Wednesday, August 15, 2007

ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിക്കുമ്പോള്‍

ക്രെഡിറ്റ് കാര്‍ഡ് അഥവാ പ്ലാസ്റ്റിക് പണം എന്ന ആശയം 1950ല്‍ അമേരിക്കയിലാണ് രൂപം കൊണ്ടത്. ഡൈനേര്‍സ് ക്ലബ്ബും അമേരിക്കന്‍ എക്സ്പ്രസ്സും പുറത്തിറക്കിയ ചാര്‍ജ് കാര്‍ഡുകളായിരുന്നു തുടക്കം. 1970ല്‍ മാഗ്നറ്റിക് സ്ട്രിപ്പിന്റെ ആവിര്‍ഭാവത്തോടെയാണ് ക്രെഡിറ്റ് കാര്‍ഡുകളുടെ പ്രചാരം വര്‍ദ്ധിച്ചത്.

കാര്‍ഡുകള്‍ അടിസ്ഥാനപരമായി രണ്ടു വിധത്തിലുണ്ട്. ക്രെഡിറ്റ് കാര്‍ഡുകളും ഡെബിറ്റ് കാര്‍ഡുകളും. ഇതില്‍ ക്രെഡിറ്റ് കാര്‍ഡിനാണ് താരതമ്യേന പ്രചാരം കൂടുതല്‍. പിറകുവശത്ത് ഒരു മാഗ്നറ്റിക് സ്ട്രിപ്പോടുകൂടിയ പ്ലാസ്റ്റിക് കാര്‍ഡുകളാണ് ഇവ. ഈ മാഗ്നറ്റിക് സ്ട്രിപ്പില്‍ കാര്‍ഡുടമയുടെ പേര്, അനുവദനീയമായ തുക, കാലാവധി എന്നിവയെക്കുറിച്ചുള്ള വിവരങ്ങള്‍ ഉള്‍ക്കൊള്ളിച്ചിരിക്കും. കാര്‍ഡുടമക്ക് ഒരു നിശ്ചിത കാലയളവിലേക്ക് ഒരു നിശ്ചിത തുക, കാര്‍ഡ് നല്‍കുന്ന ബാങ്ക്/സ്ഥാപനം, ക്രെഡിറ്റ് ആയി നല്‍കുന്നതു കൊണ്ടാണ്‍ ഇവയെ ക്രെഡിറ്റ് കാര്‍ഡ് എന്നു വിളിക്കുന്നത്.

ക്രെഡിറ്റ് കാര്‍ഡ് ലഭിക്കുവാന്‍ എന്തു ചെയ്യണം

ഇതിനായി നിശ്ചിത ഫോറത്തില്‍ എല്ലാ വിവരങ്ങളും ഉള്‍ക്കൊള്ളിച്ചുകൊണ്ട് ഏതു ബാങ്കില്‍ നിന്നാണോ കാര്‍ഡ് വേണ്ടത് ആ ബാങ്കിലേക്ക് അപേക്ഷ നല്‍കണം. അപേക്ഷാ ഫോറത്തിന്റെ കൂടെ തിരിച്ചറിയല്‍ രേഖയായി പാന്‍ കാര്‍ഡ്, ഡ്രൈവിങ്ങ് ലൈസന്‍സ്, വോട്ടര്‍ ഐഡന്റിറ്റി കാര്‍ഡ്, പാസ്പോര്‍ട്ട് തുടങ്ങിയ ഏതെങ്കിലും ഒന്നിന്റെ പകര്‍പ്പും വരുമാനം തെളിയിക്കുന്ന രേഖയും(ഉദാ:ആദായനികുതി റിട്ടേണിന്റെ പകര്‍പ്പ്) കൂടി നല്‍കണം. കാര്‍ഡ് നല്‍കുന്ന ബാങ്ക് ഈ അപേക്ഷ പരിശോധിച്ചശേഷം നിങ്ങള്‍ യോഗ്യനാണെങ്കില്‍ നിങ്ങള്‍ക്ക് കാര്‍ഡ് നല്‍കുന്നു. കാര്‍ഡുകള്‍ പ്രചാരത്തില്‍ വന്നു തുടങ്ങിയ ആദ്യ നാളുകളില്‍ ഈ അപേക്ഷാ ഫോറവും മറ്റും ബാങ്കുകളില്‍ നിന്നും നേരിട്ട് വാങ്ങണമായിരുന്നു. ഇന്ന് ബാങ്കിന്റെ ഏജന്റുമാര്‍ നിങ്ങളുടെ വീട്ടിലെത്തി അപേക്ഷാ ഫോറം നല്‍കുകയും പൂരിപ്പിക്കുന്നതിന്‍ സഹായിക്കുകയും ചെയ്യും.

ക്രെഡിറ്റ് കാര്‍ഡിന്റെ ഉപയോഗം എന്ത്?

അത്ര വിദൂരമല്ലാത്ത ഭൂതകാലത്ത് എന്തെങ്കിലും വാങ്ങണമെങ്കില്‍ പണം തന്നെ ഉപയോഗിക്കണമായിരുന്നു. ഉടമക്ക് നല്ല പരിചയം ഉണ്ടെങ്കില്‍ ചെക്ക് മുഖേനയും ചിലപ്പോള്‍ ഷോപ്പിങ്ങ് നടത്താന്‍ പറ്റുമായിരുന്നു. എങ്കിലും പൈസ കിട്ടും എന്ന് ഉടമക്ക് ഒരു ഉറപ്പും ഇല്ലായിരുന്നു. പലപ്പോഴും കയ്യില്‍ പൈസ ഇല്ലെങ്കില്‍ വാങ്ങല്‍ നടക്കില്ലായിരുന്നു.

കാര്‍ഡുണ്ടെങ്കില്‍ ഈയൊരു പ്രശ്നം ഒഴിവായിക്കിട്ടുന്നു. സാധനത്തിന്റെ വില പണമായി നല്‍കേണ്ടതിനു പകരമായി കാര്‍ഡ് ഉപയോഗിക്കാം. കച്ചവടസ്ഥാപനങ്ങളിലും മറ്റും സ്ഥാപിച്ചിട്ടുള്ള പ്രത്യേക റീഡറിലൂടെ കാര്‍ഡിന്റെ പിറകിലെ മാഗ്നറ്റിക് സ്ട്രിപ്പിലെ വിവരങ്ങള്‍ വായിക്കപ്പെടുകയും കാര്‍ഡ് ദാതാവായ ബാങ്കിന്റെ കമ്പ്യൂട്ടറിലേക്ക് അയക്കപ്പെടുകയും ചെയ്യുന്നു. അവിടത്തെ കമ്പ്യൂട്ടര്‍ ഈ വിവരങ്ങള്‍ പരിശോധിക്കുകയും, കാര്‍ഡിന്റെ പരിധിക്കുള്ളിലാണ് കൊടുക്കേണ്ട തുകയെങ്കില്‍ കടയുടമക്ക് അനുമതി നല്‍കുന്നു. ഇതിനെല്ലാം കൂടി 5-10 സെക്കന്റ് മാത്രമേ എടുക്കൂ.

