണ്ടി പ്രവര്‍ത്തിക്കുന്ന എത്ര പട്ടാളക്കാരുണ്ട്?
1,60,000 എന്നാണ് നിങ്ങളുടെ ഉത്തരം എങ്കില്‍ തെറ്റി....
കോണ്‍ഗ്രസ്സിന്റെ മേല്‍നോട്ടമില്ലാതെ, ജനതയുടെ ശ്രദ്ധയില്‍പ്പെടാതെ അമേരിക്ക ഇറാക്കിലെ തങ്ങളുടെ സാന്നിദ്ധ്യം ഇരട്ടിയാക്കിയിരിക്കുന്നു. സ്വകാര്യ പട്ടാളക്കാരിലൂടെ....ഏതാണ്ട് 2 ലക്ഷത്തോളം ഇത്തരം കോണ്‍ട്രാക്ടര്‍മാരെ വാഷിങ്ങ്ടണ്‍ ഇറാക്കില്‍ വിന്യസിച്ചിട്ടുണ്ട്. അതായത് ഇറാക്കിലെ സ്വകാര്യ സേനയുടെ എണ്ണം വിശാല സഖ്യത്തില്‍ പെട്ട എല്ലാ രാഷ്ട്രങ്ങളും ചേര്‍ന്ന് അയച്ചിട്ടുള്ളതിനേക്കാള്‍ അധികമായിരിക്കുന്നു. ഈ സേനയുടെ ക്രൂരത അറിയപ്പെടാതെയും കുറ്റകൃത്യങ്ങള്‍ ശിക്ഷിക്കപ്പെടാതെയും പോകുന്നു. ചുരുക്കത്തില്‍, അമേരിക്കന്‍ ജനതക്ക് തീരെ ഇഷ്ടമില്ലാത്തതും എന്നാല്‍ ആരോടും വിധേയത്വമില്ലാത്ത ഒരുപിടി സ്വകാര്യ കമ്പനികള്‍ക്ക് വളരെയേറെ ലാഭകരവുമായ യുദ്ധങ്ങള്‍ ചെയ്യാന്‍ ബുഷും കൂട്ടാളികളും ഒരു നിഴല്‍ സേനയെ സൃഷ്ടിച്ചിരിക്കുകയാണ്.
ഭീകരതെക്കെതിരായ ആഗോളയുദ്ധം തുടങ്ങിയതില്‍പ്പിന്നെ ബ്ലാക്ക് വാട്ടര്‍ യു.എസ്.എ, ട്രിപ്പിള്‍ കാനോപി, എറിനിസ് , ആര്‍മര്‍ ഗ്രൂപ്പ് തുടങ്ങിയ കോര്‍പ്പറേഷനുകള്‍ക്കായി ബുഷ് ഭരണകൂടം സഹസ്രകോടി ഡോളറുകള്‍ നല്‍കിക്കഴിഞ്ഞു. അവരാകട്ടെ ഈ പണം ഉപയോഗിച്ച് ഇറാക്കില്‍ തങ്ങളുടെതായ അടിസ്ഥാന സൌകര്യങ്ങള്‍ വികസിപ്പിക്കുകയും സ്വകാര്യ സേനയെ തങ്ങളുടെ ആവശ്യങ്ങള്‍ക്കായി അണിനിരത്തുകയും ചെയ്യുന്നു. ഈ സ്വകാര്യ സേനകളില്‍ പലതും ചില രാജ്യങ്ങളുടെ സൈന്യത്തേക്കാള്‍ മികച്ചതുമാണ്. ഇത്തരത്തില്‍ ഒരു രാജ്യം സൈനിക ശക്തി തന്നെ പുറം കരാര്‍ കൊടുക്കുന്നതും തങ്ങളുടെ വിദേശ നയം നടപ്പിലാക്കാനായി ആക്രമണത്തിന്റെ ഇത്തരം പാത സ്വീകരിക്കുന്നതും അപകടകരമായ സ്ഥിതിവിശേഷമാണ് സൃഷ്ടിച്ചിരിക്കുന്നതെന്ന് 1991ലെ ഗള്‍ഫ് യുദ്ധകാലത്ത് ഇറാക്കിലെ അമേരിക്കന്‍ അംബാസ്സഡര്‍ ആയി സേവനം അനുഷ്ഠിച്ചിട്ടുള്ള ജോ വിത്സന്‍ പറയുന്നു. ഈ ബില്യണ്‍ ഡോളര്‍ കമ്പനികള്‍ അമേരിക്കന്‍ രാഷ്ട്രീയ മണ്ഡലത്തിലെ ആയുധവത്കരിക്കപ്പെട്ടിട്ടുള്ള നിക്ഷിപ്ത താത്പര്യക്കാരായി മാറുന്നു എന്നദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു. ഇവര്‍ക്ക് ആരോടായിരിക്കും കൂറ് എന്ന ചോദ്യം എപ്പോഴെങ്കിലും ഉയരുമെന്നും അദ്ദേഹം കണക്കുകൂട്ടുന്നു.
അധിനിവേശ ഇറാക്കില്‍ അമേരിക്ക ഇക്കാര്യത്തിനായി ചിലവഴിക്കുന്ന തുകയുടെ കൃത്യമായ കണക്ക് ലഭിക്കുക അത്ര എളുപ്പമല്ല. എങ്കിലും കോണ്‍ഗ്രസ്സിന്റെ ഒരു എസ്റ്റിമേറ്റ് അനുസരിച്ച് ഇറാക്കില്‍ ചിലവഴിക്കുന്ന നികുതിപ്പണത്തിലെ ഓരോ ഡോളറിലേയും 40 സെന്റ് ഈ കോണ്‍ട്രാക്ടര്‍മാര്‍ക്ക് ചെല്ലുന്നു. ഓരോ ആഴ്ചയിലും ഇറാക്കില്‍ അമേരിക്ക ചിലവഴിക്കുന്നത് 2 ബില്യണ്‍ ഡോളറാണ്.
ആഗോളതലത്തില്‍ ഇറാഖ് അധിനിവേശത്തിന്റെ കാര്യത്തില്‍ ഒരു സമവായം ഉണ്ടാക്കുന്നതില്‍ അമേരിക്ക പരാജയപ്പെട്ടു എന്നത് വളരെയധികം ചര്‍ച്ച ചെയ്യപ്പെട്ടിട്ടുള്ള വിഷയമാണ്. പക്ഷെ അത്തരമൊരു സമവായം അമേരിക്കയുടെ ഉദ്ദേശം ആയിരുന്നില്ല എന്നതാണ് സത്യം. 2003 മാര്‍ച്ചില്‍ അമേരിക്കന്‍ ടാങ്കുകള്‍ ഇറാഖിലേക്ക് മാര്‍ച്ച് ചെയ്തപ്പോള്‍ അവര്‍ കൂടെക്കൊണ്ടു വന്നത് ഇതുവരെ ഒരു യുദ്ധത്തിനും ആരും വിന്യസിച്ചിട്ടില്ലാത്ത അത്രയും സ്വകാര്യ സൈനികരെയാണ്. അന്താരാഷ്ട്ര നയതന്ത്രങ്ങള്‍ക്ക് പകരം ലാഭം കൊയ്യുന്ന യുദ്ധകോണ്‍ട്രാക്‍ടുകളും സഖ്യകക്ഷികളുടെ വകയായ സൈന്യത്തിനു പകരമായി സ്വകാര്യ സേനകളും. ഇതായിരുന്നു അമേരിക്കയുടെ പുതിയ പരീക്ഷണം. സഖ്യകക്ഷികള്‍ പേരിന് കുറച്ച് സൈനികരെ അയച്ചിരുന്നു എന്നത് നേര്.
ജനാധിപത്യപരമായ നിയന്ത്രണങ്ങളുടെ അഭാവം
1991ലെ ഗള്‍ഫ് യുദ്ധകാലത്ത സൈനികരും സ്വകാര്യ സേനയും(കോണ്‍ട്രാക്ടര്‍മാരും) തമ്മിലുള്ള അനുപാതം 60:1 ആയിരുന്നെങ്കില്‍ ഇന്ന് ഇറാഖിലെ സ്വകാര്യ സേനയുടെ എണ്ണം സര്‍ക്കാര്‍ സൈനികരുടെ എണ്ണത്തെ കവച്ച് വെയ്ക്കുന്നുണ്ട്. 2007 ജൂലൈ മാസത്തിലെ കണക്കനുസരിച്ച് 630ല്‍ കൂടുതല്‍ സ്വകാര്യ സൈനികകരാര്‍ കമ്പനികള്‍ അമേരിക്കക്കുവേണ്ടി ഇറാഖില്‍ 'ജോലി' ചെയ്യുന്നുണ്ട്. 100ല്‍പ്പരം രാജ്യങ്ങളില്‍ നിന്നായി ഏതാണ്ട് 1,80,000 സ്വകാര്യ സൈനികരാണവിടെ ഉള്ളത്. അമേരിക്കന്‍ സൈനികരുടെ എണ്ണം ഔദ്യോഗിക കണക്കനുസരിച്ച് 1,60,000 ആണ്.
