Friday, October 19, 2007

ആധുനികവല്‍ക്കരണത്തിന്റെ ആവശ്യകത

ഉത്തരാധുനികതയില്‍ അഭിരമിക്കുന്ന കേരളത്തിന് ആധുനികതയുടെ ആവശ്യമോ എന്ന് പലരും അത്ഭുതപ്പെട്ടേക്കാം. അന്യരാജ്യങ്ങളില്‍നിന്ന് കടംകൊണ്ട ആധുനിക ജീവിതം നയിക്കുന്നവരുടെ മുന്‍‌പന്തിയിലാണ് മലയാളി. ഗള്‍ഫ് രാജ്യങ്ങളിലും അമേരിക്കയിലും യൂറോപ്പിലുമൊക്കെ ജോലിയെടുക്കുന്ന മലയാളി അവരുടെ കുടുംബങ്ങളെ 'ആധുനികവല്‍ക്കരി'ച്ചിരിക്കുന്നു. വൈദ്യുതി അടുപ്പുകള്‍ ‍പോലും കാഴ്ചവസ്തുവായി മലയാളിയുടെ കുടുംബത്തില്‍ സ്ഥാനം പിടിച്ചിരിക്കുന്നു.

കുടുംബങ്ങള്‍ക്കു പുറത്തും ആധുനിക ജീവിതത്തിന്റെ ലക്ഷണങ്ങള്‍ പലതും കാണാം. വലിയ ആശുപത്രികളുണ്ട്. ആഭരണങ്ങള്‍ നിറഞ്ഞ സ്വര്‍ണക്കടകളുണ്ട്. അനുദിനം വര്‍ധിച്ചുകൊണ്ടിരിക്കുന്ന ഭവന സമുച്ചയങ്ങളുണ്ട്. ലോകത്തിലെ എല്ലാ പ്രധാനപ്പെട്ട ബ്രാന്‍ഡുകളുടെയും ഫ്രാഞ്ചൈസികളുണ്ട്. ഈ സൌകര്യങ്ങളെല്ലാമുള്ള ഒരു സംസ്ഥാനത്ത് ഇനിയും ആധുനികവല്‍ക്കരണമെന്നോ? ശുദ്ധ അസംബന്ധം എന്നു പറയുന്ന വികസന വിദഗ്ദരും ഉത്തരാധുനികരുമുണ്ടാകും.

ഇതൊന്നും ആധുനികതയുടെ ലക്ഷണങ്ങളല്ലെന്നു പറഞ്ഞാല്‍ രുചിക്കാത്തവരുണ്ടാകും.

കാരണം, ഈ ആധുനികതയ്ക്ക് ഒരു മറുവശമുണ്ടെന്ന് അവര്‍ തിരിച്ചറിയുന്നില്ല. ആശുപത്രിയുടെ കാര്യം എടുത്തുനോക്കുക. പൊതുജനാരോഗ്യ പ്രവര്‍ത്തനങ്ങള്‍ക്ക് പേര് കേട്ട സംസ്ഥാനമാണ് കേരളം. ഇന്ന് വൈദ്യസഹായം സൂപ്പര്‍ സ്പെഷ്യാലിറ്റിയുടെ മേഖലയിലേക്കു പുരോഗമിച്ചു കഴിഞ്ഞിരിക്കുന്നു. കിംസും, മിംസും അതുപോലുള്ള മറ്റു പല സ്ഥാപനങ്ങളും നിലനില്‍ക്കുമ്പോള്‍ ചിക്കുന്‍ഗുനിയയും ഡെങ്കിയുമൊക്കെ പിടിപെട്ടവര്‍ ചികിത്സ കിട്ടാതെ ഉഴലുന്നു. ചികിത്സ വ്യവസായമായി മാറിയിരിക്കുകയാണ്. വ്യവസായമല്ലാത്ത ആശുപത്രികളില്‍ നിലവാരമില്ലാത്ത വൈദ്യസഹായമേ കിട്ടൂ എന്ന നില ഏകദേശം വന്നു കഴിഞ്ഞിരിക്കുന്നു. അതുകൊണ്ട് ആശുപത്രികളെ അടിയന്തരമായി ആധുനികവല്‍ക്കരിക്കേണ്ടിയിരിക്കുന്നു. പല സര്‍ക്കാര്‍ ആശുപത്രികളും പൊടിപിടിച്ച് ശുചിത്വമില്ലാതെ കിടക്കുന്നവയാണ്. അവയിലെ ചികിത്സയില്‍നിന്ന് രോഗം മാറുന്നതിനേക്കാള്‍ രോഗം സിദ്ധിക്കാനാണ് സാധ്യത എന്നതാണ് യാഥാര്‍ഥ്യമെന്ന് അനുഭവംകൊണ്ടുതന്നെ പലര്‍ക്കുമറിയാം.