കാര്‍ഡ് ഉടമ ഒപ്പിട്ടു നല്‍കുന്ന സ്ലിപ് ബാങ്കില്‍ നല്‍കിയാല്‍ തനിക്കു കിട്ടാനുള്ള തുക കിട്ടുമെന്ന് കടയുടമക്ക് ഉറപ്പു കിട്ടുന്നു. കടയുടമക്ക് ഉടനെ പണം ലഭിക്കുമെങ്കിലും കാര്‍ഡുടമയില്‍ നിന്ന് ബാങ്ക് ഈ പണം ഈടാക്കുന്നത് ഒരു നിശ്ചിത ദിവസത്തിനുശേഷം മാ‍ത്രമാണ്. വാങ്ങുന്ന ദിവസത്തിന്റേയും പണം ഈടാക്കുന്ന ദിവസത്തിന്റേയും ഇടയിലുള്ള കാലയളവിനെ period of credit എന്നു പറയുന്നു. കാര്‍ഡുടമയില്‍ നിന്ന് പണം പിന്നീട് മാത്രം ഈടാക്കുന്നത് കൊണ്ട് അത്രയും ദിവസത്തേക്ക് ബാങ്ക് ഒരു ക്രെഡിറ്റ് അല്ലെങ്കില്‍ അഡ്‌‌വാന്‍സ് നല്‍കുന്നു എന്നു പറയാം.

അക്കൌണ്ടിങ്ങ് രീതി

എല്ലാ ക്രെഡിറ്റ് കാര്‍ഡിനും ഒരു ബില്ലിങ്ങ് സൈക്കിള്‍(billing cycle) ഉണ്ടായിരിക്കും. ഉദാഹരണമായി ഒരു മാസത്തിലെ ഇരുപതാം തീയതി മുതല്‍ അടുത്ത മാസം പത്തൊന്‍പതാം തീയതി വരെ. പത്തൊന്‍പതാം തീയതി ഒരു ക്രെഡിറ്റ് കാര്‍ഡ് സ്റ്റേറ്റ്മെന്റ് തയ്യാറാക്കുകയും കാര്‍ഡുടമയ്ക്ക് അയച്ചുകൊടുക്കുകയും ചെയ്യും. തുടര്‍ന്ന് പത്തുമുതല്‍ പതിനഞ്ചു ദിവസത്തിനുള്ളില്‍ പണമടച്ചാല്‍ മതിയാകും. നല്ല രീതിയില്‍ പ്ലാന്‍ ചെയ്ത് കണക്കു കൂട്ടി ജീവിക്കുന്ന വ്യക്തിയാണെങ്കില്‍ കാര്‍ഡ് ഉപയോഗിച്ച് എല്ലാ മാസവും 20ന് സാധനങ്ങള്‍ വാങ്ങുന്നു. അതാവുമ്പോള്‍ പണമടയ്ക്കാന്‍ ഏതാണ്ട് 45 ദിവസം വരെ ലഭിക്കുന്നു.

പണമടയ്ക്കുന്ന രീതികള്‍

പണമടയ്ക്കുന്നതിന് പലരീതികളുണ്ട്. ഒന്നുകില്‍ മൊത്തമായി അടയ്ക്കാം അല്ലെങ്കില്‍ തവണകളായി. മൊത്തമായി അടയ്ക്കുകയാണെങ്കില്‍ കണക്ക് അപ്പോള്‍ത്തന്നെ സെറ്റില്‍ ചെയ്യുന്നു. തവണകളായി അടയ്ക്കുകയാണെങ്കില്‍ ഒരു മിനിമം തുക അടയ്ക്കണം. ചില ബാങ്കുകളില്‍ ഇത് 5% ആണ്. തവണകളായി അടയ്ക്കുമ്പോള്‍ ബാങ്കുകള്‍ പലിശ ഈടാക്കും. സാധാരണഗതിയില്‍ 25% മുതല്‍ 40% വരെ വാര്‍ഷിക പലിശ ആണ് ഈടാക്കുന്നത്.

ഇവിടെ പലപ്പോഴും കാര്‍ഡുടമകള്‍ വിഡ്ഡികളാക്കപ്പെടുന്നുണ്ട് എന്ന് പറയാതെ വയ്യ. 2% മുതല്‍ 3% വരെ പലിശയാണ് ഈടാക്കുന്നത് എന്നാണ് പരസ്യങ്ങളില്‍ കാണുക. പക്ഷെ ഇത് മാസപ്പലിശയാണ് എന്ന് എടുത്ത് പറയാറില്ല. വാര്‍ഷികനിരക്കില്‍ ഇത് 24% മുതല്‍ 36% വരെ ആകുന്നു. അതുകൊണ്ട് തന്നെ കാര്‍ഡ് ഉപയോഗിച്ച് സാധനങ്ങള്‍ വാങ്ങുമ്പോള്‍ തവണകളായി പണമടയ്ക്കാതെ രൊക്കം അടയ്ക്കുന്നതായിരിക്കും ലാഭകരം. 24 മുതല്‍ 36 വരെ ശതമാനം പലിശക്ക് കാര്‍ഡ് ഉപയോഗിച്ച് സാധനങ്ങള്‍ വാങ്ങുന്നതിനേക്കാള്‍ എന്തു കൊണ്ടും ലാഭകരം 10 മുതല്‍ 12 ശതമാനം വരെ പലിശ ഈടാക്കുന്ന കണ്‍‌സ്യൂമര്‍ ലോണുകള്‍ ഉപയോഗിക്കുന്നതായിരിക്കും.