സഖ്യകക്ഷി സൈനികര്‍ക്ക് പുറമേ ഏതാണ്ട് 4 ലക്ഷം പേരാണ് അമേരിക്കക്കുവേണ്ടി ഇന്ന് ഇറാഖില്‍ വിന്യസിക്കപ്പെട്ടിട്ടുള്ളത്. കോണ്‍ട്രാക്ടര്‍മാരുടെ എണ്ണത്തെക്കുറിച്ചുള്ള ഔദ്യോഗിക കണക്ക് അത്ര പൂര്‍ണമല്ല. യു.എസ്. സര്‍ക്കാര്‍ റിപ്പോര്‍ട്ട് അനുസരിച്ച് കഴിഞ്ഞ വര്‍ഷം 170 കോണ്‍ട്രാക്ടര്‍മാരുടെ കീഴിലായി 48,000 സ്വകാര്യ സൈനികരാണ് ഇറാഖിലുള്ളത്. ഇത് അമേരിക്കന്‍ ഇടപെടലിന്റെ യഥാര്‍ത്ഥ ചിത്രം മറച്ചുവെക്കുന്നു എന്ന് ജോ വിത്സന്‍ പറയുന്നു.
ഇത്തരത്തില്‍ കൂലിപ്പട്ടാളത്തിനായി ചിലവഴിക്കപ്പെടുന്ന തുകയുടെ കണക്ക് മിക്കവാറും ക്ലാസിഫൈഡ് ആണ്. അമേരിക്ക ഇത്തരത്തില്‍ 6 ബില്യണ്‍ ഡോളറും ബ്രിട്ടന്‍ 400 മില്യന്‍ പൌണ്ടും ചിലവഴിച്ചിട്ടുണ്ടാകും എന്ന് യു.എസ്. കോണ്‍ഗ്രസ് വൃത്തങ്ങളുടെ ഒരു എസ്റ്റിമേറ്റ്. അതേസമയം ഇറാഖിലെ പുനര്‍ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ക്കായി വൈറ്റ് ഹൌസ് തിരഞ്ഞെടുത്തിട്ടുള്ള കമ്പനികള്‍ ഇത്തരം നിര്‍മ്മാണപ്രവര്‍ത്തനങ്ങളുടെ മറവില്‍ കൂലിപ്പട്ടാളങ്ങള്‍ക്കായി എത്രയോ അധികം ബില്യണ്‍ തുക ചിലവഴിച്ചിട്ടുണ്ട്, അവരുടെ സ്വന്തം ആളുകളെയും വസ്തുവകകളെയും സംരക്ഷിക്കുന്നതിനായി.
ഇറാഖിലെ കൂലിപ്പട്ടാളത്തിനായി ഇതുവരെ അമേരിക്ക നല്‍കിയ ഏറ്റവും വലിയ കോണ്‍ട്രാക്റ്റ് 293 മില്യണ്‍ ഡോളറിന്റേതാണ്. റിട്ടയര്‍ ചെയ്ത ബ്രിട്ടീഷ് ലെഫ്‌റ്റ്നന്റ് കേണല്‍ ടിം സ്പൈസര്‍ നേതൃത്വം കൊടുക്കുന്ന ഏജിസ് ഡിഫന്‍സ് സര്‍വീസസ് ( Aegis Defence Services) എന്ന ബ്രിട്ടീഷ് കമ്പനിക്കാണിത് നല്‍കിയത്. ആഫ്രിക്കയിലെ ചില രാജ്യങ്ങളിലെ ആഭ്യന്തരസംഘര്‍ഷങ്ങളില്‍ല്‍ നടത്തിയ സ്വകാര്യ ഇടപെടലുകളെത്തുടര്‍ന്ന് ഏറെ വിവാദങ്ങള്‍ ഇയാളുടെ പേര്‍ക്കുണ്ട്. ടെക്‍സാസിലെ ഡൈന്‍കോര്‍പ് ഇന്റര്‍നാഷണല്‍ എന്ന കമ്പനി ഇറാഖിലെ പോലീസിനെ പരിശീലിപ്പിക്കുന്നതിനായി ഏതാണ്ട് ഒരു ബില്യണ്‍ ഡോളറിന്റെ കരാറും കരസ്ഥമാക്കിയിട്ടുണ്ട്. ബ്ലാക് വാട്ടര്‍ യു.എസ്.എ എന്ന കമ്പനി ഡിപ്ലോമാറ്റിക് സെക്യൂരിറ്റി എന്ന വകയില്‍ മാത്രം 750 മില്യണ്‍ ഡോളറിന്റെ കരാറും കരസ്ഥമാക്കി.
അമേരിക്കയിലേയോ ബ്രിട്ടനിലേയോ പെന്‍ഷന്‍ പറ്റി പിരിഞ്ഞ ഒരു മുന്‍പട്ടാളക്കാരന് ഇറാഖില്‍ സ്വകാര്യ സൈനികനായി ചെന്നാല്‍ ഇപ്പോള്‍ ലഭിക്കുന്നത് പ്രതിദിനം 650 ഡോളറാണത്രെ. ചില സമയങ്ങളില്‍ ഇത് 1000 ഡോളര്‍ വരെ ആകും. ഇത് അമേരിക്കയുടേയോ ബ്രിട്ടന്റേയോ ലോഗോ ധരിച്ച സൈനികര്‍ക്ക് ലഭിക്കുന്നതിനേക്കാള്‍ എത്രയോ മടങ്ങ് അധികമാണ്.
" ഞങ്ങള്‍ക്കവിടെ പതിനായിരക്കണക്കിന് കോണ്‍ട്രാക്ടര്‍മാരുണ്ട്. അവരില്‍ പലരും ഡിഫന്‍സ് സെക്രട്ടറിക്കു ലഭിക്കുന്നതിനേക്കാള്‍ വരുമാനം ഉണ്ടാക്കുന്നുണ്ട്." House Defense Appropriations Subcommittee Chairman ജോണ്‍ മുര്‍ത്തായുടെ അഭിപ്രായമാണിത്. " എങ്ങനെയാണിത് ന്യായീകരിക്കാന്‍ കഴിയുക? " അദ്ദേഹം ചോദിക്കുന്നു. ഈ കൂലിപ്പട്ടാളക്കാരില്‍ പലരും സൈനികര്‍ ചെയ്തിരുന്ന ജോലിയാണ് ചെയ്യുന്നത്. പലതും സൈനിക പരിശീലനമൊന്നും ആവശ്യമില്ലാത്തവയാണെങ്കിലും, കലാപമേഖലയിലൂടെ ട്രക്ക് ഓടിക്കുക തുടങ്ങി തികച്ചും അപകടസാദ്ധ്യതയുള്ള ജോലികളാണ്. മറ്റു ചിലര്‍ പാചകവും, തുണിയലക്ക് പോലുള്ള ജോലികളും ചെയ്യുന്നു. നേരിട്ട് അപകടമില്ലെങ്കിലും എപ്പോള്‍ വേണമെങ്കിലും റോക്കറ്റ് /മോര്‍ട്ടാര്‍ ആക്രമണം ഉണ്ടാകാം എന്നത് കൊണ്ട് ഇവര്‍ക്കും വലിയ സുരക്ഷിതത്വമൊന്നുമില്ല.
ഈ സേവനങ്ങളൊക്കെത്തന്നെ കെ.ബി.ആര്‍, ഫ്ലര്‍ തുടങ്ങിയ കമ്പനികളിലൂടെയും അവരുടെ എണ്ണിയാലൊടുങ്ങാത്ത സബ് കോണ്‍ട്രാക്ടര്‍മാരിലൂടെയുമാണ് നടപ്പിലാക്കുന്നത്. കൂടാതെ ധാരാളം സ്വകാര്യവ്യക്തികള്‍ സായുധ ആക്രമണ- സുരക്ഷാ ഏര്‍പ്പാടുകള്‍ക്കായും വിന്യസിക്കപ്പെട്ടിട്ടുമുണ്ട്. ജയില്‍പുള്ളികളെ ചോദ്യം ചെയ്യുക, ഇന്റലിജന്‍സ് വിവരങ്ങള്‍ ശേഖരിക്കുക, പോര്‍ വിമാനങ്ങളുടെ കാര്യം നോക്കുക, ഉയര്‍ന്ന ഉദ്യോഗസ്ഥരെ സംരക്ഷിക്കുക തുടങ്ങിയജോലികളാണിവര്‍ ചെയ്യുന്നത്. ചുരുങ്ങിയത് ഒരു തവണയെങ്കിലും അമേരിക്കയുടേയും അന്താരാഷ്ട്ര സഖ്യത്തിന്റെയും സൈനികരെ കമാന്‍ഡ് ചെയ്യുന്ന ജോലിയും ഈ സ്വകാര്യ വ്യക്തികള്‍ ചെയ്തിട്ടുണ്ട് !