ആരോഗ്യത്തിന് അടിസ്ഥാനപരമായി വേണ്ടത് ശുചിത്വമാണ്. പൊതുശുചിത്വമില്ലായ്മ കേരളത്തിന്റെ 'സ്വന്തം ഗുണ'മായി മാറിക്കഴിഞ്ഞിരിക്കുന്നു. തുറന്നുകിടക്കുന്ന അഴുക്കുചാലുകളും കുന്നുകൂടി കിടക്കുന്ന മാലിന്യവുമില്ലാത്ത തെരുവുകള്‍ തലസ്ഥാന നഗരത്തില്‍ പ്പോലും വിരലിലെണ്ണാവുന്നതേയുള്ളൂ. ഭക്ഷണസാധനങ്ങള്‍ വില്‍ക്കുന്നത് റോഡരുകിലാണ്. എല്ലാ നിരത്തുകളും മീന്‍ചന്തകളാണ്. ഇവയുടെ വില്‍പ്പനയ്ക്ക് നിശ്ചിത സ്ഥലങ്ങള്‍ ഉണ്ടാകണം. ഒരു സമൂഹം ആധുനികമാണോ എന്നതിന്റെ അളവുകോല്‍ ശുചിത്വമാണെന്നു പറഞ്ഞാല്‍ തെറ്റാവുകയില്ല.

കേരളത്തില്‍ നിരത്തുവഴിയുള്ള ഗതാഗതം വിഭാവനം ചെയ്യാന്‍ കഴിയാത്തവിധം ദുരിതപൂര്‍ണമാണ്. പൊട്ടിപ്പൊളിയാത്ത നിരത്തുകള്‍ ഇല്ലാ എന്നുതന്നെ പറയാം. അവയുടെ മരാമത്ത് നടക്കുന്നു എന്നത് സ്വാഗതാര്‍ഹംതന്നെ. പക്ഷേ, ഈ റോഡുകള്‍ മരാമത്തു ചെയ്യാന്‍ സാധ്യതയുള്ളവയല്ല എന്നതാണ് യാഥാര്‍ഥ്യം. കാരണമെന്തായാലും ഇന്ന് നിലവിലുള്ള പാതകള്‍ ഗതാഗതയോഗ്യമായ നിരത്തുകളാണെന്നു വിശേഷിപ്പിക്കുകയല്ല. അവയെ പരിഷ്കരിച്ചെടുക്കാന്‍ ഉതകുന്നവയുമല്ല. ജനനിബിഡമായ പട്ടണങ്ങളിലൂടെ പോകുന്ന പാതകള്‍ ദുര്‍ഘടങ്ങള്‍ക്ക് വഴിയൊരുക്കുന്നവയാണ്. ഇരുപതാം നൂറ്റാണ്ടിന്റെ ആവശ്യങ്ങള്‍ക്ക് സൃഷ്ടിക്കപ്പെട്ടവയാണ് ഈ പാതകള്‍. അവയ്ക്ക് ജന്മംകൊടുത്ത സാഹചര്യങ്ങള്‍ പാടെ മാറിയിരിക്കുന്നു. ഈ മാറിയ സാഹചര്യങ്ങള്‍ കണക്കിലെടുത്ത് പുതിയ ഗതാഗതസൌകര്യങ്ങള്‍ സൃഷ്ടിച്ചേ മതിയാകൂ. അതിന്റെ സ്വഭാവം എന്തായിരിക്കണമെന്നു തീരുമാനിക്കുന്നതില്‍ വിദഗ്ദാഭിപ്രായത്തിന് മുന്‍ഗണന കൊടുക്കുകയുംവേണം. അടിസ്ഥാന സൌകര്യങ്ങളില്ലാതെ ആധുനികകേരളം സൃഷ്ടിക്കപ്പെടാന്‍ സാധ്യതയില്ല. അതില്‍ ഏറ്റവും പ്രധാനപ്പെട്ടതാണ് ഗതാഗതസൌകര്യം. കേരളത്തിന്റെ ഒരറ്റം മുതല്‍ മറ്റേ അറ്റംവരെ ഒരേ വീതിയുള്ള ഒരു പാത അത്യന്തം ആവശ്യമാണ്.