കാര്‍ഡുകളുടെ ശൈശവദശയില്‍ കാര്‍ഡ് ദാതാക്കള്‍ വാര്‍ഷിക പുതുക്കല്‍ ഫീസ്‌ (Yearly Renewal Fees) ഈടാക്കിയിരുന്നു. 300 രൂപ മുതല്‍ 1000 രൂപ വരെയായിരുന്നു ഇതിന്റെ നിരക്ക്‌. ഈ മേഖലയിലെ കടുത്ത മത്സരം മൂലം ചില പ്രത്യേക കാലയളവിലേക്ക് ഫീസ് ഇല്ലാതെ കാര്‍ഡ് നല്‍കുവാന്‍ ദാതാക്കള്‍ തയ്യാറാകാറുണ്ട്. ആ സമയത്ത് കാര്‍ഡ് എടുക്കുന്നത് ഈ വാര്‍ഷിക പുതുക്കല്‍ ഫീസ് ഒഴിവാക്കുവാന്‍ സഹായിക്കും.

സൌജന്യങ്ങള്‍, ഇളവുകള്‍

മറ്റൊരു കാര്യം പല കാര്‍ഡ് ദാതാക്കളും കാര്‍ഡ് ഉപയോഗിച്ച് ചിലവഴിക്കുന്ന തുകക്ക് ഒരു റിവാര്‍ഡ് പോയിന്റ് നല്‍കുന്നുണ്ട്. ചിലര്‍ 100 രൂപക്ക് 2 പോയിന്റ്, മറ്റു ചിലര്‍ 125 രൂപക്ക് 1 പോയിന്റ് എന്നിങ്ങനെ. ഈ പോയിന്റ് ഉപയോഗിച്ച് വാര്‍ഷികഫീസ് അടയ്ക്കുകയോ ചില സാധനങ്ങള്‍ വാങ്ങുവാന്‍ ഉപയോഗിക്കുകയോ ചെയ്യാവുന്നതാണ്. ചില കാര്‍ഡ് ദാതാക്കളും വിമാനക്കമ്പനികളുമായുള്ള ധാരണപ്രകാരം ഈ പോയിന്റെ അടിസ്ഥാനത്തില്‍ air miles അനുവദിക്കുന്നുണ്ട്. ഇത് വിമാന ടിക്കറ്റ് വാങ്ങുമ്പോള്‍ കിഴിവായി കിട്ടും. അതു വഴി യാത്രാച്ചെലവ് കുറയ്ക്കാന്‍ പറ്റും. ഇത്തരത്തില്‍ നല്‍കുന്ന പോയിന്റുകളുടെ കാലാവധി അറിഞ്ഞുവെയ്ക്കുന്നത് നല്ലതായിരിക്കും. ചില കാര്‍ഡ് ദാതാക്കള്‍ 18 മാസത്തെ ഇടവേള മാത്രമേ ഈ പോയിന്റ് ഉപയോഗിച്ച് സാധനങ്ങള്‍ വാങ്ങുന്നതിനോ യാത്ര ചെയ്യുന്നതിനോ അനുവദിക്കുന്നുള്ളൂ. അതിനുള്ളില്‍ ഉപയോഗിച്ചില്ലെങ്കില്‍ ഇത് ഉപയോഗശൂന്യമായിത്തീരും.

ക്രെഡിറ്റ് കാര്‍ഡ് എവിടെയൊക്കെ ഉപയോഗിക്കാം

കാര്‍ഡ് ദാ‍താക്കളുമായി ധാരണയുണ്ടാക്കിയിട്ടുള്ള എല്ലാ കച്ചവടസ്ഥാപനങ്ങളിലും കടകളിലും കാര്‍ഡ് ഉപയോഗിക്കാം. ഏതൊക്കെ കാര്‍ഡുകള്‍ സ്വീകരിക്കും എന്ന് അറിയിക്കുന്ന സ്റ്റിക്കറുകള്‍ ഇത്തരം സ്ഥാപനങ്ങളില്‍ കാണാം.

കാര്‍ഡുടമകള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

കാര്‍ഡുകള്‍ ഒടിക്കുകയോ വളക്കുകയോ ചെയ്യാതിരിക്കുക.

ഇലക്ട്രോണിക് ഉപകരങ്ങളുടെ സാമീപ്യം ഒഴിവാക്കുക. അതുപോലെ നേരിട്ട് സൂര്യപ്രകാശം പതിക്കുന്നതും ഒഴിവാക്കുക.

പറ്റാവുന്നിടത്തോളം കാര്‍ഡ് കണ്‍‌വെട്ടത്തുനിന്ന് മാറ്റാന്‍ അനുവദിക്കാതിരിക്കുക. എങ്കിലും ചില ഹോട്ടലുകളില്‍ ബില്ലടിക്കുന്നത് മറ്റു റൂമുകളിലായിരിക്കാം. അത് പലപ്പോഴും ഒഴിവാക്കാനാവില്ല.

ചാര്‍ജ് സ്ലിപ് ഒപ്പിടുന്നതിനു മുന്‍പ് അതിലെ തുക നിങ്ങളുടേത് തന്നെ എന്ന് ഉറപ്പു വരുത്തുക. മാത്രമല്ല ഒരിടപാടിന് ഒന്നില്‍ കൂടുതല്‍ ചാര്‍ജ് സ്ലിപ് ഒപ്പിട്ടുകൊടുക്കുന്നില്ല എന്ന് ഉറപ്പു വരുത്തുക.

ഒരു ഡയറിയില്‍ ക്രെഡിറ്റ് കാര്‍ഡ് നമ്പറും ഹെല്പ് ലൈന്‍ ഫോണ്‍ നമ്പറും കുറിച്ചിടുക. അത് തീര്‍ത്തും സുരക്ഷിതമായ ഒരു സ്ഥലത്ത് വെയ്ക്കുക. ഒരു കടലാസില്‍ കുറിച്ചിട്ട് പേഴ്സില്‍ വെക്കുന്നത് കൊണ്ട് കാര്യമില്ല. കാര്‍ഡും മിക്കവാറും പേഴ്സില്‍ത്തന്നെ സൂക്ഷിക്കുന്നത് കൊണ്ട് പേഴ്സ് അടിച്ചുപോയാല്‍ കാര്‍ഡും നമ്പറെഴുതിയ കുറിപ്പും പോയിക്കിട്ടും. :)

കാര്‍ഡ് നഷ്ടപ്പെട്ടു എന്നറിഞ്ഞ ഉടന്‍ തന്നെ ഹെല്പ് ലൈനില്‍ വിളിച്ച് പറയുക. മറ്റാരെങ്കിലും ഈ കാര്‍ഡ് ഉപയോഗിച്ച് തട്ടിപ്പു നടത്താനുള്ള സാദ്ധ്യത ഇത് മൂലം ഒഴിവാക്കാം.