പലപ്പോഴും തന്റെ സുരക്ഷ നോക്കിയിരുന്നത് ഈ കോണ്‍ട്രാക്റ്റ് സുരക്ഷാ ഏജന്‍സികളാണ് എന്ന് ജനറല്‍ ഡേവിഡ് പെട്രാസിന് തുറന്നു സമ്മതിക്കേണ്ടി വന്നു. ഇപ്പോഴും മൂന്ന് യു.എസ്. കമാന്‍ഡിംഗ് ജനറല്‍മാരെങ്കിലും വാടകയ്ക്കെടുത്ത ഈ സ്വകാര്യ ഏജന്‍സികളാല്‍ സംരക്ഷിക്കപ്പെടുന്നുവത്രെ. ഇതിനുമുമ്പെപ്പോഴെങ്കിലും ഇപ്രകാരം സൈന്യത്തിന്റെ പകുതിയും കോണ്‍ട്രാക്ട് സൈനികരായിരുന്നിട്ടുണ്ടൊ എന്ന് തനിക്കറിയില്ലെന്ന് ഡെന്നിസ് കുക്‍നിച് എന്ന റിപ്പബ്ലിക്കന്‍ പറയുന്നു. യുദ്ധ കോണ്‍ട്രാക്ടര്‍മാരെക്കുറിച്ച് അന്വേഷിക്കുന്ന House Oversight and Government Reform Committee യില്‍ അംഗമാണ് ഇദ്ദേഹം.
“ഒരു പക്ഷെ അമേരിക്കന്‍ വിപ്ലവകാലത്തെ ബ്രിട്ടീഷ്, ഹെസിയന്‍ സാന്നിദ്ധ്യമായിരിക്കും ഇതിനുദാഹരണമായി ചൂണ്ടിക്കാട്ടാനാവുക. അതായിരിക്കും അവസാനത്തേതും. അവര്‍ പരാജയപ്പെട്ടു എന്നു പറയേണ്ടതില്ലല്ലോ? എന്തായാലും ഇപ്പോള്‍ ജനാധിപത്യപരമായ ഒരു നിയന്ത്രണവും ഇല്ല എന്ന് മാത്രമല്ല അതിനുള്ള ഉദ്ദേശം ഉള്ളതായും കാണുന്നില്ല” അദ്ദേഹം പറയുന്നു.
"ഇതിന്റെ വിവക്ഷ വിനാശകരമാണ്" ജോസഫ് വിത്സണ്‍ പറയുന്നു. " ഒരു അന്താരാഷ്ട്ര പൊതുസമ്മിതി ഇല്ലാതിരിക്കെ, ഇന്നത്തെ ബുഷ് ഭരണകൂടം ചെയ്തത് ഈ ഇടപാടുകളില്‍ നിന്ന് സാമ്പത്തികമായും രാഷ്ട്രീയമായും നേട്ടമുണ്ടാക്കിയ, അമേരിക്കയുമായുള്ള ബന്ധത്തേക്കാള്‍ തങ്ങള്‍ക്ക് പ്രധാനപ്പെട്ടതായി മറ്റൊന്നുമില്ലെന്നു കരുതുന്ന അഴിമതിക്കാരുടേയും താത്കാലികാവശ്യത്തിനായി തിരഞ്ഞെടുക്കപ്പെട്ടവരുടേയും ബലാത്കാരമായി ഇതിലേക്ക് കൊണ്ടുവരപ്പെട്ടവരുമായ ഒരു സഖ്യത്തെ (the co-opted, the corrupted and the coerced) വിശ്വസിക്കുക എന്നതാണ്. അതു തന്നെയാണിതിന്റെ യഥാര്‍ത്ഥ കുഴപ്പവും. എന്തുകൊണ്ടെന്നാല്‍ നമ്മള്‍ ചെയ്തുകൊണ്ടിരിക്കുന്ന കാര്യങ്ങള്‍ക്ക് പിന്‍ബലമായി ഒരു അന്താരാഷ്ട്രീയ നിയമസാധുത ഇല്ല തന്നെ”.
കൂടാതെ, ഈ മാറ്റത്തിനെ അര്‍ത്ഥം അമേരിക്കക്ക് ഇനി യുദ്ധത്തിനായി സ്വന്തം പൌരന്മാരെ ആശ്രയിക്കേണ്ട ആവശ്യമോ, ഒരു കരട് തയ്യാറാക്കേണ്ട ആവശ്യമോ ഇല്ല എന്നതാണ്. ഇത് വേണ്ടിയിരുന്നെങ്കില്‍ ഇറാഖ് അധിനിവേശം രാഷ്ട്രീയമായി സാധൂകരിക്കാനാവുമായിരുന്നില്ലല്ലോ.
ബുഷ് ഭരണകൂടത്തിന്റെ അവിഭാജ്യ ഘടകം
കഴിഞ്ഞ ജനുവരിയില്‍ സെനറ്റിലെ ഹിയറിങ്ങിനിടയില്‍ പെട്രാസ് ഈ കൂലിപ്പട്ടാളത്തിന്റെ പങ്കിനെ, “അവര്‍ അധികസമ്മര്‍ദ്ദത്തിലാഴ്ന്നിരുന്ന സൈന്യത്തിന്റെ കുറവ് നികത്തി ” എന്ന് പറഞ്ഞ് ശ്ലാഘിക്കുകയുണ്ടായി. അദ്ദേഹം സെനറ്റര്‍മാരോടായി പറഞ്ഞത് ഇങ്ങിനെയാണ് " ഔദ്യോഗിക സൈന്യത്തോടൊപ്പമുണ്ടായിരുന്ന പതിനായിരക്കണക്കിന് കരാര്‍ സേനയുടെ സാന്നിദ്ധ്യം ഈ മുന്നേറ്റത്തില്‍ നമുക്ക് വിജയിക്കാന്‍ കഴിയുംഎന്ന് വിശ്വസിക്കുവാന്‍ എന്നെ പ്രേരിപ്പിച്ചു."
ഈ മുന്നേറ്റം 2009 വരെ തുടരും എന്ന പെട്രാസിന്റെ പുതിയ പ്രസ്താവന കൂടി ഇതോടൊപ്പം ചേര്‍ത്ത് വായിച്ചാല്‍ മനസ്സിലാകുന്നത് ഇനി വരുന്ന കാലങ്ങളില്‍ ഇറാഖില്‍ കൂലിപ്പടയാളികളുടേയും സ്വകാര്യസേനയുടെയും പങ്ക് വര്‍ദ്ധിച്ചുവരും എന്ന് തന്നെയാണ്.
“സ്വകാര്യസേനകളുടേയും കോണ്‍ട്രാക്ടര്‍മാരുടേയും വര്‍ദ്ധിച്ച ഉപയോഗം യുദ്ധത്തെ എളുപ്പത്തില്‍ തുടങ്ങുവാനും പോരാടുവാനുമുള്ള ഒന്നാക്കി മാറ്റുന്നു. പണം മാത്രമാണാവശ്യം; പൌരന്മാടെ(citizenry) ആവശ്യമേയില്ല.”.
ഇത് പറയുന്നത് ഇറാഖില്‍ സ്വകാര്യ കോണ്‍ട്രാക്ടര്‍മാര്‍ നടത്തുന്ന മനുഷ്യാവകാശ ധ്വംസനത്തിനെതിരെ കേസ് നടത്തുന്ന സെന്റര്‍ ഫോര്‍ കോണ്‍സ്റ്റിട്യൂഷണല്‍ റൈറ്റ്സ് എന്ന സംഘടനയുടെ പ്രസിഡന്റ് ആയ മൈക്കേല്‍ റാറ്റ്നര്‍ (Michael Ratner) ആണ്.
“ ജനങ്ങളോട് യുദ്ധത്തില്‍ പങ്കെടുക്കാനാവശ്യപ്പെടുന്നത് തീര്‍ച്ചയായും എതിര്‍പ്പിനിടയാക്കും. അനാവശ്യ യുദ്ധങ്ങളെ, സ്വന്തം പ്രതിച്ഛായ വര്‍ദ്ധിപ്പിക്കാന്‍ മാത്രമായി നടത്തുന്ന (മണ്ടന്‍) യുദ്ധങ്ങളെ, അമേരിക്കയുടെ കാര്യത്തിലാണെങ്കില്‍ സാമ്രാജ്യത്വാധിപത്യത്തിനായുള്ള യുദ്ധങ്ങളെ തടയുന്നതിനുള്ള തീര്‍ത്തും അവശ്യമായ ഒന്നാണ് ഇത്തരത്തിലുള്ള എതിര്‍പ്പ് . തകര്‍ന്നു കൊണ്ടിരിക്കുന്ന സ്വന്തം സാമ്രാജ്യം നിലനിര്‍ത്തുന്നതിനായി അമേരിക്കക്ക് സ്വകാര്യ സേനകളുടെ ഉപയോഗം തികച്ചും അത്യന്താപേക്ഷിതമാണ്. റോമാ സാമ്രാജ്യത്തെയും അതിനു നിലനില്‍ക്കാന്‍ ഉപയോഗിക്കേണ്ടി വന്ന സ്വകാര്യ സേനയെക്കുറിച്ചും ചിന്തിക്കുക.”