ആധുനികവല്‍ക്കരണം ആവശ്യമായ മറ്റു പല മേഖലയും ചൂണ്ടിക്കാണിക്കാനുണ്ടെങ്കിലും തികച്ചും വ്യത്യസ്ഥമായ ഒരു മണ്ഡലത്തിലേക്ക് കടക്കാം. ആധുനികതയുടെ പ്രധാന ഘടകം മനുഷ്യനാണല്ലോ? കേരളത്തില്‍ മനുഷ്യന് എന്തു സംഭവിച്ചുകൊണ്ടിരിക്കുന്നു? അവന്‍ പിന്നോട്ടാണോ നടക്കുന്നതെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. ഒരുകാലത്ത് തിരസ്കരിക്കപ്പെട്ട എല്ലാവിധ അന്ധവിശ്വാസങ്ങളും അനാചാരങ്ങളും വീണ്ടെടുക്കാന്‍ കിണഞ്ഞു പരിശ്രമിക്കുകയാണ് പലരും. തല്‍ഫലമായി അപരിഷ്കൃതമായ മനസ്സുകള്‍ ആധുനിക ശരീരത്തില്‍ അധിവസിക്കുന്നു ഇന്ന്. ശവശരീരങ്ങളെ നിര്‍ദയം കുത്തി മുറിക്കാന്‍പോലും മടിയില്ലാതായിരിക്കുന്നു. അതുകൊണ്ട് ആധുനികത ആരംഭിക്കേണ്ടത് മനുഷ്യ മനസ്സുകളില്‍നിന്നാണ്. അതുണ്ടായെങ്കില്‍ മാത്രമേ ആധുനികതയെ പ്രശ്നവല്‍ക്കരിക്കാന്‍ കഴിയുകയുള്ളൂ.

മടക്കയാത്രയെ തടയാന്‍വേണ്ടി കണ്ടെത്തിയ പോംവഴി മറ്റൊരു മടക്കയാത്രയാണ്. നവോത്ഥാന മൂല്യങ്ങളിലേക്കുള്ളമടക്കം. എത്രയെത്ര നവോത്ഥാനയാത്രകളും സദസ്സുകളും സംഘടിപ്പിക്കപ്പെട്ടു. പക്ഷേ, സാമൂഹ്യാവബോധത്തില്‍ കാര്യമായ മാറ്റമൊന്നും ഉണ്ടായതായി കാണുന്നില്ല. കാരണം നവോത്ഥാനത്തിലേക്ക് മടങ്ങാന്‍ വയ്യ. അത് ചരിത്രത്തിനു നിരക്കാത്തതാണ്. പ്രതിലോമതയ്ക്ക് മുന്‍തൂക്കം കിട്ടിയിട്ടുണ്ടെങ്കില്‍ അതിനൊരു കാരണം നവോത്ഥാനത്തിന്റെ തന്നെ ദൌര്‍ബല്യമാണെന്ന് തിരിച്ചറിയേണ്ടിയിരിക്കുന്നു. അതുകൊണ്ട് നവോത്ഥാനമൂല്യങ്ങളെ വീണ്ടെടുക്കാനുള്ള ശ്രമമല്ല, നവോത്ഥാനത്തിന്റെ മുന്നിലേക്ക് നോക്കാനുള്ള ശ്രമമാണ് ആവശ്യം.

ചളിക്കുഴിയിലേക്ക് ദൈനംദിനം ആഴ്ന്നിറങ്ങിക്കൊണ്ടിരിക്കുന്ന മനുഷ്യമനസ്സുകളെ പിടിച്ചുയര്‍ത്തേണ്ടത് അത്യന്തം ആവശ്യമായിരിക്കുന്നു. അതിന്റെ ഉത്തരവാദിത്തം ഒരതിര്‍ത്തിവരെ ബുദ്ധിജീവികള്‍ക്കാണ്. പക്ഷേ, ആ പങ്ക് വഹിക്കാന്‍ ബുദ്ധിജീവികള്‍ക്ക് കഴിയാത്ത അവസ്ഥയാണ് കേരളത്തിലുള്ളത്. നിശിതമായ ചേരിപിരിവ് ഉണ്ടെന്നത് അതിനു കാരണം. ഒരു അതിര്‍ത്തിവരെ ചേരിപിരിവ് സ്വാഗതാര്‍ഹമാണ്. കാരണം ധൈഷണിക സംവാദം സാധ്യമാക്കുന്നത് പ്രത്യയശാസ്ത്രപരമായ വൈവിധ്യമാണ്. പക്ഷേ, കേരളത്തില്‍ സംവാദം നടക്കുന്നില്ല. വിവാദത്തിലേക്ക് വഴുതി വീഴുകയാണ് സംവാദങ്ങള്‍. സാധ്യമാകുകയാണെങ്കില്‍ വ്യക്തിപരമായ ആക്ഷേപങ്ങളിലേക്കും. ഇതില്‍നിന്ന് ഒരു വ്യതിയാനമുണ്ടാകണമെങ്കില്‍ ഒരു പുതിയ ധൈഷണിക സംസ്കാരം സൃഷ്ടിക്കേണ്ടിയിരിക്കുന്നു. യുക്തിപരതയിലും ശാസ്ത്രീയതയിലും ബൌദ്ധികസത്യസന്ധതയിലും അധിഷ്ഠിതമായ സംസ്കാരം. കേരളത്തിന്റെ ആധുനികവല്‍ക്കരണത്തിന് അനിവാര്യമായ ഒരു ഘടകമാണ് അത്. ആശുപത്രികളും നിരത്തുകളും സൃഷ്ടിച്ചാല്‍ പോരാ. അവയെ നിലനിര്‍ത്തണമല്ലോ? അതിന് ആധുനികവല്‍ക്കരിക്കപ്പെട്ട മനുഷ്യമനസ്സുകള്‍ വേണം.