പഴയ കാര്‍ഡുകള്‍ നശിപ്പിക്കുമ്പോള്‍ നമ്പര്‍ ഉള്ള ഭാഗത്തിലൂടെ മുറിച്ച് നശിപ്പിച്ചു കളയുക.

ബാങ്കില്‍ നിന്നും തരുന്ന സ്റ്റേറ്റ്മെന്റുകള്‍ പരിശോധിക്കുകയും നിങ്ങളുടെ കണക്കുമായി ഒത്തുനോക്കുകയും ചെയ്യുക.

ഓണ്‍ലയിന്‍ ഷോപ്പിങ്ങ്

ഇന്റര്‍നെറ്റ് വഴി ഷോപ്പിങ്ങ് നടത്തുന്നതിന് ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിക്കാം. എങ്കിലും സുരക്ഷിതമല്ലാത്ത സൈറ്റുകളില്‍ ഒരിക്കലും നിങ്ങളുടെ ക്രെഡിറ്റ് കാര്‍ഡ് നമ്പര്‍ നല്‍കാതിരിക്കുക.

ഒരു വെബ് സൈറ്റ് സുരക്ഷിതമാണോ അല്ലയോ എന്ന് എങ്ങനെ അറിയാം?

ഇതിനു 3 വഴികളുണ്ട്.

1. നിങ്ങളുടെ ബ്രൌസറിലെ അഡ്രസ് ബാറില്‍ സൈറ്റിന്റെ വിലാസം https:\\…….. ഇങ്ങനെ ആയിരിക്കും.

2. താഴെ വലത്‌ വശത്ത് ഒരു പൂട്ടിന്റെ ചിത്രം കാണാം. ആ സൈറ്റ് സുരക്ഷിതം ആണ് എന്നതിന്റെ സൂചനയാണിത്.

3. ആ സൈറ്റില്‍ത്തന്നെ ഇത് ഒരു വെരിസൈന്‍ സുരക്ഷിത സൈറ്റ് (Verisign secure site) എന്ന് പറഞ്ഞിരിക്കും വെരിസൈന്‍ ടെക്നോളജി 128 ബിറ്റ് എന്‍‌ക്രിപ്ഷന്‍ ആണ് ഉപയോഗിക്കുന്നത്. നിങ്ങള്‍ നല്‍കുന്ന രഹസ്യവിവരങ്ങള്‍ മറ്റാരെങ്കിലും ചോര്‍ത്തുന്നതിനുള്ള സാദ്ധ്യത ഈ ടെക്‍നോളജി ഉപയോഗിക്കുന്ന സൈറ്റുകളില്‍ വളരെ വിരളമാണ്, ഏതാണ്ട് ഇല്ല എന്നു തന്നെ പറയാം.

ഇത്തരം സൈറ്റുകളില്‍ കാര്‍ഡ്‌ ഉപയോഗിച്ച് ഷോപ്പിങ്ങ് നടത്തുന്നത് സുരക്ഷിതമായിരിക്കും.

നിങ്ങളുടെ ക്രെഡിറ്റ് കാര്‍ഡിന്റെ പിറകുവശത്തായി സാധാരണ ഗതിയില്‍ രണ്ട്‌ സെറ്റ് നമ്പറുകള്‍ കാണാം. അതില്‍ നാലക്കമുള്ള നമ്പര്‍ നിങ്ങളുടെ 16 അക്ക ക്രെഡിറ്റ് കാര്‍ഡ് നമ്പറിന്റെ അവസാനത്തെ 4 അക്കങ്ങള്‍ ആയിരിക്കും. സാധാരണഗതിയില്‍ 3 അക്കമുള്ള മറ്റെ സംഖ്യ നിങ്ങളുടേ C.V.V(Card Verification Value) നമ്പര്‍ ആണ്. ഷോപ്പിങ്ങ് നടത്തുമ്പോള്‍ ചിലപ്പോള്‍ ഈ നമ്പര്‍ ആവശ്യമായി വരും. നിങ്ങളുടെ ക്രെഡിറ്റ് കാര്‍ഡ് നമ്പറും സി.വി.വി.നമ്പറും മറ്റാര്‍ക്കെങ്കിലും ലഭിക്കുകയാണെങ്കില്‍ അതുപയോഗിച്ച് ഓണ്‍ലയിന്‍ ആയി പല തട്ടിപ്പുകളും നടത്താന്‍ പറ്റും. ഫോണ്‍ വഴിയോ ഇമെയില്‍ വഴിയോ സി.വി.വി.നമ്പര്‍ ആരെങ്കിലും ആവശ്യപ്പെടുകയാണെങ്കില്‍ ഒരു കാരണവശാലും നല്‍കാതിരിക്കുക.

പുതിയ ചില സുരക്ഷാ സംവിധാനങ്ങള്‍

ഇത്തരത്തിലുള്ള തട്ടിപ്പുകളെക്കുറിച്ചുള്ള ഭീതിമൂലം പലരും ഓണ്‍ലയിന്‍ ആയി ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിക്കുവാന്‍ വിമുഖത കാണിക്കുന്നതിനാല്‍, പുതിയ ചില സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ക്രെഡിറ്റ് കാര്‍ഡ് നമ്പര്‍ വെളിപ്പെടുത്തുന്നത് അത്ര അപകടകരമല്ലാതായിരിക്കുന്നു ഈ സംവിധാനങ്ങള്‍ മൂലം.

ഉദാഹരണമായി, HDFC ബാങ്ക് നെറ്റ് സേഫ് (Netsafe) എന്ന ഒരു സംവിധാനം ഉപയോഗിക്കുന്നുണ്ട്. ഇതില്‍ നിങ്ങള്‍ ആവശ്യപ്പെടുന്ന തുകയ്ക്ക് ഒരു പ്രത്യേക ക്രെഡിറ്റ് കാര്‍ഡ് നമ്പര്‍ ജെനറേറ്റ് ചെയ്യുന്നു. (നിങ്ങള്‍ക്ക് ഓണ്‍ലയിന്‍ ആയി ആയിരം രൂപക്കുള്ള ഒരു സാധനം വാങ്ങണം എന്നിരിക്കട്ടെ. നിങ്ങള്‍ക്ക് ഇതിനായി 1000 രൂപയ്ക്കുള്ള ഒരു നെറ്റ് സേഫ് കാര്‍ഡ് തിരഞ്ഞെടുക്കാം) നെറ്റ് സേഫ് കാര്‍ഡിനായി ഇങ്ങനെ ഉണ്ടാക്കപ്പെടുന്ന നമ്പര്‍ പ്രത്യേക ക്രമമില്ലാത്തതും(random), ആ കാര്‍ഡ് ആ പ്രത്യേക തുകയ്ക്കായി (ഉദാ:1000 രൂപ ) പരിമിതപ്പെടുത്തിയിട്ടുള്ളതുമായിരിക്കും. ഇതിനര്‍ത്ഥം, അഥവാ ആ നമ്പര്‍ ആരെങ്കിലും അറിഞ്ഞാല്‍ തന്നെ പ്രത്യേകിച്ച് നഷ്ടമൊന്നും വരാനില്ല.കാരണം ഒറ്റ തവണ മാത്രമേ ആ കാര്‍ഡ് ഉപയോഗിച്ച് എന്തെങ്കിലും ഷോപ്പിങ്ങ് നടത്താന്‍ പറ്റൂ. അത് നിങ്ങള്‍ തന്നെ ചെയ്തും കഴിഞ്ഞല്ലോ.