സ്വകാര്യസേനകള്‍ പല സര്‍ക്കാരുകള്‍ക്കും രാഷ്ട്രീയമായി ആവശ്യമാണ്. കാരണം സ്വകാര്യസൈനികരുടെ മരണം കണക്കില്‍പ്പെടാതെ പോകുന്നു, അവരുടെ ചെയ്തികള്‍ നിരീക്ഷിക്കപ്പെടുന്നില്ല, അവരുടെ കുറ്റകൃത്യങ്ങള്‍ ശിക്ഷിക്കപ്പെടുന്നില്ല. അധിനിവേശത്തിന്റെ നാലാം വര്‍ഷത്തിലും ഇറാഖിലെ കൂലിപ്പട്ടാളക്കാരുടേയും സ്വകാര്യ കോണ്‍ട്രാക്ടര്‍മാരുടേയും ചെയ്തികളെ നിരീക്ഷിക്കുന്നതിനോ പരിശോധിക്കുന്നതിനോ ഉള്ള യാതൊരു വിധത്തിലുള്ളതായ സംവിധാനവും ഇല്ല എന്നു മാത്രമല്ല അവര്‍ക്ക് ബാധകമായ സൈനികമോ സിവിലിയനോ ആയ നിയമങ്ങള്‍ ഒന്നും തന്നെ ഇല്ല. അവര്‍ കോര്‍ട്ട് മാര്‍ഷലിനു വിധേയരാക്കപ്പെടുകയോ അമേരിക്കന്‍ സിവില്‍ നിയമങ്ങളനുസരിച്ച് വിചാരണ ചെയ്യപ്പെടുകയോ ചെയ്യുന്നില്ല. 2004ല്‍ തന്നെ അമേരിക്കന്‍ അധിനിവേശ അധികാരികള്‍ സ്വകാര്യസേനകളുടെ ചെയ്തികള്‍ക്ക് പ്രത്യേക പരിരക്ഷ നല്‍കിയിട്ടുള്ളതിനാല്‍ ഇറാഖില്‍ വച്ച് എന്തു തെറ്റു ചെയ്താലും അവരെ ഇറാഖിലെ കോടതികളില്‍ വിചാരണ ചെയ്യുവാനോ ശിക്ഷിക്കുവാനോ സാധ്യവുമല്ല.
“ഈ സ്വകാര്യ കോണ്‍ട്രാക്ടര്‍മാര്‍ ഗവര്‍മ്മെണ്ടിന്റെയും അതിന്റെ നയങ്ങളുടേയും നടത്തിപ്പുകാര്‍ തന്നെയാണ്, “ ഇറാഖില്‍ നിന്ന് എല്ലാ അമേരിക്കന്‍ കോണ്‍ട്രാക്ടര്‍മാരേയും പിന്‍വലിക്കണമെന്ന് ആവശ്യപ്പെടുന്ന കുസിനിച്ച്(Kucinich) പറയുന്നു. “അവര്‍ അവര്‍ക്ക് തോന്നിയ തുകയാണ് ഈടാക്കുന്നത്; അവര്‍ക്ക് പരിരക്ഷയും ഉണ്ട്. എത്രപേരുണ്ടെന്നോ എന്ത് ചെയ്യുന്നുവെന്നോ വെളിപ്പെടുത്താന്‍ അവര്‍ ബാധ്യസ്ഥരുമല്ല.”
ഇത് തികച്ചും നിര്‍ണ്ണായകമായ ഒരു ചോദ്യം ഉയര്‍ത്തുന്നു. അമേരിക്കയുടേയും ബ്രിട്ടന്റേയും പേരില്‍ അവരെന്താണ് ഇറാഖില്‍ ചെയ്തുകൊണ്ടിരിക്കുന്നത്? ദേശീയ സുരക്ഷാ പ്രശ്നങ്ങളെക്കുറിച്ച് വിലയിരുത്തുവാന്‍ നിയുക്തരായ House Select Committee on Intelligence ലെ അംഗമായ Rep. Jan Schakowsky അമേരിക്കന്‍ ശമ്പളം പറ്റുന്ന സ്വകാര്യ സൈനിക കമ്പനികളെ നിരീക്ഷിക്കുന്നതിലുള്ള ബുദ്ധിമുട്ടിനെക്കുറിച്ച് വിശദീകരിക്കുന്നത് ഇങ്ങനെ. “ എനിക്ക് ഒരു കോണ്‍ട്രാക്ടിനെക്കുറിച്ച് അറിയണമെങ്കില്‍ ഞാന്‍ ഒരു രഹസ്യമുറിയില്‍ ചെല്ലണം; എന്നിട്ട് ആ രേഖ നോക്കണം. കുറിപ്പുകള്‍ കൊണ്ടു ചെല്ലുവാനോ പുറത്ത് കൊണ്ടുവരുവാനോ അനുവാദമില്ല. അത്തര്‍ം കോണ്‍ട്രാക് ടുകള്‍ എനിക്ക് ലഭ്യമല്ല. അഥവാ ലഭിക്കുക ആണെങ്കില്‍ തന്നെ ആരോടും അതിനെക്കുറിച്ച് പറയുവാനും ആവില്ല.”
യുദ്ധകമ്പോളം
വിദേശ കൂലിപടയാളികള്‍ ഇറാഖികളെ പരിശീലനത്തിനുള്ള ടാര്‍ജറ്റ് ആയി ഉപയോഗിക്കുന്നത് ചിത്രീകരിച്ചിട്ടുള്ള അനവധി വീഡിയോകള്‍ കമ്പനികള്‍ക്ക് തലവേദനയുണ്ടാക്കുന്ന തരത്തില്‍ ഇന്റര്‍നെറ്റിലൂടെ ദ്രുതഗതിയില്‍ പ്രചരിക്കുന്നുണ്ട്. ഇത്തരം സംഭവങ്ങളുണ്ടായിട്ടും പതിനായിരക്കണക്കിന് കോണ്‍ട്രാക്ടര്‍മാര്‍ ഇറാഖില്‍ ഉണ്ടായിട്ടും രണ്ടേ രണ്ടു പേരെ മാത്രമാണ് ഇറാഖിലെ കുറ്റകൃത്യങ്ങള്‍ക്കായി ഇതുവരെയായും ശിക്ഷിച്ചിട്ടുള്ളത് ! ഒരാള്‍ സഹ കോണ്‍ട്രാക്ടറെ കുത്തിയതിനും മറ്റൊരാള്‍ അബു ഗരീബ് ജയിലില്‍ കുട്ടികളുടെ അശ്ലീല ചിത്രങ്ങള്‍ കൈവശം വെച്ചതിനും.
ഡസന്‍ കണക്കിന് അമേരിക്കന്‍ സൈനികര്‍ കോര്‍ട്ട് മാര്‍ഷലിനു വിധേയരായിട്ടുണ്ട്. ഇതില്‍ 64 പേര്‍ കൊലപാതകം സംബന്ധിച്ച കുറ്റകൃത്യങ്ങള്‍ക്ക് മാത്രം കോര്‍ട്ട് മാര്‍ഷലിനു വിധേയരായി . എന്നാല്‍ ഇതുവരെയും ഒരൊറ്റ സ്വകാര്യ സൈനികന്‍ പോലും ഇറാഖിലെ കുറ്റങ്ങള്‍ക്കായി ശിക്ഷിക്കപ്പെട്ടിട്ടില്ല. കുറ്റക്കാരെയൊക്കെ അവരുടെ കമ്പനി രായ്ക്കുരാമാനം ഇറാഖില്‍ നിന്നും സുരക്ഷിത സ്ഥാനങ്ങളിലേക്ക് കടത്തികൊണ്ടുപോയിട്ടുണ്ട്.
ഇറാഖിലെ അമേരിക്കന്‍ കോണ്‍ട്രാക്ടര്‍മാര്‍ക്ക് അവരുടേതായ ചില വേദമന്ത്രങ്ങളുണ്ടത്രേ. “ഇവിടെ ഇന്നു സംഭവിക്കുന്നത് ഇവിടത്തോടെ തീരുന്നു.” ഇറാഖില്‍ നാമിപ്പോള്‍ കാണുന്നത് യുദ്ധം ചെയ്യുന്നതിനുള്ള പുതിയ അമേരിക്കന്‍ മാതൃകയാണെന്ന് അന്താരാഷ്ട്ര നയതന്ത്രജ്ഞര്‍ പറയുന്നു. ലോകക്രമത്തിനു( global order) തന്നെ വമ്പിച്ച ഭീഷണിയാണിതുയര്‍ത്തുന്നത്.
“സുരക്ഷയുമായി ബന്ധപ്പെട്ട, സൈന്യവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ സര്‍ക്കാരേതര, സൈനികേതര ശക്തികള്‍ക്ക് പുറംകരാര്‍ നല്‍കുന്നത് ഉത്കണ്ഠാജനകമായ വസ്തുതയാണ്." അമേരിക്കയുടെ ഇറാഖ് അധിനിവേശത്തിനു മുന്‍പ് യു.എന്നിന്റെ ഇറാഖ് ദൌത്യസംഘത്തിലുണ്ടായിരുന്ന, ദീര്‍ഘകാലം യു.എന്നില്‍ സേവനമനുഷ്ടിച്ച Hans von Sponeck പറയുന്നു.