(ലേഖകന്‍: ശ്രീ.കെ എന്‍ പണിക്കര്‍, ദേശാഭിമാനി ദിനപ്പത്രം)

2 comments:

വര്‍ക്കേഴ്സ് ഫോറം said...

ദൈനംദിനം ചളിക്കുഴിയിലേക്ക് ആഴ്ന്നിറങ്ങിക്കൊണ്ടിരിക്കുന്ന മനുഷ്യമനസ്സുകളെ പിടിച്ചുയര്‍ത്തേണ്ടത് അത്യന്തം ആവശ്യമായിരിക്കുന്നു. അതിന്റെ ഉത്തരവാദിത്തം ഒരതിര്‍ത്തിവരെ ബുദ്ധിജീവികള്‍ക്കാണ്. പക്ഷേ, ആ പങ്ക് വഹിക്കാന്‍ ബുദ്ധിജീവികള്‍ക്ക് കഴിയാത്ത അവസ്ഥയാണ് കേരളത്തിലുള്ളത്. നിശിതമായ ചേരിപിരിവ് ഉണ്ടെന്നത് അതിനു കാരണം. ഒരു അതിര്‍ത്തിവരെ ചേരിപിരിവ് സ്വാഗതാര്‍ഹമാണ്. കാരണം ധൈഷണിക സംവാദം സാധ്യമാക്കുന്നത് പ്രത്യയശാസ്ത്രപരമായ വൈവിധ്യമാണ്. പക്ഷേ, കേരളത്തില്‍ സംവാദം നടക്കുന്നില്ല. വിവാദത്തിലേക്ക് വഴുതി വീഴുകയാണ് സംവാദങ്ങള്‍. സാധ്യമാകുകയാണെങ്കില്‍ വ്യക്തിപരമായ ആക്ഷേപങ്ങളിലേക്കും. ഇതില്‍നിന്ന് ഒരു വ്യതിയാനമുണ്ടാകണമെങ്കില്‍ ഒരു പുതിയ ധൈഷണിക സംസ്കാരം സൃഷ്ടിക്കേണ്ടിയിരിക്കുന്നു. യുക്തിപരതയിലും ശാസ്ത്രീയതയിലും ബൌദ്ധികസത്യസന്ധതയിലും അധിഷ്ഠിതമായ സംസ്കാരം. കേരളത്തിന്റെ ആധുനികവല്‍ക്കരണത്തിന് അനിവാര്യമായ ഒരു ഘടകമാണ് അത്.

ശ്രീ.കെ.എന്‍. പണിക്കര്‍ മുന്നോട്ട് വെക്കുന്ന ചിന്തകള്‍ ചര്‍ച്ചകള്‍ക്കായി സമര്‍പ്പിക്കുന്നു

Praveenpoil said...

കിംസും, മിംസും അതുപോലുള്ള മറ്റു പല സ്ഥാപനങ്ങളും നിലനില്‍ക്കുമ്പോള്‍ ചിക്കുന്‍ഗുനിയയും ഡെങ്കിയുമൊക്കെ പിടിപെട്ടവര്‍ ചികിത്സ കിട്ടാതെ ഉഴലുന്നു. ഇതില്‍ കേരളത്തിലെ കമ്യുണിസ്‌റ്റ്‌കാരുടെ സൂപ്പര്‍ സ്പെഷ്യാലിറ്റി ഹോസ്‌പിറ്റല്‍ പെടുമോ? എന്തായാലും നല്ല കര്യമാണ്‌ വികസനവുമായി വരുന്നവരെ ഇനി ആരും പല്ലും നഖവുമായി എതിര്‍ക്കില്ല എന്ന്‌ കരുതാം
കേരളത്തില്‍ നിരത്തുകള്‍ക്ക്‌ മെറ്റാലിഗ്ഗ് ടാറിങ് ഒന്നു പരീക്ഷിച്ചു നോക്കം (ഇത് എന്റെ മാത്രം അഭിപ്രായം) പിന്നെ എക്സ്പ്രക്സ് ഹൈവേ പദ്ധതിയെ എതിര്‍കാതിരുന്നാല്‍കൊള്ളാം