നെറ്റ് സേഫ് കാര്‍ഡ് പോലെത്തന്നെ പ്രചാരം ലഭിച്ചുകൊണ്ടിരിക്കുന്ന മറ്റൊരു സംവിധാനമാണ് Itz കാഷ് കാര്‍ഡുകള്‍(Itz Cash cards). ഇതിന്റെ രീതികളും ഏതാണ്ട് നെറ്റ് സേഫ് കാര്‍ഡ് പോലെത്തന്നെയാണ്. ഇത്തരം സംവിധാനങ്ങളിലൂടെ ഓണ്‍ലയിന്‍ തട്ടിപ്പിനുള്ള സാദ്ധ്യതകള്‍ ഫലത്തില്‍ ഇല്ലാതാക്കപ്പെട്ടിട്ടുണ്ട്.

ക്രെഡിറ്റ് കാര്‍ഡ് സൌകര്യം ഏര്‍പ്പെടുത്തിയിട്ടുള്ള സ്ഥാപനങ്ങള്‍ ഒരു നിശ്ചിതശതമാനം തുക വിസ/മാസ്റ്റര്‍ കാര്‍ഡ് പോലുള്ള ഗ്ലോബല്‍ പങ്കാളികള്‍ക്ക് നല്‍കേണ്ടി വരും. കടക്കാരന്‍ തന്റെ ലാഭത്തിലെ ഒരു പങ്ക് ഇതിനായി ഉപയോഗിക്കുന്നു. ഈ ക്രെഡിറ്റ് കാര്‍ഡ് സംവിധാനം ഏര്‍പ്പെടുത്തുക വഴി ലഭിക്കുന്ന അധികം കച്ചവടം ഈ നഷ്ടം നികത്തുമെന്ന് അയാള്‍ പ്രതീക്ഷിക്കുന്നു. എങ്കിലും ചില സ്ഥാപനങ്ങളില്‍ കാര്‍ഡ് ഉപയോഗിച്ച് സാധനങ്ങള്‍ വാങ്ങുമ്പോള്‍ 2-2.5% തുക അധികമായി ഈടാക്കുന്നുണ്ട്.

ഡെബിറ്റ് കാര്‍ഡുകള്‍

ഡെബിറ്റ് കാര്‍ഡുകള്‍ ഉപഭോക്താക്കള്‍ക്ക് ക്രെഡിറ്റ് സൌകര്യം നല്‍കുന്നില്ല. അക്കൌണ്ടുള്ള ബാങ്ക് നല്‍കുന്ന ഈ കാര്‍ഡ് അക്കൌണ്ടുമായി നേരിട്ട് ബന്ധമുള്ളതാണ്. അതായത് അക്കൌണ്ടില്‍ പണം ഇല്ല എങ്കില്‍ ഈ കാര്‍ഡ് ഉപയോഗിക്കാന്‍ പറ്റില്ല. ക്രെഡിറ്റ് കാര്‍ഡ് നഷ്ടപ്പെട്ടതിനുശേഷം നടക്കുന്ന തട്ടിപ്പുകളില്‍ നിന്ന് കാര്‍ഡുടമക്ക് ചില സംരക്ഷണമൊക്കെ ഉണ്ടെങ്കില്‍, ഡെബിറ്റ് കാര്‍ഡിന്റെ കാര്യത്തില്‍ അത്തരം സംവിധാനങ്ങളൊന്നുമില്ല. എങ്കിലും കയ്യില്‍ പണം കൊണ്ടുനടക്കുന്നതില്‍ വിമുഖതയുള്ളവര്‍ക്കും, ക്രെഡിറ്റ് കാര്‍ഡ് എല്ലായ്പ്പോഴും ഉപയോഗിക്കാന്‍ താത്പര്യം ഇല്ലാത്തവര്‍ക്കും ഡെബിറ്റ് കാര്‍ഡ് ഒരു അനുഗ്രഹമാണ്.

ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ചുള്ള ട്രാന്‍സാക്ഷന്‍ ഒരു വര്‍ഷത്തില്‍ രണ്ട് ലക്ഷം രൂപക്കു മുകളിലാവുകയാണെങ്കില്‍, ക്രെഡിറ്റ് കാര്‍ഡ് ദാതാവ് അത് ധനകാര്യ വകുപ്പിനെ അറിയിക്കണം എന്ന നിബന്ധന ഉണ്ട് , എന്നതാണ് താത്പര്യം ഇല്ലാതാക്കുന്നതിന്റെ ഒരു കാരണം.

ഒന്നുകൂടി ഓര്‍ക്കുക. മിക്കവാറും ക്രെഡിറ്റ് കാര്‍ഡുകളുടെ കൂടെ ഇന്‍ഷുറന്‍സ് പരിരക്ഷയും നല്‍കുന്നുണ്ട്. കാര്‍ഡിന്റെ മൂല്യം അനുസരിച്ച് ഇത് വ്യത്യാസപ്പെട്ടിരിക്കും. ഇതിനായി തന്റെ നോമിനി ആരാണെന്ന് നിശ്ചയിക്കുന്നത് നല്ലതായിരിക്കും. എന്തെങ്കിലും സംഭവിച്ചാല്‍ നോമിനിക്ക് ആ ഇന്‍ഷുറന്‍സ് തുക അവകാശപ്പെടാം.

ഉപഭോക്താവിന്റെ അവകാശങ്ങള്‍

ക്രെഡിറ്റ് കാര്‍ഡിനെ സംബന്ധിച്ച് റിസര്‍വ് ബാങ്ക് പുറത്തിറക്കിയ മാസ്റ്റര്‍ സര്‍ക്കുലറില്‍ ഉപഭോക്താവിന്റെ അവകാശങ്ങളെപ്പറ്റി വിശദമായി പറയുന്നുണ്ട്.