അമേരിക്ക തങ്ങളുടെ സ്വകാര്യ മേഖലയിലെ സഖ്യശക്തികളെ ഉപയോഗിച്ച് പിന്നോക്ക രാജ്യങ്ങളില്‍ നിന്നും മറ്റുമുള്ള ആളുകളെ അവരുടെ രാജ്യത്തെ സൈന്യത്തിനു നല്‍കാനാവുന്നതിലും ഉയര്‍ന്ന ശമ്പളവും മറ്റും നല്‍കാമെന്ന് മോഹിപ്പിച്ചാണ് ഇറാഖിലെ തങ്ങളുടെ കൂലിപ്പട്ടാളത്തിനു രൂപം നല്‍കിയിരിക്കുന്നത്. ഇത്തരം സ്വകാര്യ സൈനികരുടെ മാതൃരാജ്യം ഈ അധിനിവേശത്തിനു എതിരാണോ എന്നതിനൊന്നും യാതൊരു പ്രാധാന്യവും നല്‍കുന്നില്ല.
“തോക്കെടുക്കാം, ശമ്പളം കിട്ടാനായി യുദ്ധം ചെയ്യാം” എന്നത് സാര്‍വദേശീയമായ നിയമമായി മാറിയിരിക്കുന്നു.
“ ഈ സൈന്യങ്ങളുടെ മേല്‍ ആര്‍ക്കും നിയന്ത്രണമില്ല...പാര്‍ലിമെന്റിനു പോലും..ഇതാണ് ഏറ്റവും ഖേദകരമായ വസ്തുത. ഇവര്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും വരുന്നവരും ഒരു ചെറിയ സംഘം മേധാവികളോടല്ലാതെ മറ്റാരോടും ഉത്തരം പറയാന്‍ ബാദ്ധ്യതയില്ലാത്തവരുമാണ്. ഇവരൊക്കെ ഒരു യുദ്ധമേഖലയില്‍ കൂലിപ്പടയാളികളായി പൊരുതാന്‍ നിയോഗിക്കപ്പെട്ടവരാണെന്ന് ഒരു പക്ഷെ ഇവരുടെ രാജ്യങ്ങളിലെ സര്‍ക്കാരുകള്‍ക്ക് അറിവുണ്ടാവില്ല .” von Sponeck പറയുന്നു.
“ യുദ്ധത്തിനായൊരു ചന്തസ്ഥലം ഉണ്ടെങ്കില്‍പ്പിന്നെ യുദ്ധമെന്നത് വിവിധ രാജ്യങ്ങളില്‍ ചര്‍ച്ച ചെയ്യപ്പെടേണ്ട ഒരു രാഷ്ട്രീയ പ്രശ്നം എന്നതിലുപരി ഒരു വാണിജ്യപ്രശ്നമായി മാറുകയാണ്. ഇതു വഴി യുദ്ധം വേണോ വേണ്ടയോ എന്ന കാര്യത്തിലും വേണമെങ്കില്‍ത്തന്നെ ഏതളവില്‍ എന്നതിലുമൊക്കെയുള്ള സര്‍ക്കാരിന്റെ പങ്ക് അപ്രസക്തമാകുകയാണ്. അന്താരാഷ്ട്രബന്ധങ്ങളിലെ തികച്ചും ഉത്കണ്ഠാജനകമായ പുതിയ മുഖമാണ് ഇത്. ”
ഉദാഹരണമായി ഐക്യ രാഷ്ട്ര സഭയുടെ സുരക്ഷാ സമിതിയിലെ മാറി മാറി വരുന്ന അംഗം (rotating member) എന്ന നിലക്ക് ചിലിയന്‍ സര്‍ക്കാര്‍ അമേരിക്കന്‍ അധിനിവേശത്തെ എതിര്‍ത്തിരുന്നു, ഇപ്പോഴും എതിര്‍ക്കുന്നുണ്ട് എന്ന വസ്തുത നിലനില്‍ക്കെത്തന്നെ ബ്ല്ലാക്ക് വാട്ടര്‍, ട്രിപ്പിള്‍ കാനോപി തുടങ്ങിയ സ്വകാര്യ കമ്പനികള്‍ നൂറു കണക്കിനു ചിലിയന്‍ കൂലിപ്പട്ടാളക്കാരെ ഇറാഖില്‍ വിന്യസിച്ചിട്ടുണ്ട്: പിനോചെയുടെ കാലഘട്ടത്തിലെ ആക്രമണങ്ങളില്‍ പങ്കെടുത്തിട്ടുള്ള പരിചയസമ്പന്നരായ വെറ്ററന്‍സ് ആണ് ഇവരില്‍ പലരും എന്ന ആരോപണവുമുണ്ട്.
“രാഷ്ട്രീയവും സമ്പദ്‌വ്യവസ്ഥയും തമ്മിലുള്ള ബന്ധത്തില്‍ പുതുമയൊന്നുമില്ല. പക്ഷെ ഇറാഖ് അധിനിവേശത്തിന്റെ സ്വകാര്യവല്‍ക്കരണത്തിലും കൂലിപ്പട്ടാളക്കാരുടെ ഉപയോഗത്തിലുമൊക്കെ തികച്ചും തലതിരിഞ്ഞതായ, വൈകൃതങ്ങള്‍ നിറഞ്ഞ എന്തൊക്കെയോ ഉണ്ട്.” പിനോച്ചെയുടെ കാലഘട്ടത്തില്‍ രാഷ്ട്രീയ തടവുകാരനായി പീഡനങ്ങള്‍ക്ക് ഇരയായിട്ടുള്ള ടിറ്റോ ട്രിക്കോട്ട് എന്ന ചിലിയന്‍ സോഷ്യോളജിസ്റ്റ് വിലയിരുത്തുന്നു.
“മൂന്നാം ലോകരാജ്യങ്ങളില്‍ നിന്നുള്ള കൂലിപ്പടയാളികള്‍ക്ക് വികസിതരാജ്യങ്ങളില്‍ നിന്നുള്ള കൂലിപ്പടയാളികളേക്കാന്‍ കുറഞ്ഞ വേതനമാണ് നല്‍കുന്നത്. യുദ്ധത്തിന്റെ ഇത്തരത്തിലുള്ള ബാഹ്യവല്‍ക്കരണം(externalization) ചിലവ് കുറയ്ക്കുവാനും പരമാവധി ലാഭം ഉണ്ടാക്കുവാനും ഉദ്ദേശിച്ചിട്ടുള്ളതാണ്. മറ്റൊരു വിധത്തില്‍ പറഞ്ഞാല്‍, അമേരിക്കക്കു വേണ്ടി മറ്റുള്ളവര്‍ യുദ്ധത്തിലേര്‍പ്പെടട്ടെ. ഏതു വിധത്തിലാണെങ്കിലും ഇറാഖി ജനത എന്നത് കണക്കിലെടുക്കപ്പെടേണ്ട ഒരു വിഷയമേ അല്ലാതായിരിക്കുന്നു.”
വ്യവസ്ഥയില്ലാത്ത പുതിയ ലോകം
ഇറാഖ് അധിനിവേശം ഒരു പുതിയ രീതിക്ക് തുടക്കം കുറിച്ചിരിക്കുകയാണ്. ധനിക രാഷ്ട്രങ്ങള്‍ക്ക് ,യുദ്ധത്തില്‍ നേരിട്ട് യാതൊരു പങ്കുമില്ലാത്ത രാജ്യങ്ങളില്‍ നിന്ന് ദരിദ്രരെ പടയാളികളായി റിക്രൂട്ട് ചെയ്യുവാനും അവരെ പീരങ്കിക്കുമുന്നിലെ മറയാക്കി നിര്‍ത്തി ദുര്‍ബല രാഷ്ട്രങ്ങളുമായി യുദ്ധത്തിലേര്‍പ്പെടാനും സാധിക്കുന്ന ഒരു പുതിയ രീതിക്ക്. ഇറാക്കിലിപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നതു പോലെയുള്ള യുദ്ധത്തിലേര്‍പ്പെടുന്നതിനുള്ള ഏറ്റവും വലിയ തടസ്സമായ ‘സ്വന്തം നാട്ടിലെ പടയാളികളുടെ മരണസംഖ്യ‘ കുറയ്ക്കുവാന്‍ അധിനിവേശ ശക്തികള്‍ക്ക് ഇത് വഴി സാധിക്കുന്നു. ഇറാഖില്‍ അമേരിക്കക്കുവേണ്ടി പണിയെടുത്തുകൊണ്ടിരുന്ന ആയിരത്തിലധികം സ്വകാര്യ കോണ്‍ട്രാക്ടര്‍മാര്‍ കൊല്ലപ്പെടുകയും 13000 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. ഇതിലെ ഭൂരിഭാഗവും അമേരിക്കക്ക് പുറത്ത് നിന്നുള്ളവരാണ്. യുദ്ധരംഗത്തുണ്ടാകുന്ന മരണങ്ങളെക്കുറിച്ച് അമേരിക്കന്‍ ജനത കൂടുതല്‍ കൂടുതല്‍അസ്വസ്ഥരായിരിക്കുമ്പോള്‍ ഈ മരണങ്ങളൊന്നും തന്നെ ഔദ്യോഗിക സ്ഥിതിവിവരക്കണക്കുകളില്‍ ഉള്‍പ്പെടുന്നില്ല.