ഒരു വ്യക്തി ആവശ്യപ്പെടാതെ അയാളുടെ പേരില്‍ കാര്‍ഡ് നല്‍കുന്നതിനോ, ഉള്ള കാര്‍ഡ് അപ് ഗ്രേഡ് ചെയ്യുന്നതിനോ, ക്രെഡിറ്റ് നല്‍കുന്നതിനോ ബാങ്കുകള്‍ക്കും സ്ഥാപനങ്ങള്‍ക്കും അധികാരമില്ല. ഉപഭോക്താവിനെ ഫോണില്‍ വിളിച്ച് ശല്യപ്പെടുത്തുന്നതും അസമയത്ത് ബന്ധപ്പെടുന്നതും നിരുത്സാഹപ്പപ്പെടുത്തിയിരിക്കുന്നു. കാര്‍ഡുടമയെ സംബന്ധിച്ച് ഒരു വിവരവും ഉടമയുടെ അനുവാദമില്ലാതെ മറ്റേതെങ്കിലുംവ്യക്തിക്കോ സ്ഥാപനത്തിനോ നല്‍കുവാന്‍ ബാങ്കുകള്‍ക്കും കാര്‍ഡ് നല്‍കുന്ന സ്ഥാപനങ്ങള്‍ക്കും അധികാരമില്ല. അഥവാ ഏതെങ്കിലും അവസരത്തില്‍ ഇത്തരം വിവരങ്ങള്‍ നല്‍കേണ്ടി വരികയാണെങ്കില്‍ ക്രെഡിറ്റ് ഇന്‍ഫോര്‍‌മേഷന്‍ കമ്പനീസ് (റെഗുലേഷന്‍)ആക്ട് 2005 അനുസരിച്ചാണെന്ന് കാര്‍ഡുടമയെ അറിയിക്കേണ്ട ബാദ്ധ്യത ബാങ്കുകള്‍ക്കുണ്ട്.

ക്രെഡിറ്റ് കാര്‍ഡ് നല്‍കുന്ന സ്ഥാപനങ്ങള്‍ക്കായി ഇന്ത്യന്‍ ബാങ്ക്സ് അസോസിയേഷന്‍(IBA) പുറത്തിറക്കിയിട്ടുള്ള പെരുമാറ്റച്ചട്ടം ഇവിടെ.

രണ്ടും വായിച്ച് നോക്കുന്നത് നന്നായിരിക്കും എന്ന് തോന്നുന്നു. അതുപോലെത്തന്നെ ബാങ്കുമായോ മറ്റ് സ്ഥാപനങ്ങളുമായോ ഏത് തരത്തിലുള്ള ഇടപാടുകള്‍ നടത്തുമ്പോഴും കിട്ടാവുന്ന എല്ലാ വിവരങ്ങളും ശേഖരിക്കുകയും രേഖകളെല്ലാം തന്നെ വായിച്ച് മനസ്സിലാക്കുകയും ചെയ്യുക.

(തയ്യാറാക്കിയത് ശ്രീ. എസ്.ശങ്കര്‍)

ധന വിപണിയിലെ സ്ഥാപനങ്ങളെ/ഉപകരണങ്ങളെ പരിചയപ്പെടുത്തുന്ന പരമ്പരയിലെ രണ്ടാമത്തെ ലേഖനം “മ്യൂച്വല്‍ ഫണ്ടില്‍ നിക്ഷേപിക്കുമ്പോള്‍” ഇവിടെ

14 comments:

വര്‍ക്കേഴ്സ് ഫോറം said...

ക്രെഡിറ്റ് കാര്‍ഡ് അഥവാ പ്ലാസ്റ്റിക് പണം എന്ന ആശയം 1950ല്‍ അമേരിക്കയിലാണ് രൂപം കൊണ്ടത്. ഡൈനേര്‍സ് ക്ലബ്ബും അമേരിക്കന്‍ എക്സ്പ്രസ്സും പുറത്തിറക്കിയ ചാര്‍ജ് കാര്‍ഡുകളായിരുന്നു തുടക്കം.........

ക്രെഡിറ്റ് കാര്‍ഡിന്റെ‍ ഉത്ഭവം, ഉപയോഗം, ഉപയോഗിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍, മറ്റു അടിസ്ഥാന വിവരങ്ങള്‍, സുരക്ഷാ സംവിധാനങ്ങള്‍, ഉപഭോക്താവിന്റെ അവകാശങ്ങള്‍ എന്നിവയെല്ലാം ഉള്‍പ്പെടുത്തി ഒരു ലേഖനം.

Kala said...

നല്ല ലേഖനം. cvv നമ്പര്‍ കാര്‍ഡില്‍ നിന്ന് മായ്ച് കളയുന്നതാണ് സുരക്ഷിതം. ഒരു കാരണവശാലും cvv നമ്പര്‍ ആര്‍ക്കും കൊടുക്കാതിരിക്കുക.

വിദ്യാര്‍ത്ഥി said...

വളരെ നല്ല ലേഖനം

Unknown said...

നല്ല ലേഖനം. ക്രെഡിറ്റ് കാര്‍ഡിന്റെ എല്ലാ വശവും പറഞ്ഞിരിക്കുന്നു. അക്കാദമിക്കായി നിലവാരം പുലര്‍ത്തുന്നു. ശ്രീ. ശങ്കറിനും വര്‍ക്കേഴ്സ് ഫോറത്തിനും നന്ദി.

എങ്കിലും ഇത്തരം കാര്‍ഡുകളുടെ മറ്റൊരു വശം കൂടി പറയാതിരുന്നാല്‍ അപൂര്‍ണ്ണമാവും എന്ന് തോന്നുന്നു. മറ്റെല്ലാ ഗുണങ്ങളുടെയും കൂട്ടത്തില്‍ ഉപഭോഗസംസ്കാരത്തിന് ആക്കം കൂട്ടുന്ന ഒരു അംശം ഈ തരം പുതിയ ‘പണ“ത്തിനുണ്ട്. കയ്യില്‍ കാശില്ലെങ്കിലും സാധനങ്ങള്‍ വാങ്ങിക്കൂട്ടുവാനും ക്രെഡിറ്റ് എടുത്ത് ചിലവഴിക്കുവാനും ഇത് ജനങ്ങളെ മോഹിപ്പിക്കുന്നു. നല്ല കണ്‍‌ട്രോള്‍ ഇല്ലെങ്കില്‍ സംഭവം കയ്യില്‍ നിന്ന് പോകും എന്ന് ചുരുക്കം. Monthly Review Magazine 2006 മെയ് ലക്കത്തില്‍ The Household Debt Bubble എന്ന തലക്കെട്ടില്‍ John Bellamy Foster എഴുതിയ ലേഖനത്തില്‍ പറയുന്നത് അമേരിക്കയിലെ മൂന്നില്‍ രണ്ട് കാര്‍ഡുടമകളും ശരാശരി 4956 ഡോളര്‍ കാര്‍ഡിന്റെ മുകളില്‍ത്തന്നെ കടക്കാരാണ് എന്നാണ്. മാത്രമല്ല ക്രെഡിറ്റ് കാര്‍ഡിനു മുകളിലെ കടത്തിന്റെ പലിശ ഫെബ്രുവരി 2006ല്‍ 15.8 ശതമാനം ആണ്. കാര്‍ഡുകളുടെ പലിശ നിരക്ക് fixed rate ല്‍ നിന്നും variable interest rateലേക്ക് മാറി. കാര്‍ഡിലെ ബാലന്‍സിനുള്ള പലിശ ഉയര്‍ന്നു കൊണ്ടിരിക്കുകയാണ്. ഇതിനെ വാള്‍ സ്ട്രീറ്റ് ജേണല്‍ വിളിക്കുന്നത് “The Credit-Card Catapult“ എന്നാണ്. ആകെ മൊത്തം കണക്കെടുത്താല്‍ 838 ബില്യണ്‍ ഡോളറാണ് ക്രെഡിറ്റ് കാര്‍ഡ് ബാലന്‍സായി(കടം എന്ന് നാടന്‍ ഭാഷ) 2005 അവസാനം ഉണ്ടായിരുന്നത്. ഇത് ഇപ്പോള്‍ അതിലും അധികമായിരിക്കാനേ തരമുള്ളൂ. ഈ ക്രെഡിറ്റ് കാര്‍ഡ് കെണിയില്‍ വീണിട്ടുള്ളത് തൊഴിലാളികളും മദ്ധ്യവര്‍ഗ കുടുംബങ്ങളുമാണെന്നതാണ് ഒരു സവിശേഷത.

ഇത് കൂട്ടത്തില്‍ പറഞ്ഞെന്നെയുള്ളൂ...മൂന്നും നാലും കാര്‍ഡുമായി ലാവിഷാവുന്നവര്‍ ഒന്ന്‌ ശ്രദ്ധിച്ചാല്‍ നന്നായിരിക്കും.

വിന്‍സ് said...
This comment has been removed by the author.
വിന്‍സ് said...

Good article. Inganey naalu peerkku gunam ulla posts postenney. How can an NRI receive a Credit Card? Certain Air Line companies in India only accept credit cards issued in India when you book a ticket through the Internet.

if you scratch off the CVV number then it will make it harder to shop online or purchase over the phone. Nowadays 90% of online sites require the CVV number and I am sure within a year or two almost every single online shop is going to require the CVV number.

Credit Cards are the safest way to make your purchases. You are 100% protected incase of loss or theft also the credit card company will add extra warranty on your purchases. I don't know the laws in India, but in United States banks are required to investigate claims and resolve them promptly and within 10 business days. It is called Regulation E which is set by the Federal Government. Credit Cards give you insurance on your rental vehicle, baggage loss, accident and Death. These are same all over the world as long as the credit cards are issued by the major companies like VISA and MASTER CARD.

സാജന്‍| SAJAN said...

മാഗ്നെറ്റിക് സ്ട്രിപ്പിനോടോപ്പം കൂടുതല്‍ സെക്യൂരിറ്റിക്ക് വേണ്ടി, ചിപ്പ് (സിംകാര്‍‌ഡിലെ പോലെ)കൂടെ പിടിപ്പിച്ച കാര്‍ഡുകളാണ് ഇപ്പൊ മിക്ക വിദേശ രാജ്യങ്ങളിലും ഉപയോഗിക്കുന്നത്, ഷോപ്പ് ചെയ്യുമ്പോള്‍ അതിന്റെ ഭാഗമായി സൈന്‍ ചെയ്യേണ്ട ആവശ്യമില്ല പകരം കോഡ് നമ്പര്‍ അമര്‍ത്തിയാല്‍ ചെയ്താല്‍ മതിയാവും:)

Anonymous said...

നല്ല ലേഖനം. ഉയര്‍ന്ന നിലവാരം പുലര്‍ത്തുന്നു. ശ്രീ. ശങ്കറിനും വര്‍ക്കേഴ്സ് ഫോറത്തിനും അഭിനന്ദനങ്ങള്‍
Do not call registry യെ കുറിച്ചുള്ള വിവരണം വളരെ ഉപയോഗപ്രദമാണ്.

ക്രെഡിറ്റ് കാര്‍ഡിന് ,പോസ്റ്റില്‍ പറഞ്ഞിട്ടുള്ളതു കൂടതെ മറ്റു ചില ഗുണങ്ങള്‍ കൂടിയുണ്ട്.
1. കള്ളപ്പണത്തിന്റെ വ്യാപനം ഒരു പരിധി വരെ തടയാന്‍ കഴിയുന്നു.
2. നികുതി വെട്ടിപ്പു തടയാന്‍ കഴിയുന്നു.

പക്ഷെ ഏറ്റവും വലിയ ദോഷം പലരും വരവറിയാതെ ചിലവു ചെയ്യുന്നതു തുടരും എന്നതാണ്. വിലക്കയറ്റവും മറ്റും മൂലം യഥാര്‍ത്ഥ വരുമാനത്തില്‍ (real income)കുറവു സംഭവിക്കുന്നതറിയാതെ ചിലവ് പഴയതു പോലെ തുടര്‍ന്നാല്‍ കടക്കെണിയാവും ഫലം

വര്‍ക്കേഴ്സ് ഫോറം said...