അമേരിക്കക്കും ബ്രിട്ടനും ഇറാഖില്‍ സെന്‍സിറ്റീവ് ആയ മേഖലകളിലെ പ്രവര്‍ത്തനങ്ങള്‍ക്കും ഓപ്പറേഷനുകള്‍ക്കുമായി തങ്ങളുടെ നാട്ടിലെ മികച്ച യൂണിറ്റുകളില്‍ നിന്നും തെരഞ്ഞെടുത്തിട്ടുള്ള വിദഗ്ദ പരിശീലനം ലഭിച്ച സൈനികര്‍ ഉണ്ട്. എന്നാല്‍ താഴെതട്ടിലേക്ക് പോകും തോറും ഭൂരിഭാഗവും ഇറാഖികളും മൂന്നാം ലോകരാജ്യങ്ങളില്‍ നിന്ന് കരാറിലെടുത്തിട്ടുള്ളവരുമാണ്. ഇറാഖിലെ 1,80,000 സ്വകാര്യ സൈനികരില്‍ ഏതാണ്ട് 1,18,000 പേര്‍ കുറഞ്ഞ വേതനം ലഭിക്കുന്നവരും, വേണ്ടത്ര ആയുധങ്ങള്‍ ഇല്ലാത്തവരും, പരിശീലനം സിദ്ധിച്ചിട്ടില്ലാത്തവരുമായ ഇറാഖികളാണത്രെ.
കൂലിപ്പട്ടാള വ്യവസായം ഈ നടപടികളുടെ ഗുണഗണങ്ങള്‍ വര്‍ണ്ണിക്കുന്നതിങ്ങനെയാണ്, “അവരുടെ രാജ്യം കീഴടക്കിയിട്ടുണ്ടെങ്കില്‍ത്തന്നെ ഞങ്ങള്‍ ഇറാഖി ജനതക്ക് സ്വകാര്യ കോണ്‍ട്രാക്ടര്‍മാരുടെ കീഴില്‍ തൊഴില്‍ കൊടുക്കുന്നില്ലേ?”
International Peace Operations Association എന്ന ഓര്‍വീലിയന്‍ ശൈലിയിലുള്ള നാമം പേറുന്ന സ്വകാര്യ സൈനിക ഗ്രൂപ്പിന്റെ മേധാവിയായ ഡൌഗ് ബ്രൂക്സ് (Doug Brooks) ആദ്യം മുതല്‍ തന്നെ പറഞ്ഞിരുന്നു. “ ഒരു അമേരിക്കന്‍ സൈനികനു നല്‍കുന്നതിന്റെ അമ്പതിലൊന്നു തുകക്ക് ഒരു ഇറാഖി സെക്യൂരിറ്റി ഗാര്‍ഡിന്റെ സേവനം ലഭ്യമാണെന്നിരിക്കെ, മ്യൂസിയങ്ങള്‍ സംരക്ഷിക്കുവാന്‍ അബ്രാംസ് ടാങ്കിന്റെ ഒന്നും ആവശ്യമില്ലല്ലോ. ഇത്തരത്തില്‍ തദ്ദേശീയരായ പടയാളികളെ വാടകക്കെടുക്കുക വഴി, തങ്ങളുടെ ഭാസുരമായ ഭാവി നിര്‍ണ്ണയിക്കുന്നതില്‍ ഇറാഖികള്‍ക്കും അവസരം ലഭിക്കുകയാണ്. തങ്ങള്‍ക്ക് ലഭിക്കുന്ന വേതനം കൊണ്ട് ഈ ഇറാഖി പടയാളികള്‍ തങ്ങളുടെ കുടുംബം പുലര്‍ത്തുകയും സമ്പദ്‌വ്യവസ്ഥയെ ശക്തിപ്പെടുത്തുകയും ചെയ്യുന്നു. ഒരു പക്ഷെ ഏറ്റവും പ്രധാനമായത് ഒരാളെ സ്വകാര്യ സൈനികനാക്കുക വഴി അയാള്‍ ഗറില്ലാപ്പോരാളിയാകുന്നതിനുള്ള അവസരം ഇല്ലാതാക്കുന്നു എന്നതാണ്.”
ഏതു രീതിയില്‍ നോക്കിയാലും ദരിദ്രരാജ്യങ്ങളിലെ കുറഞ്ഞ വേതനത്തില്‍ പണിയെടുക്കുന്ന തൊഴിലാളികളെ തങ്ങളുടെ ലാഭം വര്‍ദ്ധിപ്പിക്കാനായി ആശ്രയിക്കുന്ന കോര്‍പ്പറേറ്റ് മാതൃക തന്നെയാണിത്. അടിമപ്പണിക്കാണെങ്കിലും തൊഴിലാളികളെ വാടകക്കെടുക്കുക വഴി ആ രാജ്യങ്ങളിലെ സമ്പദ്‌വ്യവസ്ഥയെ ശക്തിപ്പെടുത്തുകയാണവര്‍ ചെയ്യുന്നത് എന്നു തന്നെയാണ് ഭീമന്‍ ബഹുരാഷ്ട്രക്കുത്തകകളും അവകാശപ്പെടുന്നത്.
“ലോകത്തിലെ ഏറ്റവും ശക്തമായ സൈന്യത്തിന്റെ ഹൃദയത്തിലേക്കുതന്നെ കോര്‍പ്പറേറ്റ് ബ്രാന്‍ഡിങ്ങിന്റെ വിപ്ലവം 1990കളില്‍ കൊണ്ടുവന്നു എന്നതാവും ഡൊണാള്‍ഡ് റംസ്‌ഫെല്‍ഡിന്റെ ഏറ്റവും പ്രധാനപ്പെട്ട നീക്കവും പൈതൃകവും ആയി ചരിത്രം രേഖപ്പെടുത്തുക,“ നവോമിക്ലീന്‍ പറയുന്നു. അവരുടെ പുതിയ പുസ്തകം The Shock Doctrine: The Rise of Disaster Capitalism ഈ വിഷയമാണ് ചര്‍ച്ച ചെയ്യുന്നത്.
“നമ്മള്‍ ഇപ്പോള്‍ ഒരു വ്യാജ സൈന്യത്തിന്റെ ആവിര്‍ഭാവം കണ്ടുകഴിഞ്ഞു. നൈക്കിനെപ്പോലുള്ള വ്യാജകമ്പനികളെപ്പോലെ, സൈനിക സാങ്കേതിക വിദ്യ വികസിപ്പിക്കുന്നതിന് ധനിക രാഷ്ട്രങ്ങളില്‍ സഹസ്രകോടികള്‍ ചിലവിടുമ്പോള്‍ അധിനിവേശത്തിനും കൈവശപ്പെടുത്തലിനും വേണ്ടതായ മനുഷ്യാദ്ധ്വാനവും വിയര്‍പ്പുമൊക്കെ ഏറ്റവും കുറഞ്ഞ നിരക്കില്‍ തീര്‍ത്തുകൊടുക്കുന്നതിനായി മത്സരിക്കുന്ന കോണ്‍ട്രാക്ടര്‍മാര്‍ക്ക് പുറം കരാര്‍ നല്‍കുകയാണ്. നിര്‍മ്മാണ മേഖലയില്‍ വന്‍കിട ബ്രാന്‍ഡുകള്‍ തങ്ങളുടെ സപ്ലയര്‍മാരുടെ നടപടികളെ സംബന്ധിച്ച് തികഞ്ഞ അജ്ഞത പ്രകടിപ്പിക്കുന്ന ശൈലി നടമാടുന്ന പോലെത്തന്നെ സൈനികമേഖലയിലും ഈ മാതൃക വ്യാപകമായിരിക്കുന്നു.“ അമേരിക്കന്‍ ബ്രിട്ടീഷ് സര്‍ക്കാരുകള്‍ക്ക് ഇറാഖില്‍ നിന്ന് സൈന്യത്തെ പിന്‍വലിക്കുന്നു എന്ന ധാരണ പൊതുജനങ്ങള്‍ക്ക് നല്‍കുകാനും മൊത്തം സൈനിക നടപടികള്‍ സ്വകാര്യവല്‍ക്കരിക്കുവാനും കഴിയും. ബസ്രയില്‍ നിന്നും 1600 ബ്രിട്ടീഷ് സൈനികരെ പിന്‍വലിക്കാനുദ്ദേശിക്കുന്നതായി മുന്‍പ്രധാനമന്ത്രി ടോണിബ്ലെയര്‍ പ്രഖാപിച്ച സമയത്ത് തന്നെ “ഒഴിവു നികത്താനായി” സ്വകാര്യ സേനയെ അയക്കുന്ന കാര്യം ബ്രിട്ടീഷ് സര്‍ക്കാര്‍ പരിഗണിച്ചിരുന്നതായി റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.