ഒരു പ്രവാസി ഭാരതീയനെ(NRI) സംബന്ധിച്ചിടത്തോളം ക്രെഡിറ്റ് കാര്‍ഡ് ലഭിക്കാനുള്ള ഏറ്റവും നല്ല വഴി തന്റെ NRE അക്കൌണ്ടുള്ള ബാങ്കിനെ സമീപിക്കുക എന്നതാണ്. ഐഡെന്റിഫിക്കേഷനും മറ്റു കാര്യങ്ങളുമൊക്കെ ഇങ്ങനെയാവുമ്പോള്‍ എളുപ്പമായിരിക്കും. ഇന്ത്യയിലേയും വിദേശത്തേയും താമസസ്ഥലം സംബന്ധിച്ച രേഖകള്‍ ആവശ്യമായി വരും. ആ ബാങ്കില്‍ അക്കൌണ്ട് ഉള്ളതുകൊണ്ട് പുതുതായി ഇതൊക്കെ പരിശോധിക്കേണ്ട ആവശ്യം വരികയില്ല. ഇതിനെ സംബന്ധിച്ച് ബാങ്കില്‍ അന്വേഷിച്ചപ്പോള്‍ ലഭിച്ച മറുപടി, അക്കൌണ്ട് ഉണ്ടെങ്കില്‍തന്നെയും പാസ്പോര്‍ട്ടിന്റെ കോപ്പിയും നാട്ടിലേയും വിദേശത്തേയും താമസസ്ഥലം സംബന്ധിക്കുന്ന രേഖകളും ആവശ്യപ്പെടാറുണ്ട് എന്നാണ്. അക്കൌണ്ട് ഹോള്‍ഡര്‍ ആയതുകൊണ്ട് സാമ്പത്തിക നിലയെപ്പറ്റിയും അക്കൌണ്ടിലെ ബാലന്‍സിനെപ്പറ്റിയും ബാങ്കിന് ധാരണ ഉണ്ടാവും എന്നത് കൊണ്ട് ക്രെഡിറ്റ് പരിധി തീരുമാനിക്കല്‍ ഏളുപ്പമായിരിക്കും. ചില ബാങ്കുകളില്‍ NRIക്ക് ക്രെഡിറ്റ് കാര്‍ഡ് നല്‍കുന്നത് അവിടെ നിക്ഷേപിച്ചിട്ടുള്ള സ്ഥിരം നിക്ഷേപത്തിന്റെ അടിസ്ഥാനത്തിലാണ്. ആ നിക്ഷേപത്തിന്റെ 75% ആയിരിക്കും നിക്ഷേപ പരിധിയായി നിര്‍ണ്ണയിക്കുക.ഇതിനും ചില നിബന്ധനകളും സീലിങ്ങും ഒക്കെ ഉണ്ടാവും.
ഈ നിക്ഷേപം ബാങ്കിനൊരു ലീന്‍ ആയിരിക്കും. ഒരു കാര്യം പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. ഒരു എന്‍.ആര്‍. ഐ. ഇന്ത്യയില്‍ നിന്ന് ക്രെഡിറ്റ് കാര്‍ഡ് എടുക്കുകയും , അത് വിദേശത്തെ തന്റെ ജോലി/താമസ സ്ഥലത്ത് ഉപയോഗിക്കുകയും ചെയ്യുമ്പോള്‍ എല്ലാ ഇടപാടുകളും ഫെമ(Foreign Exchange Management Act) അനുസരിച്ച് അനുവദിച്ചിട്ടുള്ളതാണ് എന്ന് ഉറപ്പു വരുത്തേണ്ടത് കാര്‍ഡുടമയുടെ ചുമതലയാണ്. ഉദാഹരണമായി ബെറ്റിങ്ങ്, ലോട്ടറി, പോര്‍ണോഗ്രാഫിക് മാസികകള്‍ക്കുള്ള സബ്സ്ക്രിപ്ഷന്‍ എന്നിവയൊന്നും അനുവദനീയമല്ല. ഈ ലിങ്ക് നോക്കുക.

HDFC Bank, ICICI Bank, Kotak Mahindra Bank പോലുള്ള ചില ബാങ്കുകള്‍ അവരുടെ വെബ് സൈറ്റില്‍ കാര്‍ഡ് രജിസ്റ്റര്‍ ചെയ്യുവാന്‍ കാ‍ര്‍ഡുടമയെ അനുവദിക്കുന്നുണ്ട്. ചില പൊതുമേഖലാ ബാങ്കുകളും ചില സ്വകാര്യ ബാങ്കുകളും ഈ സൌകര്യം അനുവദിക്കുന്നുണ്ട്. ഇക്കാര്യത്തിന് അതാത് ബാങ്കിന്റെ വെബ് സൈറ്റ് നോക്കുക. ഇങ്ങനെ ചെയ്തുകഴിഞ്ഞാല്‍ കാര്‍ഡുടമയ്ക്ക് ഓണ്‍ ലയിന്‍ ആയി തന്റെ ഇടപാടുകള്‍ വീക്ഷിക്കുന്നതിനും അടക്കേണ്ട തുകയെത്രയെന്ന്‌ അറിയുന്നതിനും സാധിക്കും. അക്കൌണ്ടില്‍ നിന്ന് ആവശ്യമായ തുക ഡെബിറ്റ് ചെയ്യുന്നതിനുള്ള നിര്‍ദ്ദേശം കാര്‍ഡുടമയ്ക്ക് ബാങ്കിനു നല്‍കാവുന്നതാണ്.

വര്‍ക്കേഴ്സ് ഫോറം said...

ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിക്കുമ്പോള്‍ എന്ന ഈ ലേഖനം അതേപടി മോഷ്ടിച്ച് ജോസ്‌മി ജോസ് എന്ന ബ്ലോഗര്‍ ഇവിടെ പോസ്റ്റ് ചെയ്തിരിക്കുന്നു. കഷ്ടപ്പെട്ട് ഇതെഴുതിയ ലേഖകന്റെയോ വര്‍ക്കേഴ്സ് ഫോറത്തിന്റെയോ പേരുപോലും കൊടുക്കാതെ...

Unknown said...

മൂന്നിഞ്ച് നീളത്തില്‍,
രണ്ടിഞ്ച് വീതിയില്‍,
പാല്‍പ്പാട കനത്തില്‍,
പ്രപഞ്ചത്തിലെ ഏറ്റവും വലിയ കഴുമരം
കീശയില്‍ കിടന്ന് കൊലച്ചിരി മുഴക്കും.-

കുട്ടിക്കവിത
ക്രെഡിറ്റ് കാര്‍ഡ് - കമറുദ്ദീന്‍ ആമയം

Anonymous said...

കൊള്ളാലോ ഈ ക്രെഡിറ്റ് കാര്‍ഡ് ...

ബൈജു (Baiju) said...

നല്ല ലേഖനം.....അഭിനന്ദനങ്ങള്‍..........

ശ്രീ said...

വിജ്ഞാന പ്രദമാ‍യ ലേഖനം.
:)