The Spy who billed me
ഇറാഖ് മാധ്യമങ്ങളുടെ തലക്കെട്ടുകളിലെ പ്രധാന വിഷമായി തുടരുമ്പോള്‍ തന്നെ, സ്വകാര്യ യുദ്ധ-രഹസ്യാന്വേഷണ കമ്പനികള്‍ തങ്ങളുടെ സ്വാധീനം വര്‍ദ്ധിപ്പിച്ചുകൊണ്ടിരിക്കുകയാണ്. ചരിത്രത്തിലെത്തന്നെ ഏറ്റവും വലിയ സൈനിക സ്വകാര്യവല്‍ക്കരണത്തിന്റെ അജണ്ടയുമായി മുന്നോട്ട് പോവുകയാണ് ഇപ്പോള്‍ അമേരിക്കന്‍ സര്‍ക്കാര്‍. വാനിറ്റി ഫെയറില്‍ വന്ന റിപ്പോര്‍ട്ട് അനുസരിച്ച് അമേരിക്കന്‍ സര്‍ക്കാര്‍ ഈ കോണ്‍ട്രാക്ടര്‍മാര്‍ക്കായി നല്‍കുന്ന തുക ഒരു ലക്ഷം ഡോളര്‍ വരെ വരുമാനമുള്ള എല്ലാ അമേരിക്കക്കാരും ചേര്‍ന്ന് നല്‍കുന്ന നികുതിയേക്കാല്‍ വലിയ തുകയാണത്രെ. അതായത് 90 ശതമാനത്തില്‍പ്പരം നികുതിദായകരും തങ്ങള്‍ സര്‍ക്കാരിനടക്കേണ്ടതായ മുഴുവന്‍ തുകയും സര്‍ക്കാരിനു പകരം കോണ്‍ട്രാക്ടര്‍മാര്‍ക്ക് നല്‍കുന്നതിനു സമമായ അവസ്ഥയാണുള്ളത്.
ചില പുറം കരാറുകള്‍ രഹസ്യാന്വേഷണം ഉള്‍പ്പെടെയുള്ള സെന്‍സിറ്റീവ് ആയ മേഖകളിലാണ് നടക്കുന്നത്. “ ഇതിപ്പോളൊരു കാന്തം പോലെയാണ്. മുന്‍കാലങ്ങളില്‍ രഹസ്യാന്വേഷണ ഏജന്‍സികള്‍ നിര്‍വഹിച്ചിരുന്ന പ്രവര്‍ത്തനങ്ങളും, വിദഗ്ദരും എല്ലാം സ്വകാര്യ കോണ്‍ട്രാക്ടര്‍മാരിലേക്ക് ആകര്‍ഷിക്കപ്പെടുകയാണ്.” സി.ഐ.എയുടെ മുഖ്യ അനലിസ്റ്റൂകളില്‍ ഒരാളായിരുന്ന മെല്‍വിന്‍ ഗുഡ്‌മാന്‍ പറയുന്നു. “ ഉത്തരവാദിത്വരാഹിത്യവും ആരോടും കണക്കു പറയേണ്ടതില്ലാത്ത അവസ്ഥയുമാണ് എന്റെ ഏറ്റവും വലിയ ഉത്കണ്ഠ. മുഴുവന്‍ (സൈനിക)വ്യവസായവും നിയന്ത്രണത്തിനുമപ്പുറത്താണിപ്പോള്‍. ഇത് അന്യായമാണ്” അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു.
അമേരിക്കന്‍ ഇന്റലിജന്‍സിന്റേയും സ്വകാര്യ കോണ്‍ട്രാക്ടര്‍മാരുടേയും രഹസ്യ പ്രവര്‍ത്തനങ്ങളെക്കുറിച്ച് അന്വേഷിക്കുന്ന RJ Hillhouse എന്ന ബ്ലോഗര്‍ക്ക് ഡയറക്ടറേറ്റ് ഓഫ് നാഷണല്‍ ഇന്റലിജെന്‍സില്‍(DNI) നിന്നും ലഭിച്ച രേഖകള്‍ പ്രകാരം സ്വകാര്യകോണ്‍ട്രാക്ടര്‍മാര്‍ക്കായി വാഷിംഗ് ടണ്‍ പ്രതിവര്‍ഷം ചിലവഴിക്കുന്നത് 42 ബില്യണ്‍ ഡോളറാണത്രെ. രണ്ടായിരാമാണ്ടില്‍ ഇത് 17.54 ബില്യണ്‍ ഡോളര്‍ ആയിരുന്നു. ഇപ്പോള്‍ സ്വകാര്യ കോണ്‍ട്രാക്ടര്‍മാര്‍ക്കായി ചിലവഴിക്കുന്ന തുക അമേരിക്കന്‍ ഇന്റലിജന്‍സ് ബഡ്‌ജറ്റിന്റെ 70 ശതമാനം വരുമത്രെ.
DNIയുടെ ഇപ്പോഴത്തെ ചീഫ് മൈക്ക് മക് കോണല്‍ സ്വകാര്യ രഹസ്യാന്വേഷണ ഏജന്‍സികളുടെ ലോബീയിംഗ് കാര്യങ്ങള്‍ ഏറ്റെടുത്ത് നടത്തുന്ന Intelligence and National Security Alliance ന്റെ ബോര്‍ഡില്‍ ചെയര്‍മാനായിരുന്നു എന്നതുകൊണ്ടു തന്നെ ഇതില്‍ അത്ഭുതപ്പെടേണ്ട കാര്യമില്ല. ഏറ്റവും സെന്‍സിറ്റീവ് ആയ അമേരിക്കന്‍ രഹസ്യാന്വേഷണ രേഖകളിലൊന്നായ പ്രസിഡന്‍ഷ്യല്‍ ഡെയ്‌ലി ബ്രീഫിങ്ങിന്റെ ഒരു ഭാഗം തയ്യാറാക്കുന്നത് സ്വകാര്യ കമ്പനികളാണെന്നും അതില്‍ പിന്നീട് സര്‍ക്കാര്‍ മുദ്ര വയ്ക്കുകയാണെന്നും Hillhouse വെളിപ്പെടുത്തുകയുണ്ടായി.
“ഏതെങ്കിലുമൊരു കമ്പനി എതെങ്കിലുമൊരു സര്‍ക്കാരിന്റെ ഇടപെടലുകള്‍ മൂലം വ്യവസായം നടത്തിക്കൊണ്ടു പോകാനാവുന്നില്ല എന്ന പരാതി പറയട്ടെ.ഉടന്‍ തന്നെ ഭീകരവാദികളുമായുള്ള ആ രാജ്യത്തിന്റെ ബന്ധത്തെക്കുറിച്ചുള്ള ഇന്റലിജന്‍സ് റിപ്പോര്‍ട്ടുകള്‍ വൈറ്റ് ഹൌസിന്റെ ശ്രദ്ധയില്‍ വരും. തുടര്‍ന്ന്‍ ദേശീയ നയ രൂപീകരണത്തിലും അവ ഉപയോഗിക്കപ്പെടും, ”Hillhouse വാദിക്കുന്നു.
ബഹുരാഷ്ട്ര കൂലിപ്പടയാളികള്‍
ഈയിടയായി അവര്‍ക്ക് കിട്ടിക്കൊണ്ടിരിക്കുന്ന പ്രാമുഖ്യം പൂര്‍ണമായും ഉപയോഗപ്പെടുത്തികൊണ്ട് ലാറ്റിന്‍ അമേരിക്കയിലെ വിവിധ യുദ്ധഭൂമികളില്‍ ഈ സ്വകാര്യ സേനകള്‍ തങ്ങളുടെ സാന്നിദ്ധ്യം വിപുലമാക്കി വരികയാണ്. “മയക്കുമരുന്നിനെതിരെ യുദ്ധം”( "war on drugs" ) എന്നതിന്റെ മറവില്‍ ഡിന്‍ കോര്‍പ്പ് ഇന്റര്‍നാഷണല്‍ (DynCorp International) കൊളംബിയയിലും ബൊളീവിയയിലും അയല്‍ രാജ്യങ്ങളിലും തങ്ങളുടെ സേനയെ വിന്യസിച്ചിട്ടുണ്ട്. കൊളംബിയക്ക് അമേരിക്ക നല്‍ക്കുന്ന 630 മില്യണ്‍ ഡോളറിന്റെ സൈനിക സഹായത്തില്‍ പകുതിയിലേറെയും പോകുന്നത് ഈ സ്വകാര്യ സേനകള്‍ക്കാണ്. ആഫ്രിക്കയിലാവട്ടെ, സോമാലിയ, കോംഗോ, സുഡാന്‍ എന്നീ രാജ്യങ്ങളിലൊക്കെ ഇവരുടെ സാന്നിദ്ധ്യമുണ്ട്. ഐക്യരാഷ്ട്ര സഭയുടെ ശാന്തി സേനയുടെ ( U.N. peacekeeping force ) വമ്പന്‍ ബഡ്ജറ്റിലാണവരുടെ കണ്ണ് (1990 കളുടെ ആദ്യം മുതല്‍ക്കെ ഇതൊരു യാഥാര്‍ത്ഥ്യമാണ്, ഒരു പക്ഷെ അതിനു മുമ്പെ തുടങ്ങിയതുമാവാം). അമേരിക്കന്‍ അതിര്‍ത്തി സേനയെ സ്വകാര്യവല്‍ക്കരിക്കുന്നതിനെക്കുറിച്ച് തീരുമാനം ഇനിയും എടുത്തിട്ടില്ലെങ്കിലും കത്രീന വീശിയടിച്ച നാളുകളില്‍ സായുധരായ സ്വകാര്യ സൈനികരെ ന്യൂ ഓര്‍ലിയന്‍സില്‍ വിന്യസിച്ചിരുന്നു.
സ്വകാര്യസേനാ വ്യവസായങ്ങള്‍ക്കായി ലോബിയിംഗ് നടത്തുന്ന ബ്രൂക്ക്സ് പറയുന്നു, ” ജനങ്ങള്‍ ഇറാക്കിനെക്കുറിച്ച് അമിതമായി വേവലാതിപ്പെടുകയാണ്, ഞങ്ങളുടെ സംഘടനയില്‍ അംഗങ്ങളായ കമ്പനികള്‍ക്ക് ഐക്യരാഷ്ട്ര സഭയുടെയും ആഫ്രിക്കന്‍ യൂണിയന്റെയും ശാന്തിസേനകളില്‍ ഉള്ളത്ര സൈനികര്‍ വിരലിലെണ്ണാവുന്ന രാജ്യങ്ങളൊഴിച്ച് ഒട്ടു മിക്ക രാജ്യങ്ങള്‍ക്കുമില്ല തന്നെ.” വോണ്‍ സ്പൊനെക്ക് ( Von Sponeck ) പറയുന്നത് ശ്രദ്ധിക്കൂ, “ ഐക്യരാഷ്ട്ര സഭയും സെക്രട്ടറി ജനറലും ഇക്കാര്യത്തെക്കുറിച്ച് പ്രതികരിക്കേണ്ടതാണ്, പക്ഷെ അവരത് ചെയ്യുന്നില്ല, അവര്‍ മൌനത്തിലാണ് . ഇത്തരം കമ്പനികളെ യുദ്ധരംഗത്ത് നിന്നും പൂര്‍ണമായും ഒഴിവാക്കുകയാണ് വേണ്ടത്. ഞാന്‍ എന്റെ ജീവിതകാലം മുഴുവന്‍ സേവിച്ച സ്ഥാപനത്തെക്കുറിച്ച് എനിക്ക് ഖേദം തോന്നുന്നു.“
അമേരിക്കയും ബ്രിട്ടണും ഇത്തരം സേനകള്‍ക്ക് നല്‍കിവരുന്ന അഭൂതപൂര്‍വമായ സാമ്പത്തികസഹായം(funding) ഉപയോഗിച്ച് , പണ്ടൊക്കെ ഭരണകൂടങ്ങള്‍ക്കു മാത്രം സ്വന്തമായിരുന്ന സായുധ ശക്തി, തങ്ങളുടെ സിഇഓ മാരോടു മാത്രം ( പബ്ലിക്ക് കമ്പനിയാണെങ്കില്‍ ഓഹരി ഉടമകളോട് മാത്രം) പ്രതിബദ്ധതയുള്ള, ലാഭം മാത്രം ലക്ഷ്യമാക്കുന്ന, സ്വകാര്യ സേനകള്‍ കൈവശമാകിക്കഴിഞ്ഞു, ആര്‍ക്കു വേണ്ടിയാണ് അവര്‍ യുദ്ധം ചെയ്യുന്നത് എന്നത് അവര്‍ക്ക് ഒരു പ്രശ്നമല്ല. സിഐഎ നടത്തുന്ന പോലുള്ള ഓപ്പറേഷനുകള്‍, സ്പെഷ്യല്‍ ഓപ്പറേഷനുകള്‍, ഗൂഢ നീക്കങ്ങള്‍, ചെറിയ രീതിയിലുള്ള സൈനിക നീക്കങ്ങള്‍ ഇവയെല്ലാം നടത്തുവാനാവശ്യമായ സേനകള്‍, കമ്പോളത്തില്‍ ലഭ്യമാണിന്ന് -ചരിത്രലിതുവരെ കണ്ടിട്ടില്ലാത്ത രീതിയിലും മാനങ്ങളിലും. സ്വന്തമായി സൈനിക ശേഷിയില്ലാത്ത എന്നാല്‍ ചെലവഴിക്കാന്‍ ധാരാളം പണംകൈവശമുള്ള രാഷ്ട്രങ്ങള്‍ക്കും കോര്‍പ്പറേഷനുകള്‍ക്കും ഇനിമുതല്‍ സുശിക്ഷിതരായ സായുധ കമാന്‍ഡോകളുടെ സ്ക്വാഡ്രണുകളെ വാടകക്കെടുക്കാന്‍ കഴിയും!
“ ഭരണകൂടത്തിന്റെ തന്നെ ശക്തിയെക്കുറിച്ച് ഇതു വളരെ ഗുരുതരമായ ചില ചോദ്യങ്ങളാണ് ഉയര്‍ത്തിയിരിക്കുന്നത്. സൈനിക ശക്തിയുടെ പ്രയോഗം എന്നത് പൂര്‍ണ്ണമായും സര്‍ക്കാര്‍ ഉടമസ്ഥതയിലും നിയന്ത്രണത്തിലും ഉളള ഒന്നായിരിക്കണം എന്നാണ് ജനങ്ങള്‍ ആഗ്രഹിക്കുന്നത്, ” റിപ്പബ്ലിക്കന്‍ സെനറ്റര്‍ ജാന്‍ ഷക്കോവ്‌സ്‌ക്കി (Jan Schakowsky) പറയുന്നു.” പെട്ടെന്ന് നിങ്ങളുടെ മുമ്പിലിതാ ലോകത്തിലെവിടെയും ചുറ്റി സഞ്ചരിക്കുന്ന , ഭരണകൂടങ്ങളേക്കള്‍ ശക്തമായ, തങ്ങള്‍ക്കിഷ്ടമില്ലാത്ത ഭരണകൂടങ്ങളെ മാറ്റാന്‍ തന്നെ കഴിവുള്ള, `ലാഭത്തിനു വേണ്ടിയുള്ള കമ്പനി’( for-profit corporation) പ്രത്യക്ഷപ്പെട്ടിരിക്കുന്നു. അതിന് ലോകം മുഴുവന്‍ ചെറിയ ചെറിയ സാഹസികകൃത്യങ്ങളിലേര്‍പ്പെട്ടിരിക്കുന്ന, അന്ധകാരത്തിന്റെ മറവില്‍ ഓപ്പറേഷനുകള്‍ സംഘടിപ്പിക്കുന്ന ഭരണകൂടത്തിന്റെ സര്‍വപിന്തുണയും ഉണ്ടെന്നു തോന്നുന്നു.“
“ ഇതു മറ്റു ചില ചോദ്യങ്ങള്‍ - ജനാധിപത്യരാഷ്ട്രങ്ങളെക്കുറിച്ച്, ഭരണകൂടങ്ങളെക്കുറിച്ച്, ലോകം മുഴുവന്‍ നയരൂപീകരണത്തില്‍ ആരാണ് സ്വാധീനിക്കുന്നത് എന്നതിനെക്കുറിച്ച് , രാജ്യങ്ങള്‍ തമ്മിലുള്ള പരസ്പര ബന്ധത്തെക്കുറിച്ച് ഒക്കെ ഉള്ള ചില ചോദ്യങ്ങള്‍ ഉയര്‍ത്തുന്നു . ഒരു പക്ഷെ ഭാവിയില്‍ നാറ്റോ ( NATO) പോലെയുള്ള ഉടമ്പടികള്‍ അപ്രസക്തമാക്കുക എന്നതും ഇതിന്റെ ഒരു ലക്ഷ്യമാവാം. ഏറ്റവും ഉയര്‍ന്ന തുക നല്‍കാന്‍ തയ്യാറുള്ളവര്‍ക്ക് ലേലം ഉറപ്പിച്ച് കൊടുക്കുമായിരിക്കും. ആരാവും വരാനുള്ള നാളുകളില്‍ ഈ ലോകത്ത് യുദ്ധമാണോ സമാധാനമാണോ പുലരേണ്ടത് എന്ന് നിര്‍ണയിക്കുക? ”
(Jeremy Scahill എഴുതിയ ലേഖനത്തിന്റെ സ്വതന്ത്ര പരിഭാഷ. കടപ്പാട്: കൌണ്ടര്‍ പഞ്ച്)
Jeremy Scahill is the author of The New York Times-bestseller " Blackwater: The Rise of the World's Most Powerful Mercenary Army.". He is a Puffin Foundation Writing Fellow at the Nation Institute. This article appears in the current issue of The Indypendent newspaper. He can be reached at jeremy(AT)democracynow.org
(അധിക വായനയ്ക്ക്)
Blackwater Goes to Mexico
Blackwater Resisters Tried in Closed Court
Privatizing War Abroad, Invading Privacy at Home
What Every American Should Know About Iraq
A chat with General David Petraeus